ദുബായ്/ഏദന്‍: യെമനില്‍ 'മിഷണറീസ് ഓഫ് ചാരിറ്റി' നടത്തുന്ന വൃദ്ധ സദനത്തിനുനേരെ ആറംഗ സംഘം നടത്തിയ വെടിവെപ്പില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രികള്‍ അടക്കം 16 പേര്‍ കൊല്ലപ്പെട്ടു. വൃദ്ധസദനത്തിലെ നഴ്‌സുമാര്‍ ആയിരുന്നു കൊല്ലപ്പെട്ട കന്യാസ്ത്രികള്‍. യെമനിലെ തെക്കന്‍ നഗരമായ ഏദനിലെ ശൈഖ് ഉത്മാന്‍ ഡിസ്ട്രിക്ടിലാണ് സംഭവം.
ഇന്ത്യയില്‍നിന്നുള്ള കന്യാസ്ത്രികള്‍ക്ക് പുറമെ എത്യോപ്യക്കാരും യെമന്‍ പൗരന്മാരായ കുക്കും ഗാര്‍ഡുമാണ് മരിച്ചത്.
വെടിവെപ്പ് നടന്നപ്പോള്‍ വൃദ്ധ സദനത്തിലെ ഫ്രിഡ്ജില്‍ കയറി ഒളിച്ച ഒരു കന്യാസ്ത്രിയെ പിന്നീട് രക്ഷപെടുത്തി. ആറംഗ സംഘത്തിലെ നാലുപേരാണ് വൃദ്ധസദനത്തില്‍ കടന്ന് വെടിവെപ്പ് നടത്തിയതെന്ന് രക്ഷപെട്ട കന്യാസ്ത്രി എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആയുധ ധാരികളായ രണ്ടുപേര്‍ കെട്ടിടത്തിന് പുറത്ത് കാവല്‍നിന്നു. വൃദ്ധസദനത്തിനുള്ളില്‍ കടന്ന അക്രമികള്‍ എല്ലാവരുടെയും കൈകള്‍ ബന്ധിച്ചശേഷം തലയ്ക്ക് വെടിവെച്ചാണ് കൊല്ലപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട 16 പേരുടെയും മൃതദേഹങ്ങള്‍ പോലീസ് സ്‌റ്റേഷനിലേക്കും പിന്നീട് 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' എന്ന സന്നദ്ധ സംഘടന നടത്തുന്ന ആസ്പത്രിയിലേക്കും മാറ്റി. കൈകള്‍ ബന്ധിച്ച നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍. 80 അന്തേവാസികള്‍ വൃദ്ധസദനത്തില്‍ ഉണ്ടായിരുന്നു. 
മദര്‍ സെരേസ സ്ഥാപിച്ച സന്യാസിനി വിഭാഗമാണ് 'മിഷണറീസ് ഓഫ് ചാരിറ്റി'. 1998 ല്‍ ഇതില്‍പ്പെട്ട മൂന്ന് കന്യാസ്ത്രികള്‍ യെമനില്‍ കൊല്ലപ്പെട്ടിരുന്നു.
http://www.mathrubhumi.com/news/world/deadly-attack-hits-old-people-s-home-in-yemen-s-aden-malayalam-news-1.907616