ഇസ്താംബുള്‍: തുര്‍ക്കിയുടെ കടല്‍ത്തീരത്ത് നിതാന്തനിദ്രയിലാണ്ട അലന്‍ കുര്‍ദിയുടെ മരണത്തിനിടയാക്കിയ രണ്ടു പേര്‍ക്ക് തുര്‍ക്കി കോടതി നാലു വര്‍ഷത്തെ ശക്ഷ വിധിച്ചു. എല്ലാ മനുഷ്യരുടെയും കണ്ണു നനയിച്ച അലന്‍ കുര്‍ദിയുടെ ചിത്രത്തിനു പിന്നാലെയാണ് സിറിയന്‍ അഭയാര്‍ത്ഥികളുടെ ജീവിതവും മരണവും ലോകം വേദനയോടെ തൊട്ടറിഞ്ഞത്. 
സിറിയയില്‍നിന്ന് ഈജിയന്‍ കടല്‍ വഴി തുര്‍ക്കിയിലേക്കും ഗ്രീസിലേക്കും അഭയാര്‍ത്ഥികളെ കടത്തുന്ന സംഘത്തിലെ രണ്ടു പേരാണ് ശിക്ഷയ്ക്കു വിധേയരായത്. അലന്‍ കുര്‍ദിയോടൊപ്പം അമ്മ റിഹാനും സഹോദരന്‍ ഗാലിപും മറ്റു രണ്ടു പേരും സെപ്റ്റംബറില്‍ തുര്‍ക്കിയിലെ ബോദ്‌റം കടല്‍ത്തീരത്ത് ചേതനയറ്റ് അടിയുകയായിരുന്നു. ഇവരെ കയറ്റിയ ബോട്ട് തീരത്തെത്തും മുമ്പ് മുങ്ങുകയായിരുന്നു. 
യുദ്ധം തകര്‍ത്ത സിറിയയില്‍നിന്ന് പലായനം ചെയ്യുന്നവരെ യൂറോപ്പിലെത്തിക്കാമെന്ന വാഗ്ദാനം നല്‍കി ഇടനിലക്കാര്‍ തുര്‍ക്കി കടലിലൂടെ കടത്തുന്നത് നിത്യസംഭവമാണ്. ഇതിനായി വലിയ തോതില്‍ പണവും മനുഷ്യക്കടത്തുകാര്‍ വാങ്ങുന്നുണ്ട്.
http://www.mathrubhumi.com/news/world/aylan-kurdi-syrian-toddler-turkish-court-jails-2-syrians-malayalam-news-1.907641