Thursday, 24 March 2016

കഴുകാന്‍ പാടില്ലാത്ത കാലുകളോ?

ഫാ. പോള്‍ തേലക്കാട്ട്‌

mangalam malayalam online newspaper
ഫ്രാന്‍സിസ്‌ മാര്‍പാപ്പ ധാരാളം മെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും അമ്പരപ്പിക്കുകയും ചിലപ്പോള്‍ ഉതപ്പുകള്‍ കൊടുക്കുകയും ചെയ്യുന്നു എന്നു തോന്നിയിട്ടുണ്ട്‌. മാര്‍പാപ്പ നടത്തിയ ഒരു പരാമര്‍ശം: അരമന പാപ്പാസ്‌ഥാനത്തിന്റെ കുഷ്‌ഠമാണ്‌ എന്നതു വളരെ വേദനയോെടയാണു സ്വീകരിച്ചത്‌. ഇങ്ങനെയൊരു പ്രസ്‌താവം അരമനയ്‌ക്കെതിരായി ആരെങ്കിലും ഇതിനുമുമ്പു നടത്തിയതായി കേട്ടിട്ടില്ല. അതിരുകടന്ന പ്രസ്‌താവമായി തോന്നി. പക്ഷേ, റോമില്‍ പഠിച്ച ഒരു വൈദികന്‍ പറഞ്ഞത്‌, വത്തിക്കാനില്‍ നടക്കുന്നത്‌ അറിഞ്ഞാല്‍ ഇതൊക്കെ പറഞ്ഞുപോകും എന്നാണ്‌. ഉതപ്പുകള്‍ ആവശ്യമാണ്‌ എന്നു യേശു പറഞ്ഞതും അനുസ്‌മരിച്ചുപോയി. ഉതപ്പുകളുടെ ആണികള്‍ മാംസാസ്‌ഥികള്‍ തുളച്ചു കയറുമ്പോള്‍ ആത്മാവില്‍ വേദനയുടെ വെളിപാടുകള്‍ ഉണ്ടാക്കുന്നതാണ്‌ ഈ മാര്‍പാപ്പയില്‍നിന്നു പലപ്പോഴും കേള്‍ക്കുന്നത്‌.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നടത്തിയ കാലുകഴുകല്‍ ശുശ്രൂഷകള്‍ പലര്‍ക്കും എന്തോ ദഹനക്കേട്‌ ഉണ്ടാക്കിയിട്ടുണ്ട്‌. കാലുകഴുകലില്‍ സ്‌ത്രീകളുണ്ടായിരുന്നു, അവിശ്വാസിയും അക്രൈസ്‌തവരുമുണ്ടായിരുന്നു. പള്ളിയുടെ വിശുദ്ധ വേദിയില്‍ കുര്‍ബാനയെന്ന അതിവിശുദ്ധ കര്‍മാനുഷ്‌ഠാനത്തിന്റെ ഭാഗമായി നടന്ന കാലുകഴുകല്‍ ശുശ്രൂഷ ആയിരുന്നില്ല അത്‌. ഒരു ജയിലില്‍ നടന്ന കര്‍മമായിരുന്നു. ഇക്കൊല്ലം ഏതായാലും വത്തിക്കാന്‍ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ ചില മാറ്റങ്ങള്‍ മാര്‍പാപ്പയുടെ മുന്‍കാല നടപടികളുടെ അടിസ്‌ഥാനത്തില്‍ വരുത്തിയിരിക്കുന്നു. സ്‌ത്രീകളുടെ കാലുകള്‍ കഴുകാം എന്നതാണ്‌ അതിലെ പ്രധാന പരിഷ്‌കാരം.
പക്ഷേ, മാര്‍പാപ്പ ചെയ്‌തത്‌ അതു മാത്രമല്ല, അക്രൈസ്‌തവരുടെയും അവിശ്വാസിയുടെയും കാലുകഴുകി. എന്നാല്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‌കിയിരിക്കുന്നവര്‍ ദൈവജനത്തില്‍നിന്നു തെരഞ്ഞെടുക്കുന്നവരുടെ കാലുകളെ കഴുകാന്‍ പാടുള്ളൂ എന്നാണു പറയുന്നത്‌. സ്‌ത്രീകളെ ഉള്‍പ്പെടുത്താം എന്നുതന്നെ. അതില്‍ അക്രൈസ്‌തവരുണ്ടാകുമോ? അതു വത്തിക്കാന്റെ നിര്‍ദ്ദേശം നിരോധിക്കുന്നു എന്നു വരുന്നില്ല. പക്ഷേ, കുര്‍ബാനയ്‌ക്കു വരുന്നവരില്‍നിന്നു തെരഞ്ഞെടുക്കണമെന്ന നിര്‍ദേശത്തില്‍ അതും ഉള്‍ക്കൊള്ളും. സാഹചര്യമനുസരിച്ചു പള്ളിയില്‍ കൂടുന്ന ദൈവജനത്തില്‍ ക്രൈസ്‌തവവിശ്വാസികളല്ലാത്തവരും താത്‌പര്യപൂര്‍വം വരാവുന്നതാണ്‌. കുര്‍ബാനയുടെ ആദ്യഭാഗത്തു അവരും ഉണ്ട്‌ എന്നതിന്റെ സൂചനകള്‍ ആ കര്‍മാനുഷ്‌ഠാനത്തില്‍ത്തന്നെയുണ്ട്‌.
പക്ഷേ, പ്രസക്‌തമായ ചോദ്യം മാര്‍പാപ്പ ചെയ്‌തതിന്റെ പിന്നിലെ കാഴ്‌ചപ്പാടാണ്‌. മാര്‍പാപ്പ ചെയ്‌തതു കേരളത്തിലെ പള്ളികളില്‍ നടക്കുമോ? അതു കത്തോലിക്കാ വിശ്വാസികള്‍ അംഗീകരിക്കുമോ? അത്‌ അവര്‍ക്ക്‌ ഉതപ്പ്‌ ഉണ്ടാക്കുമോ? അതു മറ്റു മതസ്‌ഥര്‍ അംഗീകരിക്കുമോ? ഇതു പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാകാം. വിശുദ്ധമായ മദ്‌ബഹ എന്ന വിശുദ്ധ സ്‌ഥലത്തു പണ്ടു കത്തോലിക്കാ സ്‌ത്രീകളെപ്പോലും കയറ്റുമായിരുന്നില്ല. ഇപ്പോള്‍ അവരെ കയറ്റിയാല്‍ വലിയ പ്രശ്‌നം ഉണ്ടാകുമായിരിക്കില്ല. എന്നാല്‍ ഹിന്ദുവിനെയോ മുസല്‍മാനെയോ അവിശ്വാസിയെയോ സ്വീകരിക്കാന്‍ തയാറാകുമോ? സ്വാഭാവികമായും ചിലര്‍ക്കു ഞെട്ടലുണ്ടാക്കാവുന്ന നടപടിയാണ്‌.
ഈ പശ്‌ചാത്തലത്തിലായിരിക്കാം സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ വത്തിക്കാനിലെ പൗരസ്‌ത്യ കാര്യാലയത്തോട്‌ എഴുതി ചോദിച്ചത്‌. ഫലമായി ഇപ്പോഴത്തെ നിര്‍ദേശം ലത്തീന്‍ കത്തോലിക്കര്‍ക്കു മാത്രമേ ബാധകമാകൂ എന്നു മറുപടി കിട്ടിയതായി മാധ്യമങ്ങളില്‍ കണ്ടു. മാര്‍പാപ്പ ലത്തീന്‍ റീത്തിന്റെ അനുഷ്‌ഠാനരീതിയാണു തിരുത്തിയത്‌. പൗരസ്‌ത്യ സഭകളില്‍ അനുഷ്‌ഠാനരീതി തിരുത്തേണ്ടത്‌ അതതു സിനഡുകളാണ്‌. ഇവിടെയും സിനഡ്‌ കൂടി അതു തിരുത്തി മാര്‍പാപ്പയോട്‌ വിധേയത്വം പ്രഖ്യാപിക്കും എന്നു പ്രതീക്ഷിക്കാം. മാര്‍പാപ്പയുടെ വാക്കുകള്‍ എല്ലാ കത്തോലിക്കര്‍ക്കും ബാധകമാണ്‌. അങ്ങനെയെല്ലായെന്ന്‌ ആരെങ്കിലും കരുതുന്നുണ്ട്‌ എന്ന്‌ തോന്നുന്നില്ല. സ്‌ത്രീകളുടെയും അവിശ്വാസികളുടെയും അടക്കം എല്ലാവരുടെയും കാലു കഴുകിയ മാര്‍പാപ്പ അതുമൂലം എന്താണു പഠിപ്പിക്കുന്നത്‌ എന്നതാണു പ്രധാനം.
എന്തുകൊണ്ടായിരിക്കും മാര്‍പാപ്പ ഇങ്ങനെ അസാധാരണമായ നിലപാടെടുത്തു കര്‍മം നടത്തിയത്‌? അതിന്റെ പശ്‌ചാത്തലത്തില്‍ വേണം ഇതു നടത്തണോ എന്നു നിശ്‌ചയിക്കാന്‍. ക്രൈസ്‌തവവിശ്വാസത്തിന്റെ സത്തയുടെ ഏതെങ്കിലും കാതല്‍ ഇതില്‍ അന്തര്‍ലീനമാണോ? ആണ്‌ എന്നു കരുതുന്ന ഒരു വിശ്വാസിയാണ്‌ ഇതെഴുതുന്നത്‌. ക്രൈസ്‌തവ തനിമയുടെ അന്തസ്സത്ത അതിന്റെ വിശ്വമാനവികതയാണ്‌. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്‌ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും യേശുക്രിസ്‌തുവില്‍ ഒന്നാണ്‌ (ഗലാ. 3: 28) എന്നു സെന്റ്‌ പോള്‍ എഴുതുന്നതിന്റെ അടിസ്‌ഥാനമാണവിടെ പ്രധാനം. ഇതേ കാര്യം വ്യക്‌തമാക്കിക്കൊണ്ടു യഹൂദവിശ്വാസിയും സാഹിത്യചിന്തകനുമായ ജോര്‍ജ്‌ സെ്‌റ്റയ്‌നര്‍ ഒരിക്കല്‍ എഴുതി: മാനവചരിത്രം നിര്‍വചിച്ചതു മൂന്നു യഹൂദരാണ്‌: മോസസ്‌, ജീസസ്‌, മാര്‍ക്‌സ്‌. ഏക ദൈവവിശ്വാസത്തിന്റെ കണ്ടുപിടുത്തക്കാരനാണു മോസസ്‌. അതിന്റെ മറ്റൊരു പതിപ്പാണ്‌ ആദം-ഹവ്വമാരുടെ കഥയും. കാലദേശവ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഒരു ദൈവത്തിന്റെ മക്കളാണ്‌. ഒരേ ദമ്പതികളുടെ സന്താനങ്ങളുമാണ്‌. ഈ കഥയിലാണു യഹൂദരും ക്രൈസ്‌തവരും മുസ്ലിംകളും ഇന്നു വസിക്കുന്നത്‌. അതു വിശ്വമാനവികതയുടെ കാഴ്‌ചപ്പാടാണ്‌.
ഇതേ കാഴ്‌ചപ്പാടാണ്‌ ഇന്നു മതമൗലികവാദത്തിലും അതിന്റെ ഭീകരവാദത്തിന്റെ ഹിംസയിലും ഏറെ അപകടത്തിലായിരിക്കുന്നത്‌. ഈ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യുന്നതും ഈ ഏകമാനവികത തന്നെയാണ്‌. പക്ഷേ, ഈ ദര്‍ശനത്തിനു ജാതീയതയുടെയും സാമുദായികതയുടെയും വേലികളും അതിരുകളും പടുത്തുയര്‍ത്തുന്ന പ്രതിസന്ധിയിലുമാണു നാം. ഇത്തരം പ്രലോഭനത്തില്‍തന്നെപെട്ടാണ്‌ ഇവിടത്തെ ക്രൈസ്‌തവരും ജീവിച്ചത്‌. അവര്‍ നായരും നമ്പൂതിരിയും മാര്‍ഗംകൂടിയവരാണ്‌ എന്നത്‌ ഒരു കഥ മാത്രമാണല്ലോ. പക്ഷേ ആ കഥയ്‌ക്ക്‌ അതിന്റെ ദൗത്യം നിര്‍വഹിക്കാനുണ്ടായിരുന്നു. ക്രിസ്‌ത്യാനികള്‍ ഉന്നത ജാതിക്കാരാണ്‌ എന്നു വരുത്തുക, അതു ജാതീയത വാണ സംസ്‌കാരത്തില്‍ ജീവിച്ചു പോകാന്‍ ആവശ്യമായിരുന്നു. കാരണം ജാതീയത ചോദ്യം ചെയ്‌ത ബുദ്ധമതത്തിന്‌ ഇവിടെ ജീവിക്കാനായില്ല എന്നതും ഓര്‍മിക്കണം. പക്ഷേ, അതിനു കൊടുത്ത വില വലുതായിരുന്നു.
തകഴി എഴുതിയ തോട്ടിയുടെ മകന്‍ എന്ന നോവല്‍ തോട്ടിക്കും മകനും മനുഷ്യന്റെ അവകാശങ്ങളാണുള്ളത്‌ എന്നു സ്‌ഥാപിക്കുന്നതായിരുന്നു. എന്നാല്‍ ഈ മാനവികതയുടെ വെളിച്ചം അദ്ദേഹത്തിന്റെ പാരമ്പര്യത്തില്‍ നിന്നോ ആലപ്പുഴയിലെ ക്രൈസ്‌തവപാരമ്പര്യത്തില്‍നിന്നോ ലഭിച്ചതാണോ? അതോ മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്‌ത്രത്തില്‍നിന്നു ലഭിച്ചതോ? ചങ്ങമ്പുഴ മലയപ്പുലയന്റെ വാഴക്കുലയ്‌ക്കുള്ള അവകാശം ചോദിച്ചതും ഇതുപോലെയല്ലേ? ചരിത്രപരമായ ചില പാളിച്ചകള്‍ വിലയിരുത്തുന്നത്‌ ആരെയും പഴിക്കാനല്ല. ക്രൈസ്‌തവവീക്ഷണത്തില്‍ വരുന്ന ചില പ്രലോഭനങ്ങളും വീഴ്‌ചകളും ആവര്‍ത്തിക്കാതിരിക്കാനാണ്‌.
അള്‍ത്താരയിലെ കാലു കഴുകല്‍ ശുശ്രൂഷയില്‍നിന്നു സ്‌ത്രീകളെ പുറത്താക്കിയതു പന്ത്രണ്ട്‌ അപ്പസ്‌തോലന്മാരില്‍ സ്‌ത്രീകള്‍ ഉണ്ടായിരുന്നില്ല എന്ന ന്യായം പറഞ്ഞാണ്‌. ആ ന്യായമാണു മാര്‍പാപ്പ ലംഘിച്ചിരിക്കുന്നത്‌. പന്ത്രണ്ടു പേരില്‍ സ്‌ത്രീകളില്ലാത്തതിന്റെ പേരില്‍ സ്‌ത്രീകളുടെ കാലു കഴുകണ്ട എന്നു തീരുമാനിച്ച സഭ തന്നെ കുര്‍ബാന കൊടുക്കാനും, കുര്‍ബാനയ്‌ക്കിടയിലെ വായന നടത്താനും മദ്‌ബഹയില്‍ കയറാനും അനുവദിക്കുന്നു. സ്‌ത്രീകള്‍ക്കു പട്ടം കൊടുക്കാനാവില്ല എന്നു പറയുന്ന സഭ തന്നെയാണു പട്ടക്കാരല്ലാത്തവര്‍ക്കു ചെയ്യാന്‍ അനുവാദമില്ലാതിരുന്ന കുര്‍ബാനവിതരണവും കുര്‍ബാനയ്‌ക്കിടയിലെ വായനയും സ്‌ത്രീകള്‍ക്കു നല്‌കിയത്‌.
കത്തോലിക്കരുടെ കുര്‍ബാനയുടെ ആദ്യഭാഗത്തു ക്രിസ്‌ത്യാനികളല്ലാത്തവരെയും പങ്കെടുപ്പിക്കാം. അതുകൊണ്ടാണല്ലോ മാമ്മോദീസ സ്വീകരിക്കാത്തവര്‍ പുറത്തു പോകട്ടെ എന്ന കുര്‍ബാനയിലെ ആദ്യഭാഗം കഴിഞ്ഞുള്ള പ്രഖ്യാപനം ഇന്നും കുര്‍ബാനപുസ്‌തകത്തില്‍ ഉളളത്‌. മാര്‍പാപ്പ സകല മനുഷ്യരെയും ആശ്ലേഷിക്കുന്ന ക്രൈസ്‌തവമാനവികതയുടെ സാക്ഷ്യമായിട്ടാണു കാലുകഴുകലില്‍ അവിശ്വാസികളെയും അക്രൈസ്‌തവരെയും പങ്കെടുപ്പിച്ചപ്പോള്‍ വ്യക്‌തമാക്കിയത്‌. കാലുകള്‍ കഴുകപ്പെട്ടവര്‍ പുണ്യവാന്മാരാണെന്നോ അവര്‍ക്കു കുര്‍ബാന കൊടുക്കണമെന്നോ ഒന്നുമല്ല ഫ്രാന്‍സിസ്‌ മാര്‍പാപ്പ പറഞ്ഞത്‌. പന്ത്രണ്ടു പേരുടെ കാലുകള്‍ കഴുകിയപ്പോള്‍ അതിലൊരാള്‍ യേശുവിനെ ഒറ്റിയ യൂദാസായിരുന്നു. അവരും ദൈവമക്കളാണ്‌ എന്നും എല്ലാ മനുഷ്യരുടെയും മഹത്ത്വത്തിനുവേണ്ടിയാണു യേശു ജനിച്ചതും പീഡിപ്പിക്കപ്പെട്ടതും മരിച്ചതും ഉയിര്‍പ്പിക്കപ്പെട്ടതും എന്നു വ്യക്‌തമാക്കുകയായിരുന്നു.
ക്രിസ്‌തുവിന്റെ സുവിശേഷം ക്രിസ്‌ത്യാനിയുടെ വീട്ടിലെ സ്വകാര്യസ്വത്തല്ല. അതു സകല മനുഷ്യര്‍ക്കുംവേണ്ടിയുള്ള ദൈവത്തിന്റെ വെളിപാടാണ്‌. അതുകൊണ്ടാണ്‌ ഇരണേവൂസ്‌ എന്ന സഭാപിതാവ്‌ പറഞ്ഞത്‌, ദൈവത്തിന്റെ മഹത്ത്വം മനുഷ്യന്റെ മഹത്ത്വമാണ്‌ എന്ന്‌. ക്രിസ്‌തുവിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവസേവനം മനുഷ്യശുശ്രൂഷയാണ്‌. ദൈവത്തിലേക്കുള്ള ദൂരം മനുഷ്യനിലേക്കുള്ള അകലവുമാണ്‌. മനുഷ്യന്റെ മുഖമാണു വേദമായി വായിക്കേണ്ടത്‌. ഇത്‌ ഇന്ത്യയില്‍ ഏറ്റവും ശക്‌തവും വ്യക്‌തവുമായി പ്രഘോഷിക്കാനും സഭയ്‌ക്കു കഴിയണം. അവിടെ സഭ സ്വന്തം ചരിത്രനിയോഗം മറക്കാതിരിക്കണം. കാലുകഴുകല്‍ ആതിഥ്യത്തിന്റെ സ്വീകരണ അടയാളവുമാണ്‌. അതിഥിയെ ദേവതുല്യം ആദരിക്കുന്ന ഈ നാടിന്‌ ഈ മാനവികദര്‍ശനം അന്യമാകേണ്ടതില്ല.
http://www.mangalam.com/opinion/418755

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin