Monday, 7 March 2016

യെമനിൽ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനായി അന്വേഷണം തുടരുന്നു

by സ്വന്തം ലേഖകൻ

elderly-care-home
തെക്കൻ യെമനിൽ ഭീകരർ ആക്രമണം നടത്തിയ വൃദ്ധസദനത്തിന് പുറത്ത് കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ‌.
സനാ ∙ തെക്കൻ യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോമിനെ കണ്ടെത്താൻ സുരക്ഷാസേന അന്വേഷണം തുടരുന്നു. സംഭവം നടന്ന ഏഡനിൽ പ്രാദേശിക ഭരണ സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. ഇതുമൂലം ഇന്ത്യയിൽ നിന്ന് അന്വേഷണം നടത്തുന്നതിനു കഴിയുന്നില്ല. എംബസിയും പ്രവർത്തനം നിർത്തി.
ജിബൂട്ടിയിലാണ് എംബസി ഉദ്യോഗസ്ഥർ ഇപ്പോഴുള്ളത്. ഇവരുമായി ഇന്ത്യൻ കോൺസുലേറ്റും വിദേശകാര്യ മന്ത്രാലയവും നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ ഇവരും നിസ്സഹായാവസ്ഥയിലാണ്. ഏഡനിലെ സാധാരണ പൗരന്മാരെ ഉപയോഗിച്ചാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. അക്രമം നടത്തിയ സംഘടനയെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ അറിയാൻ കഴിഞ്ഞിട്ടില്ല. ഏഡനിൽ വൃദ്ധസദനത്തിൽ ഭീകരർ നടത്തിയ ആക്രമണത്തെയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ വധത്തെയും പൈശാചികമെന്നു ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചു.
സംഭവത്തിൽ വലിയ നടുക്കവും ദുഃഖവും മാർപാപ്പ രേഖപ്പെടുത്തിയതായി വത്തിക്കാൻ അറിയിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ചാണു വൈദികനെ തട്ടിക്കൊണ്ടുപോയത്. സലേഷ്യൻ സഭ ബെംഗളൂരു പ്രൊവിൻസ് അംഗമായ ഫാ. ടോം (56), കോട്ടയം രാമപുരം ഉഴുന്നാലിൽ കുടുംബാംഗമാണ്. ആക്രമണത്തിൽ നാലു കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കന്യാസ്ത്രീകളിൽ ഒരാൾ ഇന്ത്യക്കാരിയാണ്. ഇതു റാഞ്ചി സ്വദേശിനിയായ സിസ്റ്റർ അൻസലം ആണെന്നു തിരിച്ചറിഞ്ഞു. മറ്റു രണ്ടുപേർ റുവാണ്ടക്കാരും ഒരാൾ കെനിയ സ്വദേശിനിയുമാണ്.
ഇന്ത്യക്കാരിയായ മദർ സുപ്പീരിയർ സിസ്റ്റർ സാലി അക്രമികളിൽനിന്നു രക്ഷപ്പെട്ടു. എൺപതു പേർ താമസിക്കുന്ന സദനത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, യെമൻകാരനായ പാചകക്കാരൻ, യെമൻകാരായ അഞ്ചു കാവൽക്കാർ എന്നിവരെ തിരഞ്ഞുപിടിച്ചു കൈവിലങ്ങണിയിച്ചശേഷം തലയ്ക്കു നേരെ വെടിയുതിർത്തു വധിക്കുകയായിരുന്നു. ഒരു കന്യാസ്ത്രീ സ്റ്റോർ മുറിയിലെ കതകിനു മറവിലായതിനാൽ കൊലപാതകികളുടെ കയ്യിൽപ്പെട്ടില്ല. ഇവരെ പിന്നീടു രക്ഷപ്പെടുത്തി.
http://www.manoramaonline.com/news/world/yemen-unrest-priest-not-yet-found.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin