Friday, 25 March 2016


വൈദികര്‍ കരുണയുടെ സാക്ഷികളും ശുശ്രൂഷകരുമാകണം: മാര്‍പാപ്പ


Click here for detailed news of all items
 
 
ഫാ. ജോസഫ് സ്രാമ്പിക്കല്‍

വത്തിക്കാന്‍ സിറ്റി: വൈദികര്‍ ദൈവകരുണയുടെ സാക്ഷികളും ശുശ്രൂഷകരുമാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെസഹാ വ്യാഴാഴ്ച രാവിലെ ഒമ്പതു മുപ്പതിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ തൈലങ്ങള്‍ ആശീര്‍വദിച്ച വിശുദ്ധ കുര്‍ബാന മധ്യേ സുവിശേഷസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.

ദൈവത്തിന്റെ കരുണ അനന്തവും അവാച്യവുമാണ്. ഭൂമിയില്‍ കരുണ വര്‍ഷിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. മനുഷ്യരുടെ ശത്രുവായ പിശാചിനെതിരേയാണ് ദൈവം മല്‍പ്പിടുത്തം നടത്തുന്നത്, അല്ലാതെ മനുഷ്യര്‍ക്കെതിരായല്ല.

തന്നെ കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും ദൈവം തന്നെത്തന്നെ പൂര്‍ണമായി നല്കുകയും അവരോടൊന്നിച്ച് ആഘോഷിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കരുണ എല്ലാം പുനഃസ്ഥാപിക്കുകയും മനുഷ്യര്‍ക്ക് അവരുടെ ആദിമ മഹത്വം തിരിച്ചുനല്കുകയും ചെയ്യുന്നു.

ഈശോ നമ്മെ വീണ്െടടുക്കുകയും അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുകയും ദാരിദ്രാവസ്ഥയില്‍ നിന്നും അന്ധതയില്‍ നിന്നും കരുണയുടെയും സമാശ്വാസത്തിന്റെയും ശുശ്രൂഷകരായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് നമ്മളോരോരുത്തരും നമ്മുടെ ഹൃദയത്തിനു സാധിക്കുന്ന പൂര്‍ണശക്തിയാല്‍ ദൈവത്തിന് നന്ദിപറയണമെന്നും മാര്‍പാപ്പ പറഞ്ഞു. അമ്പതു കര്‍ദിനാള്‍മാരും 100 മെത്രാന്‍മാരും 1500 വൈദികരും മാര്‍പാപ്പായോടൊപ്പം സഹകാര്‍മികരായിരുന്നു.

തങ്ങള്‍ പൌരോഹിത്യം സ്വീകരിച്ചപ്പോള്‍ നല്കിയ വാഗ്ദാനങ്ങള്‍ വൈദികര്‍ വിശുദ്ധ കുര്‍ബാന മധ്യേ നവീകരിച്ചു. തുടര്‍ന്ന് വിശുദ്ധ തൈലവും, മാമ്മോദീസാര്‍ഥികളെയും രോഗികളേയും പൂശുന്ന തൈലങ്ങളും മാര്‍പാപ്പ ആശീര്‍വദിച്ചു.

റോമിന്റെ ഒരു പ്രാന്തപ്രദേശത്ത് അഭയാര്‍ഥികളെ സ്വീകരിക്കുന്ന ഭവനത്തില്‍ ഇന്നലെ വൈകുന്നേരം അഞ്ചിന് 12 അഭയാര്‍ഥികളുടെ കാലുകള്‍ കഴുകി ഫ്രാന്‍സിസ് മാര്‍പാപ്പ ഈശോയുടെ എളിമയുടെ ഈ ശുശ്രൂഷയെ അനുസ്മരിച്ചാചരിച്ചു.

ശനിയാഴ്ച വൈകുന്നേരം 8:30 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുത്തന്‍ തീയും പുത്തന്‍ വെള്ളവും വെഞ്ചരിക്കുന്നതും പെസഹാ ജാഗരണപ്രാര്‍ഥന നയിക്കുന്നതുമാണ്. ഉയര്‍പ്പു ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും തുടര്‍ന്ന് ബസിലിക്കയുടെ പ്രധാന ബാല്‍ക്കണിയില്‍ നിന്നു മാര്‍പാപ്പ റോമാ നഗരത്തിനും ലോകത്തിനുമുള്ള ആശീര്‍വാദം നല്കുന്നതുമാണ്.

http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin