Tuesday, 29 March 2016

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെ വധിച്ചെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരണമില്ലെന്ന് കേന്ദ്രം


 Asianet News  Monday 28 March 2016 07:19 pm IST  International
ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെ വധിച്ചെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരണമില്ലെന്ന് കേന്ദ്രം
 COMMENTS
  
28Mar
യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിനെ വധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും.
ഈ മാസം നാലിനാണ് പാലാ രാമപുരം സ്വദേശി ഫാ ടോം ഉഴുന്നാലിനെ യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. തെക്കന്‍ യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി വൃദ്ധസദനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഫാ ടോമിനെ ഐഎസ് ഭീകരരാണ് തട്ടിക്കൊണ്ടു പോയതെന്നായിരുന്നു പിന്നീട് ഇന്ത്യയ്‌ക്ക് കിട്ടിയ വിവരം. ഫാദര്‍ ടോമിനെ ദുഖവെള്ളിയാഴ്ച ദിവസം വധിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ആസ്ട്രിയന്‍ മാധ്യമങ്ങളും ചില അമേരിക്കന്‍ വെബ്സൈറ്റുകളും നല്കുന്നുണ്ട്. വിയാനിലെ കര്‍ദിനാള്‍ ഷോന്‍ബോണിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തെരമൊരു വിവരം കേന്ദ്ര സര്‍ക്കാരിന് കിട്ടിയിട്ടില്ല
വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വത്തിക്കാനുമായി ബന്ധപ്പെട്ടു. എന്നാല്‍ വത്തിക്കാനിലെ വിദേശകാര്യ വകുപ്പിനും ഇത് സ്ഥിരീകരിക്കാനാവില്ല. സ്വതന്ത്രമായ സ്ഥിരീകരണമില്ല എന്നറിയിച്ച വത്തിക്കാന്‍ ഇക്കാര്യത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളും വിവരം കിട്ടാന്‍ ശ്രമിച്ചു വരികയാണ്. എന്തായാലും ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിദേശകാര്യമന്ത്രാലയത്തിന് വലിയ ആശങ്കയാണുണ്ടാക്കുന്നത്. അതേസമയം ഫാദര്‍ തോമസ് ഒഴുവനാലിനെ വധിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന് അബുദാബി ആര്‍ച്ച് ബിഷപ് പോള്‍ ഹിന്‍റര്‍ കുടുംബാംഗങ്ങളെ അറിയിച്ചു, ആരാണ് തട്ടിക്കൊണ്ടുപോയത് എന്നത് സംബന്ധിച്ചും കുടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്നും ബിഷപ്പ് പറഞ്ഞു.
http://www.asianetnews.tv/news/international/government-not-yet-confirmed-the-killing-of-malayalee-bishop-in-yeman-56830

ഭീകരതയുടെ തിന്മയ്ക്കെതിരെ സ്നേഹത്തിന്റെ ആയുധം ഉപയോഗിച്ചു പടപൊരുതണമെന്നു മാർപാപ്പ

by സ്വന്തം ലേഖകൻ
popeവത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽനിന്ന് ഈസ്റ്റർദിന സന്ദേശം നൽകുന്ന ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി∙ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ ഈസ്റ്റർ ദിനത്തിൽ കനത്ത സുരക്ഷാവലയത്തിൽ ദിവ്യബലി അർപ്പിച്ചു. ചിട്ടയോടെ കാത്തുനിന്ന് ആയിരക്കണക്കിനു പേർ ദിവ്യബലിയിൽ പങ്കാളികളായി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാർപാപ്പ രണ്ടുവട്ടം ആഗോളഭീകരതയെ ശക്തമായി അപലപിച്ചതിനാൽ തിരിച്ചടിയുണ്ടായേക്കാമെന്ന ഭീഷണിയുടെ നിഴലിൽ കർശന സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഭീകരതയുടെ തിന്മയ്ക്കെതിരെ സ്നേഹത്തിന്റെ ആയുധം ഉപയോഗിച്ചു പടപൊരുതാൻ മാർപാപ്പ ഈസ്റ്റർ ദിനത്തിൽ ആഹ്വാനം ചെയ്തു. അന്ധമായ ഭീകരാക്രമണങ്ങൾക്ക് ഇരയായവരെ മാർപാപ്പ അനുസ്മരിച്ചു. അഭയാർഥികളെ തള്ളിക്കളയുന്നതിനെയും മാർപാപ്പ അപലപിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രവേശിക്കാൻ കർശനപരിശോധനയ്ക്കു വിധേയരാകാൻ ആയിരങ്ങൾ ക്ഷമയോടെ കാത്തുനിൽക്കുന്നതു രാവിലെമുതൽ കാണാമായിരുന്നു.
ഉച്ചയോടെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന ബാൽക്കണിയിൽ നിന്നു മാർപാപ്പ ഈസ്റ്റർ സന്ദേശം നൽകി. യേശു മരണത്തെയും പാപത്തെയും ജയിച്ച് ഉയിർത്തെഴുന്നേറ്റതുപോലെ തിന്മയുടെ ശക്തികളെ സ്നേഹായുധംകൊണ്ടു ജയിക്കാൻ കഴിയുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഇതിനിടെ, വിശുദ്ധനാട്ടിലും ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ചു. ജറുസലമിൽ യേശുവിന്റെ കബറിടം സ്ഥിതിചെയ്തു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തു പണിചെയ്തിരിക്കുന്ന ക്രിസ്തീയ ദേവാലയത്തിൽ ആരാധകരുടെ വൻതിരക്ക് അനുഭവപ്പെട്ടു. യേശു ജനിച്ചതായി വിശ്വസിക്കപ്പെടുന്ന ബെത്‌ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾ നടന്നു.

http://www.manoramaonline.com/news/world/in-pope-on-easter-revised.html

Monday, 28 March 2016

ഫാ. ടോമിനെ വധിച്ചെന്ന്‌ മാധ്യമങ്ങള്‍; ഇല്ലെന്ന്‌ കേന്ദ്രം

വത്തിക്കാന്‍/ന്യൂഡല്‍ഹി: ഐ.എസ്‌. ഭീകരര്‍ യമനില്‍നിന്നു തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ വധിച്ചെന്ന വാര്‍ത്തയ്‌ക്കു സ്‌ഥിരീകരണമില്ല.
വൈദികനെ ദുഃഖ വെള്ളിയാഴ്‌ച ഭീകരര്‍ വധിച്ചതായി വാഷിങ്‌ടണ്‍ ടൈംസ്‌ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഫാ. ടോമിനെ വധിച്ചെന്ന വാര്‍ത്തയ്‌ക്കു സ്‌ഥിരീകരണമില്ലെന്ന്‌ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. വൈദികനെ വധിച്ചതായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നു വത്തിക്കാനും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നു ബംഗളുരു പ്രോവിന്‍സിലെ സലേഷ്യന്‍ സഭാ വക്‌താവ്‌ മാത്യു വാളറക്കോട്ടും വ്യക്‌തമാക്കി.
വത്തിക്കാനും വത്തിക്കാന്‍ നിയോഗിച്ച പ്രതിനിധികളും ഫാ. ടോമിന്റെ മോചനത്തിനായി ശ്രമിക്കുകയാണ്‌. ഫാ. ടോമിനെ ഭീകരര്‍ കുരിശില്‍ തറച്ച്‌ കൊലപ്പെടുത്തിയതായി വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്‌റ്റഫ്‌ സ്‌കോബോണ്‍ സ്‌ഥിരീകരിച്ചതായാണ്‌ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഈസ്‌റ്റര്‍ കുര്‍ബാനയ്‌ക്കിടെയാണ്‌ കര്‍ദിനാള്‍ ഈ വിവരം പുറത്തുവിട്ടത്‌. കഴിഞ്ഞ നാലിനാണ്‌ കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയായ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്‌
.
- See more at: http://www.mangalam.com/print-edition/international/420164#sthash.TZDrzmsU.dpuf

Sunday, 27 March 2016


ഉയിര്‍പ്പിന്റെ സ്മരണ പുതുക്കി ഇന്ന് ഈസറ്റര്‍

മതത്തിന്റേയും വര്‍ഗത്തിന്റേയും പേരിലുള്ള പീഡനങ്ങളടക്കം മനുഷ്യരാശിക്ക് ദോഷകരമാകുന്ന വിപത്തുകള്‍ക്കെതിരെ സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും പൊരുതാന്‍ കഴിയണമെന്ന്ഈസ്റ്റര്‍ദിന സന്ദേശത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു
easter
ഈസ്റ്ററിന്റെ ഭാഗമായി എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സിസ്സി കത്തീഡ്രലില്‍ നടന്ന പാതിരാക്കുര്‍ബാനയില്‍ നിന്ന്. ഫോട്ടോ: ടി.കെ പ്രദീപ് കുമാര്‍
തിരുവനന്തപുരം/കൊച്ചി: യേശുക്രിസ്തു വിശ്വാസികളുടെ മനസ്സിലേക്ക് പ്രത്യാശയുടെ വെളിച്ചം പകര്‍ന്നതിന്റെ സ്മരണയില്‍ ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു.
ഈസ്റ്ററിനോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കുരിശു മരണം വരിച്ച യേശുദേവന്‍ കല്ലറയില്‍ നിന്ന് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റത്തിന്റെ സ്മരണയാണ് ഈസ്റ്റര്‍. 
മലയാറ്റൂരില്‍ രാവിലെ 5.30നും 7.30 വിശുദ്ധ കുര്‍ബാന നടന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ നടന്ന ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ക്ക് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. മതത്തിന്റേയും വര്‍ഗത്തിന്റേയും പേരിലുള്ള പീഡനങ്ങളടക്കം മനുഷ്യരാശിക്ക് ദോഷകരമാകുന്ന വിപത്തുകള്‍ക്കെതിരെ സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും പൊരുതാന്‍ കഴിയണമെന്ന്ഈസ്റ്റര്‍ദിന സന്ദേശത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. 
തിരുവനന്തപുരം പട്ടം സെന്റ്‌ മേരീസ് പള്ളിയില്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാത്തോലിക്ക ബാവ ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ തുടങ്ങിയത്. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു.
http://www.mathrubhumi.com/news/kerala/easter-malayalam-news-1.954286

തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ഉഴുന്നാലിനെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നുവെന്ന് സുഷമാ സ്വരാജ്

 Asianet News  Saturday 26 March 2016 02:14 pm IST  India
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ഉഴുന്നാലിനെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നുവെന്ന് സുഷമാ സ്വരാജ്
 COMMENTS
  
26Mar
ദില്ലി: യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിനെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഈ മാസം നാലിനാണ് തീവ്രവാദികള്‍ കോട്ടയം സ്വദേശിയായ ഫാദ‌‍ര്‍ ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്. തെക്കന്‍ യെമനിലെ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം ആക്രമിച്ച് നാല് കന്യാസ്‌ത്രീകള്‍ ഉള്‍പ്പെടെ പതിനഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷമാണ് തീവ്രവാദികള്‍ ഈ മാസം നാലിന് ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്.

ഇക്കാര്യം സ്ഥിരീകരിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഫാദര്‍ ഉഴുന്നാലിനെ മോചിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് വ്യക്തമാക്കി.. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായതിനാല്‍ യെമനിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജിബൂത്തിയിലെ ഇന്ത്യന്‍ ക്യാമ്പ് ഓഫീസാണ് ഫാദര്‍ ഉഴുന്നാലിനെ മോചിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

നേരത്തെ ബംഗളുരുവിലും കോളാറിലും സേവനമനുഷ്‌ഠിച്ച കോട്ടയം രാമപുരം സ്വദേശിയായ ഫാദര്‍ ഉഴുന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി യെമനിലാണ്.തട്ടിക്കൊണ്ടു പോയ വൈദികനെ ദുഃഖവെള്ളി ദിവസം കുരിശില്‍ തറക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ഉദ്ധരിച്ച് നേരത്തെ റിപ്പോ‍ര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
http://www.asianetnews.tv/news/india/Will-spare-no-effort-to-rescue-Father-Uzhunnalil:-Sushma-56702

അഭയാര്‍ഥികളെ മറക്കരുതെന്ന്‌ മാര്‍പാപ്പ

റോം: ജന്മനാട്ടില്‍നിന്നു പലായനം ചെയ്യേണ്ടിവരുന്നവരെ സഹായിക്കാതെ മുഖം തിരിക്കുന്നവരെ അപലപിച്ച്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ഭീകരത "അന്ധവും ക്രൂരവുമായ അക്രമം" ആണെന്നും "സ്‌നേഹത്തിന്റെ ആയുധങ്ങള്‍" കൊണ്ട്‌ അതിനോടു പൊരുതണമെന്നും ഈസ്‌റ്റര്‍ദിന സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു.
" യുദ്ധം, പട്ടിണി, സാമൂഹിക അനീതി തുടങ്ങിയവയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളായ സ്‌ത്രീകളെയും പുരുഷന്‍മാരെയും മറക്കരുത്‌. സഹായിക്കാന്‍ കഴിയുന്നവര്‍ പലപ്പോഴും അവരെ നിരസിക്കുകയാണ്‌." മാര്‍പാപ്പ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളും തുര്‍ക്കിയും വടക്കന്‍ യൂറോപ്പിലേക്കുള്ള വഴി അടച്ചതുമൂലം സിറിയയില്‍നിന്നും ഇറാഖില്‍നിന്നുമുള്ള ആയിരക്കണക്കിന്‌ അഭയാര്‍ഥികള്‍ ഗ്രീസില്‍ കുടുങ്ങിക്കിടക്കുകയാണ്‌.
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയ്‌ക്കു വേണ്ടിയും മാര്‍പാപ്പ പ്രാര്‍ഥിച്ചു. അടുത്തമാസം നടത്താനിരിക്കുന്ന സമാധാന ചര്‍ച്ച വിജയം കാണട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ബെല്‍ജിയം, തുര്‍ക്കി, നൈജീരിയ, ചാഡ്‌, കാമറൂണ്‍, ഐവറികോസ്‌റ്റ്‌, ഇറാഖ്‌ എന്നിവിടങ്ങളില്‍ സമീപനാളുകളിലുണ്ടായ ഭീകരാക്രമണങ്ങളെ പരാമര്‍ശിച്ച മാര്‍പാപ്പ, ഭീകരത എന്ന തിന്മയെ ചെറുക്കാന്‍ "സ്‌നേഹത്തിന്റെ ആയുധങ്ങള്‍" ഉപയോഗിക്കണമെന്നും ആഹ്വാനം ചെയ്‌തു.
- See more at: http://www.mangalam.com/print-edition/international/419784#sthash.PXnxYMvu.dpuf

Friday, 25 March 2016

യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു

കുരിശില്‍ നിന്നും രക്ഷപെട്ട യേശു ഭാരതത്തിലെത്തിയെന്നും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തശേഷം മതപഠനങ്ങളുമായി കാശ്മീരിനടുത്തെവിടെയോ ഒരു ആശ്രമത്തില്‍ ശിഷ്ടകാലം കഴിച്ചെന്നുമുള്ള വാദങ്ങളും തെളിവുകളും കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.


വിശ്വാസികളും അനുയായികളും ദൈവങ്ങളുടെ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും തങ്ങള്‍ പ്രചരിപ്പിക്കുന്നതു മാത്രം വിശ്വസിക്കാന്‍ ലോകത്തെ എന്നും സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ടിരിക്കും. മറ്റൊരുവിധ അന്വേഷണങ്ങളെയോ, കണ്ടെത്തലുകളെയോ പരിഗണിക്കാന്‍ അവര്‍ തയ്യാറാകില്ല. എന്നുവച്ച് അത്തരം വിവാദങ്ങള്‍ക്ക് പഞ്ഞമുണ്ടാകാറുമില്ല. കാര്‍ട്ടൂണിന്റെ രൂപത്തിലും ആത്മകഥകളും അഭിമുഖങ്ങളായും പാഠപുസ്തകത്തിന്റെ രൂപത്തിലുമൊക്കെ 'അവന്‍' വന്നുകൊണ്ടേയിരിക്കുന്നു. യേശുവിന്റെ ജനനവും മരണവുമായി ബന്ധപ്പെട്ട വേറിട്ട ചിന്തകളും വ്യത്യസ്ത നിലപാടുകളുമാകട്ടെ എന്നും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. 'ഡാവിഞ്ചി കോഡ്' പുസ്തകരൂപത്തിലും സിനിമാരൂപത്തിലും വരുത്തിവച്ച പുകിലുകള്‍ ലോകം മറന്നിട്ടില്ല.
യേശു കുരിശില്‍ വെച്ച് മരണമടഞ്ഞെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ക്ക് ക്രിസ്തുമതത്തോളം തന്നെ പഴക്കമുണ്ട്. കുരിശില്‍ നിന്നും രക്ഷപെട്ട യേശു ഭാരതത്തിലെത്തിയെന്നും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തശേഷം മതപഠനങ്ങളുമായി കാശ്മീരിനടുത്തെവിടെയോ ഒരു ആശ്രമത്തില്‍ ശിഷ്ടകാലം കഴിച്ചെന്നുമുള്ള വാദങ്ങളും തെളിവുകളും കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഭാരതീയ/ബുദ്ധ ദര്‍ശനങ്ങളുമായി യേശുവിന്റെ ആശയങ്ങള്‍ക്കുണ്ടായിരുന്ന സാദൃശ്യങ്ങളും 12 വയസ്സു മുതല്‍ 30 വയസ്സുവരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളിലെ അവ്യക്തതയും റഷ്യന്‍ ചരിത്രകാരനും സഞ്ചാരിയുമായിരുന്ന നിക്കോളാസ് നോതോവിച്ചാണ് ആധുനികലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത്.

1887ല്‍ കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍നിന്നും ലഡാക്കിലേക്ക് ഹിമാലയത്തിനു കുറുകെ ഒരു സാഹസികയാത്രയ്ക്ക് നോതോവിച്ച് ഒരുങ്ങി. സാഹസികമായ യാത്രയ്‌ക്കൊടുവില്‍ അദ്ദേഹം സമുദ്രനിരപ്പില്‍ നിന്നും 3500 മീറ്റര്‍ ഉയരത്തിലുള്ള ലഡാക്കിലെ സോജിലാ ചുരത്തിലെത്തി. അവിടുത്തെ ഒരു ബുദ്ധവിഹാരത്തില്‍ ഊഷ്മളമായ സ്വീകരണം നോതോവിച്ച് ഏറ്റുവാങ്ങി. അവിടുത്തെ ലാമയില്‍ നിന്നാണ് യൂറോപ്യനായ 'ക്രിസ്ത്യന്‍ ദലൈലാമ'യെക്കുറിച്ച് നോതോവിച്ച് കേള്‍ക്കുന്നത്. യേശുവിനെക്കുറിച്ച് വാചാലനായ ലാമ യേശു ജീവിച്ച വിഹാരത്തെക്കുറിച്ചും അവിടെ സൂക്ഷിച്ചിട്ടുള്ള യേശുവിന്റെ പ്രബോധനങ്ങളും പ്രവര്‍ത്തികളും രേഖപ്പെടുത്തിയിട്ടുള്ള എഴുത്തുകളെക്കുറിച്ചും വിവരങ്ങള്‍ നല്‍കി. വിഹാരം തേടി യാത്രയായ നോതോവിച്ച് വളരെ കഷ്ടപ്പാടുകള്‍ക്കു ശേഷം ആ എഴുത്തുകള്‍ നേരില്‍ക്കണ്ടു. ഈസ എന്നു വിളിപ്പേരുണ്ടായിരുന്ന ആ ഗുരുവിന്റെ ജീവിതവിവരണവും യേശുവിന്റെ ജീവിതവുമായുള്ള സാമ്യവും നോതോവിച്ചിനെ ഞെട്ടിച്ചു.യേശുദേവന്‍

അമൂല്യമായ വിവരങ്ങളുമായി നാട്ടില്‍ തിരിച്ചെത്തിയ നോതോവിച്ചിന് വളരെ തണുത്ത സ്വീകരണമാണ് മതചരിത്രകാരില്‍നിന്നും സഭാപ്രമുഖരില്‍നിന്നും ലഭിച്ചത്. എല്ലാരംഗങ്ങളിലും തഴയപ്പെട്ട നോതോവിച്ച് ക്രമേണ വിസ്മൃതിയില്‍ അലിഞ്ഞില്ലാതായി. നോതോവിച്ച് പരാമര്‍ശിച്ച ബുദ്ധവിഹാരം സന്ദര്‍ശിച്ച സ്വാമി അഭേദാനന്ദനും ഇതേ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി

നോതോവിച്ചിന്റെ കണ്ടെത്തെലുകളില്‍നിന്നാണ് ഹോള്‍ഗര്‍ കേസ്റ്റന്റെ 'യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു' എന്ന കൃതിയുടെ ജനനം. യൂറോകേന്ദ്രീകൃതമായ ചരിത്രത്തില്‍ നിന്നുപരിയായി യേശുവിന്റെ ജീവിതത്തെ വിവിധ ദേശങ്ങളുടെയും സംസ്‌കാരങ്ങളുടെയും ചരിത്രവുമായി തുലനം ചെയ്യാന്‍ കേസ്റ്റന്‍ ശ്രമിച്ചിട്ടുണ്ട്, ഭാരതീയ വിജ്ഞാനങ്ങളും ദര്‍ശനങ്ങളും എത്രമാത്രം യൂറോപ്പിനെ സ്വാധീനിച്ചിരുന്നു എന്നദ്ദേഹം സ്ഥാപിക്കുന്നു. യേശുവിന്റെ കുരിശുമരണത്തോടു ബന്ധപ്പെട്ട ടൂറിനിലെ ശവക്കച്ചയും സംസ്‌കാരവും ഉയര്‍ത്തെഴുന്നേല്‍പും കേഴ്സ്റ്റന്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. ചരിത്രത്തിന്റെയും പൗരാണികഗ്രന്ഥങ്ങളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് കേഴ്സ്റ്റന്‍ തന്റെ വാദഗതികള്‍ നിരത്തുന്നത്. അവയില്‍ ചിലതുമാത്രം ചുവടെ ചേര്‍ക്കുന്നു.

1. പുരാതനമായ പട്ടുനൂല്‍പ്പാതയിലൂടെ സഞ്ചരിച്ച് ഭരതത്തിലെത്തിയ യേശു ഭാരതീയ/ബൗദ്ധ ദര്‍ശനങ്ങളില്‍ അവഗാഹം നേടി തിരികെ നാട്ടിലേക്കുപോയി.
2. യേശു കുരിശില്‍ മരിച്ചില്ല. കല്ലറയില്‍നിന്നും പരുക്കുകളോടെ രക്ഷപെട്ട അദ്ദേഹം തിരികെ ഇന്ത്യയിലെത്തി. ശിഷ്ടകാലം ഇവിടെത്തന്നെ ജീവിച്ചു.
3. ടൂറിനിലെ ശവക്കച്ച വ്യാജമാണ്.
4. ശ്രീനഗറില്‍വെച്ച് മരിച്ച യേശുവിനെ ഇപ്പോഴും തദ്ദേശവാസികള്‍ ദിവ്യപുരുഷനായി വാഴ്ത്തുന്നു.

1981ല്‍ പ്രസിദ്ധീകരിച്ച ജീസസ് ലിവ്ഡ് ഇന്‍ ഇന്ത്യ എന്ന വിവാദകൃതി യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്നപേരില്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് റോയ് കരുവിളയാണ്.

(കടപ്പാട്: ഡി.സി. ബുക്‌സ്)

'യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു' വാങ്ങാം
http://www.mathrubhumi.com/books/book-reviews/yeshu-indiayil-jeevichirunnu-malayalam-news-1.179204

വത്തിക്കാനിലെ കുരിശിന്റെ വഴിയില്‍ മാര്‍പാപ്പ പങ്കെടുക്കും


Click here for detailed news of all items
 
 
ഫാ. ഐസക് ആരിക്കാപ്പള്ളില്‍ സിഎംഐ

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്നു വൈകുന്നേരം അഞ്ചിന് (പ്രാദേശിക സമയം) ആരംഭിക്കുന്ന ദുഃഖവെള്ളി തിരുക്കര്‍മങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. പീഡാനുഭവ വായനയെത്തുടര്‍ന്നു മാര്‍പാപ്പ സുവിശേഷ പ്രസംഗം നടത്തും.

രാത്രി 9.15ന് കര്‍ദിനാള്‍ ഗ്വാല്‍ത്തിയേരോ ബസേത്തിയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി ആരംഭിക്കും. ഒരു പ്രത്യേക വേദിയില്‍ നിന്നുകൊണ്ടു മാര്‍പാപ്പയും കുരിശിന്റെ വഴിയില്‍ പങ്കെടുക്കും. റോമിലെ കോളോസിയത്തിനു സമീപമുള്ള പാലറ്റൈന്‍ മലയിലേക്കാണു കുരിശിന്റെ വഴി. കാല്‍വരി മലയുടെ പ്രതീകമായിട്ടാണു പാലറ്റൈന്‍ മലയെ തെരഞ്ഞെടുത്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ കത്തിച്ച മെഴുകുതിരികളുമായി കുരിശിന്റെ വഴിയില്‍ പങ്കെടുക്കും. സമാപനത്തില്‍ മാര്‍പാപ്പ വിശ്വാസികളെ ആശീര്‍വദിച്ചു സന്ദേശം നല്‍കും.

http://www.deepika.com/ucod/

വൈദികര്‍ കരുണയുടെ സാക്ഷികളും ശുശ്രൂഷകരുമാകണം: മാര്‍പാപ്പ


Click here for detailed news of all items
 
 
ഫാ. ജോസഫ് സ്രാമ്പിക്കല്‍

വത്തിക്കാന്‍ സിറ്റി: വൈദികര്‍ ദൈവകരുണയുടെ സാക്ഷികളും ശുശ്രൂഷകരുമാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെസഹാ വ്യാഴാഴ്ച രാവിലെ ഒമ്പതു മുപ്പതിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ തൈലങ്ങള്‍ ആശീര്‍വദിച്ച വിശുദ്ധ കുര്‍ബാന മധ്യേ സുവിശേഷസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.

ദൈവത്തിന്റെ കരുണ അനന്തവും അവാച്യവുമാണ്. ഭൂമിയില്‍ കരുണ വര്‍ഷിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. മനുഷ്യരുടെ ശത്രുവായ പിശാചിനെതിരേയാണ് ദൈവം മല്‍പ്പിടുത്തം നടത്തുന്നത്, അല്ലാതെ മനുഷ്യര്‍ക്കെതിരായല്ല.

തന്നെ കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും ദൈവം തന്നെത്തന്നെ പൂര്‍ണമായി നല്കുകയും അവരോടൊന്നിച്ച് ആഘോഷിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കരുണ എല്ലാം പുനഃസ്ഥാപിക്കുകയും മനുഷ്യര്‍ക്ക് അവരുടെ ആദിമ മഹത്വം തിരിച്ചുനല്കുകയും ചെയ്യുന്നു.

ഈശോ നമ്മെ വീണ്െടടുക്കുകയും അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുകയും ദാരിദ്രാവസ്ഥയില്‍ നിന്നും അന്ധതയില്‍ നിന്നും കരുണയുടെയും സമാശ്വാസത്തിന്റെയും ശുശ്രൂഷകരായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് നമ്മളോരോരുത്തരും നമ്മുടെ ഹൃദയത്തിനു സാധിക്കുന്ന പൂര്‍ണശക്തിയാല്‍ ദൈവത്തിന് നന്ദിപറയണമെന്നും മാര്‍പാപ്പ പറഞ്ഞു. അമ്പതു കര്‍ദിനാള്‍മാരും 100 മെത്രാന്‍മാരും 1500 വൈദികരും മാര്‍പാപ്പായോടൊപ്പം സഹകാര്‍മികരായിരുന്നു.

തങ്ങള്‍ പൌരോഹിത്യം സ്വീകരിച്ചപ്പോള്‍ നല്കിയ വാഗ്ദാനങ്ങള്‍ വൈദികര്‍ വിശുദ്ധ കുര്‍ബാന മധ്യേ നവീകരിച്ചു. തുടര്‍ന്ന് വിശുദ്ധ തൈലവും, മാമ്മോദീസാര്‍ഥികളെയും രോഗികളേയും പൂശുന്ന തൈലങ്ങളും മാര്‍പാപ്പ ആശീര്‍വദിച്ചു.

റോമിന്റെ ഒരു പ്രാന്തപ്രദേശത്ത് അഭയാര്‍ഥികളെ സ്വീകരിക്കുന്ന ഭവനത്തില്‍ ഇന്നലെ വൈകുന്നേരം അഞ്ചിന് 12 അഭയാര്‍ഥികളുടെ കാലുകള്‍ കഴുകി ഫ്രാന്‍സിസ് മാര്‍പാപ്പ ഈശോയുടെ എളിമയുടെ ഈ ശുശ്രൂഷയെ അനുസ്മരിച്ചാചരിച്ചു.

ശനിയാഴ്ച വൈകുന്നേരം 8:30 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുത്തന്‍ തീയും പുത്തന്‍ വെള്ളവും വെഞ്ചരിക്കുന്നതും പെസഹാ ജാഗരണപ്രാര്‍ഥന നയിക്കുന്നതുമാണ്. ഉയര്‍പ്പു ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും തുടര്‍ന്ന് ബസിലിക്കയുടെ പ്രധാന ബാല്‍ക്കണിയില്‍ നിന്നു മാര്‍പാപ്പ റോമാ നഗരത്തിനും ലോകത്തിനുമുള്ള ആശീര്‍വാദം നല്കുന്നതുമാണ്.

http://www.deepika.com/ucod/

Thinking of you on Good Friday


Thursday, 24 March 2016

പെസഹാദിനത്തില്‍ കുരിശുമുടിയിലേക്ക്‌ ഭക്‌തജനപ്രവാഹം; ഇന്ന്‌ പീഡാനുഭവ വെളളി

mangalam malayalam online newspaper
മലയാറ്റുര്‍: പെസഹാദിനത്തില്‍ കുരിശുമുടിയിലേക്ക്‌ ഭക്‌തജനപ്രവാഹം. പൊന്നിന്‍ കുരിശുമുത്തപ്പോ പൊന്‍മല കയറ്റമെന്ന ശരണവിളികളുമായി മലയാറ്റൂര്‍ മലകയറുന്നത്‌ പതിനായിരങ്ങളാണ്‌. ഭാരമേറിയ മരകുരിശുകളുമായെത്തുന്ന തീര്‍ഥാടകരുടെ ശരണമന്ത്രത്താല്‍ കുരിശുമുടി ഭക്‌തിസാന്ദ്രമായി. വിവിധ ജില്ലകളില്‍ നിന്നും നോമ്പുനോറ്റാണ്‌ ഭക്‌തജനങ്ങള്‍ കുരിശുമുടിയിലെത്തുന്നത്‌ ക്രിസ്‌തുവിന്റെ കാല്‍കഴുകല്‍ ശുശ്രൂഷയുടെ ഓര്‍മ്മ പുതുക്കുന്ന പെസഹാദിനത്തില്‍ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ്‌ തോമസ്‌ പളളിയിലും(താഴത്തെ പളളി) പെസഹാ അനുസ്‌മരണ തിരുക്കര്‍മ്മങ്ങള്‍ നടന്നു. കുരിശുമുടിയില്‍ രാവിലെ നടന്ന കാലുകഴുകല്‍ ശുശ്രൂഷ, വി.കുര്‍ബാന, ആരാധന എന്നിവയ്‌ക്ക് കുരിശുമുടി റെക്‌ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സെന്റ്‌ തോമസ്‌ പളളിയില്‍ രാവിലെ നടന്ന കാലുകഴുകല്‍ ശുശ്രൂഷ, വി.കുര്‍ബാന, ആരാധന, അപ്പംമുറിക്കല്‍ ശുശ്രൂഷ എന്നിവയ്‌ക്ക് വികാരി റവ.ഡോ. ജോണ്‍ തേയ്‌ക്കാനത്ത്‌ കാര്‍മ്മികത്വം വഹിച്ചു. സഹവികാരി ഫാ. മെല്‍വിന്‍ ചിറ്റിലപ്പിളളി, ഫാ. ബാസ്‌റ്റിന്‍ കിഴക്കേറ്റം, ഫാ. ചാള്‍സ്‌ കോറോത്ത്‌ എന്നിവര്‍ സഹകാര്‍മ്മികരായി. വലിയ ശനിയാഴ്‌ച സെന്റ്‌ തോമസ്‌ പളളിയില്‍ രാവിലെ ആറിന്‌ വലിയ ശനി തിരുക്കര്‍മ്മങ്ങള്‍, തുടര്‍ന്ന്‌ വി.കുര്‍ബാന, രാത്രി 11.45 ന്‌ ഉയിര്‍പ്പു തിരുക്കര്‍മ്മങ്ങള്‍, പ്രദക്ഷിണം, വി.കുര്‍ബാന. കുരിശുമുടിയില്‍ രാവിലെ 7.30 ന്‌ വലിയ ശനി തിരുക്കര്‍മ്മങ്ങള്‍, തുടര്‍ന്ന്‌ വി.കുര്‍ബാന, രാത്രി 11.45 ന്‌ ഉയിര്‍പ്പു തിരുക്കര്‍മ്മങ്ങള്‍, പ്രദക്ഷിണം, ആഘോഷമായ വി.കുര്‍ബാന. 27 ന്‌ സെന്റ്‌ തോമസ്‌ പളളിയില്‍ രാവിലെ 5.30, ഏഴ്‌, വൈകുന്നേരം 5.30 നും വി.കുര്‍ബാന. കുരിശുമുടിയില്‍ രാവിലെ 5.30, 7.30, വൈകുന്നേരം ആറിനും വി.കുര്‍ബാന എന്നിവയുണ്ടാകും.
http://www.mangalam.com/religion/419067

കഴുകാന്‍ പാടില്ലാത്ത കാലുകളോ?

ഫാ. പോള്‍ തേലക്കാട്ട്‌

mangalam malayalam online newspaper
ഫ്രാന്‍സിസ്‌ മാര്‍പാപ്പ ധാരാളം മെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും അമ്പരപ്പിക്കുകയും ചിലപ്പോള്‍ ഉതപ്പുകള്‍ കൊടുക്കുകയും ചെയ്യുന്നു എന്നു തോന്നിയിട്ടുണ്ട്‌. മാര്‍പാപ്പ നടത്തിയ ഒരു പരാമര്‍ശം: അരമന പാപ്പാസ്‌ഥാനത്തിന്റെ കുഷ്‌ഠമാണ്‌ എന്നതു വളരെ വേദനയോെടയാണു സ്വീകരിച്ചത്‌. ഇങ്ങനെയൊരു പ്രസ്‌താവം അരമനയ്‌ക്കെതിരായി ആരെങ്കിലും ഇതിനുമുമ്പു നടത്തിയതായി കേട്ടിട്ടില്ല. അതിരുകടന്ന പ്രസ്‌താവമായി തോന്നി. പക്ഷേ, റോമില്‍ പഠിച്ച ഒരു വൈദികന്‍ പറഞ്ഞത്‌, വത്തിക്കാനില്‍ നടക്കുന്നത്‌ അറിഞ്ഞാല്‍ ഇതൊക്കെ പറഞ്ഞുപോകും എന്നാണ്‌. ഉതപ്പുകള്‍ ആവശ്യമാണ്‌ എന്നു യേശു പറഞ്ഞതും അനുസ്‌മരിച്ചുപോയി. ഉതപ്പുകളുടെ ആണികള്‍ മാംസാസ്‌ഥികള്‍ തുളച്ചു കയറുമ്പോള്‍ ആത്മാവില്‍ വേദനയുടെ വെളിപാടുകള്‍ ഉണ്ടാക്കുന്നതാണ്‌ ഈ മാര്‍പാപ്പയില്‍നിന്നു പലപ്പോഴും കേള്‍ക്കുന്നത്‌.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നടത്തിയ കാലുകഴുകല്‍ ശുശ്രൂഷകള്‍ പലര്‍ക്കും എന്തോ ദഹനക്കേട്‌ ഉണ്ടാക്കിയിട്ടുണ്ട്‌. കാലുകഴുകലില്‍ സ്‌ത്രീകളുണ്ടായിരുന്നു, അവിശ്വാസിയും അക്രൈസ്‌തവരുമുണ്ടായിരുന്നു. പള്ളിയുടെ വിശുദ്ധ വേദിയില്‍ കുര്‍ബാനയെന്ന അതിവിശുദ്ധ കര്‍മാനുഷ്‌ഠാനത്തിന്റെ ഭാഗമായി നടന്ന കാലുകഴുകല്‍ ശുശ്രൂഷ ആയിരുന്നില്ല അത്‌. ഒരു ജയിലില്‍ നടന്ന കര്‍മമായിരുന്നു. ഇക്കൊല്ലം ഏതായാലും വത്തിക്കാന്‍ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ ചില മാറ്റങ്ങള്‍ മാര്‍പാപ്പയുടെ മുന്‍കാല നടപടികളുടെ അടിസ്‌ഥാനത്തില്‍ വരുത്തിയിരിക്കുന്നു. സ്‌ത്രീകളുടെ കാലുകള്‍ കഴുകാം എന്നതാണ്‌ അതിലെ പ്രധാന പരിഷ്‌കാരം.
പക്ഷേ, മാര്‍പാപ്പ ചെയ്‌തത്‌ അതു മാത്രമല്ല, അക്രൈസ്‌തവരുടെയും അവിശ്വാസിയുടെയും കാലുകഴുകി. എന്നാല്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‌കിയിരിക്കുന്നവര്‍ ദൈവജനത്തില്‍നിന്നു തെരഞ്ഞെടുക്കുന്നവരുടെ കാലുകളെ കഴുകാന്‍ പാടുള്ളൂ എന്നാണു പറയുന്നത്‌. സ്‌ത്രീകളെ ഉള്‍പ്പെടുത്താം എന്നുതന്നെ. അതില്‍ അക്രൈസ്‌തവരുണ്ടാകുമോ? അതു വത്തിക്കാന്റെ നിര്‍ദ്ദേശം നിരോധിക്കുന്നു എന്നു വരുന്നില്ല. പക്ഷേ, കുര്‍ബാനയ്‌ക്കു വരുന്നവരില്‍നിന്നു തെരഞ്ഞെടുക്കണമെന്ന നിര്‍ദേശത്തില്‍ അതും ഉള്‍ക്കൊള്ളും. സാഹചര്യമനുസരിച്ചു പള്ളിയില്‍ കൂടുന്ന ദൈവജനത്തില്‍ ക്രൈസ്‌തവവിശ്വാസികളല്ലാത്തവരും താത്‌പര്യപൂര്‍വം വരാവുന്നതാണ്‌. കുര്‍ബാനയുടെ ആദ്യഭാഗത്തു അവരും ഉണ്ട്‌ എന്നതിന്റെ സൂചനകള്‍ ആ കര്‍മാനുഷ്‌ഠാനത്തില്‍ത്തന്നെയുണ്ട്‌.
പക്ഷേ, പ്രസക്‌തമായ ചോദ്യം മാര്‍പാപ്പ ചെയ്‌തതിന്റെ പിന്നിലെ കാഴ്‌ചപ്പാടാണ്‌. മാര്‍പാപ്പ ചെയ്‌തതു കേരളത്തിലെ പള്ളികളില്‍ നടക്കുമോ? അതു കത്തോലിക്കാ വിശ്വാസികള്‍ അംഗീകരിക്കുമോ? അത്‌ അവര്‍ക്ക്‌ ഉതപ്പ്‌ ഉണ്ടാക്കുമോ? അതു മറ്റു മതസ്‌ഥര്‍ അംഗീകരിക്കുമോ? ഇതു പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാകാം. വിശുദ്ധമായ മദ്‌ബഹ എന്ന വിശുദ്ധ സ്‌ഥലത്തു പണ്ടു കത്തോലിക്കാ സ്‌ത്രീകളെപ്പോലും കയറ്റുമായിരുന്നില്ല. ഇപ്പോള്‍ അവരെ കയറ്റിയാല്‍ വലിയ പ്രശ്‌നം ഉണ്ടാകുമായിരിക്കില്ല. എന്നാല്‍ ഹിന്ദുവിനെയോ മുസല്‍മാനെയോ അവിശ്വാസിയെയോ സ്വീകരിക്കാന്‍ തയാറാകുമോ? സ്വാഭാവികമായും ചിലര്‍ക്കു ഞെട്ടലുണ്ടാക്കാവുന്ന നടപടിയാണ്‌.
ഈ പശ്‌ചാത്തലത്തിലായിരിക്കാം സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ വത്തിക്കാനിലെ പൗരസ്‌ത്യ കാര്യാലയത്തോട്‌ എഴുതി ചോദിച്ചത്‌. ഫലമായി ഇപ്പോഴത്തെ നിര്‍ദേശം ലത്തീന്‍ കത്തോലിക്കര്‍ക്കു മാത്രമേ ബാധകമാകൂ എന്നു മറുപടി കിട്ടിയതായി മാധ്യമങ്ങളില്‍ കണ്ടു. മാര്‍പാപ്പ ലത്തീന്‍ റീത്തിന്റെ അനുഷ്‌ഠാനരീതിയാണു തിരുത്തിയത്‌. പൗരസ്‌ത്യ സഭകളില്‍ അനുഷ്‌ഠാനരീതി തിരുത്തേണ്ടത്‌ അതതു സിനഡുകളാണ്‌. ഇവിടെയും സിനഡ്‌ കൂടി അതു തിരുത്തി മാര്‍പാപ്പയോട്‌ വിധേയത്വം പ്രഖ്യാപിക്കും എന്നു പ്രതീക്ഷിക്കാം. മാര്‍പാപ്പയുടെ വാക്കുകള്‍ എല്ലാ കത്തോലിക്കര്‍ക്കും ബാധകമാണ്‌. അങ്ങനെയെല്ലായെന്ന്‌ ആരെങ്കിലും കരുതുന്നുണ്ട്‌ എന്ന്‌ തോന്നുന്നില്ല. സ്‌ത്രീകളുടെയും അവിശ്വാസികളുടെയും അടക്കം എല്ലാവരുടെയും കാലു കഴുകിയ മാര്‍പാപ്പ അതുമൂലം എന്താണു പഠിപ്പിക്കുന്നത്‌ എന്നതാണു പ്രധാനം.
എന്തുകൊണ്ടായിരിക്കും മാര്‍പാപ്പ ഇങ്ങനെ അസാധാരണമായ നിലപാടെടുത്തു കര്‍മം നടത്തിയത്‌? അതിന്റെ പശ്‌ചാത്തലത്തില്‍ വേണം ഇതു നടത്തണോ എന്നു നിശ്‌ചയിക്കാന്‍. ക്രൈസ്‌തവവിശ്വാസത്തിന്റെ സത്തയുടെ ഏതെങ്കിലും കാതല്‍ ഇതില്‍ അന്തര്‍ലീനമാണോ? ആണ്‌ എന്നു കരുതുന്ന ഒരു വിശ്വാസിയാണ്‌ ഇതെഴുതുന്നത്‌. ക്രൈസ്‌തവ തനിമയുടെ അന്തസ്സത്ത അതിന്റെ വിശ്വമാനവികതയാണ്‌. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്‌ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും യേശുക്രിസ്‌തുവില്‍ ഒന്നാണ്‌ (ഗലാ. 3: 28) എന്നു സെന്റ്‌ പോള്‍ എഴുതുന്നതിന്റെ അടിസ്‌ഥാനമാണവിടെ പ്രധാനം. ഇതേ കാര്യം വ്യക്‌തമാക്കിക്കൊണ്ടു യഹൂദവിശ്വാസിയും സാഹിത്യചിന്തകനുമായ ജോര്‍ജ്‌ സെ്‌റ്റയ്‌നര്‍ ഒരിക്കല്‍ എഴുതി: മാനവചരിത്രം നിര്‍വചിച്ചതു മൂന്നു യഹൂദരാണ്‌: മോസസ്‌, ജീസസ്‌, മാര്‍ക്‌സ്‌. ഏക ദൈവവിശ്വാസത്തിന്റെ കണ്ടുപിടുത്തക്കാരനാണു മോസസ്‌. അതിന്റെ മറ്റൊരു പതിപ്പാണ്‌ ആദം-ഹവ്വമാരുടെ കഥയും. കാലദേശവ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഒരു ദൈവത്തിന്റെ മക്കളാണ്‌. ഒരേ ദമ്പതികളുടെ സന്താനങ്ങളുമാണ്‌. ഈ കഥയിലാണു യഹൂദരും ക്രൈസ്‌തവരും മുസ്ലിംകളും ഇന്നു വസിക്കുന്നത്‌. അതു വിശ്വമാനവികതയുടെ കാഴ്‌ചപ്പാടാണ്‌.
ഇതേ കാഴ്‌ചപ്പാടാണ്‌ ഇന്നു മതമൗലികവാദത്തിലും അതിന്റെ ഭീകരവാദത്തിന്റെ ഹിംസയിലും ഏറെ അപകടത്തിലായിരിക്കുന്നത്‌. ഈ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യുന്നതും ഈ ഏകമാനവികത തന്നെയാണ്‌. പക്ഷേ, ഈ ദര്‍ശനത്തിനു ജാതീയതയുടെയും സാമുദായികതയുടെയും വേലികളും അതിരുകളും പടുത്തുയര്‍ത്തുന്ന പ്രതിസന്ധിയിലുമാണു നാം. ഇത്തരം പ്രലോഭനത്തില്‍തന്നെപെട്ടാണ്‌ ഇവിടത്തെ ക്രൈസ്‌തവരും ജീവിച്ചത്‌. അവര്‍ നായരും നമ്പൂതിരിയും മാര്‍ഗംകൂടിയവരാണ്‌ എന്നത്‌ ഒരു കഥ മാത്രമാണല്ലോ. പക്ഷേ ആ കഥയ്‌ക്ക്‌ അതിന്റെ ദൗത്യം നിര്‍വഹിക്കാനുണ്ടായിരുന്നു. ക്രിസ്‌ത്യാനികള്‍ ഉന്നത ജാതിക്കാരാണ്‌ എന്നു വരുത്തുക, അതു ജാതീയത വാണ സംസ്‌കാരത്തില്‍ ജീവിച്ചു പോകാന്‍ ആവശ്യമായിരുന്നു. കാരണം ജാതീയത ചോദ്യം ചെയ്‌ത ബുദ്ധമതത്തിന്‌ ഇവിടെ ജീവിക്കാനായില്ല എന്നതും ഓര്‍മിക്കണം. പക്ഷേ, അതിനു കൊടുത്ത വില വലുതായിരുന്നു.
തകഴി എഴുതിയ തോട്ടിയുടെ മകന്‍ എന്ന നോവല്‍ തോട്ടിക്കും മകനും മനുഷ്യന്റെ അവകാശങ്ങളാണുള്ളത്‌ എന്നു സ്‌ഥാപിക്കുന്നതായിരുന്നു. എന്നാല്‍ ഈ മാനവികതയുടെ വെളിച്ചം അദ്ദേഹത്തിന്റെ പാരമ്പര്യത്തില്‍ നിന്നോ ആലപ്പുഴയിലെ ക്രൈസ്‌തവപാരമ്പര്യത്തില്‍നിന്നോ ലഭിച്ചതാണോ? അതോ മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്‌ത്രത്തില്‍നിന്നു ലഭിച്ചതോ? ചങ്ങമ്പുഴ മലയപ്പുലയന്റെ വാഴക്കുലയ്‌ക്കുള്ള അവകാശം ചോദിച്ചതും ഇതുപോലെയല്ലേ? ചരിത്രപരമായ ചില പാളിച്ചകള്‍ വിലയിരുത്തുന്നത്‌ ആരെയും പഴിക്കാനല്ല. ക്രൈസ്‌തവവീക്ഷണത്തില്‍ വരുന്ന ചില പ്രലോഭനങ്ങളും വീഴ്‌ചകളും ആവര്‍ത്തിക്കാതിരിക്കാനാണ്‌.
അള്‍ത്താരയിലെ കാലു കഴുകല്‍ ശുശ്രൂഷയില്‍നിന്നു സ്‌ത്രീകളെ പുറത്താക്കിയതു പന്ത്രണ്ട്‌ അപ്പസ്‌തോലന്മാരില്‍ സ്‌ത്രീകള്‍ ഉണ്ടായിരുന്നില്ല എന്ന ന്യായം പറഞ്ഞാണ്‌. ആ ന്യായമാണു മാര്‍പാപ്പ ലംഘിച്ചിരിക്കുന്നത്‌. പന്ത്രണ്ടു പേരില്‍ സ്‌ത്രീകളില്ലാത്തതിന്റെ പേരില്‍ സ്‌ത്രീകളുടെ കാലു കഴുകണ്ട എന്നു തീരുമാനിച്ച സഭ തന്നെ കുര്‍ബാന കൊടുക്കാനും, കുര്‍ബാനയ്‌ക്കിടയിലെ വായന നടത്താനും മദ്‌ബഹയില്‍ കയറാനും അനുവദിക്കുന്നു. സ്‌ത്രീകള്‍ക്കു പട്ടം കൊടുക്കാനാവില്ല എന്നു പറയുന്ന സഭ തന്നെയാണു പട്ടക്കാരല്ലാത്തവര്‍ക്കു ചെയ്യാന്‍ അനുവാദമില്ലാതിരുന്ന കുര്‍ബാനവിതരണവും കുര്‍ബാനയ്‌ക്കിടയിലെ വായനയും സ്‌ത്രീകള്‍ക്കു നല്‌കിയത്‌.
കത്തോലിക്കരുടെ കുര്‍ബാനയുടെ ആദ്യഭാഗത്തു ക്രിസ്‌ത്യാനികളല്ലാത്തവരെയും പങ്കെടുപ്പിക്കാം. അതുകൊണ്ടാണല്ലോ മാമ്മോദീസ സ്വീകരിക്കാത്തവര്‍ പുറത്തു പോകട്ടെ എന്ന കുര്‍ബാനയിലെ ആദ്യഭാഗം കഴിഞ്ഞുള്ള പ്രഖ്യാപനം ഇന്നും കുര്‍ബാനപുസ്‌തകത്തില്‍ ഉളളത്‌. മാര്‍പാപ്പ സകല മനുഷ്യരെയും ആശ്ലേഷിക്കുന്ന ക്രൈസ്‌തവമാനവികതയുടെ സാക്ഷ്യമായിട്ടാണു കാലുകഴുകലില്‍ അവിശ്വാസികളെയും അക്രൈസ്‌തവരെയും പങ്കെടുപ്പിച്ചപ്പോള്‍ വ്യക്‌തമാക്കിയത്‌. കാലുകള്‍ കഴുകപ്പെട്ടവര്‍ പുണ്യവാന്മാരാണെന്നോ അവര്‍ക്കു കുര്‍ബാന കൊടുക്കണമെന്നോ ഒന്നുമല്ല ഫ്രാന്‍സിസ്‌ മാര്‍പാപ്പ പറഞ്ഞത്‌. പന്ത്രണ്ടു പേരുടെ കാലുകള്‍ കഴുകിയപ്പോള്‍ അതിലൊരാള്‍ യേശുവിനെ ഒറ്റിയ യൂദാസായിരുന്നു. അവരും ദൈവമക്കളാണ്‌ എന്നും എല്ലാ മനുഷ്യരുടെയും മഹത്ത്വത്തിനുവേണ്ടിയാണു യേശു ജനിച്ചതും പീഡിപ്പിക്കപ്പെട്ടതും മരിച്ചതും ഉയിര്‍പ്പിക്കപ്പെട്ടതും എന്നു വ്യക്‌തമാക്കുകയായിരുന്നു.
ക്രിസ്‌തുവിന്റെ സുവിശേഷം ക്രിസ്‌ത്യാനിയുടെ വീട്ടിലെ സ്വകാര്യസ്വത്തല്ല. അതു സകല മനുഷ്യര്‍ക്കുംവേണ്ടിയുള്ള ദൈവത്തിന്റെ വെളിപാടാണ്‌. അതുകൊണ്ടാണ്‌ ഇരണേവൂസ്‌ എന്ന സഭാപിതാവ്‌ പറഞ്ഞത്‌, ദൈവത്തിന്റെ മഹത്ത്വം മനുഷ്യന്റെ മഹത്ത്വമാണ്‌ എന്ന്‌. ക്രിസ്‌തുവിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവസേവനം മനുഷ്യശുശ്രൂഷയാണ്‌. ദൈവത്തിലേക്കുള്ള ദൂരം മനുഷ്യനിലേക്കുള്ള അകലവുമാണ്‌. മനുഷ്യന്റെ മുഖമാണു വേദമായി വായിക്കേണ്ടത്‌. ഇത്‌ ഇന്ത്യയില്‍ ഏറ്റവും ശക്‌തവും വ്യക്‌തവുമായി പ്രഘോഷിക്കാനും സഭയ്‌ക്കു കഴിയണം. അവിടെ സഭ സ്വന്തം ചരിത്രനിയോഗം മറക്കാതിരിക്കണം. കാലുകഴുകല്‍ ആതിഥ്യത്തിന്റെ സ്വീകരണ അടയാളവുമാണ്‌. അതിഥിയെ ദേവതുല്യം ആദരിക്കുന്ന ഈ നാടിന്‌ ഈ മാനവികദര്‍ശനം അന്യമാകേണ്ടതില്ല.
http://www.mangalam.com/opinion/418755

കാൽകഴുകൽ ശുശ്രൂഷയിൽ വനിതകളും; പെസഹാചരണത്തിൽ പുതിയ അധ്യായം

byസ്വന്തം ലേഖകൻ
 പെസഹ ശുശ്രൂഷയുടെ ഭാഗമായി പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ സന്യാസിനികളുടെ പാദങ്ങൾ കഴുകുന്നു. പെസഹ ശുശ്രൂഷയുടെ ഭാഗമായി പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ സന്യാസിനികളുടെ പാദങ്ങൾ കഴുകുന്നു.

പുനലൂർ ∙ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം അനുസ്മരിച്ചുകൊണ്ട് പെസഹവ്യാഴ ദിനമായ ഇന്നലെ പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ സന്യാസിനികളുടെ പാദങ്ങൾ കഴുകി. ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരമാണ് പാദക്ഷാളന ശുശ്രൂഷയിൽ വനിതകളെ ഉൾ‌പ്പെടുത്തിയത്. വികാരി ഫാ. ക്രിസ്റ്റി ജോസഫിന്റെ കാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്കു ഫാ. ജിജോ ജോർജ് സഹകാർമികത്വം വഹിച്ചു. വൈകിട്ടു ബിഷപ്പിന്റെ കാർമികത്വത്തിൽ നടന്ന പാദക്ഷാളന ശുശ്രൂഷയിലും ദിവ്യബലിയിലും ദിവ്യകാരുണ്യ ആരാധനയിലും നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. ദുഃഖവെള്ളിയായ ഇന്നു യേശുക്രിസ്തുവിന്റെ കുരിശുമരണം അനുസ്മരിച്ചുള്ള ചടങ്ങുകൾ നടക്കും.
രാ‌വിലെ 5.30നു പുത്തൻപാന പാരായണം, ഏഴിനു കുരിശിന്റെ വഴി, ഡീക്കൻ ബെയ്സിൽ നടത്തുന്ന വ്യാകുല പ്രസംഗം, 9.30 മുതൽ ദിവ്യകാരുണ്യ ആരാധന, മൂന്നിന് പീഡാനുഭവ വായന, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, തിരുസ്വരൂപ ചുംബനം, മുൾമുടി നേർച്ച, പുത്തൻപാന പാരായണം, കബറടക്കം എന്നിവയുണ്ടാകും. നാളെ ജാഗരാരംഭം ഡോ. സെൽവിസ്റ്റർ പൊന്നുമുത്തന്റെ കാർമികത്വത്തിൽ നടക്കും. പുത്തൻതീ, ജ്ഞാനസ്നാന ജലം വെഞ്ചരിപ്പ്, പെസഹ ജാഗരാനുഷ്ഠാനം, ഉയിർപ്പു ദിവ്യബലി എന്നിവ ഉണ്ടാകുമെന്ന് വികാരി ഫാ. ക്രിസ്റ്റി ജോസഫ്, ഫാ. ജിജോ ജോർജ്, ഡീക്കൻ ബെയ്സിൽ, അജപാലന സെക്രട്ടറി ജോൺസൺ ഏലിയാസ്, ട്രഷറർ ജോസഫ് തോമസ്, പിസിസി കോ–ഓർ‌ഡിനേറ്റർ സെബാസ്റ്റ്യൻ വിൻസന്റ് എന്നിവർ അറിയിച്ചു.
http://localnews.manoramaonline.com/kollam/local-news/24-punalur-bishop.html