നവീകരണം പൂർത്തിയായി; യേശുവിന്റെ കബറിടം തുറന്നു
Wednesday 22 March 2017 09:45 PM IST
ജറുസലം∙ മാസങ്ങൾ നീണ്ട നവീകരണ ജോലികൾക്കുശേഷം യേശുക്രിസ്തുവിന്റെ കബറിടം വിശ്വാസികൾക്കായി തുറന്നുകൊടുത്തു. ഇസ്രയേൽ അധിനിവേശ കിഴക്കൻ ജറുസലമിൽ സ്ഥിതിചെയ്യുന്ന കബറിടപ്പള്ളിയിലെ പ്രധാനഭാഗമാണു യേശുവിനെ അടക്കം ചെയ്തതെന്നു കരുതുന്ന കല്ലറ.
നവീകരണത്തിനുശേഷം ഇവിടെ ബുധനാഴ്ച നടന്ന ചടങ്ങിൽ ഗ്രീസ് പ്രധാനമന്ത്രി അലക്സിസ് സിപ്രസ് അടക്കം പ്രമുഖർ പങ്കെടുത്തു. വിദഗ്ധ സംഘം ഒൻപതു മാസമെടുത്താണു കബറിടത്തിനു മുകളിൽ 1810ൽ നിർമിച്ച ‘എഡിക്യൂൾ’എന്നറിയപ്പെടുന്ന ചെറുനിർമിതി പുനരുദ്ധരിച്ചത്.
കാലപ്പഴക്കത്താൽ തകർച്ചാ ഭീഷണി നേരിട്ട സാഹചര്യത്തിലായിരുന്നു ആതൻസിലെ സാങ്കേതിക സർവകലാശാലയിൽ നിന്നുള്ള 50 വിദഗ്ധരുടെ നേതൃത്വത്തിൽ എഡിക്യൂളിന്റെ സൂക്ഷ്മമായ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചത്. ഇതിനു 33 ലക്ഷം ഡോളർ (21.45 കോടി രൂപ) ചെലവുവന്നു.
പുനരുദ്ധാരണത്തിന്റെ ഭാഗമായി കല്ലറയുടെ മുകളിലെ മാർബിൾ സ്ലാബ് രണ്ടു നൂറ്റാണ്ടുകൾക്കുശേഷം ആദ്യമായി തുറന്നതു കഴിഞ്ഞ ഒക്ടോബറിലായിരുന്നു. ക്രിസ്തുവിന്റെ ശരീരം കിടത്തിയെന്നു കരുതുന്ന കരിങ്കൽത്തട്ടു പരിശോധിക്കാനായിരുന്നു ഇത്.
വിശ്വാസികൾക്കു കല്ലറ ദർശിക്കാനായി സ്ലാബിൽ ഒരു ചെറുജാലകമുണ്ടാക്കിയിട്ടുണ്ട്. ഗ്രീക്ക് ഓർത്തഡോക്സ്, അർമേനിയൻ, റോമൻ കാത്തലിക് സഭകൾക്കാണു കബറിടത്തിന്റെ സംരക്ഷണച്ചുമതല.
പുനരുദ്ധാരണ ജോലികൾക്കു ചെലവായ തുകയിൽ മുഖ്യപങ്കു വഹിച്ചതും അവർ തന്നെ. ജോർദാനിലെ അബ്ദുല്ല രാജാവും ഈ നിധിയിലേക്കു സംഭാവന നൽകിയിരുന്നു.
http://www.manoramaonline.com/news/world/2017/03/22/int-cpy-jesus-tomb-unveiled.html
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin