Monday, 13 March 2017

ദരിദ്രരുടെ ഇടയന്‍ കുണ്ടുകുളം പിതാവ് (നിലയ്ക്കാത്ത ഉലയിടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍- 8: ഫ്രാന്‍സിസ് തടത്തില്‍)

EMALAYALEE SPECIAL  10-Mar-2017



ലീഡര്‍ കെ.കരുണാകരന് ഗുരുവായൂരപ്പന്‍ കഴിഞ്ഞാല്‍ ഏറ്റവും സ്‌നേഹം തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ ജോസഫ് കുണ്ടുകുളത്തോടായിരുന്നുവെന്ന് തൃശുരില്‍ പൊതുവേ ഒരു സംസാരം ഉണ്ടായിരുന്നു .വിവാദങ്ങളുടെ തോഴന്മാരായ ഇരുവരും തമ്മില്‍ അത്രയ്ക്കു മനപ്പൊരുത്തമായിരുന്നു . ഏതു കാര്യത്തിനായാലും കുണ്ടുകുളം പിതാവിനോടനുഗ്രഹം തേടിയേ ലീഡര്‍ തുടക്കം കുറിക്കൂ. ആത്മീയാചാര്യനായിരുന്നില്ലെങ്കില്‍ കുണ്ടുകുളം പിതാവ് ഒരു പക്ഷേ സംസ്ഥാനത്തെ മന്ത്രിമുഖ്യനായേനെ ...എന്തായാലും ഒന്നറിയാം .. അവര്‍ തമ്മിലുള്ള സൌഹൃദം മരണം വരെ നിലനിന്നിരുന്നു . 

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച ശേഷം ലീഡര്‍ ആദ്യം പോയത് കുണ്ടുകുളം പിതാവില്‍ നിന്നും അനുഗ്രഹം വാങ്ങാനായിരുന്നു . കരുണാകരനു പിന്നാലെ പത്രക്കാരും വച്ചു പിടിച്ചു ബിഷപ്‌സ് ഹൌസിലേക്ക് . പിതാവില്‍ നിന്ന് അനുഗ്രഹം തേടിയ ശേഷം കരുണാകരന്‍ പിതാവിനൊപ്പമാണ് ബിഷപ്‌സ് ഹൌസിലെത്തിയ മാധ്യമപ്രവര്‍ത്തകരെ കണ്ടത് .ന്‍ എ തിരുമേനി എന്നും എന്നെ അനുഗ്രഹിച്ചിട്ടുണ്ട് . തിരുമേനിയുടെ സഹായം ഒരിക്കലും മറക്കാനാവില്ല ..എന്നു കരുണാകരന്‍ പറഞ്ഞപ്പോള്‍ കരുണാകരന്‍ എക്കാലവും തന്റെയും തൃശൂര്‍ അതിരൂപതയുടെയും വിശ്വാസികളുടെയും ആത്മസുഹൃത്താണെന്നു മാര്‍ കുണ്ടുകുളവും പറഞ്ഞു . 

കരുണാകരന്‍ മടങ്ങിയതിനു പിന്നാലെ പത്രക്കാരും മടങ്ങി . എന്നാല്‍ ചില വിരുതന്മാര്‍ സ്കൂപ്പ് തേടി തിരിച്ചു വന്നു .

ഇതിനിടെ എന്നോട് അവിടെ നില്‍ക്കാന്‍ പിതാവു നിര്‍ദ്ദേശിച്ചിരുന്നു .അപ്പോഴത്തെ പൊളിറ്റിക്കല്‍ ട്രെന്‍ഡും മറ്റുമായിരുന്നു ഞങ്ങളുടെ സംസാര വിഷയം . ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ രണ്ടു വിരുതന്മാര്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു കയറി വന്നു . മനോരമ, മാധ്യമം ലേഖകന്മാരായിരുന്നു അവര്‍ . 

നിങ്ങള്‍ ഇതു വരെ പോയില്ലേ ? പിതാവു ചോദിച്ചു

ഒരു സംശയം ചോദിക്കാന്‍ മടങ്ങി വന്നതാ ..അവര്‍ പറഞ്ഞു . 

ചോദിച്ചോളൂ ...പിതാവ് 

ഇക്കുറി കത്തോലിക്കാ സഭ ഏതു മുന്നണിയെയാണ് പിന്തുണയ്ക്കുന്നത് ? മനോരമയുടെ ചോദ്യം . 

ഒന്നാലോചിച്ച ശേഷം പിതാവു പ്രതികരിച്ചു ..യേശുവിനെപ്പോലെ മറ്റുള്ളവരെ സഹായിക്കുന്ന സ്ഥാനാര്‍ത്ഥികളാരോ മുന്നണി ഭേദമില്ലാതെ അവരോടൊപ്പമായിരിക്കും കത്തോലിക്കാ സഭ ...

കരുണാകരന്‍ മറ്റുള്ളവര്‍ക്ക് ഒരുപാടു സഹായങ്ങള്‍ ചെയ്യുന്നുണ്ടല്ലോ . അദ്ദേഹത്തെ സഭ പിന്തുണയ്ക്കുമോ ? മാധ്യമം ..

കരുണാകരന്‍ നല്ല മനുഷ്യനാണ് . അദ്ദേഹം എന്റെ സുഹൃത്തുമാണ് . എന്റെ അറിവിലും ശുപാര്‍ശയിലും നിരവധി പാവങ്ങളെ അദ്ദേഹം സഹായിച്ചിട്ടുണ്ട് . പിതാവു വ്യക്തമാക്കി .

അങ്ങ് പറഞ്ഞല്ലോ , ക്രിസ്തുവിനെപ്പോലെ പാവങ്ങള്‍ക്കു നന്മ ചെയ്യുന്നവര്‍ക്കൊപ്പമായിരിക്കും കത്തോലിക്കാ സഭയെന്ന് . കരുണാകരന്‍ പാവങ്ങള്‍ക്ക് ഏറെ സഹായം ചെയ്തതായും അങ്ങു സൂചിപ്പിച്ചു . അപ്പോള്‍ കരുണാകരനെ ക്രിസ്തുവിനു തുല്യം കാണാനാകുമോ ? ഈ ചോദ്യം കുണ്ടുകുളം പിതാവിനെ അക്ഷരാര്‍ഥത്തില്‍ കുണ്ടിലിരുത്തിയെന്നു പറയേണ്ടതില്ലല്ലോ . ചോദ്യത്തിനു മുന്നില്‍ ഒന്നു പതറിയ അദ്ദേഹം എങ്ങും തൊടാതെ ഇങ്ങനെ പറഞ്ഞു ... 

പാവങ്ങള്‍ക്കു നന്മ ചെയ്യുന്ന വ്യക്തിയാണ് കരുണാകരനെന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ...

പിറ്റേദിവസമിറങ്ങിയ മാധ്യമത്തിന്റെ ഒന്നാം പേജ് വാര്‍ത്തയുടെ തലക്കെട്ടിങ്ങനെ ...

കരുണാകരന്‍ ക്രിസ്തുവിനു തുല്യം .. മാര്‍ കുണ്ടുകുളം 

മനോരമയില്‍ ...ലീഡര്‍ ക്രിസ്തുവിനെപ്പോലെ .. മാര്‍ കുണ്ടുകുളം . 

നോക്കണേ ഒരു ചോദ്യം വരുത്തി വച്ച വിന . ഓപ്പണ്‍ എന്‍ഡോഴ്‌സ്‌മെന്റ് എന്നൊക്കെ പറയില്ലേ അതു പോലെ മുഴുവന്‍ കത്തോലിക്കരുടെയും തുറന്ന പിന്തുണ പ്രഖ്യാപിച്ച പോലെയായി . ന്റെ കണ്‍മുമ്പല്‍ വച്ചു നടന്ന വാര്‍ത്തയുടെ ട്വിസ്റ്റ് കണ്ട് ഞാന്‍ അന്ധാളിച്ചു പോയി . അതു മാറാതെ രാവിലെ ബിഷപ്‌സ് ഹൌസിലെത്തിയ ഞാന്‍ ദീപികയുടെ പ്രതിനിധിയാണെന്നു പറഞ്ഞിട്ടു പോലും എന്നെ പിതാവിനെ കാണാനനുവദിച്ചില്ല .

കുണ്ടുകുളം പിതാവും ഞാനും തമ്മില്‍ ഒരു ആത്മബന്ധം ഉണ്ടായിരുന്നു . എപ്പോഴും അദ്ദേഹത്തെ ഫോണ്‍ വിളിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു . പലപ്പോഴും വിഷമഘട്ടങ്ങളില്‍ അദ്ദേഹം പല രഹസ്യങ്ങളും പങ്കു വയ്ക്കുമായിരുന്നു മൊബൈല്‍ ഫോണൊന്നുമില്ലാത്ത കാലമാണ് . പേഴ്‌സനല്‍ നമ്പര്‍ പോലും പിതാവെടുക്കുന്നില്ല . രാവിലത്തെ പത്രവാര്‍ത്തയുടെ ഗുണം ! ഒടുവില്‍ മുകളിലത്തെ നിലയില്‍ നിന്നു താഴേക്കു വരികയായിരുന്ന സെക്രട്ടറി അച്ചനെ കയ്യോടെ പിടികൂടി . അച്ചനെന്നെ പിതാവിനടുത്തെത്തിച്ചു . എന്നെ കണ്ടപാടെ അദ്ദേഹം രോഷാകുലനായി . അദ്ദേഹം ശാന്തനാകുന്നതു വരെ ഞാന്‍ കാത്തിരുന്നു . ഇതിനിടെ ഫോണ്‍ ശബ്ദിച്ചു . സെക്രട്ടറി അച്ചന്‍ ഫോണെടുത്തു . മറു തലയ്ക്കല്‍ നിന്നു സൌമ്യമായ ശബ്ദം ... പിതാവിനെ ഒന്നു കിട്ടുമോ ? 

ആരാ സംസാരിക്കുന്നത് ? സെക്രട്ടറി അച്ചന്‍ 

കാക്കനാട് കൂരിയയില്‍ നിന്നു സെക്രട്ടറി അച്ചനാ ...മറുതലയ്ക്കല്‍ 

സെക്രട്ടറി അച്ചന്‍ പിതാവിനു ഫോണ്‍ കൈമാറി . അപ്പോള്‍ വീണ്ടും മറുതലയ്ക്കലെ ചോദ്യം .. 

കുണ്ടുകുളം പിതാവാണോ ? 

അതേ . പിതാവിന്റെ ഗാംഭീര്യമുള്ള മറുപടി . 

പിന്നീട് അങ്ങേത്തലയ്ക്കല്‍ നിന്ന് അക്ഷരമാലാക്രമത്തില്‍ പ്രാസാനുസാരിയായി തെറിയഭിഷേകം ...! പിതാവ് റീസീവര്‍ എനിക്കു നീട്ടി ..

നീ കുറച്ചു കേട്ടോ .. 

ഞാന്‍ റിസീവര്‍ വാങ്ങി . 

കടിച്ചാല്‍ പൊട്ടാത്ത തെറിയഭിഷേകം .. ഹെന്റമ്മോ .. ലോകം മുഴുവന്‍ ചുറ്റിയ ഞാനിതുവരെ ഇത്ര കടുത്ത തെറിയഭിഷേകം കേട്ടിട്ടില്ല . ഞാന്‍ ഫോണ്‍ വച്ചു . 

നിനക്കും കിട്ടിയില്ലേ കാല്‍ പണം എന്ന മട്ടില്‍ പിതാവ് ഊറിച്ചിരിച്ചു . എന്നിട്ടു പറഞ്ഞു .

നിന്റെ കൂട്ടുകാരുണ്ടാക്കിയ പുകിലു കാരണം പുറത്തിറങ്ങാന്‍ പറ്റാതായി . കാരണം ഇന്റലിജന്‍സ് വിഭാഗത്തിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അദ്ദേഹം എല്ലാ പരിപാടികളും റദ്ദാക്കി ഒരാഴ്ചക്കാലം ബിഷപ്‌സ് ഹൌസില്‍ നിന്നു പുറത്തിറങ്ങിയില്ല . 

പത്രം വായിച്ച തൃശൂരിലെ നല്ല നസ്രാണികളും അനസ്രാണികളും ബിഷപ്‌സ് ഹൌസിലേക്കു വിളിച്ചു തെറിയഭിഷേകം നടത്തുകയായിരുന്നു അപ്പോള്‍ . പിതാവിന്റെ പേഴ്‌സനല്‍ നമ്പര്‍ വരെ ചോര്‍ത്തി നട്ടപ്പാതിരയ്ക്കു പോലും വിളിച്ചു തെറിയഭിഷേകം ...തെരഞ്ഞെടുപ്പു കഴിയും വരെ അതു തുടര്‍ന്നു

കരുണാകരന്റെ തൃശൂരിലെ പരാജയത്തിന് ഒരു കാരണമായി പറയുന്നത് ഈ പ്രസ്താവനയും ഇതുയര്‍ത്തിയ കോളിളക്കവുമാണ് . ഒടുവില്‍ തെരഞ്ഞെടുപ്പില്‍ പരാജിതനായ ശേഷം രാമനിലയത്തിലെ പത്രസമ്മേളനത്തിനു ശേഷം കരുണാകരന്‍ നേരെ പോയത് ബിഷപ്‌സ് ഹൌസിലേക്കാണ് . തിരുമേനിക്കു നന്ദി പറഞ്ഞ് കരുണാകരനിങ്ങനെ പറഞ്ഞു .. തിരുമേനി എനിക്കു വേണ്ടി ഒരുപാടു പ്രവര്‍ത്തിച്ചു . ഒരുപാടു പേരുദോഷവുംമ കേട്ടു .. എല്ലാത്തിനും നന്ദി ... 

കരുണാകരന്‍ പോയ ശേഷം പത്രക്കാര്‍ കുണ്ടുകുളം പിതാവിനെ വളഞ്ഞു . ഏറെ വികാര ഭരിതനായിരുന്നു അദ്ദേഹം . 

നിങ്ങളില്‍ ചിലര്‍ എന്റെ വാക്കുകള്‍ വളച്ചൊടിച്ച് പ്രയോഗിച്ചതിന്റെ പരിണത ഫലമാണ് ആ പോയ മഹാന്‍ തോല്‍ക്കാന്‍ കാരണം .ഇങ്ങനെ പത്രപ്രവര്‍ത്തനം നടത്തരുതു മക്കളേ ... ഇത്രയും പറഞ്ഞു അദ്ദേഹം മുറിക്കകത്തേക്കു പോയി . പോകും മുമ്പ് തിരുമേനി എന്നെ മുറിയിലേക്കു വരണമെന്ന് ആംഗ്യം കാട്ടി . എല്ലാവരും പോയിക്കഴിഞ്ഞു എന്നുറപ്പായപ്പോള്‍ ഞാന്‍ മുറിയിലേക്കു ചെന്നു . അദ്ദേഹത്തിന്റെ മേശപ്പുറത്ത് അട്ടിയടുക്കി വച്ചിരിക്കുന്ന കത്തുകള്‍ ...

ഡാ പ്രാഞ്ചീ നീയതൊന്നെടുത്തു വായിക്കടാ .. പിതാവു പറഞ്ഞു . 

കത്തിന്റെ ആമുഖം തന്നെ പ്രാസമൊപ്പിച്ചുള്ള തെറിയഭിഷേകമാണ് .. തല മരച്ചു പോകുന്ന തെറിയഭിഷേകം ..

എടാ കുണ്ടുകുളം ,, നീയാരാടാ കത്തോലിക്കരെല്ലാം കരുണാകരനു വോട്ടു ചെയ്യണമെന്നു പറയാന്‍ ? എന്നു തുടങ്ങി കത്തോലിക്കാ സഭയെ അടച്ചാക്ഷേപിക്കുന്ന കത്തുകള്‍ .. ഒരെണ്ണം വായിച്ചപ്പോള്‍ തന്നെ എനിക്കു മതിയായി . അപ്പോള്‍ പിതാവ് ... അടുത്തതു വായിക്കടാ .. അത് പഴയതിലും വീര്യമേറിയതായിരുന്നു . പിന്നെ വായിക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല . 

അപ്പോള്‍ കസേരയില്‍ വളഞ്ഞിരുന്ന് കണ്ണടയ്ക്കിടയിലൂടെ എന്നെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു . ,,..ഇതു മുഴുവന്‍ എനിക്കുള്ള തെറിയഭിഷേകമാ .. നല്ല കുഞ്ഞാടുകളുടെ .. അപ്പോള്‍ അദ്ദേഹത്തിന്റെ നിഷ്കളങ്കമായ മുഖത്തേക്കു നോക്കിയപ്പോള്‍ എനിക്കു തന്നെ ഞാന്‍ അനുധാവനം ചെയ്യുന്ന സമൂഹത്തോടു വെറുപ്പായി പോയി . അന്നു തീരുമാനിച്ചതാണ് നെഗറ്റീവ് ജേര്‍ണലിസം ചെയ്യില്ലെന്ന് .. വാര്‍ത്തകള്‍വളച്ചൊടിക്കില്ലെന്ന് ... 

. ഇത്രയ്ക്കു നിഷ്കളങ്കനും നീതിമാനുമായൊരു മതനേതാവിനെ എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല.പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ നിഷ്കളങ്കമായ സമീപനമാണ് തൃശൂര്‍ അതിരൂപതയ്ക്കു കീഴില്‍ അദ്ദേഹം മരിക്കുന്നതു വരെ 27 സന്നദ്ധ സേവന സ്ഥാപനങ്ങള്‍ നടത്തി വന്നത് . ഇതില്‍ അനാഥാലയങ്ങള്‍ , വൃദ്ധസദനങ്ങള്‍, മെന്‍ഡലി റീട്ടാര്‍ഡഡ് ആയിട്ടുള്ളവര്‍ക്കുള്ള പരിശീലന ഭവന കേന്ദ്രങ്ങള്‍ , എയ്ഡ്‌സ് രോഗികളെ പുനരധിവസിപ്പിക്കുന്ന ആവാസകേന്ദ്രം , പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍, തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്കു പുറമേ നിര്‍ധനരായ നൂറുകണക്കിനാളുകള്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കിയും പിതാവ് മാതൃകയായിട്ടുണ്ട് . കുണ്ടുകുളം പിതാവുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിലെ മാനുഷിക മൂല്യം നേരിട്ടറിയാന്‍ ഭാഗ്യം ലഭിച്ചത് അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു . ആഫ്രിക്കയിലെ കെനിയയില്‍ സ്ഥാപിച്ച സന്യാസിനി സമൂഹത്തെയും അവിടുത്തെ അനാഥാലയങ്ങളിലെ അന്തേവാസികളെയും സന്ദര്‍ശിക്കാന്‍ പോയ അദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അവിടെ വച്ച് കാലം ചെയ്യുകയായിരുന്നു .തുടര്‍ന്ന് നാലാം നാളാണ് അദ്ദേഹത്തിന്റെ ഭൌതിക ശരീരം തൃശൂരിലെത്തിച്ചത് . ഈ നാലു ദിവസങ്ങളിലാണ് ആ മനുഷ്യസ്‌നേഹിയെ യഥാര്‍ത്ഥത്തിലെനിക്കു മനസിലാക്കാനായത് അതിങ്ങനെ ,,, 

പിതാവിന്റെ ജീവകാരുണ്യ സ്ഥാപനങ്ങളില്‍ പലതും ഇന്നും കേരളത്തിലെ ഒന്നാം കിട പുനരധിവാസ കേന്ദ്രങ്ങളാണ്. മന്ദബുദ്ധികളായ കുട്ടികള്‍ക്കായുള്ള പോപ്പ് പോള്‍ മേഴ്‌സി ഹോം എന്ന വിപുല സൌകര്യങ്ങളുള്ള സ്ഥാപനത്തില്‍ ബോര്‍ഡിങ്ങ് സൌകര്യമടക്കമുണ്ട് . പഠന പാഠ്യേതര വിഷയങ്ങളില്‍ പരിശീലനം, സ്വയം തൊഴില്‍ പരിശീലനം , ഡാന്‍സ് , പാട്ട് തുടങ്ങിയവയില്‍ പരിശീലനം ...പരിശീലനം നേടിയവര്‍ക്ക് അവിടെത്തന്നെ തൊഴില്‍ഇങ്ങനെ വിപുലമായ സൌകര്യങ്ങളാണ് അദ്ദേഹം അവിടെയൊരുക്കിയത് . എയ്ഡ്‌സ് രോഗികള്‍ക്ക് അയിത്തം കല്‍പിച്ചിരുന്ന അക്കാലത്ത് അവരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഒരു സ്ഥാപനം തുടങ്ങിയതും കുണ്ടുകുളം പിതാവായിരുന്നു . , തണല്‍ എന്ന പേരില്‍ അദ്ദേഹം തുടങ്ങിയ അവസാനത്തെ സംരംഭമാണ് എന്റെ കണ്ണു നനയിച്ചത് . തൃശൂര്‍ ബസിലിക്ക(പുത്തന്‍പള്ളി) യില്‍ എല്ലാ ദിവസവും ഉച്ചയ്ക്കു തൃശൂര്‍ നഗരത്തിലെ എല്ലാ യാചകര്‍ക്കും ഒരു നേരത്തെ സമീകൃതാഹാരം നല്‍കിക്കൊണ്ടാണ് തണല്‍ പദ്ധതി തുടങ്ങിയത് . ഒരു വലിയ ഗ്ലാസ് നിറയെ പാല്‍ , ഒരു മുട്ട പുഴുങ്ങിയത് , ഒരു ഏത്തപ്പഴം , ആറു കഷണം റൊട്ടി .. ഒരു സാധാരണ മനുഷ്യന്റെ വയറുനിറയാന്‍ ഇതില്‍കൂടുതലെന്തു വേണം ? ആദ്യമൊക്കെ 40 പേര്‍ വന്നപ്പോള്‍ കേട്ടറിഞ്ഞ് കൂടുതലാളുകള്‍ വന്നു തുടങ്ങി . പിന്നീടത് നൂറിലേറെയായപ്പോഴാണ് ഇത്രയധികം യാചകര്‍ ഈ നഗരത്തിലുണ്ടെന്നു മനസിലായത്. ഈശോയാണ് ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണം നല്‍കുന്നതെന്ന് ആ പുണ്യശ്‌ളോകന്‍ വിചാരിച്ചിരുന്നു . ചിലപ്പോള്‍ പിറ്റേന്നത്തേക്കുള്ള ഭക്ഷണം വാങ്ങാന്‍ പൈസയുണ്ടാകില്ല . അങ്ങനെയുള്ളപ്പോള്‍ ആരെങ്കിലും കൃത്യമായി പൈസ എത്തിക്കും . ഒരു ദിവസം ഭക്ഷണം വിളമ്പേണ്ട സമയമായിട്ടും പൈസയില്ലാത്തതിനാല്‍ ഒന്നും വാങ്ങാനായില്ല . പുത്തന്‍ പള്ളിക്കു മുമ്പില്‍ യാചകരുടെ നീണ്ട നിര രൂപപ്പെട്ടു .പിതാവും സഹപ്രവര്‍ത്തകരും പ്രാര്‍ത്ഥനയില്‍ മുഴുകി . അപ്പോളൊരു ടെലിഫോണ്‍ ബെല്ലടിച്ചു . 

പുത്തന്‍ പള്ളിയല്ലേ .. . എന്റെ മകന്റെ വിവാഹമാണിന്ന് . പിതാവിന്റെ തണല്‍ ഒരു മൂന്നു ചെമ്പു ബിരിയാണി കൊണ്ടു വരുന്നതില്‍ വിരോധമുണ്ടോ ?ഞങ്ങള്‍ 20 മിനിറ്റിനകം അവിടെയെത്താം ... പിതാവിന്റെ മുഖത്തു സന്തോഷം തിര തല്ലി . പുറത്ത് പൊരിവെയിലത്ത് കാത്തു നിന്ന യാചകരോട് പിതാവ് തന്റെ സ്വതസിദ്ധമായ ഭാഷയില്‍ നേരിട്ടെത്തി അറിയിച്ചു ,,,,ഇന്നു നിങ്ങള്‍ക്കു പാലും മുട്ടയും പഴവുമൊന്നുമില്ല കേട്ടോ ... പലരും കേട്ടപാടെ വിഷണ്ണരായി . പിതാവു തുടര്‍ന്നു ..പേടിക്കണ്ട .. പകരം ഇന്നു ബിരിയാണിയാ കോഴി ബിരിയാണി ..നല്ല രുചിയല്ലേ ? ഒരു കാല്‍ മണിക്കൂര്‍ വെയിറ്റ് ചെയ്യൂ . നല്ല ചൂടുള്ള ബിരിയാണി എത്തും . പൊരി വെയിലില്‍ കാത്തു നിന്നവര്‍ക്ക് നിരാശരാകേണ്ടി വന്നില്ല. വയറു നിറയെ ബിരിയാണി . പൊതി കെട്ടിക്കൊണ്ടു പോകാന്‍ വേറെയും ... പിതാവു തന്റെ പിറന്നാളെപ്പോഴും ആഘോഷിച്ചിരുന്നതും അഗതികള്‍ക്കൊപ്പമായിരുന്നു . എല്ലാ വര്‍ഷവും അദ്ദേഹം താന്‍ സ്ഥാപിച്ച അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കൊപ്പമാണ് പിറന്നാളാഘോഷിച്ചിരുന്നത് . ത

ന്റെ അഗതി മന്ദിരങ്ങളുടെ സുഗമമായ നടത്തിപ്പിനായി 

ഒരു സന്യാസിനി സമൂഹത്തിനും രൂപം നല്‍കിയിരുന്നു പിതാവ് . ഇന്നതു പടര്‍ന്നു പന്തലിച്ച് യൂറോപ്പിലും ഇംഗ്ലണ്ടിലും ആഫ്രിക്കയിലുമൊക്കെയായി വ്യാപിച്ചു കിടക്കുന്നു

മെത്രാന്മാര്‍ അഭിഷിക്തരാകുമ്പോള്‍ അവര്‍ക്കു വിദേശ രാജ്യങ്ങളില്‍ സ്ഥാനിക ഇടവകകള്‍ നല്‍കാറുണ്ട് . അത്തരത്തില്‍ കുണ്ടുകുളം പിതാവിനു ലഭിച്ചത് കെനിയയിലെ നെയ്‌റോബിയിലായിരുന്നു . അങ്ങനെയാണ് പിതാവിന്റെ അന്ത്യവും അവിടെയായത് .കാലം ചെയ്തതിനു ശേഷം നാലാം ദിവസം പിതാവിന്റെ ഭൌതിക ശരീരം തൃശൂരിലെത്തിക്കുന്നതിനു മുമ്പു തന്നെ അതിരൂപതാസ്ഥാനത്തേക്കു രാഷ്ട്രീയ , സാമൂഹിക, സാംസ്കാരിക പ്രമുഖരുടെ കുത്തൊഴുക്കായിരുന്നു . സന്ദര്‍ശകര്‍ക്ക് അനുശോചനം രേഖപ്പെടുത്താനായി 200 പേജിന്റെ ഒരു നോട്ട് ബുക്ക് വേണം , ഞാനത് വികാരി ജനറാളായ റവ. ഡോ. ബോസ്‌േേകാ പുത്തൂര്‍ (ബിഷപ്പ് ) റാഫേല്‍ തട്ടില്‍ ( ബിഷപ്പ് എന്നിവരോടു പറഞ്ഞു . ...

നമുക്കു നല്ലൊരു ഡയറി വയ്ക്കണം . രണ്ടാഴ്ച മുമ്പ് കല്‍ദായ സഭാമെത്രാനായ ബിഷപ് പൌലോസ് മാര്‍ പൌലൊസ് ദിവംഗതനായപ്പോള്‍ വച്ച ഡയറി പോലെ മനോഹരമായ ഒന്ന് . ബോസ്‌കോ അച്ചന്‍ ചുമതല എന്നെയേല്‍പിച്ചു. ആദ്യം വാങ്ങിയ രണ്ടു ഡയറികള്‍ തികയാതെ വന്നപ്പോള്‍ വീണ്ടും രണ്ടെണ്ണം കൂടി വാങ്ങേണ്ടി വന്നു . 

പിതാവു മരിച്ച അന്നും പുത്തന്‍പള്ളിയില്‍ പതിവുപോലെ പാലും വിഭവങ്ങളും വിളമ്പി വിളമ്പു കേന്ദ്രത്തിന്റെ പിറകിലായി പിതാവി

ന്റെ പൂര്‍ണകായ ചിത്രത്തിനു മുന്നില്‍ മെഴുതിരിയെരിയുന്നു . .. അതു കണ്ട യാചകരിലൊരാളെന്നോടു ചോദിച്ചു ...ഈ അച്ചനല്ലേ ഞങ്ങള്‍ക്കു ഭക്ഷണം നല്‍കുന്നത് ? എന്താണദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നില്‍ തിരി കത്തിച്ചു വച്ചിരിക്കുന്നത് ? 

അദ്ദേഹം ആഫ്രിക്കയില്‍ വച്ചു മരണപ്പെട്ടു .. ഞാന്‍ പറഞ്ഞു. 

കേട്ടപാതി അയാള്‍ ഗ്ലാസില്‍ നിറച്ച പാല്‍ തിരിച്ച് ചെരുവത്തിലേക്കൊഴിച്ചു . വാങ്ങിയ ഭക്ഷണമത്രയും തിരിച്ചേല്‍പിച്ചു . അയാള്‍ക്കു പിന്നാലെ മറ്റു പല യാചകരും അതാവര്‍ത്തിക്കുന്നതു കണ്ടു . 

ആ നല്ല മനുഷ്യന്‍ മരിച്ചു കിടക്കുമ്പോള്‍ ഈ ഭക്ഷണം എന്റെ തൊണ്ടയില്‍ കൂടി ഇറങ്ങുകയില്ല .... അയാളുടെ പ്രതികരണം കേട്ടപ്പോളെന്റെയും കണ്ണു നിറഞ്ഞു . 

എന്നിലെ മാധ്യമപ്രവര്‍ത്തകനുണര്‍ന്നു . ഞാനും ഫോട്ടോഗ്രാഫര്‍ സനീഷും പിതാവു സ്ഥാപിച്ച ഓരോ അഗതിമന്ദിരങ്ങളിലും യാത്ര തുടര്‍ന്നു . പലയിടത്തും പിതാവു നല്‍കിയ ഉപകാരങ്ങളെണ്ണിപ്പറഞ്ഞു നെഞ്ചത്തടിച്ചു വിലപിക്കുന്ന അന്തേവാസികളെ കണ്ടു . അവിടെയൊക്കെ സുബോധമുള്ള അന്തേവാസികളില്‍ പലരും മൂന്നു ദിവസമായി ജലപാനം പോലും ചെയ്തിട്ടില്ലെന്നറിയാനായി . 

ഈ പിതാവിനെയാണ് ആ മഹാപാപി കടന്നു പോയി എന്നധിക്ഷേപിച്ച് െ്രെകം നന്ദകുമാര്‍ ലേഖനമെഴുതിയത് . പാവങ്ങള്‍ക്കായി അദ്ദേഹം നൂറു വീടുകള്‍ വച്ചു നല്‍കിയിരുന്നു . അതിനു കെട്ടുറപ്പില്ലെന്നും അതിന്റെ മറവില്‍ വന്‍ തട്ടിപ്പാണെന്നും അമേരിക്കയില്‍ നിന്നും ഭീമമായ തുക ഈയാവശ്യത്തിലേക്കായി പിതാവിനു കിട്ടിയിട്ടുണ്ടെന്നും അതൊക്കെ വകമാറ്റി ചെലവഴിച്ചെന്നുമൊക്കെയായിരുന്നു െ്രെകമിന്റെ ആരോപണങ്ങള്‍ . ഈ ആരോപണ വിധേയമായ അമേരിക്കന്‍ ഫണ്ടിന്റെ സ്രോതസ് ഈ ലേഖകനു നന്നായറിയാം . അത് ഏറെ സുതാര്യവും സദുദ്ദേശ്യ പരവുമായിരുന്നു . അയാള്‍ക്കെങ്ങനെ ഇത്തരത്തില്‍ ആക്ഷേപിക്കാന്‍ കഴിയും പുണ്യ ശ്‌ളോകനായ ഈ പിതാവിനെ ? 

ആഘോഷങ്ങളുടെ നാടായ തൃശൂരിന്റെ ആനന്ദലഹരിയെക്കുറിച്ച് അടുത്ത ലക്കം ..
http://www.emalayalee.com/varthaFull.php?newsId=139219

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin