വത്തിക്കാൻസിറ്റി: മനുഷ്യാത്മാവിനു ദൈവകരുണയുടെ അനന്യമായ ലേപനം പകർന്നുനൽകുന്ന പരമോന്നത കോടതിയാണ് കുമ്പസാരക്കൂടെന്ന് ഫ്രാൻസിസ് മാർപാപ്പ. അനുരഞ്ജന ശുശ്രൂഷയുടെ വാർഷിക പരിശീലനത്തിന് റോമിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ വൈദികരോടും ഡീക്കന്മാരോടും സന്യസ്ത വൈദിക പരിശീലനത്തിലൂടെ കടന്നുപോകുന്നവരോടുമാണ് കുന്പസാ രത്തിന്റെ മഹത്വം മാർപാപ്പ പങ്കുവച്ചത്.
അനുരഞ്ജന ശുശ്രൂഷാ വേളകൾ അനുഗ്രഹ പ്രദമാക്കുന്നതിനു മൂന്ന് കാര്യങ്ങൾ ആവശ്യമാണെന്നു മാർപാപ്പ ഓർമപ്പെടുത്തി. നല്ലിടയനായ ക്രിസ്തുവിന്റെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത് ആയി ഓരോ വൈദികനും മാറുക എന്നതാണ് ഒന്നാമത്തെ കാര്യം. പ്രാർഥനയിലൂടെയാണ് ഈ സൗഹൃദം ആഴപ്പെടേണ്ടത്. സത്യസന്ധമായ പ്രാർഥനയിലൂടെ തന്നെത്തന്നെ കണ്ടെത്താനും അങ്ങനെ താനും പാപികളിൽ ഒരുവനാണെന്നും ആദ്യമായി ദൈവം തന്നോടാണ് കരുണ കാട്ടിയതെന്നും തിരിച്ചറിയാൻ പ്രാർഥന ഉപകരിക്കുമെന്നും മാർപാപ്പാ പറഞ്ഞു.
വിവേചനത്തിന്റെയും സഹാനുഭൂതിയുടെയും ആത്മാവിനെ വിളിച്ചുണർത്തി ആ പരിശുദ്ധാത്മാവിന്റെ സഹായത്താൽ പാപത്തിന്റെ സങ്കടങ്ങളിൽപ്പെട്ടു ഉഴലുന്നവർക്കു കൃത്യവും വ്യക്തവും ആയ പരിഹാരം നിർദേശിക്കാൻ പ്രാർഥന വഴി കഴിയുമെന്ന് പാപ്പാ ഓർമപ്പെടുത്തി.
വിവേചനത്തിന്റെ ആത്മാവിനാൽ പൂരിതനായ വ്യക്തി ആകുക എന്നതാണ് രണ്ടാമത്തെ കാര്യം. തന്റെ പാണ്ഡ്യത്യമോ മനസോ പങ്കുവയ്ക്കാനല്ല ഒരു ദാസനും ശുശ്രൂഷകനും എന്ന നിലയിൽ സഭയോട് ചേർന്ന് ദൈവത്തിന്റെ ഇഷ്ടം അനുവർത്തിക്കാനുള്ള വേദിയാണ് അനുതാപ ശുശ്രൂഷ. വിവിധ സാഹചര്യങ്ങളിൽനിന്നും തന്റെ അടുത്തേക്കു വരുന്ന ആളുകളെ വിവേചനത്തിന്റെ ആത്മാവിനാൽ തിരിച്ചറിയുകയും ആത്മീയതയിൽ ക്രമമല്ലാത്ത കേസുകൾ, പ്രത്യേകമായി മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരുടെ കാര്യങ്ങൾ, നിലവിലുള്ള ശാസ്ത്രീയ മാനദണ്ഡങ്ങൾക്കു അനുസൃതമായും സഭയുടെ ഔദ്യോഗിക പഠനത്തിനും മാർഗങ്ങൾക്കും അനുസരിച്ചും തുടർ ചികിത്സയ്ക്കായി രൂപതാ അധികാരികളുടെ അറിവോടെ പറഞ്ഞുവിടണമെന്നും മാർപാപ്പ പറഞ്ഞു.
അനുതാപ ശുശ്രൂഷ സുവിശേഷവത്ക്കരണത്തിനുള്ള യഥാർഥ അവസരം കൂടിയാണെന്നുള്ള തിരിച്ചറിവാണ് മൂന്നാമത്തേത്. ഉചിതമായ ചെറിയ സംഭാഷണങ്ങളിലൂടെ ആത്മീയതയുടെ പാത അനുതാപിക്കു കാണിച്ചുകൊടുക്കാൻ, കരുണയുടെ സന്ദേശം ധാർമികതയുടെ പിൻബലത്തിൽ സത്യത്തിന്റെ കൂട്ടുപിടിച്ചു പങ്കുവയ്ക്കാൻ, നന്മയായിട്ടുള്ളതും ദൈവഹിതവും പകർന്നു നൽകാൻ വൈദികന് ലഭിക്കുന്ന അസുലഭ മുഹൂർത്തമാണ് അനുതാപ ശുശ്രൂഷ. അനുദിനം അജപാലനപരമായ മുൻഗണനയുമായി തിന്മയുടെയും പാപത്തിന്റെയും വിളുന്പുകളിൽ യാത്ര ചെയ്യേണ്ടവരാണ് അനുരഞ്ജന ശുശ്രൂഷയുടെ ദാസരായ യാഥാർഥ വൈദികർ എന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.
നല്ല കുന്പസാരക്കാരാകാൻ എല്ലാവരെയും ആഹ്വാനം ചെയ്തും അതിനുള്ള അനുഗ്രഹം പകർന്നും അനുതാപ ശുശ്രൂഷയ്ക്ക് അണയുന്നവർക്കുവേണ്ടിയും തനിക്കുവേണ്ടിയും പ്രാർഥിക്കണമെന്നു ഓർമപ്പെടുത്തിയും ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചു. വൈദികരും സന്യസ്തരും പരിശീലനത്തിലൂടെ കടന്നുപോകുന്ന അർഥികളും അടക്കം നൂറുകണക്കിന് പേരാണ് പാപ്പയുടെ വചനങ്ങൾക്കു കാതോർത്തത്.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin