പള്ളിമേടകളില്‍ സിസിടിവി, സ്ത്രീകള്‍ക്ക് നിയന്ത്രണം
കല്‍പ്പറ്റ: കൊട്ടിയൂര്‍ പാതിരി പീഡനകേസില്‍ ആടിയുലഞ്ഞ മാനന്തവാടി രൂപത മുന്‍കരുതല്‍ നടപടികളുമായി രംഗത്ത്. വികാരിമാരെയും സന്യസ്ഥരെയും സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഇടവകകളില്‍ പ്രശ്‌ന പരിഹാര സമിതി രൂപീകരിക്കും. പള്ളി മേടകളില്‍ സിസി ടി.വി. സ്ഥാപിക്കും.
വികാരിമാരുടെയും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും യോഗത്തിലാണ് തീരുമാനം. സമിതിയില്‍ പാതിരിമാര്‍, കന്യാസ്ത്രീകള്‍ എന്നിവര്‍ക്കു പുറമെ അല്‍മായ പ്രതിനിധികളെയും ഉള്‍പ്പെടുത്തണം. പള്ളിമേടകളിലെ ഓഫീസിലാണ് സിസി ടിവി കാമറകള്‍ സ്ഥാപിക്കുക. ഇതുവഴി സന്ദര്‍ശകര്‍ ആരൊക്കെയെന്ന് മനസിലാക്കാനും പള്ളിമേടകളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും ആക്ഷേപങ്ങള്‍ ഒഴിവാക്കാനും സാധിക്കും. പിരിവിന്റെയോ സംഭാവനയുടേയോ പേരില്‍ ഒരു ശിക്ഷാ നടപടിയും പാടില്ല. അള്‍ത്താര ബാലികമാര്‍ അനിവാര്യമല്ല. ഉണ്ടെങ്കില്‍ അവര്‍ക്ക് വസ്ത്രം മാറാന്‍ പ്രത്യേക മുറികള്‍ വേണം.
പള്ളിമുറിയില്‍ സ്ത്രീകള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടാകും. വികാരിക്കും അസിസ്റ്റന്റ് വികാരിമാര്‍ക്കും മാത്രമേ പള്ളിമുറിയില്‍ രാത്രി തങ്ങാന്‍ അനുവാദമുള്ളു. കൗണ്‍സിലിംഗ് പോലുള്ളവ തുറന്ന സ്ഥലങ്ങളില്‍ മതി. ഗ്രൂപ്പുകള്‍, വ്യക്തികള്‍ എന്നിവരെ വിദേശയാത്രക്ക് കൊണ്ടുപോകുന്നത് വിലക്കി. ഇടവകകളില്‍ അഞ്ചു വര്‍ഷത്തേക്ക് നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കും. പാതിരിമാരുള്‍പ്പെടെയുള്ളവരെക്കുറിച്ച് രൂപതക്ക് പരാതി നല്‍കാന്‍ സംവിധാനമുണ്ടാക്കും. കുര്‍ബ്ബാന പ്രസംഗ മധ്യേ ആരെയും തേജോവധം ചെയ്യാന്‍ പാടില്ല. പിരിവ്, സംഭാവന കുടിശികയുടെ പേരില്‍ വിവാഹം, മാമോദീസ, മരണാനന്തര കര്‍മങ്ങള്‍ തുടങ്ങിയവ നിഷേധിക്കാന്‍ പാടില്ല.
വികാരിമാരും സന്യസ്ഥരും ആഡംബര ജീവിതത്തിലേക്ക് വഴിമാറുന്നത് ഗൗരവമായി എടുക്കണമെന്ന് അല്‍മായ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഒരാള്‍ ചെയ്ത തെറ്റിന്റെ പേരില്‍ പാതിരി സമൂഹം മുഴുവന്‍ അവഹേളനത്തിന് ഇരയായി. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കൊട്ടിയൂര്‍ സംഭവത്തില്‍ ധാര്‍മിക ഉത്തരവാദിത്വം രൂപതാ കേന്ദ്രത്തിനാണെന്നും ഫാ. റോബിനെക്കുറിച്ച് പല കോണുകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിട്ടും അധികൃതര്‍ മൗനം പാലിച്ചുവെന്നുമുള്ള നിലപാടാണ് പല അല്‍മായ പ്രതിനിധികള്‍ക്കുമുണ്ടായിരുന്നത്. എന്നാല്‍ യോഗത്തില്‍ പൊതുചര്‍ച്ചക്ക് ഇടനല്‍കാതെ ബിഷപ് മാര്‍ ജോസ് പൊരുന്നേടം തന്നെയാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
ജന്മഭൂമി: http://www.janmabhumidaily.com/news582104#ixzz4bH31vM87
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin