Thursday, 9 March 2017

ക്രൈസ്തവരുടെ അട്ടിപ്പേറവകാശം കത്തോലിക്ക സഭയ്ക്കാണോ?

S VINESH KUMAR| Updated On:  5 March 2017 4:32 AM കേരളത്തിലെ ക്രൈസ്തവർക്കിടയിലെ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍പോലും കത്തോലിക്കന്‍ അപ്രമാദിത്വത്തിനെതിരെ മിണ്ടാറില്ല. ഇതരവിഭാഗങ്ങളുടെ എതിര്‍ ശബ്ദം പലപ്പോഴും അരമനയുടെ നാലു ചുമരുകള്‍ക്കപ്പുറം പോകാറുമില്ല. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍, മദ്യനയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്രൈസ്തവ നിലപാടെന്ന പേരില്‍ കത്തോലിക്ക വിഭാഗം മുന്നോട്ടുവച്ച അഭിപ്രായം മനസ്സില്ലാമനസ്സോടെയെങ്കിലും ഇതര വിഭാഗങ്ങളും അംഗീകരിക്കുന്നതാണ് കേരളം കണ്ടത്. അങ്ങനെയുള്ള കാര്യങ്ങള്‍ ക്രൈസ്തവരുടെ പൊതു അഭിപ്രായമെന്ന നിലയില്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കത്തോലിക്ക വിഭാഗത്തിനു കാലങ്ങളായി കഴിയുന്നുണ്ട് യഥാര്‍ഥ ഹൈന്ദവര്‍ തങ്ങളാണെന്ന് അവകാശപ്പെടുന്ന സവര്‍ണ്ണ ബ്രാഹ്മണരുടെ ക്രിസ്ത്യന്‍ വേര്‍ഷനായി സ്വയം രൂപപ്പെട്ടു വന്നതാണ് കത്തോലിക്ക സഭയും സമുദായവും. ക്രൈസ്തവരുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും അഭിപ്രായം പറയുകയും പ്രതിനിധീകരിക്കരിക്കുകയും സമ്മര്‍ദ്ദശക്തിയായി മാറുകയും ചെയ്യുന്ന കത്തോലിക്ക സഭയുടെ ഹിഡന്‍ അജണ്ടകളാണ് പലപ്പോഴും കേരള രാഷ്ട്രീയത്തില്‍പ്പോലും നടപ്പായത്. ഇതര വിഭാഗം ക്രൈസ്തവരുടെ ശബ്ദം എവിടെയും മുഴങ്ങിക്കേള്‍ക്കാത്തതിനു പിന്നില്‍ കത്തോലിക്കന്‍ അധിനിവേശത്തിന്റെ അനന്തരഫലമാണെന്ന് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാണ്. വിമോചനസമരകാലത്തും അതിനു ശേഷവും സ്വാശ്രയസമരം കൊടുമ്പിരി കൊള്ളുമ്പോഴുമെല്ലാം ക്രൈസ്തവ വിഷയങ്ങളില്‍ നിലപാടു പറഞ്ഞും പ്രകടിപ്പിച്ചും പ്രതിഷേധിച്ചും മുന്നോട്ടു വന്നത് കത്തോലിക്ക സഭ തന്നെയായിരുന്നു. ഇതര വിഭാഗങ്ങളെ രണ്ടു വാരമകലെ നിര്‍ത്താന്‍ കത്തോലിക്ക സഭയ്ക്ക് അറിയാവുന്നിടത്തോളം മറ്റാര്‍ക്കും വശമില്ല. തിരുവിതാംകൂറിലെ നായന്‍മാരും കത്തോലിക്കരും കേരള രാഷ്ട്രീയത്തില്‍ സമ്മര്‍ദ്ദ ശക്തിയായി മാറിയതിനു പിന്നില്‍ ഇത്തരം തന്ത്രങ്ങളായിരുന്നു. ന്യൂനപക്ഷത്തിന്റെയും ക്രൈസ്തവരുടെയും പ്രശ്നങ്ങളെന്ന പേരില്‍ കത്തോലിക്ക സഭ പറയുന്ന അഭിപ്രായങ്ങള്‍ തങ്ങളുടേതല്ലെന്നു പറയാന്‍ ഇതരവിഭാഗങ്ങള്‍ക്കു കഴിയാതെ പോകുന്നതാണ് ഏറെ ഗൗരവതരം. കത്തോലിക്കരാണ് യഥാര്‍ഥ ക്രിസ്ത്യാനികളെന്നു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതിലൂടെ അവര്‍ക്കു കഴിഞ്ഞുവെന്നതാണു വാസ്തവം. ദുര്‍ബലമാകുന്ന എതിര്‍ ശബ്ദങ്ങള്‍ സംസ്ഥാനത്തെ 61 ലക്ഷം വരുന്ന ക്രിസ്ത്യാനികളുടെ ശബ്ദമായി കത്തോലിക്ക സഭ മാറുമ്പോള്‍ എന്തുകൊണ്ട് ഇതര വിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുന്നില്ല? ക്രൈസ്തവ ജനസംഖ്യയുടെ ശരാശരി 35% കത്തോലിക്കരും അത്രതന്നെ ഓര്‍ത്തഡോക്സ് വിഭാഗങ്ങളും 30% ഇതരവിഭാഗങ്ങളുമാണുള്ളത്. പഴയകൂറ്റുകാര്‍ എന്നറിയപ്പെടുന്ന സീറോ മലബാര്‍, ആഗോള കത്തോലിക്ക സഭയിലെ പ്രധാന റീത്തായ ലത്തീന്‍ കത്തോലിക്കര്‍, യാക്കോബായ/ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നു 'പുനരൈക്യപ്പെട്ട' സീറോ മലങ്കര, ക്‌നായി തോമയുടെ നേതൃത്വത്തില്‍ നടന്ന സിറിയന്‍ കുടിയേറ്റത്തില്‍ ഉള്‍പ്പെട്ടവരുടെ പിന്മുറക്കാരില്‍ ഒരു വിഭാഗം അടങ്ങുന്ന ക്‌നാനായ കത്തോലിക്കര്‍ എന്നിങ്ങനെ നാലു പ്രമുഖ റീത്തുകള്‍ ഉള്‍പ്പെടുന്നതാണ് കേരളത്തിലെ കത്തോലിക്കാ സഭ. ദേവലോകം ആസ്ഥാനമായ ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ (പഴയ മെത്രാന്‍ കക്ഷി), പുത്തന്‍കുരിശ് ആസ്ഥാനമായ സിറിയക് ഓര്‍ത്തഡോക്‌സ് സഭ (പഴയ ബാവാ കക്ഷി), ചിങ്ങവനം കേന്ദ്രീകരിച്ചുള്ള ക്‌നാനായ യാക്കോബായ സഭ, തൃശ്ശൂരിലെ കല്‍ദായ സുറിയാനി സഭ, തൊഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭ എന്നീ വിഭാഗങ്ങളാണ് കേരളത്തിലെ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകള്‍. വിശ്വാസികളുടെ എണ്ണത്തിലും സ്ഥാപനങ്ങളുടെ കാര്യത്തിലും കത്തോലിക്കരോളം തന്നെ വരും ഇവര്‍. പ്രൊട്ടസ്റ്റന്റ്, പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ചുകളായ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, തിരുവല്ല ആസ്ഥാനമായ മാര്‍ത്തോമ്മാ സുറിയാനി സഭ, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ തുടങ്ങിയ സഭകളും സ്വത്തും സ്വാധീനവുമുള്ളവ തന്നെ. തീവ്ര പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിസ്റ്റ് സഭകളായ ഐപിസി, സിലോണ്‍ പെന്തക്കോസ്ത്, സ്വര്‍ഗീയ വിരുന്ന്, തുടങ്ങി വിവിധയിനം പെന്തക്കോസ്ത് വിഭാഗങ്ങളുടെ ശബ്ദം ഒരുകാലത്തും പുറത്തേക്കു വരാറില്ല. അതിനു കത്തോലിക്കാ സമുദായം അനുവദിക്കാറില്ലെന്നു പറയുന്നതാണു ശരി. തുല്യശക്തികളാണെങ്കില്‍പ്പോലും ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍പോലും കത്തോലിക്കന്‍ അപ്രമാദിത്വത്തിനെതിരെ മിണ്ടാറില്ല. ഇതരവിഭാഗങ്ങളുടെ എതിര്‍ ശബ്ദം പലപ്പോഴും അരമനയുടെ നാലു ചുമരുകള്‍ക്കപ്പുറം പോകാറുമില്ല. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍, മദ്യനയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്രൈസ്തവ നിലപാടെന്ന പേരില്‍ കത്തോലിക്ക വിഭാഗം മുന്നോട്ടുവച്ച അഭിപ്രായം ഇതര വിഭാഗങ്ങളും അംഗീകരിക്കുന്നതായി തോന്നിക്കുന്നതാണ് കേരളം കണ്ടത്. അങ്ങനെയുള്ള കാര്യങ്ങള്‍ ക്രൈസ്തവരുടെ പൊതു അഭിപ്രായമെന്ന നിലയില്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കത്തോലിക്ക വിഭാഗത്തിനു കാലങ്ങളായി കഴിയുന്നുണ്ട്. കസ്തൂരിരംഗന്‍ വിഷയത്തിലെ ഹിഡന്‍ അജണ്ട കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തിലാണ് സി എസ് ഐ സഭയുടെ ദക്ഷിണ കേരള മഹാഇടവക ആസ്ഥാനം. സി എസ് ഐയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും നില്‍ക്കുന്ന പ്രദേശത്തെ 90 ശതമാനവും പരിസ്ഥിതി ലോല പ്രദേശത്തില്‍ വരുന്ന മേലുകാവിലാണ്. ഗാഡ്ഗിലോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ നടപ്പായാല്‍ തങ്ങളുടെ ആസ്ഥാനത്തിന്റെ നിലനില്‍പ്പിനെ അത് കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സി എസ് ഐ സഭയ്ക്ക് അറിയാവുന്ന കാര്യമാണ്. എന്നിട്ടും ഗാഡ്ഗിലോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ നടപ്പാക്കണമെന്നു പറഞ്ഞു രംഗത്തു വന്ന ആദ്യത്തെ ക്രൈസ്തവ വിഭാഗമാണ് സി എസ് ഐ. തങ്ങളുടെ നിലപാട് കൗണ്ടര്‍ ചെയ്യപ്പെട്ടതോടെ പശ്ചിമഘട്ട വിഷയത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ ഒപ്പം കൂട്ടാന്‍ കത്തോലിക്ക സഭ ഒരു നീക്കം നടത്തി. മധ്യസ്ഥന്‍ വഴി കാതോലിക്കാ ബാവയെ സമീപിക്കുകയും ചെയ്തു. സഭയുടെ കീഴിലെ പരിസ്ഥിതി കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നാലെ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ പറ്റുകയുള്ളുവെന്ന് പറഞ്ഞ് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ നിലപാട് വ്യക്തമാക്കി. അതേ സമയം കത്തോലിക്ക വിഭാഗം തങ്ങളുടെ അധികാരവും ശക്തിയും ഉപയോഗിച്ച് കസ്തൂരിരംഗന്‍ വിഷയത്തില്‍ സമരത്തിനിറങ്ങി. താമരശ്ശേരി, ഇടുക്കി, മാനന്തവാടി രൂപതകളാണ് പ്രധാനമായും ഇതിന് നേതൃത്വം നല്‍കിയത്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടോ കസ്തൂരിരംഗന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടോ നടപ്പായാല്‍ കത്തോലിക്ക സഭയുടെയും സഭയെ സഹായിക്കുന്നവരുടെയും നിലനില്‍പ്പിനെത്തന്നെ ബാധിക്കും. കയ്യേറിയും വെട്ടിപ്പിടിച്ചും സ്വന്തമാക്കിയതു പലതും കൈവിട്ടുപോകും. അവിടെയാണ് ഭൂ മാഫിയക്കൊപ്പം സഭ നിലകൊണ്ടത്. സി എസ് ഐയുടെ നിലപാടിന് കയ്യടിക്കേണ്ടതും ഇവിടെയാണ്. ഇടുക്കി ഹൈറേഞ്ചിലുള്‍പ്പെടെ കത്തോലിക്ക സഭയുടെ സ്ഥാനാര്‍ഥി വന്നതിനു പിന്നിലെ അജണ്ടയും ഇതു തന്നെയായിരുന്നു. കോഴിക്കോടു ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗുകാരനായതിനാല്‍ എല്‍ഡിഎഫ് പിന്തുണയോടെ താമരശ്ശേരി രൂപതയ്ക്ക് വേണ്ടപ്പെട്ടയാള്‍ മത്സരിച്ച് ജയിക്കുകയായിരുന്നു. സിപിഐഎമ്മിനെപ്പോലും ഒപ്പം നിര്‍ത്താന്‍ കത്തോലിക്ക സഭയ്ക്ക് കഴിഞ്ഞത് അങ്ങനെയാണ്. മദ്യനയത്തിലെ നിലപാട് യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തെ പൂര്‍ണ്ണമായി പിന്തുണച്ച കത്തോലിക്കരുടെ നിലപാടു തന്നെയാണ് ക്രൈസ്തവര്‍ക്കു പൊതുവെയുള്ളതെന്നു വരുത്തിത്തീര്‍ക്കുന്നതിലും സഭ കാര്യങ്ങള്‍ മാനിപ്പുലേറ്റ് ചെയ്തു. കെസിബിസിയെ ഉള്‍പ്പെടെ രംഗത്തിറക്കി മദ്യവിരുദ്ധ സമീപനവുമായി സഭ മുന്നോട്ടു പോയപ്പോള്‍ ഇതര ക്രൈസ്തവ വിഭാഗങ്ങള്‍ക്കു നിലപാടു വ്യക്തമാക്കാന്‍ എവിടെയും സ്‌പെയ്സ് ഇല്ലായിരുന്നു. വിശ്വാസികളുമായി ചര്‍ച്ച നടത്തുകയോ വിഷയത്തിന്റെ പ്രായോഗിക വശം പഠിക്കുകയോ ചെയ്യാതെ ഏകപക്ഷീയമായാണു കത്തോലിക്ക സഭ മദ്യനയത്തെ പിന്തുണച്ചു രംഗത്തു വന്നത്. എന്നിട്ടും കത്തോലിക്ക വിശ്വാസികള്‍ ഭൂരിപക്ഷമുള്ള പാല, തിരുവമ്പാടി ഭാഗങ്ങളിലെ ബിവറേജ് ഔട്ട്‌ലെറ്റുകളില്‍പ്പോലും മദ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിച്ചുവെന്നതാണ് കണക്കുകള്‍ പറയുന്നത്. ഓര്‍ത്തഡോക്സ് സഭയുള്‍പ്പെടെ മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് ആവശ്യമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും കത്തോലിക്ക സഭയുടെ ശബ്ദം മാത്രമാണു യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ മുഖവിലയ്ക്കെടുത്തത്. ഇങ്ങനെയാണു കത്തോലിക്ക വിഭാഗം തങ്ങളുടെ അജണ്ട മാനിപ്പുലേറ്റ് ചെയ്യുന്നത്. സഭയിലെ പവര്‍ഫുള്‍ വിഭാഗമായ സീറോ മലബാറാണ് പ്രധാനമായും അജണ്ടകള്‍ നിശ്ചയിക്കുന്നത്. സഭയ്ക്കകത്തെ കാര്യങ്ങള്‍ നിശ്ചയിക്കുന്ന വരേണ്യവിഭാഗം. ചാരായം നിരോധിക്കാന്‍ എ കെ ആന്റണിയ്ക്കും അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തം എഴുതാന്‍ കെ എം മാണിയ്ക്കുമൊക്കെ ചാലകശക്തിയായി നിന്ന വിഭാഗമാണ് സീറോ മലബാര്‍. ഉമ്മന്‍ചാണ്ടി വിഷയത്തില്‍ മാത്രം ശബ്ദിക്കാറുള്ള ഓര്‍ത്തഡോക്സിന്റെ ബലഹീനത മുതലെടുക്കുന്നുവെന്നതാണ് വസ്തുത. തിരുവത്താഴത്തിന്റെ നഗ്‌നചിത്രം കവര്‍ചിത്രമാക്കിയ ഭാഷാപോഷിണിയ്ക്കെതിരെ മലയാള മനോരമ പത്രം കത്തിച്ച് കത്തോലിക്കര്‍ പ്രതിഷേധിച്ചപ്പോള്‍പോലും രക്ഷയ്ക്കെത്തേണ്ട ഓര്‍ത്തഡോക്സ് പതിവു മൗനം ഭജിക്കുകയാണ് ഉണ്ടായത്. ഈ വിഷയവും ക്രൈസ്തവര്‍ക്കെതിരെയുള്ള വികാരമാക്കുന്നതില്‍ കത്തോലിക്ക സഭ വിജയിക്കുകയും ചെയ്തു. ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റെ സഭകള്‍ ഔദ്യോഗികമായി നിലപാടറിയിച്ചില്ലെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദനീയമാണെന്ന സന്ദേശമാണ് ഇരുവിഭാഗവും പരോക്ഷമായി നല്‍കിയതെന്ന് വ്യക്തമാണ്. കത്തോലിക്ക സഭയ്ക്കു തിരിച്ചടിയായതും ഈ നിലപാടാണ്. മദ്യവര്‍ജ്ജനം സഭയ്‌ക്കൊരു വെല്ലുവിളിയാണ്. ആ വെല്ലുവിളിയില്‍ ഒളിച്ചോടുകയും സര്‍ക്കാറിന്റെ തലയില്‍ മദ്യനിരോധനം ചാര്‍ത്തുകയും ചെയ്യുകയാണിപ്പോള്‍. ഭൂരിപക്ഷ ക്രൈസ്തവ വിശ്വാസികളുടെ അഭിപ്രായത്തിനു വില കല്‍പ്പിക്കാതെ ഏകപക്ഷീയമായാണു മദ്യനിരോധനം എന്നു കത്തോലിക്ക വിഭാഗം മുറവിളി കൂട്ടുന്നത്. ഇക്കാര്യത്തില്‍ ഇതര ക്രൈസ്തവ വിഭാഗങ്ങള്‍ക്കു കടുത്ത അമര്‍ഷമുണ്ടെങ്കിലും പ്രതികരിക്കുന്നില്ലെന്ന് മാത്രം. സന്ന്യാസ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ അഞ്ചു വര്‍ഷം മുമ്പു മാനന്തവാടി രൂപതയുടെ കീഴിലെ ക്രിസ്ത്യന്‍ സിവിക് ഫോറം എന്ന സംഘടന മൂന്നു കുട്ടികള്‍ക്കു മുകളിലുള്ള കുടുംബത്തിനു ധനസഹായം പ്രഖ്യാപിച്ചിരുന്നു. മൂന്നു കുട്ടികള്‍ക്കു മുകളില്‍ ക്രൈസ്തവ സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാവണമെന്നു വാറോല ഇറക്കി പ്രചാരണവും തുടങ്ങി. ഇതര വിഭാഗങ്ങളൊന്നും തന്നെ ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയില്ല. സഭയിലെ ദൈനംദിനകാര്യങ്ങള്‍ നോക്കാന്‍ ആളെ കിട്ടാത്ത പ്രതിസന്ധിയില്‍ നിന്നാണ് ഇതു രൂപപ്പെട്ടത്. മാത്രമല്ല ഒരേസമയം കത്തോലിക്ക ജനസംഖ്യ ഉയരണമെന്നും സമ്മര്‍ദ്ദശക്തി വര്‍ധിപ്പിക്കണമെന്നുമാണ് ഇവര്‍ ലക്ഷ്യം വച്ചത്. പുരോഹിതര്‍ ദാമ്പത്യജീവിതം വെടിയണമെന്നു കാനോന്‍ നിയമത്തില്‍ എവിടെയും പറയുന്നില്ല. 1599ലെ കേരള ക്രൈസ്തവ പുരോഹിതര്‍ വിവാഹിതരായിരുന്നു. വൈദിക വിവാഹം നിരോധിച്ചതും വിവാഹിതരായ വൈദികര്‍ ഭാര്യമാരെ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിച്ചതും ഉദയംപേരൂർ സുന്നഹദോസ് മുതൽക്കുള്ള പോർച്ചുഗീസ് അധിനിവേശ കാലത്താണ്. ലത്തീൻ ലിറ്റർജി പിന്തുടരുന്ന റോമന്‍ കത്തോലിക്കാ സഭയുടെ ആചാരങ്ങൾ സിറിയക് ലിറ്റേർജി പിന്തുടരുന്ന അവിഭക്ത മലങ്കര സഭയിൽ അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു എന്നതിനു ചരിത്രം സാക്ഷി. 1653ല്‍ കൂനല്‍ കുരിശ് സത്യത്തിലൂടെ കത്തോലിക്ക ആധിപത്യം പരിത്യജിച്ച നസ്രാണികള്‍ ആദ്യമെടുത്ത തീരുമാനം നിര്‍ബന്ധിത വൈദീക ബ്രഹ്മചര്യം എടുത്തുകളയുക എന്നതായിരുന്നു. പിന്നെന്തിനു കത്തോലിക്ക സഭ മാത്രം ഇങ്ങനെയൊരു നിലപാടു സ്വീകരിക്കുന്നുവെന്നു പരിശോധിക്കുമ്പോഴാണ് ചില സത്യങ്ങള്‍ മനസ്സിലാക്കാനാവുക. കുടുംബവും വീടും ബാധ്യതകളുമില്ലാത്തവരെയാണു സഭയ്ക്ക് ആവശ്യം. പൂര്‍ണ്ണമായും സഭയ്ക്കു കീഴ്പ്പെട്ടു ജീവിക്കുന്നവര്‍. ദാമ്പത്യജീവിതം നയിക്കുന്നവര്‍ക്ക് അത്രത്തോളം സഭയ്ക്ക് സംഭാവനകള്‍ ചെയ്യാന്‍ കഴിയില്ല. അവരുടെ ജീവിതം പൂര്‍ണ്ണമായും സഭയ്ക്ക് വേണ്ടി മാത്രമാവുകയെന്ന അജണ്ടയ്ക്കപ്പുറം സന്ന്യാസ ജീവിതംകൊണ്ടു മറ്റൊന്നും സഭ ലക്ഷ്യം വയ്ക്കുന്നില്ല. പുതിയ സാഹചര്യത്തില്‍ സഭയുടെ താല്‍പര്യത്തിന് ആളെ കിട്ടാതെ വരുന്ന സ്ഥിതി വിശേഷമുണ്ട്. ഈ സാഹചര്യത്തിലാണ് ക്രിസ്ത്യന്‍ സിവിക് ഫോറത്തിന്റെ ഉള്‍പ്പെടെയുള്ള ലക്ഷ്യം വ്യക്തമാകുന്നത്. കത്തോലിക്ക സഭയ്ക്ക് ആളും അര്‍ത്ഥവും നല്‍കുന്നത് അവിവാഹിതരായ പുരോഹിതന്‍മാരുടെ പ്രവര്‍ത്തനമാണ്. ഇതര വിഭാഗങ്ങളില്‍ നിന്നു കത്തോലിക്കരെ വ്യത്യസ്തമാക്കുന്നതും ഈ നീക്കമാണ്. പൊതുസമൂഹത്തിനു മുന്നില്‍ സന്ന്യാസജീവിതം നയിക്കുന്ന കത്തോലിക്കര്‍ ക്ലീന്‍ ഇമേജ് സ്വന്തമാക്കുന്നത് ഇങ്ങനെയാണ്.

Read more at: http://ml.naradanews.com/2017/03/catholica-saba-orthdox-c-s-i-manipulation-kasthoorirangan-public-christians/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin