ഒന്നിനുപുറകെ ഒന്നായി നിരവധി കുറ്റകൃത്യങ്ങൾ മൂടിവച്ച ജോസ് പൊരുന്നേടത്ത് സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമാകുന്നു; മെത്രാനെ പുറത്താക്കാൻ കർദിനാൾ മാർ ആലഞ്ചേരി തന്നെ നടപടിയെടുക്കണമെന്ന് ആവശ്യം;ഇനിയും അപമാനിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകാതിരിക്കാൻ എല്ലാ രൂപതകളുടെയും ശുദ്ധീകരണത്തിന് റോമിനെയും സമീപിക്കാനൊരുങ്ങി വിശ്വാസി സമൂഹം
March 14, 2017 | 09:50 AM | Permalink
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാനന്തവാടി രൂപതയ്ക്കുകീഴിൽ നടക്കുന്ന നിരവധി ദുഷ്ചെയ്തികൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവയ്ക്കെതിരെ നടപടിയെടുക്കാതെ പകരം പരാതികൾ ഉന്നയിച്ചവർക്കെതിരെ നീങ്ങിയ മെത്രാനെതിരെ സഭയിൽ ശക്തമായ പ്രതിഷേധം രൂപപ്പെടുന്നു.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ സഭയുടെ സൽപ്പേര് കളങ്കപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും അതെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ മൂടിവയ്ക്കാൻ ശ്രമിച്ച മാനന്തവാടി മെത്രാൻ സ്വയം സ്ഥാനം ഒഴിയണമെന്നും അല്ലെങ്കിൽ സീറോ മലബാർ സഭയുടെ മേലധികാരി കർദിനാൾ മാർ ജോർജ് ആലഞ്ചേരി മെത്രാനെ മാറ്റാൻ തയ്യാറാകണമെന്നുമാണ് ആവശ്യമുയരുന്നത്.
മാനന്തവാടി രൂപതാ അധ്യക്ഷനെതിരെ ഉയരുന്ന പ്രധാന ആക്ഷേപങ്ങൾ
ഫാ. ഫ്രാൻസിസ് ഞരളംമ്പുഴയുടെ അകലമരണം. അതിൽ രൂപതയുടെ ധാർമ്മിക പങ്ക് തള്ളിക്കളയാൻ ആവില്ല. ആ മരണവുമായി ബന്ധപ്പെട്ട് അന്ന് ഉയർന്നുവന്ന (ഇപ്പോഴും നിലനിൽക്കുന്ന) അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുടേയും നല്ലൊരു പങ്ക് വിശ്വാസികളുടെയും പിതാവിനോടുള്ള എതിർപ്പ് തന്നെ ഇതിന് തെളിവാണ്
രൂപതയിൽ ഫാ. റോബിൻ അടക്കം ഉള്ള പല വൈദികരുടെയും സ്ത്രീപീഡനം സൂചിപ്പിച്ച് രണ്ടു വർഷങ്ങൾക്ക് മുൻപ് പ്രചരിച്ച ഊമക്കത്ത്. അതിന്റെ കോപ്പികൾ പിതാവ് അടക്കം രൂപതയിൽ എല്ലാ വൈദികർക്കും കിട്ടിയിരുന്നു. എന്നാൽ കാര്യങ്ങളുടെ നിജസ്ഥിതി തിരക്കാതെ ഊമക്കത്ത് എഴുതിയ വ്യക്തിയെ തേടിനടന്ന് ഒരു നിഷ്‌ക്കളങ്കനായ വൈദികനെ (ഫാ. ഫ്രാൻസിസ് ഞരളമ്പുഴ) പീഡിപ്പിക്കുന്ന നിലപാടിൽ ആണ് പൊരുന്നേടം പിതാവിന്റെ 'ആദ്ധ്യാത്മിക നേതൃത്വം' എത്തിനിന്നത്.
'വൈദിക ജാഗ്രതാ സമിതി' എന്ന പേരുവെളിപ്പെടുത്താൻ മടിക്കുന്ന ചിലരാണ് വിഷയങ്ങൾ ചൂണ്ടിക്കാട്ടിയത്. രൂപതയ്ക്ക് ഉള്ളിൽ നടക്കുന്ന, പുരോഹിതരുടെയും പിതാവിന്റെയും ആത്മീയമല്ലാത്ത പ്രവൃത്തികളെക്കുറിച്ച് തുടർച്ചയായ എഴുത്തുകൾ പോയ വർഷങ്ങളിൽ എഴുതിക്കൊണ്ടിരുന്നു. വൈദികർക്ക് പോലും സ്വന്തം അഭിപ്രായം തുറന്നുപറയാൻ വയ്യാത്ത വിധത്തിൽ ഏകാധിപത്യപരവും അധാർമ്മികവുമായി സഭാനേതൃത്വം വർത്തിച്ചു എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
പീഡനത്തിന് ഇരയായ കുട്ടിയുടെ പ്രസവവാർത്ത അറിഞ്ഞ ഉടൻ തന്നെ ഫാ. റോബിൻ തന്നെ പൗരോഹിത്യ വൃത്തിയിൽ നിന്നും ഒഴിവാക്കണമെന്ന് പിതാവിനോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് അറസ്റ്റിന് ശേഷം വീട്ടുകാർ ഉൾപ്പെടെ ഉള്ളവരോട് പറഞ്ഞത്. എന്നാൽ പ്രസവം കഴിഞ്ഞ് വീണ്ടും ഇരുപതോളം ദിവസങ്ങൾ കഴിഞ്ഞ് റോബിന്റെ അറസ്റ്റ് ഉണ്ടായ ശേഷം ഫെബ്രുവരി 27ന് ആണ് റോബിനെ പൗരോഹിത്യത്തിൽ നിന്നും ഒഴിവാക്കുന്ന ഔദ്യോഗിക എഴുത്ത് പുറപ്പെടുവിക്കുന്നത്. ഈ കുറ്റകൃത്യം മൂടിവെക്കാനോ അല്ലെങ്കിൽ കുറ്റവാളിയെ രക്ഷിക്കാനോ സഭാനേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ശ്രമം നടന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത്.
ഇത്തരം കാര്യങ്ങളിൽ വത്തിക്കാന്റെ നിലപാട് 'സീറോ-ടോളറൻസ്' ആയിരിക്കുമ്പോൾ ആണ് ഇവിടെ മറിച്ച് സംഭവിച്ചിരിക്കുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം അത് മൂടിവയ്ക്കാൻ ശ്രമിച്ചത് അതിലും വലിയ തെറ്റാണ്.
മെത്രാനെ മാറ്റിയേ തീരൂ എന്ന് ഉറപ്പിച്ച് വിശ്വാസി സമൂഹം
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സഭാ വിശ്വാസികൾ ഉയർത്തുന്ന ആവശ്യങ്ങളിൽ പ്രധാനം മെത്രാൻ സ്വയമേവ മാറുകയോ ഇല്ലെങ്കിൽ അദ്ദേഹത്തെ മാറ്റുകയോ ചെയ്യണമെന്നാണ്. കാര്യങ്ങളുടെ പോക്ക് ശരിയല്ല എന്നറിഞ്ഞ് തക്കസമയത്ത് ആക്ഷൻ എടുക്കാതിരുന്ന പിതാവിന്, പ്രതികളെ സംരക്ഷിക്കുകയല്ലായിരുന്നു എന്ന് തെളിയിക്കാൻ കഴിയാത്തതുകൊണ്ട്, ഇനി ആ സ്ഥാനത്ത് തുടരാൻ ധാർമ്മിക ആവകാശം ഇല്ല. നിയമപരമായി തെറ്റുചെയ്യുന്നവരെ നിയമത്തിന് മുന്നിലും കടമ മറന്നുള്ള തെറ്റുകൾ സഭയ്ക്കുമുന്നിലും എത്തിക്കാൻ മെത്രാന് ബാധ്യതയുണ്ട്. അതിനാൽ ഈ ആത്മീയ കർത്തവ്യ വിലോപത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് സ്ഥാനം രാജിവെക്കുക എന്നതാണ് ഒരു ആത്മീയമനുഷ്യൻ ആണെങ്കിൽ പൊരുന്നേടം പിതാവ് ഇനിയെങ്കിലും ചെയ്യേണ്ടതെന്ന് വി്ശ്വാസികൾ പരക്കെ ആവശ്യമുയർത്തുകയാണ് ഇപ്പോൾ.
സ്വയം രാജിക്ക് പിതാവ് തയ്യാറാകുന്നില്ലെങ്കിൽ രാജിയാവശ്യത്തിൽ സീറോമലബാർ സഭയുടെ ആത്മീയ പരമാധികാരിയായ കർദ്ദിനാൾ ജോർജ് ആലഞ്ചേരി പിതാവ് തീരുമാനമെടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് വിശ്വാസികൾ അദ്ദേഹത്തെ സമീപിക്കാനിരിക്കുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. എന്നിട്ടും തീരുമാനം ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ റോം വരെ എത്തുംഎന്നും പറയപ്പെടുന്നു.
റോബിൻ കേസിനോട് സമാനമായ പല കേസുകളും ഇനിയും രൂപതയിൽ ഒളിത്തിരിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അതുപോലെ തന്നെ മറ്റു പല രൂപതകളിലും സന്യാസസഭകളിലും ഇത്തരം പിഡനകൾ പുറംലോകം അറിയാതെ ബന്ധപ്പെട്ട അധികാരികൾ ഒതുക്കിവെച്ചിരിക്കുന്നതായി ഇപ്പോൾ വ്യാപക സംസാരം ഉണ്ട്.
ഗൂഢവത്ക്കരിക്കപ്പെട്ട, സഭയുടെ ഉള്ളിൽ പുറംലോകം അറിയാതെ സത്യം ശ്വാസംമുട്ടുന്നുണ്ട്. റോബിനൊഴികെ ബാക്കിയെല്ലാ അച്ചന്മാരും നല്ലവരാണ് എന്ന രീതിയിലുള്ള ഫാ. പോൾ തേലക്കാടിന്റെ മീഡിയയ്ക്ക് മുന്നിലെ വാദം പൊളിയാൻ ഇനി അധികനാൾ വേണ്ടിവരില്ലെന്നാണ് വിശ്വാസികളുടെ പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. ഒന്നൊഴിയാതെ സഭയിലെ കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരും വരെ ഇത്തരം ശ്രമങ്ങൾ തുടരുമെന്ന് ഉറപ്പിച്ച് നീങ്ങുകയാണ് സഭയിലെ പുഴുക്കുത്തുകളെ മാറ്റാനുറച്ച് വലിയൊരു വിഭാഗം സഭാവിശ്വാസികൾ.
ഇതിനെല്ലാം പുറമെ ഇപ്പോൾ റോബിൻ എന്ന വൈദികനാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടേയും കുഞ്ഞിന്റേയും കുടുംബത്തിന്റേയും എല്ലാം സംരക്ഷണം ഏറ്റെടുക്കാനുള്ള ധാർമിക ബാധ്യത സഭയ്ക്കുണ്ട്. നിയമപരമായ പ്രശ്നങ്ങൾ എന്തുതന്നെ ഉണ്ടെങ്കിലും സഭാ വിശ്വാസികളായ അവരുടെ രക്ഷയ്ക്ക് എത്താമെന്ന പ്രഖ്യാപനം ഉടനടി നടത്തണമെന്ന ആവശ്യവും ശക്തമാണ് വിശ്വാസികൾക്കിടയിൽ എന്നാണ് അറിയുന്നത്.
http://www.marunadanmalayali.com/news/exclusive/complaint-aginst-mananthavady-diocese-bishop-mar-jose-porunnedom-68315
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin