Sunday, 19 March 2017

‘തെമ്മാടി’ സിസ്റ്ററിന് സ്വസ്തി

അരമനമേടകള്‍, പുരോഹിതന്മാരുടെ വികാരപൂര്‍ത്തീകരണത്തിനുള്ള അരങ്ങുകളാകുമ്പോള്‍, ആ നാല് ചുവരുകള്‍ക്കുള്ളില്‍ ഒടുങ്ങിപ്പോകുന്ന നിലവിളികളുണ്ട്. മരണശേഷം പള്ളിപ്പറമ്പിലൊരിടം സ്വപ്‌നം കാണുന്നവര്‍, ജീവിച്ചിരിക്കുമ്പോള്‍ പലതും കണ്ടില്ലെന്ന് നടിയ്ക്കുന്നു. ആരാലും ചോദ്യം ചെയ്യപ്പെടാതെ പൗരോഹിത്യം അരമനമേടകളില്‍ ആഘോഷമാക്കുന്ന റോബിന്‍ വടക്കുംചേരിയെപ്പോലുള്ള പുരോഹിതര്‍. അച്ചന്‍ യഥാര്‍ത്ഥ 'അച്ഛനാ'കുന്ന കാഴ്ച.
ചുരുളഴിയാത്ത, ഞെട്ടിപ്പിക്കുന്ന നിരവധി യാഥാര്‍ത്ഥ്യങ്ങളുണ്ട് അരമനമേടകളെ ചുറ്റിപ്പറ്റി. ഇതേപ്പറ്റി അറിയാവുന്നവര്‍ ഭവിഷ്യത്തുകളെയോര്‍ത്ത് നിശബ്ദരാകും. ചിലര്‍ നാവുയര്‍ത്തി അവര്‍ക്കിടയിലെ റിബലുകളാകും. അവരിലൊരാളായപ്പോള്‍ സിസ്റ്റര്‍ മേരി ചാണ്ടിക്ക് ചാര്‍ത്തിക്കിട്ടി ഒരു വിരുദ്ധ നാമം ‘തെമ്മാടി സിസ്റ്റര്‍’. മഠങ്ങള്‍ കന്യാവ്രതത്തിന്റെ കശാപ്പുശാലകളാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ മഠത്തില്‍ നിന്ന് രക്ഷപെട്ട് ആതുരസേവനത്തിന്റെ പാതയില്‍ ഇന്നും കന്യാസ്ത്രീയായി തന്നെ ജീവിക്കുന്ന സിസ്റ്റര്‍ മേരി ചാണ്ടി.
വിശ്വാസികളുടെ വിശ്വാസത്തെ മുതലെടുത്തുകൊണ്ട് പാതിരിമാര്‍ നടത്തുന്ന ലൈംഗികചൂഷണങ്ങളെക്കുറിച്ച് തുടരെത്തുടരെ വാര്‍ത്തകള്‍ വരുന്നതിനും മുമ്പുതന്നെ അവരുടെ ‘കര്‍ത്താവിന് നിരക്കാത്ത’ പ്രവൃത്തികളെക്കുറിച്ച് സ്വസ്തിയെന്ന പുസ്തകമെഴുതാനുള്ള ധൈര്യം സിസ്റ്റര്‍ക്കുണ്ടായി. വീട്ടുകാരുടെ പ്രേരണയാല്‍ കന്യാമഠത്തില്‍ ചേരുകയായിരുന്നില്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരം കര്‍ത്താവിന്റെ മണവാട്ടിയാവുകയായിരുന്നു.
1945 ജനുവരി 14 ന് പാലായില്‍ വടക്കേക്കര ചാണ്ടി-മറിയാമ്മ ദമ്പതികളുടെ ആറ് മക്കളില്‍ ഇളയവളായിരുന്നു മേരി. 1958 ല്‍ കര്‍ത്താവിന്റെ മണവാട്ടിയായി. െ്രെകസ്തവസഭയിലെ ലാറ്റിന്‍ വിഭാഗക്കാരുടെ പ്രസന്റേഷന്‍ കോണ്‍വെന്റില്‍ നാല്‍പ്പത് വര്‍ഷത്തിലേറെ സേവനം അനുഷ്ഠിച്ച ആളാണ് ഇപ്പോള്‍ 81 വയസ്സുള്ള മേരീചാണ്ടി. ഒടുവില്‍ മഠത്തിനുള്ളിലെ അധാര്‍മ്മികതയില്‍ മനം നൊമ്പ് മഠം ഉപേക്ഷിച്ചു. ഇപ്പോള്‍ വയനാട്ടിലെ പുല്‍പ്പളളിയില്‍ ശാന്തിസദന്‍ എന്ന അനാഥമന്ദിരത്തില്‍, അവിടുത്തെ അന്തേവാസികളുടെ സ്‌നേമയിയായ അമ്മയായി ജീവിതം നയിക്കുന്നു.
കത്തോലിക്കാസഭയുടെ ആലയങ്ങളിലെ അനാശാസ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചും മനുഷ്യക്കടത്തുകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട് സിസ്റ്റര്‍ മേരി ചാണ്ടിയ്ക്ക്. പ്രതികരിക്കുന്നവരെ ഏതുവിധേനയും തേജോവധം ചെയ്യുന്ന ചരിത്രമുള്ള സഭയ്‌ക്കെതിരെ സംസാരിക്കാന്‍ അവര്‍ തയ്യാറാകുന്നതും അടിയുറച്ച ദൈവഭയവും ഭക്തിയും ഉള്ളതുകൊണ്ടുതന്നെ. സിസ്റ്റര്‍ മേരി ചാണ്ടിയുടെ വാക്കുകളിലേക്ക്.
‘എല്ലാം എനിക്കറിയാം. 
എന്നെയും ഇല്ലായ്മ 
ചെയ്‌തേക്കാം…’
പൗരോഹിത്യ കുപ്പായം അണിഞ്ഞ റോബിന്‍ വടക്കുംചേരിയിലൂടെ പുറത്തുവന്നത് ക്രിസ്തീയ സഭയ്ക്കുതന്നെ അപമാനകരമായ യാഥാര്‍ത്ഥ്യങ്ങളാണ്. വര്‍ഷങ്ങളായി സഭയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെ. വയനാടിന്റെ തെക്കും വടക്കുമുളള സഭയുടെ അനാഥമന്ദിരങ്ങളില്‍ കഴിയുന്ന അന്തേവാസികളില്‍ അറുപത് ശതമാനവും പുരോഹിതന്മാരുടേയും കന്യാസ്ത്രീകളുടേയും മക്കളാണ്. ഈ കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയും കിട്ടാറുണ്ട്. കത്തോലിക്കാ സഭയുടെ ഉന്നതസ്ഥാനത്തുള്ള ഒരാളുടെ ഏഴ് കുട്ടികള്‍ സഭയുടെ ഒരു അനാഥമന്ദിരത്തിലുണ്ട്. താന്‍ പത്ത് അനാഥക്കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറഞ്ഞുനടക്കുന്നു. ഈ പേരുപറഞ്ഞ് പുരോഹിതന്‍ ധനസമാഹരണവും നടത്താറുണ്ട്. ഏഴ് കുട്ടികളും ഇയാളുടെ സ്വന്തം മക്കളാണെന്ന് എനിക്കറിയാം. കത്തോലിക്കാ സഭയിലെ ഒരു ആര്‍ച്ച് ബിഷപ്പ് ഇപ്പോഴും സ്ത്രീ വിഷയത്തില്‍ തല്‍പ്പരനാണ്. ദൈവനാമം മറയാക്കി സ്വകാര്യജീവിതം ആസ്വദിക്കുന്നവരാണ് ഇന്നത്തെ പുരോഹിതരിലേറെയും.
ഒരു പുരോഹിതന് നാലായിരം രൂപയിലധികം അവരുടെ രൂപതകളില്‍ നിന്ന് ശമ്പളമായി ലഭിക്കില്ല. റോബിന്‍ വടക്കുംചേരിയെ പോലുളളവര്‍ക്ക് പെണ്‍കുട്ടികളെ വരുതിയിലാക്കാന്‍ കണക്കില്ലാത്ത പണം എവിടെ നിന്നും കിട്ടി എന്നും മാനന്തവാടി രൂപത വ്യക്തമാക്കണം. നിരവധി പെണ്‍കുട്ടികളെ വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്ത റോബിന്റെ ബന്ധങ്ങളെക്കുറിച്ചും വരുമാന സ്രോതസുകളെക്കുറിച്ചും കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കേണ്ടതുണ്ട്. റോബിനെ പോലുളള കാമവെറിയന്മാരെ പൗരോഹിത്യ കുപ്പായം നല്‍കി സംരക്ഷിക്കുന്നത് കത്തോലിക്കാ സഭയാണെന്ന് വിശ്വാസികള്‍ അറിയണം. ഇത്തരം നിരവധി റോബിന്മാരുടെ തടവറയിലാണ് സഭാനേതൃത്വം. കുറ്റവാളിയായ ഈ പുരോഹിതന് മിനിട്ടുകള്‍ക്കകം രാജ്യം വിടാന്‍ കളം ഒരുക്കിയ സഭാനേതൃത്വം ആരോടൊപ്പമാണെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. റോബിന്‍ വടക്കുംചേരി പെണ്‍കുട്ടികളെ വിദേശ രാജ്യങ്ങളിലേക്ക് കടത്തിവിടാന്‍ സഭയുടെ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സഭാനേതൃത്വം അയാളെ വിലക്കാതിരുന്നതുതന്നെ സഭയുടെ അറിവോടെ വര്‍ഷങ്ങളായി നടന്നുവരുന്ന ഏര്‍പ്പാടാണ് ഇതെന്ന് വ്യക്തമാക്കുന്നു. സ്ത്രീകളെ ഉപഭോഗ വസ്തുവായി മാത്രം കണ്ട റോബിന്റെ കിടപ്പറയിലെ നിരവധി ഇരകളിലൊന്നുമാത്രമാണ് ഇയാളില്‍ നിന്ന് ഗര്‍ഭം ധരിച്ച് അമ്മയായ ഈ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. സ്വന്തമായി വരുമാനമില്ലാത്ത കുട്ടികള്‍ അളവില്‍ കവിഞ്ഞ പണവും ഉടയാടകളും വീട്ടില്‍ കൊണ്ടുവരുമ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ അച്ഛനമ്മമാര്‍ തയ്യാറാകണം. സെമിനാരി പഠനകാലത്തും സ്വഭാവവൈകൃതങ്ങള്‍ പ്രകടിപ്പിച്ച റോബിന് പാതിരിപ്പട്ടം നല്‍കിയത് സംശയം ജനപ്പിക്കുന്ന നടപടിയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനന്തവാടിയിലെ കുഴിനിലത്തുണ്ടായ കൂട്ടക്കൊലയും മാനന്തവാടി രൂപതയിലെ പുരോഹിതന്മാരുടെ സ്വഭാവവൈകൃതത്തിന്റെ പ്രതിഫലനമായിരുന്നു. കുഴിനിലം കേസിലെ പ്രതി രാജീവിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. അയാളില്‍ കുറ്റം അടിച്ചേല്‍പിക്കുകയായിരുന്നു. കല്‍പ്പറ്റ ഒന്നാംക്ലാസ് അതിവേഗ മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. അമ്മയും മക്കളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നംഗങ്ങളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
1999 ജൂലൈ ഒന്‍പതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുഴിനിലത്ത് ചിറ്റേപ്പറമ്പില്‍ ജോസിന്റെ ഭാര്യ റോസമ്മ, മൂത്തമകന്‍ ജോബിന്‍, ഇരട്ടക്കുട്ടികളില്‍ ഒരാളായ ജ്യോത്സ്‌ന എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കുട്ടികളിലെ ആണ്‍കുട്ടി റോബിനായിരുന്നു കേസിലെ പ്രധാന സാക്ഷി. തലയ്ക്കും കഴുത്തിനും വെട്ടേറ്റ റോബിന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനടുത്ത ക്രിസ്തീയ സ്ഥാപനത്തിലെ െ്രെഡവറായിരുന്നു ജോസ്. കേസ് സഭ അട്ടിമറിക്കുകയായിരുന്നുവെന്ന് വ്യാപക പരാതി വന്നു. സിഐ ടി.യു.ജോസഫ് ആയിരുന്നു കേസ് അന്വേഷിച്ചത്.
സിസ്റ്റര്‍ മേരി ചാണ്ടി ശാന്തിസദനിലെ കുട്ടികള്‍ക്കൊപ്പം
ആ സംഭവത്തിലെ അവശേഷിച്ച ഏക സാക്ഷിയും അന്ന് ആ നാല് വയസ്സുകാരനായിരുന്നു. ആ കുട്ടിയെ സഭയുടെ നിയന്ത്രണത്തിലുളള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടന്ന ശസ്ത്രക്രിയയില്‍ കുട്ടിക്ക് ഓര്‍മ്മ നഷ്ടപ്പെട്ടു. ഈ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ട്. ഇത് കത്തോലിക്കാ സഭയുടെ പ്രേക്ഷിത പ്രവര്‍ത്തനമായിട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭയുടെ കീഴിലെ ആതുരാലയങ്ങളില്‍ പലപ്പോഴും നടക്കുന്ന ‘ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍’ ഇത്തരത്തിലാണ്. പൗരോഹിത്യത്തിന്റെ ജീര്‍ണ്ണതകള്‍ മറയ്ക്കാനുളള ആലയങ്ങളാണിവ. കാഴ്ച്ചയുള്ള കുട്ടികളെ അന്ധരാക്കി മാറ്റി പടമമെടുത്തയച്ചും വികലാംഗരല്ലാത്തവരെ വികലാംഗരാക്കിയും കണക്കുകള്‍ തയ്യാറാക്കി സഭ വിദേശഫണ്ട് കൈപ്പറ്റുന്നു.
സഭാമേധാവികളുടെ കാമഭ്രാന്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇന്നും ആ നാലുവയസ്സുകാരന്‍. ഈശ്വരസേവയാണ് സഭകളുടെ ലക്ഷ്യമെങ്കില്‍ പള്ളികളോട് ചേര്‍ന്ന് കന്യാസ്ത്രീ മഠവും അതിന് വിളിപ്പാടകലെ അനാഥാലയവും എന്ന രീതി മാറ്റണം. പ്രപഞ്ചത്തിലെ എല്ലാ സൗകര്യങ്ങളും മനുഷ്യന് മാത്രം ഉപയോഗിക്കാനുളളതാണെന്ന ഭാഷ്യം മാറ്റണം.
പണം കൈയ്യിലുണ്ടെങ്കില്‍ പുരോഹിതരും വ്യത്യസ്തരല്ലെന്നാണ് വടക്കുംചേരികള്‍ നമ്മോട് പറയുന്നത്. ഇതിനോടകം നിരവധി ഭീക്ഷണികള്‍ ഉണ്ടായിട്ടുണ്ട്. മുപ്പത്തിയാറ് പോലീസ് കേസുകളാണ് എനിക്കെതിരെ സഭയും സഭയുമായി ബന്ധപ്പെട്ടവരും നല്‍കിയിരിക്കുന്നത്. ക്രിസ്തുദാസി കോണ്‍വെന്റ് തുടങ്ങിയത് ഞാനും സിസ്റ്റര്‍ ആനിജോസും ചേര്‍ന്നാണ്. പത്താം ക്ലാസ് പാസ്സായ കുടുംബജീവിതമില്ലാത്ത മുപ്പത് വയസ്സ് തികഞ്ഞവരുടെ ആശ്രയകേന്ദ്രമെന്ന നിലയില്‍ വയനാട് ജില്ലയിലാണ് ആരംഭം. എന്നാല്‍ പിന്നീട് ഇവിടുത്തേക്കുള്ള സിസ്റ്റര്‍മാരെ പാതിരിമാരാണ് സെലക്ട് ചെയ്ത് കൊണ്ടുവന്നത്. ഇതിന്റെ പിന്നിലും ദുരൂഹതയുണ്ടായി. െ്രെകസ്തവ സഭകളിലെ മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ തുറന്നുകാട്ടുന്ന എന്നെ ഏത് സമയത്തും അവര്‍ ഇല്ലായ്മ ചെയ്‌തേക്കാം. അതാണ് ദൈവനിശ്ചയമെങ്കില്‍ അത് സ്വീകരിക്കാനും ഞാന്‍ തയ്യാറാണ്.
http://www.janmabhumidaily.com/news585209

ജന്മഭൂമി: http://www.janmabhumidaily.com/news585209#ixzz4bpEpwkpt

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin