അഭയക്ക് ഇനിയും നീതിയില്ല
കുറവിലങ്ങാട്/കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. 1992 മാര്‍ച്ച് 27 ന് രാവിലെയാണ് അഭയയുടെ മൃതദേഹം കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. ഉഴവൂര്‍ അരീക്കര ഐക്കരക്കുന്നേല്‍ എം.തോമസ്, ലീലാമ്മ ദമ്പതികളുടെ മകളായ സിസ്റ്റര്‍ അഭയ കോട്ടയം ബിസിഎം കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. പോലീസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരും കൊലയാണെന്ന് കണ്ടെത്തിയ്.
പ്രതികളായ സിസ്റ്റര്‍ സെഫി, ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍ എന്നിവരെ അറസ്റ്റു ചെയ്യുകയും ഇവരെ നാര്‍ക്കോ അനാലിസിസിന് വിധേയരാക്കുകയും ചെയ്‌തെങ്കിലും കേസ് അനന്തമായി നീട്ടുകയാണ്. പ്രതികള്‍ മഠങ്ങളിലും സഭാ കേന്ദ്രങ്ങളിലും സുഖമായി കഴിയുന്നു.
കേരളത്തിലെ കന്യാസ്ത്രീ മഠങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ക്രൂരതകള്‍ പുറംലോകത്തേക്ക് എത്തുന്നതിന് വഴിവെച്ചത് അഭയയുടെ കൊലപാതകമാണ്. മകളുടെ ജീവനപഹരിച്ചവരെ നീതിപീഠത്തിനു മുന്‍പില്‍ കൊണ്ടുവരികയെന്ന ലക്ഷ്യവുമായി 24 വര്‍ഷം നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ അന്തിമവിധിക്ക് കാത്തുനില്‍ക്കാതെ അച്ഛന്‍ ഉഴവൂര്‍ അരീക്കര ഐക്കരക്കുന്നേല്‍ എം.തോമസും അമ്മ ലീലാമ്മയും മരണത്തിന് കീഴടങ്ങി.
ജീവിതത്തിന്റെ നല്ലൊരുഭാഗവും മകളുടെ ഘാതകരെ കണ്ടെത്താന്‍ നീതിപീഠങ്ങള്‍ക്ക് മുന്‍പില്‍ അലഞ്ഞ മാതാപിതാക്കള്‍ക്ക് നാട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതിനാല്‍ നാടുപേക്ഷിച്ച് കുറവിലങ്ങാട്ടേക്ക് താമസം മാറ്റേണ്ടിവന്നു. ഇവിടെവച്ചായിരുന്നു ഇരുവരുടെയും അന്ത്യവും. കേസില്‍ പ്രതികളായവരെ സിബിഐ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീടുണ്ടായ രാഷ്ട്രീയ ഇടപെടല്‍മൂലം വിചാരണ നടപടികള്‍ തടസ്സപ്പെട്ടതിനാല്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചില്ലെന്ന ദുഃഖം അവരെ മരണംവരെയും അലട്ടിയിരുന്നു.
ഇരുവരും നീതിക്കായി മുട്ടാത്ത വാതിലുകളില്ല. ഇതിനിടെ അസുഖബാധിതനായ തോമസ് തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് 2016 ജൂലൈ 26ന് മരണമടഞ്ഞു. തോമസ് മരിച്ചതോടെ ഒറ്റപ്പെട്ട ലീലാമ്മയും പിന്നീട് അധികനാള്‍ ജീവിച്ചില്ല. മകളുടെ ഘാതകരെ ദൈവം തന്നെ ശിക്ഷിക്കുമെന്ന ആത്മവിശ്വാസത്തോടെ ലീലാമ്മയും മകളുടെയും ഭര്‍ത്താവിന്റെയും അടുക്കലേക്ക് യാത്രയായി. ഇന്നും അഭയക്കേസ് എങ്ങുമെത്താതെ നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങിക്കിടക്കുന്നു. സിബിഐ എന്ന കുറ്റാന്വേഷണ ഏജന്‍സി കണ്ടെത്തിയ പ്രതികള്‍ സ്വദേശത്തും വിദേശത്തുമായി സഭാനേതൃത്വങ്ങളുടെ പിന്‍ബലത്തില്‍ സസുഖം കഴിയുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news590490#ixzz4cNqvfFe7
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin