Thursday, 2 March 2017

റോബിൻ എന്ന നരാധമൻ പുറത്ത് ചാടിയത് ആ കുരുന്നു പ്രസവിച്ചതുകൊണ്ടു മാത്രം; പുറം ലോകം അറിയാത്ത എത്രയോ തെണ്ടികൾ ഇപ്പോഴും ളോഹയിട്ട് പീഡന കൃഷി തുടരുന്നു; കടുക്കാ വെള്ളം കുടിക്കുന്നതുകൊണ്ടും പെണ്ണു കെട്ടുന്നതുകൊണ്ടും തീരുകയില്ല ഈ രോഗം; വിശ്വാസികൾ അനുഭവിക്കുന്ന ഈ നാണക്കേടിന്റെ പൂർണ്ണ ഉത്തരവാദിത്വം തിരുമേനിമാരെ നിങ്ങൾക്ക് മാത്രമാണ്

March 02, 2017 | 10:31 AM | Permalink

http://www.marunadanmalayali.com/news/editorial/plus-two-rape-case-against-fr-robin-vadakkancheril-editorial-67442


എഡിറ്റോറിയൽ

കേരളത്തിലെ ക്രിസ്ത്യാനികൾക്ക് വിശിഷ്യാ സീറോ മലബാർ കത്തോലിക്കർക്ക് ഏറ്റവും വലിയ നാണക്കേടിന്റെ ദിനങ്ങളാണ് കടന്നു പോകുന്നത്. വഴിയെ പോകുന്നവരെല്ലാം കാർക്കിച്ചു തപ്പുകയും കല്ലെടുത്ത് എറിയുകയും ചെയ്യുമ്പോൾ തല തിരിക്കാൻ പോലും കഴിയാതെ അപമാന ഭാരത്താൽ മുഖം താഴ്‌ത്താനെ അവർക്ക് കഴിയുന്നുള്ളൂ. ഈ അപമാനം എല്ലാം അവർ പേറുന്നത് റോബിൻ എന്നു പേരുള്ള ഒരു നരാധമനായ ക്രിമിനൽ കാട്ടിക്കൂട്ടിയ വൃത്തികേടിന്റെ ഫലമാണ്. അവൻ വെള്ള ളോഹയിട്ടു കുഞ്ഞാടുകളെ കുമ്പസാരിപ്പിച്ചും അവരുടെ നാവിൻ തുമ്പിലേക്ക് വിശുദ്ധ കുർബ്ബാന എടുത്തു നൽകിയും ഇത്രയും കാലം ലോകത്തെയും ദൈവത്തെയും കബളിപ്പിക്കുകയായിരുന്നു.
ആരെക്കുറിച്ചെങ്കിലും ഇത്തരം ആരോപണങ്ങൾ ഉണ്ടാകുമ്പോൾ കുറച്ചു പേരെങ്കിലും ആരോപണവിധേയനൊപ്പം നിൽക്കുന്നത് കാണാം. ചതിക്കപ്പെട്ടതാണെന്നും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ചിലരെങ്കിലും പറയുമ്പോൾ വിദൂര സാധ്യത എങ്കിലും സംശയിക്കപ്പെടാറുമുണ്ട്. എന്നാൽ അത്തരത്തിലുള്ള ഒരു ആനുകൂല്യവും ദയയും ഈ വൃത്തികെട്ട മനുഷ്യൻ അർഹിക്കുന്നില്ല. അവൻ കുറ്റം സമ്മതിച്ചു എന്നത് മാത്രമല്ല ആ പരമ നാറിയെ രക്ഷിക്കാൻ ഇരയായ പെൺകുട്ടിയുടെ വീട്ടുകാർ പോലും ശ്രമിച്ചു എന്നത് തന്നെ ഇവൻ ഒരു ദയയും അർഹിക്കാത്ത ഭ്രാന്തൻ നായയാണ് എന്നു കരുതാൻ മതിയാവും. സ്വന്തം ഗർഭത്തിന്റെ ഉത്തരവാദിത്വം ഇരയുടെ പിതാവിന്റെ പുറത്ത് കെട്ടി വയ്ക്കാൻ ശ്രമിച്ച ഈ തെണ്ടിയെ ഏതു ഭാഷ ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത്.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാൻ മൂന്നു വർഷം മുൻപ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പോക്‌സോ നിയമത്തിൽ ഞങ്ങൾക്ക് വിശ്വാസമാണുള്ളത്. അതുകൊണ്ട് തന്നെ ജാമ്യം പോലും ലഭിക്കാതെ അഞ്ചോ ആറോ മാസം കൊണ്ട് വിചാരണ പൂർത്തിയാക്കി ഈ മനുഷ്യൻ തടവറയിൽ ആകുമെന്നു വിശ്വസിക്കാം. കുട്ടിയുടെ ഡിഎൻഎ മാത്രം പരിശോധിച്ചാൽ കുറ്റം തെളിയുമെന്നിരിക്കെ ഈ മനുഷ്യൻ ശിക്ഷിക്കപ്പെടും എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാവേണ്ട കാര്യമില്ല. അപരിചിതനായ ഒരു ക്രിമിനൽ ബലാത്സംഗത്തിന്‌  ഇരയാക്കുന്നത് പോലെയല്ല രക്ഷകരാവേണ്ട പിതാവും സഹോദരനും വൈദികരും അദ്ധ്യാപകരും ഒക്കെ പീഡിപ്പിക്കുന്നത്. ഇത്തരക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കാനോ ജീവിത കാലം മുഴുവനും ജയിലിൽ അടയ്ക്കാനോ ഉതകുന്ന വിധത്തിൽ നിയമം പരിഷ്‌കരിക്കേണ്ടിയും ഇരിക്കുന്നു.
ഇത്രയും വലിയൊരു നാണക്കേടിലേക്ക് സീറോ മലബാർ സഭാ വിശ്വാസികളെ തള്ളിയിട്ടതിന് റോബിൻ എന്ന ഭ്രാന്തൻ ക്രിമിനലിനെ മാത്രം കുറ്റപ്പെടുത്തപ്പെട്ടാൽ മതിയോ? റോബിന്മാരെ സൃഷ്ടിക്കുന്ന സഭയുടെ വ്യവസ്ഥിതിയാണ് യഥാർത്ഥ കുറ്റക്കാരൻ എന്നു തിരിച്ചറിഞ്ഞാൽ മാത്രമേ ഇനിയും ഇത്തരം നാണക്കേടുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സഭക്കു പറ്റൂ. റോബിന്റെ കാര്യം മാത്രം എടുക്കുക. ഇരുപതുകൊല്ലം മുൻപ് സഭയുടെ ഉടമസ്ഥതയിലുള്ള കൽപ്പറ്റ ഡീ പോൾ സ്‌കൂളിലെ അസിസ്റ്റന്റ് മാനേജർ ആയിരുന്നപ്പോൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ പുലിവാല് പിടിച്ചതാണ്. അന്നു ആ സ്‌കൂളിൽ നിന്നും പുറത്താക്കിയ ഒരാൾ വൈദികനായി തുടർന്നു എന്നിടത്താണ് സഭയുടെ ആദ്യ തിന്മ ആരംഭിക്കുന്നത്..
ഇയാളുടെ കാര്യത്തിൽ സഭയുടെ ഉത്തരവാദിത്വം അതിനും അപ്പുറമാണ്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഈ കാലമാടനെ സഭ,  രൂപതയിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ചുമതലയുള്ള കോർപ്പറേറ്റ് മാനേജരാക്കിയെന്നതും സഭയുടെ എല്ലാം തികഞ്ഞ അപൂർവ്വ നേതാക്കളിൽ ഒരാളായിരുന്ന ഫാ: മാത്യു വടക്കേമുറി തുടങ്ങി വച്ച ഇൻഫാമിന്റെ ചുമതലക്കാരൻ ആക്കിയെന്നതും നിസ്സാര കാര്യമല്ല. വിശ്വാസികളുടെ പത്രമായ ദീപികയുടെ എംഡി വരെയായി ഈ മനുഷ്യൻ വളർന്നു. ജോലി ചെയ്തിടത്തും ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചിടത്തുമെല്ലാം  ഇയാൾ ലൈംഗികപവാദ കഥകളിലെ നായകനായി. ഒട്ടേറെ വിവാഹ ബന്ധങ്ങൾ ഇയാൾ മൂലം തകർന്നിട്ടുണ്ട് എന്നു വ്യക്തമായി തന്നെ റിപ്പോർട്ടുകൾ ഉണ്ട്.
ഇയാൾ നിരന്തരമായി എന്നിട്ടും സ്ത്രീകളോടും കുട്ടികളോടും അടുത്തു ഇടപെട്ടു കൊണ്ടിരുന്നു. നേഴ്‌സിങ് പഠനം എന്ന പേരിൽ ഇയാൾ പെൺകുട്ടികളെ ആന്ധ്രയിലേക്കും കർണ്ണാടകയിലേക്കും കൊണ്ടു പോയി. ഒരു ഉളുപ്പുമില്ലാതെ പള്ളിമേടയിലേക്ക് കൊണ്ടു പോയി എട്ടും പൊട്ടും തിരിയാത്ത ഒരു കുരുന്നു പെൺകുട്ടിയെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കി. പെൺകുട്ടി പ്രസവിച്ചിട്ടു പോലും കൂസൽ ഇല്ലാതെ വിശ്വാസികൾക്ക് ഈ ദുഷ്ടന്റെ കൈകൾ കൊണ്ടു വിശുദ്ധ കുർബ്ബാന വിഭജിച്ചു നൽകി. അപ്പന് പണം നൽകി ഒതുക്കിയ കേസ് പൊങ്ങി വരും എന്നു കണ്ടപ്പോൾ നാണമില്ലാകെ നാടുവിടാൻ പദ്ധതിയിട്ടു. തുടർച്ചയായ ഈ തെറ്റുകൾക്ക് റോബിൻ എന്ന മഹാ പ്രതിയേക്കാൾ ഉത്തരവാദി സഭാ നേതൃത്വം തന്നെയാണ്.
കൽപ്പറ്റ സ്‌കൂളിലെ സംഭവത്തോടെ വൈദിക പട്ടം തടഞ്ഞു നിയമത്തിന് മുൻപിൽ എത്തിക്കേണ്ടിയിരുന്ന ഒരുത്തൻ ആണ് വീണ്ടും 30 വർഷം കൂടി പീഡന പർവ്വം തുടർന്നത്. ഇതൊന്നും സഭാ  അധികൃതർ അറിഞ്ഞില്ല എന്നു പറഞ്ഞാൽ അതു നുണ മാത്രമാണ്. ഈ പെൺകുട്ടി പ്രസവിച്ചിരുന്നില്ലെങ്കിൽ ഒരിക്കലും ഈ സംഭവം പുറം ലോകം അറിയുമായിരുന്നില്ല എന്നോർക്കണം. പ്രസവിച്ചിട്ടു പോലും 20 ദിവസം ആരും അറിഞ്ഞില്ല എന്നോർക്കുമ്പോൾ ആണ് ഏതു കാപാലികനും ഇത്തരം ക്രിമിനൽ പ്രവർത്തികൾ ചെയ്യാനും ഇതു മറച്ചു വച്ചു സഖുമായി ജീവിക്കാനും ഇവിടെ വഴിയുണ്ട് എന്നു വ്യക്തമാകുന്നത്.
ഈ പെൺകുട്ടി പ്രസവിച്ചതു കൊണ്ട് ഒരു റോബിനെ പുറം ലോകം അറിഞ്ഞു. പ്രസവിക്കാത്തതുകൊണ്ട് മാത്രം പീഡിപ്പിക്കപ്പെടുന്ന എത്ര കുട്ടികൾ കാണും. പീഡനത്തിന് ഇരയാകുന്ന ആൺകുട്ടികളുടെ കഥ ആർക്കും അറിയില്ല. മക്കളെ ജനിപ്പിച്ചു സ്ത്രീകൾക്ക് ചെലവിനു കൊടുക്കുന്ന അനേകം വൈദികരുടെ കഥ അവിടെയും ഇവിടെയും കേൾക്കാറുണ്ട്. ഇതൊക്കെ രഹസ്യമാക്കി വച്ചു പീഡകരെ പ്രോത്സാഹിപ്പിക്കുന്ന സഭയ്ക്ക് ദൈവം നൽകിയ ശിക്ഷയാണ് ഈ നാണക്കേട്. ആത്മഹത്യ ചെയ്ത ഓരോ കന്യാസ്ത്രീകളുടെയും ജീവചരിത്രം ചികഞ്ഞാൽ ഇങ്ങനെ ഒരുപാടു ദുരന്ത കഥകൾ കാണും.
ഈ അടുത്ത കാലത്ത് വാഗമണ്ണിന് സമീപം പുള്ളിക്കാനത്ത് ഒരു കന്യാസ്ത്രീയുടെ ആത്മഹത്യയിലേക്ക് വഴിതെളിയിച്ച വൈദികൻ ഇപ്പോഴും കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു മലയോര ഗ്രാമത്തിൽ വൈദികനായി ആത്മീയ ശുശ്രൂഷ തുടരുന്നുണ്ട്. കോതമംഗലം രൂപതയിൽ നിന്നും അവിഹിത ഗർഭം ധരിപ്പിച്ചതിന്റെ പേരിൽ ഒരു വൈദികനെ ഈ അടുത്ത കാലത്ത് സഭാ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി രൂപതയിലെ ഒരു പള്ളിയിലെ വികാരിക്കു ഒരു സ്ത്രീയുമായി ബന്ധം ഉണ്ടാവുകയും കുഞ്ഞു ജനിക്കുകയും ചെയ്തതായും ആ കുഞ്ഞിനെയും അമ്മയെയും നോക്കാൻ ഏർപ്പാടിക്കിയ കൊച്ചച്ചനുമായി പിന്നീട് ബന്ധം ഉണ്ടായതായും ഒരു വാർത്തയുണ്ട്. ഇങ്ങനെ എത്രയോ വാർത്തകൾ പുറം ലോകം അറിയാതെ പോകുന്നു.
അച്ചന്മാർക്ക് കടുക്കാ വെള്ളം ഉറപ്പു നൽകിയതു കൊണ്ടോ അവരെ പിടിച്ചു പെണ്ണു കെട്ടിച്ചതുകൊണ്ടോ മാത്രം തീരുന്നതല്ല ഈ പ്രശ്‌നം. കുട്ടികളെ പീഡിപ്പിക്കുന്നവരുടെ അസുഖം പെണ്ണ് കെട്ടിച്ചാൽ തീരില്ല. അവർക്ക് വേണ്ടത് ജയിലും അവഹേളനവും മാത്രമാണ്. അതേ സമയം സ്വതന്ത്ര സഭയെന്ന നിലയിൽ വൈദികർക്ക് വിവാഹം കഴിക്കാൻ വേണമെങ്കിൽ റോമിൽ നിന്നും അനുമതി കിട്ടുമെന്നിരിക്കെ എന്തുകൊണ്ട് അതു വേണ്ടന്നു വച്ചു എന്നതും ചർച്ച ചെയ്യേണ്ടതാണ്‌. കത്തോലിക്ക സഭയുടെ കീഴിലുള്ള ഉക്രെയിൻ സഭയ്ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ട്.  സീറോ മലബാർ സിനഡ് ചേർന്ന് വൈദികർക്ക് വിവാഹം കഴിക്കാൻ അനുമതി ചോദിച്ചാൽ ലഭിക്കാവുന്നതേയുള്ളൂ. വിവാഹം കഴിക്കാൻ അനുമതിയുള്ള മാർത്തോമ്മ - യാക്കോബായ - ഓർത്തഡോക്‌സ് വൈദികർക്കിടയിൽ ഇത്രയധികം പീഡന കഥകൾ കേൾക്കാനില്ല എന്നതുകൊണ്ടുതന്നെ ഇതു പരീക്ഷിക്കാവുന്നതാണ്.
എന്നാൽ ഏറ്റവും പ്രധാനമായ കാര്യം പോപ്പ് ഫ്രാൻസിസ് പറഞ്ഞത് പോലെ ലൈംഗിക പീഡനങ്ങളുടെ കാര്യത്തിൽ ഒരു സീറോ റ്റോലറൻസ് നിലപാട് എടുക്കുക എന്നതാവണം. വൈദികർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ അപ്പോൾ തന്നെ അന്വേഷിക്കാനുള്ള ഒരു സമിതി എല്ലാ രൂപതകളിലും ആരംഭിക്കണം. അതിൽ വൈദികർ മാത്രം പോര വിശ്വാസികളും അംഗമാവണം. ആരോപണം ഉയർന്നാൽ തന്നെ പ്രാഥമിക അന്വേഷണം നടത്തി പ്രഥമ ദൃഷ്ട്യാ കുറ്റം കണ്ടെത്തിയാൽ പൊലീസിന് കൈമാറുകയും സഭാ നടപടികളിൽ നിന്നും പുറത്താക്കുകയും വേണം. ഉഭയകക്ഷി സമ്മത പ്രകാരം ഉള്ള ബന്ധം ആണെങ്കിൽ സ്ഥലം മാറ്റി വേണം പരിഹാരം ഉണ്ടാക്കാൻ.
എന്നാൽ അവരുടെ പുതിയ ഇടവകയിലെ ബന്ധങ്ങളുടെ മേൽ ഒരു കണ്ണുണ്ടാവണം. മറച്ച് വയ്ക്കാൻ കൂട്ടു നിൽക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ വേണം. എങ്കിൽ മാത്രമേ സഭയ്ക്ക് തുടർച്ചയായി ഉണ്ടാകുന്ന ഈ അപമാനത്തിൽ നിന്നും രക്ഷപെടാൻ കഴിയൂ.
- See more at: http://www.marunadanmalayali.com/news/editorial/plus-two-rape-case-against-fr-robin-vadakkancheril-editorial-67442#sthash.3LP8qQRr.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin