മെൽബൺ/താമരശേരി: ഓസ്ട്രേലിയയിലെ മെൽബണിൽ ഞായറാഴ്ച കുർബാനയ്ക്ക് ഒരുങ്ങവേ മലയാളിവൈദികനു കുത്തേറ്റു. താമരശേരി രൂപത വൈദികനായ ഫാ.ടോമി കളത്തുരിനു(48)നേരേയാണ് ഓസ്ട്രേലിയയിൽ വംശീയാക്രമണം ഉണ്ടായത്. മെൽബണിലെ ഫാക്നർ നോർത്തിലാണു സംഭവം. അവിടെയുള്ള സെന്റ് മാത്യു പള്ളിയിൽ വികാരിയാണ് ഫാ. ടോമി കളത്തൂർ.
ഇന്നലെ വിശുദ്ധ കുർബാനയ്ക്കുവേണ്ടി തയാറായി ദേവാലയത്തിലെത്തിയ വൈദികനോട് അവിടെയെത്തിയ അക്രമി തനിക്കു ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കു സമയമായതിനാൽ അതിനുശേഷം സംസാരിക്കാമെന്നു പറഞ്ഞ വൈദികനെ ഇയാൾ ആക്രമിക്കുകയായിരുന്നു.
കൈയിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്തു വൈദികന്റെ കഴുത്തിൽ കുത്തി. വിശുദ്ധകുർബാനയുടെ തിരുവസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള മറ്റു കട്ടികൂടിയ വസ്ത്രങ്ങളും ധരിച്ചിരുന്നതിനാലാണു കഴുത്തിൽ ആഴത്തിൽ മുറിവേൽക്കാ തിരുന്നത്. സംഭവശേഷം അക്രമി രക്ഷപ്പെട്ടുവെന്നറിയുന്നു. ഇയാൾ ഇറ്റലിക്കാരനാണെന്നാണ് പോലീസ് നൽകുന്ന സൂചന. വൈദികനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിട്ടയയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച അക്രമി ദേവാലയത്തിൽ വന്ന് വൈദികനോട് ഇന്ത്യക്കാരനാണോ എന്നു ചോദിക്കുകയും ആണെങ്കിൽ വിശുദ്ധകുർബാന അർപ്പിക്കാൻ പാടില്ല എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാൾ ദേവാലയത്തിൽ വന്നിരുന്നെങ്കിലും തിരുക്കർമങ്ങളിൽ പങ്കെടുത്തിരുന്നില്ല.
താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഫാ. ടോമി കളത്തൂരുമായി ഫോണിൽ സംസാരിച്ചു. ആനക്കാംപൊയിൽ കരിമ്പ് സ്വദേശിയാണ് ഫാ. ടോമി. 1994ൽ വൈദികനായ ഇദ്ദേഹം അടയ്ക്കാക്കുണ്ട്, കല്ലുരുട്ടി, ചുണ്ടത്തും പൊയിൽ, വെറ്റിലപ്പാറ തുടങ്ങിയ ഇടവകകളിൽ വികാരിയായും താമരശേരി അൽഫോൻസ സ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നാലു വർഷമായി മെൽബൺ ലത്തീൻ രൂപതയ്ക്കായി ശുശ്രൂഷ ചെയ്യുകയാണ്. ഫാ. ടോമി കളത്തൂരിനു നേരേ നടന്ന ആക്രമണത്തിൽ താമരശേരി രൂപത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin