മാണി മന്ത്രിയായത് പാര്‍ട്ടി ഭരണഘടന ലംഘിച്ചെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍
പത്തനംതിട്ട: പാര്‍ട്ടി ഭരണഘടന ലംഘിച്ചാണ് കെ.എം. മാണി മന്ത്രിയായതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളാ കോണ്‍ഗ്രസ് (എം) ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് ഒരേ സമയം പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ആകാന്‍ സാധിക്കില്ല. 2010-നു ശേഷം പാര്‍ട്ടി ഭരണഘടനയില്‍ കേരളാ കോണ്‍ഗ്രസ് ഏതെങ്കിലും ഭേഭഗതി വരുത്തിയതായി അറിയില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്‌തമാക്കി.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്. 2013 മേയ് 24 മുതല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സംഘടനാ തെരഞ്ഞെടുപ്പ് തടസപ്പെട്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച കമ്മിഷന്റെ കത്തിനോട് ഇതുവരെ കേരള കോണ്‍ഗ്രസ് (എം) പ്രതികരിച്ചിട്ടില്ലെന്നും മറുപടിയില്‍ വ്യക്‌തമാക്കുന്നു. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞതോടെ മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഇതുസംബന്ധിച്ച ആരോപണവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍, പാര്‍ട്ടി ഭരണഘടനയില്‍ ആവശ്യമായ മാറ്റം വരുത്തിയെന്നായിരുന്നു കേരളാ കോണ്‍ഗ്രസ്(എം) നേതാക്കളുടെ വിശദീകരണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി ഈ വാദത്തിന് എതിരാണ്. വിഷയത്തില്‍ പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ കോ വാറന്റോ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന്റെ നടപടികള്‍ പുരോഗമിക്കുന്ന വേളയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി മാണിക്ക് തിരിച്ചടിയാകും. പാര്‍ട്ടി ചെയര്‍മാന്‍ സ്‌ഥാനവും മന്ത്രിപദവും ഒരാള്‍ വഹിക്കുന്നതിനുള്ള വിലക്ക് മറച്ചുവച്ചാണു തെരഞ്ഞെടുപ്പു കമ്മിഷനില്‍ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ പുതുക്കിയതെന്നും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അംഗീകാരം റദ്ദാക്കാന്‍ കോടതി ഇടപെടണമെന്നുമാണ് പി.സി. ജോര്‍ജിന്റെ ഹര്‍ജിയിലെ ആവശ്യം. മാണിയെ മന്ത്രിസ്‌ഥാനത്ത്‌നിന്നും നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സജിത്ത് പരമേശ്വരന്‍
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin