Wednesday, 27 May 2015

കളിക്കുന്നതു മുഴുവൻ കള്ളക്കളി !
ഈ കാഞ്ഞിരപ്പള്ളി മെത്രാനു വേറെ ഒരു പണീം ഇല്ലെന്നു തോന്നുന്നു, വീണ്ടും ഇൻഫാമും കൊണ്ടു വരുന്നുണ്ട്. ഇൻഫാമിന്റെ ഒരൂ മുൻ ജില്ലാ പ്രസിഡന്റാണ് ഇപ്പോൾ പറയുന്നത്, ഇൻഫാം ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന്. കൃത്യം കണക്കുകൾ നിരത്തിക്കൊണ്ടു പറയുന്നതിനെ കണ്ണടച്ചു കാണിച്ചാൽ ശരിയാകുമോ മെത്രാച്ചാ? ആകുമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എവിടെ കർഷകൻ ചിന്താക്കുഴപ്പത്തിൽ ആകുന്നുവോ അവിടെ ഇറക്കുമതി ചെയ്യാൻ പാകത്തിൽ ഇൻഫാമിനെ ഒരുക്കി നിർത്തിയിരിക്കുകയാണ്, എന്നു കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി. പശ്ചിമഘട്ടം മൂത്തു വന്നപ്പോൾ, ഇടുക്കിയിലെ കാടുകളിൽ നിന്നു കുറുക്കന്മാരും ഇൻഫാം ഇൻഫാം എന്നോലിയിടുന്നത് എല്ലാവരും കേട്ടതല്ലേ? ഈ കാഞ്ഞിരപ്പള്ളീയിലാണ് രൂപതയുടെ പേരിൽ എന്ന വ്യാജേന പണ്ടൊരു സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ നിന്നതും കോൺഗ്രസ്സിന്റെ ജോസഫ് വാഴക്കൻ തോറ്റതും. അന്നു ജയിച്ച കണ്ണന്താനം പിന്നീട് അറക്കന്റെ ഇഷ്ടതാരമായതു നാം കണ്ടു. അന്നദ്ദേഹത്തെ ജയിപ്പിക്കാനായിരുന്നു ആ കളിയെന്ന് ഇപ്പോൾ ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ പറ്റുമൊ? കളിക്കുന്നതു മുഴുവൻ കള്ളക്കളിയെന്നു ചിന്തിക്കുന്നതാണോ തെറ്റ്? കോൺഗ്രസ്സിനെ എതിർത്തോളൂ, പിണറായിയെ അനുസരിക്കുകയും ചെയ്തോളൂ. ഓഡിയിലോ പോഷേയിലോ ഷെവർലേയിലൊ സഞ്ചരിച്ചോളൂ; പക്ഷെ, അതത്മായന്റെ ചെലവിൽ വേണ്ട ജേഷ്ടാ? അതു കർത്താവിന്റെ മറവിൽ വേണോ ജേഷ്ടാ? ഈ മെത്രാൻ ജർമ്മനിയിൽ ഇറങ്ങിയാൽ പഴത്തൊലി എറിയുമെന്നു ജർമ്മൻ കത്തോലിക്കർക്കു പറയേണ്ടി വന്നില്ലെ? ഇപ്പോ വീട്ടിൽ ഇരിക്കാറായല്ലൊ. നില വിട്ടാൽ ഒരു തട്ടിലും വാഴില്ല.

തട്ടിപ്പില്ലാത്ത ഒരു സഭാപദ്ധതിയെപ്പറ്റി കേൾക്കാനേയില്ലെന്നായിട്ടുണ്ട്. എറണാകുളം രൂപതയുടെ വാറ്റ്കണക്ക് കേട്ടിട്ടില്ലാത്തവർ കേട്ടോളൂ. എന്നിട്ട് തീരുമാനം പറ. ഒരു പള്ളിയിൽ ഒരു ദിവസം ഒരു കുർബാനക്ക് രണ്ടു ടേബിൾ സ്പൂണ്‍ ഉപയോഗിച്ചാൽ, ഒരു കൊല്ലം 365 x 2 = 730 ടേബിൾ സ്പൂണ്‍ വീഞ്ഞു വേണം. ഒരു ലിറ്റർ എന്ന് പറഞ്ഞാൽ 67 ടേബിൾ സ്പൂണാണ്. അതായത്, ഒരു പള്ളിക്ക് ഒരു കൊല്ലം 730/67=10.89 ലിറ്റർ വീഞ്ഞു വേണം. എറണാകുളം അതിരൂപതയിൽ പള്ളികൾ 440. അവിടെ വേണ്ടത്, 440 x 10.89 =4791 ലിറ്റർ. 23 വർഷം മുൻപ് അനുവദിച്ച, കൊല്ലത്തിൽ 1600 ലിറ്റർ ഇപ്പോൾ 5000 ലിറ്റർ ആക്കി തരുവാൻ രൂപത ആവശ്യപെട്ടത് തെറ്റാണോ? 23 വർഷത്തിനു ശേഷം പള്ളികൾ എത്ര കൂടി? പുതിയ അനുവാദപ്രകാരം, ഇവിടെ മിച്ചം വരുന്നത്, (5000-4791= 209) രൂപത വെറുതെ കളയാൻ പോകുന്നു. (ഈ കണക്കു ഫെയിസ് ബുക്കിൽ കണ്ടതാണ്; രൂപതയുടെ കണക്ക്, ഇതാണോ അല്ലയൊ എന്നൊന്നും എനിക്കറിയില്ല. പക്ഷെ, രൂപതാ കണക്കിനോട് സാമ്യം കാണൂന്നുണ്ട്). ചോദിച്ചോട്ടെ? ഒരു പള്ളിയിൽ ഒരാഴ്ചയിൽ ആകെ 7 കുർബാന വെച്ചേ മുൻ വർഷങ്ങളിൽ നടന്നിരുന്നുള്ളോ? കഴിഞ്ഞ വർഷങ്ങളിൽ അനുവദിച്ചിരുന്ന 1600 ലിറ്ററല്ല രൂപത വാറ്റിക്കൊണ്ടിരുന്നതെന്നു സ്പഷ്ടമല്ലേ? മാത്രമല്ല, 'ഈ വീഞ്ഞ് വേറെ ആവ്വശ്യത്തിന് വിലക്കു വാങ്ങിയവരുമുണ്ട്, സൽക്ക്ക്കരിക്കാൻ ഉപയോഗിച്ചിട്ടുമുണ്ട്'; വെള്ളാപ്പള്ളി നടേശൻ ഇങ്ങനെ പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിക്കേട്ടില്ലല്ലൊ! വ്യക്തിഗത സഭയായ മാർത്തൊമ്മാ സഭക്കു ഭാരതീയ പാരമ്പര്യമനുസരിച്ച്, വീഞ്ഞു വേണമെന്നാരു പറഞ്ഞു? എന്റെ മെത്രാച്ചോ, പഴയ അടി ഇവിടെ ഇനി നടക്കില്ല. സലോമിയുടെ മരണ കാരണം പോപ്പുലർ ഫ്രണ്ടാണെന്നു പറയുന്ന ആരെയെങ്കിലും കാണിച്ചു തരാമൊ? സത്യം പറയാൻ ആർക്കും ഇപ്പോ മടിയില്ലച്ചാച്ചന്മാരെ.

ഇത്ര മൂപ്പാണെങ്കിൽ എവന്മാരെ മൂക്കിൽ കയറ്റിയേക്കാം എന്നു ചിന്തിച്ചും സമയം കളയണ്ട മെത്രാച്ചന്മാരെ. അത്മായനെ ഉരുട്ടുന്ന കാലം പോയി. ഒരു ചുക്കും അവരെ ഇനി ചെയ്യാൻ പോകുന്നില്ല. കുട്ടികളേ പള്ളികളിൽ നിന്നിറക്കി വിട്ടാൽ, കൂദാശകൾ നിഷേധിച്ചാൽ, ശ്മശാനം അടച്ചിട്ടാൽ.... ദശാംശം കിട്ടിയില്ലെന്നു പറഞ്ഞു മുറുമ്മിയാൽ, എന്താ ചെയ്യേണ്ടതെന്നു KCRMലെയോ JCC യിലെയോ ആരോട് ചോദിച്ചാലും പറഞ്ഞും കൊടുക്കും, വേണ്ടത് ചെയ്തും കൊടുക്കും. 12 ലക്ഷം, കന്യാസ്ത്രിക്കു കൊടുക്കേണ്ടി വന്നത് ഓർമ്മയുണ്ടല്ലൊ അല്ലേ? മത്തങ്ങാ കമ്മറ്റിക്കു നേരെയാക്കാൻ ഇവിടെ വഴികളൊന്നും കാണില്ല മെത്രാച്ചന്മാരെ. ഇത്രേം നാളും അത്മായർ പറഞ്ഞു കൊണ്ടിരുന്നതു രണ്ടു മൂന്നു സിമ്പിൾ കാര്യങ്ങളാ. 1 പള്ളിക്കകത്തെ കാര്യം അച്ചൻ നോക്കുക, പുറത്തെ കാര്യം അത്മായൻ നോക്കുക. 2 മെത്രാന്റെ ജോലി അത്മായനെ ഭരിക്കലല്ല, നയിക്കലാണ്. 3 പോക്രിത്തരം കാണിക്കുന്ന മെത്രാനെ പിരിച്ചു വിടാനും ജനങ്ങൾക്കു കഴിയണം. ഒരു വ്യക്തിഗതസഭ എന്ന പരിഗണനയിൽ റോമിന്റെ കീഴിൽ വിലസാൻ നമുക്കനുവാദമുണ്ട്. പടിഞ്ഞാറു നിന്നു കാനോൻ വരുന്നതു വരെ ഭാരത സഭയുടെ സ്വത്ത് വിശ്വാസികളുടെ കൈയ്യിൽ ആയിരുന്നു. അന്ന് സഭ വളരുകയായിരുന്നു, ഒരു വൈദികനും ലോഡ് കണക്കിനു സാമഗ്രികൾ മുക്കിയിട്ടുമില്ല, ഏതു പെണ്ണിനും അന്നു പള്ളീമുറിയിൽ ധൈര്യമായി പോവുകയും കുമ്പസ്സാരിക്കുകയും ചെയ്യാമായിരുന്നു താനും.

വരാപ്പുഴ അതിരൂപതാ സിനഡ് പണപ്പെട്ടി അത്മായനെ ഏൽപ്പിക്കണമെന്ന് തന്നെ ആവശ്യപ്പെട്ട്` തയ്യാറാക്കിയ പ്രത്യേക ഇടയ ലേഖനം 90% പള്ളികളിലും വായിച്ചില്ലെന്നു പറഞ്ഞാൽ എന്താ സ്ഥിതി? ഇതു നടന്നത് അടുത്ത ദിവസം. മദ്യനയത്തിൽ സർക്കാരിനെ അൽപ്പം കൂടി ഉലത്തിയേ അടങ്ങൂവെന്ന് ആലഞ്ചേരി, നിയമങ്ങൾ ഉണ്ടാക്കാൻ സർക്കാരിനു അധികാരമുണ്ടെന്നു ആർച്ച് ബിഷപ് കല്ലറക്കൽ, മലബാറീന്ന് ഒരു ജാലിയൻ വാലാ ബാഗും ഇടക്കിടെ അമറിക്കൊണ്ടിരിക്കും. ആലഞ്ചേരിയുടെ ക്നാനായാ ഡിക്രി സുബോധമുള്ള ഒരു ക്രിസ്ത്യാനി എഴുതാൻ ഇടയുള്ളതല്ല എന്നാണ് അതിനെപ്പറ്റി മാർ ഭരണികുളങ്ങര എഴുതിയത് വായിച്ചാൽ മനസ്സിലാകുന്നത്. ഞാൻ ഇടക്കിടക്ക് ആലഞ്ചേരിയെ ഓർമ്മിപ്പിക്കാറുണ്ട്, പണീ അറിയാൻ വയ്യെങ്കിൽ ഓക്കൻ കളിച്ചു രസിക്കെണ്ടാ, ബെനഡിക്റ്റ് മാർപ്പാപ്പാ കാണിച്ചു തന്ന ഒരു വഴിയുണ്ട് എന്ന്. വിവരം കെട്ട കുറെ മെത്രാന്മാരെയും അനുസരണയില്ലാത്ത കുറെ അച്ചൻമ്മാരെയും കൊണ്ട് നരകത്തിൽ പോകുന്നതിനേക്കാൾ നല്ലത് ഇതൊന്നുമില്ലാതെ സ്വർഗ്ഗത്തിൽ പോകുന്നതല്ലേ, പിതാവേ? കാര്യങ്ങൾ കാര്യമായി ഒരൊ ദിവസവും പത്തു മുപ്പതു ലക്ഷം പേരുടെ മുമ്പിൽ എത്തിക്കാനുള്ള സൗകര്യം അത്മായാശബ്ദം ഇപ്പോൾ ചെയ്തിട്ടുണ്ട്.

ബനഡിക്റ്റ് അച്ചനെ പൂജിക്കണമെന്നു തന്നെയാ എന്റെ അഭിപ്രായം. അദ്ദേഹം ഒരിടത്തോട്ടും ഒളിച്ചോടിയില്ലല്ലോ. വന്നു വന്ന്, ഓരൊ ജില്ലക്കും ഒരു ലുക്കൗട്ട് മദ്ധ്യസ്ഥനെ വീതം നിയോഗിക്കണമെന്നു തോന്നുന്നു.

visit: www.almayasabdam.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin