Thursday, 21 May 2015


രണ്ടു പലസ്തീന്‍കാരെ വത്തിക്കാന്‍ ഇന്നു വിശുദ്ധരാക്കും
Posted on: 17 May 2015
http://www.mathrubhumi.com/online/malayalam/news/story/3590603/2015-05-17/world


ഒരാള്‍ ഇന്ത്യയില്‍ സേവനം ചെയ്ത സി. മറിയം ബവാര്‍ഡി


വത്തിക്കാന്‍: പലസ്തീന്‍കാരായ രണ്ടു കന്യാസ്ത്രീകളെ ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വിശുദ്ധരായി പ്രഖ്യാപിക്കും. ജറുസലേമില്‍നിന്നുള്ള സി. മാരീ അല്‍ഫോണ്‍സിന്‍ ഖട്ടാസ്, ഗലീലിയില്‍നിന്നുള്ള സി. മറിയം ബവാര്‍ഡി എന്നിവര്‍ ഇതോടെ വിശുദ്ധപദവിയിലെത്തുന്ന ആദ്യ പലസ്തീന്‍ ക്രിസ്ത്യന്‍ അറബികളാവും. ചടങ്ങില്‍ പങ്കെടുക്കാന്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എത്തുന്നുണ്ട്.
പലസ്തീന്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടാണ് സി. ഖട്ടാസിന്റെയും സി. ബവാര്‍ഡിയുടെയും സേവനകാലം. 1843-ല്‍ ജനിച്ച ബവാര്‍ഡി ഇന്ത്യയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സേവനം ചെയ്യാനായി സിസ്റ്റേഴ്‌സ് ഓഫ് അപ്പോസ്തലിക് കാര്‍മല്‍ എന്ന സന്ന്യാസിനീസമൂഹത്തിന് അവര്‍ രൂപംനല്‍കി.

മംഗലാപുരമായിരുന്നു പ്രവര്‍ത്തനമേഖല. പിന്നീട് പലസ്തീനിലേക്കു മടങ്ങിയ അവര്‍ 1878-ല്‍ അന്തരിച്ചു. 1983-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളാക്കി. 1847-ല്‍ ജനിച്ച ഖട്ടാസ് 1927-ല്‍ മരിച്ചു. റോസറി സിസ്റ്റേഴ്‌സ് എന്ന സന്ന്യാസസമൂഹത്തിന്റെ സഹസ്ഥാപകയാണ്. 2009-ല്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
രണ്ടുശതമാനമാണ് പലസ്തീനിലെ ക്രിസ്ത്യന്‍ ജനസംഖ്യ. നൂറുകണക്കിന് പലസ്തീന്‍കാര്‍ ശനിയാഴ്ചതന്നെ വത്തിക്കാനിലെത്തിക്കഴിഞ്ഞു. സി. ബവാര്‍ഡി ജനിച്ച ഗലീലി ഇപ്പോള്‍ വടക്കന്‍ ഇസ്രായേലിലാണ്. ചടങ്ങില്‍ പങ്കെടുക്കാന്‍ ഇസ്രായേലും നയതന്ത്രസംഘത്തെ അയക്കുന്നുണ്ട്. ജോര്‍ദാന്‍, ലെബനന്‍, ഇറാഖ്, മൊറോക്കോ, ടുണീഷ്യ, ഈജിപ്ത്, ലിബിയ, സൈപ്രസ് എന്നീ രാജ്യങ്ങളിലെ ബിഷപ്പുമാരും ചടങ്ങിനെത്തും.

വിശ്വാസത്തിനൊപ്പം നയതന്ത്രപരമായും പ്രാധാന്യമുള്ള ചടങ്ങാണിത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ യുദ്ധവും പീഡനവും നടക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകരുന്നതാവും പലസ്തീനില്‍നിന്നുള്ളവരെ വിശുദ്ധരാക്കുന്ന ചടങ്ങെന്നാണ് പ്രതീക്ഷ. പലസ്തീനിലെ കത്തോലിക്കാസഭയുടെ പ്രവര്‍ത്തനം സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പുവെയ്ക്കാനിരിക്കുകയാണ് വത്തിക്കാന്‍. ഈ ഉടമ്പടിയില്‍ പലസ്തീന്‍ രാഷ്ട്രമെന്നാണ് ഉപയോഗിച്ചിരിക്കുന്നത്. പലസ്തീന്‍ രാഷ്ട്രമെന്ന വാക്ക് ആദ്യമായി രേഖാമൂലം ഉപയോഗിച്ചിരിക്കുന്നതും ഈ ഉടമ്പടിയിലാണ്. പലസ്തീന്‍കാരനായ സലേഷ്യന്‍ സന്ന്യാസിയെക്കൂടി വിശുദ്ധനാക്കാന്‍ വത്തിക്കാനൊരുങ്ങുന്നുണ്ട്.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin