Friday, 8 May 2015

ജ്ഞാനസ്നാനവും സഭകളുടെ അബദ്ധപ്രബോധനങ്ങളും!  

ആംസ്ട്രോങ്ങ് ജോസഫ്  

ക്രൈസ്തവരുടെയിടയില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഒരു പ്രധാന വിഷയമാണ് ഈ ലേഖനത്തിലൂടെ മനോവ ചര്‍ച്ചചെയ്യുന്നത്. അപ്പസ്തോലിക സഭകളെല്ലാം തുടര്‍ന്നുവരുന്നതും കഴിഞ്ഞ നൂറ്റാണ്ടില്‍ ഉടലെടുത്ത പെന്തക്കോസ്തുസഭകള്‍ നിശിതമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതുമായ ശിശുസ്നാനത്തെ സംബന്ധിച്ചുള്ള അജ്ഞത എല്ലാ സഭകളിലും നിലനില്‍ക്കുന്നുണ്ട്. ശിശുക്കള്‍ക്ക് സ്നാനം നല്‍കുന്ന അപ്പസ്തോലിക സഭകളില്‍ത്തന്നെ ചില അബദ്ധപഠനങ്ങളുണ്ടെന്നതും ഗൗരവമായിത്തന്നെയാണ് മനോവ കാണുന്നത്. ആയതിനാല്‍, ജ്ഞാനസ്നാനം എന്താണെന്ന അന്വേഷണത്തില്‍നിന്നുതന്നെ ഈ പഠനം ആരംഭിക്കേണ്ടിയിരിക്കുന്നു. ശിശുസ്നാനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും താന്താങ്ങളുടെ വാദഗതികളെ മാറ്റിവച്ചുകൊണ്ട് ബൈബിളിനെ ആശ്രയിച്ചു സത്യം കണ്ടെത്തണമെന്ന അഭ്യര്‍ത്ഥനയോടെ ഈ ലേഖനം ആരംഭിക്കുന്നു. കാരണം, വചനം സത്യമാണ്; ഈ സത്യം നിങ്ങളെ സ്വതന്ത്രരാക്കും!
വചനത്തിലൂടെയുള്ള അന്വേഷണത്തിനു നാം മുതിരുമ്പോള്‍, വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ച യേശുവിലാണ് കൂടുതലായി നാം ആശ്രയം വയ്ക്കേണ്ടത്. ജ്ഞാനസ്നാനത്തെ സംബന്ധിച്ച് വളരെ ഗൗരവമുള്ള വെളിപ്പെടുത്തലുകള്‍ നല്‍കിയിട്ടുള്ളത് ദൈവപുത്രനായ യേശു തന്നെയാണ്. ഒരുവന്റെ സ്വര്‍ഗ്ഗരാജ്യപ്രവേശനത്തിന് ഏറ്റവും അനിവാര്യമായ ഘടകമായി സ്നാനത്തെ അവിടുന്നു പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍, അതേ ഗൗരവത്തില്‍ത്തന്നെ നാം അതിനെ പരിഗണിക്കണം. അതുകൊണ്ടുതന്നെ, യേശുവിന്റെ വാക്കുകളെ യാതൊരു മാറ്റവും വരുത്താതെ നാം പഠിക്കേണ്ടിയിരിക്കുന്നു. യേശു ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍, അതിന്റെ മുന്‍ഗണനാക്രമത്തിലാണ് അവിടുന്ന് പറഞ്ഞിട്ടുള്ളത് എന്നകാര്യം നാം വിസ്മരിക്കരുത്. അവിടുത്തെ വായില്‍നിന്നു പുറപ്പെട്ട വചനങ്ങളില്‍ ഒന്നുപോലും ക്രമരഹിതാമോ അവ്യക്തമോ അല്ല! യേശുവിനെ വാക്കില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കൊന്നും അതു സാധ്യമാകാതിരുന്നതും, ഈ അളന്നുതൂക്കിയുള്ള പ്രയോഗങ്ങള്‍ മൂലമായിരുന്നു. മുന്‍ഗണനാക്രമത്തില്‍ അവിടുന്ന് അറിയിച്ചിട്ടുള്ള വചനങ്ങളിലൊന്ന് ഉദാഹരണമായി പരിശോധിച്ചതിനുശേഷം നമ്മുടെ വിഷയത്തിലേക്കു കടക്കാം. കാരണം, മുന്നോട്ടുള്ള പഠനത്തില്‍ നാം ആശ്രയിക്കുന്ന വചനങ്ങളില്‍ ഈ മുന്‍ഗണനാക്രമം പരമപ്രധാനമാണ്.
സുവിശേഷം പ്രഘോഷിക്കുകയെന്ന ദൗത്യവുമായി ശിഷ്യന്മാരെ യേശു അയച്ചപ്പോള്‍, അവിടുന്ന്‍ ഉപദേശിച്ച വചനത്തിലെ മുന്‍ഗണനാക്രമം നോക്കുക: "എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും"(അപ്പ.പ്രവര്‍:1;8). പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയെന്നതാണ് ഒന്നാമത്തെ ഘടകം. ഈ ആത്മാവിനെ സ്വീകരിക്കുന്ന ഒരുവന്‍ ആദ്യംതന്നെ ലോകത്തിന്റെ അതിര്‍ത്തികളിലേക്കു സുവിശേഷവുമായി കടന്നുപോകാന്‍ യേശു ഉപദേശിച്ചിട്ടില്ല; മറിച്ച്, അതിനൊരു ക്രമം അവിടുന്നു നിശ്ചയിച്ചു. ജറുസലേം, യൂദയാ മുഴുവന്‍, സമരിയാ, ഭൂമിയുടെ അതിര്‍ത്തികള്‍ ഇതായിരുന്നു ആ ക്രമം! എന്താണ് ജറുസലേം എന്നും യൂദയാ, സമരിയാ എന്നിവ ആരെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഇവിടെ വിവരിക്കാന്‍ മനോവ ഉദ്ദേശിക്കുന്നില്ല. മുന്‍പ് ചില ലേഖനങ്ങളില്‍ മനോവ ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്. യേശു പറഞ്ഞിട്ടുള്ള വചനങ്ങളിലെല്ലാം വ്യക്തമായ ഒരു ക്രമമുണ്ടെന്ന വസ്തുത ഓര്‍മ്മിപ്പിക്കുന്നതിനാണ് ഇത്രയും ഇവിടെ കുറിച്ചത്.

എന്താണ് ജ്ഞാനസ്നാനം?

പാപത്തില്‍ ജനിച്ച ഒരുവനെ ദൈവവുമായി അനുരഞ്ജിപ്പിക്കുന്ന പ്രക്രിയയാണ് ജ്ഞാനസ്നാനമെന്ന് ഒറ്റ വാചകത്തില്‍ പറയാന്‍ കഴിയും. മനുഷ്യനെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നത് മനുഷ്യനിലെ പാപമാണ്. ഈ പാപത്തിന് യേശുക്രിസ്തു പരിഹാരം ചെയ്തപ്പോള്‍, മനുഷ്യനെ ദൈവവുമായി അകറ്റിനിര്‍ത്തിയിരുന്ന പാപത്തിന്റെ മതില്‍ ഇല്ലാതായി. അതുവഴി മനുഷ്യന്‍ ശിക്ഷാവിധിയില്‍നിന്നു വിടുതല്‍ ലഭിച്ചവനായി മാറി. ബൈബിള്‍ ഇങ്ങനെ പറയുന്നു: "ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല. എന്തെന്നാല്‍, യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു"(റോമാ:8;1,2). ഇപ്പോള്‍ യേശുക്രിസ്തുവിനോട്‌ ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കാണ് ശിക്ഷാവിധിയില്‍നിന്നുള്ള വിടുതല്‍ ലഭിച്ചിരിക്കുന്നത്. ആയതിനാല്‍, ഒരു മനുഷ്യന് യേശുക്രിസ്തുവിനോട്‌ ഐക്യപ്പെടാന്‍ സാധിക്കുന്നത് എങ്ങനെയാണെന്നു നാം അറിഞ്ഞിരിക്കണം. യേശുവിനോട് ഐക്യപ്പെടുകയെന്നാല്‍, അവിടുത്തെ കുരിശുമരണത്തോട് ഐക്യപ്പെടുക എന്നതാണ്. കാരണം, യേശു തന്റെ കുരിശിലെ ബലി വഴിയാണ് മനുഷ്യനെ ദൈവവുമായി അനുരഞ്ജിപ്പിച്ചത്! ഇക്കാരണത്താല്‍, യേശുവിന്റെ കുരിശുമരണത്തോടു നാം ഐക്യപ്പെടുമ്പോള്‍, അവിടുത്തെ ഉത്ഥാനത്തിലും നാം ഭാഗഭാക്കാകുന്നു!
ബൈബിള്‍ പറയുന്നത് എന്താണെന്നു നോക്കുക: "യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്. അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട് ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുനരുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും"(റോമാ:6;3-5). ജ്ഞാനസ്നാനം എന്നത് യേശുവിനോടു നമ്മെ ഐക്യപ്പെടുത്തുന്ന പ്രക്രിയയാണെന്നു പരിശുദ്ധാത്മാവ് നമുക്കു പ്രബോധനം നല്‍കിയിരിക്കുന്നു! അങ്ങനെയെങ്കില്‍, ഈ സ്നാനം സ്വീകരിക്കാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം രക്ഷ സാധ്യമാണോ എന്ന ചോദ്യം അപ്രസക്തമാണ്. കാരണം, ഇപ്പോള്‍ യേശുക്രിസ്തുവിനോട്‌ ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു മാത്രമാണ് ശിക്ഷാവിധിയില്‍ ഇളവു ലഭിക്കുന്നതെങ്കില്‍, സ്നാനം സ്വീകരിക്കാത്ത ഒരുവനു രക്ഷപ്രാപിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനുതന്നെ പ്രസക്തിയില്ല! യേശു ഇക്കാര്യം അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ വചനം നോക്കുക: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല"(യോഹ:3;5). യേശുവിന്റെ ഈ വാക്കുകളില്‍ ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യം അതിന്റെ പൂര്‍ണ്ണതയില്‍ വെളിവാക്കപ്പെടുന്നു. അമ്മയുടെ ഉദരത്തില്‍ ജന്മമെടുത്ത ഏതൊരുവനും ബാധകമായിരിക്കുന്ന നിയമമാണ് സ്നാനം. കാരണം, യേശുവിനോട് ഐക്യപ്പെടാത്ത ആര്‍ക്കും ശിക്ഷാവിധിയില്‍നിന്നു മോചനമോ ദൈവരാജ്യ പ്രവേശനത്തിനു യോഗ്യതയോ ഇല്ലെന്നത് സ്വര്‍ഗ്ഗത്തിന്റെ അധിപന്‍ പുറപ്പെടുവിച്ചിരിക്കുന്ന അലംഘനീയമായ കല്പനയാണ്!
പ്രായഭേദമന്യേ ഏതൊരുവനെയും ബാധിക്കുന്ന നിയമമാണിതെന്നു പറയാന്‍ കാരണമുണ്ട്. യേശുവിന്റെതന്നെ വാക്കുകള്‍ ശ്രദ്ധിക്കുക: "മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും"(യോഹ:3;6). അമ്മയുടെ ഉദരത്തില്‍ ഒരു ശിശു രൂപമെടുക്കുന്നത് മാംസരക്തങ്ങളായിട്ടാണ്. മാതാവിന്റെയും പിതാവിന്റെ ശരീരത്തിന്റെ ഭാഗമായ ഒരുവന്‍ മാംസത്തില്‍നിന്നു ജനിച്ച മാംസമാണെന്നു നമുക്കറിയാം. പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "സഹോദരരേ, ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു"(1കോറി:15;50). അതായത്, ഒരുവന്‍ ഈ ഭൂമിയില്‍ ജനിക്കുന്നത് നശ്വരമായ ശരീരത്തോടെയാണ്. ഇവന്‍ ആത്മാവില്‍ ജനിക്കാത്തിടത്തോളം അനശ്വരമായ സ്വര്‍ഗ്ഗരാജ്യത്തിനു യോഗ്യനാക്കപ്പെടുന്നില്ല! അമ്മയുടെ ഉദരത്തില്‍ ഉരുവായിരിക്കുന്ന ഒരു ശിശുവിനുപോലും ഈ നിയമം ബാധകമാണ്! സ്നാനം സ്വീകരിക്കുന്നതിനുമുന്‍പ് ഒരുവന്‍ മരിച്ചുപോയാല്‍, അവന്റെ സ്ഥിതിയെന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അമ്മയുടെ ഉദരത്തില്‍ ഉരുവാകുമ്പോള്‍ത്തന്നെ ഒരുവന്‍ പാപിയാണെന്ന വെളിപ്പെടുത്തലിനെപ്രതി ആരും അതിശയിക്കേണ്ടാ. കാരണം, പാപം ഈ ഭൂമിയില്‍ കടന്നുവന്നത് ഇന്നു ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയിലൂടെയല്ല. അതുകൊണ്ടുതന്നെ, വ്യക്തിതലത്തില്‍ ചെയ്യുന്ന പാപങ്ങള്‍ മാത്രമല്ല ഒരുവന്റെ പാപം. ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീ തിയുള്ളവരാകും"(റോമാ:5;18,19). ദാവീദിന്റെ വാക്കുകള്‍ ഇങ്ങനെയാണു വായിക്കുന്നത്: "പാപത്തോടെയാണു ഞാന്‍ പിറന്നത്; അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്"(സങ്കീ:51;5). ജലത്താലും ആത്മാവിനാലും ജനിക്കാത്തവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ലെന്ന യേശുവിന്റെ പ്രഖ്യാപനം ഇക്കാരണത്താലാണ്!
ജ്ഞാനസ്നാനത്തെ സംബന്ധിച്ചുള്ള മറ്റൊരു പ്രബോധനം ശ്രദ്ധിക്കുക: "നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്നാനമേറ്റു"(1കോറി:12;13). ഒരേ ആത്മാവില്‍ ഏകശരീരമാകുകയെന്നാല്‍, ക്രിസ്തുവിന്റെ സഭയാകുന്ന ശരീരത്തെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. ബൈബിള്‍ ഇതു സാക്ഷ്യപ്പെടുത്തിയിരിക്കുന്നതു നോക്കുക: "അവിടുന്ന് എല്ലാ വസ്തുക്കളെയും അവന്റെ പാദങ്ങള്‍ക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളില്‍ അവനെ സഭയ്ക്കു തലവനായി നിയമിക്കുകയും ചെയ്തു. സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്റെ പൂര്‍ണതയുമാണ്"(എഫേ:1;22,23). ജ്ഞാനസ്നാനത്തിലൂടെയാണ് ഒരുവന്‍ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ ഭാഗമായിത്തീരുന്നതെങ്കില്‍ അതിനു പ്രായഭേദമുണ്ടോ? സ്നാനത്തിന്റെ അനിവാര്യത വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. രക്ഷപ്രാപിക്കാന്‍ സ്നാനം അനിവാര്യമാണെന്നു വ്യക്തമാക്കിക്കൊണ്ട് പത്രോസ് നടത്തുന്ന പ്രഖ്യാപനം ഈ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുന്നു. അപ്പസ്തോലന്മാരുടെ പ്രസംഗം ശ്രവിച്ച ചിലര്‍ പത്രോസിനോടും യോഹന്നാനോടും മറ്റു ശിഷ്യന്മാരോടും ചോദിച്ചു: "സഹോദരന്‍മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?"(അപ്പ.പ്രവര്‍:2;37). ഈ ചോദ്യത്തിനുള്ള പത്രോസിന്റെ മറുപടി ഇപ്രകാരമായിരുന്നു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ.പ്രവര്‍:2;38,39).
നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും മാത്രമല്ല, ദൈവത്താല്‍ വിളിക്കപ്പെടുന്ന സകലര്‍ക്കുമുള്ള വാഗ്ദാനമാണ് ജലസ്നാനവും ആത്മാവിലുള്ള സ്നാനവും. ഇവിടെ പ്രായം ഒരു വിഷയമായി പരിഗണിക്കുന്നില്ല. കാരണം, ദൈവത്തിന്റെ വിളിയും തിരഞ്ഞെടുപ്പും പ്രായത്തെ പരിഗണിച്ചുകൊണ്ടല്ല! അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ തിരഞ്ഞെടുക്കപ്പെട്ടവരായ പ്രവാചകന്മാരെക്കുറിച്ചു നാം ബൈബിളില്‍ വായിക്കുന്നുണ്ട്. പ്രവാചകനായ ഏശയ്യായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഗര്‍ഭത്തില്‍ത്തന്നെ എന്നെ യാഹ്‌വെ വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു"(ഏശയ്യാ:49;1). മറ്റൊരു മഹാപ്രവാചകനായ ജറെമിയായുടെ വാക്കുകള്‍ ഇപ്രകാരമാണ്: "മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു"(ജറെമിയ:1;4,5). ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പുകള്‍ ദൈവം അവസാനിപ്പിച്ചുവെന്നാണോ പെന്തക്കോസ്തുകാര്‍ പറയുന്നത്? ഏശയ്യായെയും ജറെമിയായെയും വിളിച്ചത് അവരുടെ അറിവോടെയോ സമ്മതത്തോടെയോ ആയിരുന്നില്ല. ആയതിനാല്‍, ഇന്നു ജനിക്കുന്ന ഒരു കുഞ്ഞിനെ ദൈവം വിളിച്ചതാണോ എന്ന് അറിയാന്‍ മനുഷ്യരായ നമുക്കു സാധിക്കില്ലെങ്കിലും, അവരുടെമേലുള്ള വിളി യേശു വെളിപ്പെടുത്തിയിട്ടുണ്ട്. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്"(മത്താ:19;14). ആരാണിവരെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവര്‍? ദൈവം ഒരുവനെ ഏതു പ്രായത്തിലാണ് തിരഞ്ഞെടുക്കുന്നതെന്നു മനുഷ്യര്‍ക്കറിയില്ല. ദൈവത്തിന്റെ തിരഞ്ഞെടുപ്പിനെ തടയാന്‍ മനുഷ്യര്‍ക്ക്‌ അവകാശവുമില്ല!
ഒരുവന്‍ ക്രിസ്ത്യാനിയാകുന്നത്, യേശുവിനോട് ഐക്യപ്പെടുമ്പോള്‍ മാത്രമാണെന്നു നാം കണ്ടുകഴിഞ്ഞു. അതായത്, രക്ഷപ്രാപിക്കുന്നവരുടെ കൂട്ടമാണ്‌ സഭ! ഇതാ, ഈ വെളിപ്പെടുത്തല്‍ നോക്കുക: "രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു"(അപ്പ.പ്രവര്‍:2;47). യേശുവിന്റെ ശരീരമാകുന്ന സഭയോടു നമ്മെ ഐക്യപ്പെടുത്തുന്നത് ജ്ഞാനസ്നാനത്തിലൂടെയാണെങ്കില്‍, ഈ സ്നാനം സ്വീകരിക്കാത്ത ആരെങ്കിലും രക്ഷപ്രാപിക്കുകയോ ദൈവരാജ്യം അവകാശമാക്കുകയോ ഇല്ല! ഇത്രമാത്രം പ്രാധാന്യമുള്ള സ്നാനത്തെ ശിശുക്കള്‍ക്കു നിഷേധിക്കുകവഴി യേശുവിലേക്കു കടന്നുവരാനുള്ള അവരുടെ അവകാശമാണ് നിഷേധിക്കുന്നത്. ഇസ്രായേലിലെ പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്തിരിക്കണമെന്ന നിയമം നല്‍കിയത് ദൈവമായ യാഹ്‌വെയാണ്. എട്ടാം ദിവസമാണ് ശിശുക്കളെ പരിച്ഛേദനത്തിനു വിധേയരാക്കുന്നതെന്നു ബൈബിള്‍ തെളിവു നല്‍കുന്നു. ഈ നിയമമനുസരിച്ച്, എട്ടാം ദിവസം യേശുവിനെ ദൈവാലയത്തില്‍ സമര്‍പ്പിക്കുകയും പരിച്ഛേദനത്തിനു വിധേയനാക്കുകയും ചെയ്തു! പരിച്ഛേദനത്തെയും ജ്ഞാനസ്നാനത്തെയും ചേര്‍ത്തുവച്ചുകൊണ്ട് പൗലോസ് അപ്പസ്തോലന്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: "അവനില്‍ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വ്വഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മ്മാര്‍ജ്ജനംചെയ്യുന്ന ക്രിസ്തുവിന്റെ പരിച്ഛേദനം. ജ്ഞാനസ്നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന്‍ അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു"(കൊളോ:2;11,12).
വ്യക്തിപരമായി ഒരുവന്‍ ചെയ്യുന്ന പാപത്തെ മാത്രമാണ് സ്നാനത്തിലൂടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും സ്വബോധത്തോടെ ഇതു സ്വീകരിക്കണം എന്നകാര്യത്തില്‍ മനോവയ്ക്ക് എതിരഭിപ്രായമില്ല. എന്നാല്‍, ജ്ഞാനസ്നാനത്തിലൂടെ നീക്കംചെയ്യപ്പെടുന്നത് കര്‍മ്മപാപം മാത്രമല്ല; ജന്മപാപം കൂടിയാണ്! പാപത്തെക്കുറിച്ചും പാപമോചനത്തെക്കുറിച്ചുമുള്ള അറിവിലെ അപര്യാപ്തതമൂലമാണ് ചില വിഭാഗങ്ങള്‍ തെറ്റിദ്ധാരണയില്‍ തളയ്ക്കപ്പെട്ട അവസ്ഥയില്‍ കഴിയുന്നത്! അമ്മയുടെ ഉദരത്തില്‍വച്ചു വിശുദ്ധീകരിക്കപ്പെട്ട പ്രവാചകന്മാരെക്കുറിച്ചു നാം മനസ്സിലാക്കി. അവരാരും ഭൂമിയിലേക്ക് കടന്നുവന്നു പാപം ചെയ്തവരായിരുന്നില്ല. എന്നിട്ടുപോലും അവരില്‍ പാപമുണ്ടായിരുന്നു. പാപമില്ലാത്ത ഒരുവനെ വിശുദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി. അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോള്‍ത്തന്നെ താന്‍ പാപിയായിരുന്നുവെന്ന് ദാവീദ് വിലപിക്കുന്നത് സങ്കീര്‍ത്തനങ്ങളില്‍ നാം വായിച്ചു. ആയതിനാല്‍, സ്നാനത്തിലൂടെ ലഭിക്കുന്ന പാപമോചനം, നാം ചെയ്ത പാപത്തിനു മാത്രമല്ല! ജഡത്തില്‍നിന്നു ജനിച്ചവന്‍ ജഡമായിരിക്കെ, ഈ ജഡാവസ്ഥയില്‍തന്നെ തുടരാനും അതേ അവസ്ഥയില്‍ത്തന്നെ മരണമടയാനും ഇടയായാല്‍ ഈ വ്യക്തിയുടെ നിത്യത എവിടെയായിരിക്കും?

യോഹന്നാന്റെ സ്നാനം മനുഷ്യരില്‍നിന്നോ ദൈവത്തില്‍നിന്നോ?

"ഒരു ദിവസം അവന്‍ ദൈവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും ജനപ്രമാണികളോടുകൂടെ അവന്റെ അടുത്തുവന്നു. അവര്‍ അവനോടു പറഞ്ഞു: എന്തധികാരത്താലാണ് നീ ഇതൊക്കെചെയ്യുന്നത്, അഥവാ നിനക്ക് ഈ അധികാരം നല്‍കിയതാരാണ് എന്നു ഞങ്ങളോടു പറയുക. അവന്‍ മറുപടി പറഞ്ഞു: ഞാനും നിങ്ങളോട് ഒന്നു ചോദിക്കട്ടെ; ഉത്തരം പറയുവിന്‍. യോഹന്നാന്റെ ജ്ഞാനസ്‌നാനം സ്വര്‍ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ? അവര്‍ പരസ്പരം ആലോചിച്ചു: സ്വര്‍ഗത്തില്‍നിന്ന് എന്നു നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ടു നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് അവന്‍ ചോദിക്കും. മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാല്‍, ജനങ്ങളെല്ലാം നമ്മെ കല്ലെറിയും. എന്തെന്നാല്‍, യോഹന്നാന്‍ ഒരുപ്രവാചകനാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍, അവര്‍ മറുപടി പറഞ്ഞു: എവിടെനിന്ന് എന്നു ഞങ്ങള്‍ക്കറിഞ്ഞു കൂടാ"(ലൂക്കാ:20;1-7). പ്രവാചകരുടെ ജ്ഞാനസ്നാനം സ്വര്‍ഗ്ഗത്തില്‍നിന്നാണെന്ന വിശ്വാസം യഹൂദരുടെയിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതിനു വ്യക്തമായ സ്ഥിരീകരണം ബൈബിളില്‍ കണ്ടെത്താന്‍ കഴിയുന്നില്ല. യേശുവിന്റെ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം പുരോഹിതരോ നിയമജ്ഞരോ നല്കാത്തതുകൊണ്ടുതന്നെ ഇവിടെയും സ്ഥിരീകരണം ലഭിക്കുന്നില്ല. എന്നിരുന്നാലും, യോഹന്നാന്റെ സ്നാനം മനുഷ്യരില്‍നിന്നായിരുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവ് ബൈബിളിലുണ്ട്. യോഹന്നാന്‍ സ്നാനം സ്വീകരിച്ചത് സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ ആയിരുന്നില്ല; മറിച്ച്, അഞ്ചുമാസം മാത്രം വളര്‍ച്ചയുള്ള ഗര്‍ഭസ്ഥശിശുവായിരുന്നപ്പോള്‍, പരിശുദ്ധ കന്യകാമറിയത്തില്‍നിന്നാണ് യോഹന്നാന്‍ സ്നാനം സ്വീകരിച്ചത്!
മനോവയുടെ ഈ പ്രഖ്യാപനം കേട്ട് ആരും അസ്വസ്ഥരാകേണ്ടാ; കാരണം, ബൈബിള്‍ ഇതു സ്ഥിരീകരിക്കുന്നുണ്ട്. ഈ വചനം നോക്കുക: "മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി"(ലൂക്കാ:1;41). ശിശു ഉദരത്തില്‍ കുതിച്ചുചാടിയെന്നും എലിസബത്ത് പരിശുദ്ധാത്മാവില്‍ നിറഞ്ഞുവെന്നുമാണ് നാമിവിടെ വായിക്കുന്നത്. പരിശുദ്ധാത്മാവു നിറയുകയെന്നാല്‍, ആത്മാവിലുള്ള സ്നാനമാണെന്നു തിരിച്ചറിയാന്‍ എല്ലാ ക്രിസ്ത്യാനികള്‍ക്കും സാധിക്കുമെന്നാണ് മനോവ കരുതുന്നത്. ഇവിടെ ഉയരാവുന്ന ഒരു ചോദ്യമുണ്ട്; അമ്മയായ എലിസബത്ത് പരിശുദ്ധാവു നിറഞ്ഞവളായി എന്നതുകൊണ്ട് ഗര്‍ഭസ്ഥശിശുവായ യോഹന്നാന്‍ ആത്മാവില്‍ സ്നാനം സ്വീകരിച്ചുവെന്ന് അര്‍ത്ഥമുണ്ടോ? ഉണ്ട് എന്നാണ് മനോവയുടെ ഉത്തരം! കാരണം, ഒരു ഗര്‍ഭസ്ഥശിശുവിന്റെ ആഹാരവും ജീവനും മാത്രമല്ല, ഈ ശിശുവിന്റെ മുഴുവന്‍ കാര്യങ്ങളും അമ്മാവഴിയാണ് നടക്കുന്നത്. ആധുനീകശാസ്ത്രത്തിന്റെ കണ്ടെത്തല്‍പ്രകാരം, ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ  അമ്പതുശതമാനവും രൂപപ്പെടുന്നത് ഗര്‍ഭസ്ഥാവസ്ഥയിലാണ്! ആയതിനാല്‍, അമ്മയുടെ വിശ്വാസംപോലും ശിശുവിലേക്കു പകരപ്പെടുന്നുണ്ട്! അമ്മ വേദനിക്കുമ്പോള്‍ വേദനയും, സന്തോഷിക്കുമ്പോള്‍ സന്തോഷവും ശിശു അനുഭവിക്കുന്നതുപോലെതന്നെ, അവളുടെ എല്ലാ വികാരങ്ങളും അതേപടി ശിശുവിനും അനുഭവവേദ്യമാകുന്നു. അമ്മ കേള്‍ക്കുന്നത് ഗര്‍ഭസ്ഥശിശുവും ശ്രവിക്കുന്നുവെന്നതിന് ആധുനീകശാസ്ത്രം തെളിവുനല്കുമ്പോള്‍, പൗലോസിലൂടെ പരിശുദ്ധാത്മാവു നല്‍കിയിരിക്കുന്ന ഈ വെളിപ്പെടുത്തല്‍ക്കൂടി ചേര്‍ത്തുവയ്ക്കുക: "ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്"(റോമാ:10;17).
അമ്മ കേള്‍ക്കുന്നതൊക്കെയും കുഞ്ഞും കേള്‍ക്കുക മാത്രമല്ല, ഗ്രഹിക്കുകയും ചെയ്യുന്നു. അമ്മ വിശ്വസിക്കുന്നത് പൊട്ടത്തരമാണെങ്കില്‍, യാതൊരു വ്യത്യാസവുമില്ലാതെ ആ പൊട്ടത്തരങ്ങള്‍ കുഞ്ഞിന്റെ വിശ്വാസത്തിലേക്ക് കടന്നുപോകുന്നുണ്ട്. ആധുനീകശാസ്ത്രത്തിന്റെ വെളിപ്പെടുത്തലനുസരിച്ച്, ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന്റെ അടിത്തറ അവന്‍ ഗര്‍ഭസ്ഥാവസ്ഥയില്‍ ആയിരുന്നപ്പോള്‍ പണിയപ്പെട്ടു. അമ്പതുശതമാനമാണ് ഈ അവസ്ഥയില്‍ രൂപപ്പെടുന്നതെങ്കില്‍, ഇരുപത്തിയഞ്ചു ശതമാനം രൂപീകരിക്കപ്പെടുന്നത് ഏഴു വയസ്സുവരെയുള്ള കാലയളവിലാണ്! ബാക്കി ഇരുപത്തിയഞ്ചു ശതമാനം മാത്രമാണ് സ്വതന്ത്രമായ അവസ്ഥയില്‍ രൂപപ്പെടുന്നത്. ഒരു വ്യക്തിയുടെ മനസ്സിനെ മൂന്നായി തരംതിരിക്കുന്നുവെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. അപബോധമനസ്സ്, ഉപബോധമനസ്സ്, ബോധമനസ്സ് എന്നിങ്ങനെയാണ് മനസ്സിനെ വേര്‍തിരിച്ചിരിക്കുന്നത്. അപബോധമനസ്സിലുള്ളവ അമ്മയുടെ ഉദരത്തില്‍ വച്ചു സ്വാംശീകരിച്ചവയാണ്. ഏതൊരു വിധത്തിലുള്ള മനഃശാസ്ത്ര സമീപനങ്ങള്‍ക്കൊണ്ടും മാറ്റിയെടുക്കപ്പെടാന്‍ കഴിയാത്തവിധം ഒരുവനില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നവയാണ് അവന്റെ അപബോധമനസ്സിലുള്ള കാര്യങ്ങള്‍! എന്നാല്‍, കുട്ടിക്കാലത്ത് രൂപീകൃതമായ ഉപബോധമനസ്സിലുള്ളവ കണ്ടെത്താനും പരിഹരിക്കാനും ഒരുപരിധിവരെ മനഃശാസ്ത്രത്തിനു സാധിക്കും. പൂര്‍ണ്ണമായ പരിഹാരം സാധ്യമാകുന്നത് ബോധമനസ്സിന്റെ താളപ്പിഴകള്‍ മാത്രമാണ്!
ഈ വിഷയം ഇവിടെ അവതരിപ്പിച്ചത് വ്യക്തമായ ഉദ്ദേശത്തോടെതന്നെയാണ്. എന്തെന്നാല്‍, ശിശുക്കള്‍ക്ക് യാതൊരു അറിവുമില്ലെന്നു പാടിനടക്കുന്ന പാസ്റ്റര്‍മാരെക്കാള്‍ അറിവുള്ള കുഞ്ഞുങ്ങള്‍ ഉണ്ടെന്നു സ്ഥിരീകരിക്കാന്‍ ഇതു സഹായകമാകും. നല്ല ആത്മീയജ്ഞാനമുള്ള അമ്മയുടെ ഉദരത്തില്‍ ജന്മമെടുത്ത കുഞ്ഞുങ്ങള്‍ ആത്മീയ മല്ലന്മാരായി പരിണമിക്കുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഗര്‍ഭവതിയായ ഒരു സ്ത്രീയുടെ ആത്മീയ അവസ്ഥ അവള്‍ പ്രസവിക്കുന്ന കുഞ്ഞിന്റെ ആത്മീയതയെ സ്വാധീനിക്കുമെന്നത് ശാസ്ത്രീയ സത്യം മാത്രമല്ല, ദൈവവചന സത്യവുംകൂടിയാണ്! ദൈവം തിരഞ്ഞെടുത്ത പ്രവാചകന്മാരുടെ ജനനത്തിനു മുന്‍പുതന്നെ ആ പ്രവാചകന്റെ മാതാപിതാക്കളെ ഒരുക്കുന്നതായി ബൈബിളില്‍ വായിക്കാന്‍ കഴിയും. ന്യായാധിപനായ സാംസണ്‍ ജനിക്കുന്നതിനുമുന്‍പ് ഇത്തരത്തിലുള്ള ഒരു ക്രമീകരണം നടത്തുന്നത് ശ്രദ്ധിക്കുക: "സോറായില്‍ ദാന്‍ ഗോത്രക്കാരനായ മനോവ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്റെ ഭാര്യവന്ധ്യയായിരുന്നു. അവള്‍ക്കു മക്കളില്ലായിരുന്നു. യാഹ്‌വെയുടെ  ദൂതന്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ വന്ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട് നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്റെ തലയില്‍ ക്ഷൗരക്കത്തി തൊടരുത്. അവന്‍ ജനനം മുതല്‍ ദൈവത്തിനു നാസീര്‍ വ്രതക്കാരനായിരിക്കും. അവന്‍ ഫിലിസ്ത്യരുടെ കൈയില്‍നിന്ന് ഇസ്രായേലിനെ വിടുവിക്കാന്‍ ആരംഭിക്കും"(ന്യായാ:13;2-5). മദ്യം കഴിച്ചു ലക്കുകെട്ട അവസ്ഥയില്‍ സാംസണെ ഉദരത്തില്‍ വഹിച്ചാലുണ്ടാകുന്ന പ്രശ്നം ദൈവത്തിനറിയാം.
ഇവിടെ മറ്റൊരു പ്രധാന കാര്യംകൂടി വ്യക്തമാകുന്നുണ്ട്. ഒരു കുഞ്ഞിനു ജ്ഞാനസ്നാനം കൊടുക്കുന്നത് മഹാപരാധമായി പ്രഖ്യാപിച്ചിട്ടുള്ളവര്‍ യാഹ്‌വെയെ ദൈവമായി അംഗീകരിക്കുന്നില്ലേ? ഗര്‍ഭത്തില്‍ ഉരുവാകുകപോലും ചെയ്യുന്നതിനു മുന്‍പ് ദൈവം ഇവിടെ തിരഞ്ഞെടുപ്പു നടത്തി. മനോവയുടെ പുത്രനായ സാംസണു ജനനം മുതല്‍ നാസീര്‍ വ്രതക്കാരനാകാമെങ്കില്‍, ക്രിസ്ത്യാനിയുടെ മക്കള്‍ക്കു ജനനംമുതല്‍ ക്രിസ്ത്യാനിയായി ജീവിക്കാന്‍ അവകാശമില്ലേ? മനോവയ്ക്കും അവന്റെ ഭാര്യയ്ക്കും തങ്ങളുടെ പുത്രനെ ജനനംമുതല്‍ നാസീര്‍ വ്രതക്കാരനായി വളര്‍ത്താന്‍ അധികാരമുണ്ടെങ്കില്‍, ക്രൈസ്തവരായ ദമ്പതികള്‍ക്കു ജനിക്കുന്ന കുഞ്ഞിനെ സ്നാനപ്പെടുത്താനുള്ള അവകാശം അവര്‍ക്കു മാത്രമാണ്! പഴയനിയമാകാലത്ത് ജീവിച്ചവര്‍ക്കും പുതിയനിയമാകാലത്തു ജീവിക്കുന്നവര്‍ക്കും ഒരേ ന്യായവിധിയെയാണു നേരിടേണ്ടി വരിക. പഴയനിയമത്തിലെ ദൈവംതന്നെയാണു പുതിയനിയമത്തിലെയും ദൈവം. അതുപോലെതന്നെ, പഴയനിയമത്തിലും പുതിയനിയമത്തിലും പ്രവര്‍ത്തിക്കുന്ന ആത്മാവും ഒരുവന്‍തന്നെ! ശിശുക്കള്‍ക്കു സ്നാനം നല്‍കുന്നതിനെ കല്പനമൂലം ദൈവം വിലക്കിയിട്ടുണ്ടെങ്കില്‍, ആരെക്കാളും മുന്നിട്ടുനിന്ന് ശിശുസ്നാനത്തെ മനോവ എതിര്‍ക്കും. എന്നാല്‍, ഏതെങ്കിലും വ്യക്തികളുടെ യുക്തിവിചാരങ്ങളെ തോളില്‍ച്ചുമക്കാന്‍ മനോവയ്ക്കു കഴിയില്ല!
യോഹന്നാന്റെ സ്നാനത്തിലേക്കുതന്നെ നമുക്കു തിരികേവരാം. യോഹന്നാന്‍ സ്നാനം സ്വീകരിച്ചത് പരിശുദ്ധ കന്യകാമറിയത്തില്‍നിന്നായിരുന്നു എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനം മനോവ വ്യക്തമാക്കാം. എല്ലാ പാരമ്പര്യങ്ങള്‍ക്കും ഉപരിയായി ബൈബിളിനു പ്രാധാന്യം നല്‍കുന്നവര്‍ എന്നാണു പെന്തക്കോസ്തു വിഭാഗങ്ങള്‍ സ്വയം അവകാശപ്പെടുന്നത്. എന്നാല്‍, പ്രധാനവിഷയങ്ങളിലെല്ലാം യുക്തിയെ ആശ്രയിക്കുന്നതാണ് പെന്തക്കോസ്തുകാരില്‍ മനോവ ദര്‍ശിച്ചിട്ടുള്ളത്. ഇതിന്റെ ഏറ്റവും വലിയ തെളിവ് ശിശുസ്നാനത്തിനെതിരേയുള്ള ഇവരുടെ നിലപാടുതന്നെ! ശിശുക്കള്‍ക്ക് സ്നാനം കൊടുക്കരുതെന്ന ഒരു നിര്‍ദ്ദേശവും ബൈബിള്‍ എവിടെയുമില്ല! ഒരു ചെറിയ സൂചനപോലുമില്ലാത്ത വിഷയത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ് ഈ സഭകളുടെയെല്ലാം നിലനില്പ്!
യോഹന്നാന്റെ സ്നാനം എവിടെനിന്നായിരുന്നു എന്നത് ബൈബിളിനെ അടിസ്ഥാനപ്പെടുത്തിത്തന്നെ സ്ഥിരീകരിക്കാം. നാമെല്ലാവരും സ്നാനം സ്വീകരിച്ചത് ഏതെങ്കിലും മനുഷ്യരില്‍നിന്നാണ്. ആരില്‍നിന്നാണോ നാം സ്നാനമേല്‍ക്കുന്നത് അവനാണ് നമ്മുടെ സ്നാനകര്‍ത്താവ്. യോഹന്നാനില്‍നിന്നു സ്നാനമേറ്റവരെ സംബന്ധിച്ചിടത്തോളം, യോഹന്നാനില്‍നിന്നാണ് തങ്ങള്‍ സ്നാനമേറ്റതെന്നു പറയാന്‍ കഴിയും. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഇതിനുശേഷം യേശുവും ശിഷ്യന്‍മാരും യൂദയാദേശത്തേക്കു പോയി. അവിടെ അവന്‍ അവരോടൊത്തു താമസിച്ച് സ്‌നാനം നല്‍കി. സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളമുണ്ടായിരുന്നതിനാല്‍ അവിടെ യോഹന്നാനും സ്‌നാനം നല്‍കിയിരുന്നു. ആളുകള്‍ അവന്റെ അടുത്തു വന്ന് സ്‌നാനം സ്വീകരിച്ചിരുന്നു"(യോഹ:3;22,23). യേശു സ്നാനപ്പെടുത്തിയത് അവിടുത്തെ ശിഷ്യന്മാരെ മാത്രമായിരുന്നുവെന്ന് ബൈബിളില്‍ മറ്റൊരിടത്ത് വായിക്കുന്നുണ്ട്. തൊട്ടടുത്ത അദ്ധ്യായത്തിലാണ് യോഹന്നാന്‍ ഇതു രേഖപ്പെടുത്തിയിരിക്കുന്നത്. "യോഹന്നാനെക്കാള്‍ അധികം ആളുകളെ താന്‍ ശിഷ്യപ്പെടുത്തുകയും സ്‌നാനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഫരിസേയര്‍ കേട്ടതായി കര്‍ത്താവ് അറിഞ്ഞു. വാസ്തവത്തില്‍, ശിഷ്യന്‍മാരല്ലാതെ യേശു നേരിട്ട് ആരെയും സ്‌നാനപ്പെടുത്തിയില്ല"(യോഹ:4;1,2). അങ്ങനെയെങ്കില്‍, സ്നാനപ്പെടുത്താനുള്ള ചുമതല ശിഷ്യന്മാരെ ഏല്പിക്കുകയാകും യേശു ചെയ്തത്.
പരിശുദ്ധ കന്യകാമറിയത്തില്‍നിന്നു സ്നാനം സ്വീകരിച്ചവരില്‍ യോഹന്നാനെക്കൂടാതെ അവന്റെ അമ്മയായ എലിസബത്തുമുണ്ട്. ഒരു വ്യക്തിയുടെ കൈവയ്പ്പിലൂടെയോ വാക്കിലൂടെയോ മറ്റൊരാള്‍ക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുന്നുവെങ്കില്‍, അത് പരിശുദ്ധാത്മാവിലുള്ള സ്നാനമാണ്. പന്തക്കുസ്താ നാളില്‍ സെഹിയോന്‍ മാളികയില്‍വച്ചു ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിലുള്ള സ്നാനമേറ്റത് ആരുടെയെങ്കിലും കൈവയ്പ്പിലൂടെയായിരുന്നില്ല; മറിച്ച്, യേശുവിന്റെ വാഗ്ദാനപ്രകാരമായിരുന്നു. അതായത്, ആത്മാവില്‍ സ്നാനമേല്‍ക്കണമെങ്കില്‍ കൈവയ്പ് അനിവാര്യമല്ല; വചനം ശ്രവിച്ചാല്‍പ്പോലും ആത്മാവില്‍ നിറവുപ്രാപിക്കാന്‍ ഒരുവനു സാധിക്കും. ഇത് ആത്മാവിലുള്ള സ്നാനത്തിന്റെ പ്രത്യേകതയാണ്! സ്നാപകയോഹന്നാനും എലിസബത്തും സ്നാനം സ്വീകരിച്ചത് മറിയത്തിന്റെ അഭിവാദനസ്വരം ശ്രവിച്ചതിലൂടെയായിരുന്നു. ബൈബിള്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ വളച്ചൊടിക്കാത്ത ഏതൊരുവനും ഇതു മനസ്സിലാക്കാന്‍ കഴിയും. വചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: "മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി"(ലൂക്കാ:1;41). അപ്പസ്തോലന്മാരുടെ പ്രസംഗം കേട്ടുകൊണ്ടിരുന്നവര്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞതായി ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതു നോക്കുക: "പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവ് വന്നു"(അപ്പ.പ്രവര്‍:10;44). ജനനസര്‍ട്ടിഫിക്കറ്റ് പരിശോധിച്ചല്ല ഇവിടെ പരിശുദ്ധാത്മാവ് എല്ലാവരുടെയുംമേല്‍ വന്നത്! യേശുവിന്റെയും അപ്പസ്തോലന്മാരുടെയും പ്രസംഗം ശ്രവിക്കുന്നതിനായി അനേകം കുഞ്ഞുങ്ങള്‍ വരുമായിരുന്നുവെന്ന് വചനം വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം. മാതാപിതാക്കളോടൊപ്പമല്ലാതെയും കുട്ടികള്‍ വന്നിട്ടുണ്ട്.
ശ്രവിച്ചവരൊക്കെ ആത്മാവില്‍ നിറഞ്ഞുവെന്നു പറഞ്ഞാല്‍, ഈ വചനത്തില്‍ മായംചേര്‍ക്കുന്നത് പരിശുദ്ധാത്മാവിനെ സ്വീകരിച്ചവര്‍ക്കു ഭൂഷണമല്ല! ഉദരശുശ്രൂഷരുടെ അധരവ്യായാമങ്ങളെ അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്ന രീതിയാണ് മനോവ ഇന്നുവരെ അനുവര്‍ത്തിച്ചിട്ടുള്ളത്. മറിയത്തിന്റെ അഭിവാദനത്തിലൂടെയാണ് എലിസബത്തും സ്നാപകയോഹന്നാനും പരിശുദ്ധാത്മാവിനെ സ്വീകരിച്ചതെന്ന മനോവയുടെ വാദത്തെ പിന്തുണയ്ക്കുന്നത് ജീവിക്കുന്ന ദൈവത്തിന്റെ വചനമാണ്! മനുഷ്യരുടെ പിന്തുണ മനോവയ്ക്കു വേണ്ടാ! അമ്മ ശ്വസിക്കുന്ന പ്രാണവായുവും കഴിക്കുന്ന ഭക്ഷണവും ആസ്വദിക്കുന്ന സകലതും കുഞ്ഞിനു ലഭിക്കുന്നുവെങ്കില്‍, അമ്മ സ്വീകരിച്ച ആത്മാവിനെ ശിശുവിനു ലഭിക്കില്ലെന്ന വാദത്തിനുപിന്നില്‍ മറ്റെന്തൊക്കെയോ സ്ഥാപിത ലക്ഷ്യങ്ങളുണ്ട്‌. എലിസബത്ത് സ്വീകരിച്ച പരിശുദ്ധാത്മാവിനെ അതേയളവില്‍ത്തന്നെ ഉദരത്തിലായിരുന്ന യോഹന്നാനും സ്വീകരിച്ചുവെന്നതിന്റെ അടയാളമായിരുന്നു അവന്റെ കുതിച്ചുചാട്ടം! യേശുവിനെ മറിയം ഉദരത്തില്‍ വഹിച്ചിരുന്നതുകൊണ്ടാണ് യോഹന്നാനും എലിസബത്തും പരിശുദ്ധാത്മാവില്‍ നിറഞ്ഞതെങ്കില്‍, മറിയത്തിന്റെ അഭിവാദനം ശ്രവിച്ചമാത്രയില്‍ എന്നല്ല, മറിയത്തിന്റെ ഉദരത്തിലുള്ള യേശുവിന്റെ സാന്നിദ്ധ്യം അനുഭവിച്ച മാത്രയില്‍ എന്നുതന്നെ ബൈബിളില്‍ രേഖപ്പെടുത്തുമായിരുന്നു. മാത്രവുമല്ല, ഒന്‍പതു മാസവും ഒന്‍പതു ദിവസവും യേശുവിനെ ഉദരത്തില്‍ വഹിച്ചവളാണു കന്യകാമറിയം. ഈ കാലയളവില്‍ മറിയത്തിന്റെ സാന്നിദ്ധ്യം അനുഭവിക്കുകയും അഭിവാദനം സ്വീകരിക്കുകയും ചെയ്ത അനേകര്‍ ആ ദേശത്ത് ഉണ്ടായിരുന്നു. അവരാരും പരിശുദ്ധാത്മാവില്‍ നിറയാത്തത്, യേശുവിനെ പ്രസവിക്കുകയെന്ന ദൗത്യംപോലെതന്നെ, യോഹന്നാനെ സ്നാനപ്പെടുത്തുകയെന്ന നിയോഗംകൂടി കന്യകാമറിയത്തില്‍ നിക്ഷിപ്തമായിരുന്നു!
വചനത്താല്‍ സ്നാനപ്പെട്ട വേറെയും ആളുകളെ മനോവ പരിചയപ്പെടുത്താം. യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കവര്‍ച്ചക്കാരില്‍ ഒരുവന്‍ സ്നാനം സ്വീകരിച്ചത്, യേശുവിന്റെ വായില്‍നിന്നു പുറപ്പെട്ട വചനത്തിലൂടെയാണ്! അവിടുന്ന് അരുളിച്ചെയ്തു: "സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും"(ലൂക്കാ:23;43). ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കാത്തവര്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന് പ്രഖ്യാപിച്ചവന്‍തന്നെ, സ്വര്‍ഗ്ഗത്തിന്റെ മുന്നോടിയായ പറുദീസയിലേക്കു തന്നോടൊപ്പം ഇവനെയും കൊണ്ടുപോകുമെന്ന്! ഇതാണ് വചനത്താല്‍ സ്നാനമേല്‍ക്കുന്ന പ്രക്രിയ!

ക്രിസ്തുവിന്റെ സ്നാനം മുപ്പതാം വയസ്സിലോ?

ശിശുസ്നാനത്തെ നിഷേധിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദങ്ങളിലൊന്ന് യേശുവിന്റെ സ്നാനം മുപ്പതാമത്തെ വയസ്സിലായിരുന്നു എന്നതാണ്. നിങ്ങളോട് മനോവയ്ക്ക് ചോദിക്കുവാനുള്ളത് ഇതാണ്: യേശു സ്വീകരിച്ച സ്നാനമാണോ നിങ്ങള്‍ സ്വീകരിച്ചതും സ്വീകരിക്കേണ്ടതും? അല്ലെന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍, നിങ്ങള്‍ സ്വീകരിച്ച സ്നാനം വ്യര്‍ത്ഥമാണെന്ന് നിസ്സംശയം മനോവ പറയും! കാരണം, ക്രിസ്തുവുമായി നമ്മെ ഐക്യപ്പെടുത്തുന്ന സ്നാനം യേശു സ്വീകരിച്ച സ്നാനമല്ല! അവിടുന്ന് സ്വീകരിച്ചത് യോഹന്നാന്റെ സ്നാമാണ്! എന്നാല്‍, യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നാനമാണ് നാം സ്വീകരിക്കേണ്ടതും നല്‍കേണ്ടതുമായ സ്നാനം. യേശുക്രിസ്തു സ്നാനം സ്വീകരിച്ചപ്പോള്‍ ആരുടെയെങ്കിലും നാമത്തിലാണോ സ്നാനം സ്വീകരിച്ചത്? യോഹന്നാന്‍ സ്നാനം നല്‍കിയത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള സ്നാനമായിരുന്നോ? പിന്നെ എന്തിനു നിങ്ങള്‍ യോഹന്നാനെ അനുകരിക്കണം?
യോഹന്നാന്റെ സ്നാനവും യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നാനവും തമ്മിലുള്ള അന്തരം മനസ്സിലാക്കാത്തവര്‍ എല്ലാ സഭകളിലുമുണ്ട്. ആയതിനാല്‍, യോഹന്നാനില്‍നിന്ന്‍ യേശു സ്വീകരിച്ച സ്നാനവും യേശുക്രിസ്തുവിന്റെ നാമത്തില്‍ നാം സ്വീകരിക്കേണ്ട സ്നാനവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കുകതന്നെ വേണം.

യോഹന്നാന്റെ സ്നാനവും യേശുവിന്റെ നാമത്തിലുള്ള സ്നാനവും!

യോഹന്നാന്റെ സ്നാനവും യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നാനവും ഒന്നുതന്നെയാണെന്നു ധരിച്ചുവച്ചിരിക്കുന്നവരാണ് പെന്തക്കോസ്തുസമൂഹങ്ങള്‍! അപ്പസ്തോലികസഭകളിലെ ചിലര്‍ക്കും ഈ സ്നാനങ്ങള്‍ തമ്മില്‍ അന്തരമുണ്ടെന്ന തിരിച്ചറിവില്ല എന്നതാണു യാഥാര്‍ത്ഥ്യം. സ്നാപകയോഹന്നാന്‍ നല്‍കിയത് അനുതാപത്തിന്റെ സ്നാനമാണെങ്കില്‍, യേശുവിന്റെ നാമത്തിലുള്ള സ്നാനം പാപമോചനത്തിനുള്ള സ്നാനമാണ്! ഇവ തമ്മിലുള്ള വ്യത്യാസം ചെറുതാണെന്ന് ആരും കരുതരുത്. സ്നാപകയോഹന്നാന്റെ സ്നാനത്തെക്കുറിച്ച് ബൈബിള്‍ ഇങ്ങനെയാണു പറഞ്ഞിരിക്കുന്നത്: "മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്‌നാനപ്പെടുത്തി. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍; അവന്റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും. വീശുമുറം അവന്റെ കൈയിലുണ്ട്"(മത്താ:3;11). ഇത് യോഹന്നാന്റെതന്നെ വാക്കുകളാണ്. എന്നാല്‍ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നാനം എന്താണെന്നു നോക്കുക: "പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും"(അപ്പ.പ്രവര്‍:2;38).
സ്നാപകയോഹന്നാന്‍ പ്രസംഗിച്ചതും നല്കിയതുമായ സ്നാനം അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും സ്നാനമായിരുന്നു. ഈ സ്നാനമല്ല യേശുവിന്റെ നാമത്തിലുള്ള സ്നാനം; പാപമോചനത്തിനുള്ള ഏക ജ്ഞാനസ്നാനമാണ് യേശുവിന്റെത്! യേശുവിന്റെ നാമത്തിലുള്ള സ്നാനം ജലത്താലുള്ള സ്നാനമല്ലെന്നും, പരിശുദ്ധാത്മാവിനാലും അഗ്നിയാലുമുള്ള സ്നാനമാണിതെന്നും തിരിച്ചറിയാതെ 'സ്നാനപ്പെട്ട' അനേകര്‍ ഇന്ന് സ്നാനത്തിന്റെ പ്രഘോഷകരായി നിലകൊള്ളുന്നുണ്ട്! മനോവയെ സ്നാനപ്പെടുത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്! സ്നാനത്തെക്കുറിച്ച് യാതൊരു ബോധ്യവുമില്ലാതെ അനേകം തവണ സ്നാനം സ്വീകരിച്ചിട്ടുള്ള വ്യക്തികളെ മനോവയ്ക്കറിയാം. ഒരിക്കല്‍ മാത്രം സ്വീകരിക്കേണ്ട സ്നാനത്തെ പ്രഹസനമാക്കി മാറ്റുകയാണ് ഇക്കൂട്ടര്‍! സ്നാനം സ്വീകരിക്കാതെ കുഞ്ഞുങ്ങള്‍ക്കുപോലും ദൈവരാജ്യം അവകാശമാക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയുന്നവര്‍, അപ്പസ്തോലികസഭകളിലെ അംഗങ്ങളെ വശീകരിച്ച് വീണ്ടും സ്നാനപ്പെടാന്‍ നിര്‍ബന്ധിക്കുന്നു! സ്വന്തം ഭവനത്തിലെ കുഞ്ഞുങ്ങളുടെ ആത്മരക്ഷയെ അവഗണിച്ചുകൊണ്ടുള്ള ഈ പ്രവര്‍ത്തനങ്ങളെ വിവരക്കേടിന്റെ പരിപൂര്‍ണ്ണതയെന്നല്ലാതെ മറ്റെന്തു പറയാന്‍!
ഒരിക്കല്‍ സ്നാനമേറ്റവരെ വീണ്ടും സ്നാനത്തിനു നിര്‍ബന്ധിക്കുന്നവര്‍ ഈ വെളിപ്പെടുത്തല്‍ വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുക: "ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളു"(എഫേ:4;5). പരിശുദ്ധാത്മാവിന്റെ ഈ വെളിപ്പെടുത്തലിനെ മറികടക്കാന്‍ പെന്തക്കൊസ്തുകാര്‍ ചില വാദങ്ങള്‍ ഉയര്‍ത്താറുണ്ട്. അറിവില്ലാത്ത പ്രായത്തില്‍ അപ്പസ്തോലികസഭകളില്‍നിന്നു കൈക്കൊണ്ട സ്നാനത്തിനു സാധുതയില്ലെന്നതാണ് ഇവരുടെ വാദം. എന്നാല്‍, മനോവ ഒന്നു ചോദിക്കട്ടെ: ആരുടെ പാപത്തിനു പരിഹാരമായിട്ടാണ്‌ നാം സ്നാനം സ്വീകരിക്കുന്നത്? നമ്മുടെ വ്യക്തിപരമായ പാപത്തിന്റെ പരിഹാരം മാത്രമാണോ സ്നാനം? നമ്മുടെ വ്യക്തിപരമായ പാപത്തിനുള്ള പരിഹാരം മാത്രമാണ് സ്നാനത്തിലൂടെ ലഭിക്കുന്നതെങ്കില്‍ തീര്‍ച്ചയായും പശ്ചാത്തപിക്കുകയും യേശുവിലുള്ള വിശ്വാസം ഏറ്റുപറയുകയും വേണം! എന്നാല്‍, അമ്മയുടെ ഉദരത്തില്‍ ഒരുവന്‍ ഉരുവാകുന്നതുപോലും പാപത്തോടെയാണെങ്കില്‍, ആരുടെ പാപത്തെപ്രതിയാണ് അവന്‍ പശ്ചാത്തപിക്കേണ്ടത്? ഒരുവന്‍ അറിയാതെ അവന്റെമേല്‍ വന്നിരിക്കുന്ന പാപത്തെ നീക്കിക്കളയാന്‍, അവനോടു പശ്ചാത്താപം ആവശ്യപ്പെടുന്നതിലെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല! കടം വാങ്ങാത്തവന്‍ കടം വീട്ടണമെന്നു പറയുന്നതുപോലെ അപഹാസ്യമായ കാര്യമാണിത്.
പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയാണ് സ്നാനം സ്വീകരിക്കുന്നതെങ്കില്‍, വിചാരത്താലോ വാക്കാലോ പ്രവര്‍ത്തിയാലോ അവന്‍ പാപം ചെയ്തിട്ടുണ്ടാകും എന്നതിനാല്‍, പശ്ചാത്തപിക്കുകയും പാപങ്ങള്‍ ഏറ്റുപറയുകയും വേണം. എന്നാല്‍, ഒരു ശിശുവിനെ സംബന്ധിച്ചിടത്തോളം, അതിന്റെമേലുള്ളത് ജന്മപാപം മാത്രമാണ്. ആയതിനാല്‍, യേശുക്രിസ്തുവിനോട്‌ ഐക്യപ്പെടുത്തുന്ന സ്നാനം ഈ കുഞ്ഞിനു നല്‍കുമ്പോള്‍, മാതാപിതാക്കളോ അവര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തികളോ ഈ കുഞ്ഞിനുവേണ്ടി വിശ്വാസം ഏറ്റുപറഞ്ഞാല്‍ മതിയാകും. കാരണം, ഈ കുഞ്ഞു പാപിയായി ജനിക്കാന്‍ ഹേതുവായത് ഇതിന്റെ മാതാപിതാക്കളാണ്! മാതാപിതാക്കളുടെ വിശ്വാസംമൂലം കുഞ്ഞിന്റെമേലുള്ള പാപം നീങ്ങിപ്പോകുന്നത് യേശുക്രിസ്തുവിലൂടെയാണ്. എന്തെന്നാല്‍,  മനുഷ്യവര്‍ഗ്ഗത്തിനുമേല്‍ വന്നുഭവിച്ച പാപങ്ങളുടെ മുഴുവന്‍ പരിഹാരവും യേശുക്രിസ്തു ചെയ്തുകഴിഞ്ഞു. പാപം ചെയ്തിട്ടുള്ളവര്‍, ആ പാപത്തെക്കുറിച്ചു പശ്ചാത്തപിക്കുകയും, യേശു തന്റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചുവെന്ന വിശ്വാസം ഏറ്റുപറയുകയും വേണം. അതുവഴി അവന്‍ പുതിയ സൃഷ്ടിയായി മാറും! മനുഷ്യന്‍ ജനിച്ചതു ജഡത്തില്‍നിന്നാണെന്നും, ജഡം ദൈവരാജ്യം അവകാശമാക്കില്ലെന്നും ദൈവവചനം വ്യക്തമായ മുന്നറിയിപ്പു നല്‍കിയിരിക്കെ, പെന്തക്കോസ്തുകാരായ ദമ്പതികള്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങള്‍ ജഡത്തില്‍നിന്നല്ലെന്നാണോ നിങ്ങള്‍ പറയുന്നത്? അജ്ഞതമൂലം സ്വന്തം മക്കളോട് അനീതിപുലര്‍ത്തുന്നവര്‍ ജ്ഞാനസ്നാനം പ്രഘോഷിക്കുന്നതിലെ വൈരുദ്ധ്യം തിരിച്ചറിഞ്ഞില്ലെങ്കില്‍, നിങ്ങള്‍ വലിയ വില കൊടുക്കേണ്ടിവരും!
മാതാപിതാക്കളുടെ വിശ്വാസംമൂലം കുഞ്ഞുങ്ങളുടെ ജന്മപാപം നീങ്ങിപ്പോകും എന്നതിനു ബൈബിളില്‍ തെളിവുണ്ട്. യേശുക്രിസ്തു ഒരുവനെ സുഖപ്പെടുത്തുന്നതിനു മുന്‍പ് അവന്റെ വിശ്വാസം പരിശോധിക്കുകയോ, അവന്റെ പാപങ്ങള്‍ക്ക്‌ ക്ഷമകൊടുക്കുകയോ ചെയ്യുന്നതു കാണാം. നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നുവെന്നോ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നുവെന്നോ അരുളിച്ചെയ്തുകൊണ്ടാണ് അദ്ഭുത രോഗശാന്തികള്‍ അവിടുന്നു നല്‍കുന്നത്. ശിശുക്കളെ സൗഖ്യപ്പെടുത്തിയ സന്ദര്‍ഭങ്ങളില്‍ യേശു പരിഗണിച്ചത് അവരുടെ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ വിശ്വാസമായിരുന്നുവെന്നത് ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം. വ്യക്തികളുടെ വിശ്വാസത്തെപ്രതി അവരെ സൗഖ്യപ്പെടുത്തിയ അനേകം സന്ദര്‍ഭങ്ങള്‍ ബൈബിലുണ്ട്. അന്ധരായ ചിലരെ സൗഖ്യപ്പെടുത്തിയ സംഭവം ഇങ്ങനെയാണു നാം വായിക്കുന്നത്: "അവന്‍ ഭവനത്തിലെത്തിയപ്പോള്‍ ആ അന്ധന്‍മാര്‍ അവന്റെ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവേ, എന്ന് അവര്‍ മറുപടി പറഞ്ഞു. നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവന്‍ അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു"(മത്താ:9;28,29). ഓരോ സംഭവങ്ങളും ഇവിടെ വിവരിക്കാന്‍ സാധിക്കാത്തതുകൊണ്ട്, പാപമോചനത്തിലൂടെ സൗഖ്യം നല്‍കിയ ഒരു സംഭവം ഇവിടെ കുറിക്കാം.
ഒരിക്കല്‍ യേശുവിന്റെ അരികിലേക്ക് ഒരു തളര്‍വാതരോഗിയെ അവന്റെ ശയ്യയോടെ കൊണ്ടുവന്നു. അവന്‍ തന്റെ രോഗം സൗഖ്യപ്പെടുത്തണമെന്നോ പാപം മോചിക്കണമെന്നോ യേശുവിനോട് ആവശ്യപ്പെട്ടില്ല. എന്നാല്‍, അവനെ അവിടെ കൊണ്ടുവന്നവരുടെ വിശ്വാസം അവിടുന്നു പരിഗണിക്കുകയും രോഗിയെ സൗഖ്യപ്പെടുത്തുകയും ചെയ്തു. യേശു അവനെ സുഖപ്പെടുത്തിയ സംഭവം ഇങ്ങനെയാണ് ബൈബിളില്‍ വായിക്കുന്നത്: "അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു"(മത്താ:9;2). ഇവിടെ ഈ രോഗി തന്റെ പാപത്തെക്കുറിച്ച് അനുതപിക്കുകയോ പാപമോചനം യാചിക്കുകയോ ചെയ്യാതെതന്നെ, അവന്റെ പാപങ്ങള്‍ യേശു ക്ഷമിക്കുകയും അവനെ സുഖപ്പെടുത്തുകയും ചെയ്തു. എട്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് കത്തോലിക്കാസഭയുടെ പാരമ്പര്യമനുസരിച്ച് സ്നാനപ്പെടുത്തുന്നത്. മനസ്സറിവോടെ ഈ കുഞ്ഞ് ഒരു പാപവും ചെയ്തിട്ടുണ്ടാകില്ലെന്നു സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയാം. ഈ കുഞ്ഞിന്റെമേലുള്ള ഏക പാപം ജന്മപാപമാണ്! പ്രവാചകന്മാര്‍പ്പോലും ജന്മപാപത്തില്‍നിന്നു മുക്തരല്ലെന്ന് ക്രൈസ്തവരായ സകലര്‍ക്കുമറിയാം. സ്നാനം സ്വീകരിക്കാത്ത ആര്‍ക്കും ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം യേശു വെളിപ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍, നിര്‍ഭാഗ്യവശാല്‍ സ്നാനം സ്വീകരിക്കുന്നതിനു മുന്‍പ് ഈ കുഞ്ഞു മരണമടഞ്ഞാല്‍, ഈ കുഞ്ഞിന്റെ ആത്മാവ് നിത്യതയില്‍ എവിടെയായിരിക്കും? ശിശുസ്നാനത്തെ പാപമായി കണക്കാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന 'സ്നാനസഭക്കാര്‍' ഇതിനുള്ള ഉത്തരം നല്‍കണം!
രോഗികളെ അവരുടെ ഉറ്റവരുടെ വിശ്വാസം പരിഗണിച്ചു സൗഖ്യപ്പെടുത്തുന്ന അനേകം സന്ദര്‍ഭങ്ങള്‍ ബൈബിളില്‍ വായിക്കാന്‍ കഴിയും. സാക്ഷ്യത്തിനായി മാത്രമാണ് ഇത്രയും ഇവിടെ കുറിച്ചത്. യേശുവിനെ കണ്ടിട്ടുപോലുമില്ലാത്ത വ്യക്തികളെ അവരുടെ യജമാനന്മാരുടെ വിശ്വാസം കണക്കിലെടുത്തുകൊണ്ട് സുഖപ്പെടുത്തിയ സംഭവവും ബൈബിളിലുണ്ട്. ഇത്തരത്തിലൊരു സംഭവം ശ്രദ്ധിക്കുക: "യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്ന്‌യാചിച്ചു: കര്‍ത്താവേ, എന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടില്‍ കിടക്കുന്നു. യേശു അവനോടു പറഞ്ഞു: ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം. അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും. ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നുപറയുമ്പോള്‍ അവന്‍ പോകുന്നു. അപരനോടു വരുക എന്നുപറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ അതു ചെയ്യുന്നു. യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും. രാജ്യത്തിന്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. യേശു ശതാധിപനോടു പറഞ്ഞു: പൊയ്‌ക്കൊള്‍ക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യന്‍ സുഖം പ്രാപിച്ചു"(മത്താ:8;5-13).
വിജാതിയനായ ഒരു ശതാധിപന്‍ വിശ്വാസത്തോടെ യാചിച്ചപ്പോള്‍, ഭവനത്തില്‍ രോഗിയായി വേദനയനുഭവിക്കുന്ന അവന്റെ ഭൃത്യനെ സുഖപ്പെടുത്തിയവനാണ് നമ്മുടെ യേശു! യാതൊരു പാപവും ചെയ്തിട്ടില്ലാത്ത ഒരു കുഞ്ഞിനെ തന്നോട് ഐക്യപ്പെടുത്താന്‍, ആ കുഞ്ഞിന്റെ മാതാപിതാക്കളുടെ വിശ്വാസം യേശു പരിഗണിക്കില്ലെന്നു കരുതുന്നവര്‍ ദൈവപുത്രനെ വേണ്ടവിധം മനസ്സിലാക്കാത്തവരാണ്! യേശു അരുളിച്ചെയ്ത ഈ വചനം ശ്രദ്ധിക്കുക: "നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!"(ലൂക്കാ:11;11-13). തങ്ങളുടെ കുഞ്ഞിനു പരിശുദ്ധാത്മാവിനെ ലഭിക്കുന്നതിനുവേണ്ടിയല്ലേ മാതാപിതാക്കള്‍ ആ കുഞ്ഞിനെ സ്നാനപ്പെടുത്താന്‍ തയ്യാറാകുന്നത്? തങ്ങളുടെ കുഞ്ഞിനു ദൈവരാജ്യം നഷ്ടപ്പെടരുതെന്ന തീഷ്ണമായ ആഗ്രഹംകൊണ്ടാല്ലേ അവര്‍ ആ കുഞ്ഞിനെ യേശുവിനോട് ഐക്യപ്പെടുത്താന്‍ ശ്രമിക്കുന്നത്? ഇത് പരിഗണിക്കാന്‍ തയ്യാറാകാത്ത ദുഷ്ടനായ ദൈവത്തെയല്ല കത്തോലിക്കാസഭയിലെ ദൈവമക്കള്‍ ആരാധിക്കുന്നത്? ഇവിടെ ഒരു മറുവാദം ഉയര്‍ന്നേക്കാം: തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്കാണ് അവിടുന്ന് ആത്മാവിനെ നല്‍കുന്നത്; കുഞ്ഞുങ്ങള്‍ വിളിച്ചപേക്ഷിക്കാത്തതുകൊണ്ട് അവര്‍ക്ക് ആത്മാവിനെ ലഭിക്കില്ല എന്നതാണ് ഈ വാദം! അമ്മയുടെ അപേക്ഷ പരിഗണിച്ച്, അവളുടെ കുഞ്ഞിനെ സൗഖ്യപ്പെടുത്തിയ യേശുവിനെ മനോവ കാട്ടിത്തരാം!
സീറോഫിനീഷ്യന്‍ വംശജയായ ഒരു സ്ത്രീ യേശുവിനെ സമീപിച്ച് അവളുടെ മകളെ സുഖപ്പെടുത്തണമെന്ന് അപേക്ഷിച്ചു. അവളുടെ പുത്രി പിശാച്ചുബാധിതയായിരുന്നു. ആ വിജാതിയസ്ത്രീയുടെ വിശ്വാസം മനസ്സിലാക്കിയ യേശു ഇപ്രകാരം അവളോട്‌ ഇപ്രകാരം അരുളിച്ചെയ്തു: "യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി"(മത്താ:15;28). ഇതിനു സമാനമായ മറ്റൊരു സംഭവംകൂടി നോക്കുക: "അവര്‍ ജനക്കൂട്ടത്തിന്റെ അടുത്തേക്കു വന്നപ്പോള്‍ ഒരാള്‍ കടന്നുവന്ന് അവന്റെ സന്നിധിയില്‍ പ്രണമിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, എന്റെ പുത്രനില്‍ കനിയണമേ; അവന്‍ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവന്‍ തീയിലും വെള്ളത്തിലും വീഴുന്നു. ഞാന്‍ അവനെ നിന്റെ ശിഷ്യന്‍മാരുടെ അടുത്തുകൊണ്ടുവന്നു. പക്‌ഷേ, അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക. യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി. തത്ക്ഷണം ബാലന്‍ സുഖംപ്രാപിച്ചു"(മത്താ:17;14-18). ഇവിടെയൊന്നും ആ കുഞ്ഞുങ്ങളുടെ വിശ്വാസമല്ല യേശു പരിഗണിച്ചത്; മറിച്ച്, അവരുടെ മാതാവിന്റെയോ പിതാവിന്റെയോ വിശ്വാസം കുഞ്ഞുങ്ങള്‍ക്ക് അനുഗൃഹമായി പരിണമിച്ചു.
യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നാനം സ്വീകരിക്കുന്നതിന് പ്രായം ഒരു പരിഗണനാവിഷയമല്ല. കാരണം, അമ്മയുടെ ഉദരത്തില്‍ രൂപംകൊള്ളുന്ന ഒരു ശിശുവിന്റെമേല്‍ പാപം ആധിപത്യം സ്ഥാപിച്ചത് ആ ശിശുവിന്റെ പ്രവത്തിയുടെ ഫലമല്ല! അതിനാല്‍ത്തന്നെ, ഈ പാപത്തില്‍നിന്നുള്ള മോചനത്തിനായി അനുതാപം ആവശ്യമില്ല. യേശുവിന്റെ മരണത്താല്‍ ഈ പാപം ഉന്മൂലനം ചെയ്യപ്പെട്ടതിന്റെ ഗുണഭോക്താവാകാന്‍ ഏവനും അനിവാര്യമായ ഘടകം ജ്ഞാനസ്നാനമാണ്! ഇതിന്റെ സ്ഥിരീകരണം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: "യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു"(റോമാ:6;3,4).
സ്നാപകയോഹന്നാന്റെ സ്നാനമാണ് നാം സ്വീകരിക്കുന്നതെങ്കില്‍, നമുക്ക് പ്രായപൂര്‍ത്തിയാകണമെന്നു മാത്രമല്ല, നമ്മള്‍ പാപം ചെയ്തവരുമായിരിക്കണം! കാരണം, യോഹന്നാന്റെ സ്നാനം അനുതാപത്തിന്റെയും മാനസാന്തരത്തിന്റെതുമാണ്! പാപം ചെയ്യാത്ത ഒരുവന്‍ അനുതപിക്കുകയോ മാനസാന്തരപ്പെടുകയോ ചെയ്യേണ്ടതുണ്ടോ? പ്രായപൂര്‍ത്തിയായ ഒരുവനെ സംബന്ധിച്ചിടത്തോളം മാനസാന്തരവും പശ്ചാത്താപവും ആവശ്യമായി വരുന്നതുകൊണ്ട്, ഈ സ്നാനം സ്വീകരിക്കുന്നവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള പ്രായം അനിവാര്യമാണ്! എന്നാല്‍, യേശുക്രിസ്തുവിന്റെ നാമത്തില്‍ നാം സ്വീകരിക്കേണ്ട പരമപ്രധാനമായ സ്നാനം പാപമോചനത്തിനുള്ള ഏക സ്നാനമാണ്. പാപമുള്ള സകലരും നിബന്ധമായും സ്വീകരിക്കേണ്ട സ്നാനവുമാണിത്!

ജലത്താലുള്ള സ്നാനവും ആത്മാവിലുള്ള സ്നാനവും!

വിവിധതരം സ്നാനങ്ങളെക്കുറിച്ചു ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്നാപകയോഹന്നാന്‍ അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും സ്നാനം ജലത്താല്‍ നല്‍കി. എന്നാല്‍, യേശു നല്‍കുന്ന സ്നാനം ഇതല്ലെന്നും അവിടുന്ന് അഗ്നിയാലും ആത്മാവിനാലുമാണ് സ്നാനം നകുന്നതെന്നും പ്രഖ്യാപിച്ചത് സ്നാപകയോഹന്നാന്‍ തന്നെയാണ്! ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "യോഹന്നാന്‍ അവരോടു പറഞ്ഞു: ഞാന്‍ ജലം കൊണ്ടു സ്‌നാനം നല്‍കുന്നു. എന്നാല്‍, എന്നെക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു. അവന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും നിങ്ങള്‍ക്കു സ്‌നാനം നല്‍കും"(ലൂക്കാ:3;16). എന്നാല്‍, യേശു അവിടുത്തെ ശിഷ്യന്മാരെയല്ലാതെ മറ്റാരെയും സ്നാനപ്പെടുത്തിയിട്ടില്ലെന്നാണ് ശിഷ്യന്മാര്‍തന്നെ നമ്മോടു വെളിപ്പെടുത്തിയിരിക്കുന്നത്. യേശു ഈ ചുമതല അവിടുത്തെ അനുയായികളെ ഏല്പിക്കുകയായിരുന്നു. ആയതിനാല്‍, യേശുവിന്റെ നാമത്തില്‍ നാം സ്വീകരിക്കുന്ന സ്നാനം യഥാര്‍ത്ഥത്തില്‍ നമുക്കു നല്‍കുന്നത് യേശുതന്നെയാണ്!
ജലത്താലുള്ള സ്നാനം ഒരുവന്‍ സ്വീകരിക്കുന്നതിലൂടെതന്നെ പരിശുദ്ധാത്മാവിനെയും അവന്‍ സ്വീകരിക്കുന്നുവെന്ന അബദ്ധധാരണയില്‍ കഴിയുന്ന അനേകം സഭകളുണ്ട്. ദൈവവചനത്തെ അടിസ്ഥാനമാക്കി പഠിക്കുമ്പോള്‍, ജലസ്നാനത്തോടൊപ്പം പരിശുദ്ധാത്മാവിനെ സ്വീകരിക്കപ്പെടുന്നു എന്ന ധാരണ തെറ്റാണെന്നു മനസ്സിലാകും. യേശു സ്നാനം സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവന്നതിനാല്‍, ഏതൊരുവന്‍ സ്നാനം സ്വീകരിക്കുമ്പോഴും അപ്രകാരംതന്നെ സംഭവിക്കുമെന്ന ചിന്തയാണ് ഈ തെറ്റിദ്ധാരണയ്ക്ക് ആധാരം! എന്നാല്‍, യോഹന്നാന്റെ സ്നാനം സ്വീകരിച്ച മറ്റാരുംതന്നെ പരിശുദ്ധാത്മാവിനെ സ്നാനത്തോടൊപ്പം സ്വീകരിച്ചിരുന്നില്ല. കാരണം, പരിശുദ്ധാത്മാവിനാലും അഗ്നിയാലുമുള്ള സ്നാനം നല്കുവാനായിരുന്നില്ല യോഹന്നാന്‍ വന്നത്. ആത്മാവ് പ്രാവിന്റെ രൂപത്തില്‍ യേശുവിനുമേല്‍ ഇറങ്ങിവന്നത്, പരിശുദ്ധാത്മാവിനാല്‍ സ്നാനപ്പെടുത്തുന്നവന്‍ ആരാണെന്നു യോഹന്നാനു സാക്ഷ്യം നല്‍കാനായിരുന്നു. ഇതു യോഹന്നാന്‍ വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളി പ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്‌നാനം നല്‍കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെ മേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി. ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്‌നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആ വസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്‌നാനം നല്‍കുന്നവന്‍. ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു"(യോഹ:1;29-34).
യോഹന്നാന്റെ സ്നാനമായ ജലത്താലുള്ള സ്നാനമേറ്റതുകൊണ്ട് പരിശുദ്ധാത്മാവ് നിറയണമെന്നില്ല എന്നതിനു വേറെയും തെളിവുകളുണ്ട്. എഫേസോസിലെ ചില ക്രിസ്ത്യാനികള്‍ക്ക് 'പരിശുദ്ധാത്മാവ്' എന്താണെന്നുപോലും അറിയില്ലായിരുന്നു. എന്നാല്‍, തങ്ങള്‍ സ്നാനം സ്വീകരിച്ചവരായിരുന്നുവെന്ന് ഇവര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ബൈബിളില്‍ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നതു നോക്കുക: "അപ്പോളോസ് കോറിന്തോസിലായിരുന്നപ്പോള്‍ പൗലോസ് ഉള്‍നാടുകളിലൂടെ സഞ്ചരിച്ച് എഫേസോസിലെത്തി. അവിടെ അവന്‍ ഏതാനും ശിഷ്യരെ കണ്ടു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല. പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടു പോലുമില്ല. അവന്‍ ചോദിച്ചു: എങ്കില്‍പിന്നെ, നിങ്ങള്‍ ഏതു സ്‌നാനമാണു സ്വീകരിച്ചത്? അവര്‍ പറഞ്ഞു: യോഹന്നാന്റെ സ്‌നാനം. അപ്പോള്‍ പൗലോസ് പറഞ്ഞു: യോഹന്നാന്‍ തനിക്കു പിന്നാലെ വരുന്നവനില്‍, അതായത്, യേശുവില്‍ വിശ്വസിക്കണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് അനുതാപത്തിന്റെ സ്‌നാനമാണു നല്‍കിയത്. അവര്‍ ഇതുകേട്ട് കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിച്ചു. പൗലോസ് അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു"(അപ്പ.പ്രവര്‍:19;1-6). ജലത്താലുള്ള സ്നാനവും പരിശുദ്ധാത്മാവിനാലുള്ള സ്നാനവും തമ്മിലുള്ള വ്യത്യാസമാണ് നാമിവിടെ കാണുന്നത്. യോഹന്നാന്റെ സ്നാനമായ അനുതാപത്തിന്റെ സ്നാനത്തിലൂടെയല്ല നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നത്. പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിക്കുന്നത് ശ്രേഷ്ഠന്മാരുടെ കൈവയ്പ്പുവഴിയാണ്. വചനശ്രവണത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരെയും ബൈബിളില്‍ നാം കാണുന്നുണ്ട്. എന്നാല്‍, പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നത് പ്രധാനമായും കൈവയ്പ്പിലൂടെയാണ്!
ഇതു വ്യക്തമാക്കുന്ന ഒരു തെളിവുകൂടി നമുക്കു പരിശോധിക്കാം. സമരിയാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്നറിഞ്ഞപ്പോള്‍, പത്രോസും യോഹന്നാനും അവരുടെ അടുക്കലേക്ക് അയയ്ക്കപ്പെടുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്നു നോക്കുക: "അവര്‍ ചെന്ന് അവിടെയുള്ളവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയും മേല്‍ വന്നിരുന്നില്ല. അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. പിന്നീട്, അവരുടെമേല്‍ അവര്‍കൈകള്‍ വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു"(അപ്പ.പ്രവര്‍:8;15-17). അതായത്, യേശുവിന്റെ നാമത്തിലുള്ള ജലസ്നാനം സ്വീകരിക്കുന്നതിലൂടെ പരിശുദ്ധാത്മാവിനെ ലഭിക്കണമെന്നു നിര്‍ബന്ധമില്ല. ജലസ്നാനം തന്നെയാണ് പരിശുദ്ധാത്മ സ്നാനമെന്നു ധരിച്ചിരിക്കുന്നവര്‍ എല്ലാ സഭകളിലുമുണ്ട്. ഒരു പരിധിവരെ, അപ്പസ്തോലികസഭകളും പെന്തക്കോസ്തുസഭകളും തമ്മിലുള്ള തര്‍ക്കത്തിന്റെ കാരണവും ഇതുതന്നെയാണ്! ശിശുക്കള്‍ക്കു സ്നാനം നല്‍കുമ്പോള്‍ത്തന്നെ അവരില്‍ പരിശുദ്ധാത്മാവ് നിറയുന്നുവെന്നു വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ അപ്പസ്തോലിക സഭകളിലുണ്ട്. എന്നാല്‍, മാമോദീസാ എന്ന കൂദാശ ജലസ്നാനം മാത്രമാണ്! സ്ഥൈര്യലേപനമെന്ന കൂദാശയാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനുവേണ്ടിയുള്ള കൂദാശ!
കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ ആചാരങ്ങളെല്ലാം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ജ്ഞാനികളായ പൂര്‍വ്വപിതാക്കള്‍ ദൈവവചനത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്‌. എന്നാല്‍, ഈ ആചാരങ്ങളുടെ അന്തസത്ത വെളിപ്പെടുത്താനുള്ള ജ്ഞാനമുള്ളവര്‍ സഭയുടെ നേതൃത്വത്തില്‍ ഇല്ലെന്നതാണ് ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പല നേതാക്കന്മാരുടെയും പേരിനോടു ചേര്‍ന്നുള്ള 'ഡോക്ടര്‍' എന്ന വാലിന്റെ ഉറവിടം തേടിയാല്‍, വേദങ്ങള്‍, ഉപനിഷത്തുകള്‍, കുച്ചുപ്പുടി, ഭരതനാട്യം, മന്ത്രവാദം തുടങ്ങിയ പൈശാചികതകളില്‍ ചെന്നുനില്‍ക്കും! സഭയില്‍ ആചാരിച്ചുപോരുന്ന വിശ്വാസാനുഷ്ഠാനങ്ങളുടെ യഥാര്‍ത്ഥ സത്യം തിരിച്ചറിയാത്ത നേതാക്കന്മാര്‍ അധികാരശ്രേണികളില്‍ നിറഞ്ഞപ്പോള്‍, തങ്ങള്‍ക്ക് അജ്ഞാതമായ കാര്യങ്ങളെ അവഗണിക്കുകയും, സ്വന്തം ബുദ്ധിക്കു ശരിയെന്നു തോന്നുന്ന അബദ്ധങ്ങള്‍ പകരരമായി പ്രതിഷ്ഠിക്കുകയും ചെയ്തു! പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ ദൈവീകമനുഷ്യര്‍ രൂപംകൊടുത്ത ആചാരങ്ങളും നിയമങ്ങളും അതിന്റെ പൂര്‍ണ്ണതയില്‍ ഗ്രഹിക്കണമെങ്കില്‍, ആദിമസഭയില്‍ പ്രവര്‍ത്തിച്ച അതേ ആത്മാവിനെ സ്വീകരിച്ചവര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. പരിശുദ്ധാത്മാവിനെക്കുറിച്ചു കേട്ടുകേള്‍വിപോലുമില്ലാത്തവര്‍, പരിശുദ്ധാത്മ പ്രേരണയാല്‍ വിരചിതമായ തിരുവെഴുത്തുകളെ വ്യാഖ്യാനിച്ചതാണ് സഭ നേരിടുന്ന മറ്റൊരു ദുരന്തം!
എല്ലാ കൂദാശകളിലും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമുണ്ടെങ്കിലും, പരിശുദ്ധാത്മാവിനെ അഭിഷേകം ചെയ്യുന്ന കൂദാശ സ്ഥൈര്യലേപനമാണ്. ഈ കൂദാശയെ സംബന്ധിച്ചു മാത്രമായി മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നതിനാല്‍, സ്ഥൈര്യലേപനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരണത്തിന് ഇവിടെ മുതിരുന്നില്ല! എങ്കിലും ഒരുകാര്യം ചുരുക്കമായി പറയാം: മറ്റുപല കൂദാശകളെയുംപോലെ അവഗണിക്കപ്പെട്ടുകിടക്കുന്ന ഒരു കൂദാശയാണ് സ്ഥൈര്യലേപനം. ഒരു കുഞ്ഞിന്റെ മാമോദീസാ വലിയ ആഘോഷമായി നടത്താറുണ്ട്; ക്രിസ്തീയതയ്ക്കു ചേര്‍ന്നവിധമാണെങ്കില്‍, അതു നല്ലതുതന്നെ! ആദ്യകുബ്ബാന സ്വീകരണവും വിവാഹവും പൗരോഹിത്യ സ്വീകരണവുമൊക്കെ വലിയ ആഘോഷങ്ങളായി കൊണ്ടാടുന്നവര്‍ സ്ഥൈര്യലേപനത്തെ അവഗണിക്കുന്നത് അജ്ഞതമൂലമാണ്! മാമോദീസായിലൂടെ ഒരുവന്‍ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ ഭാഗമായിത്തീരുന്നുവെങ്കില്‍, സ്ഥൈര്യലേപനത്തിലൂടെയാണ് അവന്‍ ക്രിസ്തുവിന്റെ(സഭയുടെ) ശുശ്രൂഷകനായി അഭിഷിക്തനാകുന്നത്! അതുകൊണ്ടുതന്നെ, സ്ഥൈര്യലേപനത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്നു നാം മനസ്സിലാക്കിയിരിക്കണം.
സ്ഥൈര്യലേപനത്തെ സംബന്ധിച്ചുള്ള വിവരണം മറ്റൊരു ലേഖനത്തിലേക്കായി മാറ്റിവച്ചുകൊണ്ട്, ജലത്താലും ആത്മാവിനാലുമുള്ള സ്നാനങ്ങളുടെ വ്യത്യാസം അല്പംകൂടി ചിന്തിക്കാം. ജലത്താലുള്ള സ്നാനം സ്വീകരിക്കുന്നവര്‍ക്ക് ഈ സ്നാനത്തിലൂടെതന്നെ പരിശുദ്ധാത്മാവിനെ ലഭിക്കണമെന്നില്ല എന്ന വസ്തുത നാം മനസ്സിലാക്കി. എന്നാല്‍, ജലത്താലുള്ള സ്നാനം സ്വീകരിക്കാതെതന്നെ പരിശുദ്ധാത്മാവിനാല്‍ സ്നാനമേറ്റ വ്യക്തികളെക്കുറിച്ചും സമൂഹങ്ങളെക്കുറിച്ചും ബൈബിള്‍ നമുക്ക് അറിവുനല്‍കുന്നുണ്ട്. ഇത്തരത്തിലൊരു സംഭവം ശ്രദ്ധിക്കുക: "അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവര്‍ കേട്ടു. അപ്പോള്‍ പത്രോസ് പറഞ്ഞു: നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഇവര്‍ക്കു ജ്ഞാനസ്നാനജലം നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? യേശുക്രിസ്തുവിന്റെ നാമത്തില്‍ അവര്‍ക്ക് സ്നാനംനല്കാന്‍ അവന്‍ കല്പിച്ചു"(അപ്പ.പ്രവര്‍:10;46-48). യഹൂദരോടൊപ്പം വിജാതിയരും സമ്മേളിച്ചിരുന്ന ഒരു കൂട്ടായ്മയിലാണ് ഇത് സംഭവിച്ചത്. പത്രോസിന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്ന മുഴുവന്‍ ആളുകളുടെമേലും പരിശുദ്ധാത്മാവു വന്നുനിറഞ്ഞതായിട്ടാണ് ബൈബിളില്‍ കാണുന്നത്. സ്നാനം സ്വീകരിക്കാത്ത വിജാതിയരുടെമേല്‍പ്പോലും പരിശുദ്ധാത്മാവു നിറഞ്ഞത് വചനത്തിന്റെ ശക്തിയാലാണ്. ബൈബിളില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവ് വന്നു. വിജാതിയരുടെമേല്‍പോലും പരിശുദ്ധാത്മാവിന്റെ ദാനം വര്‍ഷിക്കപ്പെട്ടതിനാല്‍ പത്രോസിന്റെകൂടെ വന്നിരുന്ന പരിച്ഛേദിതരായ വിശ്വാസികള്‍ വിസ്മയിച്ചു"(അപ്പ.പ്രവര്‍:10;44,45).
പത്രോസിന്റെ പ്രസംഗം കേട്ടവരില്‍ പ്രായപൂര്‍ത്തിയായവര്‍ മാത്രമായിരുന്നോ ഉണ്ടായിരുന്നത്? യേശുവിന്റെ വചനം കേള്‍ക്കാന്‍ ശിശുക്കളെയുമായി മാതാപിതാക്കള്‍ വന്നിരുന്നുവെന്ന് ബൈബിള്‍ വായിച്ചിട്ടുള്ള ആര്‍ക്കാണ് അറിയാത്തത്? വചനം കേട്ട എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവ് വന്നുവെന്നു പറഞ്ഞാല്‍, കുട്ടികളെ ഒഴിവാക്കിയെന്നു വ്യാഖ്യാനിക്കാന്‍ സാധിക്കുമോ? പരിശുദ്ധാത്മാവിനെ സ്വീകരിച്ചവര്‍ക്ക് ജ്ഞാനസ്നാനജലം നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ എന്ന പത്രോസിന്റെ ചോദ്യം മനോവ ഇവിടെ ആവര്‍ത്തിക്കുകയാണ്! ഇനി, കുട്ടികളുടെമേല്‍ പരിശുദ്ധാത്മാവ് വരില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, ബൈബിള്‍ ഒരുവട്ടംകൂടി വായിക്കാനുള്ള ഉപദേശമേ മനോവയ്ക്കു നല്‍കാനുള്ളൂ. കാരണം, ജോയേല്‍ പ്രവചനം ഇങ്ങനെയാണ്: "അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്‌നങ്ങള്‍ കാണും; യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും. ആ നാളുകളില്‍ എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും"(ജോയേല്‍:2;28,29). ജോയേല്‍പ്രവാചകനിലൂടെ പ്രഖ്യാപിക്കപ്പെട്ട ആ ദിനം ഇനിയുമായില്ലെന്നു കരുതുന്നവര്‍ പത്രോസിന്റെ ഈ വാക്കുകള്‍ വേണ്ടവിധം ഗ്രഹിക്കുക: "യഹൂദജനങ്ങളേ, ജറുസലെമില്‍ വസിക്കുന്നവരേ, ഇതു മനസ്സിലാക്കുവിന്‍; എന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍. നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ ലഹരിപിടിച്ചവരല്ല. കാരണം, ഇപ്പോള്‍ ദിവസത്തിന്റെ മൂന്നാംമണിക്കൂറല്ലേ ആയിട്ടുള്ളൂ? മറിച്ച്, ജോയേല്‍പ്രവാചകന്‍ പറഞ്ഞതാണിത്"(അപ്പ.പ്രവര്‍:2;14-16).
ശിശുക്കളുടെമേല്‍ ആത്മാവു നിറയുമെന്നതിന് യേശുവിന്റെ ഈ വചനം സാക്ഷ്യമായി പരിഗണിക്കാം: "ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്തുതി ഒരുക്കി എന്ന് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?"(മത്താ:21;16). ഗര്‍ഭസ്ഥശിശുവായിരുന്ന യോഹന്നാനും മറ്റു പ്രവാചകന്മാരും പരിശുദ്ധാത്മാവിനാല്‍ സ്നാനപ്പെട്ടത് എങ്ങനെയെന്നത് നാം കണ്ടുകഴിഞ്ഞു! ആയതിനാല്‍, ജലത്താലുള്ള സ്നാനവും പരിശുദ്ധാത്മാവിനാലുള്ള സ്നാനവും ഒന്നാണെന്ന ധാരണ സകലരും തിരുത്തിയേ മതിയാകൂ!

ക്രൈസ്തവരായി ജീവിക്കാന്‍ സ്നാനം അനിവാര്യം!

ക്രിസ്ത്യാനിയായി ഈ ഭൂമിയില്‍ ജീവിക്കണമെങ്കില്‍ സ്നാനം കൂടിയേതീരൂ. എന്നാല്‍, ക്രിസ്തുവില്‍ വിശ്വസിച്ചതിനുശേഷം രക്തസാക്ഷിത്വം വഹിക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ മരണപ്പെടുകയോ ചെയ്യുന്നുവെങ്കില്‍, അവന്റെ മരണം ക്രിസ്തുവിലുള്ള സ്നാനമായി പരിഗണിക്കപ്പെടും. കാരണം, ക്രിസ്തുവിന്റെ മരണത്തോട് ഒരുവനെ ഐക്യപ്പെടുത്തുന്നതാണ് ജ്ഞാനസ്നാനം! യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കവര്‍ച്ചക്കാരന്റെ ജ്ഞാനസ്നാനം ഇപ്രകാരമുള്ളതായിരുന്നു. അതേസമയം, ഈ ഭൂമിയില്‍ ക്രിസ്ത്യാനിയായി ജീവിക്കുന്ന ഓരോരുത്തരും അവിടുത്തെ മരണത്തോട് ഐക്യപ്പെട്ടവരായിരിക്കണം. ഇപ്രകാരം ഐക്യപ്പെട്ട ജീവിതം നയിച്ചവര്‍ക്കു മാത്രമേ അവിടുത്തെ പുനരുത്ഥാനത്തില്‍ അവിടുത്തോട്‌ ഐക്യപ്പെടാനും നിത്യജീവനില്‍ പ്രവേശിക്കുവാനും സാധിക്കുകയുള്ളു!
ക്രിസ്തുവിനോട് ഐക്യപ്പെടാത്ത ഒരുവനു ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെടാന്‍ സാധിക്കുകയില്ല! അതിനാല്‍, ക്രിസ്ത്യാനിയാകാനുള്ള തങ്ങളുടെ മക്കളുടെ അവകാശം നിഷേധിക്കുന്ന മാതാപിതാക്കള്‍ അവരോടു കാണിക്കുന്നത് കടുത്ത വഞ്ചനയാണ്. വളര്‍ന്നുവരുമ്പോള്‍, അവര്‍ തങ്ങളുടെ യോഗ്യതയ്ക്ക് അനുസൃതമായി പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യട്ടെ! കുഞ്ഞുങ്ങള്‍ ആദ്യമായി ശിഷ്യപ്പെടുന്നത് അവരുടെ അദ്ധ്യാപകര്‍ക്കല്ല; മറിച്ച്, മാതാപിതാക്കള്‍ക്കാണ്. യേശുവിന്റെ വചനവും അപ്രകാരംതന്നെയാണ്. ശിഷ്യപ്പെട്ടവരെ പിന്നീടു സ്നാനപ്പെടുത്തുകയും അതിനുശേഷം അവരെ പഠിപ്പിക്കുകയും ചെയ്യണമെന്ന കല്പനയാണ് യേശു നല്‍കിയിരിക്കുന്നത്. വചനം ഇപ്രകാരം നമ്മോടു കല്പിക്കുന്നു: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ:28;19,20). ഈ ക്രമമാണ് നാം അനുവര്‍ത്തിക്കേണ്ടത്. ശിശുക്കള്‍ക്ക് സ്നാനം നല്‍കരുതെന്ന ഒരു വചനംപോലും ബൈബിളില്‍ ഇല്ലാതിരിക്കെ, അവരുടെ സ്നാനത്തെ ഇത്രമാത്രം എതിര്‍ക്കുന്നവര്‍ ദൈവവചനം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്തു ധാര്‍മ്മീകതയാണുള്ളത്? സ്നാനത്തിലൂടെയാണ് ഒരു വ്യക്തി ക്രിസ്ത്യാനിയാകുന്നതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേ, സ്നാനം നല്‍കാത്ത കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുകയും ജനന രജിസ്റ്ററില്‍ പേരു ചേര്‍ക്കുകയും ചെയ്യുമ്പോള്‍, അവര്‍ ക്രിസ്ത്യാനികളാണെന്നു രേഖപ്പെടുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
ദൈവരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ സ്നാനം അനിവാര്യമായിരിക്കുന്നതുപോലെതന്നെ, ക്രിസ്ത്യാനിയായി ഈ ഭൂമുഖത്തു ജീവിക്കണമെങ്കിലും സ്നാനം കൂടിയേതീരൂ. കാരണം, ഒരുവന്‍ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയില്‍ അംഗമാകുന്നത് ജ്ഞാനസ്നാനത്തിലൂടെയാണ്. യേശുക്രിസ്തുവിനോട്‌ ഐക്യപ്പെടാത്ത ആര്‍ക്കും ദൈവത്തിന്റെ സഭയുടെ ഭാഗമാകാന്‍ കഴിയുകയില്ല! യേശുവിന്റെ മരണത്തോട് ഐക്യപ്പെടാത്തവരായ ആര്‍ക്കും അവിടുത്തെ പുനരുത്ഥാനത്തിന്റെ ഭാഗമാകാനും സാധിക്കുകയില്ല. ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യം അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കിയിട്ടുള്ള മനോവയെ സ്നാനപ്പെടുത്താന്‍ ശ്രമിക്കുന്ന 'ന്യൂജനറേഷന്‍' സഭകളോടുള്ള മനോവയുടെ ഉപദേശം ഇതാണ്: "മനോവയെപ്രതി നിങ്ങള്‍ കരയേണ്ടാ; നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി വിലപിക്കുവിന്‍!"

വിശ്വാസ സ്നാനം!

"അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ:16;15,16). ഈ ഒരു വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് സ്നാനസഭകള്‍ ഇന്നു നിലനില്‍ക്കുന്നത്. അനേകരെ വഞ്ചിച്ചും സ്വയം വഞ്ചിക്കപ്പെട്ടും ഇക്കൂട്ടര്‍ സമൂഹത്തില്‍ നിലകൊള്ളുന്നത് സ്നാപകയോഹന്നാന്റെ സ്നാനത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. വിശ്വസിച്ചു സ്നാനം സ്വീകരിക്കുന്നവര്‍ രക്ഷിക്കപ്പെടുമെന്ന വചനത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാത്തവര്‍, വിശ്വസിക്കാനാവശ്യമായ പ്രായം സ്വയം നിശ്ചയിച്ചിരിക്കുന്നത് ഏതു വചനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആര്‍ക്കും അറിയില്ല! കാരണം, അങ്ങനെയൊരു വചനം ഇതുവരെയും അവതരിക്കപ്പെട്ടിട്ടില്ല!
വിശ്വസിച്ചു സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നമുക്കു പരിശോധിക്കാം. യേശു അവിടുത്തെ ശിഷ്യന്മാരെ അയച്ചത് ക്രൈസ്തവരുടെയിടയിലേക്കായിരുന്നില്ല; മറിച്ച്, തന്നെക്കുറിച്ചു അറിയാത്ത ജനങ്ങളുടെയിടയിലേക്കായിരുന്നു. ഈ സാഹചര്യത്തില്‍, നിര്‍ബന്ധപൂര്‍വ്വമോ മറ്റെന്തെങ്കിലും വാഗ്ദാനങ്ങള്‍ നല്‍കിയോ ആരെയെങ്കിലും സ്നാനപ്പെടുത്തുന്നതിനെ എതിര്‍ക്കുന്ന വചനമാണിത്. വിശ്വാസസ്നാനത്തിനുവേണ്ടി വാദിക്കുന്നവര്‍, ഈ വചനത്തോടു ചേര്‍ന്നുനില്‍ക്കുന്ന മറ്റൊരാശയം സൗകര്യപൂര്‍വ്വം അവഗണിക്കുന്നുവെന്നതാണ്‌ ശ്രദ്ധേയമായ കാര്യം. വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും എന്ന മുന്നറിയിപ്പിനെക്കുറിച്ച് ഇവര്‍ ഒന്നും പറയുന്നില്ല. വിശ്വാസത്തിന് ഇവര്‍ നിശ്ചയിച്ചിരിക്കുന്ന പ്രായം തികയാത്തവരെ അവിശ്വാസികളുടെ ഗണത്തിലാണോ ചേര്‍ത്തിരിക്കുന്നത് എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു! അതായത്, പ്രായപൂര്‍ത്തിയാകാത്ത തങ്ങളുടെ കുഞ്ഞുങ്ങള്‍ വിശ്വാസികളോ അവിശ്വാസികളോ എന്നകാര്യം പെന്തക്കോസ്തുകാര്‍ വ്യക്തമാക്കണം. വിശ്വാസികളാണെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ക്കു സ്നാനം നിഷേധിച്ചിരിക്കുന്നത്? അഥവാ, അവിശ്വാസികളാണെങ്കില്‍, ഈ അവസ്ഥയില്‍ അവര്‍ മരിച്ചാല്‍ ശിക്ഷിക്കപ്പെടുകയില്ലേ? മാത്രവുമല്ല, അവിശ്വാസികളുമായി കൂട്ടുചേരാന്‍ പാടില്ലെന്ന നിയമം ബൈബിളില്‍ നിലനില്‍ക്കുമ്പോള്‍, അവിശ്വാസികളെ നിങ്ങള്‍ ഭവനത്തില്‍ സ്വീകരിക്കുന്നത് വചനവിരുദ്ധമല്ലേ? "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്"(2കോറി:6;14).
ഒരുവന്‍ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന് തിരിച്ചറിയാനുള്ള അടയാളവും യേശു നല്‍കിയിട്ടുണ്ട്. ഈ വചനം നോക്കുക: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ:16;17,18). ഇത്തരത്തിലുള്ള അടയാളങ്ങളില്‍ ഏതെങ്കിലുമൊന്ന്‍ സ്ഥിരീകരിച്ചതിനുശേഷമാണോ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ സ്നാനപ്പെടുത്തുന്നത്? അല്ലെങ്കില്‍, മറ്റെന്തിനെ മാനദണ്ഡമാക്കിയാണ് ഒരുവന്റെ വിശ്വാസം സ്ഥിരീകരിക്കുന്നത്? പ്രായമാണ് വിശ്വാസത്തിന്റെ മാനദണ്ഡമായി നിങ്ങള്‍ കരുതുന്നതെങ്കില്‍, മനോവയ്ക്കു നിങ്ങളോടു സഹതാപമാണ് തോന്നുന്നത്! കാരണം, ശരീരത്തിനു പ്രായമാകുകയും, എന്നാല്‍ ബുദ്ധി വളരാത്തതുമായ വ്യക്തികള്‍ ഈ സമൂഹത്തിലുണ്ട്. ചില പെന്തക്കോസ്തു പാസ്റ്റര്‍മാര്‍ക്കും മന്ദബുദ്ധികളായ സന്തതികള്‍ ഉള്ളതായി മനോവയ്ക്കറിയാം. പ്രായത്തെ പരിഗണിച്ചുകൊണ്ട്, ഈ വ്യക്തികള്‍ക്ക് സ്നാനം കൊടുക്കാന്‍ കഴിയുമെന്നു കരുതുന്നവര്‍, അന്ധകാരത്തെ ചുമരാക്കി ചിത്രം വരയ്ക്കുന്നവരാണ്! ഇത്തരം അബദ്ധസിദ്ധാന്തങ്ങളെ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്നവരാണ് യഥാര്‍ത്ഥ മന്ദബുദ്ധികള്‍!
ബുദ്ധി വളരാത്ത വ്യക്തികള്‍ ചെയ്യുന്ന പ്രവര്‍ത്തികളെ പാപമായി പരിഗണിക്കാന്‍ കഴിയില്ല. എന്നാല്‍, ഇവര്‍ക്ക് ഒഴിവു ലഭിച്ചിരിക്കുന്നത് കര്‍മ്മപാപത്തിന്റെ കാര്യത്തില്‍ മാത്രമാണ്. ഒരു വ്യക്തി പശ്ചാത്തപിക്കേണ്ടതും അവന്റെ വ്യക്തിപരമായ പാപങ്ങളെക്കുറിച്ചു മാത്രമാണ്; മറിച്ച്, ആദത്തിന്റെയോ മറ്റു പൂര്‍വ്വീകരുടെയോ പാപത്തിനുവേണ്ടി ഇവന്‍ പശ്ചാത്തപിക്കുന്നതില്‍ കാര്യമില്ല! ഈ വെളിപ്പെടുത്തല്‍ നോക്കുക: "ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു"(റോമാ:5;12). മഹാപ്രവാചകന്മാര്‍ക്കുപോലും ഈ പാപത്തില്‍നിന്നു സ്വയം ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല! യേശുവുമായി ഐക്യപ്പെടുത്തുന്ന ജ്ഞാനസ്നാനത്തിലൂടെയാണ് ഈ പാപത്തിന്റെ പിടിയില്‍നിന്ന്‍ ഒരുവന്‍ വിമുക്തനാകുന്നത്. സ്വന്തം പ്രവര്‍ത്തിയുടെ ഫലമല്ലാതെ ഒരുവനിലേക്കു കടന്നുവന്ന ഒരു പാപത്തില്‍നിന്നുള്ള വിടുതലിനുവേണ്ടി പരിഗണിക്കപ്പെടുന്നത് ഇവന്റെ വിശ്വാസമല്ല; മറിച്ച്, ഇവനു ജന്മംനല്‍കിയവരുടെ വിശ്വാസമാണ്! കാരണം, അവരുടെ ഇച്ഛയില്‍നിന്നാണ് ഇവന്‍ ജന്മമെടുത്തത്! ദൈവം സൃഷ്ടിച്ച ആദ്യമനുഷ്യനില്‍ പാപമുണ്ടായിരുന്നില്ല! ആദം ചെയ്ത പാപം അവനില്‍നിന്നു ജന്മമെടുത്ത സകലരുടെമേലും ആധിപത്യം പുലര്‍ത്തി. ഈ പാപത്തിന്റെ ആധിപത്യത്തില്‍നിന്നുള്ള വിടുതലാണ് യേശുക്രിസ്തുവഴി യാഥാര്‍ത്ഥ്യമാകുന്നത്. "അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി"(റോമാ:5;18). ആരംഭത്തില്‍ നാം ചിന്തിച്ച ഒരുവചനം ഇവിടെ ആവര്‍ത്തിക്കുന്നു: "ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല"(റോമാ:8;1). യേശുവിനോടു നമ്മെ ഐക്യപ്പെടുത്തുന്നത് ജ്ഞാനസ്നാനമാണെന്ന ദൈവീക വെളിപ്പെടുത്തല്‍ ഇനിയും ആവര്‍ത്തിക്കേണ്ടതില്ലെന്നു മനോവ കരുതുന്നു.
പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, അവന്റെ സ്വതന്ത്രമായ തീരുമാനമില്ലാതെ അവനെ സ്നാനപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കാരണം, തന്റെ സ്വന്തം പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുകയും, യേശുക്രിസ്തു ഈ പാപങ്ങള്‍ക്കു പരിഹാരം ചെയ്തുകഴിഞ്ഞുവെന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും, ഈ വിശ്വാസം പരസ്യമായി ഏറ്റുപറയുകയും ചെയ്യുന്നതിലൂടെ ഒരുവന്‍ ജ്ഞാനസ്നാനത്തിനു യോഗ്യത നേടുന്നു! ഒരുവന്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നത്, അവന്റെ ആത്മരക്ഷയെ ലക്ഷ്യമാക്കിയായിരിക്കണം. ഭൗതീകമായ എന്തെങ്കിലും ലക്ഷ്യങ്ങളോടെയുള്ള സ്നാനങ്ങള്‍ക്ക് ദൈവസന്നിധിയില്‍ സാധുതയില്ലെന്ന മുന്നറിയിപ്പാണ് യേശുവിന്റെ വാക്കുകളിലുള്ളത്! ക്രിസ്തീയതയിലേക്ക് ഒരുവനെ ആകര്‍ഷിക്കാനായി പടുത്തുയര്‍ത്തപ്പെട്ട പ്രസ്ഥാനങ്ങള്‍ ലോകത്താകമാനമുണ്ട്. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയവ ഒരുവനെ ക്രിസ്തീയതയിലേക്ക് ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളായി എല്ലാ സഭകളും പരീക്ഷിക്കുന്നുണ്ട്. ഇത്തരം സേവനങ്ങളെയൊന്നും ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യാന്‍ മനോവ ശ്രമിക്കുന്നില്ല! എന്നാല്‍, ഭൗതീക ലക്ഷ്യങ്ങളോടെ ആരെങ്കിലും ക്രിസ്തീയതയിലേക്കു കടന്നുവരുന്നുവെങ്കില്‍ ഇതൊന്നു ശ്രദ്ധിക്കുക: "ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നിങ്ങള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്"(1കോറി:15;19).
പെന്തക്കോസ്തു ഗ്രൂപ്പുകളുടെ അവകാശവാദങ്ങളെ മുഖവിലയ്ക്കെടുത്താല്‍, വടക്കേയിന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ക്രിസ്ത്യാനികളാണെന്നു കരുതേണ്ടിവരും! ആയിരക്കണക്കിനു പെന്തക്കോസ്തു ഗ്രൂപ്പുകള്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും സ്നാനം നല്‍കുകയും ചെയ്യുന്നുണ്ട്. ഓരോ ഗ്രൂപ്പുകളും ഇക്കാര്യത്തില്‍ മത്സരിക്കുന്ന അവസ്ഥയുമുണ്ട്. ഇത്തരം ഗ്രൂപ്പുകളുടെ സുവിശേഷ യോഗങ്ങളിലേക്ക് ആളുകളെ എത്തിക്കാനായി ആരംഭിച്ചിരിക്കുന്ന 'ഈവന്‍ മാനേജ്മെന്റ്' സ്ഥാപനങ്ങളും വടക്കേയിന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നു! പെന്തക്കോസ്തുകാരുടെ ഗ്രൂപ്പുകളിലേക്ക് സ്നാനപ്പെടാനുള്ള ആളുകളെ സംഘടിപ്പിച്ചു കൊടുക്കാനും ഈ സ്ഥാപനങ്ങള്‍ തയ്യാറാണ്. അനേകം തവണ സ്നാനം സ്വീകരിച്ചിട്ടുള്ള 'സ്നാനത്തൊഴിലാളികള്‍' വടക്കേയിന്ത്യയിലുണ്ട്. പറഞ്ഞുറപ്പിച്ച പണം കൃത്യമായി ലഭിച്ചാല്‍, ഏതു ഗ്രൂപ്പിനുവേണ്ടിയും സ്നാനം സ്വീകരിക്കാന്‍ ഈ തൊഴിലാളികള്‍ സന്നദ്ധരാകും. ഇത്തരത്തില്‍, ജ്ഞാനസ്നാനത്തെ പ്രഹസനമാക്കരുതെന്ന മുന്നറിയിപ്പാണ്, വിശ്വസിക്കുന്നവര്‍ക്കു സ്നാനം നല്‍കാനുള്ള യേശുവിന്റെ ആഹ്വാനത്തിനു പിന്നിലുള്ളത്! മറിച്ച്, സ്വന്തം കുഞ്ഞുങ്ങള്‍ക്ക് സ്നാനം നല്‍കരുതെന്ന ഒരു സൂചനപോലും ബൈബിളിലെവിടെയും വായിക്കാന്‍ കഴിയില്ല. ഓരോ പെന്തക്കോസ്തു പാസ്റ്റര്‍മാരുടെയും കീഴില്‍ സ്നാനപ്പെട്ട വ്യക്തികളുടെ കണക്കെടുത്താല്‍, അത് ഇന്ത്യയിലെ മൊത്തം ജനസംഖ്യയെക്കാള്‍ മുന്നിട്ടുനില്‍ക്കും! പെന്തക്കോസ്തു സമൂഹങ്ങളില്‍ ആത്മാര്‍ത്ഥതയോടെ സുവിശേഷവേല ചെയ്യുന്ന അനേകരെ മനോവയ്ക്കറിയാം. എന്നാല്‍, ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള അബദ്ധചിന്തകള്‍ എല്ലാ 'ന്യൂജനറേഷന്‍' സഭകളുടെയും പൊതുസ്വത്താണ്!
ഇത്തരത്തിലുള്ള പ്രഹസനങ്ങളുമായി പെന്തക്കോസ്തു വിഭാഗങ്ങള്‍ നിലകൊള്ളുമ്പോള്‍, കത്തോലിക്കാ സന്യാസസഭകളുടെ കാര്യം ഇതിനേക്കാള്‍ ദുരന്തകരമാണ്! ക്രിസ്തീയതയിലേക്ക് ആളുകളെ വശീകരിക്കാന്‍ 'കെണികള്‍' ഒരുക്കി കാത്തിരിക്കുന്നവരാണ് ഇക്കൂട്ടര്‍! പക്ഷികളെയും മറ്റും കെണിവച്ചു പിടിക്കാന്‍ അവയ്ക്ക് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങളൊരുക്കി കാത്തിരിക്കുന്നതുപോലെ, വിജാതിയരെ ക്രിസ്തീയതയിലേക്ക് ആകര്‍ഷിക്കാന്‍ ആവശ്യമായ ചില വസ്തുക്കള്‍ ഇവരുടെ താവളങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഈശോസഭ, ബെനഡിക്റ്റന്‍ സഭ, സി എം ഐ തുടങ്ങിയ സന്യാസസഭകളാണ് കെണികളൊരുക്കി കാത്തരിക്കുന്ന സംഘങ്ങളില്‍ പ്രധാനികള്‍. കര്‍ണ്ണാടക സംസ്ഥാനത്തുള്ള ഒരു പ്രത്യേക വിഭാഗത്തിനു ശിവന്റെ ലിംഗത്തിനോടുള്ള അഭിലാഷം ജെസ്യൂട്ടുകള്‍ മനസ്സിലാക്കി. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍, ലിംഗാരാധകരുടെ സന്തോഷത്തിനുവേണ്ടി 'ലിംഗപൂജ' നടത്തുകയാണ് ഈ പരിഷകള്‍! മനോവയുടെ ഭാഷ അതിരുകടക്കുന്നതായി ആരും ആകുലപ്പെടേണ്ടാ. അല്പംപോലും അതിശയോക്തി കലര്‍ത്താതെയാണ് മനോവ ഇതു വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ വീഡിയോ കാണുക! ലിംഗപൂജയും, യോനീപൂജയും, ദേവദാസി സമ്പ്രദായവുമൊക്കെ ഹിന്ദുത്വത്തിന്റെ ഭാഗമാണെന്നിരിക്കെ, ഇത്തരം ആരാധകരെ ആകര്‍ഷിക്കാനായി കാട്ടിക്കൂട്ടുന്ന ആഭാസത്തരങ്ങളെ എന്തു പേരിലാണ് വിളിക്കേണ്ടത്? ഇസ്ലാമികത പ്രചരിപ്പിക്കാനായി ബൈബിള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുസ്ലീങ്ങളുടെ കുതന്ത്രങ്ങളെപ്പോലെതന്നെ ലജ്ജാകരമാണ് ഇവരുടെ ഈ ചെയ്തികളും!
ക്രിസ്തീയതയിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ഇത്തരം ചീഞ്ഞ അടവുകള്‍ യേശു ഉപദേശിച്ചിട്ടില്ല. ലിംഗവും യോനിയും പ്രദര്‍ശിപ്പിച്ചല്ല പൂര്‍വ്വപിതാക്കന്മാര്‍ ഈ സഭ കെട്ടിപ്പൊക്കിയത്! പെന്തക്കോസ്തു വിഭാഗങ്ങള്‍ മാത്രമല്ല, കത്തോലിക്കാസഭയില്‍ കടന്നുകൂടിയ 'പാഷാണങ്ങളും' വചനവിരുദ്ധമായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വിജാതിയരുടെയിടയില്‍ ക്രിസ്തീയതയെ അവഹേളിക്കുകയും ചെയ്യുന്നുവെന്നതിന്റെ സൂചനയാണ് മനോവ ഇവിടെ നല്‍കിയത്. ആത്മരക്ഷ പ്രഘോഷിക്കുകയും അതു സ്വീകരിക്കാന്‍ തയ്യാറാകുന്നവരെ ജ്ഞാനസ്നാനം നല്‍കി സഭയില്‍ ചേര്‍ക്കുകയുമാണ് ഓരോ ക്രൈസ്തവനിലും നിക്ഷിപ്തമായിരിക്കുന്ന ദൗത്യം! നിര്‍ബന്ധിത മതപരിവര്‍ത്തനം യേശു ഉപദേശിച്ചിട്ടില്ല! പെന്തക്കോസ്തുകാര്‍ സംഘടിപ്പിക്കുന്ന 'സ്നാനയജ്ഞങ്ങള്‍' പോലെതന്നെ വചനവിരുദ്ധമാണ് കത്തോലിക്കാ സന്യാസസംഘങ്ങളുടെ കെണിവച്ചു പിടുത്തവും! ക്രിസ്തീയതയെ അത് ആയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നവരെ മാത്രമേ ക്രിസ്തുവിന് ആവശ്യമുള്ളു. നാം പ്രസംഗിക്കുക; ദൈവത്താല്‍ വിളിക്കപ്പെട്ടവര്‍ അതു സ്വീകരിക്കുകയും, അതുവഴി രക്ഷപ്രാപിക്കുകയും ചെയ്യും!

മരിച്ചവര്‍ക്കുവേണ്ടിയും സ്നാനമോ?!

ശിശുക്കളെപ്പോലും സ്നാനപ്പെടുത്തുന്നത് പാപമായി കരുതുന്നവരോട് മരിച്ചവര്‍ക്കുവേണ്ടിയുള്ള സ്നാനത്തെക്കുറിച്ചു പ്രസംഗിക്കുന്നതിലെ സാംഗത്യക്കുറവ് മനോവയ്ക്കറിയാം. എന്നിരുന്നാലും, സത്യം മറച്ചുവയ്ക്കലല്ല, മറനീക്കി പ്രഘോഷിക്കലാണ് മനോവയുടെ ദൗത്യമെന്നതിനാല്‍, അതു ചെയ്യാതിരിക്കാന്‍ കഴിയില്ല. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ!
മരിച്ചവര്‍ക്കുവേണ്ടി സ്നാനം സ്വീകരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്നു ചിന്തിക്കുന്നവരോട് രണ്ടു ചോദ്യങ്ങള്‍ മനോവ ചോദിക്കുകയാണ്: മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചിട്ടു കാര്യമുണ്ടോ? മരിച്ചവരോടു പ്രസംഗിച്ചാല്‍, അവര്‍ക്കത് കേള്‍ക്കാന്‍ കഴിയുമോ? നിങ്ങളുടെ ഉത്തരം എന്തുതന്നെയായാലും, യഥാര്‍ത്ഥ ഉത്തരം ബൈബിളിലുള്ളത് മനോവ ഇവിടെ കുറിക്കാം.
മരിച്ചവരോടു സുവിശേഷം പ്രസംഗിച്ചിട്ടു കാര്യമുണ്ടോ എന്ന ചോദ്യത്തിന്, കാര്യമില്ലെങ്കില്‍ യേശു എന്തിന് അപ്രകാരം ചെയ്തുവെന്ന മറുചോദ്യത്തോടെ ഈ വെളിപ്പെടുത്തല്‍ ഇവിടെ കുറിക്കുകയാണ്: "ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്"(1പത്രോസ്:4;6). മരിച്ചവരോടു സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ടെന്നത് ഈ വെളിപ്പെടുത്തലില്‍നിന്നുതന്നെ വ്യക്തമാണല്ലോ! യേശു അരുളിച്ചെയ്ത വചനം ശ്രദ്ധിക്കുക: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും"(യോഹ:5;25). ആത്മീയമായി മരിച്ചവരെക്കുറിച്ചാണ് ഈ വചനമെന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍, ശാരീരിക മരണത്തെയാണ്‌ ഇവിടെ സൂചിപ്പിച്ചിരിക്കുന്നതെന്നു വ്യക്തമാക്കുന്ന വചനം നോക്കുക: "ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും"(യോഹ:5;28,29). ഇത് അന്ത്യവിധിയെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍, വിശുദ്ധ പത്രോസ് വെളിപ്പെടുത്തിയത് ഇതല്ല; മറിച്ച്, സുവിശേഷം പ്രസംഗിക്കുന്നതിനായി യേശു പാതാളത്തിലേക്ക് ഇറങ്ങിയതിനെക്കുറിച്ചാണ്. ബൈബിള്‍ നല്‍കുന്ന ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ആത്മാവോടുകൂടെച്ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു"(1പത്രോ:3;19).
മരിച്ചവരോടു സുവിശേഷം പ്രസംഗിക്കുന്നതുകൊണ്ട് കാര്യമില്ലെങ്കില്‍ യേശു അതിനു തയ്യാറാകുമായിരുന്നില്ല. ആയതിനാല്‍, സുവിശേഷം പ്രസംഗിക്കാന്‍ തയ്യാറാണെങ്കില്‍, മരിച്ചവര്‍ അതു കേള്‍ക്കുകതന്നെ ചെയ്യും! ദൈവപുത്രനായ യേശു ചെയ്തതുപോലെ മനുഷ്യരായ നമുക്കു ചെയ്യാന്‍ കഴിയുമോ എന്ന ചിന്ത ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ഈ വചനം ഗ്രഹിക്കുക: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും"(യോഹ:14;12). യേശുവിന്റെ സുവിശേഷം കേള്‍ക്കുന്നതിനു മുന്‍പ് മരണമടഞ്ഞവരുടെ ആത്മാക്കളോടാണ് അവിടുന്ന് വചനം പ്രസംഗിച്ചത്. അവിടുത്തെ ഈ ശുശ്രൂഷകൂടിയല്ലേ അവിടുന്നു നമ്മേ ഭരമേല്പിച്ചിരിക്കുന്നത്? യേശുവിന്റെ വചനം എല്ലാക്കാലവും നിലനില്‍ക്കുന്നതുകൊണ്ട്, ആ വചനത്തിന്റെ ആജ്ഞാശക്തിയില്‍ നാം വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്‌താല്‍, നാം പ്രസംഗിക്കുന്ന വചനം ആത്മാക്കള്‍ ശ്രവിക്കുമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടാ!
യേശുവിന്റെ വചനം ശ്രവിക്കാന്‍ അവസരം ലഭിക്കാതെ മരണമടഞ്ഞവരുടെ ആത്മാക്കളെ സുവിശേഷം അറിയിക്കാനുള്ള ഉത്തരവാദിത്വവും നമ്മില്‍ നിക്ഷിപ്തമാണ്. ആത്മാക്കളോട് സുവിശേഷം അറിയിച്ചതിനുശേഷം അടുത്തപടിയായി എന്താണു ചെയ്യേണ്ടതെന്ന് അറിയണമെങ്കില്‍, സുവിശേഷ പ്രഘോഷണത്തിനു നിശ്ചയിച്ചിരിക്കുന്ന ക്രമം എന്താണെന്നു പരിശോധിച്ചാല്‍ മതി. അതായത്, സുവിശേഷം അറിയിക്കുകയെന്നതാണ് അയയ്ക്കപ്പെട്ടിരിക്കുന്ന നമ്മുടെ ഉത്തരവാദിത്വം. നാം അറിയിക്കുന്ന സുവിശേഷത്തില്‍ വിശ്വസിക്കുകയും യേശുക്രിസ്തുവിന്റെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്കു രക്ഷപ്രാപിക്കാന്‍ കഴിയും. എന്നാല്‍, മരിച്ചുപോയ ഒരുവന്റെ ആത്മാവിനു സ്വമേധയാ സ്നാനം സ്വീകരിക്കാന്‍ സാധിക്കാത്തതുമൂലം, അവനുവേണ്ടി സ്നാനം സ്വീകരിക്കാന്‍ ജീവിച്ചിരിക്കുന്ന നമുക്കു സാധിക്കും. ഇത്തരത്തില്‍, മരിച്ചവര്‍ക്കുവേണ്ടി സ്നാനം സ്വീകരിക്കുന്നവര്‍ ആദിമസഭയില്‍ ഉണ്ടായിരുന്നു. ഇത് മനോവയുടെ കണ്ടുപിടുത്തമായി ആരും കരുതേണ്ടാ; ബൈബിളില്‍ ഇതു വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതു കൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്‌നാനം സ്വീകരിക്കണം?"(1കോറി:15;29).
അപ്പസ്തോലനായ പൗലോസ് വിജാതിയരോട് ചോദിച്ച ചോദ്യമല്ല ഇത്; മറിച്ച്, കോറിന്തോസിലെ സഭയോടാണ് ഈ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. മരിച്ചവരുടെ പുനരുത്ഥാനം ഒരു യാഥാര്‍ത്ഥ്യമാണെന്നു സ്ഥിരീകരിക്കാന്‍ പല ഉദാഹരണങ്ങള്‍ നിരത്തിയത്തിനോടൊപ്പം ഈ ആചാരത്തെയും അപ്പസ്തോലന്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതൊരു ദുരാചാരമായിരുന്നുവെങ്കില്‍, ഈ ആചാരത്തെ പൗലോസ് വിമര്‍ശിക്കുമായിരുന്നു. എതിര്‍ക്കപ്പെടേണ്ടവ എത്ര ഉന്നതരുടെ ഭാഗത്തുനിന്നുണ്ടായാലും അവയെ നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് പൗലോസ് എന്നകാര്യം നാം വിസ്മരിക്കരുത്. എന്നാല്‍, കോറിന്തോസിലെ സഭ തുടര്‍ന്നുവന്ന ഈ ആചാരത്തെ അപ്പസ്തോലന്‍ വിമര്‍ശിച്ചില്ല; പകരം, മരിച്ചവരുടെ പുനരുത്ഥാനത്തെ സ്ഥിരീകരിക്കാന്‍ ഈ ആചാരത്തെ മാനദണ്ഡമാക്കുകയായിരുന്നു. മരിച്ചവര്‍ക്ക് പുനരുത്ഥാനമില്ലെങ്കില്‍, അവര്‍ക്കുവേണ്ടി എന്തിനാണ് സ്നാനം സ്വീകരിക്കുന്നത് എന്ന ചോദ്യമാണ് കോറിന്തോസുകാരോട് പൗലോസ് ഉയര്‍ത്തിയത്. മരിച്ചവര്‍ക്ക് പുനരുത്ഥാനം ഉള്ളതുകൊണ്ടുതന്നെ, അവര്‍ക്കുവേണ്ടി സ്നാനം സ്വീകരിക്കുന്നതില്‍ കാര്യമുണ്ടെന്ന ധ്വനിയാണ് പൗലോസിന്റെ വാക്കുകളില്‍ വായിക്കാന്‍ കഴിയുന്നത്. കോറിന്തോസിലെ സഭയില്‍ നിലനിന്നിരുന്ന ദുരാചാരങ്ങള്‍ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുള്ള പൌലോസ് ഒരിക്കല്‍പ്പോലും മരിച്ചവര്‍ക്കുവേണ്ടിയുള്ള സ്നാനത്തെ നിഷേധിച്ചിട്ടില്ല! കാര്‍ക്കശ്യ സ്വഭാവക്കാരനായ പൗലോസുപോലും തള്ളിക്കളയാത്ത ഈ ആചാരം എങ്ങനെയാണ് അവഗണിക്കപ്പെട്ടത്?
പരിശുദ്ധാത്മാവിനെക്കുറിച്ചു കേട്ടിട്ടുപോലുമില്ലാത്ത 'ദൈവശാസ്ത്രജ്ഞന്മാര്‍' വചനം വ്യാഖ്യാനിക്കാന്‍ തുടങ്ങിയപ്പോള്‍, അവരുടെ തലച്ചോറിനു ഗ്രഹിക്കാന്‍ കഴിയാത്ത അനേകം സത്യങ്ങള്‍ അവഗണിക്കപ്പെട്ടു! ഈ വിധത്തില്‍ അപ്രസക്തമാക്കപ്പെട്ട വലിയൊരു സത്യമായിരുന്നു മരിച്ചവര്‍ക്കുവേണ്ടിയുള്ള ജ്ഞാനസ്നാനം! സ്നാനത്തിന്റെ മഹത്വവും അനിവാര്യതയും തിരിച്ചറിയാത്ത ആധുനീക 'ക്രിസ്ത്യാനികള്‍' തങ്ങളുടെ ശിശുക്കളെപ്പോലും ക്രിസ്തുവില്‍നിന്ന്‍ അകറ്റിനിര്‍ത്തിയിരിക്കുന്നതുപോലെ, ഏതോ കാലഘട്ടത്തില്‍ ക്രൈസ്തവസഭയില്‍ നുഴഞ്ഞുകയറിയ 'നെസ്തോറിയന്മാര്‍' ചവറ്റുകൊട്ടയില്‍ എറിഞ്ഞുകളഞ്ഞതാണ് ഈ സത്യവും!
സകല സൃഷ്ടികളോടും സുവിശേഷം അറിയിക്കാനാണ് യേശു കല്പിച്ചതെന്ന യാഥാര്‍ത്ഥ്യം സുവിശേഷകരെല്ലാം വിസ്മരിക്കുന്നു! തങ്ങളുടെ യുക്തിയ്ക്കു യോജിച്ചവിധം സുവിശേഷ പ്രഘോഷനത്തിന്റെ അതിര്‍വരമ്പുകള്‍ നിശ്ചയിച്ച്, ആ അതിര്‍ത്തിക്കുള്ളില്‍ ശുശ്രൂഷകളെ തളച്ചിട്ടിരിക്കുന്നവര്‍ തിരിച്ചറിയാതെപോകുന്ന അനേകം സത്യങ്ങള്‍ ബൈബിളിലുണ്ട്! മരിച്ചവര്‍ക്കുവേണ്ടിപ്പോലും സ്നാനം സ്വീകരിക്കുന്ന പതിവ് സഭയില്‍ ഉണ്ടായിരുന്നിരിക്കെ, ശിശുക്കള്‍ക്കു സ്നാനം നിഷേധിക്കുന്ന നീതിനിഷേധത്തിന്റെ ഉറവിടം ദൈവത്തില്‍നിന്നാണെന്ന് ആരും കരുതരുത്. മരിച്ചവര്‍ക്കുവേണ്ടി സ്നാനം സ്വീകരിക്കണമെന്ന ആശയത്തെ പാഷാണ്ടതയുടെ ഭാഗമായി കരുതുന്നവര്‍ പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകള്‍ക്കുമുന്നില്‍ ഒളിച്ചുകളി നടത്തുകയാണ്! കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ അനേകം പണ്ഡിതന്മാരോട് ഈ വെളിപ്പെടുത്തലിന്റെ വ്യാഖ്യാനം മനോവ ആവശ്യപ്പെട്ടിട്ടും ആരുമിതിനോടു പ്രതികരിച്ചിട്ടില്ല. സ്നാനസഭക്കാരടക്കം എല്ലാ ക്രിസ്തീയ വിഭാഗങ്ങളില്‍പ്പെട്ട ശുശ്രൂഷകരും ഇതില്‍പ്പെടും! മനോവയെ സ്നാനപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഈ ബൈബിള്‍ഭാഗം കേള്‍ക്കുമ്പോള്‍ ഓടിയൊളിക്കും!

ജ്ഞാനസ്നാനം സ്വീകരിക്കേണ്ടത് എങ്ങനെ?

മൂക്കും വായും പൊത്തിപ്പിടിച്ച്, സനാനാര്‍ത്ഥിയെ വെള്ളത്തില്‍ മലര്‍ത്തിയടിച്ചാല്‍ മാത്രമേ സ്നാനമാകൂ എന്ന് കരുതുന്ന പെന്തക്കോസ്തു ഗ്രൂപ്പുകള്‍ക്ക് സ്നാനത്തിന്റെ അര്‍ത്ഥം ഇതുവരെ മനസ്സിലായിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! സ്നാനത്തില്‍ ജലം അനിവാര്യ ഘടകമാണെങ്കിലും അതൊരു അടയാളം മാത്രമാണ്! ഒഴുകുന്ന ജലത്തില്‍ മുങ്ങിയും ശിരസ്സില്‍ ജലമൊഴിച്ചും സ്നാനം നിര്‍വ്വഹിക്കാവുന്നതാണ്‌. മുങ്ങിയാല്‍ മാത്രമേ സ്നാനമാകൂ എന്നു വാശിപിടിക്കുന്നത് യോഹന്നാന്റെ സ്നാനം ഭാവനയില്‍നിന്നു മായാത്തതുകൊണ്ടായിരിക്കാം. അപ്പസ്തോലന്മാരായ പത്രോസ്, പൗലോസ് എന്നിവര്‍ സ്നാനത്തെക്കുറിച്ചു നല്‍കിയിരിക്കുന്ന വെളിപ്പെടുത്തല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ അബദ്ധധാരണ നീങ്ങിപ്പോകും. ഈ വെളിപ്പെടുത്തല്‍ നോക്കുക: "ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളു. അതിന്റെ സാദൃശ്യമുള്ള ജ്ഞാനസ്‌നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു"(1പത്രോ:3;20,21).
നോഹയുടെ കാലത്ത് ജലപ്രളയമുണ്ടായപ്പോള്‍ പെട്ടകത്തില്‍ കയറി രക്ഷപ്പെട്ടത്തിന്റെ സാദൃശ്യമായിട്ടാണ് ജ്ഞാനസ്നാനമെന്ന് പത്രോസ് അപ്പസ്തോലന്‍ ഇവിടെ വ്യക്തമാക്കുന്നു! ജലപ്രളയത്തില്‍നിന്നു രക്ഷപ്പെട്ടത് നോഹും കുടുംബവും മാത്രമായിരുന്നു. ഇവരാരും വെള്ളത്തില്‍ മുങ്ങിയില്ല; വെള്ളത്തിനുമുകളിലൂടെ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, വെള്ളത്തില്‍ മുങ്ങിയവരില്‍ ഒരുവന്‍പോലും രക്ഷപ്പെട്ടതായി അറിയില്ല! ജലം ഒരു പ്രതീകം മാത്രമാണെന്നാണ് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. പൗലോസ് വെളിപ്പെടുത്തല്‍ക്കൂടി നമുക്കു പരിശോധിക്കാം. അപ്പസ്തോലന്‍ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "സഹോദരരേ, നമ്മുടെ പിതാക്കന്‍മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നുവെന്നും കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവരെല്ലാവരും മേഘത്തിലും കടലിലും സ്‌നാനമേറ്റ് മോശയോടു ചേര്‍ന്നു"(1കോറി:10;1,2). മേഘത്തിലും കടലിലും സ്നാനമേറ്റവരാണ് മോശയോടു ചേര്‍ന്നത്! ഈജിപ്തില്‍നിന്നും പുറത്തുവന്ന പൂര്‍വ്വപിതാക്കന്മാര്‍ ചെങ്കടലിലൂടെ കടന്നതിന്റെയും മരുഭൂമിയിലൂടെ കടന്നുപോയപ്പോള്‍ മേഘത്തണലില്‍ ആയിരുന്നതിനെയുമാണ് സ്നാനമായി ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്.
ചെങ്കടലിലൂടെ കടന്നുപോയ ഏതെങ്കിലും ഇസ്രായേല്‍ക്കാരന്റെ ദേഹത്ത് വെള്ളം പതിച്ചില്ല; എന്നാല്‍, അവരുടെ പിന്നാലെവന്ന ഈജിപ്തിന്റെ സൈന്യത്തിനുമേല്‍ വെള്ളം പതിച്ചു. ഇവരില്‍ ഏതു കൂട്ടരാണ് രക്ഷപ്രാപിച്ചത്? വെള്ളം ദേഹത്തു പതിക്കപ്പെട്ടവരോ? വരണ്ട നിലത്തുകൂടി സഞ്ചരിച്ചവരോ? ഇവിടെയും ജലം ഒരു പ്രതീകം മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും!
മേഘത്തില്‍ സ്നാനം സ്വീകരിക്കുന്നത് എപ്രകാരമാണെന്നുകൂടി പരിശോധിക്കാം. മേഘത്തില്‍ സ്നാനമേല്ക്കുകയെന്നാല്‍, മഴയോ മഞ്ഞോ കൊള്ളുക എന്നാണര്‍ത്ഥം! മേഘത്തില്‍നിന്നു പുറത്തുവരുന്നത് ഇവ രണ്ടുമാണ്! യഥാര്‍ത്ഥത്തില്‍ ഇതൊരു തളിക്കലാണ്! മുങ്ങിയാല്‍ സ്നാനമാകില്ലെന്നു മനോവ പറയില്ല; മുങ്ങി സ്നാനം സ്വീകരിക്കുന്നത് എന്തുകൊണ്ടും അര്‍ത്ഥപൂര്‍ണ്ണമാണ്! എന്നാല്‍, മുങ്ങിയാല്‍ മാത്രമേ സ്നാനമാകൂ എന്ന ധാരണ തികച്ചും അജ്ഞതയില്‍നിന്നും ഉടലെടുത്തതാണെന്നു പറയാതിരിക്കാനും മനോവയ്ക്കാകില്ല! ജലം ഒരു പ്രതീകമായി മാത്രമേ സ്നാനത്തില്‍ പരിഗണിക്കേണ്ടതുള്ളൂ! ആദിമ സഭാപിതാക്കന്മാര്‍ തയ്യാറാക്കിയ 'ഡിഡാക്കെ' എന്ന പുസ്തകത്തില്‍ സ്നാനം സ്വീകരിക്കേണ്ട വിധങ്ങള്‍ വിവരിച്ചിട്ടുണ്ട്. ഒഴുകുന്ന ജലത്തില്‍ സ്നാനം സ്വീകരിക്കാം; തടാകത്തിലോ മറ്റു ജലാശയങ്ങളിലോ സ്നാനം സ്വീകരിക്കാം; ടാങ്കില്‍ നിറച്ച വെള്ളത്തില്‍ സ്നാനം സ്വീകരിക്കാം; തണുപ്പുള്ള പ്രദേശങ്ങളില്‍ ചൂടാക്കിയ വെള്ളത്തില്‍ സ്നാനം സ്വീകരിക്കാം; കൂടാതെ, ശിരസ്സില്‍ വെള്ളം ഒഴിച്ചുകൊണ്ടും സ്നാനം സ്വീകരിക്കാം! ഇതില്‍ ഏതു രീതി അവലംബിച്ചാലും അതു സ്നാനം തന്നെയാണ്! എന്നാല്‍, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്വീകരിച്ചാല്‍ മാത്രമേ യേശു പറഞ്ഞ സ്നാനമാകുകയുള്ളൂ! പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ എന്നു പറഞ്ഞതുകൊണ്ടും കാര്യമില്ല; ആ നാമം പറയുക തന്നെവേണം! അതായത്, ആ നാമം അറിയുകയും ആ നാമത്തില്‍ സ്നാനം സ്വീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സ്നാനം പൂര്‍ണ്ണമാകുകയുള്ളൂ!
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം അറിയാത്തവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക!
ചേര്‍ത്തുവായിക്കാന്‍: മരിച്ചവര്‍ക്കുവേണ്ടി സ്നാനം സ്വീകരിക്കാനുള്ള അവസരം ബൈബിള്‍ നല്‍കിയിട്ടുള്ളതിനാല്‍, നമ്മുടെ പൂര്‍വ്വീകര്‍ സ്വീകരിച്ച സ്നാനത്തിന്റെ അപൂര്‍ണ്ണതയോര്‍ത്ത് ആരും ആകുലപ്പെടേണ്ടതില്ല; കാരണം, നാം ഇന്നു ജീവിച്ചിരിപ്പുണ്ട്! അവസരം നമ്മുടെ മുന്നിലും! പ്രസവത്തോടെ മരിച്ചുപോവുകയോ, പ്രസവാനന്തരം ജ്ഞാനസ്നാനത്തിനുമുമ്പ് മരണപ്പെടുകയോ ചെയ്ത കുഞ്ഞുങ്ങള്‍ക്ക് സ്നാനം നല്കിയിരുന്നോ എന്ന് അറിയണമെങ്കില്‍, അമ്പതു വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരും, നല്ല ആത്മീയ പശ്ചാത്തലത്തില്‍ വളര്‍ന്നവരുമായ ക്രിസ്ത്യാനികളോടു ചോദിച്ചാല്‍ അവര്‍ പറഞ്ഞുതരും!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-
- See more at: http://www.manovaonline.com/newscontent.php?id=242#sthash.om5DTgcj.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin