അയ്യോ കാക്കേ പറ്റിച്ചേ!
ദൈവത്തിന്‍റെ പദ്ധതിയെന്നു പറഞ്ഞാല്‍ ഭയങ്കരം തന്നെ. രണ്ടു മാസം മുമ്പ്, എന്‍റെ എറണാകുളംകാരന്‍ ഒരു സുഹൃത്ത് ബെന്നിച്ചന്‍, പെങ്ങടെ കല്യാണത്തിന് നാട്ടില്‍പ്പോയപ്പോള്‍ ചരിത്ര പ്രസിദ്ധമായ KCRMന്‍റെ എറണാകുളം സമ്മേളനംകൂടെ കൂടിയിട്ടേ അബുദാബിക്ക് വരാവൂയെന്ന് ഞാന്‍ പറഞ്ഞിരുന്നു. അവന്‍ ലീവു നീട്ടിയെടുത്തതുകൊണ്ട് എറണാകുളം സമ്മേളനത്തെപ്പറ്റി വിചാരിച്ചതുപോലെ ഒരു കുറിപ്പെഴുതാന്‍ എനിക്കു കഴിഞ്ഞില്ല. അതൊക്കെ പോട്ടെ, ഇപ്രാവശ്യം അവന്‍ വന്നത്, എല്ലാ കേടുകളും തീര്‍ത്താണ്. എറണാകുളം സമ്മേളന വിശേഷങ്ങള്‍ മാത്രമല്ല, ഇടപ്പള്ളിയിലെ ഇന്‍ക്വിസിഷന്‍ വിശേഷങ്ങളും, കൈരളിയുടെ പറയെടുപ്പ് വിശേഷങ്ങളും അവന്‍ വിശദമായി തന്നെ പറഞ്ഞു തന്നു. കേരളത്തില്‍ നടക്കുന്ന മെത്രാന്‍-വൈദികര്‍-അത്മായര്‍-മെത്രാന്‍ സര്‍ക്കുലര്‍ വാണിയന്‍ കളിയുടെ വിശദാംശങ്ങള്‍ അങ്ങേരു വിശദീകരിച്ചപ്പോള്‍ ഞാനമ്പരന്നു പോയി.
ഇടപ്പള്ളിയിലെ പുത്തന്‍ പള്ളിയെ കര്‍ദ്ദിനാള്‍ പരസ്യമായി വിമര്‍ശിച്ചതു കൊണ്ട്, അവിടുത്തെ കളക്ഷന്‍ കൂടിയെന്നും, ഈ കളി മനുഷേരെ പറ്റിക്കാനായിരുന്നെന്നുമാണ് ബെന്നിച്ചന്‍ വാദിക്കുന്നത്. കൊച്ചി സന്ദര്‍ശകര്‍, സിനഗോഗും ചീനവലയും, ഹില്‍ പാലസും മാത്രമല്ല, ഇപ്പോള്‍ ഇടപ്പള്ളി പള്ളിയും സന്ദര്‍ശിക്കാന്‍ വന്നു തുടങ്ങിയത്രേ. കര്‍ദ്ദിനാളിന്‍റെ ഒരൊറ്റ പ്രസംഗമായിരുന്നില്ലേ, സംഭവം നാടു മുഴുവന്‍ അറിയാനിടയാക്കിയത്. നോക്കണേ....ബുദ്ധി! കര്‍ദ്ദിനാളിന്‍റെ മറൈന്‍ പ്രസംഗം പക്ഷെ, അരീത്ര പള്ളിയിലെ കതിനാ പോലെ ആയി എന്നേയുള്ളൂ. ഏതായാലും ഒരൊറ്റ പ്രസംഗം കൊണ്ട് സഭയിലെ ധൂര്‍ത്തും ഞെക്കി പിരിവും തീര്‍ന്നു; നല്ല കാര്യം. രണ്ടു കോടിക്ക് പണിയാന്‍ പ്ലാനിട്ട പള്ളിക്ക് ഓടിടാന്‍ ആ പണം തികഞ്ഞില്ലെങ്കില്‍, ഇനി മേല്‍ ഓടിടില്ല. ആ ചട്ടപ്രകാരം ഓടുകള്‍ മാത്രമല്ല ഭിത്തികള്‍ പോലും ഇല്ലാത്ത പള്ളികളായിരിക്കാം ഇനി കേരളം കാണുക. പെരുന്നാളിനും പിടി വീണു. കേസെടുക്കാന്‍ വകുപ്പില്ലാത്ത ഗീര്വ്വാണം മാത്രമേ പള്ളിക്കുള്ളിലും പുറത്തും ഇനിമേല്‍ കത്തിക്കാന്‍ സാധ്യതയുള്ളൂ. പെരുന്നാള് കൂടാന്‍ വരുന്നവരുടെ ചെവിക്കു തുളയിട്ടുവിടാന്‍ വെടിക്കൊട്ടിനു പകരം, ധ്യാന പ്രസംഗങ്ങള്‍ ഇപ്പോഴേ ഉണ്ടല്ലോ.
ഉത്തരവില്‍ ഒരു തമാശും കൂടി അവര്‍ പറഞ്ഞിട്ടുണ്ട്, ഇക്കണ്ട ധൂര്‍ത്തെല്ലാം പള്ളിക്കമ്മറ്റിയാണ് ചെയ്തു കൊണ്ടിരുന്നതെന്ന്. അക്കാര്യം പണ്ടു ഞാന്‍ എഴുതിയിരുന്നു. ഇങ്ങിനെ പള്ളിക്കമ്മറ്റി ഏഴു കോടി മുടക്കി പണിയാന്‍ തീരുമാനിച്ച പള്ളിമുറിയാണ് രണ്ടു കോടിക്ക് മതിയെന്ന് പൊതുയോഗം നിശ്ചയിച്ചത് (അതും വികാരിയുടെ മുഖത്തു നോക്കി രണ്ടു പറയാന്‍ കഴിയാഞ്ഞിട്ട്). പണി തീര്‍ന്നപ്പോഴോ രണ്ടുകോടി എവിടെ, ആകെച്ചിലവെവിടെ? ഇതിലെവിടെയാ മെത്രാച്ചോ, പള്ളി കമ്മറ്റി? ഇത് ഇളങ്ങുളത്ത് നടന്നത്. പ്രസവിക്കാന്‍ സര്‍ക്കാര്‍ ആശുപത്രീല്‍ കാശു വേണ്ടായെന്ന് പറയുന്നതുപോലെയാ ഇതും. കൊച്ചിനെ വളര്‍ത്തേണ്ടി വരുമെന്നും ഓര്‍ക്കണം.
എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്നിട്ട് സമ്മേളന ഹോളില്‍ (SNDP ഹോള്‍) ശ്രീനാരായണ ഗുരുവിന്‍റെ ഫോട്ടോ കണ്ടു തിരിച്ചു പോയ കന്യാസ്ത്രിമാര്‍ ഉണ്ടായിരുന്നു എന്നാണ് ബെന്നിച്ചന്‍ സാക്ഷ്യപ്പെടുത്തുന്നത്. സമ്മേളനത്തില്‍ വന്ന് ആദ്യാവസാനം പങ്കെടുത്തവരില്‍ പ്രൊഫസര്‍മാരും വ്യവസായികളും ഒക്കെ ഉണ്ടായിരുന്നെന്നും, സംഘാടകര്‍ക്ക് അവരെ മനസ്സിലായില്ലെന്നും, ബെന്നിച്ചന്‍ പറഞ്ഞു. സംഘാടകര്‍ മിക്കവരും പാലാ, തൃശ്ശൂര്‍, കട്ടപ്പന, കൂടല്‍, റോം, ചിക്കാഗോ, ജര്‍മ്മനി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായിരുന്നതുകൊണ്ട് അതിഥികളെ മുഴുവന്‍ ആഥിതേയര്‍ക്ക് മനസ്സിലായില്ലത്രേ. മനസ്സിലായില്ലെങ്കിലെന്താ KCRM നും JCC ക്കു മൊക്കെ ഇപ്പോള്‍ വഴിയെ നടക്കാറായില്ലേ?
ബുദ്ധി കൂടുതല്‍, റെജിക്കാണോ, തേലക്കാട്ടച്ചനാണോ എന്ന് സംശയം, എനിക്കല്ല ബെന്നിച്ചന്. അനിതാ സിസ്റര്‍ ഒരെഗ്രിമെന്റ്റ് വെയ്ക്കാന്‍ ഇടയുണ്ടെന്നു മുന്നേ കണ്ട്, പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ചന്‍റെ പേരു വരെ പത്ര സമ്മേളനത്തില്‍ പറയിച്ചിട്ടാണ് KCRM കാര് സിസ്ടരിനെ എറണാകുളം സമ്മേളനത്തിന്‍റെ ബ്രാന്‍ഡ് അംബാസ്സഡര്‍ ആക്കിയത്. അവരേക്കൊണ്ട് മുദ്രപത്രത്തില്‍ ഒപ്പിടുവിച്ചു മേടിച്ച തേലക്കാട്ടച്ചനും പെട്ടി പോയാലെന്നാ, താക്കോല്‍ കൈയ്യിലുണ്ടല്ലോ എന്നു പറഞ്ഞ നമ്പൂരിച്ചനും തമ്മില്‍ എന്താ വ്യത്യാസം? എഗ്രിമെന്റ് പ്രകാരം ആയിരിക്കണം അനിതാ സിസ്റര്‍ മുങ്ങിയത്. KCRM നിട്ട് പണി കൊടുത്തല്ലോ എന്ന് തേലക്കാട്ടച്ചന്‍ കരുതുന്നു. യുദ്ധം ചെയ്യാന്‍ പുതു പുത്തന്‍ ആയുധങ്ങള്‍ KCRM ന്‍റെ കൈയ്യില്‍ ഇനിയും ഉള്ള കാര്യം പാവത്തിന് അറിയില്ലയെന്നു തോന്നുന്നു. അവരുടെ പ്രശ്നം അനിതയല്ലച്ചോ!
കൈരളിയുടെ സെല്‍ഫി കലക്കി. മൂന്നച്ചന്മാര്‍ മാത്രം ബാറ്റ് ചെയ്യാനും ഏഴോളം പേരു ബൌള്‍ ചെയ്യാനും, ഇരുപതോളം പേര്‍ ഫീല്‍ഡ് ചെയ്യാനുമായി നിര്‍ത്തി അച്ചന്മാരോട് കൈരളി കാണിച്ച ക്രൂരത ശരിയായില്ല. ജെസ്മിയുടെ സ്പിന്നും റെജിയുടെയും ജോമോന്‍റെയും ഫാസ്റ്റുകളും കട്ടിയായിപ്പോയി. റിയാലിറ്റി ഷോകളിലും ഇനി മേല്‍ ചിയര്‍ ഗേളുകള്‍ കൂടി വേണം. എവിടെച്ചെന്നാലും ഇഷ്ടംപോലെ കേള്‍ക്കുന്നത് ശീലമായതു കൊണ്ടായിരിക്കണം, അച്ചന്മാര്‍ മൂവരും ചിരിക്കുന്നുണ്ടായിരുന്നു. സെല്‍ഫി ഞാനും കണ്ടു. അടിവസ്ത്രം വാങ്ങാന്‍ പോലും മദറിനോട് ഇരക്കേണ്ടി വന്നിട്ടുണ്ടെന്ന് സി. ജെസ്മി. മദര്‍ തെരേസ്സാക്ക് രണ്ടു ജോഡി വസ്ത്രങ്ങളെ ഉണ്ടായിരുന്നുള്ളൂവെന്ന് സഭാ വക്താക്കള്‍. ആരുടെയോ ഭാഗ്യം കൊണ്ട് ഗാന്ധിജിയുടെ കാര്യം അച്ചന്മാര്‍ പറഞ്ഞില്ല. വസ്ത്രം ഇല്ലാതെ ജീവിക്കുന്നതെങ്ങിനെ യെന്നതിനെപ്പറ്റി നല്ല പരിജ്ഞാനമുള്ള ഒരാളെക്കൂടി ആ ചര്‍ച്ചയില്‍ ഉള്പ്പെടുത്തേണ്ടതായിരുന്നു.
സെല്ഫിക്ക് പോകുന്നതിനു മുമ്പ് അച്ചന്മാര്‍ എന്തൊക്കെ പ്രാര്‍ഥനകള്‍ ചൊല്ലിയിരുന്നുവെന്നു വ്യക്തമല്ല; ഏതായാലും ആരും രക്ഷപെട്ടില്ല. ഒരച്ചന്‍ പറഞ്ഞത് അഭയാ കേസിലെ ഒരു പ്രതിയുടെ ധ്യാനം അദ്ദേഹം കേട്ടിട്ടുണ്ട്, ആ മനുഷ്യന്‍ ഒരിക്കലും അങ്ങിനെ ചെയ്യുകയില്ലെന്നാണ്. അതു കേട്ടിട്ട് ആരെങ്കിലും ചിരിക്കാതിരിക്കുമോ? കൊക്കന്‍, എഡ്വിന്‍, മുതല്‍ ആലപ്പുഴ, കോട്ടയം, ആനിക്കാട്, ചെന്നാക്കുന്ന്, നെയ്യാട്ടുശ്ശേരി, അങ്കമാലി, പാലാ, കുറവിലങ്ങാട് ചിക്കാഗോ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നടന്ന ധ്യാനങ്ങളിലും ആരെങ്കിലും എന്തെങ്കിലും ചെയ്തതായി സമ്മതിച്ചിട്ടില്ലല്ലോ. പക്ഷെ, സെല്ഫി മുഴുവന്‍ കണ്ടാല്‍ അവിടെ അഭിപ്രായ വ്യത്യാസങ്ങള്‍ കാര്യമായി ഇല്ലായിരുന്നുവെന്നു കാണാം. കുറെപ്പേര്‍ ചെയ്യുന്ന അപരാധം കൊണ്ട് സഭയെ മുഴുവന്‍ അപമാനിക്കരുതെന്ന് അച്ചന്മാര്‍; കുറെപ്പേര് ചെയ്യുന്ന നല്ല കാര്യങ്ങള്‍ കൊണ്ട് സഭയെ മുഴുവന്‍ ന്യായീകരിക്കരുതെന്നു മറ്റുള്ളവരും. ഇത് രണ്ടും തത്വത്തില്‍ ഒന്നല്ലേ? നേടിയതു കൈരളി, അത് പറയാതെ തരമില്ല.
തേലക്കാട്ടച്ചന്‍ പറയുന്നത് സഭക്കുള്ളിലെ സര്‍വ്വ പ്രശ്നങ്ങളും സിനഡ് ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്നവര്‍ ആരെങ്കിലും, സഭ ചര്‍ച്ച ചെയ്തു പരിഹരിച്ച മോനിക്കാ സംഭവം പോലെ മറ്റെന്തെങ്കിലും മഹാസംഭവങ്ങള്‍ കേട്ടിട്ടുണ്ടോ എന്തോ? ക്നാനായാ പ്രശ്നത്തിലും ചര്‍ച്ച നടന്നു കാണണം അല്ലെങ്കില്‍ ഇത്തരം ഒരു മണ്ടന്‍ ഇടയ ലേഖനം ഇറങ്ങുകയില്ലായിരുന്നല്ലോ. നേപ്പാളില്‍ ഭൂകമ്പം ഉണ്ടായ അന്ന് മുതല്‍ സഭയില്‍ ചര്‍ച്ച തുടങ്ങിയതാ. എത്ര ലക്ഷം കുര്ബാനകളായിരിക്കണം നമ്മള്‍ ഇതിനോടകം നേപ്പാളിനയച്ചു കൊടുത്തത്. ചര്‍ച്ചകള്ക്കൊണ്ട് പ്രയോജനം ഉണ്ടെന്നു മനസ്സിലായില്ലേ? ഈ സഭയെ വിളിക്കേണ്ട പേരാണ് ഇപ്പോള്‍ ഫെയിസ് ബുക്കിലൂടെയും മീഡിയാകളിലൂടെയും നാട്ടുകാര്‍ വിളിച്ചു കൊണ്ടിരിക്കുന്നത്. തിരുത്തരുതച്ചോ, ഒരിക്കലും തിരുത്തരുത്; നമുക്ക് ചര്‍ച്ചകള്‍ തുടരാം.
ഉള്ള കാര്യം ഇടയ ലേഖനം ഇറക്കി തന്‍റെടത്തോടെ പറയുന്നത് കോതമംഗലം രൂപത മാത്രമാണെന്ന് ഓര്‍ക്കുക. അവര്‍ പറഞ്ഞത്, DTP ചെയ്ത കൊച്ചു പോലും ജൊസഫ് സാറിനോട് ക്വസ്റ്യന്‍ പേപ്പര്‍ തിരുത്തണമെന്ന് പറഞ്ഞു എന്നാണ്. ജോസഫ് സാര്‍ പറയുന്നു, അവരുടെ മൊഴി കോടതിയില്‍ ഉണ്ട്. അതിലങ്ങിനെയില്ല, എന്നോടങ്ങിനെ പറഞ്ഞിട്ടുമില്ലെന്ന്. ജോസഫ് സാര്‍ പറയുന്നത്, പോപ്പുലര്‍ ഫ്രണ്ടുകാരോട് ഞാനന്നേ ക്ഷമിച്ചെന്നാണ്. സഭയാകട്ടെ, ജൊസഫ് സാറിനോട് ചെയ്യാന്‍ ഇനിയോന്നും ബാക്കിയില്ലെന്നും. ഇത് പറയുന്നത് പ്രൊഫസര്‍ ജോസഫ് തന്നെ. ആരാ മിടുക്കര്‍? സഭയോ അത്മായരോ?
ഇടപ്പള്ളി നാണക്കേടിന്‍റെ പര്യായമായെന്നാണ് ലോകം പറയുന്നത്. പരസ്പര സ്നേഹം കാണാന്‍ യേശുവിന്‍റെ ശിക്ഷ്യന്മാരെ നോക്കുവിന്‍ എന്നാണ് ഒരു കാലത്ത് വിജാതീയര്‍ പറഞ്ഞിരുന്നതെങ്കില്‍, കാശിന്‍റെ പൊളപ്പ് കാണാന്‍ സീറോ മലബാറുകാരെ നോക്കാനേ ഏതു പൊട്ടനും ഇപ്പോള്‍ പറയൂ. ‘എല്ലാവരോടും പകയോടെ’ എഴുതിക്കൊണ്ടിരുന്ന കുശ്വന്ത് സിംഗ്, പോലും കേരളത്തില്‍ കൂടി പോയപ്പോള്‍ എടുത്തു പ്രശംസിച്ചത് കേരളത്തിലെ കുഞ്ഞച്ചന്മാരെയാണ്. ബോണ്‍ നത്താലെയും ഇടപ്പള്ളി പള്ളിയും കാണാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അതിനു മുമ്പേ കാലം ചെയ്തില്ലേ? തിരുത്തരുതച്ചാ തിരുത്തരുത്!
Posted by അല്മായ ശബ്ദം
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin