''കോട്ടയം ക്‌നാനായരൂപതാസ്ഥാപനം 10-ാം പീയൂസ് മാര്‍പാപ്പായ്ക്കു നയായി'' -പി.സി.ജോര്‍ജ് എം.എല്‍.എ.
(2015 മെയ്‌ലക്കം സത്യജ്വാലയില്‍നിന്ന്)
2015 ഏപ്രില്‍ 25-ന് 'ക്‌നാനായകത്തോലിക്കാ നവീകരണസമിതി' (kcns) ഉഴവൂരില്‍ സംഘടിപ്പിച്ച കുടുംബനവീകരണസെമിനാറും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ. പി.സി.ജോര്‍ജ് എം.എല്‍.എ. നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കമാണ് താഴെക്കൊടുക്കുന്നത് -സത്യജ്വാല എഡിറ്റര്‍
ദൈവത്തിലും ക്രിസ്തുവിലും വിശ്വസിക്കുന്നവരുടെ സമൂഹങ്ങളാണ് ക്രൈസ്തവസഭകള്‍. സീറോ-മലബാര്‍ സഭയുടെ ഭാഗമായ കോട്ടയം രൂപത അത്തരമൊരു ക്രൈസ്തവസമൂഹമാണ്. എന്നാല്‍, ക്‌നാനായ സമൂഹത്തിനു പുറത്തുനിന്നു വിവാഹം കഴിക്കുന്നവരെ ആ സഭാസമൂഹത്തില്‍നിന്നു പുറത്താക്കുന്ന ഒരു ആചാരം ഈ രൂപതയില്‍ ഇന്നു നിലനില്‍ ക്കുന്നു. മറ്റു കത്തോലിക്കാരൂപതകളില്‍നിന്ന് വിവാഹംകഴിച്ചു എന്ന ഒരേയൊരു 'തെറ്റി'ന്റെ പേരില്‍, അവര്‍ തങ്ങളുടെ സമൂഹത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നുവെന്നത് വളരെ ദാരുണമായ ഒരു കാര്യമാണ്. അതിലൂടെ, ഒരു ഗതികെട്ട സാഹചര്യത്തിലേക്ക് അവര്‍ തള്ളപ്പെടുന്നു. ഈ സാഹചര്യം എങ്ങനെ തരണംചെയ്യണമെന്ന് ആലോചിക്കുന്നവരാണല്ലോ, എന്റെ മുമ്പില്‍ ഇവിടെയിരിക്കുന്ന എല്ലാവരും.
വിവാഹം വ്യക്തിപരമായ ഒരു കാര്യമാണ്, വിശ്വാസവിരുദ്ധമായ ഒരു നടപടിയല്ല. അപ്പോള്‍ അതിന്റെ പേരില്‍, തങ്ങള്‍ ജനിച്ചുവളര്‍ന്ന സഭയില്‍നിന്നും സമുദായത്തില്‍നിന്നും അംഗങ്ങളെ പുറന്തള്ളുവാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു സഭയ്ക്ക് എങ്ങനെ സാധിക്കും എന്നതാണ് എന്റെ ചോദ്യം. അതു ക്രൈസ്തവമാകുന്നതെങ്ങനെ? സഭ വിശ്വാസത്തിലധിഷ്ഠിതമാണ്. ആ വിശ്വാസത്തിലെവിടെയെങ്കിലും വെള്ളം ചേര്‍ക്കപ്പെടുമ്പോള്‍ ഭിന്നതകളും ചേരിതിരിവുകളും പുറന്തള്ളലുകളുമൊക്കെ ഉണ്ടായാല്‍, അതു മനസ്സിലാക്കാന്‍ പറ്റും. പക്ഷേ, ഇവിടെ ഒരേ വിശ്വാസത്തിലുള്ളവരെ സഭാസമൂഹത്തില്‍നിന്നു പുറന്തള്ളുകയാണ്!
ലോകമെങ്ങുംപോയി തന്റെ സുവിശേഷം പ്രസംഗിക്കാനും മനുഷ്യരെ മാനസാന്തരപ്പെടുത്തി സത്യവിശ്വാസത്തിലേക്കു സ്വീകരിക്കാനുമാണ് യേശു ഉപദേശിച്ചത്. അങ്ങനെ വിശ്വാസത്തിലേക്കു വരാന്‍ തയ്യാറാകുന്നവരെ സ്വീകരിക്കാന്‍ കോട്ടയം രൂപത തയ്യാറാണോ എന്നു ചോദിച്ചാല്‍ അല്ല എന്നാണു
ത്തരം. അങ്ങനെയെങ്കില്‍, ഈ ക്‌നാനായസഭയെ ഒരു ക്രൈസ്തവസഭയായി എങ്ങനെ കാണാനാകും എന്നു നാം ചോദിക്കേണ്ടിയിരിക്കുന്നു. വിശ്വാസം സ്വീകരിച്ചു ക്രൈസ്തവരാകാന്‍ തയ്യാറായിവരുന്നവരെ സ്വീകരിക്കാന്‍ തയ്യാറില്ലാത്ത, സ്വന്തം സഭയിലെ വിശ്വാസികളെ വിശ്വാസബാഹ്യമായ കാര്യങ്ങളുന്നയിച്ച് പുറത്താക്കാന്‍ വെമ്പുന്ന, ഈ രൂപതയെങ്ങനെ ക്രൈസ്തവസഭയാകും?
കോട്ടയം രൂപത ഏറ്റവും പ്രാധാന്യം കൊടുക്കുന്ന വിശുദ്ധന്‍ പത്താം പീയൂസ് മാര്‍പാപ്പായാണ്. അദ്ദേഹമാണല്ലോ തെക്കുംഭാഗസമൂഹത്തിനായി ഈ രൂപത അനുവദിച്ചത്. ഇത്തരമൊരു ജാതീയരൂപതയാകുമെന്ന ധാരണ തീര്‍ച്ചയായും അന്നദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കാനിടയില്ല. എങ്കിലും അതിനുള്ള സാധ്യതകളെക്കുറിച്ചോ സാഹചര്യത്തെക്കുറിച്ചോ വേണ്ടത്ര പഠിക്കാതെയാണെന്നു തോന്നുന്നു, അദ്ദേഹം കോട്ടയം രൂപതാപ്രഖ്യാപനം നടത്തിയത്. ഇത് പിന്നീടദ്ദേഹത്തിനുതന്നെ വിനയായിത്തീരുകയും ചെയ്തു. അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യാനുള്ള നടപടികള്‍ക്കിടെ അതിനു മുഖ്യതടസ്സമായി വന്നത് ഈ രൂപതാ പ്രഖ്യാപനമായിരുന്നു.
ക്‌നാനായ സമുദായത്തില്‍ ഇന്ന് ഏറ്റം ഗൗരവതരമായ ഒരു പ്രശ്‌നമായിരിക്കുന്നത്, സ്വസമുദായത്തില്‍നിന്നു വിവാഹം കഴിക്കാന്‍ പെണ്ണുങ്ങളെ കിട്ടാതെ, 40-ഉം 45-ഉം വയസ്സായിട്ടും അവിവാഹിതരായി കഴിയേണ്ടിവരുന്ന അനേകം പുരുഷന്മാരുണ്ട് എന്നതാണ്. സ്വവംശവിവാഹനിഷ്ഠ എന്ന ക്‌നാനായ സഭയുടെ നിയമമുള്ളതുകൊ ണ്ടാണ് അവര്‍ക്ക് ഈ ഗതികേടുണ്ടായത്. പുറത്താക്കല്‍ ഭീഷണിയില്ലായിരുന്നെങ്കില്‍ അവര്‍ മറ്റു രൂപതകളില്‍നിന്നു വിവാഹം കഴിച്ച് സാധാരണ നിലയില്‍ ജീവിക്കുമായിരുന്നു. ക്‌നാനായസമൂഹത്തില്‍ വളരെപ്പേര്‍ക്ക് കുടുംബജീവിതം നിഷേധിക്കപ്പെടുന്ന ഈ സാഹചര്യം എത്ര അപകടകരമായ ഒരു സ്ഥിതിവിശേഷമാണു സൃഷ്ടിക്കുന്നതെന്ന്, ഈ സമൂഹവും ഈ സാഹചര്യത്തിനുത്തരവാദികളായവരും ചിന്തിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവജീവിതം നയിക്കുന്ന ക്രൈസ്തവകുടുംബങ്ങളെ മിശ്രവിവാഹിതരെന്നു വിശേഷിപ്പിച്ചും സമുദായത്തില്‍നിന്നു പുറത്താക്കിയും അപമാനിക്കുന്ന നടപടിയില്‍നിന്ന് സഭയുടെ ഉത്തരവാദപ്പെട്ടവര്‍ പിന്മാറണം.
ഈ പ്രശ്‌നത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണം. ചര്‍ച്ചകളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഈ പ്രശ്‌നം പരിഹരിക്കപ്പെടുകതന്നെ ചെയ്യും. സമരത്തിനൊന്നും പോകേണ്ട ആവശ്യം വരില്ല. മാര്‍പാപ്പായ്ക്ക് അപേക്ഷ നല്‍കണം. മേജര്‍ ആര്‍ച്ചുബിഷപ്പുംമറ്റുമായി ചര്‍ച്ച നടത്തണം. എല്ലാ മെത്രാന്മാരെയും ഈ വിഷയത്തില്‍ ഇടപെടുത്തണം. തീര്‍ച്ചയായും നിങ്ങളോടൊപ്പം ഞാനുണ്ടാകും. നിങ്ങളുടെ പിതാവുമായി ഇക്കാര്യം ഞാന്‍ സംസാരിക്കുന്നതാണ്. നിങ്ങളുടെ പ്രശ്‌നം നീതിയുക്തമാണ്. അത് അംഗീകരിക്കപ്പെടുകതന്നെ ചെയ്യും. അതിനുവേണ്ടി നമുക്കു കൂട്ടായി പരിശ്രമിക്കാം.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin