സമര്‍പ്പിത നൈര്‍മല്യം
എസ്. ജിതേഷ്
പരമശിവനെ ഇഷ്‌ടദൈവമായി ആരാധിച്ചിരുന്ന കുസും ജോഷി എന്ന ബ്രാഹ്‌മണ പെണ്‍കൊടിയില്‍ നിന്നായിരുന്നു തുടക്കം. ആ ചരിത്രം വിവരിക്കാന്‍ സിസ്‌റ്റര്‍ നിര്‍മല താല്‍പര്യപ്പെട്ടിരുന്നില്ല. സ്‌നേഹത്തിന്റെ ഭാഷ എഴുതാന്‍ ദൈവം തെരഞ്ഞെടുത്ത പെന്‍സിലുകള്‍ മാത്രമാണു തങ്ങളെന്നു വിനയാന്വിതയായ മദര്‍ തെരേസയുടെ പിന്‍ഗാമിക്ക് അങ്ങനെയാകാതെവയ്യ. പക്ഷേ, അപൂര്‍വം അവസരങ്ങളില്‍ സിസ്‌റ്റര്‍ നിര്‍മല തന്നെപ്പറ്റി മനസ് തുറക്കുമായിരുന്നു.
ഏഴാം വയസില്‍ ക്രൈസ്‌തവ മിഷനറിമാര്‍ നടത്തിയ സ്‌കൂളില്‍ ചേര്‍ന്നതിനു ശേഷമാണ് ക്രിസ്‌തുവിനെപ്പറ്റി കേട്ടത്. പക്ഷേ, രണ്ടു വര്‍ഷത്തിനു ശേഷമുള്ള ആദ്യത്തെ കണ്ടുമുട്ടല്‍ യാദൃച്‌ഛികമായിരുന്നു.
ശിവരാത്രി ആഘോഷത്തിനിടെ രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുനടക്കുന്നതിനിടെ ദുറാന്തയിലെ പള്ളിമുറ്റത്ത് കൈകള്‍ ഇരുവശത്തേക്കും നീട്ടി നില്‍ക്കുന്ന വെളുത്ത കൂറ്റന്‍ പ്രതിമയ്‌ക്കു മുന്നിലെത്തിയത് അവിചാരിതമായിട്ടായിരുന്നു. പേടിച്ചോടിയ അവള്‍ പിന്നീട് പതിയെ ധൈര്യം സംഭരിച്ചു തിരികെവന്നു. ക്രിസ്‌തുവിന്റെ തിരുഹൃദയ രൂപമായിരുന്നു അത്. പിന്നീട് സ്‌കൂളില്‍നിന്നു വീട്ടിലേക്കുള്ള മടക്കം എന്നും അതുവഴിയായി.
പത്താം വയസില്‍ സ്‌കൂളില്‍നിന്നു വീണ്ടും ക്രിസ്‌തുവിനെപ്പറ്റി കേട്ടു. പക്ഷേ, ഹിന്ദുമതത്തില്‍ സംതൃപ്‌തയായിരുന്നു. അതു വിടുന്നതിനെപ്പറ്റി ആലോചിച്ചതുപോലുമില്ല. വീട്ടില്‍വച്ച് ഒരിക്കല്‍ പുതിയ നിയമത്തിന്റെ താളുകള്‍ മറിച്ചുനോക്കി. കണ്ണിലുടക്കിയത് "എന്നില്‍നിന്നു പഠിക്കുക. കാരണം, ഞാന്‍ സൗമ്യശീലനും വിനീതഹൃദയനുമാണ്" എന്ന വാക്യം. സ്വയം പുകഴ്‌ത്തുന്ന ക്രിസ്‌തു അഹങ്കാരിയാണെന്ന തോന്നലില്‍ പുസ്‌തകം അടച്ചുവച്ചു; ഇനിയൊരിക്കലും അതു തുറക്കില്ലെന്നുറപ്പിച്ച്.
ഡിപ്ലോമയ്‌ക്കു ശേഷം കുസും പട്‌ന സര്‍വകലാശാലയില്‍ നിയമപഠനത്തിനു ചേര്‍ന്നു. കത്തോലിക്കാ കന്യാസ്‌ത്രീകള്‍ നടത്തുന്ന ഹോസ്‌റ്റലിലായിരുന്നു താമസം. മുറിയില്‍ ഒപ്പമുള്ളത് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കത്തോലിക്കാ യുവതി. ഹോസ്‌റ്റലിലെ ജീവിതം ഏതാനും ദിവസം പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ. ഒരു വൈകുന്നേരം മുഴങ്ങിക്കേട്ട മണിനാദത്തിനൊപ്പം മുറിയിലെ സൃഹൃത്ത് പ്രാര്‍ഥനാപൂര്‍വം മുട്ടുകുത്തി. ക്രിസ്‌തു തന്റെ ഹൃദയത്തെ തൊട്ടത് കുസും ആ നിമിഷം മനസിലാക്കി. താന്‍ അന്വേഷിച്ചില്ലെങ്കിലും ക്രിസ്‌തു തന്നെ കണ്ടെത്തിയെന്ന് ആ പതിനേഴുകാരി തിരിച്ചറിഞ്ഞു.
ബ്രിട്ടീഷ് ആര്‍മിയിലെ ഉദ്യോഗസ്‌ഥനായിരുന്നു അച്‌ഛന്‍. നേപ്പാളുകാരായ മാതാപിതാക്കളോടൊപ്പം, അന്നു ബിഹാറിലായിരുന്ന റാഞ്ചിയിലായിരുന്നു താമസം. ഏഴു പെണ്‍കുട്ടികളുടെയും രണ്ട് ആണ്‍കുട്ടികളുടെയും മൂത്ത സഹോദരി. തീരുമാനം യാഥാസ്‌ഥിതിക സമൂഹത്തില്‍ ജീവിച്ചിരുന്ന ബ്രാഹ്‌മണ കുടുംബത്തെ ബോധ്യപ്പെടുത്തുക എളുപ്പമായിരുന്നില്ല.
ഉള്ളില്‍ നിന്ന് വിളിച്ചുകൊണ്ടേയിരുന്ന ക്രിസ്‌തുവും പാവങ്ങളെ സേവിക്കണമെന്ന ആഗ്രഹവും അവളെ മദര്‍ തെരേസയുമായുള്ള കൂടിക്കാഴ്‌ചയിലേക്കു നയിച്ചു. സേവനം എന്ന ലക്ഷ്യവുമായി നേപ്പാളിലേക്കു പോകാനുള്ള ആഗ്രഹം ഈശോസഭയിലെ ഒരു പുരോഹിതനുമായി പങ്കുവച്ചു. അദ്ദേഹമാണ് മദറിനെപ്പറ്റി കുസുമിനോടും കുസുമിന്റെ ആഗ്രഹത്തെപ്പറ്റി മദറിനോടും പറഞ്ഞത്.
"സ്‌നേഹവും പരിചരണവും ആഗ്രഹിക്കുന്നവര്‍ ഏതു രാജ്യത്തായാലും ഒരുപോലെയാണ്. നിരുപാധികമാണെങ്കില്‍ മിഷനറീസ് ഓഫ് ചാരിറ്റിയിലേക്കു വരുക."- മദറിന്റെ കത്ത് ഏറെ വൈകിയില്ല. കല്‍ക്കട്ടയിലേക്കു തിരിച്ച കുസും മദറില്‍ തന്റെ രണ്ടാം അമ്മയെ കണ്ടെത്തി. അവര്‍ക്കു മുന്നില്‍ മനസ് തുറന്നു; ലോകത്തെ മാറ്റാനാഗ്രഹിക്കുന്ന ഒരു കൗമാരക്കാരിയുടെ എല്ലാ അനിശ്‌ചിതത്വത്തോടുംകൂടി.
മദറിന്റെ മറുപടി വൈകിയില്ല. "എല്ലാം ദൈവത്തില്‍ ആശ്രയിക്കുന്നു എന്നു പ്രാര്‍ഥിക്കുന്ന നീ പ്രവൃത്തിലുടെ കാര്യമെത്തുമ്പോള്‍ എല്ലാം തന്നെ ആശ്രയിച്ചാണ് എന്നു ചിന്തിക്കുന്നതെന്തിന്!" അന്നു താന്‍ ക്രിസ്‌തുവിനു സ്വയം അര്‍പ്പിച്ചു എന്ന് സിസ്‌റ്റര്‍ ഒരിക്കല്‍ പറഞ്ഞു. ശിഷ്‌ടകാലം മദറിനൊപ്പം എന്ന തീരുമാനവും അന്നുണ്ടായി.
മതപരിവര്‍ത്തനം ഉടനുണ്ടായില്ല. ആറര വര്‍ഷത്തെ സന്ദേഹങ്ങളുടെയും ആലോചനകളുടെയും തുടര്‍ച്ചയായാണു സംഭവിച്ചത്. 1958 ഏപ്രില്‍ അഞ്ചിന് കുസും സ്‌നാനപ്പെട്ടു. മേയ് 24ന് മിഷനറീസ് ഓഫ് ചാരിറ്റിയില്‍ അംഗമായി. പൂവ് എന്ന പേരിലെ മനോഹാരിതയ്‌ക്കു മേല്‍ പരിശുദ്ധി എന്ന് അര്‍ഥം വരുന്ന നിര്‍മല എന്ന് എഴുതിച്ചേര്‍ത്തത് മദര്‍ തെരേസയായിരുന്നു.
നിയമം പഠിച്ചിരുന്നു എന്നറിഞ്ഞ മദര്‍ തെരേസ പിന്നീട് നിര്‍മലയെ കല്‍ക്കട്ട സര്‍വകലാശാലയില്‍ നിയമപഠനത്തിനു വിട്ടു. പാവങ്ങള്‍ക്ക് സൗജന്യ നിയമസഹായം കിട്ടാന്‍ അതുപകരിക്കും എന്നായിരുന്നു ചിന്ത. പക്ഷേ, നിയമബിരുദം കിട്ടിയെങ്കിലും നിര്‍മല ആ രംഗത്തേക്ക് ഒരിക്കലും കടന്നില്ല. ഏറ്റവും ഉന്നതമായ കോടതിയില്‍, സ്‌നേഹം എന്ന മഹത്തായ നിയമത്തിന്റെ വഴിയേ നടക്കാനായിരുന്നു തീരുമാനം.
മദര്‍ തെരേസ തന്റെ ആത്മീയ തീക്ഷ്‌ണതയുടെ ദീപം സിസ്‌റ്റര്‍ നിര്‍മലയിലാണ് ഏല്‍പിച്ചുകൊടുത്തത്. ഇന്ത്യക്കു പുറത്ത് ആദ്യമായി, വെനസ്വേലയില്‍ 1965ല്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ദൗത്യം തുടങ്ങിയ ആറു സന്യാസിനിമാരില്‍ സിസ്‌റ്റര്‍ നിര്‍മലയും ഉണ്ടായിരുന്നു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്കും യൂറോപ്പിലേക്കും ആ ദൗത്യം നീണ്ടു. ഊര്‍ജസ്വലമെങ്കിലും നിശബ്‌ദമായിരുന്നു സിസ്‌റ്റര്‍ നിര്‍മലയുടെ പ്രവര്‍ത്തനം.
1997 മാര്‍ച്ച് 13ന് കല്‍ക്കട്ടയില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഉന്നതതല യോഗം ചേര്‍ന്നപ്പോള്‍ പ്രമുഖ സന്യാസിനിമാരുടെ പേരുകള്‍ എടുത്തുപറഞ്ഞ് റിപ്പോര്‍ട്ട് ചെയ്‌ത ഒരു പത്രം ഒരു സിസ്‌റ്റര്‍ നിര്‍മലയും പങ്കെടുക്കുന്നു എന്നെഴുതി. പക്ഷേ, മദറിന്റെ പിന്‍ഗാമിയായി ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ആ യോഗത്തില്‍ പങ്കെടുത്തവര്‍ക്കു സംശയമുണ്ടായില്ല.
മിഷനറീസ് ഓഫ് ചാരിറ്റിക്കു പുറത്ത് തീരെ അറിയപ്പെടാത്ത, ഹിന്ദു മതത്തില്‍ നിന്നെത്തിയ ഒരു സന്യാസിനി നയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് പലരെയും അത്ഭുതപ്പെടുത്തി. പക്ഷേ, നിസാരയായ എന്നെ കണ്ടെത്തിയ ദൈവത്തിന് അതിലും എളിയവളായ മറ്റൊരാളെ കണ്ടെത്താന്‍ കഴിഞ്ഞു എന്നായിരുന്നു മദര്‍ തെരേസയുടെ പ്രതികരണം. നയിക്കാന്‍ ആറു മാസം മദര്‍ തെരേസ ഒപ്പമുണ്ടായിരുന്നു. അവരുടെ വിയോഗശേഷം അല്‍പ്പമൊന്നു പകച്ചെങ്കിലും പ്രാര്‍ഥനകള്‍ കരുത്തായി. ഭയക്കേണ്ട, ഞങ്ങള്‍ ഒപ്പമുണ്ടെന്ന കല്‍ക്കട്ടയിലെ പാവങ്ങളുടെ വാക്കുകള്‍ തുണയായി. മദര്‍ എന്നു വിളിക്കപ്പെടുന്നത് സിസ്‌റ്റര്‍ നിര്‍മല എതിര്‍ത്തിരുന്നു; ആ വിളി അര്‍ഹിക്കുന്നത് മദര്‍ തെരേസ മാത്രമാണെന്നായിരുന്നു അവരുടെ നിലപാട്. തന്നെപ്പറ്റി എഴുതപ്പെടുന്നതും അവര്‍ താല്‍പര്യപ്പെട്ടിരുന്നില്ല. എന്നെപ്പറ്റിയല്ല ദൈവത്തെപ്പറ്റി എഴുതൂ.
എഴുതിയേ കഴിയൂ എന്നുണ്ടെങ്കില്‍ അതിനൊപ്പം, ദുരിതമനുഭവിക്കുന്നവര്‍ക്കു നേരേ ഒരു പുഞ്ചിരി തൂവുക, കടന്നുപോകുന്നതിനു മുമ്പ് ഒന്നു തലോടുക എന്ന മദര്‍ തെരസേയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുകയാകും അഭിമുഖത്തിനായി സമീപിക്കുന്നവരോട് സിസ്‌റ്റര്‍ നിര്‍മല ചെയ്യാറ്.
മിഷനറീസ് ഓഫ് ചാരിറ്റിയിലെ മറ്റുള്ളവരെപ്പോലെ, ക്രൂശിത രൂപവും ജപമാലയുമായിരുന്നു സിസ്‌റ്റര്‍ നിര്‍മലയുടെ ഉപകരണങ്ങള്‍. മദര്‍ തെരേസ ഉപയോഗിച്ചിരുന്നവയാണോ കൈയിലുള്ളതെന്നു ചിലര്‍ ചോദിക്കുമായിരുന്നു. അങ്ങനെയുള്ള ചോദ്യത്തിനു സിസ്‌റ്ററിന്റെ പ്രതികരണം ഒരു അഭിമുഖകാരന്‍ എഴുതിയത് ഇങ്ങനെ.
"ചോദിച്ചുതീര്‍ന്നതും സിസ്‌റ്റര്‍ എണീറ്റു, ഏതോ വിശിഷ്‌ടാതിഥി കാത്തിരിക്കുന്നു എന്നതുപോലെ. തൊഴുത്, പുഞ്ചിരിച്ച് ചാപ്പലിനു നേരേ തിരിഞ്ഞുനടന്നു. ചെരുപ്പുകള്‍ ഊരിവച്ചു. പിന്നെ, ആരാധനാലയത്തിനു മുന്നില്‍ മുട്ടുകുത്തി..." സമര്‍പ്പണമാണ് എന്തിനും മറുപടി എന്നപോലെ.
http://www.mangalam.com/opinion/330260
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin