ന്യൂഡല്‍ഹി: മതവിദ്വേഷം പരത്താന്‍ ആരെയും അനുവദിക്കില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ പൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. മതവിശ്വാസം വ്യക്ത്യാധിഷ്ഠിതമാണെന്നും എന്തുവിലകൊടുത്തും മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യാമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഡല്‍ഹിയില്‍ ഈയിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുെട പ്രസ്താവന ശ്രദ്ധേയമാണ്. ആദ്യമായാണ് ഈ വിഷയത്തില്‍ അദ്ദേഹം പ്രതികരിക്കുന്നത്. '' ഏതെങ്കിലും വിഭാഗത്തിനെതിരെ വിദ്വേഷം കുത്തിവെക്കാന്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ ആരെയും അനുവദിക്കില്ല. ഓരോരുത്തര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം വിശ്വാസം തിരഞ്ഞെടുക്കാനും അത് നിലനിര്‍ത്താനും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാര്‍ എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുന്നു''- പ്രധാനമന്ത്രി പറഞ്ഞു.
വിഭാഗീയ ശക്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട്, ഒരു വിശ്വാസത്തിനെതിരെയും ഒരു ഘട്ടത്തിലും അക്രമം അനുവദിക്കില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ''ഇന്ത്യ ഗാന്ധിയുടെയും ബുദ്ധന്റെയും നാടാണ്. എല്ലാ മതങ്ങളെയും തുല്യബഹുമാനത്തോടെ കാണുക എന്നത് ഓരോ ഇന്ത്യാക്കാരന്റെയും ജനിതകഘടനയില്‍ തന്നെ ഉണ്ടാവണം''.
മതവിശ്വാസത്തിന്റെ പേരില്‍ മുമ്പില്ലാത്തവിധം പകയും വിദ്വേഷവും പരക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, എല്ലാ വിശ്വാസങ്ങളോടും പരസ്പര ബഹുമാനം എന്ന ഇന്ത്യയുടെ പൗരാണിക സങ്കല്‍പ്പം ഇക്കാര്യത്തില്‍ ലോകത്തിന് വെളിച്ചമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
2008-ലെ ഹേഗ് കണ്‍വെന്‍ഷനെ ഉദ്ധരിച്ചുകൊണ്ട് വിശ്വാസസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ഹേഗ് കണ്‍വെന്‍ഷനിലും ഒരുപടി മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. 'സബ് കാ സാത് സബ് കാ വികാസ്' എന്ന ആശയം പൂര്‍ണമാക്കാന്‍ െഎക്യം അനിവാര്യമാണെന്നും അതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ മതപരമായ അസഹിഷ്ണുതയെ കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ച യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഡല്‍ഹിയിലും പിന്നീട് വാഷിങ്ടണിലും വിമര്‍ശിച്ചിരുന്നു. പള്ളികള്‍ക്കെതിരെ നടന്ന തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ 'അംഗീകരിക്കാനാവാത്ത അപഭ്രംശ'മാണെന്ന് ചടങ്ങില്‍ സംസാരിക്കവേ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മാനവരാശിക്ക് വേണ്ടി ജീവിതം അര്‍പ്പിച്ച ഒട്ടേറെ ഉദാഹരണങ്ങള്‍ ഇന്ത്യയിലെ മതങ്ങളുടെ ചരിത്രത്തിലുണ്ടെന്നും ചാവറയച്ചനും ഏവുപ്രാസ്യമ്മയും ഇവരില്‍ പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണഘടനയുടെ സംരക്ഷണമില്ലാതിരുന്ന കാലത്താണ് ക്രിസ്തുമതം ഇവിടെ എത്തിയതെന്നും അന്ന് സംരക്ഷകരായി നിന്നത് ഹിന്ദു രാജാക്കന്‍ മാരാണെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു.
ആശങ്ക മറച്ചുവെക്കാതെ സഭാനേതൃത്വം
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ ആക്രമണത്തില്‍ തങ്ങളുടെ ആശങ്ക പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ചടങ്ങില്‍ പ്രസംഗിച്ച സഭാധ്യക്ഷന്മാര്‍ ശ്രമിച്ചത്. മതസ്പര്‍ദ്ധ വളര്‍ത്തുമെന്നതിനാല്‍ മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുവരരുതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം വ്യക്തിപരമാണ്. ആകെ ജനസംഖ്യയുടെ 2.3 ശതമാനമാണ് നിലവില്‍ ക്രിസ്ത്യാനികള്‍. കഴിഞ്ഞ രണ്ട് ജനസംഖ്യ കണക്കെടുപ്പുകളിലായി മതാനുയായികളുടെ എണ്ണത്തില്‍ കുറവുവന്നെന്നും ഈ സാഹചര്യത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന വാദം തെറ്റാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
ദളിത് ക്രൈസ്തവരെ കൂടി സംവരണത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ ആവശ്യപ്പെട്ടു. രാജ്യത്തെ ക്രൈസ്തവ സ്ഥാപനങ്ങളില്‍ 60 ശതമാനവും ഗ്രാമീണ മേഖലയിലാണെന്നും രാജ്യവികസനത്തില്‍ ജനസംഖ്യയുടെ അനുപാതത്തേക്കാള്‍ സംഭാവന നല്‍കുന്നവരാണ് ക്രൈസ്തവരെന്നും അദ്ദേഹം വ്യക്തമാക്കി.
മതേതര ജനാധിപത്യനിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശക്തമായ ഭരണഘടനയാണ് നമുക്കുള്ളതെന്ന് തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ന്യൂനപക്ഷക്ഷേമ മന്ത്രി നജ്മ ഹെപ്തുള്ള, ഫരീദാബാദ് രൂപതാ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറാള്‍ സെബാസ്റ്റ്യന്‍ വടുക്കുമ്പാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
http://www.mathrubhumi.com/story.php?id=523859
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin