Wednesday, 9 October 2013

!തിരുശേഷിപ്പുകളും`വിഗ്രഹങ്ങളും!

manovaonline.com

ആംസ്ട്രോങ്ങ് ജോസഫ്

വിശുദ്ധിയില്‍ ജീവിച്ച് ഈ ലോകത്തുനിന്നു കടന്നുപോയ വ്യക്തികള്‍ ശേഷിപ്പിച്ച ഭൗതീക വസ്തുക്കളെയാണ് തിരുശേഷിപ്പുകളായി അറിയപ്പെടുന്നത്. യേശുവിന്‍റെയും മാതാവിന്‍റെയും മറ്റു വിശുദ്ധരുടെയും ഭൗതിക ശേഷിപ്പുകളെ വിശുദ്ധമായി പരിഗണിക്കാറുണ്ട്. ദൈവവചനത്തെ ആസ്പദമാക്കി ചിന്തിക്കുമ്പോള്‍ ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നു നോക്കാം.
ഈ ലോകത്തുനിന്നും കടന്നുപോയവരുടെ മാത്രമല്ല; ജീവിച്ചിരിക്കുന്ന വിശുദ്ധര്‍ ഉപയോഗിച്ച വസ്തുക്കളില്‍നിന്നു രോഗശാന്തി ലഭിച്ചതായി ദൈവവചനത്തില്‍ കാണാം. കത്തോലിക്കാ സഭയെയും ഇതര ശ്ലൈകീക സഭകളെയും എതിര്‍ക്കുന്ന ചിലര്‍ തിരുശേഷിപ്പുകളെ നിഷേധിക്കുന്നുണ്ട്. ആ വിഷയത്തിലേക്കു തിരിയാതെതന്നെ, തിരുശേഷിപ്പുകളെക്കുറിച്ച് വചനം എന്തുപറയുന്നു എന്ന് ശ്രദ്ധിക്കാം.
രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിന്‍റെ നാലാം അദ്ധ്യായത്തില്‍  ഒരു സംഭവം വിവരിക്കുന്നുണ്ട്.  പ്രവാചകനായ എലീഷാ,   ഷൂനേംകാരിയായ ഒരുവളുടെ കുട്ടിയെ  ഉയിര്‍പ്പിക്കുന്നതാണു സംഭവം.  പ്രവാചകന്‍റെ ശരീരത്തില്‍നിന്നും ശക്തി പുറപ്പെട്ട് മരിച്ചവനെ ഉയിര്‍പ്പിച്ചതായി കാണാം. വിശുദ്ധരുടെ കല്ലറകളില്‍നിന്നും അത്ഭുതങ്ങള്‍ സംഭവിച്ചതായി പഴയനിയമ പുസ്തകങ്ങളില്‍ വായിക്കുന്നുണ്ട്.
രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ പതിമൂന്നാം അദ്ധ്യായത്തില്‍ ഇരുപത്തിഒന്നാം വാക്യം വയിക്കുമ്പോള്‍ ഇതു മനസ്സിലാകും. ഏലീഷാ പ്രവാചകന്‍റെ കല്ലറയിലേക്ക് എറിഞ്ഞ ഒരു ജഡം, പ്രവാചകന്‍റെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജീവന്‍ പ്രാപിച്ച് എഴുന്നേറ്റു നിന്നു. വചനം വെളിപ്പെടുത്തുന്ന സത്യങ്ങളാണിവ..!
എന്നാല്‍; കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ  സ്വര്‍ഗ്ഗാരോഹണത്തിനുശേഷം നടന്നിട്ടുള്ള അത്ഭുതങ്ങളെ പരിശോധിക്കുമ്പോള്‍,  ഈ  കാലഘട്ടത്തില്‍ തിരുശേഷിപ്പുകളിലൂടെ ദൈവീകശക്തി എപ്രകാരമാണ് പ്രവഹിക്കുന്നതെന്നു  മനസ്സിലാകും.  അപ്പസ്തോലനായ പത്രോസ് നടന്നുപോകുമ്പോള്‍, അവന്‍റെ നിഴല്‍ ദേഹത്തു പതിക്കുന്നതിനായി രോഗികളെ തെരുവീഥികളില്‍ കിടത്തിയിരുന്നു. അശുദ്ധാത്മാക്കള്‍ ബാധിച്ചവരും രോഗികളും ഇപ്രകാരം സുഖമാക്കപ്പെട്ടിരുന്നു. (അപ്പ.പ്രവര്‍ത്തനങ്ങള്‍:5;12-16)
പൗലോസ് അപ്പസ്തോലന്‍റെ സ്പര്‍ശമേറ്റ വസ്ത്രങ്ങളിലൂടെ അത്ഭുത  രോഗശന്തികള്‍ ലഭിച്ചതിനെക്കുറിച്ച് വിശുദ്ധ ബൈബിളില്‍  പറയുന്നുണ്ട്."അവന്‍റെ ശരീരസ്പര്‍ശമേറ്റ തുവാലകളും അംഗവസ്ത്രങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്തിരുന്നു"(അപ്പ.പ്രവര്‍ത്ത:19;12).
വിശുദ്ധരില്‍നിന്നും ദൈവീകമായ ശക്തി പ്രവഹിച്ച് സൗഖ്യം  നല്കുന്നുവെന്ന് ഈ വചന ഭാഗങ്ങള്‍ സ്ഥിരീകരിക്കുന്നു.   വിശുദ്ധരുടെ  ശരീരസ്പര്‍ശമേറ്റ വസ്തുക്കളും സ്ഥലങ്ങളും ആത്മീയ ശക്തിയുടെ ഉറവിടങ്ങളാകുന്നു  എന്നാണ് ഇതില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.   നന്മ ചെയ്യുന്നവരോടൊപ്പം  ചേര്‍നില്ക്കുമ്പോള്‍, അവരിലെ നന്മ നമ്മിലേക്കും പ്രവഹിക്കും.   അതുകൊണ്ടാണ് പൗലോസ്  അപ്പസ്തോലന്‍ പറയുന്നത്; "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്"(2കോറി:6;14).കാരണം, നന്മ പ്രവര്‍ത്തിക്കുന്നവരില്‍നിന്നും ദൈവീകശക്തി പ്രവഹിക്കുന്നതുപോലെ തിന്മ പ്രവര്‍ത്തിക്കുന്നവരിലൂടെ അശുദ്ധിയും അവിശ്വാസവും പ്രവഹിക്കും. അതു നമ്മെ അശുദ്ധരും അവിശ്വാസികളുമാക്കും.
രോഗാണുക്കളും മറ്റും നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്നത്  ബാഹ്യമായ കണ്ണുകള്‍കൊണ്ട് കാണുവാന്‍ കഴിയാറില്ല.   ദുര്‍ഗന്ധം വമിക്കുന്ന  സ്ഥലങ്ങളിലെ സാമീപ്യംപോലും നമ്മിലേക്ക് ആ ഗന്ധം ആകീരണം  ചെയ്യുന്നുണ്ടല്ലോ! ഭൗതീകമായ  ഇക്കാര്യങ്ങള്‍പോലെ തന്നെയാണ്  ആത്മീയമായകാര്യങ്ങളും.   മോശയിലൂടെ ദൈവം ഇതു മുന്കൂട്ടി അറിയിച്ചിട്ടുണ്ട്.   അതിന്‍റെ തുടര്‍ച്ചയായി അപ്പസ്തോലന്മാരിലൂടെയും ഇവ വെളിപ്പെടുത്തുന്നു.
ഇത്രമാത്രം ഗൗരവത്തോടെ ഒരുകാര്യം പലവട്ടം  ആവര്‍ത്തിക്കുന്നുവെങ്കില്‍ ഇതിന്‍റെ പ്രാധാന്യം ഊഹിക്കാവുന്നതെയുള്ളൂ. അശുദ്ധവും അവിഹിതവുമായ കൂട്ടുകെട്ടുകളിലൂടെ നാശം നമ്മിലേക്കു വരികയും ദൈവത്തില്‍നിന്നു നാം അകന്നു പോകുകയും ചെയ്യാം. ആത്മീയ മനുഷ്യരുമായുള്ള സമ്പര്‍ക്കത്തിലൂടെ ആത്മീയത നമ്മിലേക്കു ഒഴുകിയെത്തും. ആത്മീയ മനുഷ്യര്‍ ഉപയോഗിച്ച വസ്തുക്കള്‍പോലും അത്മീയത നല്കുന്നുവെങ്കില്‍; അവരുമായുള്ള സമ്പര്‍ക്കം എത്രത്തോളം നന്മയുളവാക്കുമെന്ന് നമുക്കു ചിന്തിക്കാന്‍ കഴിയും.
പലരെയും അവിശ്വാസികളും ദൈവനിഷേധകരും ലോകമനുഷ്യരുമാക്കി  തീര്‍ത്തിട്ടുള്ളത്, ഇത്തരം ആളുകളുമായുള്ള സമ്പര്‍ക്കമാണ്.  കൂട്ടുകെട്ടുകളിലൂടെ   നശിച്ചുപോയവരെ നമുക്കറിയാം. "ആകയാല്‍,നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരികയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു"(2കോറി:6;17)
വിശുദ്ധരായ ദൈവദാസന്മാര്‍ ഉപയോഗിച്ച  വസ്തുക്കളിലൂടെ ദൈവീക ചൈതന്യം പ്രസരിക്കുന്നുവെങ്കില്‍; ദുര്‍മാര്‍ഗികളും  വിഗ്രഹാരാധകരുമായ വ്യക്തികള്‍ ഉപയോഗിച്ച വസ്തുക്കളിലൂടെ എന്തായിരിക്കും കടന്നുവരിക? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും  പുറപ്പെടുവിക്കും!
എന്നാല്‍, തിരുശേഷിപ്പുകളേയും പുണ്ണ്യപ്പെട്ട വ്യക്തികളെയും നാം വിഗ്രഹങ്ങളാക്കി മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. ചിലരെങ്കിലും, ദൈവത്തെക്കാള്‍ ഉപരിയായി ഇവയ്ക്കു പ്രാധാന്യം നല്കുന്നതായി കാണാം. സത്താന്‍ ആരെ വഴിതെറ്റിക്കണമെന്നു നോക്കി `തക്കം` പാര്‍ത്തിരിക്കുകയാണെന്ന് നമുക്കറിയാം. അമിതമായ `ഭക്തിപ്രകടന`ങ്ങളെ ശ്രദ്ധിക്കുക തന്നെവേണം.
തിരുശേഷിപ്പുകളിലൂടെയും ആത്മീയ  മനുഷ്യരിലൂടെയും ദൈവീക ചൈതന്യമാണ് ഒഴുകുന്നത്.  അത് ദൈവത്തിന്‍റെ  പ്രവര്‍ത്തിയായതുകൊണ്ട് നാം ദൈവത്തിലേക്കു വളരാന്‍ ഇവ കാരണമാകണം.    അപ്പസ്തോലന്മാരെ ദേവന്മാരായി ആരാധിക്കാന്‍ ശ്രമിച്ചവര്‍ ആദിമ നൂറ്റാണ്ടില്‍  ഉണ്ടായിരുന്നു.   എന്നാല്‍; ഇവരെ അപ്പസ്തോലന്മാര്‍ തടയുന്നത് ബൈബിളില്‍ കാണാം.   അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ പതിനാലാം അദ്ധ്യായം എട്ടുമുതല്‍  പതിനാറുവരെയുള്ള വചനങ്ങളില്‍ ഈ സംഭവം വിവരിക്കുന്നുണ്ട്.
വിശുദ്ധസ്ഥലങ്ങളും വിശുദ്ധരായ വ്യക്തികളും നമ്മെ ദൈവത്തിലേക്കു  നയിക്കേണ്ടതിനായി, ദൈവം ഒരുക്കിയിരിക്കുന്നതാണ്.  ഈ വ്യക്തികളും സഹചര്യങ്ങളും നമ്മേ  കൂടുതലായി ദൈവത്തിലേക്കടുപ്പിക്കാന്‍ കാരണമാകട്ടെ!
വിശുദ്ധരും വിശുദ്ധരുടെ തിരുശേഷിപ്പുകളും വിഗ്രഹങ്ങളല്ല. എന്നാല്‍, നമ്മുടെ മനോഭാവങ്ങളാണ് അതിനെ വിഗ്രഹങ്ങളാക്കുന്നത്.
രൂപങ്ങളും കുരിശും പ്രതിമകളുമൊക്കെ വിഗ്രഹങ്ങളായി കരുതുകയും, അങ്ങനെ വാദിക്കുകയും ചെയ്യുന്നവരുണ്ട്. അവയെ ആരാധിച്ചാല്‍ തീര്‍ച്ചയായും വിഗ്രഹാരാധന തന്നെയാണ്. മോശ മരുഭൂമിയില്‍ ഉയര്‍ത്തിയ 'പിച്ചള' സര്‍പ്പത്തെ നോക്കിയവര്‍ സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെട്ടു. എന്നാല്‍, അതിനെ വിഗ്രഹമായി ആരാധിക്കുകയായിരുന്നില്ല.മോശ പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയപ്പോള്‍ അതു വിഗ്രഹമായിരുന്നില്ലെങ്കിലും പിന്നീടിത് വിഗ്രഹമായി മാറുന്നത് ബൈബിളില്‍ കാണുന്നുണ്ട്.
മോശ മരുഭൂമിയില്‍ ഉയര്‍ത്തിയ പിച്ചളസര്‍പ്പത്തെ ഇസ്രായേല്‍ജനം കാനാന്‍ ദേശത്തേക്ക് കൊണ്ടുപോന്നിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇസ്രായേലില്‍ ചിലര്‍ അതിനെ ആരാധിക്കാന്‍ തുടങ്ങി. ഹെസക്കിയാ രാജാവിന്‍റെ കാലത്താണ് ഈ വിഗ്രഹത്തെ പിന്നീട് നശിപ്പിച്ചത്. വചനത്തില്‍ ഇങ്ങനെ കാണാം: "മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്‍റെ മുമ്പില്‍ ഇസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു"(2രാജാ:18;4). ഇതില്‍നിന്ന് മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം, ഒരേ വസ്തുതന്നെ അനുഗൃഹവും വിഗ്രഹവുമായി മാറാം എന്നതാണ്! അനേകരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായ അതേ വസ്തുതന്നെ നാശത്തിനും കാരണമായി. വിഗ്രഹമെന്നത് മനോഭാവത്തെ അടിസ്ഥാനമാക്കിയാണു നിശ്ചയിക്കേണ്ടത്.
ദൈവം അനുവദിച്ചിട്ടുള്ള കാര്യങ്ങള്‍പോലും വിഗ്രഹമായി മാറാന്‍ നമ്മുടെ മനോഭാവം കാരണമാകും. എന്തിനുവേണ്ടിയാണോ കര്‍ത്താവ് അനുവദിക്കുന്നത് അതിനപ്പുറം അവയ്ക്ക് നമ്മുടെ ജീവിതത്തില്‍ സ്ഥാനമുണ്ടാകാന്‍ പാടില്ല. ഒരു വ്യക്തിയെയോ സമ്പത്തിനെയോ മറ്റെന്തെങ്കിലും വസ്തുവിനെയോ നമ്മുടെ ജീവിതത്തില്‍ അമിതമായ സ്ഥാനം നല്‍കി പ്രതിഷ്ഠിക്കുന്നത് വിഗ്രഹാരാധനയാണ്!
ഒരു വ്യക്തിയുടെ ചിത്രമോ പ്രതിമയോ ഭവനത്തില്‍ വയ്ക്കുന്നത് ആരാധനയുടെ തലത്തിലേക്ക് മാറുമ്പോഴാണ് വിഗ്രഹമായി മാറുന്നത്! അതിന്‍റെ ഉത്തമ ഉദാഹരണമാണല്ലോ ഈ പിച്ചളസര്‍പ്പം! അതിനെ നിര്‍മ്മിക്കാന്‍ പറഞ്ഞത് കര്‍ത്താവാണ്. അവിടുന്ന്‍ എന്തുകാര്യത്തിനു നിര്‍മ്മിക്കാന്‍ കല്പിച്ചുവോ ആ കാര്യത്തിന് അത് നന്മയായി. അതിനെ ആരാധനയ്ക്കായി ഉപയോഗിച്ചപ്പോള്‍ അത് ദൈവനിന്ദയായി പരിണമിച്ചു. രൂപങ്ങള്‍ ഓര്‍മ്മ നിലനിര്‍ത്തുന്നതിനപ്പുറം ആരാധനയുടെ തലത്തിലേക്ക് ഉയരാതിരിക്കാന്‍ ശ്രദ്ധിക്കുക! വിജാതിയമായ സ്വാധീനം ഉള്ളവര്‍ ഇത്തരം അവസ്ഥകളിലൂടെ വിഗ്രഹാരാധനയില്‍ എത്തിച്ചേര്‍ന്നേക്കാം! ഇക്കാര്യം പ്രത്യേക ശ്രദ്ധിക്കണം.
ദൈവത്തെക്കാളുപരിയായി  എന്തുതന്നെ നമ്മുടെ ജീവിതത്തിലുണ്ടായാലും അവയെല്ലാം വിഗ്രഹങ്ങളാണ്. അപ്പനോ അമ്മയോ  ജീവിതപങ്കാളിയോ മക്കളോ സമ്പത്തോ ഈ ലോകത്തിന്‍റെതായ ഒന്നും വിഗ്രഹങ്ങളാകാതിരിക്കാന്‍  അതീവ ജാഗ്രതയുള്ളവരായിരിക്കാം!

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin