അകലെ നിന്നൊരു പാപ്പാ 7
ഹിക്കേത്തിയര്‍ബക്മന്‍ ലബോറട്ടറിയില്‍ ഹോര്‍ഗെ ജോലി ചെയ്യുന്ന ഭക്ഷ്യ വിഭാഗത്തില്‍ ഒരിക്കലൊരു അബദ്ധമുണ്ടായപ്പോള്‍ അതു ഹോര്‍ഗെയുടെ അശ്രദ്ധമൂലം സംഭവിച്ചതാണെന്നു മേലധികാരി വിലയിരുത്തി. ഹോര്‍ഗെ നിഷേധിച്ചില്ല. അതിന്റെ പേരില്‍ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടിട്ടും പ്രതിഷേധിച്ചില്ല.
ഒരു സഹപ്രവര്‍ത്തകന്‍ ഹോര്‍ഗെയെയും കൂട്ടി കാപ്പി കുടിക്കാന്‍ പോയി. കാപ്പി കുടിച്ചുകൊണ്ടിരിക്കേ സഹപ്രവര്‍ത്തകന്‍ ഹോര്‍ഗെയോടു ചോദിച്ചു: ""താനെന്താ കുറ്റം നിഷേധിക്കാതിരുന്നത്?''
""എന്തിനു നിഷേധിക്കണം?''
""കുറ്റം ചെയ്തതു താനല്ലല്ലോ.''
""ആരുടെയോ കൈയില്‍നിന്നൊരു അബദ്ധം വന്നു. അശ്രദ്ധകൊണ്ടുണ്ടായ അബദ്ധം. അതിനു മേലധികാരികള്‍ ശിക്ഷകൊടുക്കുകതന്നെ ചെയ്യും.''
""അതിനു താനെന്തിനു ശിക്ഷ തലയില്‍ കേറ്റണം?''
""അശ്രദ്ധ കാട്ടിയതു കുടുംബഭാരമുള്ള ആള്‍. ശിക്ഷിക്കപ്പെട്ടാല്‍ ശമ്പളം കുറയുകയും ചിലപ്പോള്‍ ഉദ്യോഗക്കയറ്റം നഷ്ടപ്പെടുകയും ചെയ്യും. ഒരു കുടുംബമാണു ശിക്ഷിക്കപ്പെടുന്നത്. എനിക്കു കുടുംബഭാരമില്ല. ശമ്പളം കുറഞ്ഞാലും ഉദ്യോഗക്കയറ്റം കിട്ടിയില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. തന്നെയല്ല, അയാള്‍ക്കു കുടുംബത്തിലെ എന്തെങ്കിലും പ്രശ്‌നംമൂലമാകാം അശ്രദ്ധ സംഭവിച്ചത്,'' ഹോര്‍ഗെ പറഞ്ഞു.
""അതെ. ഭാര്യയ്ക്ക് അസുഖമായിരുന്നു. ഞാനന്ന് അസ്വസ്ഥനായിരുന്നു. അങ്ങനെ സംഭവിച്ചതാണ്,'' സഹപ്രവര്‍ത്തകന്‍ പറഞ്ഞു.
""അങ്ങനെ എന്തെങ്കിലുമാകുമെന്ന് എനിക്കറിയാമായിരുന്നു.''
""അപ്പോള്‍... ഞാനാണു കുറ്റക്കാരനെന്നു തനിക്കറിയാമായിരുന്നു, അല്ലേ?''
""കുറ്റക്കാരനല്ല. അബദ്ധം പറ്റിയയാള്‍.''
""തന്നെപ്പോലൊരു പരോപകാരി!''
""പരമദ്രോഹിയെന്നും ആളുകള്‍ വിളിച്ചേക്കും. അതിനുള്ള കൈയിലിരിപ്പൊക്കെ എനിക്കുണ്ട്.''
""എന്താണത്?'' സഹപ്രവര്‍ത്തകന്‍ ചോദിച്ചു.
""കടുംപിടിത്തം. കാര്‍ക്കശ്യം.''
""തനിക്കു ഞാനെന്തു പ്രത്യുപകാരമാണു ചെയ്യേണ്ടത്?''
""ചെയ്യണം. ഒരു ഗ്ലാസ് ചുവന്ന വീഞ്ഞ് വാങ്ങിത്തരണം. ദാ, അവിടെയിരിക്കുന്ന ആ വല്യപ്പനും ഒരു ഗ്ലാസ്,'' അടുത്ത മേശയിലെ പാവപ്പെട്ട വൃദ്ധനെ ചൂണ്ടി ഹോര്‍ഗെ പറഞ്ഞു.
മൂന്നു ഗ്ലാസുകളില്‍ അര്‍ജന്റീനക്കാരുടെ ഇഷ്ടപാനീയം എത്തി. മൂന്നു ഹൃദയങ്ങള്‍ പോലെ. മെല്ലെമെല്ലെ അവര്‍ അതു സ്വന്തം നാവുകളില്‍പുരട്ടിക്കൊണ്ടിരുന്നു.
ചുവന്ന വീഞ്ഞുപോലെ അര്‍ജന്റീനക്കാരുടെ പ്രിയ ഭക്ഷണവിഭവമാണു മാട്ടിറച്ചി. അര്‍ജന്റീനയില്‍ ആദ്യം കുടിയേറിയ യൂറോപ്യന്മാര്‍ പലരും കന്നുകാലിവളര്‍ത്തലിലേക്കാണു തിരിഞ്ഞത്. ആയിരക്കണക്കിനു കന്നുകാലികള്‍ക്കു മേഞ്ഞുനടക്കാനാവുന്ന വിസ്തൃതമായ പുല്‍മേടുകള്‍ ആ നാട് പരിഷ്കൃത ലോകത്തിനുവേണ്ടി കരുതിവച്ചിരുന്നു. പരിഷ്കൃതര്‍ക്ക് അപരിഷ്കൃത ജീവിതത്തിനുള്ള സാഹചര്യങ്ങള്‍. പല പ്രദേശങ്ങളും ആദ്യകാലത്തു സര്‍ക്കാര്‍ നിയമങ്ങള്‍ക്കു കൈയെത്താത്തവയായിരുന്നു. അവിടെയൊക്കെ കാടിന്റെ നിയമങ്ങളാണു നിലനിന്നത്. പട്ടണങ്ങളിലെ നിയമങ്ങള്‍ മറ്റു പ്രദേശങ്ങളില്‍ വിലപ്പോയില്ല. കന്നുകാലിവളര്‍ത്തല്‍ റാഞ്ചുകളുടെയും കൗബോയികളുടെയും സമ്പ്രദായത്തിലേക്കു വികസിച്ചപ്പോള്‍ റാഞ്ചുകളില്‍ നിയമമായതു ശരീരത്തിന്റെ കരുത്തും മനസിന്റെ തന്റേടവുമാണ്. അവ കൂടുതലുള്ളവര്‍ അധികാരികളും അവ കുറവായിരുന്നവര്‍ ഭരിക്കപ്പെടുന്നവരും ആയി.
റാഞ്ചുകളിലെ പ്രധാനഭക്ഷണം കന്നുകാലികളുടെ മാംസമായിരുന്നു. അര്‍ജന്റീനയുടെ മറ്റു ഭാഗങ്ങളിലേക്ക് ഭക്ഷണമാകാന്‍ പരുവപ്പെട്ടു കന്നുകാലികള്‍ റാഞ്ചുകളില്‍നിന്നു പൊയ്‌ക്കൊണ്ടുമിരുന്നു. അങ്ങനെ വളര്‍ന്ന മാട്ടിറച്ചി പ്രിയം പിന്നീട് എല്ലാക്കാലത്തും അര്‍ജന്റീനക്കാരില്‍ നിലനിന്നു. പരിഷ്കൃതമായ കുടുംബഭക്ഷണമേശകളിലും റെസ്റ്ററന്റുകളിലും ബീഫിന്റെ വിവിധ വിഭവങ്ങള്‍ കഴിക്കുമ്പോള്‍ അവര്‍ അര്‍ജന്റീനയുടെ പാരമ്പര്യം രുചിക്കുകയായിരുന്നു.
അര്‍ജന്റീനക്കാരനാണെങ്കില്‍ റെഡ് വൈനും ബീഫും കഴിക്കണമെന്നൊരു നാട്ടുനടപ്പുതന്നെ നിലനിന്നിരുന്നതിനാല്‍ ഹോര്‍ഗെ വല്ലപ്പോഴും ആ രുചികള്‍ ആസ്വദിച്ചു. ഭക്ഷണത്തോടു വലിയ പ്രതിപത്തിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനു അമ്മയോടൊപ്പം കൂടി. ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്തശേഷം അതു കഴിക്കാതിരിക്കുകയെന്നതും ഹോര്‍ഗെയ്ക്ക് ഇഷ്ടപ്പെട്ട കാര്യമായിരുന്നു. അങ്ങനെ അസീസിയിലെ ഫ്രാന്‍സിസിനെ ത്യാഗത്തില്‍ വിദൂരമായെങ്കിലും അനുകരിക്കാന്‍ കഴിയുന്നതില്‍ ഹോര്‍ഗെ രഹസ്യമായി സന്തോഷിച്ചു.
ഫുട്‌ബോളിനോടും ടാംഗോയോടുമുള്ള തന്റെ അഭിനിവേശം നിയന്ത്രിക്കാന്‍ ഹോര്‍ഗെ ശ്രമിച്ചുകൊണ്ടിരുന്നു. ഫ്‌ളോറസിന്റെ മുഴുവന്‍ ആവേശമുണര്‍ത്തിയ ചില ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഹോര്‍ഗെ എത്താതിരുന്നതു കൂട്ടുകാരുടെ ആവേശത്തെ നനച്ചു കളഞ്ഞു. ടാംഗോ നൃത്തങ്ങള്‍ക്കും ഹോര്‍ഗെ എത്തുന്നതു ചുരുക്കമായി. എന്നാല്‍, ടാംഗോ സംഗീതത്തില്‍ ഹോര്‍ഗെയ്ക്ക് അഭിനിവേശം കുറഞ്ഞില്ല. അര്‍ജന്റീനയുടെയും ഉറുഗ്വേയുടെയും പാരമ്പര്യസംഗീതമായ മിലോംഗയും ഹോര്‍ഗെയ്ക്കു പ്രിയമായിരുന്നു.
അങ്ങനെയിരിക്കേ ഹോര്‍ഗെയ്ക്കു പനിയും ചുമയും പിടിപെട്ടു. പുലര്‍കാലത്തെ മഞ്ഞിലൂടെയുള്ള യാത്രയാകാം കാരണം. ആദ്യമൊന്നും അസുഖം കാര്യമാക്കിയില്ല. എന്നാല്‍, പെട്ടെന്നു രോഗം കലശലായി.
കടുത്ത ന്യൂമോണിയയാണെന്നു ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചു. അതിനുള്ള മരുന്നുകള്‍ നല്‍കിയിട്ടും രോഗത്തിനു കുറവുണ്ടായില്ല. ശ്വാസോച്ഛ്വാസം വളരെ ആയാസകരമായി.
താന്‍ ജീവിതത്തിന്റെ അവസാനത്തിലേക്ക് ഒഴുകിപ്പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നു ഹോര്‍ഗെയ്ക്കു തോന്നി. എല്ലാ ജീവിതങ്ങളും ഒഴുകുന്നതു മരണത്തിലേക്കാണ്. സാധാരണവേഗത്തില്‍ ഒഴുകുമ്പോള്‍ ഒഴുകുന്നതായി തോന്നുകയേ ഇല്ല. ഒഴുക്കിന്റെ വേഗം വര്‍ധിക്കുമ്പോഴാണ് ഒഴുക്കിനെക്കുറിച്ചുള്ള അവബോധം ഉണരുന്നത്. ഇപ്പോള്‍ തന്റെ ഒഴുക്ക് അതിവേഗത്തിലാണ്. മലയിറങ്ങുന്ന അരുവിയുടേതുപോലെ. അന്ത്യത്തിലേക്കുള്ള വീഴ്ച ഇനി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.
ജീവിതത്തെക്കുറിച്ചു മനസില്‍ വരച്ചുകൊണ്ടിരുന്ന ഒരു ചിത്രമുണ്ട്. ഇനി അതിനൊരു പ്രസക്തിയുമില്ല. വാസ്തവത്തില്‍, താനെന്തിനു ചിത്രം വരച്ചു? പൂവ് എന്തെന്നറിയാത്തവന്‍ പൂവിന്റെ ചിത്രം വരയ്ക്കുന്നതുപോലെയല്ലേ താന്‍ ചെയ്തത്? ഒരു ഇതള്‍ കാണുമ്പോഴേക്കും ഒരു പൂവിനെ കാണുന്നതായി ഭാവിക്കുന്നു, പൂവിന്റെ ചിത്രം വരയ്ക്കാന്‍ ഉദ്യമിക്കുന്നു. ആ ചിത്രത്തെക്കുറിച്ച് അഭിമാനിക്കുന്നു. അതു മനസില്‍വച്ചു ജീവിക്കുന്നു. ചിത്രം തീര്‍ത്തും അപൂര്‍ണമാണെന്നതു മാത്രമല്ല, പൂവിന്റെ സുഗന്ധം വരയ്ക്കാന്‍ തനിക്കൊരിക്കലും ആവില്ല എന്നുപോലും തിരിച്ചറിയുന്നില്ല.
ഡോക്ടര്‍മാര്‍ ഹോര്‍ഗെയെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനാക്കി. വലത്തേ ശ്വാസകോശത്തില്‍ പല സിസ്റ്റുകള്‍ ഉള്ളതായി അവര്‍ കണ്ടു. ശസ്ത്രക്രിയ ചെയ്യുകയേ നിര്‍വാഹമുള്ളൂ. വലത്തേ ശ്വാസകോശത്തിന്റെ സിംഹഭാഗവും മുറിച്ചു നീക്കേണ്ടിവന്നേക്കും.
മാരിയോ ബെര്‍ഗോളിയോയ്ക്കും റെജീനയ്ക്കും പരിഭ്രമമായി. ശ്വാസകോശത്തിന്റെ ഏറിയ പങ്കും മുറിച്ചുകളയുക എന്നുവച്ചാല്‍? ആ ശസ്ത്രക്രിയയെ തങ്ങളുടെ മകന്‍ അതിജീവിക്കുമോ? പക്ഷേ ശസ്ത്രക്രിയ മാത്രമേ മാര്‍ഗമുള്ളുവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ വിജയകരമായിരിക്കുമെന്ന് അവര്‍ ഉറപ്പു പറയുന്നതുമില്ല. ഒരു ശ്വാസകോശവുമായി എങ്ങനെ, എത്രനാള്‍ ജീവിക്കും?
പക്ഷേ, ശസ്ത്രക്രിയ നടക്കട്ടെയെന്നു ഹോര്‍ഗെ തീരുമാനിച്ചു. താന്‍ ജീവിക്കണോ മരിക്കണോയെന്നു ദൈവം തീരുമാനിക്കട്ടെ.
ശസ്ത്രക്രിയ നടന്നു. ശ്വാസകോശങ്ങളിലൊന്നിന്റെ മുക്കാല്‍ പങ്കും ഹോര്‍ഗെയോടു വിട പറഞ്ഞു.
ഇനി ഹോര്‍ഗെ ജീവിക്കുമോയെന്നതുകണ്ടറിയുക മാത്രം. കുറെ മരുന്നുകള്‍ നിശ്ചയിക്കുകയും ഹോര്‍ഗെയുടെ ശരീരത്തിലും അതിനു ചുറ്റുമായും കുറെ ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തശേഷം ഡോക്ടര്‍മാര്‍ സ്ഥലംവിട്ടു.
മനുഷ്യനും അവന്റെ ശാസ്ത്രങ്ങളും സാങ്കേതിക വിദ്യകളും ഒരതിര്‍ത്തിരേഖവരെ മാത്രം പോകുന്നു. പിന്നെയെല്ലാം ചെയ്യുന്നതു ദൈവമാണ്.
അപ്പോള്‍, രസതന്ത്രത്തെയും ഊര്‍ജതന്ത്രത്തെയും മറ്റെല്ലാ ശാസ്ത്രങ്ങളെയുംകാള്‍ വലിയ ശാസ്ത്രം ദൈവശാസ്ത്രമാണെന്നു വരുന്നു.
ഹോര്‍ഗെയുടെ സഹോദരങ്ങളും മാതാപിതാക്കളും ആ മെലിഞ്ഞ നെഞ്ച് ഉയരുകയും താഴുകയും ചെയ്യുന്നതു നോക്കി ഇരുന്നു. അതിന്റെ താളത്തില്‍ എന്തെങ്കിലും മാറ്റം തോന്നിയാല്‍ അവര്‍ക്കു ഭയമാകും.
സന്ദര്‍ശകരില്‍ പലരും ഹോര്‍ഗെയെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു. രോഗം മാറുമെന്നും ഇപ്പോള്‍ സ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണെ്ടന്നും ദിവസങ്ങള്‍ക്കുള്ളില്‍ ഫുട്‌ബോള്‍കളി പുനരാരംഭിക്കാമെന്നുമൊക്കെ അവര്‍ പറഞ്ഞപ്പോള്‍ ഹോര്‍ഗെയ്ക്ക് അസ്വസ്ഥതയാണു തോന്നിയത്. എന്നാല്‍, ഒരു കന്യാസ്ത്രീ ഹോര്‍ഗെയോടു പറഞ്ഞത്, ""നീയിപ്പോള്‍ വേദനയിലൂടെ യേശുവിനെ അനുകരിക്കുകയാണ്'' എന്നാണ്. അതു കേട്ടപ്പോള്‍ ഹോര്‍ഗെയ്ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അല്ല, ആനന്ദം.
അതോടെ ഹോര്‍ഗെയുടെ ശാരീരിക സ്ഥിതിയില്‍ മാറ്റം കണ്ടു.
ദൈവം നിശ്ചയിച്ചതു ഹോര്‍ഗെ ജീവിക്കണമെന്നാണ്. നെഞ്ച് അതിന്റെ ക്രമത്തിലേക്ക്, താളത്തിലേക്ക്, വന്നു. എന്തൊരാശ്വാസം! എന്തൊരു സുഖം!
അസുഖം മാറിക്കിട്ടുന്നതാണ് ഏറ്റവും വലിയ സുഖം.
ഒരു ശ്വാസകോശം കൊണ്ടു ഹോര്‍ഗെയ്ക്ക് ഈ ലോകത്തില്‍ പിടിച്ചുനില്‍ക്കാം.
കൂട്ടുകാര്‍ ചോദിച്ചു: ""ഇപ്പോള്‍ എങ്ങനെയുണ്ട?'' ""ഇത്രയും കാലം രണ്ടു ചക്രമുള്ള സൈക്കിള്‍ ചവിട്ടി. ഇനി ഒറ്റച്ചക്രവണ്ടി ചവിട്ടി നോക്കാം. ഇതു ധാരാളമെന്നു തോന്നുന്നു,'' ഹോര്‍ഗെ പറഞ്ഞു.
ഡോക്ടര്‍മാര്‍ മുന്നറിയിപ്പു കൊടുത്തു, സൂക്ഷിക്കണം. ആകെയുള്ള ഒരു ശ്വാസകോശത്തിന് ഒരസുഖവും ബാധിക്കാതെ നോക്കണം.
ജോണ്‍ ആന്റണി
deepikaglobal.com
പണമില്ല ഗാ൪ലാഡ് പളളിക്ക് പണമില്ല എന്നുപറയുന്നത് വലിയ കളളം.
ReplyDeleteപെട്ടന്ന് ഇന്ന് പൊതുയോഗം വിളിച്ചുകൂട്ടി, അയല്‍വക്കത്തേ സ്ഥലം, 2 ഏക്കറും 37 സെ൯റ് വാങ്ങിച്ചു.അതും വാങ്ങിച്ചത് ഒരു ലക്ഷത്തിഎഴുപത്തയ്യായിരം ഡോളറിന് കൈപറ്റി.
അബത്തിഅയ്യായിരത്തിന് വാങ്ങാ൯പോയത് ക്ലാവ൪കാ൪ അട്ടിമറിച്ചതി൯റെ പേരില്‍, കിട്ടാതേ പോയി. ഇന്ന് അത് പൊന്നി൯റെ വിലകൊടുത്ത് വാങ്ങിയെന്നാണ് പൊതുയോഗത്തിലിരുന്ന വിശ്വാസിയുടെ കൈയില്‍ നിന്ന് കിട്ടിയ വിവരം.