Wednesday, 30 October 2013

ഞെട്ടിക്കുന്ന മാര്‍പാപ്പ

ഞെട്ടിക്കുന്ന മാര്‍പാപ്പ
Posted on: 24 Oct 2013

കെ.കെ. ബാലരാമന്‍


ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ 'ല റിപ്പബ്ലിക്ക'യുടെ സ്ഥാപക പത്രാധിപര്‍ യുജീനിയോ സ്‌കാലഫാരിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തില്‍ നിന്ന് കുറേ ചോദ്യോത്തരങ്ങള്‍ . ഒക്ടോബര്‍ 1-ന് 'ല റിപ്പബ്ലിക്ക' പ്രസിദ്ധീകരിച്ചത്.


സ്വന്തംപേരിന്റെ തിരഞ്ഞെടുപ്പുമുതല്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പമാരുടെ സാമ്പ്രദായിക രീതികളില്‍ നിന്ന് ഭിന്നമാണ് അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും. പെസഹാദിനത്തിലെ കാലുകഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുകയും സഭയുടെ അനുശാസനങ്ങളോട് അമിതവിധേയത്വം കാട്ടേണ്ടെന്ന് പ്രസ്താവിക്കുകയും സ്വവര്‍ഗപ്രണയികളെ വിലയിരുത്താനില്ലെന്ന് പറയുകയും ചെയ്ത് യാഥാസ്ഥിതികവാദികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു പാപ്പ. സഭയോടും സഭാമക്കളോടും സംസാരിച്ചിരുന്ന മുന്‍ഗാമികളില്‍ നിന്ന് ഭിന്നമായി പൊതുസമൂഹത്തോട് സംസാരിക്കുന്ന പാപ്പയാണ് ഫ്രാന്‍സിസ്


ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ ചൊവ്വാഴ്ചയാണ് (സപ്തംബര്‍ 24) നടന്നത്. സാന്ത മാര്‍ടയിലെ അദ്ദേഹത്തിന്റെ ഭവനത്തില്‍, ഒരു മേശയും നാലഞ്ച് കസേരകളും ചുവരിലൊരു പെയ്ന്റിങ്ങും ഒഴിച്ചാല്‍ അലങ്കാരങ്ങളൊന്നുമില്ലാത്ത മുറിയില്‍ വെച്ച്. അതിനും മുമ്പേ, ഞാന്‍ മരിക്കുവോളം മറക്കാത്ത ഒരു ഫോണ്‍ വിളിയും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ട് മണിയായിരുന്നു. റിങ് ചെയ്യുന്ന ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്ത് എന്റെ സെക്രട്ടറിയാണ്. വിറയ്ക്കുന്നശബ്ദത്തില്‍ പറഞ്ഞത് - ''മാര്‍പാപ്പയാണ് ഫോണില്‍, ഞാന്‍ നേരേ കണക്ട് ചെയ്യാം.''

''ഹലോ, ഇത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.'' ലൈനിന്റെ മറുതലയ്ക്കല്‍ പരിശുദ്ധ പിതാവിന്റെ ശബ്ദം ഇങ്ങനെ പറയുമ്പോഴും എന്റെ ഞെട്ടല്‍ വിട്ടുമാറിയിരുന്നില്ല- ''അങ്ങ് എന്നെ വിളിക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാലുള്ള ഞെട്ടലിലാണ് ഞാന്‍.''
''അതെന്താണ് അത്ഭുതപ്പെട്ടത്? എന്നെ നേരില്‍ കാണണമെന്നുണ്ടെന്ന് എഴുത്തയച്ചതല്ലേ? എനിക്കും അതേ ആഗ്രഹമുണ്ട്. സമയം നിശ്ചയിക്കാന്‍ വേണ്ടി വിളിച്ചതാണ്. ഞാന്‍ ഡയറി ഒന്ന് നോക്കിക്കോട്ടെ. ബുധനാഴ്ച പറ്റില്ല, തിങ്കളാഴ്ചയും. ചൊവ്വാഴ്ച താങ്കള്‍ക്ക് സൗകര്യമാവുമോ?''
''സൗകര്യമാണ് പിതാവേ''
ഈ സംഭാഷണം എങ്ങനെ അവസാനിപ്പിക്കണമെന്ന് എനിക്കറിയില്ല, ഞാന്‍ ചോദിക്കുന്നു- ''ഈ ഫോണിലൂടെ എനിക്ക് അങ്ങയെ ആലിംഗനം ചെയ്യാമോ?''
''തീര്‍ച്ചയായും. എന്റെ വകയും ഒരു ആശ്ലേഷം. അത് പിന്നീട് നേരിട്ടും തരാം.''

ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ 'ല റിപ്പബ്ലിക്ക'യുടെ സ്ഥാപക പത്രാധിപര്‍ യുജീനിയോ സ്‌കാലഫാരിയാണ് ഇതെഴുതിയത്. പത്രം ഇടതുപക്ഷത്താണ്. പത്രാധിപര്‍ ദൈവവിശ്വാസിയല്ലാത്ത സോഷ്യലിസ്റ്റും. ലോകത്തില്‍ ഏറ്റവും അനുയായികളുള്ള മതത്തിന്റെ മേധാവിയുമായി അദ്ദേഹം നടത്തിയ അഭിമുഖം അതുകൊണ്ടുതന്നെ കൗതുകകരവുമാണ്.

മാര്‍പാപ്പ നേരിട്ട് ഫോണില്‍ വിളിച്ചതിന്റെ ഞെട്ടല്‍ മാറാതെ അദ്ദേഹത്തെ കാണാന്‍പോയ സ്‌കാലഫാരിയെ കൂടുതല്‍ ഞെട്ടലുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മാര്‍പാപ്പ നല്‍കിയ മറുപടികള്‍ റോമന്‍ കത്തോലിക്ക സഭയെപ്പറ്റി പതിവ് ധാരണകളുള്ള ആരെയും ഞെട്ടിക്കും.

ഉദാഹരണത്തിന് ഇന്റര്‍വ്യൂ തുടങ്ങും മുമ്പേ സ്‌കാലഫാരി പറഞ്ഞ തമാശയ്ക്ക് മാര്‍പാപ്പ നല്‍കിയ ഉത്തരം തന്നെ. മാര്‍പാപ്പ തന്നെ പരിവര്‍ത്തനപ്പെടുത്തിയേക്കും എന്ന് സുഹൃത്തുക്കള്‍ പറഞ്ഞെന്നറിയിച്ചയുടന്‍ സ്‌കാലഫാരിയോട് പരിശുദ്ധ പിതാവ് പറഞ്ഞു - ''മതപരിവര്‍ത്തനം എന്നത് ഭക്തിയോടെ ചെയ്യുന്ന അസംബന്ധമാണ്. നാം പരസ്​പരം അറിയുകയും കേള്‍ക്കുകയും ചുറ്റുമുള്ള ലോകത്തെ പ്പറ്റിയുള്ള അവബോധം വര്‍ധിപ്പിക്കുകയുമാണ് വേണ്ടത്. അടുക്കുകയും അകലുകയും ചെയ്യുന്ന പാതകള്‍ പരസ്​പരം വിച്ഛേദിക്കുന്നതാണ് ലോകം. പക്ഷേ, പ്രധാനകാര്യം അവയെല്ലാം നന്മയിലേക്കാണ് നയിക്കുന്നതെന്നതാണ്.''

സഭ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളെന്താണെന്ന ചോദ്യത്തിന് പാപ്പ നല്‍കിയ ഉത്തരത്തിന്റെ കാര്യവും വിഭിന്നമല്ല.

''ഇന്ന് ലോകത്തിനുമുന്നിലെ ഏറ്റവും വലിയ തിന്മകള്‍ യുവാക്കളുടെ തൊഴിലില്ലായ്മയും വൃദ്ധരുടെ ഏകാന്തതയുമാണ്. വൃദ്ധര്‍ക്ക് പരിചരണവും കൂട്ടും വേണം; യുവാക്കള്‍ക്ക് ജോലിയും പ്രത്യാശയും. പക്ഷേ, അവര്‍ക്ക് ഇതൊന്നുമില്ല... വര്‍ത്തമാനകാലത്തിന്റെ ഭാരങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞുകൊണ്ട് നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമോ? ഭൂതകാലത്തിന്റെ സ്മരണകളോ, എന്തെങ്കിലും സൃഷ്ടിച്ചുകൊണ്ട് ഭാവിയിലേക്ക് നോക്കാന്‍ മോഹമോ ഇല്ലാതെ, കുടുംബമില്ലാതെ?...ഇതാണ്, എന്റെ കണ്ണില്‍ സഭ നേരിടുന്ന ഏറ്റവും അടിയന്തരമായ പ്രശ്‌നം''- ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

മാര്‍പാപ്പയും അവിശ്വാസിയും - ചോദ്യോത്തരങ്ങളില്‍ നിന്ന്


ആത്മജ്ഞാനികളില്ലാത്ത മതം വെറും തത്ത്വശാസ്ത്രമാണ്


സഭയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്യും. സഭതന്നെ സ്ത്രീയാണെന്ന് ഓര്‍ക്കണം...

പരിശുദ്ധപിതാവേ, അത് രാജ്യങ്ങളും സര്‍ക്കാറുകളും രാഷ്ട്രീയകക്ഷികളും കൈകാര്യം ചെയ്യേണ്ട രാഷ്ട്രീയ, ധനകാര്യ പ്രശ്‌നമല്ലേ?

അതെ, താങ്കള്‍ പറഞ്ഞത് ശരിയാണ്, പക്ഷേ, അത് സഭയുടെയും പ്രശ്‌നമാണ്, പ്രത്യേകിച്ചും സഭയുടെ കാരണം, ഈ അവസ്ഥ ശരീരങ്ങളെ മാത്രമല്ല ആത്മാക്കളെയും ബാധിക്കും. ശരീരത്തിന്റെയും ആത്മാവിന്റെയും കാര്യത്തില്‍ സഭയ്ക്ക് ഉത്തരവാദിത്വം തോന്നണം.

സഭയ്ക്ക് ഉത്തരവാദിത്വം തോന്നണം എന്ന് പറയുമ്പോള്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ സഭയ്ക്ക് ഉത്തരവാദിത്വം തോന്നുന്നില്ല എന്നാണോ മനസ്സിലാക്കേണ്ടത്? അങ്ങ് അതിനെ ആ വഴിക്ക് നയിക്കുമെന്നും?

വലിയൊളരവുവരെ അവബോധമുണ്ട്, പക്ഷേ, അത് പോരാ. അത് കൂടുതല്‍ വേണമെന്നാണ് എനിക്ക് തോന്നുന്നത്. ഇത് മാത്രമല്ല നാം നേരിടുന്ന പ്രശ്‌നം, പക്ഷേ, അതാണ് ഏറ്റവും അടിയന്തരവും നാടകീയവുമായ പ്രശ്‌നം.

അങ്ങ് എനിക്കെഴുതിയ കത്തില്‍ അത് പറഞ്ഞിട്ടുണ്ട്. മനഃസാക്ഷിക്ക് സ്വയംഭരണമുണ്ടെന്നും നാമോരോരുത്തരും സ്വന്തം മനഃസാക്ഷിയെ അനുസരിക്കണമെന്നും. ഒരു മാര്‍പാപ്പ പറയുന്ന ഏറ്റവും ധീരമായ കാര്യമാണിതെന്നാണ് എനിക്ക് തോന്നിയത്.

ഞാനത് വീണ്ടും ആവര്‍ത്തിക്കാം. ഓരോരുത്തര്‍ക്കും എന്താണ് നന്മയും തിന്മയുമെന്ന് സ്വന്തമായ ആശയങ്ങളുണ്ട്. അയാള്‍ ധരിക്കുന്ന രീതിയില്‍ ആ നന്മയെ അനുഗമിക്കാനും തിന്മയോട് പൊരുതാനും സ്വയം തീരുമാനിക്കണം. അത്രയുംമതി ഈ ലോകം ഒരു നല്ല സ്ഥലമായി മാറാന്‍.

സഭ അത് ചെയ്യുന്നുണ്ടോ?

ഉണ്ട്. അതാണ് ഞങ്ങളുടെ ദൗത്യത്തിന്റെ ഉദ്ദേശ്യം, ജനങ്ങളുടെ പ്രസക്തവും അപ്രസക്തവുമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഞങ്ങള്‍ക്കാവും വിധം അത് നേടിക്കൊടുക്കുക. ക്രിസ്തീയസ്‌നേഹം എന്നാല്‍, എന്താണെന്ന് താങ്കള്‍ക്കറിയുമോ?

ഉവ്വ്, എനിക്കറിയാം.

നമ്മുടെ കര്‍ത്താവ് പ്രബോധിപ്പിച്ചതുപോലെ അത് അന്യനോടുള്ള സ്‌നേഹമാണ്. അത് മതപരിവര്‍ത്തനമല്ല, അത് സ്‌നേഹമാണ്. സ്വന്തം അയല്‍ക്കാരനോടുള്ള സ്‌നേഹം, പൊതുനന്മയ്ക്ക് രുചിപകരുന്ന കാര്യമാണത്.

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.

കൃത്യമായും അതുതന്നെ.

അന്യനോടുള്ള സ്‌നേഹം തന്നോടുള്ള സ്‌നേഹം പോലെയാണെന്ന് യേശു പറഞ്ഞു. പക്ഷേ, ആത്മസ്‌നേഹം (നാര്‍സിസിസം) പരസ്‌നേഹം പോലെ സാധുവാണെന്നും നല്ലതാണെന്നും സ്ഥാപിച്ചു ചിലര്‍.

ആത്മസ്‌നേഹം, ആ വാക്ക് എനിക്ക് ഇഷ്ടമല്ല. അത് തന്നോട് തന്നെയുള്ള അമിതമായ സ്‌നേഹമാണ്. അത് നല്ലതല്ല, അത് ബാധിച്ചവരുടെ ആത്മാവിനുമാത്രമല്ല, അവരുമായി ബന്ധമുള്ളവര്‍ക്കും അവര്‍ ജീവിക്കുന്ന സമൂഹത്തിനും ഗുരുതരമായ ഹാനികള്‍ വരുത്തും. ഈ മാനസികവൈകല്യം ബാധിച്ചവര്‍ മിക്കവരും ധാരാളം അധികാരമുള്ളവര്‍ ആണെന്നതാണ് യഥാര്‍ഥപ്രശ്‌നം. പലപ്പോഴും മേലാളന്മാരാണ് ആത്മസ്‌നേഹികള്‍.

ല സഭാമേലാളന്മാരും അങ്ങനെയായിരുന്നു.

ഞാനിതിനെപ്പറ്റി എന്താണ് കരുതുന്നതെന്നറിയുമോ? സ്വന്തം രാജസഭാംഗങ്ങളുടെ മുഖസ്തുതി കേട്ട് കോരിത്തരിക്കുന്ന നാര്‍സിസിസ്റ്റുകളായിരുന്നു പലപ്പോഴും സഭാധ്യക്ഷന്മാര്‍. ഈ രാജധാനി പാപ്പാ ഭരണ സംവിധാനത്തിന്റെ കുഷ്ഠരോഗമാണ്.

ചെറുപ്പത്തില്‍ത്തന്നെ അങ്ങേക്ക് സ്വന്തം നിയോഗം മനസ്സിലായിരുന്നുവോ?

ഇല്ല, വളരെ ചെറുപ്പത്തിലില്ല. എന്റെ കുടുംബത്തിന്റെ ആഗ്രഹം ഞാന്‍ മറ്റെന്തെങ്കിലും പ്രൊഫഷന്‍ തിരഞ്ഞെടുത്ത് ജോലിചെയ്ത് പണം സമ്പാദിക്കണമെന്നായിരുന്നു. ഞാന്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ എനിക്ക് ഏറെ ബഹുമാനവും ക്രമേണ സൗഹൃദവും തോന്നിയ ഒരു അധ്യാപികയുണ്ടായിരുന്നു. അവര്‍ ഒരു തീവ്ര കമ്യൂണിസ്റ്റുമായിരുന്നു. അവര്‍ എനിക്ക് പലപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുസ്തകങ്ങള്‍ വായിക്കാന്‍ തരുമായിരുന്നു. പില്‍ക്കാലത്ത് അര്‍ജന്റീനയിലെ സ്വേച്ഛാധിപത്യഭരണകൂടം അവരെ അറസ്റ്റ് ചെയ്ത് ഭേദ്യംചെയ്യുകയും വധിക്കുകയും ചെയ്തു.

കമ്യൂണിസം താങ്കളെ ആകര്‍ഷിച്ചോ?

അതിന്റെ ഭൗതികവാദത്തിന് എന്റെമേല്‍ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല. പക്ഷേ, സത്യസന്ധതയും ധീരതയുമുള്ള വ്യക്തിയില്‍ നിന്ന് അതേപ്പറ്റി പഠിച്ചു എന്നത് വളരെ ഗുണകരമായിരുന്നു. അതിലെ സാമൂഹികമായ ചില വശങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. പില്‍ക്കാലത്ത് അത് സഭയുടെ സാമൂഹിക പ്രത്യയശാസ്ത്രത്തിലും ഞാന്‍ കണ്ടെത്തി.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തള്ളിപ്പറഞ്ഞ വിമോചനദൈവശാസ്ത്രം ലാറ്റിന്‍ അമേരിക്കയില്‍ വ്യാപകമായിരുന്നു.

അതെ, അതിലെ പല അംഗങ്ങളും അര്‍ജന്റീനക്കാരായിരുന്നു.

മാര്‍പാപ്പ അവര്‍ക്കെതിരെ പൊരുതിയത് ശരിയാണെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ?

അവരുടെ പ്രത്യയശാസ്ത്രത്തിന് അത് രാഷ്ട്രീയനിറം നല്‍കി. എങ്കിലും അവരില്‍ പലരും മാനവികതയെപ്പറ്റി ഉയര്‍ന്ന ധാരണകളുള്ള വിശ്വാസികളായിരുന്നു.

ആത്മജ്ഞാനികള്‍ സഭയുടെ കാര്യത്തില്‍ പ്രധാനമാണെന്ന് അങ്ങ് കരുതുന്നുണ്ടോ?

അത് മുഖ്യമാണ് - ആത്മജ്ഞാനികളില്ലാത്ത മതം വെറും തത്ത്വശാസ്ത്രമാണ്

അങ്ങേക്ക് ആത്മജ്ഞാനത്തിന്റെ നിയോഗമുണ്ടോ?

എന്ത് തോന്നുന്നു?

ഇല്ല, എനിക്കങ്ങനെ തോന്നുന്നില്ല.

താങ്കള്‍ ശരിയായിരിക്കാം. എനിക്ക് ആത്മജ്ഞാനികളോട് സ്‌നേഹമാണ്. സ്വന്തം ജീവിതത്തില്‍ വി. ഫ്രാന്‍സിസും അതായിരുന്നു. പക്ഷേ, എനിക്ക് ആ നിയോഗമുണ്ടെന്ന് തോന്നുന്നില്ല. നാം ആ പദത്തിന്റെ ആഴത്തിലുള്ള അര്‍ഥം അറിയണം. ആത്മജ്ഞാനി കര്‍മങ്ങളും വസ്തുതകളും ലക്ഷ്യങ്ങളും ഇടവകയിലെ ദൗത്യംപോലും അഴിച്ചെറിയണം എന്നിട്ട് പരമപദവുമായി ഐക്യപ്പെടുന്നത് വരെ ഉയരണം. കുറച്ചുനിമിഷങ്ങളേ ഉണ്ടാവൂ അത്. എങ്കിലും ഒരായുഷ്‌കാലം നിറഞ്ഞുനില്‍ക്കും.

എന്നെങ്കിലും അങ്ങേക്ക് അത് അനുഭവപ്പെട്ടിട്ടുണ്ടോ?

അപൂര്‍വമായി. ഉദാഹരണത്തിന് കോണ്‍ക്ലേവ് എന്നെ മാര്‍പാപ്പയായി തിരഞ്ഞെടുത്തപ്പോള്‍. അത് സ്വീകരിക്കുന്നതിന് മുമ്പ് അല്‍പ്പനേരം ഒരു മുറിയില്‍ ഏകനായി ഇരിക്കാന്‍ ഞാന്‍ അനുവാദം ചോദിച്ചു. എന്റെ തല മുഴുവന്‍ ശൂന്യമായിരുന്നു. എനിക്കാണെങ്കില്‍ എന്തെന്നില്ലാത്ത ആശങ്കയും. ഞാന്‍ കണ്ണുകളടച്ച് ഉള്ളിലുള്ള എല്ലാ ചിന്തകളെയും ഇല്ലാതാക്കി, ആ സ്ഥാനം തിരസ്‌കരിക്കുന്നതിനെപ്പറ്റിയുള്ള ചിന്ത പോലും. എനിക്ക് ആശങ്കകളും വികാരങ്ങളും ഒന്നും ഇല്ലാതായി. ആ നിമിഷം വലിയൊരു പ്രകാശം എന്റെ ഉള്ളില്‍ നിറഞ്ഞു. അതൊരു നിമിഷമേ ഉണ്ടായുള്ളൂ. പക്ഷേ, എനിക്കത് വളരെ നേരം നീണ്ടതായി തോന്നി. അത് മങ്ങിയപ്പോള്‍ ഞാന്‍ എഴുന്നേറ്റ് കര്‍ദിനാള്‍മാര്‍ കാത്തിരിക്കുന്ന മുറിയിലേക്ക് പോയി. അവിടെ മേശപ്പുറത്ത് ഞാന്‍ സ്വീകരിക്കാനുള്ള ഉത്തരവുണ്ടായിരുന്നു. ഞാനതില്‍ ഒപ്പിട്ടു.

അങ്ങേക്ക് എപ്പോഴെങ്കിലും ദൈവാനുഗ്രഹത്തിന്റെ അനുഭവം ഉണ്ടായിട്ടുണ്ടോ?

അത് ആരും അറിയില്ല. അനുഗ്രഹം ബോധത്തിന്റെ ഭാഗമല്ല. അത് നമ്മുടെ ആത്മാവിലുള്ള വെളിച്ചത്തിന്റെ അളവാണ്. അത് അറിവും യുക്തിയും അല്ല. താങ്കള്‍ക്ക് പോലും അനുഗ്രഹത്തിന്റെ സ്​പര്‍ശമുണ്ടാകാം.

അവിശ്വാസിയായ എനിക്കോ?

അനുഗ്രഹം ആത്മാവിന്റെ കാര്യമാണ്.

ഞാന്‍ ആത്മാവ് ഉള്ളതായി വിശ്വസിക്കുന്നില്ല.

താങ്കള്‍ വിശ്വസിക്കേണ്ട, പക്ഷേ, താങ്കള്‍ക്കും അതുണ്ട്.

പരിശുദ്ധ പിതാവേ, എന്നെ പരിവര്‍ത്തനം ചെയ്യാന്‍ അങ്ങേക്ക് ഉദ്ദേശ്യമില്ലെന്ന് പറഞ്ഞു, ശ്രമിച്ചാലും അങ്ങ് വിജയിക്കും എന്നെനിക്ക് തോന്നുന്നില്ല.

അത് നമുക്ക് അറിയില്ല. എന്നാലും എനിക്ക് ആ ഉദ്ദേശ്യമില്ല.

നിങ്ങള്‍ ക്രിസ്ത്യാനികള്‍ ഇന്ന് ഒരു ന്യൂനപക്ഷമാണ്. മാര്‍പാപ്പയുടെ വീട്ടുമുറ്റമായി അറിയപ്പെടുന്ന ഇറ്റലിയില്‍ പോലും. ചില സര്‍വേകള്‍ അനുസരിച്ച്, പള്ളിയില്‍ പോകുന്ന കത്തോലിക്കരുടെ എണ്ണം 15 ശതമാനത്തിലും താഴെയാണ്.

ഞങ്ങള്‍ എന്നും ന്യൂനപക്ഷം ആയിരുന്നു. ഞങ്ങളുടെ ലക്ഷ്യം മതപരിവര്‍ത്തനമല്ല; ജനങ്ങളുടെ മോഹങ്ങള്‍, മോഹഭംഗങ്ങള്‍, നിരാശകള്‍, പ്രത്യാശ എന്തൊക്കെയെന്ന് ശ്രദ്ധിക്കുകയാണ്. യുവാക്കളില്‍ നാം പ്രത്യാശ പുനഃസ്ഥാപിക്കണം, വൃദ്ധരെ സഹായിക്കണം, ഭാവിക്കുവേണ്ടി വാതിലുകള്‍ തുറക്കണം, സ്‌നേഹം പ്രചരിപ്പിക്കണം. പാവപ്പെട്ടവരില്‍ പാവപ്പെട്ടരാകണം, പുറത്താക്കപ്പെട്ടവരെ ഉള്‍ക്കൊള്ളിക്കണം, ശാന്തിക്കു വേണ്ടി ഉദ്‌ബോധനം നടത്തണം.

യേശു ചൂണ്ടിക്കാട്ടിയത് പോലെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കണം. അത് നടക്കുന്നുണ്ടെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ?

നിര്‍ഭാഗ്യവശാല്‍ ഇല്ല. സ്വാര്‍ഥത വളരുകയും അന്യരോടുള്ള സ്‌നേഹം കുറയുകയുമാണ് ചെയ്തത്.

വത്തിക്കാന്റെ ചുവരുകള്‍ക്കുള്ളിലും മൊത്തം സഭയുടെ സ്ഥാപനഘടനയിലും ലൗകികശക്തികളോടുള്ള സ്‌നേഹം ശക്തമാണെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങ് ആഗ്രഹിക്കുന്ന തരം ദരിദ്രമായ, ദൗത്യബോധമുള്ള സഭയെ ആ സ്ഥാപനം കീഴ്‌പ്പെടുത്തി എന്നാണ് എനിക്ക് തോന്നുന്നത്.

സത്യത്തില്‍ അങ്ങനെയാണ് കാര്യങ്ങള്‍. ഈ മേഖലയില്‍ നിങ്ങള്‍ക്ക് മഹാത്ഭുതങ്ങള്‍ കാട്ടാന്‍ കഴിയില്ല. ജീവിച്ചിരുന്ന കാലത്ത് ഫ്രാന്‍സിസ് പോലും തന്റെ വ്യവസ്ഥയുടെ ചട്ടങ്ങള്‍ അംഗീകരിപ്പിക്കാന്‍ വേണ്ടി റോമന്‍ അധികാരശ്രേണിയും മാര്‍പാപ്പയുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയ കാര്യം ഞാന്‍ ഓര്‍മിപ്പിക്കട്ടെ. ഒടുവില്‍ അദ്ദേഹത്തിന് അനുവാദം കിട്ടി, വലിയ മാറ്റം വരുത്തലുകളോടെയും അനുരഞ്ജനങ്ങളോടെയും.

അങ്ങേക്കും അതേ പാത പിന്തുടരേണ്ടി വരുമോ?

ഞാന്‍ അസ്സീസിയിലെ ഫ്രാന്‍സിസല്ല. എനിക്ക് അദ്ദേഹത്തിന്റെ ശക്തിയും മഹത്വവും ഇല്ല. പക്ഷേ, ഞാന്‍ റോമിന്റെ ബിഷപ്പും കത്തോലിക്ക ലോകത്തിന്റെ മാര്‍പാപ്പയുമാണ്. ഞാന്‍ ആദ്യം തീരുമാനിച്ചത് എട്ട് കര്‍ദിനാള്‍മാരടങ്ങുന്ന ഒരു സംഘത്തെ എന്റെ ഉപദേഷ്ടാക്കളായി നിയമിക്കുകയാണ്. രാജസഭാംഗങ്ങളായല്ല, എന്റെ വികാരങ്ങള്‍ പങ്കിടുന്ന വിവേകശാലികളായി.

കുറച്ചുദിവസം മുമ്പ് അങ്ങ് കത്തോലിക്കര്‍ പൗരപ്രശ്‌നങ്ങളും രാഷ്ട്രീയവുമായി ബന്ധം പുലര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചു.

ഞാന്‍ കത്തോലിക്കരോട് മാത്രമല്ല സന്മനോഭാവമുള്ള എല്ലാ മനുഷ്യരോടുമാണ് സംസാരിച്ചത്. പൗരപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമാണ് രാഷ്ട്രീയം. അതിന് മതത്തിന്റേതല്ലാത്ത കര്‍മമേഖലയുമുണ്ട്. രാഷ്ട്രീയസ്ഥാപനങ്ങള്‍ നിര്‍വചനമനുസരിച്ച് മതേതരമാണ്. അവ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമണ്ഡലങ്ങളിലുമാണ്. എന്റെ മുന്‍ഗാമികളെല്ലാം അതുതന്നെയാണ് പറഞ്ഞത്, കുറഞ്ഞത് കുറേ കാലമായിട്ടെങ്കിലും. അതിന്റെ മൂല്യങ്ങളെ ആവിഷ്‌കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യത്തിനപ്പുറത്തേക്ക് സഭ പോകില്ല. കുറഞ്ഞത് ഞാനുള്ള കാലത്തോളമെങ്കിലും.

ഇനി ഞാന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ, ദൈവവിശ്വാസമില്ലാത്ത, മതേതരവാദിയായ താങ്കള്‍ എന്തിലാണ് വിശ്വസിക്കുന്നത്? എഴുത്തുകാരനും ചിന്തിക്കുന്ന മനുഷ്യനുമായ താങ്കള്‍ എന്തിലെങ്കിലും വിശ്വസിക്കുന്നുണ്ടാവണം, പ്രമുഖമായ ഒരു മൂല്യം ഉണ്ടാവണം. സത്യസന്ധത, അന്വേഷണം, പൊതുനന്മ തുടങ്ങിയ വാക്കുകള്‍കൊണ്ട് ഉത്തരം പറയരുത്. ഈ ലോകത്തിന്റെ, അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ തന്നെ സത്ത എന്താണെന്നാണ് താങ്കള്‍ കരുതുന്നത് എന്നാണ് ഞാന്‍ ചോദിക്കുന്നത്. നാം ആരാണ്, എവിടെ നിന്നാണ് വരുന്നത്, എങ്ങോട്ടാണ് പോകുന്നത് എന്നൊക്കെ എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കണം. കുട്ടികള്‍ പോലും അത് സ്വയം ചോദിക്കാറുണ്ട്.

എനിക്ക് ആ ചോദ്യത്തോട് നന്ദിയുണ്ട്. എന്റെ ഉത്തരം ഇതാണ് ഞാന്‍ അസ്തിത്വത്തിലാണ് വിശ്വസിക്കുന്നത്. ആ കോശകലയില്‍ നിന്നാണ് എല്ലാ രൂപങ്ങളും ദേഹങ്ങളും ഉണ്ടാകുന്നത്.

ഞാന്‍ വിശ്വസിക്കുന്നത് ദൈവത്തിലാണ്, കത്തോലിക്കാ ദൈവത്തിലല്ല. അങ്ങനെയൊരു കത്തോലിക്കാ ദൈവമില്ല. ഞാന്‍ യേശുവിലും അദ്ദേഹത്തിന്റെ അവതാരത്തിലും വിശ്വസിക്കുന്നുണ്ട്. യേശു എന്റെ ഗുരുവും ഇടയനുമാണ്. പക്ഷേ, ദൈവം, ആബ, പിതാവ് പ്രകാശവും സൃഷ്ടാവുമാണ്. ഇതാണ് എന്റെ അസ്തിത്വം. നമ്മള്‍ തമ്മില്‍ വളരെ അകലമുണ്ടെന്ന് തോന്നുന്നുണ്ടോ?
ഞങ്ങള്‍ ആലിംഗനം ചെയ്തു. വാതിലിലേക്കുള്ള ചെറുപടികള്‍ കയറി. എന്നെയാത്രയാക്കാന്‍ വരേണ്ടതില്ലെന്ന് ഞാന്‍ പാപ്പയോട് പറഞ്ഞു. പക്ഷേ, പുഞ്ചിരിയോടെ അദ്ദേഹം അത് നിഷേധിച്ചു.

''സഭയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്യും. സഭതന്നെ സ്ത്രീയാണെന്ന് ഓര്‍ക്കണം...''
ഞങ്ങള്‍ ഹസ്തദാനം ചെയ്തു. രണ്ടുവിരലുയര്‍ത്തി എന്നെ അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം നില്‍ക്കുന്നു. ഞാന്‍ കാര്‍ വിന്‍ഡോയിലൂടെ കൈവീശി.

ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭ അദ്ദേഹത്തെപ്പോലെയാവുമെങ്കില്‍, അത് എന്താകണമെന്ന് അദ്ദേഹം ആഗ്രഹിക്കും പോലെയാവുമെങ്കില്‍, അത് ഒരു യുഗസംക്രമമായിരിക്കും.
mathrubhumi.com/online/malayalam/news/story

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin