എഡിറ്റോറിയല്‍
സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടേതായി ഒരു ഇടയലേഖനം ഈയിടെ പള്ളികളില്‍ വായിക്കുകയുണ്ടായി. ഇടയലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയത്തെക്കുറിച്ച് അജഗണങ്ങള്‍ക്കുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള സൗകര്യം നമ്മുടെ സഭയില്‍ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു 'അജഗണലേഖനം' എഴുതാന്‍ മനോവ തയ്യാറാകുന്നത്. മുഖവുരയ്ക്കു കൂടുതല്‍ പ്രാധാന്യം കൊടുക്കാതെതന്നെ വിഷയത്തിലേക്കു പ്രവേശിക്കാം. കത്തോലിക്കാ യുവാക്കളില്‍ ദൈവവിളി കുറയുന്നു എന്നതായിരുന്നു വിഷയം! ഇതിനു കാരണമായി ഇദ്ദേഹം കണ്ടെത്തിയ പ്രധാന വില്ലന്‍ 'സോഷ്യല്‍ മീഡിയകള്‍' ആണ്! വേറെയും ചില വില്ലന്മാരുണ്ടെങ്കിലും ഇവനെക്കുറിച്ചു ചര്‍ച്ചചെയ്യാനാണ് മനോവയ്ക്കു കൂടുതല്‍ താത്പര്യം. കാരണം, ഈ മീഡിയാകളുടെ സൗകര്യം സുവിശേഷത്തിനായി ഉപയോഗിക്കുന്ന അനേകരോടൊപ്പം മനോവയുമുണ്ട്.
ആദ്യമേതന്നെ ഒന്നു ചോദിക്കട്ടെ: യഥാര്‍ത്ഥത്തില്‍ ഈ കാലഘട്ടത്തില്‍ ദൈവവിളി കുറയുകയാണോ കൂടുകയാണോ ചെയ്യുന്നത്? കൂടുന്നുവെന്നാണ് മനോവയുടെ അഭിപ്രായം. പരിശുദ്ധാത്മാവും ഇതുതന്നെയാണ് പറയുന്നത്! കര്‍ദ്ദിനാള്‍ പറയുന്നതാണ് ശരിയെങ്കില്‍, പരിശുദ്ധാത്മാവിനു തെറ്റുപറ്റിയെന്നു പറയേണ്ടിവരും. അതിനേതായാലും മനോവ തയ്യാറല്ല! ആയതിനാല്‍, നമുക്ക് ഇവിടെനിന്നാരംഭിക്കാം.
എന്താണ് ദൈവവിളി?
സഭയിലേക്ക് (ക്രിസ്തീയതയിലേക്ക്) ഒരുവനു ലഭിക്കുന്ന ദൈവത്തില്‍നിന്നുള്ള വിളിയാണ് യഥാര്‍ത്ഥത്തില്‍ ദൈവവിളി. അങ്ങനെയെങ്കില്‍, ഇപ്രകാരമൊരു ചോദ്യമുയരാം: ദൈവത്തില്‍നിന്നുള്ള വിളി ലഭിച്ചരുടെ കൂട്ടമാണോ സഭ? അല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ വചനം നോക്കുക: "എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം"(മത്താ:22;14).യേശുവിന്റെ വാക്കുകളാണ് ഇത്. അതായത്, വിളി ലഭിച്ചവരെല്ലാം തിരഞ്ഞെടുക്കപ്പെടുന്നില്ല; വിളിയോട് അനുകൂലമായി പ്രത്യുത്തരിക്കുന്നവരുടെ സമൂഹമാണ് സഭ എന്നതാണ് കൂടുതല്‍ വ്യക്തമായ ഉത്തരം. എന്നിരുന്നാലും, വിളി ഒരു പ്രധാന ഘടകംതന്നെയാണ്. വിളിക്കപ്പെടാത്തവരായ ആര്‍ക്കും സഭയോടു ചേരാനോ നിത്യജീവന്റെ ഓഹരിക്കാരായി മാറാനോ സാധിക്കുകയില്ല! എന്നാല്‍, വിളിക്കപ്പെടുന്നവരെല്ലാം തിരഞ്ഞെടുക്കപ്പെടണമെന്ന നിര്‍ബന്ധവുമില്ല. ഇവിടെ സ്വാഭാവികമായി ഉയര്‍ന്നുവരാവുന്ന ഒരു ചോദ്യംകൂടിയുണ്ട്; ഒരുവന്‍ നശിച്ചുപോകുന്നുവെങ്കില്‍, അതിന്റെ ഉത്തരവാദി അവനല്ലല്ലോ; മറിച്ച്, അവനെ വിളിക്കാത്ത ദൈവമല്ലേ എന്ന ചോദ്യമാണ് മനോവ ഇവിടെ പ്രതീക്ഷിച്ചത്. ഇങ്ങനെയൊരു ചോദ്യമുയരുന്നുവെങ്കില്‍ അതിന്റെ കാരണം ദൈവവിളിയെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാണ്. എന്തെന്നാല്‍, സാത്താന്റെ സന്തതികളല്ലാത്ത സകലരുടെമേലും യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ വിളി നിലനില്‍ക്കുന്നുണ്ട്. ആ വിളി സ്വീകരിക്കാന്‍ മനസ്സാകുന്ന സകലര്‍ക്കും യേശുക്രിസ്തുവഴി രക്ഷപ്രാപിക്കാന്‍ കഴിയുകയും സഭയോടു ചേര്‍ക്കപ്പെടുകയും ചെയ്യും!
സെമിനാരികള്‍ വഴിയോ സന്ന്യസ്തസ്ഥാപനങ്ങള്‍ വഴിയോ മാത്രമാണ് ഒരുവന്‍ വിളിക്കപ്പെടുന്നതെന്ന അബദ്ധധാരണയില്‍നിന്നാണ് ഈ ഇടയലേഖനം തയ്യാറാക്കപ്പെട്ടതെന്നു പറയുന്നതില്‍ മനോവയോട് ആരും പിണങ്ങരുത്! എന്തെന്നാല്‍, ഇത് സ്ഥിരീകരിക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്നു മനോവ ഒഴിഞ്ഞുമാറുന്നില്ല. സഭയുടെ ആരംഭകാലഘട്ടത്തെക്കുറിച്ചുള്ള ഈ വിവരണം നോക്കുക: "അവര്‍ ഏകമനസ്സോടെ താല്പര്യപൂര്‍വ്വം അനുദിനം ദൈവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് (യാഹ്‌വെ) അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു"(അപ്പ; പ്രവര്‍:2;46,47). രക്ഷപ്രാപിക്കുന്നവരെയാണ് അവിടുന്നു സഭയില്‍ ചേര്‍ത്തുകൊണ്ടിരുന്നത് എന്നകാര്യം ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അടുക്കല്‍ വരുന്നവര്‍ മാത്രമാണ് രക്ഷപ്രാപിക്കുന്നവരെന്ന മുന്നറിയിപ്പ് യേശു നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക: "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും. അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കല്‍ വരുന്നു"(യോഹ:6;44,45). ഈ വചനംകൂടി ശ്രദ്ധിക്കുക:"പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല"(യോഹ:6;37). മറ്റാരിലൂടെയെങ്കിലും പിതാവായ ദൈവത്തിന്റെ സന്നിധിയിലേക്കു കടന്നുപോകാന്‍ കഴുമോ എന്നകാര്യവും യേശു വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വചനം നോക്കുക: "യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ:14;6).
ക്രിസ്ത്യാനികള്‍ എന്ന മൂടുപടമണിഞ്ഞുകൊണ്ട് സ്വര്‍ഗ്ഗത്തിലേക്കുള്ള പുതിയ വഴികള്‍ വെട്ടുന്നവരുടെ ലക്‌ഷ്യം മനുഷ്യരുടെ രക്ഷയല്ലെന്ന സത്യം നാം തിരിച്ചറിയണം. പിതാവില്‍നിന്നുള്ള വിളി ലഭിച്ചവരാണ് പുത്രനും രക്ഷകനുമായ യേശുവിന്റെ അരികിലേക്കു വരുന്നത്. പിതാവിന്റെ വിളി ലോകത്തെ അറിയിക്കാന്‍ യേശു ചുമതലപ്പെടുത്തിയിരിക്കുന്നത് വിശ്വാസികളുടെ സമൂഹത്തെയാണ്! അതായത്, പുത്രന്റെ വിവാഹത്തിനു വിരുന്നുകാരെ വിളിക്കാന്‍ അവിടുന്ന് ചുമതലപ്പെടുത്തിയിരിക്കുന്നത് വിശ്വാസികളായ നമ്മെ ഓരോരുത്തരെയുമാണ്! നാം ആരെയൊക്കെ സുവിശേഷം അറിയിക്കുന്നുവോ അവരൊക്കെ ദൈവവിളിക്ക് പാത്രീഭൂതരാകുന്നു. ഈ അറിയിപ്പിനെ നിരസിക്കുന്നവര്‍, അതിനാല്‍ത്തന്നെ ദൈവവിളി നിരസിച്ചവരുടെ ഗണത്തില്‍ ശിക്ഷിക്കപ്പെടുമെന്ന്‍ യേശു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ:16;15,16). വിധിക്കാന്‍ അധികാരമുള്ളവന്റെ വാക്കുകളാണ് ഇവ. ഇതില്‍നിന്നു വ്യത്യസ്തമായ ആശയങ്ങളുമായി ആരെങ്കിലും നമ്മെ സമീപിച്ചാല്‍, അവര്‍ എത്ര ഉന്നതരാണെങ്കിലും അവഗണിക്കപ്പെടണം!
ദൈവവിളിയെക്കുറിച്ച് അറിവുനല്‍കുന്ന ഈ വചനം നോക്കുക: "എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം"(1പത്രോ:2;9). ഇവിടെയൊരു വിളിയും ഒരു തിരഞ്ഞെടുപ്പും കാണുന്നുണ്ട്. ഏഷ്യാ മൈനറില്‍ ചിതറി പാര്‍ത്തിരുന്ന യഹൂദക്രിസ്ത്യാനികള്‍ക്ക് ആശ്വാസം പകരാന്‍ പത്രോസ് അപ്പസ്തോലന്‍ എഴുതിയ ലേഖനത്തിലെ ഒരു ഭാഗമാണിത്! ക്രിസ്തീയതയിലേക്കുള്ള വിളിയും തിരഞ്ഞെടുപ്പും നാമിവിടെ കാണുന്നു. വിശുദ്ധജനതയുടെ ഭാഗമാകാനും പൗരോഹിത്യഗണത്തിലെ അംഗമാകാനുമാണ് ഈ വിളിയും തിരഞ്ഞെടുപ്പും. ആയതിനാല്‍, ദൈവവിളി എന്നത് ക്രിസ്തീയതയിലേക്കുള്ള വിളിയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞത് ഈ വിളിയെക്കുറിച്ചായിരുന്നില്ല എന്ന് നമുക്കറിയാം. അദ്ദേഹം ഉദ്ദേശിച്ച വിളിയെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിനുമുമ്പ് യഥാര്‍ത്ഥ വിളിയില്‍ കുറവു സംഭവിച്ചിട്ടുണ്ടോ എന്നും, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.
ദൈവം വിളിക്കേണ്ട വിളിയുടെ ഉത്തരവാദിത്വം സഭയെ (വിശ്വാസികളെ) ഏല്പിച്ചതിലൂടെ ചില അപകടങ്ങള്‍ സംഭവിച്ചുവെന്നത് പരമാര്‍ത്ഥമാണ്. ഇവിടെ ദൈവത്തിനു തെറ്റുപറ്റിയെന്നു മനോവ പറയില്ല; കാരണം, അവിടുത്തേക്കു പിഴവുകള്‍ പറ്റുകയില്ല!ക്രിസ്തീയതയിലേക്കു ക്ഷണിക്കുകയെന്ന ശ്രേഷ്ഠമായ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സഭയുടെ നേതാക്കന്മാരായി ചില ജാരന്മാര്‍ കടന്നുവന്നപ്പോള്‍, ഉത്തരവാദിത്വത്തില്‍നിന്ന് അവര്‍ സ്വയം വിരമിക്കുകയും, ആത്മാര്‍ത്ഥമായി ജോലി ചെയ്തിരുന്നവരെ അതില്‍നിന്നു തടയുകയും ചെയ്തു. ക്രിസ്തീയതയിലേക്കുള്ള ദൈവവിളിയുടെ മാഹാത്മ്യത്തെ ഇകഴ്ത്തുവാനായി, അധാര്‍മ്മികമായ തത്വശാസ്ത്രങ്ങള്‍ക്ക് ഇവര്‍ രൂപംകൊടുക്കുകയും ചെയ്തു. ആത്മീയ പരിവേഷത്തോടെ സഭയില്‍ നുഴഞ്ഞുകയറിയ സാത്താന്റെ സന്തതികളാണ് ഈ ചെയ്തികളുടെയെല്ലാം പിന്നില്‍! ഇവരുടെ പൈശാചിക പ്രവര്‍ത്തികളുടെ പരിണിതഫലമായി ദൈവവിളി കുറഞ്ഞുവെന്നു മാത്രമല്ല, ദൈവത്തിന്റെ സ്ഥാനപതികളായ വിശുദ്ധന്മാരാല്‍ വിളിക്കപ്പെട്ടവരെ ആട്ടിയോടിക്കുകയും ചെയ്തു! മറ്റു വിരുന്നുശാലകളിലെ വിഭവങ്ങളുടെ കൊതിയൂറുന്ന കല്പിതകഥകള്‍ വിവരിച്ചുകൊണ്ട്, ദൈവം ഒരുക്കിവച്ച നിത്യവിരുന്നിന്റെ മാഹാത്മ്യം മറച്ചുവച്ചു!ഫരിസേയരെയും നിയമജ്ഞരെയും നോക്കി യേശു പറഞ്ഞ വചനം, ആധുനീക ഫരിസേയരെ സംബന്ധിച്ചുള്ള പ്രവചനമായി മാറി! ഇതാണ് ആ വചനം: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ:23;13,14).
ദൈവത്തിന്റെ കൈകളും അധരങ്ങളുമായി പ്രവര്‍ത്തിക്കുവാന്‍ ചുമതലയേറ്റവരാണ് ഓരോ ക്രിസ്ത്യാനിയും. പുത്രന്റെ വിവാഹസദ്യയ്ക്ക് വിരുന്നുകാരെ വിളിക്കുകയെന്നതാണ് ക്രൈസ്തവരില്‍ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം. ഈ ഉത്തരവാദിത്വം നമ്മെ ഭരമേല്പിച്ചത് മണവാളന്‍ തന്നെയാണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. തന്റെ എല്ലാ അധികാരങ്ങളും ദൈവം അവിടുത്തെ പുത്രനു നല്‍കിയിരിക്കുന്നതിനാല്‍, പുത്രന്‍ ഏല്പിക്കുന്ന ഏതൊരു ദൗത്യത്തിനുമേലും പിതാവിന്റെ അംഗീകാരമുദ്രയുണ്ട്. കാരണം, പിതാവില്‍നിന്നു വേറിട്ടതൊന്നും പുത്രനിലില്ല! ഈ വചനം നോക്കുക: "യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ:28;18-20). പിതാവില്‍നിന്നു തനിക്കു ലഭിച്ച അധികാരം, തന്നില്‍ വിശ്വസിച്ചവര്‍ക്ക് അവിടുന്നു കൈമാറുന്നതാണ് ഇവിടെ നാം കാണുന്നത്. പുത്രന്റെ വിവാഹവിരുന്ന് ആസ്വദിക്കാന്‍ വിരുന്നുകാരെ വിളിക്കുവാനുള്ള ആഹ്വാനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നവര്‍, ദൈവവിളി നടത്തുന്ന അവിടുത്തെ നാവുകളാണ്!
വിവാഹവിരുന്നിന്റെ ഉപമയില്‍ ഈ വിളിയെക്കുറിച്ചാണ് യേശു വ്യക്തമാക്കിയിരിക്കുന്നത്. ഉപമയുടെ ആരംഭം ഇങ്ങനെയാണ്:"സ്വര്‍ഗരാജ്യം, തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിനു സദൃശം. വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാന്‍ അവന്‍ ഭൃത്യന്മാരെ അയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു. വീണ്ടും അവന്‍ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്ജമായിരിക്കുന്നു; എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോടു ചെന്നു പറയുവിന്‍. എന്നാല്‍, ക്ഷണിക്കപ്പെട്ടവര്‍ അതു വകവയ്ക്കാതെ ഒരുവന്‍ വയലിലേക്കും, വേറൊരുവന്‍ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു"(മത്താ:22;2-5). മുന്‍കൂട്ടി ക്ഷണിക്കപ്പെട്ടവരെ വിളിക്കുന്നതിനുവേണ്ടിയാണ് ഭൃത്യന്മാരെ അയയ്ക്കുന്നത്. മുന്‍കൂട്ടി ക്ഷണിക്കപ്പെട്ട സമൂഹം ഇസ്രായെലായിരുന്നുവെന്ന് നമുക്കറിയാം. ഇവരില്‍ ചിലര്‍ തിരസ്ക്കരിച്ചതുകൊണ്ടാണ് വിളി വിശാലമാക്കപ്പെട്ടത്. ഉപമയുടെ തുടര്‍ച്ച ഇങ്ങനെയാണ്: "അനന്തരം, അവന്‍ ഭൃത്യന്മാരോടു പറഞ്ഞു: വിവാഹ വിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു. അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍. ആ ഭൃത്യന്മാര്‍ നിരത്തുകളില്‍ചെന്ന് ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു"(മത്താ:22;8-10).
ഈ വിളി വളരെ പ്രാധാന്യമുള്ളതാണ്. കാരണം, ആരൊക്കെയാണ് യോഗ്യരെന്നു നിശ്ചയിക്കുന്നത് വിളിക്കുന്നവരല്ല; മറിച്ച്, വിളിക്കാന്‍ ചുമതലപ്പെടുത്തിയ രാജാവാണ്! കണ്ടുമുട്ടുന്നവരെയെല്ലാം വിളിക്കുവാനുള്ള നിയോഗമാണ് ഭൃത്യന്മാരില്‍ നിക്ഷിപ്തമായിരിക്കുന്നത്. ദുഷ്ടരെന്നോ ശിഷ്ടരെന്നോ വ്യതാസമില്ലാതെ, സകലരെയും വിളിക്കുകയെന്ന ഉത്തരവാദിത്വം വിളിയുടെ ദൗത്യം ഭരമേല്പിക്കപ്പെട്ടവര്‍ക്കുണ്ട്. വിളിച്ചുകൂട്ടപ്പെടുന്നവരില്‍നിന്ന് അയോഗ്യരെ കണ്ടെത്തി പുറത്താക്കുന്നതിനുള്ള അധികാരം രാജാവിനു മാത്രമാകുന്നു. ഉപമ അവസാനിപ്പിക്കുന്നത് ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കിക്കൊണ്ടാണ്. ഇതു ശ്രദ്ധിക്കുക: "അതിഥികളെക്കാണാന്‍ രാജാവ് എഴുന്നള്ളിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു. രാജാവ് അവനോടു ചോദിച്ചു: സ്‌നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന്‍ മൗനം അവലംബിച്ചു. അപ്പോള്‍ രാജാവ് പരിചാരകന്മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം"(മത്താ:22;11-14).വിളിക്കപ്പെടുന്നവരെല്ലാം തിരഞ്ഞെടുക്കപ്പെടുന്നില്ല എന്ന സന്ദേശം ഈ ഉപമയിലുണ്ട്. വിളിയുടെ ദൗത്യവുമായി ഇറങ്ങിയിരിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പു നടത്താനുള്ള അധികാരമില്ലാത്തതുകൊണ്ടുതന്നെ, അവര്‍ അതിനു തുനിയുന്നത് ദൈവഹിതമല്ല. തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതയുടെ മാനദണ്ഡം രാജാവും വിധിയാളനുമായവന്‍ നിശ്ചയിക്കട്ടെ!
ഈ ഉപമയെ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് യേശു ഇപ്രകാരം കല്പിച്ചു: "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍"(മര്‍ക്കോ:16;15). യേശുവിന്റെ ഈ ആഹ്വാനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നവരാണ് ദൈവത്തിനുവേണ്ടി വിളി നടത്തുന്നവര്‍! ഇവരുടെ വിളി കേള്‍ക്കുന്നവരെല്ലാം വിളിക്കപ്പെട്ടവരാണ്! അങ്ങനെയെങ്കില്‍, സോഷ്യല്‍ മീഡിയാകളാണോ ദൈവവിളി കുറയാന്‍ കാരണമാകുന്നത്? ദൈവത്തിനുവേണ്ടി വിളിനടത്തുവാന്‍ നിയോഗിക്കപ്പെട്ടവര്‍ വഴിപിഴച്ചുപോയതാണ് ദൈവവിളി കുറയാനുള്ള പ്രധാന കാരണമായി മനോവ കാണുന്നത്!
ദൈവവിളി കുറയുന്നു!
ഇത്രയും വിവരണങ്ങളിലൂടെ നാം ചര്‍ച്ചചെയ്ത ദൈവവിളിയെക്കുറിച്ചാണ് കര്‍ദ്ദിനാള്‍ ആശങ്കപ്പെട്ടതെങ്കില്‍, ആ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. എന്നാല്‍, ക്രിസ്തീയതയിലേക്കുള്ള വിളിയില്‍ കുറവുണ്ടായതിനെക്കുറിച്ചല്ല കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ വിലാപമെന്നു നമുക്കറിയാം. അദ്ദേഹം ഉദ്ദേശിച്ച 'ദൈവവിളി' എന്താണെന്നു ചര്‍ച്ചചെയ്യുന്നതിനു മുന്‍പ്, യഥാര്‍ത്ഥ 'ദൈവവിളി'യില്‍ ന്യൂനത എങ്ങനെയാണു സംഭവിച്ചതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
ക്രിസ്തീയതയിലേക്ക് ഒരുവനെ വിളിക്കുന്നതാണ് യഥാര്‍ത്ഥ ദൈവവിളിയെന്ന തിരിച്ചറിവ് ഇല്ലാതെപോയതാണ് ദൈവവിളി കുറയുവാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത്. വിളിക്കപ്പെടലും തിരഞ്ഞെടുക്കപ്പെടലും തമ്മിലുള്ള അന്തരം മനസ്സിലാകാതെപോയതും മറ്റൊരു കാരണമാണ്. ദൈവവചനത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാത്ത ചിലര്‍ ഇങ്ങനെ ചിന്തിച്ചു: പിതാവിനാല്‍ ആകര്‍ഷിക്കപ്പെടുന്നവരൊക്കെ സ്വമേധയാ കടന്നു വന്നുകൊള്ളും; അവരെ ആരും ക്ഷണിക്കേണ്ടതില്ല എന്ന്. യേശുവിന്റെ വാക്കുകള്‍ ഇപ്രകാരമാണല്ലോ: "പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല"(യോഹ:6;37). മറ്റൊരു വചനം ശ്രദ്ധിക്കുക: "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല"(യോഹ:6;44).
പിതാവ് ആകര്‍ഷിച്ചാലല്ലാതെ ആര്‍ക്കും പുത്രന്റെ സന്നിധിയില്‍ എത്താന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് സുവിശേഷ പ്രഘോഷണം എന്നു ചിന്തിച്ചുകൊണ്ട്, മറ്റു പ്രവര്‍ത്തികളിലേക്കു തിരിഞ്ഞ 'ബുദ്ധിമാന്മാര്‍' സഭയിലുണ്ട്! ഇവിടെ നാം വായിച്ച വചനം പൂര്‍ണ്ണമാകുന്നത് എങ്ങനെയെന്നു നോക്കുക: "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും. അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കല്‍ വരുന്നു"(യോഹ:6;44,45).പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരാണ് പുത്രന്റെ അടുക്കല്‍ വരുന്നത്. ഒരുവനു പിതാവില്‍നിന്ന്‍ പഠിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണ്? ഇത് യേശുതന്നെ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "എന്നെ സ്‌നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്റേതല്ല; എന്നെ അയച്ച പിതാവിന്റേതാണ്"(യോഹ:14;24).പുത്രനില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്യുന്നതുതന്നെയാണ് പിതാവില്‍നിന്നുള്ള ശ്രവണവും പഠനവുമെന്ന് യേശു ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഈ വചനംകൂടി നോക്കുക: "ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്"(യോഹ:14;10).
അതായത്, ദൈവപുത്രനായ യേശുവിന്റെ വാക്കുകള്‍ ശ്രവിക്കുകയും പഠിക്കുകയും ചെയ്യുന്ന ഏതൊരുവനും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവനാണ്! ഇതുതന്നെയാണ് യേശു നമ്മെ ചുമതലപ്പെടുത്തിയ ദൗത്യവും എന്നു മനസ്സിലാക്കാന്‍ ഈ വചനം ഒരിക്കല്‍ക്കൂടി ശ്രദ്ധാപൂര്‍വ്വം വായിക്കുക: "യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ:28;18-20). യുഗാന്തംവരെ തുടരേണ്ടതായ ഈ ദൗത്യത്തില്‍നിന്നു വിരമിച്ചതിനുശേഷവും യേശു കൂടെയുണ്ടെന്ന മിഥ്യാധാരണയില്‍ കഴിയുകയാണ് പല ക്രൈസ്തവരും! അവിടുന്നു നമ്മോടുകൂടെയുണ്ടായിരിക്കണമെങ്കില്‍, അവിടുന്ന് നമ്മെ ഏല്പിച്ച ജോലിയില്‍ നാം വ്യാപൃതരായിരിക്കണം. കാരണം, ജോലി ചെയ്യാത്തവന് കൂലിക്ക് അര്‍ഹതയില്ല. പുത്രനില്‍നിന്നു പഠിച്ചാല്‍ അത് പിതാവില്‍നിന്നു പഠിച്ചതിനു തുല്യമാണെന്നു നാമിവിടെ മനസ്സിലാക്കി. എന്നാല്‍, യേശുവില്‍നിന്നു ചുമതലയേറ്റ ഒരുവന്റെ വാക്കുകള്‍ക്ക് ഈ ശക്തിയുണ്ടോ? ഉണ്ടെന്നാണ് വചനം പറയുന്നത്! യേശുവിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു"(മത്താ:10;40).
ഒരിക്കല്‍ തന്നെ സമീപിച്ച ജനക്കൂട്ടത്തെ കണ്ടപ്പോള്‍, അവരോട് അനുകമ്പ തോന്നിയ യേശു ഇപ്രകാരം അരുളിച്ചെയ്തു: "വിളവധികം; വേലക്കാരോ ചുരുക്കം. അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍"(മത്താ:9;37,38). ഇപ്രകാരം പറയുവാനുണ്ടായ കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതായിരുന്നു കാരണം: "അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു"(മത്താ:9;36). ദൈവത്തിനുവേണ്ടി വിളിച്ചുകൂട്ടുകയെന്ന ദൗത്യമാണ് ഓരോ ക്രിസ്ത്യാനികളെയും ഭരമേല്പിച്ചിരിക്കുന്നതെന്ന് ക്രൈസ്തവരായ നാം വിസ്മരിക്കരുത്. വിളിച്ചുചേര്‍ക്കാന്‍ അയയ്ക്കപ്പെട്ടവര്‍ അലസ്സന്മാരായി അലഞ്ഞുതിരിയുമ്പോള്‍, ആരാണ് അവിടുത്തേക്കുവേണ്ടി ഈ വിളി നടത്തുന്നത്? ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകാതെ എങ്ങനെയാണ് ഒരുവന്‍ യേശുവിന്റെ അടുക്കല്‍ എത്തുന്നത്? ദൈവവിളി കുറയുന്നതിന്റെ കാരണം, വിളിക്കാന്‍ ആളില്ലാത്തതുതന്നെയാണ്! അന്നത്തെപ്പോലെതന്നെ ഇന്നും വിളവിനു ക്ഷാമമില്ല; വേലക്കാരുടെ അഭാവംമൂലം, പാകമായ വിളവുകള്‍ പാഴായിപ്പോകുന്നു എന്നതാണു വസ്തുത. ഓരോ ക്രൈസ്തവന്റെയും അവകാശവും കര്‍ത്തവ്യവുമാണ് ദൈവത്തിനുവേണ്ടി വിളി നടത്തുകയെന്നത്! യേശു കല്പിച്ചതും ഇതുതന്നെയാണെന്നു നാം കണ്ടു. എന്നാല്‍, വിളി നടത്താനുള്ള അവകാശം തങ്ങള്‍ക്കുമാത്രം കുത്തകയായി ലഭിച്ചതാണെന്ന അബദ്ധപ്രചരണവുമായി ഇറങ്ങിയിരിക്കുന്നവര്‍, വിളി നടത്തുന്നില്ലെന്നു മാത്രവുമല്ല, വിളിക്കാന്‍ ആരെയും അനുവദിക്കുന്നുമില്ല!
യേശുക്രിസ്തുവിലൂടെ മാത്രമാണ് ഒരുവന്‍ രക്ഷപ്രാപിക്കുന്നത് എന്ന സത്യം പ്രഘോഷിക്കാന്‍ വൈമനസ്യം കാണിക്കുകയും ഏതു വിശ്വാസത്തിലൂടെയും രക്ഷപ്രാപിക്കാമെന്ന അബദ്ധം പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് സഭയുടെ അധികാരശ്രേണികളില്‍ ഇന്നു സ്ഥാനംപിടിച്ചിരിക്കുന്നത്. മനുഷ്യരുടെ ദൈവവിളി തടഞ്ഞുകൊണ്ട്, സാത്താനുവേണ്ടി നിലകൊള്ളുന്നവരാണ് ഇക്കൂട്ടര്‍! അധികാരസ്ഥാനങ്ങളില്‍ ഇവര്‍ വ്യാപരിക്കുന്നിടത്തോളം, ദൈവവിളി കുറയും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ. യേശുക്രിസ്തു പഠിപ്പിച്ച കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാന്‍ ബാധ്യതയുള്ളവര്‍ അതില്‍നിന്നു വിരമിച്ചാല്‍, എങ്ങനെയാണ് ദൈവത്തിന്റെ വിളി ജനങ്ങളുടെ കര്‍ണ്ണപുടങ്ങളില്‍ എത്തുന്നത്? ഏതെങ്കിലും ഒരു വിശ്വാസി, താന്‍ അറിഞ്ഞ സത്യങ്ങള്‍ മറ്റുള്ളവരോടു പറയാന്‍ ശ്രമിച്ചാല്‍, അവരെ തടയുകയും അപമാനിക്കുകയും ചെയ്യുന്ന പ്രവണത ഇന്നു കാണുന്നുണ്ട്. ഈ വചനം ഓര്‍ക്കുക: "ആകയാല്‍, യേശു കര്‍ത്താവാണ് (ദൈവപുത്രനാണ്)എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും"(റോമാ:10;9). ഒരുവനു രക്ഷപ്രാപിക്കാനുള്ള ഏക മാര്‍ഗ്ഗമാണിത്! ഈ യാഥാര്‍ത്ഥ്യം ലോകത്തെ അറിയിക്കാനുള്ള ചുമതലയാണ് ക്രൈസ്തവനില്‍ ഭരമേല്പിക്കപ്പെട്ടിരിക്കുന്നത്. പൗലോസ് അപ്പസ്തോലന്റെ വാക്കുകകള്‍ ശ്രദ്ധിക്കുക: "എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയയ്ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്"(റോമാ:10;14,15).
ഒരുവന്‍ വിശ്വസിക്കണമെങ്കില്‍ അടിസ്ഥാനപരമായി വേണ്ടത്, താന്‍ വിശ്വസിക്കേണ്ട കാര്യത്തെക്കുറിച്ചുള്ള അവബോധമാണ്. അപ്പസ്തോലന്റെ ഈ വാക്കുകള്‍ നോക്കുക: "ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്"(റോമാ:10;17). അതായത്, ദൈവവിളി കുറയുന്നുവെങ്കില്‍, അതിന്റെ പ്രധാന കാരണം പ്രസംഗകരില്ലാത്തതുതന്നെയാണ്! പഠിപ്പിക്കാനുള്ള അധികാരം തങ്ങള്‍ക്കു മാത്രമാണെന്നു കരുതുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു വിഭാഗം സഭയിലുണ്ട്. ഇവരില്‍ ഭൂരിപക്ഷവും പ്രസംഗിക്കുന്നില്ലെന്നു മാത്രമല്ല, പ്രസംഗിക്കുന്നവരില്‍ പലരും അബദ്ധസിദ്ധാന്തങ്ങളുടെ പിടിയിലുമാണ്! ഇന്നു സഭയിലുള്ള വിളിക്കപ്പെട്ട വിശ്വാസികളില്‍ ആരുംതന്നെ ഇന്നത്തെ നേതാക്കളുടെ പ്രവര്‍ത്തനഫലമായി വിളി സ്വീകരിച്ചവരല്ല. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടു ദൈവീകശുശ്രൂഷയില്‍ വ്യാപരിച്ച മഹാരഥന്മാരായ പൂര്‍വ്വപിതാക്കളുടെ സംഭാവനയാണ് ഇന്നത്തെ സഭ! വിളിച്ചു ചേര്‍ക്കപ്പെട്ടവരായ ഈ സമൂഹത്തെത്തന്നെയും അന്യദേവന്മാരിലേക്കു നയിക്കുന്ന നേതാക്കന്മാരാണ് ദൈവത്തിന്റെയും അവിടുത്തെ സഭയുടെയും പ്രധാന ശത്രുക്കള്‍! ആയതിനാല്‍, ദൈവവിളി കുറയുന്നുവെന്ന കര്‍ദ്ദിനാളിന്റെ വിലാപം വായിക്കേണ്ടത് വിശ്വാസികളുടെ മുന്നിലല്ല; ഏതു മാര്‍ഗ്ഗത്തില്‍ ചരിച്ചാലും രക്ഷപ്രാപിക്കുമെന്ന കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്ന വൈദീകവേഷധാരികളുടെ മുന്നിലാണ്!
ആള്‍ദൈവങ്ങളുടെ അടുക്കളദാസനായി അധഃപതിച്ച ക്ളിമ്മീസിനെയും അയാളുടെ കൂട്ടാളികളെയും മാത്രമല്ല, കത്തോലിക്കാസഭയുടെ തലപ്പത്തുകയറി താണ്ഡവനൃത്തമാടുന്ന സകലരെയും വിളിച്ചുകൂട്ടി ഇടയലേഖനങ്ങളോ പ്രണയലേഖനങ്ങളോ വായിക്കുക! സുവിശേഷം പ്രസംഗിക്കുകയോ ക്രിസ്തീയതയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുകയോ ചെയ്യുന്നത് ലജ്ജാകരമായ പ്രവര്‍ത്തിയാണെന്നു പ്രഖ്യാപിച്ച ഫ്രാന്‍സീസിനുമുന്നില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് മുട്ടുവിറയ്ക്കില്ലെങ്കില്‍, അവിടെയും വായിക്കുക ഒരെണ്ണം! സുവിശേഷം പ്രസംഗിക്കാനുള്ള ഉത്തരവാദിത്വം ഭരമേല്പിക്കപ്പെട്ട ഒരുവന്‍ ഉടുതുണിയുരിഞ്ഞ് താണ്ഡവനൃത്തമാടുന്നത് കര്‍ദ്ദിനാള്‍ ആലഞ്ചേരി കണ്ടിട്ടില്ലെങ്കില്‍, ഇവിടെഅതു കാണുക! ഇവര്‍ക്ക് പിന്‍ഗാമികളെയാണോ കര്‍ദ്ദിനാള്‍ അന്വേഷിക്കുന്നത്?
പൗരോഹിത്യത്തിലേക്കു വിളിക്കപ്പെട്ടവര്‍!
ദൈവവിളി എന്നത് പൗരോഹിത്യത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാണ്! സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ, വിളിക്കപ്പെടുന്ന സകലരും പുരോഹിതരാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ട്, അള്‍ത്താരശുശ്രൂഷകാരെ മാത്രം പുരോഹിതരായി പരിഗണിക്കുന്ന രീതി ഏതു വചനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇനിയെങ്കിലും വ്യക്തമാക്കണം! സഭയുടെ ആദ്യത്തെ മാര്‍പ്പാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: "നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിത ജനമാവുകയും ചെയ്യട്ടെ"(1പത്രോ:2;5). ക്രിസ്ത്യാനിയുടെ വിളിയെന്താണെന്നു വ്യക്തമാക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: "എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം"(1പത്രോ:2;9). ഓരോ ക്രിസ്ത്യാനിയും പൗരോഹിത്യത്തിന്റെ ഭാഗമായിരിക്കേ, വേറെ ഏതു വിളിയെക്കുറിച്ചാണ് കര്‍ദ്ദിനാള്‍ ആകുലപ്പെട്ടത്?
അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നയിച്ചത് യേശുക്രിസ്തുവാണെന്നു നമുക്കറിയാം. നാം ഏത് അന്ധകാരത്തിലായിരുന്നുവോ, ആ അന്ധകാരത്തെ പ്രകാശമാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരുവന്‍ കത്തോലിക്കാസഭയുടെ രാജകുമാരനായി വിലസുന്നത് കര്‍ദ്ദിനാളിന്റെ കണ്ണില്‍പ്പെട്ടില്ലെന്നുണ്ടോ! ഹൈന്ദവസനാതനത്തിന്റെ പ്രവാചകനും പ്രചാരകനുമായി വിഹരിക്കുന്ന 'ക്ലിമ്മീസ്' എന്ന 'ആള്‍ദൈവം' ചെയ്യുന്നത് ദൈവവിളിയോ പൈശാചിക വിളിയോ എന്നകാര്യം മലങ്കരസഭ വ്യക്തമാക്കണം. രാമായണമാസത്തിന്റെ 'മഹത്വം' പ്രഘോഷിക്കാനാണോ കത്തോലിക്കാസഭ ഇയാളെ ചുമതലപ്പെടുത്തിയിരിക്കുന്നത്?ഇയാള്‍ നടത്തുന്ന അനേകം 'ദൈവവിളികളില്‍' ഒന്ന്‍ ഈ 'ലിങ്കില്‍' ഉണ്ട്! പൗരോഹിത്യത്തിലേക്കു വിളിക്കപ്പെട്ടവരും മറ്റുള്ളവരെ ഈ പൗരോഹിത്യത്തിലേക്കു വിളിക്കാന്‍ ചുമതലയുള്ളവരും ഇത്തരം അവിഹിത മാര്‍ഗ്ഗങ്ങളില്‍ വ്യവഹരിക്കുമ്പോള്‍, ദൈവവിളി കുറയും എന്നകാര്യത്തില്‍ എന്താണു സംശയം? യഥാര്‍ത്ഥ ദൈവവിളിയെ സംബന്ധിച്ച വസ്തുതയാണ് മനോവ പറയുന്നത്. കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉദ്ദേശിച്ച ദൈവവിളിയിലേക്കു കടക്കുന്നതിനു മുന്‍പ് പൗരോഹിത്യത്തെ സംബന്ധിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ക്കൂടി അനിവാര്യമായിരിക്കുന്നു.
അള്‍ത്താര ശുശ്രൂഷ ചെയ്യുന്നവര്‍ മാത്രമാണ് പുരോഹിതര്‍ എന്ന അബദ്ധധാരണ സഭാമക്കളുടെയിടയില്‍ പ്രചരിപ്പിക്കുന്നതില്‍ സഭാനേതാക്കന്മാര്‍ വളരെയേറെ ശ്രദ്ധചെലുത്തിയിട്ടുണ്ട്. ഇതിന്റെ പരിണിതഫലമായി, പുരോഹിതര്‍, സമര്‍പ്പിതര്‍, സന്യസ്തര്‍, അത്മായര്‍ എന്നിങ്ങനെ വിവിധ തട്ടുകളായി ദൈവജനം വേര്‍തിരിക്കപ്പെട്ടു! യഥാര്‍ത്ഥത്തില്‍, ക്രിസ്തീയത എന്നതുതന്നെ പൗരോഹിത്യമാണ്. ഈ പൗരോഹിത്യത്തിന്റെ ഒരു ഘടകം മാത്രമാണ് അള്‍ത്താരശുശ്രൂഷ! മാത്രവുമല്ല, സഭയുടെ ആരംഭകാലത്ത് വൈദീകര്‍ എന്ന പദവി പ്രത്യേകമായി മാറ്റിവയ്ക്കപ്പെട്ടിരുന്നില്ല. ക്രിസ്തീയതയിലെ പൊതു പൗരോഹിത്യമല്ലാതെ, മറ്റൊരു പൗരോഹിത്യത്തെക്കുറിച്ച് ബൈബിളിലെവിടെയും സൂചനയുമില്ല! ബലിപീഠത്തില്‍ ശുശ്രൂഷ ചെയ്യുന്ന ശ്രേഷ്ഠരെ ഏതെങ്കിലും വിധത്തില്‍ ഇകഴ്ത്തുവാനല്ല മനോവ ശ്രമിക്കുന്നത്. എല്ലാ ക്രൈസ്തവരും പുരോഹിതരായിരിക്കുന്നതിനാല്‍, അള്‍ത്താരയില്‍ ശുശ്രൂഷ ചെയ്യാന്‍ മാറ്റിനിര്‍ത്തപ്പെട്ടവരെ പുരോഹിത ശ്രേഷ്ഠരെന്നു സംബോധന ചെയ്യാനാണ് മനോവ ഇഷ്ടപ്പെടുന്നത്. ലേവിഗോത്രം പൗരോഹിത്യശുശ്രൂഷകള്‍ക്കായി മാറ്റിനിര്‍ത്തപ്പെട്ട ഗോത്രമാണെന്നു നമുക്കറിയാം. എന്നാല്‍, എല്ലാ ലേവ്യരും ഈ ശുശ്രൂഷ ചെയ്യുന്നില്ല. അതുപോലെതന്നെ, അഹറോന്റെ പുത്രന്മാര്‍ ബലിപീഠത്തില്‍ ശുശ്രൂഷ ചെയ്യാന്‍ യോഗ്യരാണെങ്കിലും, എല്ലാ പുത്രന്മാരും പുരോഹിതശുശ്രൂഷ ചെയ്യുന്നില്ല! ഇതുതന്നെയാണ് ക്രിസ്തീയതയിലും നിലവിലുള്ള ശൈലി. മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരം എന്നേയ്ക്കും പുരോഹിതനായിരിക്കുന്ന യേശുവിന്റെ അനുയായികള്‍, അവിടുത്തെ പൗരോഹിത്യത്തിന്റെ പങ്കുകാരാണെങ്കിലും, എല്ലാ ക്രൈസ്തവരും ബലിപീഠത്തില്‍ ശുശ്രൂഷ ചെയ്യുന്നില്ല!
ക്രിസ്തീയതയിലേക്കുള്ള പൊതുവായ വിളിയാണ് ദൈവവിളിയെങ്കിലും, വിളിക്കപ്പെടുന്നവരുടെ ശുശ്രൂഷകള്‍ വ്യത്യസ്തമാണ്. ക്രിസ്തീയതയെന്നാല്‍ പൗരോഹിത്യമാണെന്ന അടിസ്ഥാനതത്വത്തില്‍ നിന്നുകൊണ്ടുതന്നെ ഈ ശുശ്രൂഷാതലങ്ങളെ വേര്‍തിരിക്കണം. ശുശ്രൂഷകളുടെ ഈ വിഭജനത്തെ സംബന്ധിച്ചുള്ള വ്യക്തമായ വിവരണം പൗലോസ് അപ്പസ്തോലന്‍ നമുക്കു നല്‍കിയിട്ടുണ്ട്. വിളിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെമേല്‍ പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍, ഈ ആത്മാവാണ് ഇവരെ വ്യത്യസ്തമായ ശുശ്രൂഷകളിലേക്കു നയിക്കുന്നത്. ആയതുകൊണ്ട്, ക്രിസ്തീയതയുടെ എല്ലാ ശുശ്രൂഷകളും പൗരോഹിത്യശുശ്രൂഷയുടെ ഭാഗംതന്നെയാണ്! പൗലോസ് അപ്പസ്തോലന്റെ പഠിപ്പിക്കല്‍ എന്താണെന്നു ശ്രദ്ധിക്കുക: "ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ്(യേശു) ഒന്നുതന്നെ. പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ. ഓരോരുത്തരിലും ആത്മാവുവെളിപ്പെടുന്നത് പൊതുനന്മയ്ക്കുവേണ്ടിയാണ്. ഒരേ ആത്മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്റെ വചനവും നല്‍കുന്നു. ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗ ശാന്തിക്കുള്ള വരവും നല്‍കുന്നു. ഒരുവന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്മാവു തന്നെ നല്‍കുന്നു. തന്റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്മാവിന്റെ തന്നെ പ്രവൃത്തിയാണ് ഇതെല്ലാം"(1കോറി:12;4-11).
വിളിക്കപ്പെട്ടവര്‍ക്ക് ദൈവം നല്‍കുന്ന ദാനമാണ് പരിശുദ്ധാത്മാവ്. ഈ ആത്മാവ് ഓരോരുത്തരെയും വ്യത്യസ്തമായ ശുശ്രൂഷകള്‍ ഭരമേല്പിക്കുന്നു. അള്‍ത്താരശുശ്രൂഷ ഇവയില്‍ ഒന്നുമാത്രമാണ്! ഈ ശുശ്രൂഷയുടെ മാഹാത്മ്യം കുറച്ചുകാണുകയോ, അപ്രധാനമാണെന്ന് ചിന്തിക്കാന്‍ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ അല്ല; മറിച്ച്, എല്ലാ ശുശ്രൂഷകളും ദൈവവിളിയുടെ ഭാഗമാണെന്ന ഓര്‍മ്മപ്പെടുത്തലാണ് മനോവ ഇവിടെ ലക്ഷ്യമാക്കിയത്. ഇതു മനോവയുടെ പുതിയ കണ്ടെത്തലാണെന്ന് ആരും കരുതേണ്ടാ. സഭയുടെ ആരംഭംമുതല്‍ തുടര്‍ന്നുവരുന്ന വിശ്വാസപാരമ്പര്യവും ഇതുതന്നെയാണ്. അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവു നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക:"ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാംചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും. നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്‌നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു. ഒരു അവയവമല്ല, പലതുചേര്‍ന്നതാണ് ശരീരം. ഞാന്‍ കൈ അല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ല എന്നു കാല്‍ പറഞ്ഞാല്‍ അതു ശരീരത്തിന്റെ ഭാഗമല്ലെന്നുവരുമോ? അതുപോലെതന്നെ, ഞാന്‍ കണ്ണല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ല എന്നു ചെവി പറഞ്ഞാല്‍ അതു ശരീരത്തിന്റെ ഭാഗമല്ലെന്നുവരുമോ? ശരീരം ഒരു കണ്ണുമാത്രമായിരുന്നെങ്കില്‍ ശ്രവണം സാധ്യമാകുന്നതെങ്ങനെ? ശരീരം ഒരു ചെവി മാത്രമായിരുന്നെങ്കില്‍ ഘ്രാണം സാധ്യമാകുന്നതെങ്ങനെ? എന്നാല്‍, ദൈവം സ്വന്തം ഇഷ്ടമനുസരിച്ച് ഓരോ അവയവവും ശരീരത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. എല്ലാംകൂടെ ഒരു അവയവമായിരുന്നെങ്കില്‍ ശരീരം എവിടെയാകുമായിരുന്നു? ഇപ്പോഴാകട്ടെ പല അവയവങ്ങളും ഒരു ശരീരവുമാണുള്ളത്. കണ്ണിന് കൈയോട് എനിക്കു നിന്നെക്കൊണ്ട് ആവശ്യമില്ല എന്നോ, തലയ്ക്കു കാലിനോട് എനിക്കു നിന്നെക്കൊണ്ട് ഉപയോഗമില്ല എന്നോ പറയുക സാധ്യമല്ല. നേരേമറിച്ച്, ദുര്‍ബലങ്ങളെന്നു കരുതപ്പെടുന്ന അവയവയങ്ങളാണ് കൂടുതല്‍ ആവശ്യമായിരിക്കുന്നത്. മാന്യങ്ങളല്ലെന്നു കരുതപ്പെടുന്ന അവയവങ്ങള്‍ക്കു നമ്മള്‍ കൂടുതല്‍ മാന്യത കല്പിക്കുകയും, ഭംഗി കുറഞ്ഞവയെന്നു കരുതപ്പെടുന്നവയെ കൂടുതല്‍ അലങ്കരിക്കുകയും ചെയ്യുന്നു. ഭംഗിയുള്ള അവയവങ്ങള്‍ക്ക് ഇവയൊന്നും ആവശ്യമില്ല. ദൈവമാകട്ടെ, അപ്രധാനങ്ങളായ അവയവങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിക്കത്തക്കവിധം ശരീരം സംവിധാനംചെയ്തിരിക്കുന്നു. അതു ശരീരത്തില്‍ ഭിന്നിപ്പുണ്ടാകാതെ അവയവങ്ങള്‍ പരസ്പരം തുല്യശ്രദ്ധയോടെ വര്‍ത്തിക്കേണ്ടതിനുതന്നെ. ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു. നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്"(1കോറി:12;12-27).
എത്ര വ്യക്തതയോടെയാണ് അപ്പസ്തോലന്‍ ഇവിടെ വിവരിച്ചിരിക്കുന്നത്! സഭയിലേക്കു വിളിച്ചുചേര്‍ക്കപ്പെട്ട നാം ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളാണ്. ഓരോ അവയവങ്ങളും പരസ്പരം ആശ്രയിച്ചും സഹകരിച്ചും ബഹുമാനിച്ചും ഒരു ശരീരത്തിന്റെ ഭാഗമായിരിക്കുന്നതുപോലെ, ഓരോ സഭാംഗവും പരസ്പരം സഹവര്‍ത്തിത്വത്തോടെ ശുശ്രൂഷകരായി നിലകൊള്ളണം. സഭയില്‍ ഓരോരുത്തരുടെയും സ്ഥാനം എന്താണെന്നു വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: "ദൈവം സഭയില്‍ ഒന്നാമത് അപ്പസ്‌തോലന്‍മാരെയും രണ്ടാമത് പ്രവാചകന്‍മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന് അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പസ്‌തോലരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും പ്രബോധകരോ? എല്ലാവരും അദ്ഭുതപ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരങ്ങളുണ്ടോ? എല്ലാവരും വിവിധഭാഷകളില്‍ സംസാരിക്കുന്നുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ?"(1കോറി:12;28-30). ഇവിടെ പുരോഹിതര്‍ എന്ന പദവിയെക്കുറിച്ചു സൂചനയില്ലാത്തത് എല്ലാവരും പുരോഹിതരായതുകൊണ്ടാണ്! അതായത്, ഈ ശുശ്രൂഷകളില്‍ ഏതെങ്കിലും ഒന്നോ ഒന്നിലധികമോ ഭരമേല്പിക്കപ്പെടാനുള്ള കുറഞ്ഞ യോഗ്യത പൗരോഹിത്യമാണെന്നു നാം അറിഞ്ഞിരിക്കണം. കാരണം, വിളി ലഭിച്ചവരും ആ വിളി സ്വീകരിച്ചവരുമായ സകലരും ചേര്‍ക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിന്റെ പൗരോഹിത്യത്തോടാണ്! ഈ വിധത്തില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നവരുടെമേല്‍ ദൈവം അവിടുത്തെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ നല്‍കുന്നു. ഈ സത്യാത്മാവ് തന്റെ ഇംഗിതമനുസരിച്ചാണ് ഓരോരുത്തര്‍ക്കും വിവിധങ്ങളായ ദാനങ്ങള്‍ നല്‍കുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ക്രിസ്തീയ പൗരോഹിത്യത്തിലേക്കുള്ള വിളി ലഭിച്ചവരില്‍നിന്നു പരിശുദ്ധാത്മാവ് മറ്റൊരു തിരഞ്ഞെടുപ്പു നടത്തുന്നു. ഇത്തരത്തില്‍ പരിശുദ്ധാത്മാവു നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നുമാത്രമാണ് അള്‍ത്താരശുശ്രൂഷ!
വ്യത്യസ്തമായ ശുശ്രൂഷകളില്‍ ഏതെങ്കിലുമൊന്ന് മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമെന്നോ ശ്രേഷ്ഠത കുറഞ്ഞതെന്നോ പറയാന്‍ മനുഷ്യന് അധികാരമില്ല; മറിച്ച്, ശുശ്രൂഷകളുടെ ശ്രേഷ്ഠത നിശ്ചയിക്കുന്നത് ശുശ്രൂഷയിലേക്കു നമ്മെ വിളിച്ചവനാണ്! ആയതിനാല്‍, ക്രിസ്തീയതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നവരെ പരിശുദ്ധാത്മാവു ഭരമേല്പിക്കുന്ന ഏതൊരു ശുശ്രൂഷയും ശ്രേഷ്ഠം തന്നെ! സഭയില്‍ ആരും ആരുടേയും യജമാനനല്ല; മറിച്ച്, ഓരോരുത്തരും സഭയുടെ ശുശ്രൂഷകരാണ്. പൗരോഹിത്യത്തിലേക്കുള്ള വിളിയും ക്രിസ്തീയതയിലേക്കുള്ള വിളിയും ഒന്നുതന്നെയാണെന്ന യാഥാര്‍ത്ഥ്യം നാമിവിടെ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍, ഇടയലേഖനത്തിലൂടെ കര്‍ദ്ദിനാള്‍ ഉദ്ദേശിച്ച ദൈവവിളി ഇതായിരുന്നില്ല. അള്‍ത്താരശുശ്രൂഷയെയും സന്ന്യസ്തജീവിതത്തെയും മാത്രം ദൈവവിളിയായി പരിഗണിച്ചുകൊണ്ടുള്ള അബദ്ധപഠനമാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇടയലേഖനത്തിലൂടെ ദൈവജനത്തോടു പ്രഖ്യാപിച്ചത്!ക്രിസ്തീയവിരുദ്ധമായ അടിമത്വസംസ്കാരം വിശ്വാസികളുടെമേല്‍ അടിച്ചേല്പിക്കാന്‍ വരേണ്യവിഭാഗം കണ്ടെത്തിയ മാര്‍ഗ്ഗങ്ങളിലൊന്നാണ് പൗരോഹിത്യത്തെ സംബന്ധിച്ചുള്ള അബദ്ധപ്രചാരണം! അള്‍ത്താരശുശ്രൂഷ ചെയ്യുന്നവര്‍ പുരോഹിതരല്ലെന്നു മനോവ പറയില്ല; എന്നാല്‍, ഇവര്‍ മാത്രമാണ് പുരോഹിതരെന്ന വാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ മടിക്കുകയുമില്ല!
കര്‍ദ്ദിനാള്‍ ആലഞ്ചേരി തന്റെ ഇടയലേഖനത്തിലൂടെ അവതരിപ്പിച്ച വിഷയത്തിലേക്കു നമുക്കു വരാം. അള്‍ത്താരശുശ്രൂശയ്ക്കും സന്ന്യാസജീവിതത്തിനും യുവാക്കള്‍ തയ്യാറാകുന്നില്ല എന്ന ഉത്കണ്ഠയായിരുന്നു ഇടയലേഖനത്തിലെ ഇതിവൃത്തം. അതിന്റെ കാരണവും ഇദ്ദേഹംതന്നെ കണ്ടെത്തി. യുവാക്കള്‍ക്കു ദൈവവിളി കുറയുന്നുവെന്നും സോഷ്യല്‍ മീഡിയാകളാണ് ഇതിന്റെ കാരണമെന്നുമാണ് കര്‍ദ്ദിനാള്‍ പ്രഖ്യാപിച്ചത്! ഇതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ നമുക്കു പരിശോധിക്കാം.
യുവാക്കള്‍ക്കു ദൈവവിളി കുറയുന്നുവോ?
ക്രിസ്തീയതയിലേക്കുള്ള വിളിയെയാണ് ദൈവവിളിയായി പരിഗണിക്കുന്നതെങ്കില്‍, യുവാക്കള്‍ക്കു മാത്രമല്ല, മനുഷ്യര്‍ക്കൊന്നാകെ ദൈവവിളി കുറയുന്നു എന്നകാര്യം മനോവ സമ്മതിക്കാം! ദൈവത്തിനുവേണ്ടി വിളി നടത്താന്‍ ആളില്ലാത്തതാണ് ഇതിന്റെ മുഖ്യകാരണം! ആരെങ്കിലും ഈ ദൗത്യത്തിനു മുതിര്‍ന്നാല്‍, അവരെ മൂക്കുകയറിട്ടുനിര്‍ത്താന്‍ വരേണ്യവര്‍ഗ്ഗം അരയുംതലയും മുറുക്കി നില്‍ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം! ആരെയെങ്കിലും ക്രിസ്ത്യാനിയാകാന്‍ വിളിക്കുന്നതോളം നിന്ദ്യമായ മറ്റൊന്നില്ലെന്നു പ്രഖ്യാപിച്ച ഫ്രാന്‍സീസിനെപ്പോലെയുള്ളവര്‍ രക്ഷയ്ക്കു പ്രതിബന്ധമായി നിലകൊള്ളുമ്പോള്‍ ദൈവവിളി എങ്ങനെ ശക്തമാകും? എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്ന പൈശാചികസന്ദേശം മുഖമുദ്രയാക്കിയിരിക്കുന്ന ആധുനീക കത്തോലിക്കാസഭയാണ് ദൈവവിളിയ്ക്കും അതുവഴിയുള്ള രക്ഷയ്ക്കുമുള്ള ഏറ്റവും വലിയ വിഘാതം! രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ കത്തോലിക്കാസഭയില്‍ പൈശാചികതയുടെ വിത്തുവിതച്ച ജോണ്‍ ഇരുപത്തിമൂന്നാമനാണ് ഈ ദുരന്തത്തിന്റെ സൂത്രധാരന്‍! ഇയാളുടെ ആരാധകനെന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഫ്രാന്‍സീസാണ് ഈ ദുരന്തത്തിന്റെ പൂര്‍ണ്ണത!
കത്തോലിക്കാസഭയിലേക്കു പുതുതായി ആരും വിളിക്കപ്പെടരുതെന്ന പിശാചിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി കഠിനയജ്ഞത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ദ്ദിനാളന്മാരാണ് ഇന്ന് ഈ സഭയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. അതിനുവേണ്ടി 'ദൈവശാസ്ത്രങ്ങള്‍' നിര്‍മ്മിക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന 'ഫ്രീമേസണ്‍' സംഘവും കത്തോലിക്കാസഭയില്‍ വേരുറപ്പിച്ചു കഴിഞ്ഞു! ഇന്ന് കത്തോലിക്കാസഭയുടെ മതബോധനവും ദൈവശാസ്ത്രങ്ങളും ചിട്ടപ്പെടുത്തുന്നതു മാത്രമല്ല, കാനോന്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതുപോലും 'ഫ്രീമേസണ്‍' സംഘമാണ്! കത്തോലിക്കാസഭയില്‍നിന്നും ക്രിസ്തീയതയില്‍നിന്നുപോലും വിശ്വാസികളെ അകറ്റുകയെന്ന നിഗൂഢമായ ലക്ഷ്യത്തോടെയാണ് ആധുനീക ദൈവശാസ്ത്രങ്ങളും മതബോധനവും രൂപപ്പെടുത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ നന്മയെന്നു തോന്നിപ്പിക്കുന്നവിധം കൗശലത്തോടെ ഇവയെല്ലാം അവതരിപ്പിച്ചിരിക്കുന്നതിനാല്‍ വിശ്വാസികള്‍ക്ക് എളുപ്പത്തില്‍ ഇവ തിരിച്ചറിയാന്‍ കഴിയുകയില്ല! ദൈവവചനത്തില്‍ വ്യക്തമായ അവബോധവും പരിശുദ്ധാത്മാവിന്റെ വഴിനടത്തലും ഇല്ലാത്തവര്‍ വഴിതെറ്റിപ്പോകും എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ടാ! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന അബദ്ധം പ്രചരിപ്പിക്കുകയും വിജാതിയ മതങ്ങളുടെ ആചാരങ്ങള്‍ ക്രിസ്തീയതയിലേക്കു കടംകൊള്ളുകയും ചെയ്യുന്നതിലൂടെ വിശ്വാസികളില്‍ നിസംഗതാഭാവം രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്. അന്യമതങ്ങളുടെ ആചാരങ്ങളുമായി പ്രകടമായ വ്യത്യാസമില്ലാത്ത അവസ്ഥയിലേക്ക് ക്രിസ്തീയ ആചാരങ്ങളെ കൊണ്ടുചെന്നെത്തിച്ചത് എല്ലാം ഒന്നുതന്നെയെന്ന ചിന്ത വിശ്വാസികളില്‍ രൂപപ്പെടാന്‍ കാരണമായി!
മതസൗഹാര്‍ദ്ദം എന്നത് മതാനുകരണമാണെന്ന അബദ്ധധാരണയില്‍ കുടുങ്ങിക്കിടക്കുന്നത് കത്തോലിക്കാസഭയും മറ്റു ശ്ലൈഹീകസഭകളും മാത്രമാണ്! ഈ ഭൂമുഖത്തുള്ള മറ്റൊരു മതങ്ങളും ക്രിസ്തീയതയെ അനുകരിക്കുന്നില്ല. എന്നാല്‍, ക്രിസ്തുവിനു നൂറ്റാണ്ടുകള്‍ക്കുശേഷം ഉടലെടുത്ത പുത്തന്‍ മതങ്ങളെപ്പോലും അനുകരിക്കുന്ന ലജ്ജാകരമായ അവസ്ഥയിലാണ് അപ്പസ്തോലികസഭകള്‍ ഇന്നുള്ളത്! ഭാരതത്തിലെ ചില വിവരംകെട്ട ക്രിസ്ത്യാനികള്‍ പറയുന്നത്, തങ്ങള്‍ നമ്പൂരിമാരില്‍നിന്നു മതംമാറിയവരാണ് എന്നാണല്ലോ! കേരളത്തില്‍ ജാതിവ്യവസ്ഥ ഉടലെടുത്തത് എട്ടാംനൂറ്റാണ്ടിനു ശേഷമാണെന്നുപോലും കണക്കിലെടുക്കാതെ ഈ അല്പത്തരം വിളിച്ചുകൂകുന്നവര്‍ ഇന്നു അപഹാസിതരാകുന്ന അവസ്ഥയിലാണുള്ളത്. ക്രിസ്തീയത ആരംഭിക്കുന്നകാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നത് ബുദ്ധമതവും യഹൂദമതവും മറ്റുചില പാഗണ്‍ മതങ്ങളും മാത്രമായിരുന്നു. ഹിന്ദുവെന്ന പേരുപോലും രണ്ടു നൂറ്റാണ്ടുകള്‍ക്കുമുന്‍പുവരെ ഉണ്ടായിരുന്നില്ല! പിന്നെ എങ്ങനെയാണ് ഹിന്ദുക്കളില്‍നിന്നു മതംമാറിയവരാണ് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ എന്നു പറയാന്‍ കഴിയുന്നത്? ഭാരതത്തിലെ പാഗണ്‍ സംസ്കാരത്തെ ആര്‍ഷഭാരത സംസ്കാരമെന്നും സനാതനമതമെന്നും ഓമനപ്പേരുകള്‍ നല്‍കി ആഗോളവിപണിയുണ്ടാക്കാന്‍ ഓടിനടക്കുന്ന 'തിരുമേനി'മാരാണ് ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ പ്രധാന ശത്രുക്കള്‍! മറ്റു മതങ്ങളില്‍നിന്ന്‍ എച്ചില്‍ പെറുക്കിയെടുത്തതാണ് ക്രിസ്ത്യാനികളുടെ ആചാരങ്ങളെങ്കില്‍, ഈ മതത്തിലേക്ക് ഒരുവനെ എങ്ങനെ ക്ഷണിക്കാന്‍ സാധിക്കും? ക്രിസ്തീയതയിലേക്ക് ആരെയും ക്ഷണിക്കാന്‍ കഴിയാത്തവിധം മലീമസമായ അവസ്ഥ ഈ മതത്തില്‍ സൃഷ്ടിക്കുകയെന്ന സാത്താന്റെ അജണ്ടയാണ് 'തിരുമേനിമാര്‍' ഇന്നു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
മറ്റു മതങ്ങളുടെ സംസ്കാരങ്ങള്‍ അനുകരിച്ചില്ലെങ്കില്‍ മതസൗഹാര്‍ദ്ദം തകര്‍ന്നുപോകുമോ? ഈ ഭൂമിയില്‍ ഇന്നുള്ള ഏതു മതമാണ് തങ്ങളുടെതല്ലാത്ത ആചാരങ്ങള്‍ അനുകരിക്കുന്നത്? തങ്ങളുടെ വിശ്വാസങ്ങളും ആരാധനാരീതികളും മറ്റു മതവിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് മതസൗഹാര്‍ദ്ദം തകരുന്നതിനു കാരണമാകും എന്നകാര്യത്തില്‍ സംശയമില്ല. എന്നാല്‍, മറ്റുള്ളവരുടെ ആചാരങ്ങള്‍ നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാക്കിയില്ലെങ്കില്‍ അവരോടുള്ള സൗഹൃദം നഷ്ടമാകുമെന്ന വാദത്തെ അംഗീകരിക്കാന്‍ മനോവയ്ക്കോ സ്ഥിരബുദ്ധിയുള്ള മറ്റേതൊരു വ്യക്തിയ്ക്കോ സാധിക്കുകയില്ല! അങ്ങനെയെങ്കില്‍, ഇത്തരം ആശയങ്ങള്‍ 'തിരുമേനി'മാര്‍ക്കു ലഭിച്ചത് എവിടെനിന്നാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഭാരതത്തിലെ ക്രിസ്തീയതയുടെ വളര്‍ച്ച പരിശോധിച്ചാല്‍, സാംസ്കാരിക അനുകരണത്തിന്റെ ദുരന്തം തിരിച്ചറിയാന്‍ കഴിയും! 'ദൈവവിളി കുറഞ്ഞുപോയെന്നു പരിതപിക്കുന്ന കര്‍ദ്ദിനാള്‍ ഈ വീഡിയോ ഒന്നു കാണുക. ഇത്തരം 'തിരുമേനി'മാരുടെ 'തിരുമണ്ടത്തരങ്ങള്‍' അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ ഇടയലേഖനങ്ങള്‍ എഴുതി കടലാസും മഷിയും സമയവും നഷ്ടപ്പെടുത്താതിരിക്കുക!
കര്‍ദ്ദിനാള്‍ ആലഞ്ചേരി ഒരു കാര്യം മനസ്സിലാക്കുക: ഒരുവനെ ദൈവം വിളിക്കുന്നത് സെമിനാരിയിലൂടെയല്ല! അള്‍ത്താരശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ വഴിതെറ്റിപ്പോയതുകൊണ്ട്, പരിശുദ്ധാത്മാവ് ഈ തിരഞ്ഞെടുപ്പ് അവസാനിപ്പിച്ചു! കാരണം, യേശു ദൈവപുത്രനാണെന്ന് പിതാവായ ദൈവത്തിനുവേണ്ടി സാക്ഷ്യപ്പെടുത്തുകയെന്ന ദൗത്യമാണ് പരിശുദ്ധാത്മാവില്‍ നിക്ഷിപ്തമായിരിക്കുന്നത്! സെമിനാരിയിലേക്ക് ഒരുവനെ തിരഞ്ഞെടുത്തയച്ചാല്‍, അവന്‍ അന്യദേവന്മാരുടെ കുഴലൂത്തുകാരനായി അധഃപതിക്കുന്നത് അനുഭവത്തിന്റെ വെളിച്ചത്തില്‍ പരിശുദ്ധാത്മാവ് തിരിച്ചറിഞ്ഞു! അനേകം ദൈവജനത്തെ വഴിതെറ്റിക്കുന്ന ഇവരുടെ സംഘത്തിലേക്കു യുവാക്കളെ 'റിക്രൂട്ട്' ചെയ്യുന്ന ജോലി പരിശുദ്ധാത്മാവിനില്ല! കര്‍ദ്ദിനാള്‍ പദവിയില്‍ കയറിക്കൂടിയ ക്ളിമ്മീസിന്റെ പ്രഖ്യാപനം നാം കേട്ടതാണ്. ആര്‍ഷഭാരത സംസ്കാരം ഭൂമിയുടെ അതിര്‍ത്തികള്‍വരെ എത്തിക്കുമെന്നാണ് ഇയാള്‍ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാഴ്ച യൂറോപ്പിലെ ദൈവാലയങ്ങളില്‍ ഇപ്പോള്‍ കാണാം. ഭഗവദ്ഗീതയിലെ പൈശാചിക സന്ദേശം യൂറോപ്പിലെ ഒരു ദൈവാലയത്തില്‍ പാരായണം ചെയ്യുന്നത് ഈ 'ലിങ്കില്‍' ദര്‍ശിക്കാം..
സെമിനാരിയില്‍ ചേര്‍ന്നു നശിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് ക്രിസ്തീയ യുവാക്കള്‍ ആ മാര്‍ഗ്ഗം സ്വീകരിക്കാന്‍ തയ്യാറാകാത്തത് എന്നകാര്യം കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇനിയെങ്കിലും തിരിച്ചറിയുക. അങ്ങയുടെ ചുറ്റിലുമുള്ള ഉപജാപകസംഘത്തിന്റെ പിടിയില്‍നിന്നു മോചനം പ്രാപിച്ചതിനുശേഷം യാഥാര്‍ത്ഥ്യം അന്വേഷിക്കുക! കേരളത്തിലെ മുഴുവന്‍ സെമിനാരികളിലും യോഗ പരിശീലിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചത് മനോവയല്ല; ശാലോം ടെലിവിഷനിലൂടെ ഒരു 'തിരുമേനി' ജല്പിച്ചത് വിശ്വാസികള്‍ കേട്ടതാണ്! കര്‍ദ്ദിനാള്‍ ആലഞ്ചേരി അതു കേട്ടില്ലെങ്കില്‍ ഈ 'വീഡിയോ' കാണുക! കത്തോലിക്കാവിശ്വാസികള്‍ യോഗ പരിശീലിക്കരുതെന്ന 'ബെനഡിക്റ്റ്' പാപ്പയുടെ സന്ദേശം നമ്മുടെ പള്ളികളില്‍ വായിച്ചില്ലെങ്കിലും സണ്‍ഡേ ശാലോമില്‍ അതു പ്രസിദ്ധീകരിച്ചിരുന്നു. കത്തോലിക്കാവിരുദ്ധവും ക്രിസ്തീയവിരുദ്ധവുമായ പഠനങ്ങളും പരിശീലനങ്ങളുമാണ് സെമിനാരികളില്‍ നടക്കുന്നതെങ്കില്‍, ആരാണ് സ്വന്തം മക്കളെ കുരുതികൊടുക്കാന്‍ തയ്യാറാകുന്നത്?! ഈ 'കന്യാസ്ത്രീ' കാണിക്കുന്ന 'ഗോഷ്ടി' കൂടി ഒന്നു കണ്ടുനോക്കുക!
കത്തോലിക്കാസഭയിലെ വൈദീകരായി വേഷംകെട്ടി നടക്കുന്നവര്‍ പ്രചരിപ്പിക്കുന്ന പൈശാചികത കാണാഞ്ഞിട്ടാണോ കര്‍ദ്ദിനാള്‍ ആലഞ്ചേരി മൗനം അവലംബിക്കുന്നത്? അതോ, അന്ധത അഭിനയിക്കുകയാണോ? എല്ലാ പൈശാചികതയ്ക്കും കയ്യൊപ്പു ചാര്‍ത്തുന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ മൗനത്തിനു മറവില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢത ദൈവജനം അറിയണം. എന്തുകൊണ്ടാണ് സെമിനാരിയിലേക്കു കടന്നുവരാന്‍ പരിശുദ്ധാത്മാവിന്റെ നിറവുള്ള യുവാക്കള്‍ തയ്യാറാകാത്തതെന്ന് അപ്പോള്‍ മനസ്സിലാകും.കത്തോലിക്കാസഭയിലെ ഒരു വൈദീകവേഷധാരി എഴുതിയുണ്ടാക്കിയ പൈശാചിക ഗ്രന്ഥത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് ആലഞ്ചേരി എഴുതിയ അവതാരിക വായിക്കുന്നവര്‍ക്ക് കത്തോലിക്കാ മെത്രാന്മാരുടെ അജണ്ട തിരിച്ചറിയാന്‍ കഴിയും! ആലഞ്ചേരിയുടെ അവതാരികയിലെ വരികള്‍ കുറിക്കുന്നതിനുമുന്‍പ്, ആന്റണി നെറ്റിക്കാടന്റെ നെറികെട്ട പുസ്തകത്തിലെ ചില ഭാഗങ്ങള്‍ വ്യക്തമാക്കാം.
'സഭയ്ക്ക് ഉത്തരമുണ്ടോ' എന്നപേരില്‍ ആന്റണി നെറ്റിക്കാട്ട് സി. എം എഴുതിയ പൈശാചിക പുസ്തകത്തിലെ മുപ്പതാമത്തെ പേജില്‍ ഇങ്ങനെ വായിക്കുന്നു: 'ഖുറാന്‍ മുസ്ലീങ്ങളുടെ വിശുദ്ധഗ്രന്ഥമാണ്. അത് ഏതെങ്കിലും വ്യക്തിയാല്‍ വിരചിതമല്ല. മനുഷ്യഭാഷയിലുള്ള യഥാര്‍ത്ഥ ദൈവവചനമാണത്. അതില്‍ 114 അദ്ധ്യായങ്ങള്‍ അഥവാ സൂറാകള്‍ ഉണ്ട്. മെക്കയ്ക്ക് സമീപം ഹീറാഗുഹയില്‍വച്ച് മുഹമ്മദിന് 'ഗബ്രിയേല്‍' ദൂതന്‍ വെളിപ്പെടുതിയതായിരുന്നു അവ. ഈ 'വിശുദ്ധ' ഗ്രന്ഥം ദൈവത്തില്‍നിന്നും നേരിട്ടുവന്നതാണ്. അതിനാല്‍ മനുഷ്യരായ ഗ്രന്ഥകര്‍ത്താക്കള്‍ എഴുതിയതല്ല അത്. ഖുറാന്‍ ദൈവത്തിന്റെ മനുഷ്യാവതാരംപോലെയാണ് എന്ന് പറയപ്പെടുന്നു. അത് വിശുദ്ധഗ്രന്ഥം പോലെയാണ് എന്നതിനേക്കാള്‍, യേശുവിനെപ്പോലെയാണ്.'
മുഹമ്മദു പറയുന്ന ജിബ്രീല്‍ മലക്കിനെ ദൈവദൂതനായ ഗബ്രിയേലാക്കിയ 'നെറ്റിക്കാടന്‍' യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നുണ്ടോ? താങ്കള്‍ ഖുറാന്‍ മുഴുവന്‍ വായിച്ചിട്ടുതന്നെയാണോ ഈ ആഭാസത്തിനു തുനിഞ്ഞിറങ്ങിയത്? യേശുക്രിസ്തു ദൈവപുത്രനല്ലെന്നും അവിടുന്ന് കുരിശില്‍ മരിച്ചുവെന്നത് ക്രിസ്ത്യാനികള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥയാണെന്നും എഴുതിവച്ചിരിക്കുന്ന ഖുറാന്‍ ദൈവത്തിന്റെ നേരിട്ടുള്ള തിരുമൊഴിയാണെന്നു പ്രഖ്യാപിക്കാന്‍ എത്ര പണം കിട്ടി? ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്ന ഗ്രന്ഥം നെറ്റിക്കാടനു വിശുദ്ധമായത് താന്‍ പിശാചിന്റെ സന്തതിയായതുകൊണ്ടാണ്! യേശുക്രിസ്തുവിനോടു സാദൃശ്യമുള്ള ഈസാനബി ആരാണെന്നു നെറ്റിക്കാടന് അറിയില്ലെങ്കില്‍ മനോവ പറഞ്ഞുതരാം. മറിയം ബീവിക്ക് ജിബ്രീല്‍ മലക്കില്‍ ജനിച്ച ജാരസന്തതിയാണ് ഈസാ! ഇത് ഖുറാനില്‍ വ്യക്തമാക്കിയിരിക്കുന്നതു നോക്കുക: "വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്റെ വീട്ടുകാരില്‍നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ). അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍"(സുറ:19;16-19).
ദൈവപുത്രനെ നിഷേധിക്കുന്ന പൈശാചിക ഗ്രന്ഥത്തെ ദൈവം നേരിട്ടു നല്‍കിയ ഗ്രന്ഥമാണെന്നു പറയുക മാത്രമല്ല, ഈ ശപിക്കപ്പെട്ട പുസ്തകത്തെ യേശുവിനു തുല്യമാക്കുകയും ചെയ്ത ആന്റണി നെറ്റിക്കാടനെപ്പോലെയുള്ള ചെകുത്താന്മാര്‍ ളോഹയിട്ടു നടക്കുമ്പോള്‍, ദൈവമക്കള്‍ സെമിനാരിയെ അവജ്ഞയോടെ തള്ളുമെന്ന് എന്തുകൊണ്ട് കര്‍ദ്ദിനാള്‍ മനസ്സിലാക്കുന്നില്ല! ഈ പുസ്തകത്തിന് അവതാരികയെഴുതിയ ആലഞ്ചേരിയ്ക്കും ഒഴിഞ്ഞുമാറാന്‍ കഴിയാത്തവിധം ഇതില്‍ പങ്കുണ്ട്. കാരണം, ആലഞ്ചേരി എഴുതിയ അവതാരികയില്‍ ഈ പുസ്തകത്തെ മഹത്വപ്പെടുത്തിയിരിക്കുന്നു. കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ സന്ദേശം ഈ 'ലിങ്കില്‍' വായിക്കുക.ആറു മീറ്റര്‍ തുണികൊണ്ടുള്ള കുപ്പായമണിഞ്ഞു വരുന്ന ഏതൊരു ശുംഭന്റെ പുസ്തകങ്ങള്‍ക്കും അവതാരികയെഴുതാനാണോ ആലഞ്ചേരി അഭിഷിക്തനായിരിക്കുന്നത്? യേശുവിനെ ദൈവപുത്രനായി ആലഞ്ചേരി അംഗീകരിക്കുന്നുണ്ടെങ്കില്‍, നെറ്റിക്കാടന്‍ എന്ന നെറികെട്ടവന്റെ പുസ്തകത്തില്‍ ഒപ്പുവയ്ക്കുമായിരുന്നില്ല. കാരണം, അയാള്‍ മഹത്വപ്പെടുത്തിയ ഖുറാനില്‍ ഈസാനബിയെക്കുറിച്ച് എഴുതിയിരിക്കുന്ന അനേകം ആക്ഷേപങ്ങളിലൊന്ന്‍ ഇതാണ്: "വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍(ഇതില്‍നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി"(സുറ:4;171).
ഖുറാനിലെ അല്ലാഹുവും ബൈബിളിലെ ദൈവവും ഒന്നാണെന്നാണോ കത്തോലിക്കാ മെത്രാന്മാരുടെ അഭിപ്രായം? അങ്ങനെയെങ്കില്‍ ത്രിത്വത്തിലുള്ള വിശ്വാസം ഉപേക്ഷിച്ചോ എന്ന് നിങ്ങള്‍ ദൈവജനത്തോടു വ്യക്തമാക്കണം! ഒരുകാര്യം കര്‍ദ്ദിനാള്‍ തിരിച്ചറിയുക:കത്തോലിക്കാസഭയിലെ യുവാക്കള്‍ക്ക് 'ദൈവവിളി' കുറഞ്ഞിട്ടില്ല; മറിച്ച്, ദൈവത്തിന്റെ വിളിയും പിശാചിന്റെ വിളിയും തിരിച്ചറിഞ്ഞതുകൊണ്ട് സെമിനാരിയിലേക്ക് അവര്‍ വരുന്നില്ലെന്നതാണ് സത്യം! ഈ ലേഖനത്തിന്റെ തുടക്കത്തില്‍ നാം കണ്ട വീഡിയോയില്‍ ഉടുതുണിയുരിഞ്ഞു താണ്ഡവനൃത്തമാടുന്ന ചാന്തുപൊട്ടന് പിന്‍ഗാമിയെയാണ് കര്‍ദ്ദിനാള്‍ അന്വേഷിക്കുന്നതെങ്കില്‍, നല്ല കുടുംബത്തില്‍ ജനിച്ച ആരെയും അന്വേഷിച്ചു സമയം കളയേണ്ടാ! വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്നും, ഏകരക്ഷകന്‍ യേശുവാണെന്നും, അല്ലാഹു ദൈവമല്ലെന്നും, ഈസാനബി 'ആന്റിക്രൈസ്റ്റ്' ആണെന്നുമൊക്കെ തിരിച്ചറിഞ്ഞ യുവാക്കളാണ് ഇന്നു കത്തോലിക്കാസഭയില്‍ ഭൂരിപക്ഷവും! രാമായണം വായിച്ചു നടക്കുന്ന വൈദീകരെയും അമൃതാനന്തമായിയുടെ ആസനം താങ്ങി നടക്കുന്ന ക്ളിമ്മീസിനെയും കാണുമ്പോള്‍ ഇവര്‍ തെറിവിളിക്കാത്തത് അവരോടുള്ള ബഹുമാനംകൊണ്ടാണെന്നു കര്‍ദ്ദിനാള്‍ തെറ്റിദ്ധരിക്കരുത്. അങ്ങയുടെ കഴുത്തില്‍ ചുറ്റിയിരിക്കുന്ന രുദ്രാക്ഷത്തിലെ പൈശാചികതപോലും നമ്മുടെ ചെറുപ്പക്കാര്‍ക്ക് അറിയാം. എന്താണ് 'രുദ്രാക്ഷത്തിലെ പൈശാചികതയെന്ന്‍ മനസ്സിലാക്കിയിട്ടില്ലാത്തവര്‍ ഈ 'വീഡിയോ' കാണുക. ശിവന്റെ കണ്ണുകള്‍ കോര്‍ത്തുണ്ടാക്കിയ മാലയും ചാര്‍ത്തിനടക്കുന്ന അങ്ങയെ കാണുമ്പോഴും ചെറുപ്പക്കാര്‍ പ്രതികരിക്കാത്തത്, ദൈവാലയത്തില്‍ വച്ചുതന്നെ വിവാഹം നടക്കണമെന്നും സെമിത്തേരിയിലെ ആറടി മണ്ണില്‍ മാതാപിതാക്കളെ സംസ്ക്കരിക്കണമെന്നുമുള്ള ആഗ്രഹംകൊണ്ടു മാത്രമാണ്!
'സെമിനാരി വിളി' കുറയാന്‍ കാരണം സോഷ്യല്‍ മീഡിയാകളോ?
'സോഷ്യല്‍ മീഡിയാകള്‍' കാരണമാണ് സെമിനാരിയിലേക്ക് ആളെ കിട്ടാത്തതെന്ന കര്‍ദ്ദിനാളിന്റെ അഭിപ്രായത്തോട് ഒരുപരിധിവരെ മനോവയും അനുകൂലിക്കുന്നു. കാരണം, സോഷ്യല്‍ മീഡിയാകളിലൂടെ നമ്മുടെ ചെറുപ്പക്കാരില്‍ അനേകര്‍ അറിവു നേടുന്നുണ്ട്. സത്യവും മിഥ്യയും തിരിച്ചറിയാന്‍ ഈ മാധ്യമം വളരെയേറെ സഹായിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. ആത്മീയ കാര്യങ്ങളിലുള്ള സംശയങ്ങള്‍ ഒരു വൈദീകനോടു ചോദിച്ചാല്‍ എന്തായിരിക്കും ഫലമെന്നു നമുക്കറിയാം. എന്നാല്‍, സോഷ്യല്‍ മീഡിയാകളിലൂടെ ഏതു സംശയങ്ങളും ദൂരീകരിക്കാന്‍ യുവാക്കള്‍ക്കു കഴിയുന്നു! മാത്രവുമല്ല, വൈദീകവേഷത്തില്‍ ഈ മീഡിയാകളിലൂടെ കറങ്ങിനടക്കുന്നവരുടെ തനിനിറം മനസ്സിലാക്കാനും ഇവരുടെ ആദ്ധ്യാത്മിക അജ്ഞത തിരിച്ചറിയാനും ഈ മാധ്യമം വളരെയേറെ ഉപകാരപ്രദമാണ്! എട്ടും പത്തും വര്‍ഷം സെമിനാരിയില്‍ യോഗാഭ്യാസവും സെക്കുലറിസവും പഠിച്ചിറങ്ങുന്ന വൈദീകരെക്കാള്‍, ദൈവവചനത്തില്‍ ആഴമായ അറിവുള്ളവരാണ് കേരളത്തിലെ കത്തോലിക്കാ യുവാക്കള്‍! ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയിലെ 'ഡോക്ടര്‍'മാരെക്കാള്‍ ദൈവശാത്ര വിഷയത്തില്‍ പാണ്ഡിത്യവും ഈ യുവാക്കള്‍ക്കുണ്ട്!
കര്‍ദ്ദിനാള്‍ ആലഞ്ചേരിയ്ക്ക് വിശ്വാസം വരുന്നില്ലെങ്കില്‍, രണ്ടു ദിവസം 'ഫേസ്ബുക്കില്‍' സമയം ചിലവഴിച്ചു നോക്കുക! നെറ്റിക്കാടന്മാരെപ്പോലെയുള്ള ഏഭ്യന്മാരുടെ പൈശാചിക ഗ്രന്ഥങ്ങള്‍ക്ക് അവതാരിക എഴുതുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ആ സമയം സോഷ്യല്‍ മീഡിയാകളില്‍ സന്ദര്‍ശനം നടത്തുന്നതാണ്. യുവാക്കളിലെ ദൈവവിളിയുടെ മഹത്വം നേരിട്ടു മനസ്സിലാക്കാന്‍ അപ്പോള്‍ അങ്ങേയ്ക്കു സാധിക്കും! മറ്റേതൊരു മാധ്യമത്തിലും ഉള്ളതുപോലെതന്നെ 'സോഷ്യല്‍' മീഡിയാകളിലും നന്മയും തിന്മയുമുണ്ട്. തിന്മ അഭിലഷിക്കുന്നവര്‍ അവ തിരഞ്ഞുപിടിച്ച് അവയില്‍ ജീവിതം തളച്ചിടും; എന്നാല്‍, നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവരാരും തിന്മയെ ആശ്ലേഷിക്കുകയില്ല. ക്രിസ്തീയ ഭവനങ്ങളില്‍നിന്നു വന്നിട്ടുള്ള യുവതീയുവാക്കള്‍ അന്യമതക്കാരുമായി പ്രണയബന്ധത്തില്‍ കുടുങ്ങുകയോ അവിഹിതബന്ധങ്ങളില്‍ നിപതിക്കുകയോ ചെയ്യാന്‍ സോഷ്യല്‍ മീഡിയാകള്‍ കാരണമായിട്ടില്ലെന്നു മനോവ പറയില്ല. എന്നാല്‍, എല്ലാ മതങ്ങളും ഒന്നാണെന്ന അബദ്ധങ്ങള്‍ പുതുതലമുറയുടെമേല്‍ അടിച്ചേല്പിച്ച പ്രായോഗിക ദൈവശാസ്ത്രത്തിന്റെ വക്താക്കളാണ് ഈ ദുരന്തത്തിനു കാരണക്കാരെന്ന സ്വയം വിമര്‍ശനത്തിനു സഭാധികാരികള്‍ തയ്യാറാവുകയാണ് വേണ്ടത്!അല്ലാതെ, സോഷ്യല്‍ മീഡിയാകളെ കുറ്റംപറഞ്ഞ് സ്വയം ന്യായീകരണം കണ്ടെത്തരുത്! സോഷ്യല്‍ മീഡിയാകളില്‍ 'കുത്തിയിരുന്ന്' കുടുംബബന്ധങ്ങളെ ശിഥിലമാക്കുകയും, ഭാര്യാഭര്‍ത്താക്കാന്മാരുടെയിടയിലെ നിസ്സാര പ്രശ്നങ്ങളെ ഊതിപ്പെരുപ്പിച്ച് അവരുടെ ജീവിതം തകര്‍ക്കുകയും മാത്രമല്ല, ഭര്‍ത്താക്കന്മാരില്‍നിന്നു ഭാര്യമാരെ വേര്‍പിരിച്ച് അവരുമായി അവിഹിതബന്ധം സ്ഥാപിച്ചിരിക്കുന്ന വൈദീകവേഷധാരികളെ സംബന്ധിച്ചുള്ള തെളിവുകള്‍ കര്‍ദ്ദിനാളിന്റെ മുന്നില്‍ മനോവ ഹാജരാക്കാം. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
സഭയെ സ്നേഹിക്കുകയും ദൈവത്തോടു വിധേയത്വം പുലര്‍ത്തുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷ സമൂഹം കത്തോലിക്കാസഭയിലെ വൈദീകവൃത്തിയില്‍ ഇന്നുമുണ്ട്. ഇവരുടെ ശബ്ദത്തിനു യാതൊരു വിലയുമില്ലെന്നതാണ് സത്യം. സെക്കുലറിസത്തിന്റെയും രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ അബദ്ധസിദ്ധാന്തത്തിന്റെയും നീര്‍ച്ചുഴിയില്‍പെട്ട് നട്ടംതിരിയുന്ന ഈ വിശുദ്ധരായ വൈദീകരെ അവഗണിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പ്രായോഗിക ദൈവശാത്രക്കാരാണ് ഭരണം കയ്യാളുന്നത്! ആശയപരമായി മാത്രമല്ല, കായികമായിപ്പോലും അടിച്ചമര്‍ത്തപ്പെട്ട വൈദീകര്‍ ഇന്നു കത്തോലിക്കാസഭയിലുണ്ട്. സത്യസന്ധമായി വചനം പ്രസംഗിക്കുന്ന വൈദീകരെ അപകീര്‍ത്തിപ്പെടുത്തുകയും ഇവരുടെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന സഭാധികാരികള്‍ ഉള്ളിടത്തോളംകാലം എങ്ങനെയാണ് ദൈവവിളിയോടു വിശ്വസ്തത പുലര്‍ത്താന്‍ സാധിക്കുന്നത്? കര്‍ദ്ദിനാള്‍ ആലഞ്ചിരിക്ക് ഓര്‍മ്മയുണ്ടോ ജയിംസ് മഞ്ഞാക്കലച്ചനെ? ഈ വൈദീകന്‍ എന്തു തെറ്റുചെയ്തിട്ടായിരുന്നു ചങ്ങനാശേരിയിലെ കല്‍ദായ മാടമ്പിയുടെ ഗുണ്ടകള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കാലുംകയ്യും തല്ലിയൊടിച്ചത്? കത്തോലിക്കാസഭയ്ക്ക് എക്കാലവും മുതല്‍ക്കൂട്ടായ അതിരമ്പുഴ കാരീസ് ഭവന്‍ സ്ഥാപിച്ചതാണോ ഈ വൈദീകന്‍ ചെയ്ത തെറ്റ്? നൂറ്റിയിരുപതോളം രാജ്യങ്ങളില്‍ ദൈവവചനം പ്രസംഗിച്ചത് ഇദ്ദേഹം ചെയ്ത അപരാധമായിരുന്നോ? 'യോഗാ' എന്ന പൈശാചികതയുടെ നിഗൂഢതകള്‍ ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തിയത് ആരെയാണ് വേദനിപ്പിച്ചത്? ജര്‍മ്മനിയിലെ ഒരു അതിര്‍ത്തി ഗ്രാമത്തില്‍ 'വീല്‍ചെയറില്‍' ഇരുന്ന് ഇന്നും ജയിംസ് മഞ്ഞാക്കലച്ചന്‍ സുവിശേഷം പ്രസംഗിക്കുന്നുണ്ട്! മഞ്ഞാക്കലച്ചന്റെ ശുശ്രൂഷകളെ അടുത്തറിയാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക.
ദൈവവിളിയുടെ അര്‍ത്ഥം ഗ്രഹിച്ചിട്ടുള്ള വൈദീകര്‍ കത്തോലിക്കാസഭയില്‍ വേറെയുമുണ്ട്. ഇവരുടെ സമീപത്തേക്ക് വചനം ശ്രവിക്കാന്‍ പതിനായിരക്കണക്കിനു ദൈവമക്കള്‍ ഓടിയടുക്കുന്നതുകണ്ട് മേലാളന്മാര്‍ അസ്വസ്ഥരായിട്ടു കാര്യമില്ല. തെരുവുകള്‍തോറും 'ഫ്ലെക്സ് ബോര്‍ഡുകള്‍' സ്ഥാപിച്ചിട്ടല്ല ദൈവജനം ഇവരുടെ അരികിലേക്ക് കടന്നുവരുന്നത്! ദൈവവചനത്തിനുവേണ്ടി ദാഹിക്കുന്ന ദൈവമക്കളുടെ അവസാന അത്താണിയാണ് ഈ വചന ശുശ്രൂഷകര്‍! സെഹിയോന്‍ ധ്യാനമന്ദിരത്തിലേക്കും സേവ്യര്‍ഖാന്‍ വട്ടായിലച്ചന്റെ വചന ശുശ്രൂഷകളിലേക്കും പതിനായിരങ്ങള്‍ കടന്നുപോകുന്നതു കാണുമ്പോള്‍ കത്തോലിക്കാസഭയിലെ 'യോഗാചാര്യന്മാര്‍' കുപ്പായം കീറുകയും തലയില്‍ പൂഴി വിതറുകയും ചെയ്യുകയല്ല വേണ്ടത്. മറിച്ച്, ഈ വചനം ഓര്‍ക്കുക: "യാഹ്‌വെ കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്? ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം"(ഉത്പ:4;6,7). കീഴടക്കുന്നതിനുപകരം കീഴടങ്ങിയവരാണ് അന്യദേവന്മാരുടെ കീര്‍ത്തനങ്ങളുമായി സഭാവേഷത്തില്‍ വിഹരിക്കുന്നത്! നാം ജാഗ്രതയോടെ അനുസരിക്കേണ്ടതിനു ദൈവമായ യാഹ്‌വെ നല്‍കിയിരിക്കുന്ന നിയമം ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധവയ്ക്കണം. അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ:23;13).
യേശുക്രിസ്തുവോ അപ്പസ്തോലന്മാരോ ഈ നിയമം നീക്കംചെയ്തിട്ടില്ലെന്നിരിക്കെ, അന്യദേവന്മാരെ പ്രകീര്‍ത്തിച്ചുകൊണ്ട് ഉലകംചുറ്റുന്ന വൈദീകര്‍ എങ്ങനെ സഭയുടെ ഭാഗമാകും? സി എം ഐ, ജെസ്യൂട്ട്, എം സി ബി എസ്, ബെനഡിക്റ്റന്‍ തുടങ്ങിയ സഭകളുടെ പ്രവര്‍ത്തനങ്ങള്‍ 'സോഷ്യല്‍' മീഡിയാകളിലൂടെ ദൈവജനം കാണുന്നതാണോ ഈ മാധ്യമങ്ങള്‍ക്കെതിരേ തിരിയാന്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ പ്രേരിപ്പിച്ച ഘടകം? അന്യദേവന്മാരുടെ പ്രചാരകരായ ഇത്തരം 'കോമാളിസഭകള്‍' സ്വൈരവിഹാരം നടത്തുമ്പോള്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ആരും ഈ ജീവിതാന്തസ് തിരഞ്ഞെടുക്കുമെന്നു തോന്നുന്നില്ല. ഇനി ആരെയും സുവിശേഷം അറിയിച്ചു മതം മാറ്റേണ്ടതില്ലെന്നു പ്രഖ്യാപിച്ച് വിജാതിയരുടെ കൈയ്യടിനേടിയ ഫ്രാന്‍സീസ് തലവനായ പ്രസ്ഥാനത്തിന് എന്തിനാണ് അധികം വൈദീകര്‍? ഇത്തരം പൈശാചിക പ്രസ്താവനകള്‍മൂലം ഉള്ളയാളുകള്‍തന്നെ സഭ മാറുകയും മതം മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്നു പ്രഖ്യാപിച്ചിരിക്കെ, മറ്റു മതങ്ങളിലേക്കോ സഭകളിലേക്കോ ചേക്കേറുന്നവരെ എന്തുപറഞ്ഞു തടയും? സഭയില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ഒരുഭാഗത്ത് സംഭവിക്കുമ്പോള്‍, സഭയിലേക്ക് ആരെയും ചേര്‍ക്കരുതെന്ന പ്രഖ്യാപനം അധികാരികളുടെ ഭാഗത്തുനിന്ന്‍ ഉണ്ടാകുകയും ചെയ്യുന്നു. അതായത്, ശോഷിച്ചുകൊണ്ടിരിക്കുന്ന സഭയില്‍ അവശേഷിക്കുന്നവരെ ബ്രഹ്മചാരികളാക്കിയാല്‍, വന്ധ്യംകരണത്തിലൂടെ കത്തോലിക്കാസഭയെ പൂര്‍ണ്ണമായി ഇല്ലാതാക്കാമെന്നാണ് സാത്താന്‍ കണക്കുകൂട്ടുന്നത്!
ആടുകള്‍ ഇല്ലാത്തിടത്ത് ഇടയന്മാരുടെ ആവശ്യമെന്താണ് എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു! യൂറോപ്പിലെ പള്ളികള്‍ അടച്ചുപൂട്ടുന്നത് വൈദീകരില്ലാത്തതുകൊണ്ടല്ല; വിശ്വാസികളില്ലാത്തതുകൊണ്ടാണ്. നിലവിലുള്ള വിശ്വാസികളെക്കൂടി എങ്ങനെയെങ്കിലും ഒഴിവാക്കിയതിനുശേഷം പള്ളികള്‍ വിറ്റ് കാശാക്കാനുള്ള തീവ്രയജ്ഞത്തിലാണ് ഇവിടുത്തെ കത്തോലിക്കാമേലാളന്മാര്‍! ജര്‍മ്മനിയിലെ കത്തോലിക്കാ നേതാക്കന്മാര്‍ തയ്യാറാക്കുന്ന പുതിയ നിയമത്തെ അതിന്റെ സൂചനയായി മനോവ കാണുന്നു. ഇവിടെയുള്ള വിശ്വാസികളുടെ വരുമാനത്തില്‍നിന്ന് പള്ളിക്കുള്ള നികുതി കൃത്യമായി പിരിച്ചെടുക്കുന്ന രീതിയുണ്ട്. ശമ്പളത്തില്‍നിന്നു നേരിട്ടുതന്നെ പള്ളിക്കരം പിടിക്കുന്ന രീതിയാണ് ഇന്നു നിലവിലുള്ളത്. ഈ കാരണത്താല്‍ത്തന്നെ സഭ ഉപേക്ഷിച്ചുപോകുന്ന അനേകരുണ്ട്. വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള വിശ്വാസം അധികാരികളില്‍ ഇല്ലാത്തതുകൊണ്ടുതന്നെ, കൊഴിഞ്ഞുപോക്കുകാരെ കുറ്റംവിധിക്കാന്‍ മനോവ തയ്യാറല്ല. സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, പുതിയൊരു നികുതിയുമായാണ് കാത്തോലിക്കാ നേതാക്കന്മാര്‍ ഇറങ്ങിയിരിക്കുന്നത്. പതിനായിരം യൂറോയോ അതിനു മുകളിലോ ബാങ്കില്‍ നിക്ഷേപമുണ്ടെങ്കില്‍, അതിന്റെ പലിശയില്‍നിന്നു വീണ്ടും പള്ളിക്കരം ഈടാക്കുന്ന നികുതി സമ്പ്രദായമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ദൈവം ആരാണെന്നുപോലും അറിയാത്ത പുതുതലമുറയെ ഇസ്ലാമിലേക്കു തള്ളിവിടാന്‍ സാത്താനൊരുക്കുന്ന ഒരു കെണിയായിട്ടാണ് മനോവ ഇതിനെ കാണുന്നത്.
ഇവിടെ അഭയാര്‍ഥികളായി കടന്നുവരുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഒന്നിനും കുറവില്ലാതെ സംരക്ഷിക്കാന്‍ ഇവിടുത്തെ ഭരണകൂടം ശ്രദ്ധിക്കുന്നുണ്ട്. ഇതിനുപുറമേ കത്തോലിക്കാസഭയുടെ സന്നദ്ധസംഘടനയായ 'കാരിത്താസ്' വഴി കോടികള്‍ ഇവര്‍ക്കുവേണ്ടി ചിലവഴിക്കുന്നു. പാവപ്പെട്ട ക്രിസ്ത്യാനികളെ പിഴിഞ്ഞുണ്ടാക്കുന്ന പണംകൊണ്ട് ഇസ്ലാമിനെ തീറ്റിപ്പോറ്റുന്ന കത്തോലിക്കാ നേതാക്കന്മാരുടെ ലക്ഷ്യമെന്താണെന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. ക്രിസ്ത്യാനിയുടെ ചിലവില്‍ ജീവിച്ചുകൊണ്ട് ക്രിസ്ത്യാനികളുടെമേലേ മേക്കിട്ടുകയറാന്‍ ഇസ്ലാമിനെ സഹായിക്കലാണ് കാരിത്താസിന്റെ പ്രേഷിതശുശ്രൂഷ! യൂറോപ്പില്‍ വിജാതിയത വളര്‍ത്താനുള്ള ഫണ്ടുശേഖരണമായി പുതിയ നികുതിപ്പിരിവിനെ കാണേണ്ടിയിരിക്കുന്നു. ഈ വിഷയത്തിലേക്കു ചര്‍ച്ച നീട്ടിക്കൊണ്ടുപോകാന്‍ മനോവ ഉദ്യമിക്കുന്നില്ല. കാരണം, ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്യുവാന്‍ ശ്രമിച്ച വിഷയം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ഉപചാരപൂര്‍വ്വമുള്ള ഒരു ഉപസംഹാരം മാത്രമേ അവശേഷിക്കുന്നുള്ളൂ.
യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുമുന്‍പ് അവിടുന്ന് തന്റെ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരെ ഏല്പിച്ച ദൗത്യത്തിലേക്കു തിരികെവരാന്‍ സഭാധികാരികള്‍ തയ്യാറായാല്‍ കത്തോലിക്കാസഭയിലെ യുവാക്കള്‍ വൈദീകവൃത്തിയെ മഹത്വമുള്ളതായി പരിഗണിക്കുകയും തങ്ങളുടെ ജീവിതം അതിനുവേണ്ടി സമര്‍പ്പിക്കുകയും ചെയ്യും. വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്ന സത്യം ധൈര്യപൂര്‍വ്വം പ്രസംഗിച്ച അപ്പസ്തോലന്മാരുടെ പിന്മുറക്കാരാണു മെത്രാന്മാരെന്നു സഭയിലെ യുവാക്കള്‍ മനസ്സിലാക്കട്ടെ! കത്തോലിക്കാസഭയിലെ യുവാക്കളെക്കുറിച്ചുള്ള കര്‍ദ്ദിനാളിന്റെ ആകുലത അവരുടെ ആത്മരക്ഷയെ മുന്‍നിര്‍ത്തിയുള്ളതായിരിക്കുകയും ചെയ്യട്ടെ! ഒരുകാര്യം കര്‍ദ്ദിനാള്‍ മറക്കേണ്ടാ; നമ്മുടെ സഭയിലെ യുവാക്കളില്‍ എക്കാലത്തെക്കാളും അധികമായ ആത്മീയദാഹം ഇന്നു പ്രകടമാണ്! എന്നിരുന്നാലും, അധികാരികളുടെ വിജാതിയ പ്രണയങ്ങളിലും വഴിപിഴച്ച ദൈവശാസ്ത്രങ്ങളിലും ഇവര്‍ അസ്വസ്ഥരാണെന്ന വസ്തുതയും അങ്ങ് മനസ്സിലാക്കണം! കര്‍ണ്ണാടക സംസ്ഥാനത്തുള്ള 'ലിംഗായത്ത്' സമുദായത്തെ ക്രിസ്തീയതയിലേക്ക് ആകര്‍ഷിക്കാന്‍ 'ലിംഗ' പൂജ നടത്താന്‍ പ്രേരിപ്പിക്കുന്ന സാത്താന്മാര്‍ വൈദീകവേഷത്തില്‍ അഴിഞ്ഞാടുമ്പോള്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരുവനെപ്പോലും ഇവറ്റകളുടെ പിന്‍ഗാമികളായി ലഭിക്കില്ലെന്ന യാഥാര്‍ത്ഥ്യം സഭാനേതൃത്വം മനസ്സിലാക്കുക! ഇന്ത്യയിലെ 'ജെസ്യൂട്ട്'ചെകുത്താന്മാര്‍ കാട്ടിക്കൂട്ടുന്ന ഈ ആഭാസം നിര്‍ത്തലാക്കാന്‍ 'കര്‍ദ്ദിനാളന്മാര്‍ക്ക്' ധൈര്യമുണ്ടോ? ഈ പൈശാചിക സഭയിലെ ഒരു ചാന്തുപൊട്ടന്‍ ഉടുതുണിയുരിഞ്ഞ് താണ്ഡവമാടുന്ന വീഡിയോ മനോവ പുറത്തുവിട്ടിരുന്നു. ഇവന്റെ പിതാക്കന്മാരാണ് ലിംഗപൂജയുടെ ഉപജ്ഞാതാക്കള്‍! സംശയമുള്ളവര്‍ ഈ 'വീഡിയോ' കണ്ടുനോക്കുക!
ഉപസംഹരണം: ദൈവജനത്തിന് ഇടര്‍ച്ചയുണ്ടാക്കുന്ന ആ രുദ്രാക്ഷമാലയൊക്കെ ദൂരെക്കളഞ്ഞ്, ക്രിസ്തീയതയ്ക്കു ചേരുന്നവിധം അങ്ങ് വ്യാപരിക്കുക. യുവാക്കള്‍ അങ്ങയുടെ പിന്നിലുണ്ടാകും. സനാതന കര്‍ദ്ദിനാളിനോടു നല്ലകാര്യങ്ങള്‍ പറഞ്ഞിട്ടു ഫലമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അങ്ങയോടു മാത്രമായി ഇത്രയും പറഞ്ഞത്! അങ്ങ് കൈക്കൊണ്ടിട്ടുള്ള അനേകം നല്ല തീരുമാനങ്ങളെ ശ്ലാഘിക്കാന്‍ മനോവ ഒരു പിശുക്കും കാട്ടിയിട്ടില്ല. അവയൊക്കെ മനോവയുടെ താളുകളി ഭദ്രമാണ്. നന്മയെ നന്മയെന്നും തിന്മയെ തിന്മയെന്നും വിളിക്കുവാനാണ് മനോവ എക്കാലവും ശ്രദ്ധിച്ചിട്ടുള്ളത്!
http://www.manovaonline.com/news_detail/73/malayalam
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin