Monday, 9 May 2016

ഐഎസ് ആക്രമണത്തില്‍ നിന്നും രക്ഷപെട്ട സിസ്റ്റർ സാലി വീണ്ടും സേവന പാതയിലേക്ക്

സ്വന്തം ലേഖകന്‍ 07-05-2016 - Saturday

തൊടുപുഴ: യെമനില്‍ ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട മലയാളി കന്യാസ്ത്രീ തന്റെ പ്രവര്‍ത്തന മേഖലയിലേക്കു വീണ്ടും തിരികെ എത്തുന്നു. തന്റെ കൂടെ സേവനമനുഷ്ട്ടിച്ചിരിന്ന 16 പേരെ വെടിവെച്ചു ഐഎസ് കൊലപ്പെടുത്തുന്നതിനു സാക്ഷിയായ തൊടുപുഴ സ്വദേശിനി സിസ്റ്റര്‍ മേരി സാലിയാണു വീണ്ടും സേവനപാതയിലേക്കു ഒരിടവേളയ്ക്കു ശേഷം മടങ്ങിയെത്തുന്നത്. സംഭവം നടന്നു രണ്ടു മാസങ്ങള്‍ പിന്നിട്ട ശേഷവും പൂര്‍ണ്ണമായും ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും കരകയറുവാന്‍ സാലി സിസ്റ്റര്‍ക്കായിട്ടില്ല. 

മാര്‍ച്ച് നാലിനായിരുന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സ് യെമനില്‍ നടത്തുന്ന മദര്‍ തെരേസ ഹോമില്‍ ഐഎസ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട 16 പേരില്‍ നാലു പേര്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീകളായിരുന്നു. ഈ സംഭവം നടന്ന ദിവസം തന്നെയാണ് ഇതേ വൃദ്ധസദനത്തില്‍ വൈദികനായി സേവനം ചെയ്തിരുന്ന ഫാദര്‍ ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടികൊണ്ടു പോയതും. വൈദികനെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഭാരത സര്‍ക്കാര്‍ തുടരുകയാണ്. 

"ആക്രമണം നടത്തുവാനെത്തിയ തീവ്രവാദികള്‍ കാവല്‍ക്കാരനെ ആദ്യം വെടിവച്ചു വീഴ്ത്തി. പിന്നീട് ചിലരെ പിടിച്ചുകെട്ടി. കന്യാസ്ത്രീകളെ വെടിവയ്ക്കരുതെന്നു ചില സ്ത്രീകള്‍ തൊഴുകൈകളോടെ തീവ്രവാദികളോടു കേണു പറഞ്ഞു. ആദ്യം അപേക്ഷിച്ചവരേയും, പിന്നീട് കന്യാസ്ത്രീകളേയും തീവ്രവാദികള്‍ വെടിവച്ചു കൊലപ്പെടുത്തി. ഞങ്ങള്‍ ആക്രമണം നടന്ന സ്ഥലത്തു നിന്നും വേഗം ഓടിപോയതിനാല്‍ മാത്രമാണു തീവ്രവാദികളില്‍ നിന്നും രക്ഷപെട്ടത്". ഭീതിയോടെയാണ് അന്നു നടന്ന കാര്യങ്ങള്‍ സിസ്റ്റര്‍ സാലി ഓര്‍ക്കുന്നത്.
ആക്രമണത്തില്‍ നിന്നും രക്ഷപെട്ട സിസ്റ്റര്‍ ആദ്യം അബുദാബിയിലെ ബിഷപ്പ് ഹൗസില്‍ എത്തി. പിന്നീട് ജോര്‍ദാനിലുള്ള റീജിയണല്‍ ഹൗസിലേക്കു പോയി. അവിടെ നിന്നും കൊല്‍ക്കത്തയിലേക്കു മടങ്ങിയ സാലി സിസ്റ്റര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊടുപുഴയിലെ വെളിയമറ്റത്തിലെ വീട്ടിലാണുള്ളത്. വരും ദിവസങ്ങളില്‍ തന്നെ ജോര്‍ദാനിലുള്ള റീജിയണല്‍ ഹൗസിലേക്കായിരിക്കും സിസ്റ്റര്‍ മടങ്ങുക. 1978-ലാണു സിസ്റ്റര്‍ മേരി സാലി മിഷണറീസ് ഓഫ് ചാരിറ്റിയില്‍ ചേരുന്നത്‌. 

ഇതിനിടെ യെമന്‍ സര്‍ക്കാരിനെതിരേ ഹൂതി വിമതരും ഐഎസും ചേര്‍ന്ന് ആക്രമണം തുടരുകയാണ്. 6000-ല്‍ അധികം പേര്‍ ഇതുവരെ യെമനില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്. ദേവാലയങ്ങളും ചെറിയ ചാപ്പലുകളും ഓരോ ദിവസവും തീവ്രവാദികള്‍ നശിപ്പിക്കുകയാണ്. ഐഎസ് ആക്രമണത്തെ തുടര്‍ന്നു സര്‍ക്കാര്‍ അനുകൂല സൈന്യം യെമനിലെ മദര്‍തെരേസ ഹോമിന് ആവശ്യമായ സുരക്ഷ നല്‍കുന്നുണ്ട്.
http://pravachakasabdam.com/index.php/site/news/1319

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin