Tuesday, 31 May 2016

ഫാദര്‍ ടോം ഉഴുന്നാലിന്റെ വീട്ടില്‍ സിസ്റ്റര്‍ സാലി എത്തി; വികാരഭരിതരായി സഹോദരനും ഭാര്യയും

സ്വന്തം ലേഖകന്‍ 30-05-2016 - Monday


രാമപുരം: യെമനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട സിസ്റ്റര്‍ സാലി, രാമപുരത്തെ ഫാദര്‍ ടോം ഉഴുന്നാലിന്റെ തറവാട്ടില്‍ എത്തി. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന മിഷ്‌ണറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളായ സിസ്റ്റര്‍ ബിന്ദുവിനും സിസ്റ്റര്‍ ക്ലെയ്‌റി റോസിനുമൊപ്പമാണ് സിസ്റ്റര്‍ സാലി എത്തിയത്. ഫാദര്‍ ടോമിന്റെ സഹോദരനായ മാത്യുവും അദ്ദേഹത്തിന്റെ ഭാര്യ റീത്തയും വികാരഭരിതരായാണ് സിസ്റ്റേഴ്സിനെ സ്വീകരിച്ചത്. യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഫാദര്‍ ടോം സേവനം ചെയ്തിരുന്ന മദര്‍തെരേസ ഹോമില്‍ തന്നെയാണ് മിഷ്‌ണറീസ് ഓഫ് ചാരിറ്റിയില്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ സാലിയും സേവനം അനുഷ്ഠിച്ചിരുന്നത്.

2016 മാര്‍ച്ച് നാലാം തീയതിയാണ് യെമനിലെ ഏദനിലുള്ള മദര്‍തെരേസ ഹോമിനു നേരെ തീവ്രവാദി ആക്രമണം ഉണ്ടായത്. അവിടെ താമസിച്ചിരിന്ന 12 അന്തേവാസികളെയും നാലു കന്യാസ്ത്രീകളെയും തീവ്രവാദികള്‍ അന്നു കൊലപ്പെടുത്തിയിരുന്നു.

ജീവന്‍ കൈയില്‍ പിടച്ച് പ്രാര്‍ത്ഥിച്ച ആ നിമിഷങ്ങള്‍ ഫാദര്‍ ടോമിന്റെ സഹോദരനായ മാത്യുവിനോടും ഭാര്യ റീത്തയോടും സിസ്റ്റര്‍ സാലി പങ്ക് വെച്ചു, "സന്ദര്‍ശകര്‍ക്കു വേണ്ടി ഹോമിന്റെ ഗേറ്റുകള്‍ തുറന്നിട്ടിരിക്കുന്ന സമയത്താണ് തീവ്രവാദികള്‍ കടന്നു വന്നത്. ഗേറ്റില്‍ കാവല്‍ നിന്നിരുന്ന രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ അവര്‍ ആദ്യം തന്നെ വെടിവച്ചു വീഴ്ത്തി. ഈ സമയം ഞാന്‍ മുറിക്കുള്ളില്‍ തന്നെയുണ്ടായിരുന്നു. തീവ്രവാദികള്‍ വരുന്ന സമയം ഞാന്‍ ഫാദര്‍ ടോമിനെ ഫോണില്‍ വിളിക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല. തീവ്രവാദികളില്‍ നിന്നും രക്ഷനേടുവാന്‍ ഞാന്‍ സ്‌റ്റോര്‍ റൂമില്‍ കയറി ഒളിച്ചിരുന്നു. അവര്‍ ഉള്ളില്‍ പ്രവേശിച്ച ശേഷം മുറികളില്‍ കയറി പരിശോധിച്ചു. അന്തേവാസികളോട് സ്ഥാപനത്തില്‍ എത്ര കന്യാസ്ത്രീകളും പുരോഹിതരുമുണ്ടെന്ന് അവര്‍ തിരക്കി. എന്നാല്‍ അന്തേവാസികള്‍ ആരേയും ഒറ്റു കൊടുത്തില്ല. ഈ കാരണത്താല്‍ അവര്‍ അന്തേവാസികളെ വെടിവച്ചു കൊലപ്പെടുത്തി. ഞാന്‍ ഒളിച്ചിരുന്ന സ്റ്റോര്‍ റൂമിലേക്ക് അവര്‍ ഗ്രേനേഡുകള്‍ എറിഞ്ഞു. ഗ്രേനേഡുകള്‍ പൊട്ടിചിതറുമ്പോള്‍ മുറിക്കുള്ളില്‍ ഒളിച്ചിരിക്കുന്നവര്‍ പുറത്തേക്ക് വരുമെന്നാണ് അവര്‍ കരുതിയത്".

"ഗ്രേനേഡ് പൊട്ടി മരിച്ചാലും തീവ്രവാദികളുടെ കൈയില്‍ അകപ്പെട്ടു മരിക്കേണ്ടി വരല്ലേയെന്ന ഒറ്റ പ്രാര്‍ത്ഥനയെ മനസ്സില്‍ ഉണ്ടായിരിന്നുള്ളൂ. വീണ്ടും ഗ്രേനേഡുകള്‍ വന്നു വീണപ്പോള്‍ ഞാന്‍ ബോധരഹിതയായി. രണ്ടു മണിക്കൂറിനു ശേഷം ബോധം തിരികെ ലഭിച്ച ഞാന്‍ മുറിക്കു പുറത്തേക്ക് വന്നു. എല്ലായിടവും മൃതശരീരങ്ങള്‍. പലര്‍ക്കും നെറ്റിയുടെ വലതുഭാഗത്തായാണ് വെടിയേറ്റിരിക്കുന്നത്. തല്‍ക്ഷണം എല്ലാവരും മരിച്ചു". ഭീതിയുടെ മണിക്കൂറുകള്‍ വിവരിക്കുന്നത് സിസ്റ്റര്‍ തുടര്‍ന്നു.

"ഇതിനെല്ലാം ദൃക്‌സാക്ഷിയായ ഒരു ബാലന്‍ എന്നോടു കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് ഫാദര്‍ ടോമിനെ അവര്‍ ബന്ധികളാക്കി കടത്തിക്കൊണ്ടു പോയെന്ന കാര്യം ഞാന്‍ അറിയുന്നത്. തീവ്രവാദി ആക്രമണം നടക്കുന്ന സമയത്ത് ചാപ്പലില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു ഫാദര്‍ ടോം. മഠം ആക്രമിക്കപ്പെടുകയാണെന്നു മനസിലാക്കിയ ഫാദര്‍ രക്ഷപെടുവാന്‍ ശ്രമിക്കാതെ ചാപ്പലില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ കുര്‍ബാന മുഴുവനായും ഭക്ഷിച്ചു. തീവ്രവാദികളുടെ കൈയില്‍ വാഴ്ത്തിയ ഓസ്തി ലഭിക്കാതെ ഇരിക്കുന്നതിനാണ് ഫാദര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. ചാപ്പലിലേക്കു കടന്ന തീവ്രവാദികള്‍ അച്ചന്റെ കണ്ണുകള്‍ കറുത്ത തുണി ഉപയോഗിച്ചു കെട്ടി. പിന്നീട് കരങ്ങള്‍ രണ്ടും പുറകിലേക്ക് വലിച്ചു കെട്ടി ബന്ധിയാക്കി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി". സംഭവത്തിനു ദൃക്‌സാക്ഷിയായ ബാലന്‍ തന്നോടു പറഞ്ഞ വിവരം സിസ്റ്റര്‍ സാലി പറഞ്ഞു നിര്‍ത്തി.

സിസ്റ്റര്‍ സാലി വീട്ടിലേക്കു കടന്നു വന്നപ്പോള്‍ തങ്ങള്‍ക്ക് അച്ചന്‍ വന്നതു പോലെയാണ് അനുഭവപ്പെട്ടതെന്നു റീത്ത പറഞ്ഞു. ഫാദര്‍ ടോം അയച്ചു നല്‍കിയ ഒരു ഫോട്ടോ സിസ്റ്റര്‍ സാലിയെ അവര്‍ കാണിച്ചു. ആക്രമണം നടന്ന ദിവസത്തിന്റെ തലേ രാത്രി എടുത്ത ചിത്രമാണിതെന്നു സിസ്റ്റര്‍ വീട്ടുകാരോടു പറഞ്ഞു. ആക്രമണത്തിനു ശേഷം ലോകമാധ്യമങ്ങളില്‍ നിറഞ്ഞ ഫാദര്‍ ടോമിന്റെ മുഖം ഈ ചിത്രത്തിലേതാണ്.

തന്റെ സേവന പാതയില്‍ കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കുവാന്‍, ജൂണ്‍ ഏഴാം തീയതി ജോര്‍ദാനിലെ മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ റീജിയണല്‍ ഹോമിലേക്ക് സിസ്റ്റര്‍ സാലി വീണ്ടും യാത്രയാകും. താന്‍ ഇനി മടങ്ങിയെത്തുമ്പോഴേക്കും ഫാദര്‍ ടോം സുരക്ഷിതനായി രാമപുരത്തേ വീട്ടിലേക്ക് എത്തുവാന്‍ ദൈവം അനുവദിക്കുമെന്ന് സിസ്റ്റര്‍ സാലി പ്രത്യാശ പ്രകടിപ്പിച്ചു.
http://pravachakasabdam.com/index.php/site/news/1548

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin