വിശ്വാസധാരകൾ കൈകോർത്തു; സമാധാനത്തിനായി...
Tuesday 24 May 2016 01:48 AM IST
കയ്റോ അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹ്മദ് അൽ തയ്യിബും ഫ്രാൻസിസ് മാർപാപ്പയും വത്തിക്കാനിൽ കൂടിക്കാഴ്ചയ്ക്കിടെ ഉപഹാരം കൈമാറുന്നു.
വത്തിക്കാൻ സിറ്റി∙ ഹൃദ്യമായ ആശ്ലേഷത്തോടെയും സൗഹൃദചുംബനങ്ങളോടെയും അവർ കൂടിക്കണ്ടു. രണ്ടു വിശ്വാസധാരകൾ കൈപിടിച്ചപ്പോൾ അതു സമാധാനത്തിന്റെ പാതയിലേക്കുള്ള ഒന്നിച്ചുള്ള ചുവടുവയ്പായി. ഫ്രാൻസിസ് മാർപാപ്പയും രാജ്യാന്തര ഉന്നത ഇസ്‌ലാമിക കലാലയമായ കയ്റോ അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹ്മദ് അൽ തയ്യിബുമാണു വിശ്വാസവഴിയിൽ പുതിയ ചരിത്രം കുറിക്കാൻ ഒത്തുചേർന്നത്.
2011ൽ അന്നത്തെ മാർപാപ്പ ബനഡിക്ടിന്റെ ഒരു പരാമർശത്തെ തുടർന്ന് അകൽച്ചയിലായിരുന്ന ഇരു വിശ്വാസധാരകളും അഞ്ചുവർഷത്തിനു ശേഷം ഐക്യത്തിന്റെ വഴിയിലേക്കു തിരിച്ചുവരുന്ന ചരിത്രമുഹൂർത്തത്തിനു കൂടിയാണ് ഇന്നലെ വത്തിക്കാൻ സാക്ഷ്യംവഹിച്ചത്. 2013ൽ മാർപാപ്പയായി ചുമതലയേറ്റതു മുതൽ ഫ്രാൻസിസ് പാപ്പ ആരംഭിച്ച ശ്രമമാണ് ഇപ്പോൾ ലക്ഷ്യം കണ്ടത്.
ദീർഘമായ ആലിംഗനത്തോടെയാണു മാർപാപ്പ ഗ്രാൻഡ് മുഫ്തിയെ വത്തിക്കാനിലേക്കു സ്വീകരിച്ചത്. ‘ഈ കൂടിക്കാഴ്ച തന്നെയാണ് അതിന്റെ സന്ദേശം’ എന്നായിരുന്നു പാപ്പയുടെ പ്രതികരണം. സമാധാനവും സഹവർത്തിത്വവും എന്ന സന്ദേശം പ്രചരിപ്പിക്കാനുള്ള ശ്രമമായാണു മാർപാപ്പയുടെ ക്ഷണം സ്വീകരിച്ചതെന്ന് അൽ അസ്ഹർ വക്താവും അറിയിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റി ചർച്ചയുണ്ടായി. അക്രമത്തെയും ഭീകരതയെയും തള്ളിപ്പറയാനും ലോകസമാധാനത്തിനായി ഒന്നിച്ചുനിൽക്കാനും ധാരണയായതായും വത്തിക്കാൻ വക്താവ് അറിയിച്ചു. മധ്യപൗരസ്ത്യ മേഖലയിൽ ക്രൈസ്തവ സമൂഹത്തിനു സുരക്ഷ ഉറപ്പാക്കുന്ന കാര്യവും ചർച്ചചെയ്തു. ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് ഒരു മണിക്കൂറോളമാണു ഗ്രാൻഡ് ഇമാം ചെലവിട്ടത്.
രണ്ടായിരാമാണ്ടിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും അന്നത്തെ ഗ്രാൻഡ് ഇമാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു വർഷം കഴിഞ്ഞുണ്ടായ സെപ്റ്റംബർ 11 ആക്രമണത്തോടെ രാജ്യാന്തര ഇസ്‌ലാമിക സമൂഹവും പടിഞ്ഞാറൻ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായി. പിന്നീടു 2013ൽ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ ക്രൈസ്തവ ദേവാലയത്തിനു പുറത്തുണ്ടായ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടപ്പോൾ, അക്രമത്തിന്റെ നയം ക്രൈസ്തവരെ ലക്ഷ്യംവയ്ക്കുന്നതായി ബെനഡിക്ട് മാർപാപ്പ ആരോപിച്ചത് ഇരു സമൂഹങ്ങൾക്കുമിടയിൽ ചെറിയ അസ്വാരസ്യത്തിനിടയാക്കിയിരുന്നു.
ഇത്തരം കാലുഷ്യങ്ങളെല്ലാമാണ് ഇന്നലത്തെ കൂടിക്കാഴ്ചയിൽ കലങ്ങിത്തെളിഞ്ഞത്. ലോകത്തിലെ പ്രമുഖ സുന്നി സർവകലാശാലയായ അൽ അസ്ഹറിൽ നാലര ലക്ഷത്തോളം വിദ്യാർഥികളാണു പഠിക്കുന്നത്. ഇവരിലേറെയും ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഈജിപ്തിലാകെ 20 ലക്ഷത്തോളം കുട്ടികൾ പഠിക്കുന്ന ഒൻപതിനായിരത്തോളം സ്കൂളുകളും അൽ അസ്ഹറിനുണ്ട്.
http://www.manoramaonline.com/news/world/01-cpy-pope-meet-islamic-clergy...html
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin