Tuesday, 17 May 2016

സ്‌നേഹം തെളിയിക്കുന്നത് 

വാക്കുകളിലൂടെയല്ല, മറിച്ച് 

പ്രവര്‍ത്തിയിലൂടെ: ഫ്രാന്‍സിസ് മാര്‍പാപ്പ


സ്വന്തം ലേഖകന്‍ 16-05-2016 - Monday

വത്തിക്കാന്‍: ഒരാള്‍ തന്നില്‍ ദൈവത്തിന്റെ സ്‌നേഹം നിറഞ്ഞു നില്‍ക്കുന്നുവെന്നു തെളിയിക്കുന്നതു പ്രസംഗത്തിലൂടെയല്ലെന്നും പ്രവര്‍ത്തിയിലൂടെ അതിനെ വെളിപ്പെടുത്തുമ്പോള്‍ മാത്രമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പെന്തക്കുസ്താ തിരുനാളിൽ സെന്റ് പീറ്റേഴ്‌സ് സ്വകയറിലെത്തിയ ആയിരങ്ങളോടു സംസാരിക്കുമ്പോഴാണ് പരിശുദ്ധ പിതാവ് സ്‌നേഹം പ്രവര്‍ത്തിയിലൂടെ തെളിയിക്കണമെന്നു ആഹ്വാനം ചെയ്തത്. ക്രിസ്തുവിന്റെ അപ്പസ്‌ത്തോലന്‍മാരിലേക്കും പിന്‍ഗാമികളിലേക്കും പരിശുദ്ധാത്മാവിന്റെ ശക്തി വന്നു നിറഞ്ഞ ദിനമാണ് പെന്തകുസ്തദിനം. പരിശുദ്ധാത്മ നിറവിനായി അവര്‍ കൂടിയിരുന്നു പ്രാര്‍ത്ഥിച്ചു. ഈ പരിശുദ്ധാത്മാവിന്റെ ശക്തിയാലാണു ക്രിസ്തു സ്‌നേഹവും രക്ഷയും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും അപ്പോസ്‌ത്തോലന്‍മാരിലൂടെ എത്തിചേര്‍ന്നത്. നമ്മേയും സഭയേയും അനുദിനം വഴിനടത്തുന്നതു പരിശുദ്ധാത്മാവാണ്. ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

ഉയിര്‍പ്പിനു ശേഷമുള്ള 50-ാം ദിനമാണ് പെന്തക്കുസ്ത ദിനമായി സഭ ആചരിക്കുന്നത്. "ഓരോ വ്യക്തിയും ക്രൈസ്തവനാകുന്നത് പാരമ്പര്യമായി തങ്ങളിലേക്കു ലഭിക്കുന്ന ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും അല്ല, ചില പ്രത്യേക വിശ്വാസങ്ങള്‍ ഉണ്ടെന്നു കരുതിയും ആരും ക്രൈസ്തവര്‍ ആകുന്നില്ല. സ്വന്തം ജീവിതം കൊണ്ട് സ്‌നേഹപ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെ മാത്രമേ ഒരു ഉത്തമ ക്രൈസ്തവനാകാന്‍ നമ്മുക്ക് കഴിയുകയുള്ളൂ, ക്രിസ്തുവിനെ സ്‌നേഹിക്കുന്നവന്‍ അവനെ അയച്ച പിതാവായ ദൈവത്തെ സ്‌നേഹിക്കുന്നു. പിതാവ് ക്രിസ്തുവിനെ സ്‌നേഹിക്കുന്നവര്‍ക്കു നല്‍കുന്ന സത്യത്തിന്റെ ആത്മാവാണ് പരിശുദ്ധാത്മാവ്. ഈ ആത്മാവിനെ ലഭിക്കുവാന്‍ നമുക്കു സാധിക്കണം. സ്‌നേഹം സ്വന്തം ജീവിതത്തില്‍ പ്രകടിപ്പിക്കാതെ നമുക്ക് ഇതിനു സാധിക്കുകയില്ല". പരിശുദ്ധ പിതാവ് കൂട്ടി ചേര്‍ത്തു.
"പരിശുദ്ധാത്മാവ് നമുക്കു വേണ്ടി വാദിക്കുന്നവനാണെന്നു ക്രിസ്തു തന്നെ പറയുന്നുണ്ട്. നമുക്കുവേണ്ടി വാദിക്കുന്നവന്‍ നമ്മേ തിന്മ പ്രവര്‍ത്തികളില്‍ നിന്നും സാത്താന്റെ കെണികളില്‍ നിന്നും രക്ഷിക്കുന്നു. പാപത്തിന്റെ അടിമത്വത്തില്‍ നിന്നും നമ്മേ രക്ഷിക്കുന്നതും ദൈവാത്മാവാണ്". പരിശുദ്ധ പിതാവ് പറഞ്ഞു. ദൈവത്തിന്റെ വചനങ്ങളും അവന്റെ കല്‍പ്പനകളും നമ്മേ ഓര്‍മ്മിപ്പിക്കുന്നതും പരിശുദ്ധാത്മ പ്രവര്‍ത്തനം തന്നെയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. 

തായ്ലന്‍ഡ്, കൊറിയ, പരാഗ്വേ, മാഡ്രിഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിയവരെ പിതാവ് പ്രത്യേകം അഭിവാദ്യം ചെയ്തു. ഒക്ടോബര്‍ മാസത്തില്‍ ലോക മിഷ്‌നറിമാര്‍ക്കായി പ്രാര്‍ത്ഥനകള്‍ നമ്മള്‍ നടത്തുമ്പോള്‍ യുവജനങ്ങളെ പ്രത്യേകം ഓര്‍ക്കണമെന്നും പിതാവ് പറഞ്ഞു. എനിക്കു വേണ്ടിയും നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞ ശേഷം എല്ലാവര്‍ക്കും ഒരു നല്ല ഊണുകഴിക്കുവാന്‍ കഴിയട്ടെ എന്ന നര്‍മ്മ സംഭാഷണത്തോടെയാണു പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
http://pravachakasabdam.com/index.php/site/news/1399

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin