വിശുദ്ധ മദർ തെരേസയുടെ ആദ്യ തിരുനാൾ ആഘോഷമാക്കി വിശ്വാസ സമൂഹം
Tuesday 06 September 2016 12:32 AM IST
വിശുദ്ധ മദർ തെരേസയുടെ ചരമവാർഷിക ദിനത്തിൽ കൊൽക്കത്തയിൽ മദറിന്റെ കബറിടത്തിൽ പ്രാർഥിക്കുന്നവർ. ചിത്രം: സലിൽ ബേറ
വത്തിക്കാൻ സിറ്റി ∙ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള മദർ തെരേസയുടെ ആദ്യതിരുനാൾ വത്തിക്കാനിലും കൊൽക്കത്തയിലും ആഘോഷമായി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്നലെയും അനേകായിരങ്ങളാണു മദറിന്റെ തിരുനാൾ കുർബാനയിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുത്തത്. മദർ ജീവിച്ചുമരിച്ച കൊൽക്കത്തയിലെ മദർ ഹൗസിൽ നടന്ന തിരുനാൾ ചടങ്ങുകളിലും വിശ്വാസിസമൂഹം പങ്കാളികളായി.
കൊൽക്കത്തയിലെ വിശുദ്ധ തെരേസ ദൈവസ്നേഹത്തിന്റെ കണ്ണാടിയും സേവനത്തിന്റെ ആദരണീയ മാതൃകയുമാണെന്നു വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദിനാൾ പീയെത്രോ പരോളിൻ പറഞ്ഞു. സെന്റ് പീറ്റേഴ്സ് ബസിലിക്ക അങ്കണത്തിൽ നടന്ന തിരുനാൾ കുർബാനയിൽ സന്ദേശം നൽകുകയായിരുന്നു കർദിനാൾ. മദർ തെരേസയുടെ 19–ാം ചരമവാർഷിക ദിനമായിരുന്ന ഇന്നലെ, മദർ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിൽ കൊൽക്കത്തയിലും തിരുനാൾ ആഘോഷപൂർവമായി.
ദൈവത്തിന്റെ കയ്യിലെ തൂലികയാണു താനെന്നു സ്വയം നിർവചിച്ചയാളായിരുന്നു മദർ തെരേസ. മദർ രചിച്ചതാവട്ടെ, സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സാന്ത്വനത്തിന്റെയും സന്തോഷത്തിന്റെയും കവിതകളായിരുന്നുവെന്നും കർദിനാൾ പറഞ്ഞു. സിബിസിഐ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് കളത്തിപ്പറമ്പിൽ തുടങ്ങിയവർ കുർബാനയിൽ സഹകാർമികരായി.
ഏഴിനും എട്ടിനും വത്തിക്കാനിലെ സെന്റ് ഗ്രിഗറി ദ് ഗ്രേറ്റ് ദേവാലയത്തിൽ വിശുദ്ധയുടെ തിരുശേഷിപ്പു വണക്കവും ക്രമീകരിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ മദർ ഹൗസിൽ നടന്ന കുർബാനയ്ക്ക് അപ്പസ്തോലിക് നുൺഷ്യോ കർദിനാൾ സാൽവത്തോറെ പെനാക്യോ മുഖ്യകാർമികത്വം വഹിച്ചു. രാവിലെ മുതൽ മദറിന്റെ കബറിടത്തിൽ പ്രാർഥിക്കാനെത്തിയവരുടെ വൻ തിരക്കായിരുന്നു.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin