Tuesday, 6 September 2016

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഇറ്റലിയുമായുള്ള ഭാരതത്തിന്റെ നയതന്ത്ര ബന്ധത്തിന് ശക്തി പകര്‍ന്ന് മദര്‍തെരേസയുടെ നാമകരണ ചടങ്ങ്

സ്വന്തം ലേഖകന്‍ 06-09-2016 - Tuesday
വത്തിക്കാന്‍: വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വത്തിക്കാനിലാണു പരിശുദ്ധ പിതാവും സുഷമയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. മദര്‍തെരേസയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് സുഷമയും സംഘവും വത്തിക്കാനില്‍ എത്തിയത്. വിദേശകാര്യ വകുപ്പിന്റെ വക്താവ് വികാസ് സ്വരൂപാണ് സുഷമയും മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ വിവരം ട്വീറ്റ് ചെയ്തത്. തന്റെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സുഷമ ഭാരതത്തിലേക്ക് മടങ്ങുകയും ചെയ്തു. 

"വത്തിക്കാന്‍ സിംഹാസനവുമായി ശക്തമായ ബന്ധം: വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് റോമിലെ സന്ദര്‍ശനത്തിന്റെ അവസാന ദിനം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി". ഈ വാചകങ്ങളോടെയാണ് തന്റെ ട്വീറ്റ് വികാസ് സ്വരൂപ് നടത്തിയിരിക്കുന്നത്.
മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിനം ഇറ്റാലിയന്‍ വിദേശകാര്യ വകുപ്പ് മന്ത്രി പൗലോ ജെന്റിലോനിയുമായും സുഷമ കൂടിക്കാഴ്ചയും, പ്രത്യേകം ചര്‍ച്ചകളും നടത്തിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ചര്‍ച്ചകളില്‍ ഇരുനേതാക്കളും സംതൃപ്തരാണെന്നും അറിയിച്ചിട്ടുണ്ട്. 

ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെ സഹകരണം, വാണിജ്യ മേഖലകളിലെ പങ്കാളിത്തം, തീവ്രവാദത്തിനെതിരേയുള്ള യോജിച്ച പോരാട്ടം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയുമായി സുഷമ സ്വരാജ് നടത്തിയതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇറ്റലിയില്‍ അടുത്തിടെയുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള അനുശോചനവും സുഷമ പങ്കുവച്ചു. 

കേരള തീരത്ത് മത്സ്യബന്ധന തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഏറെ നാളായി ഭാരതവും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായി തുടരുകയായിരുന്നു. ഇന്ത്യാക്കാരിയായ മദര്‍തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലേക്ക് സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ തന്നെയുള്ള ഔദ്യോഗിക സംഘത്തെ അയക്കുവാന്‍ കേന്ദ്രം തീരുമാനിച്ചതും ഇത്തരം നീക്കങ്ങളെ മുന്നില്‍ കണ്ടാണ്.
http://pravachakasabdam.com/index.php/site/news/2476

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin