Wednesday, 21 September 2016

മെക്‌സിക്കോയില്‍ രണ്ടു കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടു പോയ ശേഷം വെടിവെച്ചു കൊലപ്പെടുത്തി; രാജ്യത്ത് പുരോഹിതര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ 20-09-2016 - Tuesday
വെരാക്രൂസ്: മെക്‌സിക്കോയില്‍ കത്തോലിക്ക സഭയിലെ രണ്ടു വൈദികരെ തട്ടിക്കൊണ്ടു പോയ ശേഷം അക്രമികള്‍ കൊലപ്പെടുത്തി. മെക്‌സികോയിലെ വെരാക്രൂസ് എന്ന സംസ്ഥാനത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഫാ. അലീജോ നാബോര്‍ ജിമനെസ് ജുവാറസ്, ഫാ. ജോസ് ആല്‍ഫ്രഡോ ജുവാറസ് ഡീലാ ക്രൂസ് എന്നിവരാണ് കൊല്ലപ്പെട്ട വൈദികരെന്നു മെക്‌സിക്കന്‍ ബിഷപ്പ് കൗണ്‍സില്‍ സ്ഥിരീകരിച്ചു. 

ഞായറാഴ്ച രണ്ടു വൈദികരേയും ഇവരുടെ സഹായിയേയും ഒരു സംഘം അക്രമികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. അക്രമികളുടെ പിടിയില്‍ നിന്നും വൈദികരുടെ സഹായി രക്ഷപ്പെട്ട് പോലീസില്‍ അഭയം തേടിയെങ്കിലും വൈദികര്‍ക്ക് അക്രമികളില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിച്ചില്ല. വെടിയേറ്റ് മരിച്ച നിലയിലാണ് രണ്ടു വൈദികരുടെയും മൃതശരീരങ്ങള്‍ പാപന്‍റല മുനിസിപ്പല്‍ ഏരിയായ്ക്ക് സമീപം കണ്ടെത്തിയത്. സംഭവത്തില്‍ തീവ്രമായ ദുഃഖം രേഖപ്പെടുത്തുന്നതായി ബിഷപ്പ്‌സ് കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

"അക്രമികളാല്‍ കൊല്ലപ്പെട്ട ഞങ്ങളുടെ സഹോദരങ്ങളുടെ ആത്മാക്കളെ കര്‍ത്താവ് സ്വര്‍ഗത്തില്‍ സ്വീകരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഏറെ വേദനിക്കുന്ന സന്ദര്‍ഭത്തിലൂടെയാണ് കടന്നു പോകുന്നത്. അക്രമികള്‍ മാനസാന്തരത്തിലേക്ക് വരികയും ദൈവത്തെ തിരിച്ചറിഞ്ഞു ജീവിക്കുന്നതിനുമായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സംഭവത്തെ കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ പുറത്തുവരുന്നതിനായി അധികാരികള്‍ അന്വേഷണം നടത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു". ബിഷപ്പ് കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

മെക്‌സികോയില്‍ വൈദികര്‍ക്ക് നേരെ ഇതിനു മുമ്പും നിരവധി അക്രമങ്ങള്‍ നടന്നിട്ടുണ്ട്. 2012 ഡിസംബറില്‍ പുതിയ പ്രസിഡന്റായി എൻറിക് പെനാ നിയറ്റോ അധികാരമേറ്റതിന് ശേഷം രാജ്യത്ത് 14 വൈദികരും ഒരു സെമിനാരി വിദ്യാര്‍ത്ഥിയും, വൈദികരെ സഹായിക്കുന്ന ഒരു വ്യക്തിയും അക്രമികളാല്‍ കൊല്ലപ്പെട്ടു. പുരോഹിതര്‍ക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളെ ഭരണകര്‍ത്താക്കള്‍ കണ്ടില്ലെന്ന് നടിക്കുന്നതാണ് വീണ്ടും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നത്. 
http://pravachakasabdam.com/index.php/site/news/2611

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin