Tuesday, 13 September 2016

മെത്രാഭിഷേകത്തിന് ഒരുക്കമായുള്ള പ്രത്യേക വചനശുശ്രൂഷയും ആരാധനയും വ്യാഴാഴ്ച പ്രസ്റ്റണില്‍

സ്വന്തം ലേഖകന്‍ 13-09-2016 - Tuesday
ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്റ്റണ്‍ ആസ്ഥാനമാക്കി സ്ഥാപിച്ച പുതിയ രൂപതയുടെ നിയുക്ത മെത്രാനായ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ഒരുക്കമായുള്ള പ്രത്യേക വചനശുശ്രൂഷയും ആരാധനയും വ്യാഴാഴ്ച പ്രസ്റ്റണില്‍ വെച്ചു നടക്കും. കത്തീഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വെച്ചു സെപ്റ്റംബര്‍ 15 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ഈ പ്രത്യേക ശുശ്രൂഷ രാത്രി 10 മണിക്ക് അവസാനിക്കും. 

ഒക്ടോബര്‍ ഒമ്പതാം തീയതിയിലെ മെത്രാഭിഷേക ചടങ്ങുകള്‍ എല്ലാം വലിയ അനുഗ്രഹപ്രദമായി മാറുന്നതിനും പുതിയ രൂപതയുടെയും നിയുക്ത മെത്രാന്റെയും എല്ലാ പ്രവര്‍ത്തനങ്ങളിലും കര്‍ത്താവിന്റെ വലിയ ഇടപെടല്‍ ഉണ്ടാകുന്നതിനും എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ വിശ്വാസികളോടും ആവശ്യപ്പെട്ടിരിന്നു. ഇതിന്റെ ഭാഗമായി ദൈവ വചനം ശ്രവിച്ചു കൊണ്ട് പരിശുദ്ധാത്മാവില്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ദിവ്യകാരുണ്യ സന്നിധിയില്‍ പ്രസ്റ്റണ്‍ രൂപതയ്ക്ക് വേണ്ടിയള്ള എല്ലാ നിയോഗങ്ങളും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാനുമായി കത്തീഡ്രല്‍ പള്ളി വികാരി ഫാ.മാത്യു ചൂരപ്പൊയ്കയില്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. 

വി.അല്‍ഫോന്‍സാമ്മയുടെയും വി ചാവറയച്ചന്റേയും വി എവുപ്രസ്യാമ്മയുടേയും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ഇംഗ്ലണ്ടിലെ അപൂര്‍വ്വം ചില ദേവാലയങ്ങളില്‍ ഒന്നാണ് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍. ഒക്ടോബര്‍ 9ന് നടക്കുന്ന മെത്രാഭിഷേക തിരുന്നാള്‍ കര്‍മ്മങ്ങളുടെ ജോയ്ന്റ് കണ്‍വീനറും പ്രാദേശിക സംഘാടകനുമായ റവ ഫാ മാത്യു ചുരപൊയ്കയിലാണ് ഇപ്പോള്‍ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വികാരിയായി സേവനമനുഷ്ഠിക്കുന്നത്. 17നു റോമില്‍ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിനുശേഷം 18നു നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബ്രിട്ടനിലെത്തും. 
http://pravachakasabdam.com/index.php/site/news/2552

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin