Friday, 30 September 2016

സഹനത്തിന്റെ മധ്യത്തിലും നല്ല കള്ളനോട് കാരുണ്യം കാണിച്ചവനാണ് ക്രിസ്തു എന്നത് നാം മറക്കരുത്; ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 29-09-2016 - Thursday


വത്തിക്കാന്‍: കുരിശിലെ തന്റെ സഹന നിമിഷങ്ങള്‍ക്കിടയിലും നല്ല കള്ളനോട് കാരുണ്യം കാണിച്ച ക്രിസ്തുവിന്റെ കരുണയെ മറക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പൊതുപ്രസംഗം കേള്‍ക്കുവാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ. ക്രൂശീകരണ സമയത്ത് ഇടതും വലതുമായി ക്രിസ്തുവിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു കള്ളന്‍മാരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിന്തയാണ് പിതാവ് വിശ്വാസികളുമായി പങ്കുവച്ചത്.

ക്രിസ്തു ദൈവപുത്രനാണെങ്കില്‍ ഉടന്‍ തങ്ങളെ വിടുവിക്കണമെന്ന് പറയുന്ന ഇടതുഭാഗത്തെ കള്ളന്‍, ദൈവത്തെ കുറിച്ച് ശരിയായി മനസിലാക്കാതെയുള്ള പ്രതികരണമാണ് നടത്തിയതെന്നും മരണത്തിന്റെ ഭയം ബാധിച്ച ഒരു മനുഷ്യനില്‍ നിന്നും ഉയര്‍ന്നുവന്ന ചില വാക്കുകളാണ് ഇടതുഭാഗത്തെ കള്ളനില്‍ നിന്നും ഉണ്ടായതെന്നും പാപ്പ വിശദീകരിച്ചു. എന്നാല്‍, വലതു ഭാഗത്തെ കള്ളന്‍ മരണത്തിന്റെ വേദനകളിലും ദൈവത്തോട് കാരുണ്യമാണ് ആവശ്യപ്പെടുന്നതെന്നും, അതാണ് ശരിയായ പ്രാര്‍ത്ഥനയെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

"വലതുഭാഗത്തെ കള്ളന് ക്രിസ്തു സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നുണ്ട്. എത്ര ഹീനമായ പ്രവര്‍ത്തി ചെയ്തവരാണെങ്കിലും അവരേയും തന്റെ കുരിശ് മരണം രക്ഷിക്കുന്നുണ്ടെന്ന് ക്രിസ്തു ഇതിലൂടെ വീണ്ടും വെളിപ്പെടുത്തുകയാണ്. എത്ര വേദനിക്കുന്നവനും ദൈവത്തിന്റെ കാരുണ്യത്തിന് അര്‍ഹനാണ്. ആശുപത്രി കിടക്കയിലും, ജയിലിലും, യുദ്ധമുഖത്തും, വിവിധ ക്ലേശ സാഹചര്യങ്ങളിലും കഴിയുന്നവര്‍ ക്രിസ്തുവിന്റെ ക്രൂശിത രൂപം മനസില്‍ ഓര്‍ക്കണം. ക്ലേശങ്ങളുടെ മധ്യത്തിലും നല്ല കള്ളന് രക്ഷ നല്‍കിയവനാണ് ദൈവമെന്ന് നാം മറക്കരുത്".

"ദൈവഭയം ഇല്ലാതിരുന്നതിനാലാണ് ഇടതുഭാഗത്തെ കള്ളന്‍ ക്രിസ്തുവിനോട് മരണത്തിന്റെ അവസ്ഥയില്‍ പോലും തെറ്റായി സംസാരിക്കുവാന്‍ കാരണമായത്. ദൈവഭയം എന്നത് ദൈവത്തെ പേടിക്കുന്ന അവസ്ഥയല്ല. മറിച്ച് ദൈവം സൃഷ്ടാവും രക്ഷിതാവുമാണെന്ന് മനസിലാക്കി അവിടുത്തേക്ക് നാം നല്‍കുന്ന ബഹുമാനത്തെ ആണ് ദൈവഭയമെന്ന് വിളിക്കുന്നത്. ദൈവത്തെ പേടിക്കേണ്ടവരല്ല നമ്മള്‍, മറിച്ച് അവിടുത്തെ മഹത്വം തിരിച്ചറിഞ്ഞ് അവിടുത്തെ ബഹുമാനിക്കേണ്ടവരാണ് നാം". പാപ്പ വ്യക്തമാക്കി.

സിറിയയില്‍ യുദ്ധത്തിന്റെ ക്ലേശം അനുഭവിക്കുന്ന ജനതയെ മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രത്യേകം സ്മരിച്ചു. "ആലപ്പോയിലും മറ്റു സ്ഥലങ്ങളിലും വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരെയും ദുരിതത്തിലായിരിക്കുന്നവരേയും ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. ഒരു ജനതയെ ദുരിതത്തിലേക്കും ദുഃഖത്തിലേക്കും തള്ളിവിട്ട്, അവരുടെ മേല്‍ ബോംബ് വര്‍ഷിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. നിങ്ങളുടെ ഈ പ്രവര്‍ത്തിക്ക് നിങ്ങള്‍ ദൈവത്തോട് കണക്ക് ബോധിപ്പിക്കേണ്ടി വരും". പാപ്പ പറഞ്ഞു.

റോമിലെ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കി ഇന്ന് ഡീക്കന്‍മാരായി സ്ഥാനമേല്‍ക്കുന്ന അമേരിക്കയില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍പാപ്പ തന്റെ പ്രത്യേക പ്രാര്‍ത്ഥനാ ആശംസകളും ഇന്നലെ നടന്ന പൊതുപ്രസംഗത്തില്‍ അറിയിച്ചു. 
http://pravachakasabdam.com/index.php/site/news/2697

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin