Sunday, 25 January 2015

 
 
 
 
 
 
 

യേശുവിന്റെ രക്തത്തില്‍ രക്ഷയും ശിക്ഷയും!

ആംസ്ട്രോങ്ങ് ജോസഫ്

യേശുവിന്റെ രക്തം നമ്മുടെ സകല പാപങ്ങളും പോക്കി നിത്യരക്ഷ നല്‍കുന്നുവെന്ന് ലോകത്തുള്ള സകല സുവിശേഷകരും പ്രസംഗിക്കുമ്പോള്‍, മനോവയ്ക്കു പറയാനുള്ളത് വ്യത്യസ്ഥമായ സുവിശേഷമാണ്! എല്ലാവരും പ്രസംഗിക്കുന്ന സുവിശേഷംതന്നെയാണു മനോവയും പ്രഘോഷിക്കുന്നതെങ്കിലും, ഈ വചനത്തില്‍ മനോവയ്ക്കു ലഭിച്ച ഉള്‍ക്കാഴ്ചയാണു വ്യത്യസ്ഥമാകുന്നത്. യേശുക്രിസ്തുവിന്റെ രക്തത്തില്‍ രക്ഷയും ശിക്ഷയുമുണ്ട്‌ എന്ന സത്യത്തിന്റെ സുവിശേഷമാണ് ഈ ഉള്‍ക്കാഴ്ചയുടെ അന്തഃസത്ത! ഇതാ, ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന വചനത്തിലൂടെ യേശുവിനെ ബൈബിള്‍ പരിചയപ്പെടുത്തുന്നു. കാരണം, പാപമോചനത്തിനു കുഞ്ഞാടിന്റെ രക്തം ചിന്തേണ്ടത് അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യം യഹൂദര്‍ക്ക് അറിയാം. ബൈബിളിലെ വചനം ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നു: "നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ്‌ ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല"(ഹെബ്രാ:9;22).
പൗലോസ് അപ്പസ്തോലന്‍ സ്വമേധയാ പറഞ്ഞ വാക്കുകളല്ല നാമിവിടെ വായിച്ചത്; മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ ആവര്‍ത്തിക്കുകയാണു ചെയ്തത്. ഈ വചനം ശ്രദ്ധിക്കുക: "ശരീരത്തിന്റെ ജീവന്‍ രക്തത്തിലാണിരിക്കുന്നത്. അത് ബലിപീഠത്തിന്മേല്‍ ജീവനുവേണ്ടി പാപപരിഹാരം ചെയ്യാന്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അതില്‍ ജീവനുള്ളതുകൊണ്ടു രക്തമാണ് പാപപരിഹാരം ചെയ്യുന്നത്"(ലേവ്യര്‍:17;11). ക്രിസ്തുവിന്റെ ബലി പൂര്‍ത്തിയാക്കുന്നതുവരെ, പ്രതീകാത്മക ബലിയര്‍പ്പണം മാത്രമായിരുന്നു ഇസ്രായേല്‍ജനം നടത്തിയിരുന്നത്. ഒരുപക്ഷെ, അവര്‍പോലും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ടാകാന്‍ സാധ്യതയുമില്ല!
ഏകജാതനായ ഇസഹാക്കിനെ ബലിയര്‍പ്പിക്കണമെന്ന് കര്‍ത്താവായ ദൈവം അബ്രാഹത്തോട്‌ ആവശ്യപ്പെട്ടതും, വരാനിരിക്കുന്ന ഏകബലിയുടെ പ്രവചനമായിരുന്നു! ഇസഹാക്കിനെ ഏകജാതനെന്നു മനോവ പറഞ്ഞതില്‍ ആരും അസ്വസ്ഥരാകേണ്ടാ; വാഗ്ദാനപ്രകാരം ജനിച്ചവനും അവകാശിയുമായ പുത്രനെയാണ് ഏകജാതന്‍ എന്നു വിളിക്കുന്നത്. അതുകൊണ്ടാണ്, അബ്രാഹത്തോടൊപ്പം ജീവിക്കുകയും അവന്‍റെ ഏക അവകാശിയായി പരിഗണിക്കപ്പെടുകയും ചെയ്ത ഇസഹാക്കിനെ ബൈബിള്‍ ഇപ്രകാരം പരിചയപ്പെടുത്തിയിരിക്കുന്നത്. ദാസിപുത്രനായ ഇസ്മായേലിനെ അവകാശിയാക്കിക്കൊണ്ട് ഒന്നര സഹസ്രാബ്ദമായി നാടകം കളിക്കുന്ന ഒരു ജനതയെ നമുക്കറിയാം. കഥയറിയാതെ ആട്ടം കാണുന്ന ഈ വിഭാഗത്തിന്റേത് അജ്ഞതയാണെങ്കിലും, ഈ പ്രസ്ഥാനത്തിനു രൂപംകൊടുത്തവന്‍ വ്യക്തമായ ബോധ്യത്തോടെയുള്ള അജണ്ട നടപ്പാക്കുകയായിരുന്നു. ദൈവത്തിന്റെ ഏകജാതനായ യേശുക്രിസ്തുവിനെ, അബ്രാഹത്തിന്റെ ഏകജാതനു പകരക്കാരനായി അന്നു മോറിയാ മലയില്‍ നല്‍കിയ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുകയെന്ന കൗശലമായിരുന്നു ഈ അജണ്ട!
ഇസഹാക്കിനു പകരമായി ബലിയര്‍പ്പിക്കാന്‍ അബ്രാഹത്തിന് അന്നൊരു മുട്ടാടിനെ കര്‍ത്താവു നല്‍കി. ആ കുഞ്ഞാട്, വരാനിരിക്കുന്ന മനുഷ്യപുത്രന്റെ പ്രതീകമായിരുന്നു! ഈ സത്യമാണു സ്നാപകയോഹന്നാന്‍ വിളിച്ചുപറഞ്ഞത്: "ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല"(യോഹ:1;29,30). സ്നാപകയോഹന്നാന്‍ പറഞ്ഞത് തനിക്കു മുന്‍പേ യേശു ഉണ്ടായിരുന്നുവെന്നാണെങ്കില്‍, യേശു പറഞ്ഞത് അബ്രാഹത്തിനും മുന്‍പേ താന്‍ ഉണ്ടായിരുന്നു എന്നായിരുന്നു. വചനത്തില്‍ ഇപ്രകാരം വായിക്കുന്നു: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്"(യോഹ:8;58). ഈ ലേഖനത്തിലൂടെ നാം ചര്‍ച്ചചെയ്യുന്നത് യേശുവിന്റെ രക്തത്തെക്കുറിച്ച് ആയതിനാല്‍, മറ്റു വിഷയങ്ങളിലേക്കു വ്യതിചലിക്കുന്നില്ല. അതുകൊണ്ടുതന്നെ, അബ്രാഹത്തിനു മുന്‍പുണ്ടായിരുന്ന യേശുവിനെ മറ്റൊരു ലേഖനത്തിലൂടെ നമുക്കു പരചയപ്പെടാം.
യേശുവിന്റെ രക്തത്തില്‍ കുടികൊള്ളുന്ന രക്ഷയും ശിക്ഷയും നാം അറിഞ്ഞിരിക്കണം. കര്‍ത്താവായ യേശുവിന്റെ രക്തത്തില്‍ രക്ഷയുണ്ടെന്ന സത്യം ക്രൈസ്തവരായ സകലര്‍ക്കും അറിയാമെങ്കിലും, ആ അറിവ് എത്രത്തോളം ആഴമുള്ളതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കാരണം, പഠിപ്പിക്കലിന്റെ പോരായ്മ, ലഭിച്ച അറിവിനെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, യേശുക്രിസ്തുവിന്റെ രക്തത്തിലൂടെയുള്ള പാപമോചനത്തെക്കുറിച്ച് പരിമിതമായ അറിവെങ്കിലും എല്ലാ ക്രൈസ്തവര്‍ക്കും ലഭിച്ചിട്ടുണ്ട്! എന്തുകൊണ്ടാണ് ഈ അറിവിനെ പരിമിതമെന്നു മനോവ സൂചിപ്പിച്ചത് എന്നകാര്യം ഈ ലേഖനത്തിന്റെ അന്ത്യത്തില്‍ മനസ്സിലാകും. ആദ്യമായി നാം ചിന്തിക്കുന്നത്, യേശുവിന്റെ രക്തത്തിലൂടെയുള്ള പാപമോചനത്തെക്കുറിച്ചും രക്ഷയെക്കുറിച്ചുമാണ്.
യേശുവിന്റെ ബലിയെയും രക്തത്തെയും അതിലൂടെയുള്ള നിത്യരക്ഷയെയും കുറിച്ചു ചിന്തിക്കുമ്പോള്‍, പഴയ ബലികളെ സ്മരിക്കേണ്ടത് അനിവാര്യമാണ്. കാരണം, പഴയ ബലികളെല്ലാം വരാനിരിക്കുന്ന ഏകബലിയുടെ നിഴല്‍ മാത്രമായിരുന്നു. ആ ഏകബലിയാണ് യേശുക്രിസ്തുവിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടത്! പഴയനിയമത്തിലെ ബലികളെല്ലാം നിയമത്താല്‍ ബന്ധിതമായിരുന്നുവെന്നും പുതിയനിയമത്തില്‍, ആ നിയമത്തിന്‍റെ ബന്ധനങ്ങള്‍ അഴിച്ചുമാറ്റപ്പെട്ടുവെന്നും വചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ നോക്കുക: "അവിടുന്നു ഞങ്ങളെ എഴുതപ്പെട്ട നിയമത്താലല്ല, ആത്മാവിനാല്‍ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാന്‍ യോഗ്യരാക്കിയിരിക്കുന്നു. എന്തെന്നാല്‍, എഴുതപ്പെട്ട നിയമം മൃതിപ്പെടുത്തുന്നു; ആത്മാവു ജീവിപ്പിക്കുന്നു"(2കോറി:3;6). ഇവിടെ സംഭവിക്കുന്നത് നിയമം അസാധുവാക്കപ്പെടുകയല്ല; മറിച്ച്, ക്രിസ്തുവിലൂടെ അവ പൂര്‍ത്തീകരിക്കപ്പെടുകയാണു ചെയ്യുന്നത്. പഴയ പ്രമാണങ്ങള്‍ പ്രത്യാശയുടേതാണെങ്കില്‍, പുതിയ പ്രമാണം പ്രത്യാശിച്ചവയെ അനുഭവവേദ്യമാക്കുന്നതാണ്. ഈ വചനം അതു സ്ഥിരീകരിക്കുന്നതു നോക്കുക: "അവര്‍ പഴയ പ്രമാണം വായിക്കുമ്പോള്‍ അതേ മൂടുപടം ഇന്നും അവശേഷിക്കുന്നു. എന്തെന്നാല്‍, ക്രിസ്തുവിലൂടെമാത്രമാണ് അതു നീക്കപ്പെടുന്നത്. അതേ, ഇന്നും മോശയുടെ ഗ്രന്ഥം വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സില്‍ ഒരു മൂടുപടം കിടക്കുന്നുണ്ട്. എന്നാല്‍, ആരെങ്കിലും കര്‍ത്താവിലേക്കു തിരിയുമ്പോള്‍ ആ മൂടുപടം നീക്കപ്പെടുന്നു"(2കോറി:3;14-16).
ഇതുതന്നെയാണ് പഴയതും പുതിയതുമായ ബലികള്‍ തമ്മിലുള്ള അന്തരം. പഴയ ബലിയില്‍ നിലനിന്നിരുന്ന അപൂര്‍ണ്ണതയുടെ മൂടുപടത്തെ പുതിയ ബലിയിലൂടെ അനാവരണം ചെയ്യുകയുകയും പൂര്‍ത്തിയാക്കുകയും ചെയ്തു. മാത്രവുമല്ല, ഇനി അര്‍പ്പിക്കപ്പെടാന്‍ മറ്റൊരു ബലി അവശേഷിക്കപ്പെടുന്നുമില്ല! ഇതു വ്യക്തമാക്കുന്ന വചനം ശ്രദ്ധിക്കുക: "സത്യത്തെ സംബന്ധിച്ചു പൂര്‍ണ്ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല. മറിച്ച്, ഭയങ്കരമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ"(ഹെബ്രാ:10;26,27). യേശുവിന്റെ രക്തത്തില്‍ നിത്യരക്ഷയുള്ളതുപോലെ, അതിനെ നിഷേധിക്കുകയോ അയോഗ്യതയോടെ സമീപിക്കുകയോ ചെയ്യുമ്പോള്‍ ശിക്ഷയെ പിടിച്ചുവാങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുകയുമരുത്! ഈ വിഷയത്തിലേക്കു കടക്കുന്നതിനുമുന്‍പ്‌ ബലിയെക്കുറിച്ച് അല്പംകൂടി വിവരണം ആവശ്യമാണെന്നു കരുതുന്നു.
പഴയനിയമത്തിലെ ബലിയര്‍പ്പണം ആരംഭത്തില്‍ നാം കണ്ടു. പാപപരിഹാരത്തിനായി വ്യക്തിയോ വ്യക്തികളോ സമര്‍പ്പിക്കുന്ന ബലിമൃഗത്തെയാണു പുരോഹിതന്‍ അവര്‍ക്കായി അര്‍പ്പിക്കുന്നത്. ബലിയര്‍പ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണോ, അവരുടെ കഴിവിനനുസരിച്ചുള്ള ബലിമൃഗത്തെ അവര്‍ തിരഞ്ഞെടുക്കും. പ്രാവിനെ ബലിയര്‍പ്പണത്തിനു തിരഞ്ഞെടുക്കുന്നവരുമുണ്ട്. എങ്കിലും, സാധാരണഗതിയില്‍ പാപപരിഹാര ബലിയ്ക്കു സമര്‍പ്പിക്കുന്നത് വൈകല്യമില്ലാത്ത കുഞ്ഞാടിനെയായിരിക്കും. ഈ കുഞ്ഞാടിന്റെ രക്തം ബലിപീഠത്തില്‍ തളിക്കപ്പെടണം. ഇതിലൂടെ ആര്‍ക്കുവേണ്ടിയാണോ ബലിയര്‍പ്പിച്ചത്, അവരുടെ പാപങ്ങള്‍ മോചിക്കപ്പെടുന്നു. എന്നാല്‍, പഴയനിയമകാലത്ത് അര്‍പ്പിക്കപ്പെട്ട ബലികളെല്ലാം വരാനിരിക്കുന്ന ഏകബലിയുടെ നിഴല്‍ മാത്രമായിരുന്നു! അന്നത്തെ ബലികള്‍ പൂര്‍ത്തിയാകുന്നത് യേശുവിന്റെ ബലിയില്‍ മാത്രമാണ്! അതായത്, പഴയനിയമത്തിലെ ബലികള്‍ യേശുവിന്റെ ബലിയിലേക്കുള്ള മുന്നൊരുക്കവും, പുതിയനിയമത്തിലെ ബലികള്‍ യേശുവിന്റെ ബലിയുടെ അനുസ്മരണവുമാകുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ബലികളുടെ മദ്ധ്യത്തില്‍ യേശുവിന്റെ ഏകബലി നിലകൊള്ളുന്നു! അതിനാല്‍, പഴയനിയമത്തില്‍ അര്‍പ്പിക്കപ്പെട്ട ബലികള്‍ പൂര്‍ത്തീകരിക്കപ്പെട്ടത് കാല്‍വരി യാഗത്തിലാണ്. കുരിശാകുന്ന ബലിപീഠത്തില്‍ തളിക്കപ്പെട്ടത് കുഞ്ഞാടിന്റേതിനേക്കാള്‍ നിര്‍മ്മലമായ രക്തമാണ്! ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്തുവിന്റെ അമൂല്യരക്തം കുരിശില്‍ ചിന്തിയപ്പോള്‍, ആബേലിന്റെ ബലിമുതല്‍ പൂര്‍വ്വീകര്‍ അര്‍പ്പിച്ച മുഴുവന്‍ ബലികളും പൂര്‍ത്തീകരിക്കപ്പെട്ടു!
പഴയനിയമത്തില്‍ ബലിമൃഗത്തെ നല്‍കുന്നത് ഓരോരുത്തരുമാണെങ്കില്‍, ക്രിസ്തുവിനെ ബലിക്കുഞ്ഞാടായി നല്‍കിയതു ദൈവമാണ്! അബ്രാഹത്തിനു കുഞ്ഞാടിനെ നല്‍കിയ ദൈവംതന്നെ സകല മര്‍ത്യര്‍ക്കുമായി തന്റെ ഏകജാതനെ നല്‍കി! അബ്രാഹത്തിന്റെ ഏകജാതനു പകരമായി അന്നു കുഞ്ഞാടിനെ നല്‍കിയെങ്കില്‍, തന്റെ ഏകജാതനെ നല്‍കിയത് മനുഷ്യകുലം മുഴുവന്റെയും പകരക്കാരനായിട്ടാണ്! അബ്രാഹം തന്റെ പുത്രനായ ഇസഹാക്കിനോടു പറഞ്ഞത് ഒരു പ്രവചനമായിരുന്നു എന്നു തിരിച്ചറിയാന്‍ നമുക്കു കഴിയണം. "ഇസഹാക്കു പറഞ്ഞു: തീയും വിറകുമുണ്ടല്ലോ; എന്നാല്‍, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അവന്‍ മറുപടി പറഞ്ഞു: ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തന്നെ തരും"(ഉല്‍പ:22;7,8). കുഞ്ഞാടിനെ ദൈവംതന്നെ തരുമെന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണം കാല്‍വരി കുരിശില്‍ നമുക്കു കാണാം! പ്രതീകാത്മകമായി അന്നൊരു കുഞ്ഞാടിനെ അര്‍പ്പിച്ചുവെങ്കിലും, അതായിരുന്നില്ല യഥാര്‍ത്ഥ ബലി! അതുതന്നെയാണ് യഥാര്‍ത്ഥ ബലിയെന്നു ലോകത്തെ തെറ്റിദ്ധരിപ്പിച്ച്, സാത്താന്‍ നടത്തുന്ന 'പൊറാട്ടുനാടകം' ഓരോ വര്‍ഷവും മക്കയില്‍ നടത്തപ്പെടുന്നുണ്ട്! ഇസഹാക്കിനുപകരം ഇസ്മായേലിനെയാണ് ഇവര്‍ വേഷംകെട്ടിക്കുന്നത്! പഴയനിയമത്തില്‍ അര്‍പ്പിക്കപ്പെട്ട ഒരു ദഹനബലിയിലും പാപമോചനം പൂര്‍ണ്ണമാകുന്നില്ല. അതിനാല്‍ത്തന്നെ, ഇസ്ലാം നടത്തുന്ന ഈ 'ഗോഷ്ടികള്‍' പരിഹാസ്യമാണ്! ക്രിസ്തുവിന്റെ രക്തത്തിലൂടെയുള്ള പാപമോചനവും നിത്യരക്ഷയും തടയുകയെന്ന അജണ്ടയാണ് ഇസ്ലാമിലൂടെ സാത്താന്‍ നടത്തുന്നത്.
യേശുവിന്റെ കുരിശുമരണത്തിനു മുന്‍പുവരെ അര്‍പ്പിക്കപ്പെട്ടിരുന്ന ബലികള്‍ക്കൊന്നും അതില്‍ത്തന്നെ പാപപരിഹാര ശക്തിയില്ലെന്നും, അവയെല്ലാം സ്വീകാര്യമാകുന്നത് യേശുവിന്റെ കാല്‍വരി യാഗത്തിലൂടെയാണെന്നുമിരിക്കേ, ഇന്നും പഴയനിയമ ബലികളുമായി നിലകൊള്ളുന്നവര്‍ സത്യത്തില്‍നിന്നും വളരെ അകലെയാണ്. അങ്ങനെയെങ്കില്‍, അബദ്ധവിശ്വാസത്തിന്റെ ഭാണ്ഡവുംപേറി ആണ്ടുതോറും മക്കയില്‍ സംമ്മേളിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല! പഴയനിയമത്തിലെ ബലികളെക്കുറിച്ച് ബൈബിള്‍ എന്താണു പറയുന്നതെന്നു നോക്കുക: "പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി"(ഹെബ്രാ:10;11,12). യേശു ചിന്തിയ രക്തമാണ് സകലര്‍ക്കും പാപമോചനമായി പരിണമിക്കുന്നത്. അതുകൊണ്ടാണ് യേശുവിനെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഇങ്ങനെ അറിയിപ്പുണ്ടായത്: "ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു"(ലൂക്കാ:1;10,11). മാനവരാശി മുഴുവന്റെയും അവകാശമാണ് യേശുക്രിസ്തു എന്ന പ്രഖ്യാപനവും ഈ വചനത്തില്‍ ഉണ്ട്.

ശരീരം ഭക്ഷിക്കുക രക്തം പാനംചെയ്യുക!

യഹൂദരെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല ഇത്. കാരണം, അവരുടെ നിയമത്തില്‍ എഴുതിവച്ചിരിക്കുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായ സന്ദേശമാണ് യേശു നല്‍കിയത്. രക്തത്തോടുകൂടി മാംസം ഭക്ഷിക്കരുതെന്നു മോശ കല്പിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍, മോശയുടെ നിയമം ലംഘിക്കാന്‍ യേശു പഠിപ്പിക്കുമോ? ബലിമൃഗത്തിന്റെ രക്തം ബലിപീഠത്തില്‍ അര്‍പ്പിക്കാനുള്ളതാണ്! എന്നാല്‍, മാംസം പുരോഹിതനു ഭക്ഷിക്കാന്‍ അവകാശമുണ്ട്! ഈ നിയമങ്ങളെ മാറ്റിമറിക്കുകയായിരുന്നില്ലേ യേശു ചെയ്തതെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നുന്നുവെങ്കില്‍, അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല! എന്നാല്‍, കര്‍ത്താവു നിയമങ്ങളെ പൂര്‍ത്തിയാക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന്‍ വചനം പഠിക്കുമ്പോള്‍ മനസ്സിലാകും.
ബലിയര്‍പ്പിക്കപ്പെടുന്ന മൃഗത്തിന്റെ മാംസം ഭക്ഷിക്കാന്‍ പുരോഹിതന്മാര്‍ക്കു മാത്രമുണ്ടായിരുന്ന അവകാശത്തെ മാറ്റാതെതന്നെ പൗരോഹിത്യത്തെ വിശാലമാക്കുകയാണ് യേശു ചെയ്തത്! യേശുക്രിസ്തുവിന്റെ നാമത്തില്‍ വിശ്വസിച്ചു സഭയോടു ചേര്‍ക്കപ്പെടുന്ന സകലരെയും പുരോഹിത സ്ഥാനം നല്‍കി ആദരിക്കുകവഴി ഇതു സാധ്യമാക്കി! ആദ്യത്തെ മാര്‍പ്പാപ്പ ഇങ്ങനെ പ്രഖ്യാപിച്ചു: "എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1പത്രോ:2;9). ഇത് പത്രോസ് അപ്പസ്തോലന്‍ സ്വമേധയാ പറഞ്ഞതല്ല; മുന്‍പേതന്നെ യേശു സ്ഥിരീകരിച്ച സത്യം ആവര്‍ത്തിക്കുക മാത്രമാണു ചെയ്തത്! ലേവി ഗോത്രത്തിനു മാത്രം നിശ്ചയിച്ചിരുന്ന പുരോഹിതശുശ്രൂഷ എല്ലാ ദൈവജനത്തിനുമായി വിശാലമാക്കിയത് അന്ത്യത്താഴ വേളയിലായിരുന്നു! പുരോഹിതര്‍ മാത്രം ഭക്ഷിച്ചിരുന്ന ബലിവസ്തു ഭക്ഷിക്കാനുള്ള അവകാശം നല്‍കിക്കൊണ്ട്, പൗരോഹിത്യത്തിന്റെ അതിരുകള്‍ വിശാലമാക്കി. അന്ത്യത്താഴ വേളയിലാണു ശരീരവും രക്തവും നല്‍കിയതെങ്കിലും അതിനുമുന്‍പേ അവിടുന്ന്‍ ഇതു പ്രഖ്യാപിച്ചിരുന്നു. ഇവിടെ സ്വാഭാവികമായും ഉയരാവുന്ന ഒരു ചോദ്യമുണ്ട്; എല്ലാ ക്രൈസ്തവരും പുരോഹിതരാണെങ്കില്‍, ബലിയര്‍പ്പിക്കാന്‍ എന്തുകൊണ്ട് ചിലരെ മാത്രം തിരഞ്ഞെടുക്കുന്നു എന്നതാണ് ഈ ചോദ്യം. പൗരോഹിത്യം നല്‍കപ്പെട്ടിരുന്നത് ലേവിഗോത്രത്തിനായിരുന്നുവെങ്കിലും, എല്ലാ ലേവിഗോത്രക്കാരും പുരോഹിത ശുശ്രൂഷ ചെയ്തിരുന്നില്ല എന്ന ഉത്തരമാണ് ഈ ചോദ്യത്തിനുള്ള മനോവയുടെ മറുപടി! വചനത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന സാക്ഷ്യം ഇതാണ്: "അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുന്നില്ല"(ഹെബ്രാ:5;4).
കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാതെ, വിഷയത്തിലേക്ക് തിരിച്ചുവരികയാണ്. യേശു പറഞ്ഞു: "നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്‍റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു; ജീവിക്കുന്ന പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും"(യോഹ:6;53-57).
വലിയൊരു രഹസ്യത്തിന്റെ ചുരുളാണ് ഇവിടെ കര്‍ത്താവു നിവര്‍ത്തിയത്! മോശയുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഒരു വചനം ഇവിടെ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. "ഒന്നു മാത്രം ശ്രദ്ധിക്കുക- രക്തം ഭക്ഷിക്കരുത്; രക്തം ജീവനാണ്; മാംസത്തോടൊപ്പം  ജീവനെയും നിങ്ങള്‍ ഭക്ഷിക്കരുത്"(നിയമം:12;23). രക്തത്തില്‍ ജീവന്‍ ഉള്ളതിനാല്‍, രക്തം ഭക്ഷിക്കുന്നവന്‍ ആ മൃഗത്തിന്റെ ജീവനെക്കൂടിയാണു ഭക്ഷിക്കുന്നത്. നാം ആരിലാണോ, നമ്മില്‍ ആരാണോ വസിക്കേണ്ടത്, അവന്റെ രക്തമാണ് നാം പാനംചെയ്യാന്‍ പാടുള്ളു! എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവെന്ന യേശുവിന്റെ വെളിപ്പെടുത്തല്‍ ഇവിടെ പ്രസക്തമാകുന്നു! ബലിമൃഗത്തിന്റെയോ മറ്റേതെങ്കിലും മൃഗത്തിന്റെയോ രക്തം ഭക്ഷിക്കരുതെന്ന നിയമം മോശയിലൂടെ നല്‍കപ്പെട്ടത്‌ നമുക്കു ജീവന്‍ നല്‍കാന്‍ പ്രാപ്തമായ രക്തത്തെ മുന്നില്‍ക്കണ്ടായിരുന്നു! മാത്രവുമല്ല, പഴയനിയമത്തിലെ ബലികളുടെ അപൂര്‍ണ്ണത ഇവിടെ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു!
യേശു പറഞ്ഞു: "ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്"(യോഹ:6;50,51). അന്ത്യത്താഴവേളയില്‍ ഈ വചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് പുതിയ ബലി അവിടുന്നു സ്ഥാപിച്ചു. അപ്പം മുറിച്ചു നല്‍കിക്കൊണ്ട് അവിടുന്നു പറഞ്ഞു: "വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങള്‍ എല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്"(മത്താ:26;26-28). യേശുവിന്റെ രക്തം പാപമോചനത്തിനുവേണ്ടി മാത്രമുള്ളതല്ല; ഈ രക്തം ഒരു ഉടമ്പടികൂടിയാണ്. കാരണം, ഉടമ്പടികള്‍ മുദ്രവയ്ക്കപ്പെടുന്നത് രക്തത്താലാണെന്നു വചനം വ്യക്തമാക്കിയിട്ടുണ്ട്!
കര്‍ത്താവ് ആദ്യമായി ഉടമ്പടി സ്ഥാപിച്ചത് അബ്രാഹവുമായിട്ടാണ്. ആ ഉടമ്പടി ഉറപ്പിച്ചത് പരിച്ഛേദനത്തിലൂടെയാണെന്ന് വചനത്തില്‍ വായിക്കുന്നുണ്ട്: "നീയും നിന്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം. നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളില്‍ പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യണം. നിങ്ങള്‍ അഗ്രചര്‍മ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്"(ഉല്‍പ:17;9-11). യേശുവിന്റെ ശരീരം മുറിക്കപ്പെടുകയും രക്തം ചിന്തപ്പെടുകയും ചെയ്തതിലൂടെ എല്ലാ ഉടമ്പടികളും അവിടുത്തെ രക്തത്താല്‍ പുതുക്കപ്പെട്ടു. തന്മൂലം പരിച്ഛേദനത്തിന്റെ അനിവാര്യത പുതിയ ഉടമ്പടിയോടു ചേര്‍ക്കപ്പെടുകയും ചെയ്തു. ഒരുവന്‍ യേശുവിന്റെ മരണത്തോട് ഐക്യപ്പെടുമ്പോള്‍, സ്വര്‍ഗ്ഗവുമായുള്ള ഉടമ്പടിയില്‍ മുദ്രവയ്ക്കുന്നു. യേശുവിന്റെ മരണത്തോട് ഐക്യപ്പെടാന്‍ അവിടുത്തെ നാമത്തിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കുകയാണു നാം ചെയ്യേണ്ടത്. "അവനില്‍ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വ്വഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മ്മാര്‍ജ്ജനംചെയ്യുന്ന ക്രിസ്തുവിന്റെ പരിച്ഛേദനം. ജ്ഞാനസ്നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന്‍ അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു"(കൊളോ:2;11,12).

പരിച്ഛേദനം ചെയ്യേണ്ടത് എട്ടാമത്തെ ദിവസമാണെന്നു കര്‍ത്താവ് കല്പിച്ചിട്ടുള്ളതിനാല്‍, പരിച്ഛേദനത്തിനു സദൃശ്യമായ ജ്ഞാനസ്നാനം ശിശുക്കള്‍ക്കു നിഷേധിക്കുന്നതിലെ ദൈവശാസ്ത്രം മനോവയ്ക്കു മനസ്സിലാകുന്നില്ല. ബൈബിളിലെ ഒരു വചനത്തെ സ്വാര്‍ത്ഥലക്ഷ്യത്തോടെ വളച്ചൊടിച്ചതിലൂടെ ശിശുക്കളെ ദൈവരാജ്യത്തില്‍നിന്ന് അകറ്റുകയാണ് ഇത്തരം വാദങ്ങളുടെ വക്താക്കള്‍. ഈ വിഷയത്തിലേക്കു കൂടുതലായി കടന്നുകൊണ്ട് യഥാര്‍ത്ഥ വിചിന്തനത്തില്‍നിന്നു വ്യതിചലിക്കുന്നില്ല. ആയതിനാല്‍, യേശുവിന്റെ രക്തത്തിലെ രക്ഷയും ശിക്ഷയും തിരിച്ചറിയാന്‍ ശ്രമിക്കാം.
മാംസം ഭക്ഷിക്കാമെങ്കിലും രക്തത്തോടൊപ്പം അതു ഭക്ഷിക്കരുതെന്നു മോശയുടെ നിയമം അനുശാസിക്കുന്നത് നാം മനസ്സിലാക്കി. അതുപോലെതന്നെ ബലിമൃഗത്തിന്റെ മാംസം ഭക്ഷിക്കുവാനുള്ള അവകാശം പുരോഹിതര്‍ക്കു മാത്രമാണെന്നും നാം കണ്ടു. പുരോഹിതനുമാത്രം ഭക്ഷിക്കാന്‍ അവകാശം നല്‍കുന്ന ഈ നിയമത്തെ മാറ്റാതെതന്നെ സകലര്‍ക്കും ഭക്ഷിക്കാന്‍ സാധ്യമാകുന്ന വിധത്തില്‍ കര്‍ത്താവു നടത്തിയ ഉടമ്പടിയായി പുതിയനിയമത്തെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. ലേവി ഗോത്രത്തിനു നീക്കിവച്ചിരുന്ന പൗരോഹിത്യം യൂദാ ഗോത്രത്തില്‍ ജനിച്ച യേശു ഏറ്റെടുത്തപ്പോള്‍ മെല്‍ക്കിസദേക്കിന്റെ ക്രമപ്രകാരമുള്ള നിത്യപുരോഹിതനായി അവിടുന്നു മാറി. ജ്ഞാനസ്നാനം വഴി യേശുവിന്റെ കുരിശിലെ ബലിയോടു നമ്മളും ഐക്യപ്പെടുന്നു. അതിനാല്‍, ജ്ഞാനസ്നാനം സ്വീകരിച്ച സകലരും പുരോഹിതരാണ്! ഇത് ലേവിയുടെ പൗരോഹിത്യമല്ല; മെല്‍ക്കിസദേക്കിന്റെ ക്രമപ്രകാരമുള്ള ക്രിസ്തുവിന്റെ പൗരോഹിത്യമാകുന്നു! ക്രിസ്തുവിനെ സംബന്ധിക്കുന്ന പ്രവചനം ഇങ്ങനെയാണ്: "കര്‍ത്താവ് ശപഥം ചെയ്തു: മെല്‍ക്കിസെദേക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല"(സങ്കീ:110;4).
ലേവിയോ അവന്റെ തലമുറയിലെ പുരോഹിതരോ ഉണ്ടാകുന്നതിനു മുന്‍പുതന്നെ മെല്‍ക്കിസെദേക്ക് ഉണ്ടായിരുന്നു. അത്യുന്നത ദൈവത്തിന്റെ പുരോഹിതനായ മെല്‍ക്കിസെദേക്കിനെ ബൈബിളില്‍ നാം കാണുന്നത് ഉല്‍പത്തിയുടെ പുസ്തകത്തിലാണ്. ഇതു വായിക്കുന്നവര്‍ക്ക് യേശുവിനെ വ്യക്തമാകും എന്നാണ് മനോവ കരുതുന്നത്. രാജാക്കന്മാരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി മടങ്ങുന്ന അബ്രാഹത്തെ ആശിര്‍വദിക്കുന്ന മെല്‍ക്കിസെദേക്ക് എന്ന പുരോഹിതനെക്കുറിച്ച് ഇപ്രകാരം വായിക്കുന്നു: "സാലെം രാജാവായ മെല്‍ക്കിസെദേക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു അവന്‍"(ഉല്‍പത്തി:14;18). ഈ പുരോഹിതന്റെ ക്രമപ്രകാരമാണ് യേശു പുരോഹിതനായി തന്നെത്തന്നെ ബലിയര്‍പ്പിച്ചത്. കുരിശിലെ ബലിയുടെ മുന്നോടിയായി സെഹിയോന്‍ മാളികയില്‍ അപ്പവും വീഞ്ഞും ഉയര്‍ത്തിക്കൊണ്ട്, താന്‍ മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള പുരോഹിതനാണെന്ന്‍ നമുക്കു ദൃഷ്ടാന്തം നല്‍കി! മെല്‍ക്കിസെദേക്കിനെ പുതിയനിയമത്തിലും പരിചയപ്പെടുത്തുന്നുണ്ട്. അത് ഇപ്രകാരമാകുന്നു: "അവന്‍റെ പേരിന് ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്റെ -സമാധാനത്തിന്റെ- രാജാവെന്നുമാണ് അര്‍ത്ഥം. അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്"(ഹെബ്രാ:7;2,3).

കര്‍ത്താവായ യേശു ഏറ്റെടുത്തത് ലേവി പൗരോഹിത്യത്തിന്റെ പിന്തുടര്‍ച്ചയല്ല; മറിച്ച്, മെല്‍ക്കിസെദേക്കിന്റെ പിന്തുടര്‍ച്ചയായിരുന്നു എന്ന് ബൈബിള്‍ വ്യക്തമാക്കുന്നു! അതുകൊണ്ടുതന്നെ ക്രിസ്തീയതയിലെ പൗരോഹിത്യം ലേവിയുടെ പൗരോഹിത്യത്തിന്റെ പിന്തുടര്‍ച്ചയല്ല; മെല്‍ക്കിസെദേക്കിന്റെയും യേശുവിന്റെയും പൗരോഹിത്യമാണ് ഓരോ ക്രൈസ്തവരുടെയുംമേല്‍ ഉള്ളത്! പൗലോസ് അപ്പസ്തോലന്‍ ഹെബ്രായര്‍ക്കെഴുതിയ ലേഖനത്തിന്റെ ഏഴാമത്തെ അദ്ധ്യായം വായിച്ചാല്‍ ഈ പൗരോഹിത്യത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത ലഭിക്കും. മെല്‍ക്കിസെദേക്ക് അര്‍പ്പിച്ച അപ്പവും വീഞ്ഞും യേശുവിന്റെ മാംസ-രക്തങ്ങളെക്കുറിച്ചുള്ള പ്രവചനമായിരുന്നു എന്നതിന്റെ തെളിവാണ് സെഹിയോന്‍ മാളികയില്‍ നാം കാണുന്നത്. ഈ മാംസ-രക്തങ്ങള്‍ യോഗ്യതയോടെ ഭക്ഷിക്കുന്നവര്‍ക്ക് എന്നേക്കുമുള്ള പുരോഹിതനും എന്നേക്കുമുള്ള ഏകബലിയുമായ യേശുവഴി പാപമോചനവും രക്ഷയും സാധ്യമാകും! പഴയനിയമത്തിലെ രണ്ടു ബലികളുടെയും രണ്ടു പൗരോഹിത്യത്തിന്റെയും സമന്വയമാണ് യേശുവില്‍ കാണുന്നത്. അബ്രാഹവും പിന്നീട് അഹറോനും അര്‍പ്പിച്ച കുഞ്ഞാടുകളുടെ ബലിയും മെല്‍ക്കിസെദേക്കിന്റെ അപ്പവും വീഞ്ഞും അര്‍പ്പിച്ചുകൊണ്ടുള്ള ബലിയുമാണ് അത്. അഹറോന്‍ അര്‍പ്പിച്ച ബലി യേശുവിന്റെ ഏകബലിയില്‍ പൂര്‍ത്തിയാക്കുകയും മെല്‍ക്കിസെദേക്കിന്റെ ബലി ലോകാന്ത്യംവരെ തുടരാന്‍ കല്പിക്കുകയുമാണ് അവിടുന്നു ചെയ്തത്! "എന്റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍"(1കോറി:11;24). "നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്‍റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്"(1കോറി:11;26).  
വളരെ ലളിതമായി പറഞ്ഞാല്‍, അഹറോന്റെ ക്രമപ്രകാരം ബലിവസ്തുവും, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം പുരോഹിതനുമാണ് യേശുക്രിസ്തു!
യേശുക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും ചെയ്യുന്നതിലൂടെയാണ് പാപമോചനവും രക്ഷയുമെങ്കില്‍, വിശുദ്ധിയാണ് ഇവ സ്വീകരിക്കാനുള്ള യോഗ്യതയെന്നു കരുതാന്‍ കഴിയില്ല! ഇവിടെ ഒരു ആശയക്കുഴപ്പം സ്വാഭാവികമായും കടന്നുവരാം. കൂടുതല്‍ വിവരിക്കാതെ, ഒറ്റ വാചകത്തില്‍ത്തന്നെ ഇതിനുള്ള ഉത്തരം നല്‍കിക്കൊണ്ട് അടുത്തഭാഗത്തേക്കു കടക്കാം. യേശുവിനെ സ്വീകരിക്കുവാനുള്ള യോഗ്യത വിശുദ്ധിയല്ല; മറിച്ച്, അനുതാപമാണ് നമ്മെ അതിനു പ്രാപ്തരാക്കുന്നത്! കാരണം, യേശുവിന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും ചെയ്യുമ്പോഴാണ് നാം പൂര്‍ണ്ണ ശുദ്ധരാകുന്നത്. അതുകൊണ്ടുതന്നെ, സ്വീകരണതിനുമുമ്പ് നാം പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെടുന്നില്ല!

അയോഗ്യതയോടെ അപ്പം ഭക്ഷിക്കുന്നവര്‍ മരിക്കും!

"തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെതന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബ്ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്"(1കോറി:11;27-30).
യേശുവിന്റെ മാംസ-രക്തങ്ങളായ അപ്പവും വീഞ്ഞു ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നതിനായി ചില യോഗ്യതകള്‍ അനിവാര്യമാണ്. ഇതില്‍ ഒന്നാമത്തേത് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും ജ്ഞാനസ്നാനംവഴി അവിടുത്തെ മരണത്തോട് ഐക്യപ്പെടുകയും ചെയ്യുകയെന്നതാകുന്നു. ഇപ്രകാരം സഭയില്‍ അംഗങ്ങളായ വ്യക്തികള്‍ പൂര്‍ണ്ണമായ അനുതാപത്തോടെയാണ് കര്‍ത്താവിനെ സ്വീകരിക്കേണ്ടത്. യോഗ്യതയോടെ സ്വീകരിക്കുന്നവര്‍ക്കു നിത്യജീവനും, അയോഗ്യതയോടെ സ്വീകരിക്കുന്നവര്‍ക്കു മരണവും ലഭിക്കുന്നതിനാല്‍ ആത്മശോധന അനിവാര്യമാകുന്നു. കുമ്പസാരം എന്ന കൂദാശ സ്ഥാപിതമായത് ഇക്കാരണത്താലാണ്. ഈ കൂദാശയ്ക്ക് വചനപരമായ അടിസ്ഥാനമില്ലെന്നു വാദിക്കുന്നവര്‍ ബൈബിള്‍ വായിക്കാത്തവരോ വചനത്തെ വേണ്ടവിധം മനസ്സിലാക്കാത്തവരോ ആണെന്നകാര്യത്തില്‍ തര്‍ക്കമില്ല! ഒരുകാര്യം സത്യമാണ്; ഇന്നത്തെ രീതിയില്‍ ആയിരുന്നില്ല ആദിമസഭയിലെ കുമ്പസാരം.

സഭയില്‍ പാപങ്ങള്‍ ഏറ്റുപറയുക എന്ന രീതിയാണ് ആദ്യകാലങ്ങളില്‍ വിശ്വാസികള്‍ അവലംബിച്ചിരുന്നത്. ഇതു പിന്നീട് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ പരിഷ്കരിക്കുകയും കാലാന്തരേണ ഇന്നത്തെ ശൈലിയില്‍ എത്തിച്ചേരുകയുമാണുണ്ടായത്. കുമ്പസാരം എന്ന കൂദാശയെക്കുറിച്ചു മാത്രമായി ഒരു ലേഖനം തയ്യാറാക്കുവാന്‍ മനോവ ശ്രമിക്കുന്നതിനാല്‍ കൂടുതല്‍ വിശാലമായ വിവരണത്തിന് ഇവിടെ ശ്രമിക്കുന്നില്ല. എന്നിരുന്നാലും ഈ വിഷയത്തില്‍ പൊതുവായ ഒരു ധാരണ ഇവിടെയും ആവശ്യമായിരിക്കുന്നു.

"നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍"(യാക്കോ:5;16). സഭ സമ്മേളിക്കുമ്പോള്‍ പരസ്യമായി തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയുന്ന രീതി ഈ വചനത്തെ അടിസ്ഥാനമാക്കി സ്വീകരിച്ചതായിരുന്നു. ആത്മാര്‍ത്ഥമായ ഏറ്റുപറച്ചിലില്‍നിന്നു പലരും വിട്ടുനില്‍ക്കുകയും, സത്യസന്ധതയോടെ കുറ്റം ഏറ്റുപറയുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന അവസ്ഥയും കടന്നുവന്നപ്പോഴാണ് ഈ വചനത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ ആദിമ ക്രൈസ്തവസമൂഹത്തിനു സാധിച്ചത്. പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയെന്നാല്‍, സമൂഹത്തോട് വിളിച്ചുപറയുക എന്നല്ല വിവക്ഷിക്കുന്നത്. താന്‍ ആരോടാണോ തെറ്റുചെയ്തത്, അവരോടു തന്റെ തെറ്റുകള്‍ ഏറ്റുപറയുകയും അവരുമായി രമ്യതയിലാവുകയുമാണ് വേണ്ടത്. കുമ്പസാരക്കൂട്ടില്‍ പാപങ്ങള്‍ ഏറ്റുപറയുകയും സഹോദരനുമായുള്ള പ്രശ്നം അപ്രകാരംതന്നെ തുടരുകയും ചെയ്‌താല്‍ അത് യഥാര്‍ത്ഥ അനുതാപമോ യഥാര്‍ത്ഥ കുമ്പസാരമോ അല്ല. കര്‍ത്താവിന്റെ വചനം ഇപ്രകാരം നമ്മെ ഉദ്ബോധിപ്പിക്കുന്നു: "നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനുമുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക"(മത്താ:5;23,24).
ആരോടാണു നാം തെറ്റുചെയ്തത് അവരോടാണ് നാം രമ്യതപ്പെടേണ്ടത്. അങ്ങനെയെങ്കില്‍ കുമ്പസാരം എന്ന കൂദാശയുടെ ആവശ്യമുണ്ടോ എന്ന ചോദ്യം ഉയരം. ഒറ്റവാക്കില്‍ ഉണ്ടെന്ന ഉത്തരം നല്‍കിയാല്‍ അതു പൂര്‍ണ്ണമാകില്ല എന്നതുകൊണ്ട് ചെറിയൊരു വിവരണം നല്‍കാം. ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് തെറ്റുചെയ്യുമ്പോള്‍, ചെയ്യുന്നവനും അതിനിരയാകുന്ന വ്യക്തിയും മാത്രമല്ല യഥാര്‍ത്ഥത്തില്‍ ദോഷഫലം അനുഭവിക്കുന്നത്. ഓരോ തെറ്റുകളുടെയും ദോഷഫലങ്ങളുടെ വ്യാപ്തി വ്യത്യസ്തമായിരിക്കും. തെറ്റിനിരയാകുന്ന വ്യക്തിയ്ക്കും അവനോട് അടുപ്പമുള്ളവര്‍ക്കും ഭൌതീകമായ നഷ്ടം സംഭവിക്കുകയും തെറ്റുചെയ്തവന്റെ തലമുറകളിലേക്കുപോലും ശാപത്തിന്റെ വേര് ആഴ്ന്നിറങ്ങുകയും ചെയ്യുന്നു. ഒരുവന്റെ അനുസരണക്കേടിന്റെ ദുരന്തഫലം അവന്റെ സന്തതികള്‍ മഴുവന്‍ പേറിയതുകൊണ്ടാണല്ലോ മരണം ഈ ലോകത്തേക്കു കടന്നുവന്നത്! ആയതിനാല്‍, നാം ചെയ്യുന്ന തെറ്റിന്റെ ഫലം അനുഭവിക്കുന്നത് എത്രയാളുകള്‍ ആയിരിക്കുമെന്ന് അറിയാവുന്നത് ദൈവത്തിനു മാത്രമാണ്. അതുകൊണ്ടുതന്നെ, ഓരോ പാപങ്ങളും അടിസ്ഥാനപരമായി ദൈവത്തോടും നമ്മോടുതന്നെയും ചെയ്യുന്ന ദ്രോഹമാണ്! ഒരു വ്യക്തിയെ ദ്രോഹിക്കുമ്പോഴും അവനെ സഹായിക്കുമ്പോഴും ദൈവത്തെയാണ് ദ്രോഹിക്കുന്നതും സഹായിക്കുന്നതും!
ചുരുക്കത്തില്‍ പറഞ്ഞാല്‍, നാം പാപം ചെയ്യുന്നത് നമ്മോടും ദൈവത്തോടും സഭയോടും ഈ സമൂഹത്തോടും ഭാവിതലമുറയോടുമാണ്. നമ്മെ അറിയാത്തവരും നാം അറിയാത്തവരുമായ വ്യക്തികള്‍പ്പോലും നമ്മുടെ പാപത്തിന്റെ പരിണിതഫലം അനുഭവിക്കുന്നു. കാരണം, വചനം ഇപ്രകാരം അരുളിച്ചെയ്യുന്നു: "കര്‍ത്താവിന്റെതാണ് ഈ വചനം. ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു. ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു"(ഏശയ്യ:24;4-6). മനുഷ്യരുടെ പാപംനിമിത്തം ശപിക്കപ്പെട്ടതായിത്തീരുമെന്ന യാഥാര്‍ത്ഥ്യം ഇവിടെ വെളിപ്പെടുത്തപ്പെട്ടിരിക്കുകയാണ്. മ്ലേച്ഛമായ പാപങ്ങള്‍ ചെയ്യുന്നവര്‍മൂലം ഭൂമി ശപിക്കപ്പെട്ടതാവുകയും അതിലെ നിവാസികള്‍ പുറന്തള്ളപ്പെടുകയും ചെയ്യുമെന്ന വചനം ശ്രദ്ധിക്കുക: "സ്ത്രീയോടു കൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു. സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട് തന്നെത്തന്നെ ആശുദ്ധമാക്കരുത്. അതു ലൈംഗീകവൈകൃതമാണ്. ഇവയിലൊന്നുകൊണ്ടും നിങ്ങള്‍ ആശുദ്ധരാകരുത്. ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്ന് അകറ്റിക്കളയുന്ന ജനതകള്‍ ഇവമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. ആ ദേശവും അശുദ്ധമായിരിക്കുന്നു. അതിന്റെ അകൃത്യത്തിന് ഞാന്‍ അതിനെ ശിക്ഷിക്കും. അത് അതിലെ നിവാസികളെ പുറന്തള്ളുകയും ചെയ്യും. നിങ്ങളും നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരും എന്റെ കല്പനകളും പ്രമാണങ്ങളും പാലിക്കുകയും ഇത്തരം മ്ലേച്ഛമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയും വേണം. നിങ്ങള്‍ക്കുമുമ്പ് ഈ നാട്ടില്‍ വസിച്ചിരുന്നവര്‍ ഈ വിധം മ്ലേച്ഛതകള്‍ക്കൊണ്ട് നാട് മലിനമാക്കി. ആകയാല്‍, ഈ ദേശം നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവരെ പുറന്തള്ളിയതുപോലെ അതിനെ അശുദ്ധമാക്കുകവഴി നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. ഇത്തരം മ്ലേച്ഛപ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.(ലേവ്യര്‍:18;22-29).
സ്വവര്‍ഗ്ഗാനുരാഗികളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന സാഭാധികാരികള്‍ ഈ ഭൂമുഖത്തെ മലിനമാക്കാനും ശപിക്കപ്പെട്ടതാക്കാനും ശ്രമിക്കുന്ന സാത്താന്റെ വക്താക്കളാണ്. പാപം ഇത്രമാത്രം ഗൗരവമുള്ളതായിരിക്കെ, പരിശുദ്ധനായവന്റെ ശരീരരക്തങ്ങള്‍ സ്വീകരിക്കുവാനുള്ള യോഗ്യത അനിവാര്യമാണ് എന്നകാര്യം വ്യക്തമാക്കുകയായിരുന്നു ഇവിടെ. കര്‍ത്താവായ യേശുക്രിസ്തു താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍ അപ്പമെടുത്ത് ആശിര്‍വദിച്ചു ശിഷ്യന്മാര്‍ക്ക് നല്‍കി. ഇതില്‍നിന്നു സ്വീകരിച്ചവര്‍ പന്ത്രണ്ടുപേരായിരുന്നു. നിത്യജീവന്‍ നല്‍കുന്ന ഈ അപ്പവും വീഞ്ഞും സ്വീകരിച്ചവരില്‍ ഒരുവനായ യൂദാസില്‍ കടന്നുകൂടിയത് യേശുവായിരുന്നില്ല; മറിച്ച്, സാത്താനായിരുന്നുവെന്ന് നമുക്കറിയാം.
യേശുവിന്റെ ശരീര-രക്തങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രീയമായ അടിസ്ഥാനം വ്യക്തമാക്കാന്‍കൂടിയാണ് ഇവിടെ മനോവ ശ്രമിക്കുന്നത്.

യേശുവിന്റെ രക്തത്തിലെ ശാസ്ത്രീയ രഹസ്യം!

ഒരു മനുഷ്യന്റെ ശരീരത്തിലെ അവയവങ്ങളോ രക്തമോ മറ്റൊരു മനുഷ്യന്റെ ശരീരത്തിനു സ്വീകാര്യമാകണമെങ്കില്‍ ഒരേ ഗ്രൂപ്പില്‍പ്പെട്ടതോ സ്വീകര്‍ത്താവിന്റെ രക്തഗ്രൂപ്പിനു സ്വീകരിക്കാന്‍ സാധിക്കുന്നതോ ആയിരിക്കണം. രക്തം സ്വീകരിക്കുമ്പോഴും അവയവങ്ങള്‍ സ്വീകരിക്കുമ്പോഴും ഇതു ബാധകമാണ്. ഉദാഹരണത്തിന്, 'ഓ' പോസിറ്റീവ് ഗ്രൂപ്പില്‍പ്പെട്ട വ്യക്തിയില്‍നിന്ന് രക്തമോ അവയവങ്ങളോ സ്വീകരിക്കാന്‍ O+, A+, B+, AB+ തുടങ്ങിയ രക്തഗ്രൂപ്പില്‍പ്പെട്ട വ്യക്തികള്‍ക്കു സാധിക്കും. എന്നാല്‍, O+ രക്തഗ്രൂപ്പുകാര്‍ക്ക് സ്വീകരിക്കാന്‍ സാധിക്കുന്നത് O+, O- എന്നീ ഗ്രൂപ്പുകളില്‍നിന്നു മാത്രമാണ്! ഇത്തരത്തില്‍ ഓരോ ഗ്രൂപ്പുകാര്‍ക്കും സ്വീകരിക്കാന്‍ കഴിയുന്നതും നല്‍കാന്‍ കഴിയുന്നതുമായ ഗ്രൂപ്പുകളുണ്ട്. ആ ഗ്രൂപ്പുകളില്‍ നിന്നാല്ലാതെ സ്വീകരിക്കാനോ നിശ്ചിത ഗ്രൂപ്പുകള്‍ക്കല്ലാതെ നല്‍കുകയോ ചെയ്‌താല്‍ സ്വീകര്‍ത്താവിന്റെ ശരീരം അതു ബഹിഷ്കരിക്കുകയും മരണംതന്നെ സംഭവിക്കുകയും ചെയ്യും!
യേശുവിന്റെ രക്തത്തിന്‍റെ ഗ്രൂപ്പ് AB+ ആണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്ന അവിടുത്തെ വസ്ത്രത്തിലെ രക്തം പരിശോധിച്ചാണ് ഇത് സ്ഥിരീകരിച്ചത്. ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ അദ്ഭുതങ്ങളില്‍ രൂപാന്തരപ്പെടുന്ന മാംസവും രക്തവും AB+ ആണെന്നതും ശാസ്ത്രീയമായ ആധികാരികത ഈ അദ്ഭുതങ്ങള്‍ക്കു ലഭിക്കാന്‍ കാരണമായി! AB+ രക്തത്തിന്റെ പ്രത്യേകതയിലേക്കാണ് വായനക്കാരുടെ ശ്രദ്ധ മനോവ തിരിക്കുന്നത്.
AB+ രക്തഗ്രൂപ്പില്‍പ്പെട്ട ഒരു വ്യക്തിയുടെ ശരീരാവയവങ്ങളോ രക്തമോ സ്വീകരിക്കാന്‍ സാധിക്കുന്നത് ഈ രക്തഗ്രൂപ്പില്‍പ്പെട്ട വ്യക്തികള്‍ക്കു മാത്രമാണ്. എന്നാല്‍, ഏതു രക്തഗ്രൂപ്പില്‍പ്പെട്ട വ്യക്തികളില്‍നിന്നും AB+ ഗ്രൂപ്പുകാര്‍ക്ക് അവയവങ്ങളും രക്തവും സ്വീകരിക്കാം! ഇതിന്റെ നേരെ വിപരീതമായ അവസ്ഥയുള്ളത് 'O-' രക്തഗ്രൂപ്പുകാര്‍ക്കാണ്. ഇവരുടെ രക്തമോ അവയവങ്ങളോ ആര്‍ക്കുവേണമെങ്കിലും നല്‍കാമെങ്കിലും മറ്റൊരു ഗ്രൂപ്പില്‍നിന്നും സ്വീകരിക്കാന്‍ കഴിയില്ല! വിപരീതമെങ്കിലും സാദൃശ്യമുള്ള ഗ്രൂപ്പുകള്‍ AB+, O- എന്നിവ മാത്രമാണ്. AB+ ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് ആരുടേയും സ്വീകരിക്കാമെങ്കില്‍, O- ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് ആര്‍ക്കും നല്‍കാം! നേരേമറിച്ച്, AB+ ഗ്രൂപ്പില്‍പ്പെട്ടവരുടെ സ്വീകരിക്കണമെങ്കില്‍ സ്വീകര്‍ത്താവിന്റെ ഗ്രൂപ്പും അതുതന്നെയായിരിക്കണം. എന്നാല്‍, O- ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് അതേ ഗ്രൂപ്പില്‍നിന്നല്ലാതെ മറ്റൊരു ഗ്രൂപ്പില്‍നിന്നും സ്വീകരിക്കാന്‍ കഴിയില്ല!
രക്തഗ്രൂപ്പുകളെ സംബന്ധിച്ചുള്ള പൊതുവായ വിവരമാണ് ഇവിടെ വിവരിച്ചത്. ഇനി നമുക്ക് യേശുവിന്റെ രക്തത്തിന്റെ പ്രത്യേകത പരിശോധിക്കാം. കര്‍ത്താവായ യേശുവിന്റെ രക്തമോ ശരീരാവയവമോ(മാംസം) സ്വീകരിക്കണമെങ്കില്‍, അവിടുത്തെ രക്തഗ്രൂപ്പില്‍പ്പെട്ട വ്യക്തികള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍, യേശുവിന് ആരുടേയും സ്വീകരിക്കാന്‍ സാധിക്കും. ഇത് ഭൗതീകമായ ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും ആത്മീയമായ ചില സത്യങ്ങളും ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്. എന്നിരുന്നാലും ഇതൊരു ശാസ്ത്രീയ വിശകലനമായി ആരും ചിന്തിക്കരുത്. ഇവിടെ ഒരു വചനം കുറിക്കുന്നു: "പിതാവ് എനിക്കു നല്കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല"(യോഹ:6;37). തന്നെത്തന്നെ യേശുവിനായി സ്വയം സമര്‍പ്പിക്കുന്ന ഏതൊരുവനും അവിടുത്തേക്കു സ്വീകാര്യനാണ്. എന്നാല്‍, യേശുവിനെ സ്വീകരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുകയില്ല! യേശുവിനെപ്പോലെയാകാത്ത ഒരുവനും യേശുവിനെ സ്വീകരിക്കാന്‍ കഴിയുകയില്ല എന്നതാണ് സത്യം! AB+ രക്തഗ്രൂപ്പില്‍പ്പെട്ട വ്യക്തികള്‍ക്ക് മറ്റേതു രക്തഗ്രൂപ്പില്‍പ്പെട്ട വ്യക്തികളില്‍നിന്നും രക്തമോ ശരീരാവയവങ്ങളോ സ്വീകരിക്കാന്‍ കഴിയുമെന്നു നാം കണ്ടു.
ലോകത്തുള്ള 'AB+' രക്തഗ്രൂപ്പില്‍പ്പെട്ട എല്ലാവരെയും മഹത്വവത്ക്കരിക്കാനോ മറ്റുള്ളവരെ ഇകഴ്ത്താനോ ഉള്ള ശ്രമമായി ഈ ലേഖനത്തെ ആരും കാണരുതെന്നു വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. മറിച്ച്, നാം യേശുവുമായി അനുരൂപപ്പെടേണ്ടതിലെ അനിവാര്യതയിലേക്കാണ് ശ്രദ്ധതിരിക്കുന്നത്.
യേശുവിനെ രക്ഷകനും നാഥനുമായി നാം സ്വീകരിക്കുന്നതിലൂടെ പിതാവായ ദൈവത്തിന്റെ മക്കളായി നാം ദത്തെടുക്കപ്പെടുകയാണു ചെയ്യുന്നത്! യേശുക്രിസ്തുവിന്റെ രക്തത്താല്‍ കഴുകപ്പെടുകയും ഈ രക്തം പാനംചെയ്യുകയും ചെയ്യുന്നതുവഴി പിന്നീട് അവന്റെ സിരകളില്‍ യേശുവിന്റെ രക്താണ് ചംക്രമണം ചെയ്യുന്നത്. ഇതിനും ശാസ്ത്രീയതയോടു ചില പൊരുത്തങ്ങളുണ്ട്. ഏതെങ്കിലുമൊരു വ്യക്തി അടിയന്തിരഘട്ടത്തില്‍ സ്വീകാര്യമായ മറ്റേതെങ്കിലും ഗ്രൂപ്പില്‍പ്പെട്ട രക്തം സ്വീകരിക്കേണ്ടിവന്നാല്‍, ഇയാള്‍ സ്വീകരിച്ച രക്തത്തിന്റെ ഗ്രൂപ്പിലേക്ക് ഇയാളുടെ രക്തഗ്രൂപ്പ് രൂപാന്തരപ്പെടും. ഉദാഹരണത്തിന്: O+ രക്തഗ്രൂപ്പിലുള്ള ഒരുവന് 'ഓ' നെഗറ്റീവ് ഗ്രൂപ്പില്‍നിന്നു രക്തം സ്വീകരിക്കാന്‍ സാധിക്കും. എന്നാല്‍, ഒരിക്കല്‍ ഇപ്രകാരം സ്വീകരിക്കുന്നതിലൂടെ ഇയാളുടെ രക്തഗ്രൂപ്പ് 'ഓ' നെഗറ്റീവ് ആയി മാറും! യേശുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്നവനില്‍ സംഭവിക്കുന്ന രൂപാന്തരീകരണവും ഇതിനോടു സദൃശ്യമാണ്!  യേശുവിനെ സ്വീകരിച്ച ഒരു വ്യക്തി മറ്റു ദേവന്മാരെ അനുഗമിക്കുമ്പോള്‍, അവന്‍ ആത്മീയമായി മരിച്ചവനാകും! അസ്വീകാര്യമായ രക്തം സ്വീകരിക്കുന്നവന്‍ ശാരീരികമായി മരിക്കുന്നതുപോലെ, യേശുവിനെ സ്വീകരിച്ചവന്‍ അന്യദേവനെ സ്വീകരിച്ചാല്‍ ആത്മീയമായി അവന്‍ മരിക്കും!
യേശുവിന്റെ ശരീരവും രക്തവും സ്വീകരിക്കാന്‍ യോഗ്യതയില്ലാത്തവര്‍ ഇവ സ്വീകരിച്ചാലുള്ള അവസ്ഥയും വ്യത്യസ്ഥമല്ല! മുന്‍പേ നാം ചിന്തിച്ച വചനം ഒരിക്കല്‍ക്കൂടി ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. വചനമിതാണ്: "തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെതന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബ്ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്"(1കോറി:11;27-30). നമ്മുടെ ചിന്തയില്‍ ഈ വചനം എപ്പോഴും ഉണ്ടായിരിക്കണം. യൂദാസിനു സംഭവിച്ചതും നാം മറക്കരുത്. നിഷ്കളങ്കമായ അവസ്ഥയില്‍ ആയിരുന്നില്ല അവന്‍ കര്‍ത്താവിന്റെ മേശയില്‍നിന്നു ഭക്ഷിച്ചത്. മത്തായി എഴുതിയ സുവിശേഷത്തില്‍ ഇരുപത്തിയാറാമത്തെ അദ്ധ്യായത്തിലെ പതിനേഴുമുതലുള്ള വാക്യങ്ങളിലാണ് അന്ത്യത്താഴം വിവരിച്ചിരിക്കുന്നത്. ഇതിനു തൊട്ടുമുന്‍പുള്ള വാക്യങ്ങളില്‍ യൂദാസിന്റെ വഞ്ചന വിവരിച്ചിരിക്കുന്നു. ഈ ഭാഗം ശ്രദ്ധിക്കുക: "പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ്സ്കറിയോത്ത പ്രധാന പുരോഹിതന്മാരുടെ അടുത്തുചെന്നു ചോദിച്ചു: ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്പിച്ചുതന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും? അവര്‍ അവന് മുപ്പതു വെള്ളിനാണയങ്ങള്‍ വാഗ്ദാനം ചെയ്തു. അപ്പോള്‍മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു"(മത്താ:26;14-16). ഈ കാപട്യത്തോടെയായിരുന്നു യൂദാസ് കര്‍ത്താവിന്റെ മേശയില്‍നിന്നു ഭക്ഷിച്ചത്.
യേശുവിന്റെ ശരീരവും രക്തവും സ്വീകരിച്ചപ്പോള്‍ യൂദാസിനു സംഭവിച്ചത് നോക്കുക: "അവന്‍ അപ്പക്കഷണം മുക്കി ശിമയോന്‍സ്കറിയോത്തായുടെ മകന്‍ യൂദാസിനു കൊടുത്തു. അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന്‍ സാത്താന്‍ അവനില്‍ പ്രവേശിച്ചു"(യോഹ:13;26,27). കര്‍ത്താവിന്റെ കരങ്ങളില്‍നിന്ന്‍ ആദ്യമായി അപ്പം സ്വീകരിച്ചവന്‍ യൂദാസായിരുന്നു! ജാഗ്രതയോടെ മാത്രം സമീപിക്കേണ്ട കര്‍ത്താവിന്റെ മേശയെ(ബലിപീഠം) അശ്രദ്ധയോടെ സമീപിച്ചപ്പോള്‍ ആത്മീയമായി രോഗികളായവരും മരണപ്പെട്ടവരും ഇന്നു സഭയുടെ ഭാഗമെന്ന ധാരണയില്‍ ജീവിക്കുന്നുണ്ട്. "അവളുടെ പുരോഹിതന്‍മാര്‍ എന്റെ നിയമം ലംഘിക്കുന്നു. അവര്‍ എന്റെ വിശുദ്ധ വസ്തുക്കളെ മലിനമാക്കുന്നു. വിശുദ്ധവും അശുദ്ധവും തമ്മില്‍ അവര്‍ അന്തരം കാണുന്നില്ല. നിര്‍മലവും മലിനവും തമ്മിലുള്ള വ്യത്യാസം അവര്‍ പഠിപ്പിക്കുന്നില്ല''(എസക്കി:22;26). അള്‍ത്താരയില്‍നിന്നുപോലും അന്യദേവന്മാരെ പ്രഘോഷിക്കാന്‍ ധൈര്യം കാണിക്കുന്ന പുരോഹിതരും അവരെ അനുകരിച്ചു വഞ്ചിതരാകുന്ന ജനങ്ങളും ആത്മീയമായി 'വെന്റിലേറ്ററില്‍' കിടക്കുന്നവരോ മരിച്ചവരോ ആണ്! ഇവരുടെ ശുശ്രൂഷകളില്‍ ആത്മാവിന്റെ നിറവില്ലാത്തതും, ഉപദേശങ്ങള്‍ ഇടര്‍ച്ചവരുത്തുന്നതും ആയത് ഇക്കാരണത്താലാണ്!
പാപങ്ങളെ ലഘൂകരിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ നല്‍കുന്ന നേതാക്കന്മാരുടെ കൂട്ടമാണ്‌ ഇന്നു കത്തോലിക്കാസഭയെ നയിക്കുന്നത്. ലോകമുള്ളിടത്തോളം ഇടംവലംതിരിയാതെ അനുസരിക്കണമെന്ന മുന്നറിയിപ്പോടെ കര്‍ത്താവു നല്‍കിയ കല്പനകളെ അവഗണിച്ചുകൊണ്ട്, ലോകത്തിന്റെ പ്രശംസയ്ക്കുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്നവരെ ദൈവജനം തിരിച്ചറിയണം. ജനത്തെ ഒന്നടങ്കം മരണത്തിലേക്കു നയിക്കുന്ന പൈശാചികതയാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. എല്ലാ പാപങ്ങള്‍ക്കും ന്യായീകരണവുമായി ദൈവശാസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ സാത്താനുവേണ്ടി വിടുവേല ചെയ്യുന്നവരും 'ഫ്രീമേസണ്‍' അജണ്ടയുടെ കാര്യസ്ഥരുമാണ്. മാരകപാപങ്ങളായ സ്വവര്‍ഗ്ഗരതി, ഭ്രൂണഹത്യ, വിവാഹമോചനം തുടങ്ങിയവയെ ന്യായീകരിക്കാന്‍ ഉപാധികള്‍ നിരത്തുന്നവര്‍ ആരുടെ അഭിഷിക്താരാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. പാപത്തെക്കുറിച്ചു വ്യക്തമായ ധാരണ നല്‍കുവാന്‍ ചുമതലപ്പെട്ടവര്‍ മാരകപാപങ്ങളെപ്പോലും മഹത്വവത്ക്കരിക്കുകയും, ഇവയുടെയെല്ലാം ഉത്തരവാദിത്വം ഹോര്‍മോണിന്റെമേല്‍ കെട്ടിവയ്ക്കുകയും ചെയ്തപ്പോള്‍, കുമ്പസാരക്കൂടുകളുടെ സ്ഥാനം പുരാവസ്തുശേഖരങ്ങളോടൊപ്പമായി!
പാപബോധമില്ലാത്ത ക്രൈസ്തവനാമധാരികളുടെ ഒരു കൂട്ടമായി കത്തോലിക്കാസഭയെ മാറ്റേണ്ടത് സാത്താന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ സഭാധികാരികളുടെ കുപ്പായത്തിനുള്ളില്‍ കടന്നുകൂടിയിരിക്കുന്ന ഭൂരിപക്ഷം വ്യക്തികളും അവന്റെ സേവകരാണ്! അയോഗ്യതയോടെ അപ്പം ഭക്ഷിച്ച്, ദൈവീകജീവനില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരായി സഭാംഗങ്ങളെല്ലാം മാറണമെന്നതാണ് സാത്താന്റെ അഭിലാഷം! സഭയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങളെ സൂക്ഷിച്ചുവീക്ഷിച്ചാല്‍, ആരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നത്തിനാണ് അധികാരികള്‍ നിലകൊള്ളുന്നതെന്നു തിരിച്ചറിയാന്‍ കഴിയും. പരിശുദ്ധ കുര്‍ബ്ബാന പട്ടിയ്ക്കു കൊടുക്കാന്‍പോലും ധാര്‍ഷ്ട്യം കാണിക്കുന്ന പിശാചുക്കള്‍ സഭാവസ്ത്രത്തിനുള്ളില്‍ കയറിക്കൂടിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ഈ അടുത്തനാളുകളില്‍ വേദനയോടെയും ഭയത്തോടെയും നാം അറിഞ്ഞു. "വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക്‌ ഇട്ടു കൊടുക്കരുത്"(മത്താ:7;6). യേശുവിന്റെ ശരീരം വിശുദ്ധം മാത്രമല്ല; അത് സകലത്തെയും വിശുദ്ധീകരിക്കുന്നതു കൂടിയാണ്!
കര്‍ത്താവിന്റെ കാരുണ്യത്തെയും സ്നേഹത്തെയും പ്രഘോഷിക്കുന്നവര്‍ സൗകര്യപൂര്‍വ്വം അവിടുത്തെ ക്രോധത്തെ മറച്ചുവയ്ക്കുന്നു. "മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യന്‍ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിധ്യത്തില്‍ മരിക്കുന്നു. ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്തവനു ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണു നിങ്ങള്‍ വിചാരിക്കുന്നത്? പ്രതികാരം എന്റേതാണ്. ഞാന്‍ പകരംവീട്ടും എന്നും കര്‍ത്താവു തന്റെ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു. ജീവിക്കുന്ന ദൈവത്തിന്റെ കൈയില്‍ ചെന്നുവീഴുക വളരെ ഭയാനകമാണ്"(ഹെബ്രാ:10;28-31).
"അങ്ങനെ ദൈവത്തിനു സ്വീകാര്യമായ ആരാധന ഭയഭക്ത്യാദരങ്ങളോടെ സമര്‍പ്പിക്കാം. കാരണം, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്"(ഹെബ്രാ:12;28,29).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

 http://www.manovaonline.com/newscontent.php?id=185

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin