Tuesday, 2 December 2014

ഡല്‍ഹിയില്‍ പള്ളി കത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും



 
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സെബാസ്റ്യന്‍സ് പള്ളി ദുരൂഹ സാഹചര്യത്തില്‍ കത്തിയ സംഭവം തികച്ചും അപലപനീയമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇതേക്കുറിച്ചു നേരിട്ട് അന്വേഷിച്ചു പാര്‍ലമെന്റിനെവിവരം അറിയിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. കത്തോലിക്കാ ദേവാലയം അഗ്നിക്കിരയായ സംഭവം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നലെ വിഷയമായപ്പോഴാണു കേന്ദ്രസര്‍ക്കാരിനുവേണ്ടി പാര്‍ലമെന്ററികാര്യമന്ത്രി എം. വെങ്കയ്യനായിഡു സംഭവത്തെ അപലപിച്ചത്.

ക്രൈസ്തവ ദേവാലയം അഗ്നിക്കിരയായ കേസ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗാണു പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്. പോലീസ് ജോയിന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല. സംഭവം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്നു ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി. എസ്. ബസ്സിയും അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ചു ഡല്‍ഹി പോലീസ് ആസ്ഥാനത്തി നു മുന്നില്‍ ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെയും ഡോ. അനില്‍ കൂട്ടോയുടെയും നേതൃത്വത്തില്‍ ഇന്നലെ വന്‍ജനാവലി നടത്തിയ പ്രതിഷേധപ്രകടനത്തെ തുടര്‍ന്നായിരുന്നു ലഫ്. ഗവര്‍ണറുടെയും പോലീസ് കമ്മീഷണറുടെയും ഈ ഉറപ്പ്. ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്താന്‍ പോലീസ് വിസമ്മതിച്ചതിനെത്തുടര്‍ന്ന് വിശ്വാസികള്‍ റോഡ് ഉപരോധം അടക്കമുള്ള സമരമാര്‍ഗങ്ങളിലേക്കു നീങ്ങി. തുടര്‍ന്ന് ക്രമസമാധാനച്ചുമതലയുള്ള പോലീസ് കമ്മീഷണര്‍ ദീപക് മിശ്ര ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി.

ഇതേസമയം, കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കുമെന്നു നിവേദസംഘത്തിനു ലഫ്. ഗവര്‍ണറും പോലീസ് കമ്മീഷണറും പിന്നീടു നിവേദക സംഘത്തിന് ഉറപ്പു നല്‍കി. ക്രൈസ്തവ ദേവാലയങ്ങള്‍ക്കുള്ള സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. കത്തിനശിച്ച പള്ളിയുടെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്തിനു കൈമാറുന്ന കാര്യം പരിഗണിക്കാനാവില്ലെന്നായിരുന്നു ലഫ്. ഗവര്‍ണര്‍ ജംഗിന്റെ പ്രതികരണം.

സംഭവത്തെക്കുറിച്ചു ഗൌരവമായ അന്വേഷണം ഉറപ്പാക്കണമെന്നു ലഫ്. ഗവര്‍ണറെ നേരിട്ടു വിളിച്ചു രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍ നിര്‍ദേശിച്ചു. കെ.എന്‍. ബാലഗോപാല്‍ എംപിയോടൊപ്പം ഇന്നലെ ദില്‍ഷാദ് ഗാര്‍ഡനിലെത്തി കത്തിയ പള്ളി സന്ദര്‍ശിച്ച ശേഷമാണു കുര്യന്‍ ഗവര്‍ണറെ ടെലിഫോണില്‍ വിളിച്ചത്. സംഭവം ന്യൂനപക്ഷങ്ങള്‍ക്കു നേരേയുള്ള ആക്രമണമാണെന്നു രാവിലെ പോലീസ് ആസ്ഥാനത്തേക്കു നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ പ്രസംഗിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍ പറഞ്ഞു.

 http://www.deepika.com/ucod/



ഡല്‍ഹി ദേവാലയത്തിലെ അഗ്നിബാധ: പാര്‍ലമെന്റ് പ്രക്ഷുബ്ധമായി


 
 
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ് സെബാസ്റ്യന്‍സ് പള്ളി കത്തിയ സംഭവം പാര്‍ലമെന്റില്‍ ഇന്നലെ ബഹളത്തിനിടയാക്കി. ലോക്സഭയില്‍ സിപിഎം നേതാവ് പി. കരുണാകരനാണ് വിഷയം ഉന്നയിച്ചത്.

ജോസ് കെ. മാണിയും ഈ പ്രശ്നത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്െടന്നു സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. പ്രശ്നത്തില്‍ നോട്ടീസ് നല്‍കിയിരുന്നതായി ജോയിസ് ജോര്‍ജ് അറിയിച്ചു. പ്രഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, ജോയിസ് ജോര്‍ജ്, എം.കെ രാഘവന്‍, എ. സമ്പത്ത്, എം.ബി രാജേഷ്, പി.കെ. ശ്രീമതി, പി.കെ. ബിജു, ഇന്നസന്റ് തുടങ്ങിയവര്‍ കരുണാകരനു പിന്തുണ നല്‍കി.

എസ്പി നേതാവ് മുലായം സിംഗ് യാദവ്, എന്‍സിപി നേതാവ് താരീഖ് അന്‍വര്‍ എന്നിവരടക്കമുള്ള ബിജെപി ഇതര എംപിമാരും പള്ളിക്കെതിരായ ആക്രമണത്തെ അപലപിക്കാനും കരുണാകരന്റെ സബ്മിഷനെ പിന്തുണയ്ക്കാനും എഴുന്നേറ്റതോടെയാണു പാര്‍ലമെന്ററികാര്യ മന്ത്രി പ്രസ്താവന നടത്തിയത്. വളരെ ഗൌരവമുള്ള കാര്യമാണിതെന്നും സംഭവം ഒരു സംശയത്തിനുമിടയില്ലാതെ അപലപനീയമാണെന്നും മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

രാജ്യസഭയിലും സംഭവം വിഷയമായി. ജെഡിയു നേതാവ് ശരത് യാദവ് പ്രശ്നം ഉന്നയിച്ചപ്പോള്‍ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ തുടങ്ങിയവര്‍ പിന്തുണച്ചു.

ആഭ്യന്തരമന്ത്രി നേരിട്ടു സ്ഥലം സന്ദര്‍ശിച്ചു ജുഡീഷല്‍ അന്വേഷണത്തിനു ഉത്തരവിടണമെന്നു ജോസ് കെ. മാണി നിവേദനത്തില്‍ കേന്ദ്രസര്‍ക്കാരിനോടു ആവശ്യപ്പെട്ടു.

ആര്‍ച്ച്ബിഷപ്പുമാര്‍, മുന്‍ ഡല്‍ഹി സിഎന്‍ഐ ബിഷപ് കരം മസി, ഫാ. സ്റാന്‍ലി കോഴിച്ചിറ, ദേശീയോദ്ഗ്രഥന കൌണ്‍സില്‍ മുന്‍ അംഗം ജോണ്‍ ദയാല്‍, ഫാ. ഡൊമിനിക് എമ്മാനുവേല്‍ എന്നിവര്‍ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിച്ചു. ക്രെെസ്തവ സഭാ നേതാക്കള്‍ക്കു പുറമേ ഡല്‍ഹി പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിംഗ് ലൌവ്ലി, ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയവരും പ്രസംഗിച്ചു.

ആര്‍ച്ച്ബിഷപ് അനില്‍ കൂട്ടോ, ചാന്‍സലര്‍ ഫാ. കോയിക്കല്‍, ജോണ്‍ ദയാല്‍ എന്നിവരാണു ലഫ്. ഗവര്‍ണറെ കണ്ടു ചര്‍ച്ച നടത്തിയത്.

ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ കൂട്ടോ, മലങ്കര ബാഹ്യകേരള ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, ഫരീദാബാദ് രൂപത വികാരി ജനറാള്‍ ഫാ. സെബാസ്റ്യന്‍ വടക്കുംപാടന്‍, ഡല്‍ഹി രൂപത ചാന്‍സലര്‍ ഫാ. മാത്യു കോയിക്കല്‍ തുടങ്ങിയവരാണു പോലീസ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്.

വിവരം അറിഞ്ഞയുടന്‍ തന്നെ സ്ഥലത്തെത്തി അടിയന്തര നടപടികള്‍ എടുക്കാന്‍ വിസമ്മതിച്ച ജിടിബി പോലീസ് സ്റേഷനിലെ സ്റേഷന്‍ ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വകുപ്പുതല നടപടികളെടുക്കുമെന്നു പോലീസ് കമ്മീഷണര്‍ ഉറപ്പു നല്‍കി.

ഡല്‍ഹി അതിരൂപതയിലെ ഫാ. സവാരിമുത്തു, സിഎന്‍ഐ ജനറല്‍ സെക്രട്ടറി ആല്‍വാന്‍ മാസി, ബിലീവേഴ്സ് ചര്‍ച്ചിന്റെ ബിഷപ് സൈമണ്‍ ജോണ്‍, ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി റിച്ചാര്‍ഡ് ഹവെല്‍, ന്യൂനപക്ഷ കൌണ്‍സില്‍ മുന്‍ അംഗം എ.സി മൈക്കിള്‍, ഓള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ ദേശീയ സെക്രട്ടറി സ്വാമിദാസ് ചിന്നപ്പന്‍, ഫെഡറേഷന്‍ ഓഫ് കാത്തലിക് അസോസിയേഷന്‍ ഓഫ് ഡല്‍ഹി പ്രസിഡന്റ് ജെനിസ് ഫ്രാന്‍സിസ്, റിലീജിയസ് ലിബര്‍ട്ടീസ് കമ്മീഷന്‍ ഡയറക്ടര്‍ വിജയേഷ് ലാല്‍ എന്നിവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.

പള്ളി കത്തി നശിച്ചതിനെ തുടര്‍ന്നു സെന്റ് സെബാസ്റ്യന്‍സ് പള്ളിയിടവകയില്‍പ്പെട്ട സീറോ മലബാര്‍ സഭയുടെയും ലത്തീന്‍ സഭയുടെയും വിശ്വാസികളുടെ ആരാധന തൊട്ടടുത്ത മദര്‍ തെരേസ കോണ്‍വന്റിലാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം അറിഞ്ഞതിനു ശേഷം തുടര്‍നടപടികളെക്കുറിച്ചു തീരുമാനിക്കുമെന്നു ഡല്‍ഹി ആര്‍ച്ചു ബിഷപ് ഡോ. അനില്‍ കൂട്ടോ പത്രക്കുറിപ്പില്‍ അറിയിച്ചു.

പരാതിയെത്തുടര്‍ന്നു തീവയ്പിനാണു പോലീസ് കേസെടുത്തിരിക്കുന്നത്. തീ പിടിത്തത്തില്‍ ഏകദേശം ഒന്നരക്കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. പള്ളിയില്‍ സൂക്ഷിച്ചിരുന്നു വി. അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും തിരുശേഷിപ്പുകളും കത്തി നശിച്ചതായി ഇടവക അംഗം ജോണ്‍സണ്‍ പറഞ്ഞു. തിരുനാള്‍ ദിനത്തില്‍ ആരാധനയ്ക്കായി മാത്രം പുറത്തെടുക്കുന്നതായിരുന്നു ഈ തിരുശേഷിപ്പുകള്‍. ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഉടന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.

ദില്‍ഷാദ് ഗാര്‍ഡനില്‍ കത്തോലിക്കാ പള്ളി കത്തി നശിച്ചതില്‍ പ്രതിഷേധിച്ചും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാമാവശ്യപ്പെട്ടും സിപിഎം ഡല്‍ഹി സംസ്ഥാന ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലേക്കു മാര്‍ച്ച് നടത്തി.

മഹിള അസോസിയേഷന്‍ ഡല്‍ഹി സംസ്ഥാന സെക്രട്ടറി സേബ ഫറൂഖി, സിപിഐ -എം നേതാക്കളായ അനുഗാഗ് സക്സേന, പി ഐ രവീന്ദ്രനാഥ്, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസന്‍, ഡിവൈഎഫ്ഐ ഡല്‍ഹി സംസ്ഥാന സെക്രട്ടറി പ്രമോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
 http://www.deepika.com/ucod/

1 comment:

  1. Dear Admin,
    You may please refer to laityvoice.blogspot.com in connection with a report from USA
    Regards
    George Katticaren

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin