അർത്ഥരഹിതമായ പേരുകൾ കുഞ്ഞുങ്ങൾക്ക് നൽകരുത്;ഇടുക്കി മെത്രാന്റെ പുതിയ ഇടയലേഖനം
അർത്ഥരഹിതമായ പേരുകൾ കുഞ്ഞുങ്ങൾക്ക് നൽകരുത്; ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ വിശുദ്ധരുടെ പേരുകൾ നൽകണം; കുഞ്ഞുങ്ങളെ എട്ടാം ദിവസം മാമോദീസ മുക്കണം; കുട്ടികളുടെ മുൻപിൽ വച്ച് വൈദികന്മാരേയും കന്യാസ്ത്രീകളേയും വിമർശിക്കരുത്: ഇടുക്കി മെത്രാന്റെ പുതിയ ഇടയലേഖനം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വിശ്വാസികൾ കുഞ്ഞുങ്ങൾക്ക് ക്രൈസ്തവ പേരുകൾ നൽകണമെന്നും ക്രിസ്തീയ നാമത്തിൽ അറിയപ്പെടുന്നത് ക്രിസ്തുവിന് സാക്ഷ്യം വഹിക്കലാണെന്നും ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ. കുടുംബത്തെ സംബന്ധിച്ചുള്ള ഇടയലേഖനത്തിലാണ് ബിഷപ്പ് കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണമെന്നും രക്ഷിതാക്കൾ എന്തെല്ലാം അനുവർത്തിക്കണമെന്നും വ്യക്തമാക്കുന്നത്.
കുഞ്ഞുങ്ങളുടെ പേരിന് വളരെ പ്രാധാന്യമുണ്ട്. അർഥരഹിതമായ പേരുകൾ കുഞ്ഞുങ്ങൾക്കു നൽകുന്നതു ശരിയല്ല. വിശ്വാസവും ക്രൈസ്തവ മാതൃകയും പ്രഘോഷിക്കുന്ന പരമ്പരാഗത പേരുകൾ ഉപയോഗിക്കാനും അതിൽ അഭിമാനിക്കാനും ക്രൈസ്തവർക്കു കഴിയണം. വിശുദ്ധരുടെ മാതൃക വരും തലമുറകളിലേക്കു കൈമാറുന്നത് അവരുടെ പേരുകളിലൂടെയാണെന്നും ഇടയലേഖനം ഓർമിപ്പിക്കുന്നു.
പാരമ്പര്യ രീതിയിൽ ശിശുക്കളുടെ മാമ്മുദീസ എട്ടാം ദിവസം തന്നെ നടത്തുന്നതാണ് ഉചിതം. മക്കളെ വിശുദ്ധരായി വളർത്താനും താത്പര്യമുള്ളവരെ പൗരോഹിത്യ-സന്ന്യാസ ജീവിതാവസ്ഥകളിലേക്കു നയിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.ഭൗതിക നേട്ടങ്ങൾക്കും സമ്പത്തിനും ജോലിക്കും മാത്രം പ്രാധാന്യം നൽകുന്നതു ശരിയല്ല. കുട്ടികളുടെ സാന്നിധ്യത്തിൽ വൈദികരെയും സന്ന്യസ്തരെയും വിമർശിക്കുന്നത് ദൈവവിളി നിരുത്സാഹപ്പെടുത്തും.
വിശ്വാസത്തിന്റെ അപചയം മൂലമാണ് ഹൃദയവിശുദ്ധിയും ശരീരവിശുദ്ധിയും നഷ്ടപ്പെട്ട് പലരും വിവാഹ വേദിയിലെത്തുന്നത്. കുട്ടികൾക്ക് മാതൃകയാകാനും അവർക്കായി പ്രാർത്ഥിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. ഒപ്പം കുട്ടികളുടെ മൊബൈൽ ഫോൺ, ഫേസ്‌ബുക്ക്, വാട്സ് ആപ്പ് ഉപയോഗവും നിയന്ത്രിക്കണം. വളരെയധികം കുട്ടികൾ മൊബൈലിലൂടെ വഴിതെറ്റുന്നതായും മാർ ആനിക്കുഴിക്കാട്ടിൽ ചൂണ്ടിക്കാട്ടുന്നു.സിവിൽ സർവീസ്, പബ്ലിക് സർവീസ്, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും ഇടയലേഖനത്തിലുണ്ട്. 23 ന് പള്ളികളിൽ വായിക്കണമെന്ന നിർദേശത്തോടെയാണ് ഇടയലേഖനം പുറപ്പെടുവിച്ചിട്ടുള്ളത്.
മാസങ്ങൾക്ക് മുമ്പ് കുട്ടികളെ ജനിപ്പിക്കാൻ കുടുംബങ്ങൾ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം ചർച്ചയായി മാറിയിരുന്നു. . കുടുംബാസൂത്രണം ആവശ്യപ്പെടുന്നവർ അഹങ്കാരികളും സ്വാർഥരുമാണെന്നു ക്രിസ്മസിന് മുന്നോടിയായി വിശ്വാസികൾക്ക് രൂപതാധ്യക്ഷൻ അയച്ച ഇടയലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
'കാട്ടുപന്നികളോ തെരുവുനായ്ക്കളോ വർധിച്ചാൽ വന്ധ്യംകരണം ആവശ്യപ്പെടുന്നതിനെക്കാൾ ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങൾ ജനിച്ചതിന് ശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്ന് പറയുന്നവർ അഹങ്കാരികളും സ്വാർഥരുമാണ്. സ്ത്രീയും പുരുഷനും പ്രത്യുൽപ്പാദനശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാൻ ശ്രമിക്കണം.
സ്ഥിരമോ താൽക്കാലികമോ ആയ ജനനനിയന്ത്രണ മാർഗങ്ങൾ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂർണമായ ഭാവി ജീവിതമായിരിക്കുമെന്നും മാർ ആനിക്കുഴിക്കാട്ടിൽ മുന്നറിയിപ്പു നൽകുന്നു. സുഖസൗകര്യങ്ങൾ വർധിക്കുകയും വിശ്വാസം ക്ഷയിക്കുകയും ചെയ്തതാണ് കുട്ടികൾ വേണ്ടെന്ന് വയ്ക്കാൻ കാരണം.'വലിയ കുടുംബങ്ങൾക്കായി സഭയുടെ പ്രസ്ഥാനങ്ങളും ആശയപ്രചാരണം നടത്തുമ്പോൾ ഇതിനോട് സഹകരിക്കാൻ കുടുംബങ്ങൾ മത്സരബുദ്ധിയോടെ മുന്നോട്ടു വരണം- ഇതായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആഹ്വാനം. ഇത് വലിയ ചർച്ചയായി മാറുകയും ചെയ്തു.
http://almayasabdam.blogspot.co.uk/
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin