Monday, 10 April 2017

ഈജിപ്തിൽ കോപ്റ്റിക് പള്ളികളിൽ ഐഎസ് ഭീകരാക്രമണം; 45 മരണം

Attack in Coptic Church, Tantaടാൻഡയില്‍ സ്ഫോടനത്തിൽ തകർന്ന പള്ളി
കയ്റോ ∙ ഈജിപ്തിലെ അലക്സാൻഡ്രിയ, ടാൻഡ നഗരങ്ങളിൽ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളികളിൽ ഭീകരസംഘടനയായ ഐഎസ് നടത്തിയ സ്ഫോടനങ്ങളിൽ 45 പേർ കൊല്ലപ്പെട്ടു; 140 പേർക്കു പരുക്കേറ്റു. ഓശാന ഞായറാഴ്ച വിശ്വാസികൾ തിങ്ങിനിറഞ്ഞുനിന്ന പള്ളികളിലാണു ഭീകരാക്രമണം. ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവർക്കുനേരെ സമീപകാലത്തു നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.

കയ്റോയിൽനിന്നു 120 കിലോമീറ്റർ അകലെ നൈൽ തടത്തിലെ ടാൻഡ നഗരത്തിലെ സെന്റ് ജോർജ് പള്ളിയിൽ രാവിലെ ഒൻപതരയ്ക്കാണ് ആദ്യസ്ഫോടനം. അതിൽ 27 പേർ കൊല്ലപ്പെട്ടു; 71 പേർക്കു പരുക്കേറ്റു. ടാൻഡ കോടതി മേധാവി സാമുവൽ ജോർജും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.കുർബാന നടക്കുന്നതിനിടെ ചാവേർ സ്ഫോടനമുണ്ടായെന്നാണു ടിവി റിപ്പോർട്ട്. എന്നാൽ, പള്ളിക്കകത്തു സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഈജിപ്ത് അധികൃതർ അറിയിച്ചത്.

മണിക്കൂറുകൾക്കുശേഷം അലക്സാൻഡ്രിയയിലെ സെന്റ് മാർക് കോപ്റ്റിക് ഓർത്തഡോക്സ് കത്തീഡ്രൽ കവാടത്തിലെ ചാവേറാക്രമണത്തിൽ 18പേർ കൊല്ലപ്പെട്ടു; 66 പേർക്കു പരുക്കേറ്റു. കുർബാനയ്ക്കുശേഷം വിശ്വാസികൾ പുറത്തേക്കു വരുമ്പോഴായിരുന്നു സ്ഫോടനം. പള്ളിക്കകത്തേക്കു പ്രവേശിക്കാനെത്തിയ ചാവേറിനെ സുരക്ഷാ സൈനികർ തടഞ്ഞപ്പോഴാണു സ്ഫോടനമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. കുർബാന നയിച്ച പോപ്പ് തവദ്രോസ് രണ്ടാമൻ പള്ളിവിട്ടശേഷമായിരുന്നു ഭീകരാക്രമണം. കത്തീഡ്രലിനുനേരെ നാലു മാസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്.

ഐഎസ് രണ്ടു സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തമേറ്റു. അതിനിടെ, ടാൻഡയിലെ സിദി അബ്ദൽ മുസ്‌ലിം പള്ളിയിൽ സ്ഥാപിച്ച രണ്ടു സ്ഫോടകവസ്തുക്കൾ സുരക്ഷാസേന കണ്ടെത്തി നിർവീര്യമാക്കി. ഈ മാസം 28നും 29നും ഫ്രാൻസിസ് മാർപാപ്പ ഈജിപ്ത് സന്ദർശിക്കാനിരിക്കെയാണു സ്ഫോടനങ്ങൾ.ഈജിപ്ത് ജനസംഖ്യയുടെ പത്തു ശതമാനമാണു കോപ്റ്റിക് ക്രൈസ്തവർ.
http://www.manoramaonline.com/news/world/killed-injured-explosion-church-egypt-cairo.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin