പാപ്പ എന്തിനാണിങ്ങനെ മാപ്പുപറയുന്നത്?
1999 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കത്തോലിക്കാസഭ ഈ രാജ്യത്ത് ചെയ്തുകൂട്ടിയ തിന്മകള്‍ക്ക് മാപ്പു പറയണമെന്ന് ചില കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു. ''മതപീഡനങ്ങളെന്ന് പറയപ്പെടുന്നതിന് മാപ്പുപറയല്‍ മാര്‍പാപ്പയുടെ അജണ്ടയിലില്ല'' എന്നായിരുന്നു അപ്പോള്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രതികരണം. ഹിന്ദുക്കള്‍ ഇത്തരം ആവശ്യമുന്നയിക്കുന്നത് വിലകുറഞ്ഞ പ്രസിദ്ധിക്കു വേണ്ടിയാണെന്നും സഭ കുറ്റപ്പെടുത്തി. ഒരു നാട്ടില്‍ ചെയ്തുകൂട്ടിയ തിന്മകള്‍ക്ക് മാപ്പു പറയുകയും, അതേ തിന്മകള്‍ മറ്റു നാടുകളില്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നതിലെ ദ്രോഹബുദ്ധി പകല്‍പോലെ വ്യക്തമാണല്ലോ.
ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, അവിടെ 1984 ല്‍ എട്ട് ലക്ഷത്തോളം പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതില്‍ കത്തോലിക്കാ സഭയ്ക്കുള്ള പങ്കിന് മാപ്പ് പറഞ്ഞിരിക്കുന്നു. ചെയ്തുപോയ എല്ലാ തെറ്റിനും 2016 നവംബറില്‍ റുവാണ്ടയിലെ കത്തോലിക്കാ സഭയും മാപ്പ് ചോദിച്ചിരുന്നു. തദ്ദേശീയരായ തുത്‌സികളും മിതവാദികളായ ഹുതുവിഭാഗക്കാരും ഉള്‍പ്പെടെ എട്ട് ലക്ഷം പേരെ കൊലപ്പെടുത്താന്‍ സഭാംഗങ്ങള്‍ ഗൂഢാലോചന നടത്തുകയും പങ്കാളികളാവുകയും ചെയ്‌തെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് പ്രസ്താവനയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കിപത്രമെന്നോണമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മാപ്പ് പറച്ചില്‍.
അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ക്ക് മാപ്പ് ചോദിക്കുന്നത് മനുഷ്യനന്മയിലുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കാന്‍ സഹായമാകും. എന്നാല്‍ കത്തോലിക്കാ സഭയുടെ തെറ്റുതിരുത്തലും മാപ്പുപറയലും ഇതില്‍നിന്ന് വ്യത്യസ്തമാണ്. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നുപാധിയല്ല, മുഖംമിനുക്കാനുളള അടവുനയമാണത്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ലോകത്ത് ആ രാജ്യത്തിന്റെ അധീശത്വം നിലനിര്‍ത്താനും താല്‍പ്പര്യം സംരക്ഷിക്കാനും ഒരുപാട് തിന്മകള്‍ ചെയ്യാറുണ്ട്. കുറെക്കാലം കഴിയുമ്പോള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ സിഐഎ തന്നെ പുറത്തുവിടും. ഇതിനര്‍ത്ഥം ഈ തിന്മകളൊന്നും സിഐഎ ആവര്‍ത്തിക്കില്ലെന്നല്ല. കൂടുതല്‍ നികൃഷ്ടമായ രീതിയില്‍ അത് തുടരും. വ്യവസ്ഥാപിതമായി പയറ്റുന്ന ഒരു തന്ത്രമാണിത്. കത്തോലിക്കാ സഭയുടെ മാപ്പുപറച്ചിലും ഇതുപോലെയാണ്.
നേരിട്ടോ പരോക്ഷമായോ ബന്ധമുള്ള കൂട്ടക്കൊലകളുടെ പേരില്‍ മാപ്പ് പറയേണ്ടിവരുമ്പോള്‍ കത്തോലിക്കാ സഭ വളരെ കരുതലോടെയാണ് വാക്കുകള്‍ ഉപയോഗിക്കുക. വത്തിക്കാന് മാനസാന്തരം വന്നിരിക്കുന്നുവെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കും. എന്നാല്‍ ഔദ്യോഗികമായി എന്താണ് പറഞ്ഞിരിക്കുന്നതെന്ന് സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ കത്തോലിക്കാ സഭ ഒട്ടും മാറിയിട്ടില്ലെന്ന് വ്യക്തമാവും. തെറ്റ് സമ്മതിക്കുന്നതിന്റെയും തിരുത്തുന്നതിന്റെയും യാതൊരു ലക്ഷണവും ഈ മാപ്പ് പറച്ചിലില്‍ കാണില്ല. കുരിശുയുദ്ധങ്ങളുടെയും മതദ്രോഹ വിചാരണയുടെയും കാലംമുതല്‍ ഇത് തെളിയിക്കുന്ന ഉദാഹരണങ്ങള്‍ നിരവധിയാണ്.
ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നാസികള്‍ ജൂതന്മാരെ കൂട്ടക്കൊലചെയ്ത സംഭവം എടുക്കുക. മനുഷ്യ മനഃസാക്ഷിയെ ഇന്നും നടുക്കുന്ന ഈ കൂട്ടക്കൊലയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ 1998 ല്‍ മാപ്പ് പറയുകയുണ്ടായി. വളരെയേറെ പ്രചാരം ലഭിച്ച ഈ മാപ്പ് പറച്ചില്‍ പൊള്ളയായിരുന്നു. ജൂതന്മാരുടെ കൂട്ടക്കൊല ”പൂര്‍ണമായും പുത്തന്‍ അവിശ്വാസികളുടെ ഭരണകൂടം ചെയ്തതാണ്” എന്നും, ”ഈ ജൂതവിരോധത്തിന്റെ വേരുകള്‍ ക്രിസ്തുമതത്തിന് പുറത്താണ്” എന്നുമായിരുന്നു വത്തിക്കാന്റെ പ്രസ്താവനയിലുണ്ടായിരുന്നത്.
യഥാര്‍ത്ഥത്തില്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്യാന്‍ നാസികള്‍ ഉപയോഗിച്ചത് 1592 ല്‍ കത്തോലിക്കാസഭയിലെ തീവ്രവാദികളായ ജസ്യൂട്ടുകള്‍ നടപ്പാക്കിയ നിയമങ്ങളായിരുന്നു. ഇതനുസരിച്ചാണ് 1935 ല്‍ നാസികള്‍ ‘ജര്‍മന്‍ ബ്ലഡ് സര്‍ട്ടിഫിക്കറ്റ്’ ഏര്‍പ്പെടുത്തിയതും ഇതിന് അര്‍ഹതയില്ലാത്ത ജൂതന്മാര്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന് തീരുമാനിച്ചതും. നാസികളുടെ ജൂതവിരുദ്ധ പ്രചാരണത്തിന് കത്തോലിക്കാ സഭയുടെ കനത്ത സംഭാവനകളുണ്ട്. ഹിറ്റ്‌ലറുടെ ചെയ്തികള്‍ക്ക് അന്നത്തെ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ സര്‍വപിന്തുണയും നല്‍കി. ചരിത്രം ഇങ്ങനെയായിരിക്കെയാണ് ജൂതന്മാരെ കൂട്ടക്കൊല ചെയ്തതിന്റെ ഉത്തരവാദിത്വം പുത്തന്‍ അവിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും, അതിന്റെ വേരുകള്‍ ക്രിസ്തുമതത്തിന് വെളിയിലാണെന്ന് സ്ഥാപിക്കാനും വത്തിക്കാന്‍ ശ്രമിച്ചത്.
ലാറ്റിനമേരിക്കയിലെ ആദിമനിവാസികളായ റെഡ് ഇന്ത്യന്‍ വംശജരെ കൊന്നൊടുക്കാന്‍ സ്പാനിഷ് ആക്രമണകാരികള്‍ അടിസ്ഥാനമാക്കിയത് 15-16 നൂറ്റാണ്ടുകളിലെ ‘ഡോക്ട്രിന്‍ ഓഫ് ഡിസ്‌കവറി’ എന്ന കത്തോലിക്കാ മതപ്രമാണമാണ്. തങ്ങള്‍ കണ്ടെത്തിയ നാടുകളില്‍ ക്രൈസ്തവ ഭരണം സ്ഥാപിക്കാനും, അവിടുത്തുകാരെ മതംമാറ്റാനും, അതിന് വിസമ്മതിക്കുന്നവരെ അടിമകളാക്കാനോ കൊന്നൊടുക്കാനോ അധിനിവേശക്കാരായ ആക്രമണകാരികള്‍ക്ക് അധികാരം നല്‍കിയത് ഈ പ്രമാണമാണ്. ഇതിന് ഉപയോഗിച്ച നീചമായ മാര്‍ഗങ്ങളെക്കുറിച്ച് ‘കലയും കാലവും’ എന്ന ഗ്രന്ഥത്തില്‍ ഡോ.കെ. ഭാസ്‌കരന്‍ നായര്‍ വിവരിക്കുന്നത് കണ്ണീരോടെയല്ലാതെ ആര്‍ക്കും വായിച്ചു തീര്‍ക്കാന്‍ കഴിയില്ല.
2007 ല്‍, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ലാറ്റിനമേരിക്കന്‍ വംശീയ ഉന്മൂലനത്തെ ന്യായീകരിക്കുകയാണുണ്ടായത്. തദ്ദേശ ജനവിഭാഗങ്ങള്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ നിശബ്ദമായി കാത്തിരിക്കുകയായിരുന്നു, ക്രിസ്തുവിന്റെ സുവിശേഷം കൊളമ്പസിനു മുന്‍പുള്ള സംസ്‌കാരത്തെ അന്യവല്‍ക്കരിക്കാനോ വൈദേശിക സംസ്‌കാരം അടിച്ചേല്‍പ്പിക്കാനോ ഒരുവിധത്തിലും കാരണമായിട്ടില്ല എന്നാണ് ബനഡിക്ട് മാര്‍പാപ്പ പ്രഖ്യാപിച്ചത്. കൂട്ടക്കൊലയുടെ പേരില്‍ ലാറ്റിനമേരിക്കക്കാരോട് മാപ്പ് ചോദിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയും മുന്‍ഗാമിയുടെ മനോഭാവം മാറ്റാന്‍ തയ്യാറായില്ല.
റുവാണ്ടയിലെത്തുമ്പോഴും വത്തിക്കാന്‍ പ്രയോഗിക്കുന്നത് ഇതേ തന്ത്രമാണ്. ഈ രാജ്യത്ത് വംശീയ ശത്രുത വളര്‍ത്തുന്നതില്‍ കത്തോലിക്കാ സഭ അത്യന്തം നീചമായ മാര്‍ഗമാണ് അവലംബിച്ചത്. തുത്‌സി-ഹുതു വിഭാഗക്കാരെ വ്യത്യസ്ത വംശങ്ങളായി ചിത്രീകരിക്കുകയാണ് കത്തോലിക്കാ സഭ ആദ്യം ചെയ്തത്. കടന്നാക്രമണകാരികളായ തുത്‌സികള്‍ ഹുതു വിഭാഗക്കാരുടെ ഭൂമി തന്ത്രപരമായി കയ്യടക്കി അടിമകളാക്കുകയായിരുന്നുവെന്ന് ചരിത്രകാരന്മാരെക്കൊണ്ട് പ്രചരിപ്പിച്ചു. സാമ്രാജ്യത്വ ഭരണകൂടവും അതിന്റെ കയ്യാളായ കത്തോലിക്കാ സഭയും തുത്‌സികളെ പിന്തുണച്ചു.
എന്നാല്‍ 1959 ലെ റുവാണ്ടന്‍ വിപ്ലവത്തില്‍ സഭ മറുകണ്ടം ചാടി. രാജ്യസ്‌നേഹികളായ ചില തുത്സികള്‍ കത്തോലിക്കാ സഭയുടെ ചെയ്തികളെ ചോദ്യം ചെയ്തപ്പോള്‍ ഹുതു വിഭാഗക്കാര്‍ക്കായി വത്തിക്കാന്റെ പിന്തുണ. 1959 ല്‍ ഹുതു റിപ്പബ്ലിക്കന്‍ പാര്‍ട്ടി കത്തോലിക്കാ സഭയുടെ പിന്തുണയോടെ അധികാരം പിടിക്കുകയും കൂട്ടക്കൊലയ്ക്ക് തുടക്കമിടുകയും ചെയ്തു. 20,000 തുത്സി വിഭാഗക്കാരെയാണ് അന്ന് കൊന്നൊടുക്കിയത്. 1994ല്‍ കൂട്ടക്കൊല ആവര്‍ത്തിക്കപ്പെട്ടു. ബിഷപ്പായിരുന്ന പെറോസിന്‍ സാമൂഹ്യവിപ്ലവമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്!
ജൂതന്മാരെ കൂട്ടക്കൊല ചെയ്തതിന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മാപ്പുപറയുന്നതിന് നാല് വര്‍ഷം മുന്‍പായിരുന്നു സമാനമായ കൂട്ടക്കൊലയ്ക്ക് കത്തോലിക്കാസഭ റുവാണ്ടയില്‍ കളമൊരുക്കിയത്. ഈ കൂട്ടക്കൊലക്ക് ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പുപറയുമ്പോള്‍ ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ ലോകത്തിന്റെ മറ്റിടങ്ങളില്‍ കത്തോലിക്കാ സഭ ചെയ്തുകൊണ്ടിരിക്കുകയാവും. തദ്ദേശ ജനവിഭാഗങ്ങളില്‍ ശത്രുത വളര്‍ത്തി തമ്മിലടിപ്പിച്ച് അധികാരം പിടിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമാണിത്. ഉചിതമായ അവസരത്തിന് പതിറ്റാണ്ടുകള്‍ കാത്തിരിക്കാന്‍പോലും വത്തിക്കാനും കത്തോലിക്കാ സഭയും തയ്യാറാണ്. പലപ്പോഴും അധികാരം കൈപ്പിടിയിലൊതുക്കിയതിനുശേഷമാവും അതിനുവേണ്ടി നടത്തിയ കണ്ണില്‍ച്ചോരയില്ലാത്ത കൂട്ടക്കൊലകള്‍ക്ക് മാപ്പുപറയുക. ജര്‍മനിയുടെയും ലാറ്റിനമേരിക്കയുടെയും റുവാണ്ടയുടെയും ചരിത്രം അതാണ് പറയുന്നത്.
റുവാണ്ടയിലും മറ്റും കത്തോലിക്കാ സഭ പയറ്റിയ തന്ത്രമാണ് ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നേപ്പാളിലും ശ്രീലങ്കയിലും ചില ക്രൈസ്തവസഭകള്‍ പരീക്ഷിക്കുന്നത്. മണിപ്പൂരില്‍ നാഗ-കുക്കി വിഭാഗങ്ങളെയാണ് തമ്മിലടിപ്പിക്കുന്നതെങ്കില്‍, ശ്രീലങ്കയില്‍ സിംഹള-തമിഴ് വിഭാഗങ്ങളെയാണ് തമ്മിലടിപ്പിച്ച് നശിപ്പിച്ചത്. ഇന്തോനേഷ്യയില്‍ ഈസ്റ്റ് ടിമൂര്‍ എന്ന രാജ്യം തന്നെ നേടിയെടുത്തു. നേപ്പാളില്‍ മാവോയിസ്റ്റുകളെ മുന്‍നിര്‍ത്തി ഇന്ത്യാ വിരോധം കുത്തിപ്പൊക്കുന്നതില്‍ വന്‍തോതില്‍ വിജയിക്കാനും കഴിഞ്ഞിട്ടുണ്ട്.
ഇറ്റാലിയന്‍ ജസ്യൂട്ട് പാതിരിയായിരുന്ന റോബര്‍ട്ട് ഡി. നോബിലി ദക്ഷിണേന്ത്യയിലും വാസ്‌കോഡഗാമയുടെ വരവിനെ തുടര്‍ന്ന് ഗോവയിലും ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ മതപീഡനങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും ചരിത്രത്തില്‍ താരതമ്യങ്ങളില്ല. 1999 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കത്തോലിക്കാസഭ ഈ രാജ്യത്ത് ചെയ്തുകൂട്ടിയ തിന്മകള്‍ക്ക് മാപ്പു പറയണമെന്ന് ചില കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു. ”മതപീഡനങ്ങളെന്ന് പറയപ്പെടുന്നതിന് മാപ്പുപറയല്‍ മാര്‍പാപ്പയുടെ അജണ്ടയിലില്ല” എന്നായിരുന്നു അപ്പോള്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രതികരണം.
ഹിന്ദുക്കള്‍ ഇത്തരം ആവശ്യമുന്നയിക്കുന്നത് വിലകുറഞ്ഞ പ്രസിദ്ധിക്കുവേണ്ടിയാണെന്നും സഭ കുറ്റപ്പെടുത്തി. ഒരു നാട്ടില്‍ ചെയ്തുകൂട്ടിയ തിന്മകള്‍ക്ക് മാപ്പു പറയുകയും, അതേ തിന്മകള്‍ മറ്റു നാടുകളില്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നതിലെ ദ്രോഹബുദ്ധി പകല്‍പോലെ വ്യക്തമാണല്ലോ.
ജന്മഭൂമി: http://www.janmabhumidaily.com/news598561#ixzz4dXEIiI4P
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin