http://www.mathrubhumi.com/youth/viral/nun-smiles-death-sistercecilia-malayalam-news-1.1167595
ചിരിച്ചുമരിച്ചവരുണ്ടാകും. എന്നാല്‍, മരണം വരിച്ചുകഴിഞ്ഞാല്‍ മുഖത്ത് ആ ചിരി മായാതെ നില്‍ക്കുമോ? സമൂഹമാധ്യമങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിസ്റ്റര്‍ സിസിലിയയുടെ ചിത്രം കണ്ടവരൊക്കെ ചോദിക്കുന്ന ചോദ്യമാണിത്. കാര്‍മല്‍ ഓഫ് സാന്റാ ഫെ സന്യാസിനി സമൂഹത്തിലെ അംഗമായിരുന്നു സിസ്റ്റര്‍ സിസിലിയ. നാല്‍പത്തിരണ്ടാം വയസ്സില്‍ ശ്വാസനാളത്തിന് അര്‍ബുദം ബാധിച്ചു മരണത്തെ വരിച്ച സിസ്റ്ററുടെ ചിത്രം കണ്ടാല്‍ സ്വപ്നം കണ്ട് പുഞ്ചിരി തൂകി മയങ്ങുകയാണെന്നേ പറയൂ ആരും.  ഇതു തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പലരും ഉന്നയിച്ച ചോദ്യം. ഇൗ ചിത്രമെടുത്തത് സിസ്റ്റര്‍ മരിച്ചശേഷമോ അതോ രോഗശയ്യയില്‍ ജീവിച്ചിരിക്കുമ്പോഴോ?  പുഞ്ചിരി തൂകിക്കൊണ്ട് മരണത്തെ പുൽകിയ സിസ്റ്ററുടെ വാര്‍ത്ത അറിയാന്‍ മാര്‍പാപ്പ വരെ താല്‍പര്യം പ്രകടിപ്പിച്ചതോടെ സിസ്റ്ററുടെ കഥയ്ക്ക് പിന്നെയും പ്രചാരമേറി. അതിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും ചൂടുപിടിച്ചു. സിസ്റ്ററുടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളിൽ അത്ര താത്പര്യമില്ല മഠത്തിന്. സിസ്റ്റർ ചിരിച്ചുകൊണ്ട് മരിച്ചോ മരിച്ചിട്ടും ചിരിക്കുകയാണോ എന്നതിനൊന്നും പ്രസക്തിയില്ല. അവർ എന്നും ചിരിച്ചുകൊണ്ട് ജീവിച്ചവരാണ്. അവരുടെ സദ്പ്രവൃത്തികളെക്കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്. അല്ലാതെ കഥകൾ മെനയുകയല്ല-മഠം മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇരുപത്തിമൂന്നാം വയസിലാണ് സിസിലിയ തിരുവസ്ത്രം സ്വീകരിച്ചത്. ദീര്‍ഘകാലമായി അര്‍ബുദത്തിനുള്ള ചികിത്സയിലായിരുന്നു. കടുത്ത വേദനയ്ക്കിടയിലും ജീവിതത്തെ സന്തോഷത്തോടെയാണ് സിസ്റ്റര്‍ സ്വീകരിച്ചിരുന്നത്. ഒരു മാസം മുന്‍പ് വരെ ആസ്പത്രിയില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ആസ്പത്രിക്കിടക്കയില്‍ സിസ്റ്റര്‍ക്ക് സാന്ത്വനം പകരാന്‍ വിശ്വാസികള്‍ എത്താറുണ്ടായിരുന്നു. ആസ്പത്രിക്ക് പുറത്ത് നിന്നവര്‍ൂസിസ്റ്റര്‍ കാണാനായി സൗഖ്യാശംസകള്‍ ആലേഖനം ചെയ്ത ബലൂണുകള്‍ പറത്താറുണ്ടായിരുന്നു. ഒരു മാസമായി ഒട്ടും സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴും തളര്‍ന്ന കൈകള്‍ കൊണ്ട് ആംഗ്യം കാട്ടുമ്പോഴും മുഖത്തെ പുഞ്ചിരി വെടിഞ്ഞിരുന്നില്ല സിസ്റ്റര്‍. ഒടുവില്‍ ചിരിച്ചുകൊണ്ടു തന്നെ ജൂണ്‍ 22ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ''നമുക്കേറെ പ്രിയപ്പെട്ട കുഞ്ഞുസഹോദരി കര്‍ത്താവില്‍ നിദ്ര പ്രാപിച്ച വിവരം ഏവരെയും വ്യസനത്തോടെ അറിയിക്കുന്നു. സ്വര്‍ഗത്തിലേക്കാണ് അവളുടെ യാത്ര അവസാനിക്കുന്നത്. അവള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ നമുക്കു മറക്കാതിരിക്കാം.'' എന്ന അടിക്കുറിപ്പോടെ മഠം ഒരു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു. ഇതാണ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്.