ക്രിസ്തുവിനു വേണ്ടി ജീവന്‍ നഷ്ടപ്പെടുത്തിയവര്‍ രക്തം കൊണ്ട് ഐക്യ സന്ദേശം നല്‍കിയെന്ന് മാര്‍പാപ്പയും അര്‍മേനിയന്‍ കാതോലിക്കോസും
http://pravachakasabdam.com/index.php/site/news/1804
സ്വന്തം ലേഖകന്‍ 27-06-2016 - Monday
യെറിവാന്‍: ലോകമെമ്പാടും രക്തസാക്ഷികളാകുന്ന ക്രൈസ്തവര്‍ അവര്‍ ചിന്തിയ ചോരയിലൂടെ വിശ്വാസ ഐക്യം പ്രഖ്യാപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പയും അര്‍മേനിയന്‍ കാതോലിക്കോസ് കരക്കിന്‍ രണ്ടാമനും സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അര്‍മേനിയന്‍ സന്ദര്‍ശനത്തിന്റെ അവസാനദിനമാണ് മാര്‍പാപ്പയുടെയും കാതോലിക്കോസിന്റെയും യോജിച്ചുള്ള പ്രസ്താവന പുറത്തു വന്നത്. ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ദൈവസ്ഥാപിതമായ കുടുംബം എന്ന ബന്ധം നിലനില്‍ക്കുവാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കപ്പെടുകയും വേണമെന്ന് ഇരുവരും പ്രസ്താവനയില്‍ പറയുന്നു.
ജൂണ്‍ 24-ാം തീയതി തുടങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അര്‍മേനിയന്‍ സന്ദര്‍ശനം ജൂണ്‍ 26-ാം തീയതി ഞായറാഴ്ചയാണ് അവസാനിച്ചത്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന വിശ്വാസ സമൂഹം എന്ന നിലയില്‍ ഇരുസഭകളും തമ്മില്‍ ഐക്യമുണ്ടെന്ന് പ്രസ്താവന പറയുന്നു. ക്രൈസ്തവര്‍ പാവങ്ങളുടെ കണ്ണീരൊപ്പുവാനും വിചാരണനേരിടുന്നവരേ വിടുവിക്കുവാനും ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാനും വേണ്ടി നിലകൊള്ളുന്ന സമൂഹമാണെന്നും പ്രസ്താവന പറയുന്നു.
ഇരുസഭകളും തമ്മില്‍ വിശ്വാസപരമായ ഐക്യം രൂപപ്പെടുത്തുന്നതിനാവശ്യമായ ചര്‍ച്ചകളും നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്താവന അറിയിക്കുന്നു."കണ്ണിന്‍ മുമ്പില്‍ വലിയ ഒരു ദുരന്തം ഇപ്പോള്‍ നാം കാണുകയാണ്. എണ്ണമറ്റ നിഷ്‌കളങ്കരായ മനുഷ്യര്‍ വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവരുന്നു. സാമ്പത്തിക സാമൂഹിക വിശ്വാസ സംഘര്‍ഷങ്ങള്‍ പലരീതിയിലും ഇന്നും തുടരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ലോകത്തിന്റെ പലഭാഗത്തും തീവ്രവാദികളുടെ ആക്രമണത്തില്‍ ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകുന്നു. മതന്യൂനപക്ഷങ്ങള്‍ ആണ് വേട്ടയാടപ്പെടുന്നവരില്‍ കൂടുതലും. ഒരു വിഭാഗത്തെ വംശീയമായി ഇല്ലാതാക്കുവാന്‍ പല ശ്രമങ്ങളും നടക്കുന്നു". പ്രസ്താവനയിലൂടെ തങ്ങളുടെ ആശങ്ക സഭാ പിതാക്കന്‍മാര്‍ പങ്കുവയ്ക്കുന്നു.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin