Tuesday, 7 June 2016

ബിഷപ്പുമാരുടെ വീഴ്ച്ചയെ കുറിച്ച് അന്വേഷിക്കാന്‍ മാര്‍പാപ്പയുടെ ഉത്തരവ്; കുറ്റക്കാരാണെന്നു കണ്ടാല്‍ സ്ഥാനം നഷ്ടമാകും


സ്വന്തം ലേഖകന്‍ 06-06-2016 - Monday


വത്തിക്കാന്‍: കുട്ടികളെ ദുരുപയോഗം ചെയ്ത ചില വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ തയാറാകാതിരുന്ന ബിഷപ്പുമാര്‍ക്കെതിരെ നടപടി വരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം നടത്തിയ ശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

സഭയിലെ അംഗങ്ങളായ ചിലരോട് അപമര്യാദപൂര്‍വ്വം പെരുമാറിയ വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു വിശ്വാസികള്‍ ഏറെ നാളായി ബിഷപ്പുമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണവിധേയരായ വൈദികരെ പള്ളികളില്‍ മാറ്റി നിയമിച്ച ശേഷം താല്‍ക്കാലികമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തരത്തിലുള്ള ക്രമീകരണം മാത്രമാണു ചില ബിഷപ്പുമാര്‍ സ്വീകരിച്ചത്. ഇതെ തുടര്‍ന്നു വിശ്വാസികളും പ്രശ്‌നങ്ങള്‍ നേരിട്ട് അനുഭവിച്ചവരും മാര്‍പാപ്പയെ കണ്ടു തങ്ങളുടെ പ്രശ്‌നം ഉന്നയിച്ചു. പരാതി പരിഗണിച്ച പാപ്പ ബിഷപ്പുമാര്‍ സംഭവത്തില്‍ മനപൂര്‍വ്വം വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പദവികൾ നഷ്ടമാകുമെന്നു പറഞ്ഞിരുന്നു. ഇതിന്മേലുള്ള നടപടി ക്രമങ്ങള്‍ക്കാണ് മാര്‍പാപ്പ ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. 


കാനോനിക നിയമപ്രകാരം ഗൗരവകരമായ വീഴ്ച്ച വരുത്തിയ ബിഷപ്പുമാരെ പുറത്താക്കുവാന്‍ സഭയ്ക്കു സാധിക്കും. വിശ്വാസ സംരക്ഷണ സമിതിയില്‍ ഒരു പ്രത്യേക ട്രൈബൂണല്‍ ഉണ്ടാക്കിയ ശേഷം ഇത്തരത്തിലുള്ള കേസുകള്‍ പരിഗണിച്ചു തീര്‍പ്പു കല്‍പ്പിക്കണമെന്നു മാര്‍പാപ്പ കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ചിരുന്നു.


കുറ്റക്കാരായ വൈദികർക്കെതിരെ നടപടി എടുക്കുന്നതിൽ വീഴ്ച്ച വരുത്തി, പൊതുസമൂഹത്തില്‍ സഭയ്ക്ക് അവഹേളനം വരുത്തുന്നവര്‍ക്കുള്ള ശക്തമായ താക്കിതായിട്ടാണ് പാപ്പയുടെ പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്. അതൊടൊപ്പം നീതി നിഷേധിക്കപ്പെടുന്നവര്‍ക്കു വേണ്ടിയുള്ള നീതി പൂര്‍വ്വമായ തീരുമാനമായും ഇതിനെ കാണാം. സഭ നടത്തുന്ന അന്വേഷണത്തിനൊടുവില്‍ ബിഷപ്പുമാര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ അവരോട് പദവിയില്‍ നിന്നും രാജിവയ്ക്കുവാന്‍ ആവശ്യപ്പെടും. ഇതിനായി 15 ദിവസത്തെ സമയവും നല്‍കും. ഇതിനുള്ളില്‍ രാജി നല്‍കിയില്ലെങ്കില്‍ സഭ അവരെ പുറത്താക്കി കല്‍പ്പന പുറപ്പെടുവിക്കും. എല്ലാ തീരുമാനങ്ങള്‍ക്കും മാര്‍പാപ്പയുടെ അംഗീകാരം ആവശ്യമാണ്. 
http://pravachakasabdam.com/index.php/site/news/1617

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin