Thursday, 28 April 2016

തിരിച്ചെത്തിക്കൂ, നമ്മുടെ കോഹിനൂർ

by സ്വന്തം ലേഖകൻ
koh-i-noor


ന്യൂഡൽഹി ∙ കോഹിനൂർ രത്നം ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ അടിയന്തര നടപടി വേണമെന്നു ലോക്സഭയിൽ എംപിമാരുടെ വികാരഭരിത നിവേദനം. ബിജു ജനതാദളിന്റെ ഭർതൃഹരി മഹ്താബ് കാര്യകാരണസഹിതം ഉന്നയിച്ച ആവശ്യത്തിനു രാഷ്ട്രീയാതീത പിന്തുണ കിട്ടി.
രത്നം ബ്രിട്ടിഷുകാർക്കു സമ്മാനമായി കൊടുത്തതല്ലെന്നു മഹ്താബ് പറഞ്ഞു. സിഖ് ഭരണാധികാരി മഹാരാജാ രഞ്ജിത് സിങ്ങിന്റെ മകൻ ദിലീപ് സിങ്ങിൽ നിന്നു രത്നം അവർ കൈവശപ്പെടുത്തുകയായിരുന്നു.
ബ്രിട്ടിഷുകാരും സിഖുകാരുമായി 1849ൽ നടന്ന യുദ്ധത്തിനിടെ രത്നം ബ്രിട്ടിഷുകാരുടെ പക്കലെത്തിയതെങ്ങനെയെന്നു വെളിപ്പെടുത്തി ബ്രിട്ടിഷ് പ്രതിനിധിയെഴുതിയ കത്ത്, രേഖാശേഖരങ്ങളിലുണ്ട്. രാജ്യത്തിന്റെ അഭിമാനമായ കോഹിനൂർ ബ്രിട്ടിഷ് രാജ്ഞിയുടെ പക്കലെത്തിയതു വഞ്ചനയിലൂടെയാണ്. കോളനിവാഴ്ചക്കാലത്തു ബ്രിട്ടിഷുകാർ നടത്തിയ കൊള്ളയ്ക്ക് ഉദാഹരണമാണിത്. ബന്ധപ്പെട്ട രേഖകൾ പുരാരേഖാശേഖരത്തിൽ നിന്നു കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോഹിനൂറിനെക്കുറിച്ചു സുപ്രീം കോടതിയിൽ സാംസ്കാരിക മന്ത്രാലയം സ്വീകരിച്ച നിലപാടിനെ പ്രേംസിങ് ചന്ദുമജ്‌ര (അകാലിദൾ) വിമർശിച്ചു. 11 വയസ്സുമാത്രമായിരുന്ന ദിലീപ് സിങ്ങിൽ നിന്നു ചതിയിലൂടെയാണു ബ്രിട്ടിഷുകാർ രത്നം കൈവശപ്പെടുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ മണ്ഡലത്തിലെ ഗോൽക്കൊണ്ട ഖനിയിൽ നിന്നാണു കോഹിനൂർ കണ്ടെത്തിയതെന്ന് അസദുദീൻ ഉവൈസി (എഐഎംഐഎം) ഓർമിപ്പിച്ചു.
കോഹിനൂർ രത്നവുമായി ബന്ധപ്പെട്ടു സർക്കാർ നിലപാടെടുക്കാനിരിക്കുന്നതേയുള്ളൂവെന്നും ഇതേക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ശരിയ‌ല്ലെന്നും മീനാക്ഷി ലേഖിയും (ബിജെപി) അഭിപ്രായപ്പെട്ടു

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin