Tuesday, 12 April 2016

കരുണയുടെ ഞായറാഴ്ച നടന്ന ഈ അത്ഭുത പ്രതിഭാസം ലോകത്തെ അതിശയിപ്പിക്കുന്നു


സ്വന്തം ലേഖകന്‍ 12-04-2016 - Tuesday
ഏപ്രില്‍ മൂന്നാം തിയ്യതി കരുണയുടെ ഞായറാഴ്ച അമേരിക്കയില്‍ നടന്ന ഒരു അത്ഭുത പ്രതിഭാസം ലോകത്തെ അതിശയിപ്പിക്കുന്നു. ഇത് ഈശോയുടെ കരുണയുടെ അത്ഭൂതമോ? അതെ എന്നു തന്നെയാണ് ഫാദര്‍ ഡ്വയ്റ്റ് ലോഞ്ചനേക്കറും അഞ്ഞൂറോളം വരുന്ന ദൃക്സാക്ഷികളും വിശ്വസിക്കുന്നത്. ഇത് അത്ഭുതം തന്നെയാണെന്ന് വിശ്വസിക്കാന്‍ മറ്റ് കാരണങ്ങളുമുണ്ട്. ഈ അത്ഭുത പ്രതിഭാസം സംഭവിച്ചത് കരുണയുടെ വര്‍ഷത്തിലെ കരുണയുടെ ഞായറാഴ്ചയാണ്. മാത്രവുമല്ല, ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇപ്രകാരം സംഭവിച്ചു. 

ഇതേവരെ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു അമേരിക്കയിലെ രണ്ടിടങ്ങളില്‍- സൌത്ത് കരോലിനായിലും ന്യൂലണ്ടനിലും കരുണയുടെ ഞായറാഴ്ച ഇത് സംഭവിച്ചു. 

ഫാദർ ഡ്വയ്റ്റ് ലോഞ്ചനെക്കർ, കരുണയുടെ ഞായറാഴ്ച്ച തന്റെ ഇടവകയിലുണ്ടായ അത്ഭുത പ്രതിഭാസത്തെ പറ്റി ഇപ്രകാരം എഴുതുന്നു. 

"കരുണയുടെ ഞായറാഴ്ച്ച ഞങ്ങളുടെ ഇടവകയിലെ അംഗങ്ങൾ, യേശുവിന്റെ കരുണയുടെ ചിത്രവും വഹിച്ചുകൊണ്ട്, സമീപത്തുള്ള കരുണയുടെ കവാടത്തിലേക്ക് കാൽനടയായി ഒരു തീർത്ഥാടനം നടത്തി. ആ പ്രദേശത്തെ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ അവിടെ എത്തിയിരുന്നു. അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഗ്രീൻ വില്ലയിലാണ് ഇത് നടന്നത്. അഞ്ഞൂറു പേരടങ്ങുന്ന തീർത്ഥാടകർ അവിടെ പ്രാർത്ഥനയിൽ മുഴുകി. വിശുദ്ധ ഫൗസ്റ്റീനയെ പറ്റിയും കരുണയെ പറ്റിയുമുള്ള പ്രഭാഷണങ്ങളും അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടവകയിലെ ചിലർ പരിപാടികളുടെ ചിത്രങ്ങൾ എടുത്തിരുന്നു. 

വൈകുന്നേരമായപ്പോൾ ആ ചിത്രങ്ങൾ എല്ലാവർക്കും വിതരണം ചെയ്തു. അപ്പോഴാണ് ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചത്. കരുണയുടെ കവാടത്തിനടുത്തുവെച്ച് എടുത്തിരുന്ന ചിത്രങ്ങളിൽ ഞങ്ങൾ ഒരത്ഭുതം കണ്ടു. ചിത്രത്തിലെ യേശുവിന്റെ ഹൃദയത്തിനു നേരെ ആകാശത്തിൽ നിന്ന് ഒരു പ്രകാശം പതിക്കുന്നതായി ആ ചിത്രങ്ങളിലെല്ലാം തെളിഞ്ഞു കണ്ടു!ആ കാഴ്ച്ച കണ്ട് ആളുകൾ തരിച്ചുനിന്നു. മേഘങ്ങൾക്കിടയിലൂടെ ഒരു പ്രകാശരശ്മി യേശുവിന്റെ ചിത്രത്തിലേക്ക് വീഴാനുള്ള സാധ്യത തീരെയില്ലായിരുന്നു. കാരണം, അന്ന് മേഘരഹിതമായ തെളിഞ്ഞ ആകാശമായിരുന്നു. ഞാനുൾപ്പടെ എല്ലാവരും അത്ഭുതസ്തബ്ദരായി നിന്നു! 

അതൊരു അത്ഭുതമാണോ? ദൈവിക സന്ദേശമാണോ? ഞങ്ങളുടെ തീർത്ഥാടനത്തിന് ലഭിച്ച യേശുവിന്റെ അനുഗ്രഹമാണോ? ഞങ്ങൾക്ക് ഉത്തരമില്ല. 

ഇത്തരം അതീന്ദ്രിയ സംഭവങ്ങളെ പറ്റി തിരുസഭയ്ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. അത്ഭുതമെന്ന് കരുതപ്പെടുന്ന പ്രതിഭാസത്തിന് സ്വാഭാവികമായ ഒരു കാരണമുണ്ടോ എന്ന് അന്വേഷിക്കലാണ് ആദ്യത്തെ മാർഗ്ഗം. 

ഫിസിക്സിലും ഫോട്ടോഗ്രഫിയിലുമെല്ലാം വിദഗ്ദരായ പലരോടും ഞാൻ ഈ സംഭവം ചർച്ച ചെയ്തു. ക്യാമറയിലെ ലെൻസിന് പോറലുണ്ടെങ്കിൽ പ്രകാശകിരണം പോലൊരു പ്രതിഭാസം ചിത്രത്തിലുണ്ടാകാം; എന്നാൽ പോറലുള്ള ലെൻസുകൊണ്ടുള്ള ചിത്രങ്ങളിൽ പ്രകാശകിരണം പോലൊന്ന് കാണാൻ കഴിയും. പക്ഷേ, അത് ഒരിക്കലും ഇതുപോലെ കൃത്യമായ ആംഗിളിലായിരിക്കില്ല. 

ചിത്രങ്ങളിലുള്ള പ്രകാശകിരണങ്ങൾ കൃത്യമായ ആംഗിളിൽ യേശുവിന്റെ ഹൃദയത്തിലേക്ക് പതിക്കുന്നതായി കാണാം. പോറൽ വന്ന ലെൻസിൽ നിന്നും ആ കൃത്യത ലഭിക്കില്ല എന്ന് വിദഗ്ദർ എന്നെ അറിയിച്ചു. 

ക്രൈസ്തവരായ നമ്മൾ ദൈവത്തിന്റെ പ്രവർത്തിയിൽ വിശ്വസിക്കുന്നവരാണ്. ഒരു സംഭവത്തിന് ശാസ്ത്രീയവും സ്വാഭാവികവുമായ കാരണങ്ങൾ ഇല്ലെങ്കിൽ, അത് ദൈവത്തിന്റെ പ്രവർത്തിയാണ് എന്ന് മനസിലാക്കാനുള്ള വിശ്വാസം ഉള്ളവരാണ്.അനുമാനങ്ങൾ എന്തൊക്കെയായാലും ഞങ്ങളുടെ പ്രദേശത്തുള്ള ക്രൈസ്തവ സമൂഹം ഈ അത്ഭുതത്തെ ഒരു അനുഗ്രഹമായി കരുതുന്നു. യേശുവിന്റെ ഹൃദയത്തിലേക്കുള്ള പ്രകാശധാര തങ്ങൾക്കുള്ള അടയാളമാണെന്ന് അവർ കരുതുന്നു." 

അമേരിക്കയിലെ തന്നെ ന്യു ലണ്ടനിലെ ഔർ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തിലും ഇപ്രകാരം ഒരു പ്രകാശം, അൽത്താരയിൽ സ്ഥാപിച്ചിരുന്ന കരുണയുടെ ഈശോയുടെ ചിത്രത്തിലെ ഹൃദയത്തിന്റെ ഭാഗത്തേക്ക് വിശുദ്ധ കുർബ്ബാന മദ്ധ്യേ കടന്നു വന്നു. ഏപ്രിൽ 3, കരുണയുടെ ഞായറാഴ്ച രാവിലെ 10:30ന് നടന്ന വിശുദ്ധ കുർബ്ബാന മദ്ധ്യേയാണ് ഇപ്രകാരം സംഭവിച്ചതെന്നും ദിവ്യ ബലിയർപ്പിച്ച വൈദികനും കൂടെയുണ്ടായിരുന്ന ഡീക്കനും ഇടവകാംഗങ്ങളും അത്ഭുതത്തോടെ അത് ദർശിച്ചുവെന്നും ഇടവകാംഗമായ ക്രിസ്റ്റീൻ റിവേര സാക്ഷ്യപ്പെടുത്തുന്നു. 

പോളണ്ടിലെ വിശുദ്ധ ഫൗസ്റ്റീന ക്വവാൽസ്കിക്കുണ്ടായ (1905-38) ഒരു വെളിപാടിൽ നിന്നുമാണ് ലോകത്താകമാനം കരുണയുടെ ഈശോയോടുള്ള ഭക്തി ആരംഭിക്കുന്നത്. യേശു തനിക്ക് പ്രത്യക്ഷപ്പെട്ട്, കരുണയുടെ ചിത്രം ലോകത്തോട് പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടു എന്ന് 1931-ൽ എഴുതപെട്ട ഡയറിയിൽ വിശുദ്ധ ഫൗസ്റ്റീന കുറിച്ചിട്ടുണ്ട്. അങ്ങനെയാണ് വിശുദ്ധ ഫൗസ്റ്റീന കരുണയുടെ ഈശോയുടെ ചിത്രം രൂപകൽപന ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിലും, റഷ്യൻ ഭരണത്തിലുമൊന്നും നശിച്ചുപോകാതെ അത് ഇപ്പോഴും ലിഥുനിയയിലെ വിലിനിസീൽ ഒരു ആരാധനാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
http://pravachakasabdam.com/index.php/site/news/1148

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin