Monday, 18 April 2016

പന്ത്രണ്ട് മുസ്ലീം അഭയാർത്ഥികളെ ഫ്രാൻസിസ് മാർപാപ്പ തന്റെ മടക്ക യാത്രയിൽ ഇറ്റലിയിലേക്ക് കൂടെ കൊണ്ടുപോകും

അഗസ്റ്റസ് സേവ്യര്‍ 17-04-2016 - Sunday


ലെസ് ബോസ് എന്ന ഗ്രീക്ക് ദ്വീപിലെ മോറിയ അഭയാർത്ഥി ക്യാമ്പ് സന്ദർശിച്ച ഫ്രാൻസിസ് മാർപാപ്പ, അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകളിലും വേദനകളിലും പങ്കു ചേർന്നു. പിതാവിനോട് സംസാരിക്കവേ പലരും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. അവരുടെ കണ്ണുനീരു കണ്ട് മനസ്സലിഞ്ഞ മാർപ്പാപ്പ, പന്ത്രണ്ട് മുസ്ലീം അഭയാർത്ഥികളെ തന്റെ മടക്ക യാത്രയിൽ കൂടെ കൊണ്ടുപോകുവാൻ തീരുമാനമെടുത്തു. സിറിയയിൽ നിന്നുള്ള മൂന്നു കുടുംബങ്ങളും അവരുടെ ആറു മക്കളും അടങ്ങുന്നതാണ് ഈ പന്ത്രണ്ടു പേർ.

കോൺസ്റ്റന്റിനേപ്പീൻസിലെ ഓർത്തോഡക്സ് സഭയുടെ എക്യുമെനിക്കൽ പാത്രിയാർക്കിസ് ബർത്തലോമ്യോ I, ഏതൻസിലെ ഗ്രീക്ക് ഓർത്തോഡക്സ് ആർച്ച് ബിഷപ്പ് ഐയ്റോണിമോസ് II എന്നിവരും ഫ്രാൻസിസ് മാർപാപ്പയെ അനുഗമിച്ചിരുന്നു.

മാർപാപ്പയും പാത്രിയാർക്കീസും ആർച്ച് ബിഷപ്പും പരസ്പരം ആദരവുകൾ കൈമാറിയതിനു ശേഷമാണ് അഭയാർത്ഥി ക്യാമ്പിലെത്തിയത്.

യൂറോപ്യൻ യൂണിയനും തുർക്കിയുമായി ഉണ്ടാക്കിയ ഉടമ്പടിയെ തുടർന്ന്, മോറിയ ക്യാമ്പ് അഭയാർത്ഥികൾക്ക്‌ ഒരു തടവറയായി മാറിയിരിക്കുന്നു. അഭയാർത്ഥികളും കുടിയേറ്റക്കാരുമായി ദ്വീപിലെ 3000-ത്തിലധികം മനുഷ്യരുടെ ഭാവി അനിശ്ചിതമായി തീർന്നിരിക്കുന്നു. ഏതു നിമിഷവും കലാപഭൂമികളിലേക്ക് തിരിച്ചയക്കപ്പെടാം എന്ന ഭീഷിണിയാണ് അവർ നേരിട്ടു കൊണ്ടിരിക്കുന്നത്.

തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ട അഭയാർത്ഥികൾ അനവധി അവസരങ്ങളിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് കരയുന്നുണ്ടായിരുന്നു. ഒരാൾ മാർപാപ്പയുടെ മുമ്പിൽ മുട്ടിൽ വീണ് വിങ്ങിക്കരഞ്ഞുകൊണ്ട്, തനിക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാൻ അപേക്ഷിച്ചു. എല്ലാം നിശ്ശബ്ദം കേട്ടു നിന്ന പിതാവ് അയാളെ ആശ്വസിപ്പിച്ചു. അവരുടെ വേദനകൾ മൂലം മാർപാപ്പ ദുഃഖിതനായിട്ടാണ് കാണപ്പെട്ടത്.

വാക്കുകളേക്കാൾ അധികമായി പ്രവർത്തികളിലൂടെ ദൈവരാജ്യം പ്രഘോഷിക്കുന്ന ഫ്രാൻസിസ് മാർപാപ്പ, പന്ത്രണ്ട് മുസ്ലീം അഭയാർത്ഥികളെ തന്റെ മടക്ക യാത്രയിൽ കൂടെ കൊണ്ടുപോകുമ്പോൾ ക്രിസ്തുവിന്റെ സഭയുടെ തലവൻ ലോകത്തിനു നല്കുന്ന സന്ദേശം ഇപ്രകാരമായിരിക്കും- "ക്രിസ്തു സകല മനുഷ്യരുടെയും കർത്താവാണ്; അവനിൽ നിന്നും ഒഴുകുന്ന കരുണ ജാതിമത ഭേദങ്ങൾക്ക് അതീതമായി ലോകം മുഴുവൻ നിറഞ്ഞു നില്ക്കുന്നു"
.http://pravachakasabdam.com/index.php/site/news/1177

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin