ക്രിസ്തീയതയില്‍ ആഭിചാരവും കടമറ്റം സേവയും!
http://www.manovaonline.com/newscontent.php?id=207
ആംസ്ട്രോങ്ങ് ജോസഫ്
ക്രിസ്തീയതയില്‍
ആഭിചാര കര്‍മ്മങ്ങള്‍ക്കും മന്ത്രവാദത്തിനും സ്ഥാനമില്ലെന്നാണ്
പൊതുവേയുള്ള ധാരണ. എന്നാല്‍, വിജാതിയര്‍ക്കു തുല്യമോ അതിനേക്കാള്‍
പൈശാചികാമോ ആയ ആഭിചാരക്രിയകള്‍ ക്രിസ്തീയതയുടെ പേരില്‍
നടത്തപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം! ചാത്തന്‍സേവയ്ക്കു സമാനമായ
രീതിയിലുള്ള സേവകള്‍ ക്രിസ്തീയ വിശുദ്ധരുടെ പേരുപയോഗിച്ചുകൊണ്ട് നടത്തുന്ന
വ്യക്തികളുണ്ട്. ഹൈന്ദവര്‍ നടത്തുന്ന ശത്രുസംഹാര പൂജകള്‍ക്കു തുല്യമായ
പൂജകള്‍ ക്രിസ്തീയവത്ക്കരിച്ചു നടത്തുന്ന പുരോഹിതന്മാര്‍പ്പോലും
ക്രൈസ്തവരുടെയിടയില്‍ ഉണ്ടെന്നത് ഗൗരവമായി കാണണം! തലമുറകളെപ്പോലും
നശിപ്പിക്കുന്ന ഇത്തരം പൈശാചികതയെക്കുറിച്ച് വിശ്വാസികളില്‍
അവബോധമുണ്ടായില്ലെങ്കില്‍ വന്നുഭവിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല!
താത്കാലികമായ ഉയര്‍ച്ചകള്‍ക്കുവേണ്ടി ചെയ്യുന്ന ക്ഷുദ്രകര്‍മ്മങ്ങളുടെ
അനന്തരഫലമായി നരകയാതനയനുഭവിക്കുന്ന അനേകം കുടുംബങ്ങള്‍ നമുക്കിടയിലുണ്ട്.
പാരമ്പര്യ രോഗങ്ങള്‍,
പാരമ്പര്യമായി വിവാഹബന്ധങ്ങള്‍ തകരുന്ന അവസ്ഥ, പെട്ടന്നുള്ള മരണങ്ങള്‍,
പാരമ്പര്യമായി ആത്മഹത്യാ പ്രവണത തുടങ്ങിയവയെല്ലാം ആഭിചാരകര്‍മ്മങ്ങളുടെ
ദുരന്തഫലങ്ങളില്‍ ചിലതുമാത്രമാണ്! ക്രിസ്തീയതയുടെ
മറവില്‍ നടത്തപ്പെടുന്ന ആഭിചാരക്രിയകളില്‍ പലതും വിശ്വാസത്തിന്റെ
ഭാഗമാണെന്ന ചിന്തയിലാണ് വിശ്വാസികള്‍ സമീപിക്കുന്നത്. അങ്ങനെയൊരു ധാരണ
ജനിപ്പിക്കാനുള്ള പൊടിക്കൈകള്‍ ക്ഷുദ്രവിദ്യക്കാര്‍ പ്രയോഗിക്കാറുമുണ്ട്. പൗരസ്ത്യ-സുറിയാനിസഭകളില്‍
പ്രാചീനകാലംമുതല്‍ സേവകളും ആഭിചാരകര്‍മ്മങ്ങളും വിശ്വാസത്തിന്റെ
ഭാഗമാണെന്ന രീതിയില്‍ത്തന്നെ അനുഷ്ഠിച്ചിരുന്നു. ഈ ആധുനീക കാലത്തും
പുത്തന്‍ രൂപത്തില്‍ ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്ന ക്രൈസ്തവ
നാമധാരികളുണ്ട് എന്നകാര്യം വിസ്മരിക്കരുത്.
ക്രിസ്ത്യാനികളുടെയിടയില്‍ ഉള്ളതും വിശ്വാസത്തിന്റെ ഭാഗമാണെന്നു
പ്രചരിപ്പിക്കപ്പെടുന്നതുമായ ആഭിചാരകര്‍മ്മങ്ങളെ ഈ ലേഖനത്തിലൂടെ മനോവ
അനാവരണം ചെയ്യുന്നു!ക്രിസ്ത്യാനികളുടെയിടയില്‍ പ്രചാരത്തിലുണ്ടായിരുന്നതും ഇപ്പോഴും തുടര്‍ന്നുവരുന്നതുമായ ആഭിചാരകര്‍മ്മങ്ങളെക്കുറിച്ചു വിശകലനം ചെയ്യുമ്പോള്‍ അവയുടെ ഉറവിടമാണ് ആദ്യമായി കണ്ടെത്തേണ്ടത്. മുന്‍പ് തങ്ങള്‍ വിജാതിയരായിരുന്നപ്പോള്‍ ആചരിച്ചുപോന്ന പൈശാചിക കര്‍മ്മങ്ങള്‍ ഉപേക്ഷിക്കാതിരിക്കുകയോ അവയെ ക്രിസ്തീയവത്ക്കരിക്കുകയോ ചെയ്തവരാണ് ക്രിസ്തീയ മന്ത്രവാദികള്‍! ഉഗ്രശക്തിയുള്ള ആഭിചാരകര്‍മ്മങ്ങള്‍മുതല്‍ പൊടിക്കൈ പ്രയോഗം വരെയുള്ള വിവിധങ്ങളായ ക്ഷുദ്രവിദ്യകള്‍ കുലത്തൊഴിലാക്കിയ ക്രൈസ്തവ നാമധാരികള്‍ നമുക്കിടയിലുണ്ട്! ഓരോ ക്രിയകളേയും അവയുടെ ദുരന്തങ്ങളെയും വിശകലനം ചെയ്യുന്നതിനുമുന്‍പ് ഇതിന്റെ ഉറവിടത്തെക്കുറിച്ച് ഏകദേശമായ ഒരു അവബോധം ഉണ്ടായിരിക്കുന്നതു നല്ലതാണ്. ആയതിനാല്‍, ഈ പൈശാചികതയുടെ വേരില്‍നിന്നുതന്നെ തുടങ്ങാം! ഒരുകാര്യം പ്രത്യേകമായി ഓര്‍ക്കുക; ഭാരതത്തിലെ പൗരസ്ത്യക്രൈസ്തവസഭകള്‍ തങ്ങളുടെ പാരമ്പര്യമായി ചുമന്നുനടക്കുന്ന ആചാരങ്ങള്‍ എങ്ങനെയുണ്ടായി എന്നറിയാന്‍, ഇവിടെ വിവരിക്കുന്ന വിഷയത്തെ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ മതി. പൗരസ്ത്യ ക്രൈസ്തവരുടെ അനുദിന ജീവിതത്തിലെ അനുഷ്ഠാനങ്ങള്‍മുതല്‍ വിവാഹം, പ്രസവശുശ്രൂഷ ഇത്യാദി കാര്യങ്ങളില്‍പ്പോലും പൈശാചിക മന്ത്രങ്ങളുടെ സ്വാധീനം തിരിച്ചറിയാന്‍ ഇത് ഉപകരിക്കും.
ചതുര്‍വേദത്തില്‍ നാലാമന്‍ അഥര്‍വ്വവേദം!
ഹൈന്ദവ വേദങ്ങളില്‍ നാലാമത്തേതാണ് അഥര്‍വവേദം! മന്ത്രങ്ങളും ആഭിചാരങ്ങളും ക്ഷുദ്രവിദ്യകളുമൊക്കെ ഈ വേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചതുര്‍വേദങ്ങളില്‍ നാലാമത്തെ വേദമായ അഥര്‍വ്വത്തിന്റെ വാഗര്‍ത്ഥം അഗ്നിപുരോഹിതന്‍ എന്നാണ്. ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപ്പെടുന്നു. മറ്റ് വേദങ്ങളേക്കാള്‍ ആധുനികമാണ് അഥര്‍വ്വവേദം എന്ന് പറയപ്പെടുന്നു. ചാതുര്‍വര്‍ണ്ണ്യ സാമൂഹികവ്യവസ്ഥ നിലനിന്നിരുന്നതായി ചില മന്ത്രങ്ങളില്‍നിന്നും മനസ്സിലാക്കാം. ഭൂതപ്രേതപിശാചുക്കള്‍, രക്ഷസ്സുകള്‍ എന്നിവയെ അടക്കുന്ന മന്ത്രങ്ങളും ആരോഗ്യരക്ഷക്കുള്ള മന്ത്രങ്ങളും അഥര്‍വ്വവേദത്തിലുണ്ട്. പുരോഹിതനും മന്ത്രവാദിയും ഒരാളായിരുന്നു എന്നും അനുമാനിക്കാവുന്നതാണ്. അഥര്‍വ്വവേദം എന്ന പേര് അതിലെ പ്രതിപാദ്യത്തെ ആധാരമാക്കിയുള്ളതല്ല. അഥര്‍വന്‍ എന്ന ഒരു ഋഷിയില്‍നിന്നാണ് ഈ പേരിന്റെ ഉത്പത്തി.മറ്റു വേദങ്ങളെപ്പോലെ അഥര്‍വ്വവേദവും അപൗരുഷേയമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതു രചിച്ച ഋഷിയെപ്പറ്റിയോ മന്ത്രദ്രഷ്ടാവിനെപ്പറ്റിയോ ചരിത്രദൃഷ്ട്യാ അസന്ദിഗ്ധമായി ഒന്നും പറയുവാന്‍ നിവൃത്തിയില്ല. അഥര്‍വ്വവേദത്തിന്റെ സര്‍വാനുക്രമണികയിലെ മന്ത്രദ്രഷ്ടാവിനെപ്പറ്റിയുള്ള കഥ വിശ്വാസയോഗ്യമായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല. അഥര്‍വനും ബ്രഹ്മാവുമാണ് മന്ത്രദ്രഷ്ടാക്കളില്‍ പ്രമുഖന്മാര്‍. ഭൃഗു, അംഗിരസ്സ്, വസിഷ്ഠന്‍, ഭരദ്വാജന്‍, ശൗനകന്‍, പ്രജാപതി തുടങ്ങിയവര്‍ ഇതിലെ മറ്റു മന്ത്രദ്രഷ്ടാക്കളാണ്. അഥര്‍വന്‍ ഏകദേശം 180-ല്‍പ്പരം മന്ത്രങ്ങളുടെയും ബ്രഹ്മാവ് 75-ല്‍പ്പരം മന്ത്രങ്ങളുടെയും ദ്രഷ്ടാക്കളാണ്. അഥര്‍വനും ബ്രഹ്മാവും ദര്‍ശിച്ച മന്ത്രങ്ങള്‍ കൂടുതലുള്ളതുകൊണ്ടാവാം ഇതു അഥര്‍വ്വവേദമെന്നും ബ്രഹ്മവേദമെന്നും വ്യവഹരിക്കപ്പെടുന്നത്.
അഥര്‍വ്വവേദത്തിലെ പ്രതിപാദ്യം വളരെ പഴക്കമേറിയതാണെങ്കിലും അതിന്റെ രചന അത്ര പ്രാചീനമല്ല. ഋഗ്യജുസ് സാമവേദങ്ങള്‍ക്കു ശേഷമായിരിക്കണം ഇതിന്റെ രചനാകാലം. ശതപഥബ്രാഹ്മണത്തിലും ഛാന്ദോഗ്യോപനിഷത്തിലുമുള്ള സൂചനകളില്‍നിന്നും അഥര്‍വ്വവേദം ഇവയ്ക്ക് മുമ്പുതന്നെ ഉണ്ടായിരുന്നുവെന്ന് അനുമാനിക്കാം. പതഞ്ജലി വേദങ്ങളെപ്പറ്റി പറയുമ്പോള്‍ അഥര്‍വ്വവേദത്തെപ്പറ്റി ആദ്യം പറയുന്നുണ്ട്. അഥര്‍വാംഗിരസ്സെന്ന ഇതിന്റെ ആദ്യത്തെ നാമം സംഹിതയില്‍തന്നെ നിര്‍ദ്ദേശിച്ചുകാണുന്നു. അഥര്‍വ്വവേദമെന്ന് ആദ്യമായി വ്യവഹരിക്കപ്പെടുന്നത് ഗൃഹ്യസൂത്രങ്ങളിലാണ്. ഒരുപക്ഷേ അഥര്‍വ്വവേദത്തിന് ഒരു വേദത്തിന്റെ പദവി നേടിയെടുക്കാന്‍ കുറേക്കാലം വേണ്ടിവന്നിരിക്കും. ഋഗ്വേദത്തിലെ അന്തിമമണ്ഡലത്തിന്റെ രചനാകാലംവരെ ഇത് ഒരു പ്രത്യേക വേദമായി അംഗീകരിക്കപ്പെട്ടിരുന്നുവോ എന്നു സംശയിക്കപ്പെടുന്നു. പുരുഷസൂക്തത്തില്‍ അഥര്‍വ്വവേദത്തെപ്പറ്റി മാത്രം പറയാത്തതും ഇതിന് ഉപോദ്ബലകമാണ്. യജുര്‍വേദം ശുക്ളയജുര്‍വേദമെന്നും കൃഷ്ണയജുര്‍വേദമെന്നും രണ്ടായി പിരിഞ്ഞ കാലഘട്ടമായിരിക്കും അഥര്‍വ്വവേദത്തിന്റെ രചനാകാലമെന്ന് പൊതുവേ കരുതപ്പെടുന്നു.
അഥര്‍വ്വവേദത്തിന് 9 ശാഖകളുണ്ടെന്ന് ഭാഷ്യകാരനായ പതഞ്ജലിയും വേദവ്യാഖ്യാതാവായ സായണനും പറയുന്നു. പൈപ്പലാദം, ശൗനകം, തൗദം, മൗദം, ജലദം, ജാജലം, ബ്രഹ്മപദം, ദേവദര്‍ശം, ചാരണവൈദ്യം എന്നിവയാണ് അവ. എന്നാല്‍, പൈപ്പലാദം, ശൗനകം എന്നീ രണ്ടു ശാഖകള്‍ മാത്രമേ ഇപ്പോള്‍ നിലവിലുള്ളു. പിപ്പലാദനാണ് പൈപ്പലാദശാഖയുടെ വിധായകന്‍. പ്രശ്നോപനിഷത്തിലെ ആദ്യത്തെ മന്ത്രത്തിലുള്ള ഭഗവന്തം പിപ്പലാദ മുപസന്നാ എന്ന സൂചനയൊഴിച്ചാല്‍, പിപ്പലാദനെപ്പറ്റി വ്യക്തമായ അറിവുകളൊന്നും ഇല്ല. ഇപ്പോള്‍ പ്രചാരത്തിലുള്ളത് ശൗനകശാഖയിലുള്ള അഥര്‍വ്വവേദമാണ്. ഋഗ്വേദത്തിന്റെ ഏഴ് അനുക്രമണികകള്‍ ഒരു ശൗനകന്‍ രചിച്ചതാണ്. അതിധന്വാ ശൗനകഃ, ശൗനകഃ കാ പേയഃ എന്നും മറ്റും ഛാന്ദോഗ്യോപനിഷത്തിലും പറയുന്നുണ്ട്.
വേദങ്ങളെ പിന്‍പറ്റി രൂപംകൊണ്ട ഹിന്ദുമതംപോലും അഥര്‍വ്വവേദത്തെ നിന്ദ്യമായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. (ഹൈന്ദവസംസ്കാരം എന്ന് വിളിക്കപ്പെടാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെങ്കിലും, മതത്തെക്കുറിച്ചുള്ള നിര്‍വ്വചനം മനസ്സിലാക്കിയിട്ടുള്ളതിനാല്‍, മതം എന്നുതന്നെ വിളിക്കാനാണ് മനോവയ്ക്ക് താത്പര്യം). ഒരു വേദമാണെങ്കിലും അഥര്‍വ്വവേദത്തിന് വൈദികകാലം മുതല്‍ക്കേ ഹീനത്വം കല്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. വേദങ്ങളെപ്പറ്റി പറയുമ്പോള്‍ ഋഗ്യജുസ്സാമങ്ങളെന്നോ ത്രയീവിദ്യയെന്നോ ആണ് ബ്രാഹ്മണങ്ങള്‍തന്നെ നിര്‍ദ്ദേശിക്കുന്നത്. ഔഷധങ്ങളെക്കുറിച്ചു മാത്രമല്ല, ആഭിചാരങ്ങളെക്കുറിച്ചും പറയുന്നതുകൊണ്ടാവാം ഇങ്ങനെ ഇതിനു ഭ്രഷ്ട് കല്പിച്ചുകാണുന്നത്. അഥര്‍വ്വത്തെ കൂടുതല്‍ നിന്ദിച്ചിരിക്കുന്നത് ധര്‍മ്മശാസ്ത്രങ്ങളിലാണ്. ആപസ്തംഭ ധര്‍മ്മസൂത്രം, അഥര്‍വ്വവേദം ഹീനമാണെന്നും അതിലെ പ്രയോഗങ്ങള്‍ നിന്ദ്യമാണെന്നും പറയുന്നു. ഇതിലെ ചില മന്ത്രങ്ങള്‍ ഉച്ചരിക്കുന്നത് സപ്തമഹാപാതകങ്ങളിലൊന്നായി വിഷ്ണുസ്മൃതി കണക്കാക്കുന്നു. ധര്‍മശാസ്ത്രങ്ങളുടെ കാലം മുതലായിരിക്കണം അഥര്‍വ്വവേദത്തിന് കൂടുതല്‍ അപകര്‍ഷത കല്പിക്കപ്പെട്ടത്. ഇപ്പോഴും ഒരു വേദമെന്ന നിലയ്ക്കുള്ള സാര്‍വ്വത്രികാംഗീകാരം അഥര്‍വ്വവേദത്തിന് ലഭിച്ചിട്ടില്ല.
ആയുര്‍വേദവും അഥര്‍വ്വവേദവും!
പൗരാണിക വൈദ്യശാസ്ത്രത്തെ ആയുര്‍വേദമെന്നു പേരുനല്‍കി ഭാരതം ഇന്നു കുത്തകയാക്കി വച്ചിരിക്കുന്നതിനെ സംബന്ധിച്ചുള്ള ഒരു ലേഖനം മനോവ മുന്‍പു പ്രസിദ്ധീകരിച്ചിരുന്നു. 'ആയുര്‍വേദം എങ്ങനെ ഭാരതത്തിന്‍റെ കുത്തകയാക്കി?' എന്ന ആ ലേഖനം വായിച്ചാല്‍ ഇവിടെ വിവരിക്കുന്ന വിഷയം ഗ്രഹിക്കാന്‍ കൂടുതല്‍ എളുപ്പമായിരിക്കും. ഈ ഉപശീര്‍ഷകത്തിനു ചുവടേ കുറിക്കപ്പെടുന്ന വിഷയം അതീവഗൗരവമായി തന്നെ ചിന്തിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതാണ്! കാരണം, പലരെയും അലോസരപ്പെടുത്താന്‍ സാധ്യതയുള്ള അപ്രിയസത്യങ്ങളാണ് ഇവിടെ അനാവരണംചെയ്യുന്നത്.പൗരാണിക വൈദ്യശാസ്ത്രത്തെ ആയുര്‍വേദമാക്കി മാറ്റിയ മറിമായത്തെക്കുറിച്ച് അല്പംമുന്‍പ് നാം കണ്ടു. എന്നാല്‍, ഈ ആയുര്‍വേദത്തെ അഥര്‍വ്വവേദത്തില്‍ ഉള്‍ക്കൊള്ളിച്ചത് ചില ഗൂഢലക്ഷ്യത്തോടെയാണെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയില്ല. ക്ഷുദ്രവിദ്യകളും ആഭിചാരക്രിയകളും ചികിത്സാവിധികളില്‍ സമന്വയിപ്പിച്ച് വിപണനം നടത്തുന്ന പൈശാചികതയാണ് ആയുര്‍വേദം എന്നതാണു സത്യം! ഒരു ചികിത്സാവിധി എന്നതില്‍ക്കവിഞ്ഞ് ചില നിഗൂഢലക്‌ഷ്യം ആയുര്‍വേദത്തിനു പിന്നിലുണ്ടെന്ന സത്യം ദൈവജനം തിരിച്ചറിയാത്തതാണ് സാത്താന്റെ വിജയം. ആയുര്‍വേദത്തിലെ ഓരോ മരുന്നുകളുടെയും നിര്‍മ്മിതി മന്ത്രോച്ചാരണത്തോടുകൂടെയാണ്. ഔഷധക്കൂട്ടുകള്‍ ഉപാസനാമൂര്‍ത്തികള്‍ക്കു സമര്‍പ്പിച്ച്, അവരെ പ്രകീര്‍ത്തിക്കുന്ന മന്ത്രങ്ങള്‍ ഉരുവിടുകയും അവരുടെ പൈശാചികശക്തി മരുന്നുകളിലേക്ക് ആവാഹിക്കുകയും ചെയ്യുന്ന രീതികളും ആയുര്‍വേദത്തിലുണ്ട്. ഒരേ മരുന്നുകളാണെങ്കില്‍ക്കൂടി എല്ലാ വൈദ്യന്മാരുടെയും ചികിത്സകള്‍ക്ക് ഒരേ ഫലം ലഭിക്കുന്നില്ല എന്നത് പ്രത്യകം ശ്രദ്ധിക്കണം. നല്‍കുന്ന വ്യക്തിയിലെ പൈശാചികതയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ഫലപ്രാപ്തിയിലും അന്തരമുണ്ടാകുന്നതാണ് ഇതിനു കാരണം! ഇതിനെ ഇവര്‍ 'കൈപ്പുണ്യം' എന്ന ഓമനപ്പേരിട്ടു വിളിക്കുന്നു! മാരകവിഷമാണ് നല്‍കുന്നതെങ്കില്‍, ഏതു വ്യക്തി കൊടുത്താലും അതും സ്വീകരിക്കുന്നവന്‍ മരിക്കും! അതുകൊണ്ടുതന്നെ, കൈപ്പുണ്യം എന്നപേരില്‍ ഇവര്‍ പറയുന്നത് പൈശാചികതയുടെ ഏറ്റക്കുറച്ചിലിനെയാണ്!
പൗരാണിക ചികിത്സാരീതികളും ഔഷധവിദ്യകളും ആരുടേയും കുത്തകയല്ലെങ്കിലും ആയുര്‍വേദമെന്ന പേരില്‍ അറിയപ്പെടുന്ന ചികിത്സയുടെ ഉറവിടം അഥര്‍വ്വവേദമാണ്. ചാരണവൈദ്യമെന്ന (സഞ്ചരിക്കുന്ന വൈദ്യം) ശാഖാഭേദം അതിപ്രാചീനമായ ഒരു ആയുര്‍വേദ സമ്പ്രദായമാണെന്ന് ഊഹിക്കപ്പെടുന്നു. അഥര്‍വ്വവേദത്തിന് ഭൈഷജ്യമെന്ന പേരുകൂടിയുണ്ട്. അഥര്‍വ്വമെന്ന പേര് ഔഷധപര്യായമായിട്ടുതന്നെ പലയിടത്തും പ്രയോഗിച്ചു കാണുന്നു. അഥര്‍വന്‍ ഒരുപക്ഷേ വൈദികകാലത്തെ ഒരു ഭിഷഗ്വരനായിരുന്നിരിക്കാം. രോഗങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന മിക്കവാറും മന്ത്രങ്ങളുടെ ദ്രഷ്ടാവും അഥര്‍വനാണ്. അതിപ്രാചീനമായ ഒരു ചികിത്സാപദ്ധതി ഇതിലുണ്ട്. മരുന്നും മന്ത്രവുംകൊണ്ട് രോഗം ശമിപ്പിക്കുവാനുള്ള ഉപായങ്ങള്‍ ഇതിലുടനീളം കാണാം. 'മരുന്നും മന്ത്രവും' എന്ന് പഴമക്കാര്‍ പറയുന്നതിനെ ഇതുമായി കൂട്ടിവായിച്ചാല്‍ പല ദുരൂഹതകളുടെയും ചുരുളഴിയും! ആയുര്‍വേദം പഠിക്കുന്നയാളിന് അഥര്‍വവേദത്തിനോടുള്ള കടപ്പാട് ചരകനും സുശ്രുതനും തങ്ങളുടെ സംഹിതകളില്‍ എടുത്തുപറയുന്നുണ്ട്. അഥര്‍വ്വവേദത്തിലെ ഇന്ദ്രനും പ്രജാപതിയും എല്ലാം ഭിഷഗ്വരന്മാരാണ്. ഇതിലെ അഞ്ചാം കാണ്ഡത്തിലെ മുപ്പതാമത്തെ സൂക്തം ഭിഷഗ്വരനെ പ്രശംസിക്കുന്നു. നിരവധി ഔഷധ പ്രയോഗങ്ങളെപ്പറ്റിയും ശസ്ത്രക്രിയകളെപ്പറ്റിയും ഉള്ള സൂചനകള്‍ക്കൂടാതെ, പിന്നീട് പഞ്ചകര്‍മ്മങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രയോഗങ്ങളും ഇതില്‍ ബീജരൂപത്തില്‍ അടങ്ങിയിട്ടുണ്ട്.
അഥര്‍വ്വവേദത്തിന് അതിന്റേതായ ഒരു ജീവിതവീക്ഷണമുണ്ട്. 100 വയസ്സുവരെ ലൌകികസുഖങ്ങളനുഭവിച്ച് ജീവിക്കുകയാണിതിന്റെ ആദര്‍ശം. വാര്‍ദ്ധക്യദശ പ്രാപിക്കാതെ മരിക്കുന്നത് നിന്ദ്യമാണ്. പരലോകത്തും അവിടുത്തെ സുഖങ്ങള്‍ക്കും രണ്ടാം സ്ഥാനമേ അഥര്‍വ്വം നല്കിയിട്ടുള്ളു. കഷ്ടപ്പാടും ദുഃഖവും സഹിക്കുകയല്ല പ്രത്യുത, തികച്ചും ലൌകികമായ മാര്‍ഗങ്ങളിലൂടെ അതിനു പരിഹാരം കണ്ടെത്തുകയാണ് അഥര്‍വ്വവേദി ചെയ്യുന്നത്. ജീവിതവീക്ഷണംപോലെ തത്ത്വചിന്താമണ്ഡലത്തിലും അഥര്‍വ്വവേദത്തിന്റെ സംഭാവനയുണ്ട്. ഒരു പ്രത്യേക തത്ത്വചിന്താപദ്ധതി ഇതിലില്ലെങ്കിലും പല ദര്‍ശനങ്ങളുടെയും അടിസ്ഥാനം ഇതില്‍ കാണാം. ബ്രഹ്മം, ആത്മാവ് തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഉപനിഷത്തുകളിലുള്ള വിപുലമായ ചര്‍ച്ചയ്ക്ക് ആരംഭം കുറിച്ചത് ഇവിടെയാണ്. 230 പ്രാവശ്യത്തോളം പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഇതിലെ ബ്രഹ്മശബ്ദത്തിന് പലേടത്തും പല അര്‍ത്ഥമാണെങ്കിലും ചിലേടത്ത് അത് ആദ്യപുരുഷനെയും മറ്റു ചിലേടത്ത് പരമതത്ത്വത്തെയും കുറിക്കുന്നു. പതിനഞ്ചാമത്തെ വ്രാത്യകാണ്ഡം ബ്രഹ്മവിദ്യാപ്രതിപാദകമാണ്. വ്രത്യോ വാ ഇദ് അഗ്ര ആസീദ് എന്നു തുടങ്ങിയുള്ള വര്‍ണ്ണനകള്‍ ഉപനിഷത്തിലെ മന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. വേദങ്ങളില്‍വച്ച് ബ്രഹ്മവിദ്യയെപ്പറ്റി ഏറ്റവുമധികം പ്രതിപാദിക്കുന്നത് അഥര്‍വ്വവേദമാണ്.
മതവിശ്വാസവുമായി സമന്വയിപ്പിച്ചാണ് ആയുര്‍വേദം രൂപപ്പെടുത്തിയിരിക്കുന്നത് എന്നതിന് ഇതില്‍പ്പരം വ്യക്തമായ തെളിവിന്റെ ആവശ്യമില്ല! ദൈവവചനത്തെ അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍, വിഗ്രഹാര്‍പ്പിത ഭക്ഷണത്തിനു സമാനമാണ് ആയുര്‍വേദമെന്നു മനസ്സിലാക്കാന്‍ സാധിക്കും! അതുകൊണ്ടുതന്നെ ഒരു ബൈബിള്‍വാക്യം ഇവിടെ അനിവാര്യതയോടെ കുറിക്കുന്നു: "അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്‌താല്‍ വിളമ്പിത്തരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്. നിന്റെ മനസ്സാക്ഷിയല്ല അവന്റെതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്"(1കോറി:10;27-29). ആയുര്‍വേദമാണെന്ന അറിവോടെയാണ് മരുന്നു കഴിക്കുന്നതെങ്കില്‍, അത് വിഗ്രഹാര്‍പ്പിത ഭക്ഷണത്തിനു തുല്യമാണ്! കാരണം, അഥര്‍വ്വവേദത്തില്‍നിന്നുള്ള ഒന്നാണ് ആയുര്‍വേദം എന്നതുമാത്രമല്ല, അതു പൂര്‍ണ്ണമായും വിഗ്രഹങ്ങള്‍ക്ക് സമര്‍പ്പിച്ചതാണ് എന്നതും പരിഗണിക്കേണ്ടതുണ്ട്! ആയുര്‍വേദത്തിന്റെ മറ്റുചില വശങ്ങള്‍ക്കൂടി പരിശോധിക്കുമ്പോള്‍ ഈ വസ്തുതകള്‍ തെളിമയോടെ മനസ്സിലാക്കാന്‍ കഴിയും!
ബഹുഭൂരിപക്ഷം ആയുര്‍വേദ വൈദ്യന്മാരും ഏതെങ്കിലും മൂര്‍ത്തികളെ ഉപാസിക്കുന്നവരും മന്ത്രവിദ്യകളും ക്ഷുദ്രകര്‍മ്മങ്ങളും നടത്തുന്നവരുമാണെന്ന കാര്യം പരിഗണിക്കുമ്പോള്‍, ആയുര്‍വേദത്തിന്റെ അഥര്‍വ്വബന്ധം മറനീക്കി പുറത്തുവരുന്നു! മന്ത്രവാദികള്‍ക്കും ആയുര്‍വേദ വൈദ്യന്മാര്‍ക്കും പൊതുവായി ആവശ്യമുള്ള വസ്തു നിലവിളക്കാണെന്ന കാര്യവും മറക്കരുത്! ഒറ്റമൂലി ചികിത്സകള്‍ നടത്തുന്നവര്‍ നമ്മുടെയിടയിലുണ്ട്. ഇവര്‍ ആ മരുന്ന് മറ്റാര്‍ക്കും വെളിപ്പെടുത്താത്തത് അതിന്റെ ഫലം ഇല്ലാതാകും എന്ന കാരണം പറഞ്ഞാണ്. മറ്റൊരു വ്യക്തിയോടു വെളിപ്പെടുത്തിയാല്‍ ചോര്‍ന്നുപോകുന്ന വീര്യമാണ് മരുന്നിനുള്ളതെങ്കില്‍, ആ മരുന്നു നിര്‍മ്മിക്കാന്‍ ഉപയോഗിച്ച വസ്തുക്കളിലുള്ള ഔഷധവീര്യം മാത്രമല്ല രോഗസൗഖ്യത്തിനു നിദാനമെന്നു ചിന്തിക്കെണ്ടിവരും. ഇത്തരത്തിലുള്ള ചില ദുരൂഹതകള്‍ ആയുര്‍വേദത്തെ ചുറ്റിപ്പറ്റി നിലവിലുണ്ട്. പരിശുദ്ധാത്മാവിന്റെ അഭിഷേകവും നല്ല പ്രാര്‍ത്ഥനയുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ആയുര്‍വേദം ഫലിക്കാത്തതും ഗൗരവമായി പരിഗണിക്കണം! അഥര്‍വ്വവേദത്തിന്റെ ഉള്ളടക്കം അല്പമെങ്കിലും മനസ്സിലാക്കിയാല്‍ ഇതിന്റെ കാരണവും വ്യക്തമാകും. അതിനാല്‍, ഈ അധമവേദത്തിന്റെ ഉള്ളടക്കം ഒരു ഉപശീര്‍ഷകത്തില്‍ ഒതുക്കിനിര്‍ത്തിക്കൊണ്ടുള്ള ചെറിയൊരു വിവരണം മനോവ നല്‍കാം.
അഥര്‍വ്വവേദത്തിന്റെ ഉള്ളടക്കം!
അഥര്‍വ്വവേദം പ്രധാനമായും ആഭിചാരപ്രവൃത്തികളെ പ്രതിപാദിക്കുന്ന മന്ത്രങ്ങളുടെ ഒരു സമാഹാരമാണ്. ഇതിലെ മന്ത്രങ്ങള്‍ മഹാവ്യാധികളെ ശമിപ്പിക്കാനും ക്രൂരമൃഗങ്ങള്‍, പിശാചുക്കള്‍ എന്നിവയില്‍നിന്നും രക്ഷനേടാനും, മാന്ത്രികന്മാര്‍, ബ്രാഹ്മണദ്വേഷികള്‍ എന്നിവരെ നശിപ്പിക്കാനും ഉള്ളവയാണ്. എന്നാല്‍, മംഗളാശംസകളും ഐശ്വര്യവര്‍ദ്ധകങ്ങളുമായ മറ്റനേകം മന്ത്രങ്ങളും ഇതിലുണ്ട്. അവ കുടുംബജീവിതത്തില്‍ ശത്രുക്കളുമായുള്ള അനുരഞ്ജനം, ആയുസ്സ്, ധനം, ആരോഗ്യം എന്നിവയ്ക്കുവേണ്ടിയുള്ളവയാണ്. പൊതുവേ അഥര്‍വ്വമെന്ന നാമം ഇതിലെ മംഗളാശംസകളായ മന്ത്രഭാഗത്തെയും അംഗീരസ്സെന്നത് ആഭിചാരപ്രതിപാദകങ്ങളായ മന്ത്രഭാഗത്തെയും സൂചിപ്പിക്കുന്നു. പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നു പറയപ്പെടുന്ന ഇരുപതാം മണ്ഡലമൊഴിച്ചാല്‍, ഇതിന് യാഗാദികര്‍മ്മങ്ങള്‍ പ്രതിപാദിക്കുന്ന മറ്റു വേദങ്ങളുമായി ഉള്ളടക്കത്തില്‍ വലിയ ബന്ധമൊന്നുമില്ല. പൊതുവേ മനുഷ്യന്റെ ഐഹികജീവിതത്തിലെ സുഖത്തെയും ക്ഷേമത്തേയും ലക്ഷ്യമാക്കിയുള്ളതാണ് ഇതിലെ മന്ത്രങ്ങള്‍. സാധാരണജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമാണ് ഇതില്‍ പ്രതിഫലിച്ചുകാണുന്നത്. ചരിത്രാതീതകാലത്തെ ജനങ്ങളെപ്പറ്റിയും അവരുടെ പ്രാകൃതമായ അനുഷ്ഠാനങ്ങളെപ്പറ്റിയും അഥര്‍വ്വവേദം വേണ്ടത്ര അറിവു നല്‍കുന്നു.ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന ശൗനകശാഖയിലുള്ള അഥര്‍വ്വവേദത്തിന് 20 കാണ്ഡങ്ങളിലായി 730 സൂക്തങ്ങളും 6,000-ത്തോളം മന്ത്രങ്ങളുമുണ്ട്. രചനാരീതി അനുസരിച്ച് 20 കാണ്ഡങ്ങളെ മൂന്നായി തരംതിരിക്കാം. ഒന്നുമുതല്‍ ഏഴുവരെ കാണ്ഡങ്ങള്‍ അടങ്ങിയതാണ് ആദ്യത്തെ വിഭാഗം. ഇതില്‍ ചെറിയ സൂക്തങ്ങളുണ്ട്. ഇവയുടെ ക്രമം അതിലെ സൂക്തങ്ങളില്‍ അടങ്ങിയിരിക്കുന്ന മന്ത്രങ്ങളുടെ എണ്ണത്തെ ആശ്രയിച്ചാണ്. അതായത് ഒന്നാം മണ്ഡലത്തിലെ സൂക്തങ്ങളില്‍ 4 മന്ത്രങ്ങളും രണ്ടില്‍ അഞ്ച്, മൂന്നില്‍ ആറ്, നാലില്‍ ഏഴ്, അഞ്ചില്‍ എട്ടു മുതല്‍ പതിനെട്ടുവരെ മന്ത്രങ്ങളടങ്ങിയ സൂക്തങ്ങളും ഉണ്ട്. ഏഴില്‍ പല ഒറ്റമന്ത്രങ്ങളും പിന്നീട് 11 മന്ത്രങ്ങള്‍വരെയുള്ള സൂക്തങ്ങളും അടങ്ങിയിരിക്കുന്നു. 8 മുതല്‍ 13 വരെ മണ്ഡലങ്ങളടങ്ങിയതാണ് രണ്ടാംഭാഗം. വേണ്ടത്ര ക്രമദീക്ഷയില്ലാതെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നീണ്ട സൂക്തങ്ങളാണ് ഇതിലുള്ളത്. 14 മുതല്‍ 18 വരെ കാണ്ഡങ്ങളടങ്ങിയ മൂന്നാം ഭാഗത്തിന്റെ ക്രമം അതിലെ വിഷയങ്ങളെ ആശ്രയിച്ചാണ്. 14-ല്‍ വിവാഹകര്‍മ്മങ്ങള്‍, 15-ല്‍ വ്രാത്യന്മാരെപ്പറ്റിയുള്ള വിവരങ്ങള്‍, 16-ലും 17-ലും ആഭിചാരപ്രയോഗങ്ങള്‍, 18-ല്‍ ശ്രാദ്ധാദികള്‍ എന്നിവ കാണാം. 19-ല്‍ പല വിഷങ്ങളെപ്പറ്റിയുള്ള സൂക്തങ്ങളും 20-ല്‍ ഋഗ്വേദോദ്ധൃതമായ മന്ത്രങ്ങളും അടങ്ങിയിരിക്കുന്നു. (കേരളത്തിലെ ചില ക്രിസ്ത്യാനികള്‍ ആചരിക്കുന്ന ശ്രാദ്ധത്തിന്റെ ഉത്പത്തി എവിടെനിന്നാണെന്നു മനസ്സിലായല്ലോ!)
അവസാനത്തെ രണ്ടു മണ്ഡലങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് പല ഗവേഷകന്മാരും അഭിപ്രായപ്പെടുന്നു. അഥര്‍വ്വപ്രാതിശാഖ്യത്തില്‍ ഈ മണ്ഡലങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നില്ല. തികച്ചും ലൌകികകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന അഥര്‍വ്വത്തിന് അംഗീകാരം കിട്ടാതെയിരുന്ന ഒരു കാലത്ത് അതിനൊരു വേദത്തിന്റെ പദവി നേടിക്കൊടുക്കാനായിരിക്കാം ഇന്ദ്രസൂക്തങ്ങളും മറ്റുമടങ്ങിയ ഈ രണ്ടു കാണ്ഡങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ഈ മന്ത്രങ്ങളെ പതിനാലു ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. അവയെക്കൂടി മനസ്സിലാക്കിയതിനുശേഷം സുപ്രധാനവും ഈ ലേഖനത്തിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുമായ വിഷയത്തിലേക്കു കടക്കാം!
ഭൈഷജ്യങ്ങള്‍: രോഗങ്ങളെയും രോഗഹേതുക്കളായ ചില പിശാചുക്കളെയും നശിപ്പിക്കാനുള്ള മന്ത്രങ്ങളായി ഇത് അറിയപ്പെടുന്നു. കൌശികസൂത്രത്തില്‍ ഇതിനെപ്പറ്റി വിശദമായ ചര്‍ച്ചയുണ്ട്. പക്ഷേ, പല രോഗങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും ഇതില്‍ നല്‍കിയിരിക്കുന്ന വിവരണങ്ങള്‍ വേണ്ടത്ര വ്യക്തമല്ല.
ആയുഷ്യങ്ങള്‍: ഇത് ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയുള്ളവയാണ്. 100 വയസ്സുവരെ ജീവിക്കുകയെന്നതാണ് ലക്ഷ്യം. അതിനു മുന്‍പുണ്ടാകുന്ന മൃത്യു തടയുന്നതുകൂടാതെ യമന്‍, മൃത്യു, നിരൃതി മുതലായവരെപ്പറ്റിയുള്ള സ്തുതികളും ഇതിലുണ്ട്.
ആഭിചാരങ്ങള്‍: പിശാചുക്കള്‍, ശത്രുക്കള്‍, മന്ത്രവാദികള്‍ എന്നിവര്‍ക്കെതിരായി പ്രയോഗിക്കേണ്ടവയാണിത്. പീഡനം, മാരണം, മോഹനം, സ്തംഭനം, വശീകരണം മുതലായ ആഭിചാരങ്ങളും യാതുവിദ്യകളും അടങ്ങിയിരിക്കുന്നതു കൂടാതെ, ആഭിചാരങ്ങള്‍ക്കെതിരായി ചെയ്യുന്ന 'കൃത്യാപ്രതിവിധികള്‍' എന്നു പറയുന്ന പ്രയോഗങ്ങളും ഇതിലുള്‍പ്പെടുന്നു.
സ്ത്രീകര്‍മ്മങ്ങള്‍: ആദ്യത്തെ 7 കാണ്ഡങ്ങളില്‍ സ്ത്രീകര്‍മ്മപ്രതിപാദകങ്ങളായ അനേകം സൂക്തങ്ങളുണ്ട്. വിവാഹം, ഗര്‍ഭധാരണം, പ്രസവം മുതലായവയോടനുബന്ധിച്ച് അനുഷ്ഠിക്കേണ്ടവയാണവ. ഈ മന്ത്രങ്ങളില്‍ ഏറിയ പങ്കും സ്ത്രീപുരുഷബന്ധത്തെപ്പറ്റി പറയുന്നു. സ്ത്രീപുരുഷന്മാരുടെ അന്യോന്യവശീകരണത്തിനും ഇവ വിനിയോഗിക്കപ്പെടുന്നു. ദാമ്പത്യസുഖത്തിനും സന്താനസൗഭാഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്ന മന്ത്രങ്ങളും വിരളമല്ല. കേരളത്തിലെ ക്രൈസ്തവര്‍ വിവാഹവുമായി ബന്ധപ്പെടുത്തി പിന്തുടരുന്ന പല ആചാരങ്ങളും അഥര്‍വ്വവേദത്തില്‍ നിന്നാണ്. താലി, മന്ത്രകോടി, പുടവ, കൂട്ടികൊണ്ടുപോക്ക് എന്നിവയൊക്കെ സുറിയാനിസഭയില്‍ ആചാരമായത് ഈ പൈശാചിക വേദത്തില്‍നിന്നാണെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയില്ല! ഗര്‍ഭധാരണ കാലത്തും പ്രസവത്തോട് അനുബന്ധിച്ചുമൊക്കെ ഈ പൈശാചിക അനുകരണം കാണാം. വയറുകാണല്‍ ചടങ്ങും കുഞ്ഞുങ്ങളുടെ അരയില്‍ ചരടുകെട്ടുന്നതും ക്രിസ്തീയതയുടെ ഭാഗമാണെന്ന് ആരും കരുതരുത്! മദ്ധ്യകേരളത്തിലെ ഭൂരിപക്ഷം സുറിയാനി ക്രിസ്ത്യാനികളും ജാതകം എഴുതി സൂക്ഷിച്ചിട്ടുള്ളവരാണ്. ജന്മനക്ഷത്രം നോക്കാത്ത ക്രിസ്ത്യാനികള്‍ ഇല്ലെന്നുതന്നെ പറയാം!
സൗമനസ്യങ്ങള്‍: ഐക്യം, സമുദായശ്രേഷ്ഠത, വിജയം, വാഗ്മിത്വം, ജനസ്വാധീനത മുതലായവയ്ക്കു വേണ്ടിയുള്ളതാണ് ഈ ഭാഗം.
രാജകര്‍മ്മങ്ങള്‍: രാജാവിനുവേണ്ടിയുള്ളവയാണിത്. രാജ്യാരോഹണം, രാജ്യസംപ്രാപ്തി മുതലായവയ്ക്കും, രാജാവിനു ശക്തി, വീര്യം, ചക്രവര്‍ത്തിപദം, വിജയം മുതലായവ നേടുന്നതിനും വേണ്ടിയുള്ള മന്ത്രങ്ങള്‍ ഇതിലുണ്ട്.
ബ്രാഹ്മണസൂക്തങ്ങള്‍: ബ്രാഹ്മണരുടെ രക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള കര്‍മ്മങ്ങളാണിത്. ബ്രാഹ്മണര്‍ക്ക് നല്കേണ്ട ദാനങ്ങളെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന നിരവധി മന്ത്രങ്ങളും ഇതിലുണ്ട്.
പൗഷ്ടികങ്ങള്‍: ഐശ്വര്യവര്‍ദ്ധകങ്ങളായ മന്ത്രങ്ങളാണ് പൗഷ്ടികങ്ങളില്‍ ഉള്‍പ്പെടുന്നത്. ധാന്യവര്‍ദ്ധനം, മഴ, സമ്പത്ത് ഇവയ്ക്കുവേണ്ടി ഈ ഭാഗം വിനിയോഗിക്കപ്പെടുന്നു. ഇരുപതാമത്തെ മണ്ഡലമൊഴിച്ച് ബാക്കിയുള്ള മണ്ഡലങ്ങളില്‍ അഞ്ചിലൊന്ന് ഭാഗത്തോളം ഈ മന്ത്രങ്ങളാണ് കാണപ്പെടുന്നത്.
പ്രായശ്ചിത്തങ്ങള്‍: ഇതിലുള്ള നാല്പതോളം സൂക്തങ്ങള്‍ പ്രായശ്ചിത്തങ്ങളാണ്. ഇതില്‍ പലതും യാഗാദികര്‍മ്മങ്ങളിലുള്ള പോരായ്മകളെ പരിഹരിക്കുന്നവയാണ്.
സൃഷ്ടിപരവും ബ്രഹ്മവിദ്യാപ്രതിപാദകങ്ങളുമായ മന്ത്രങ്ങള്‍: ലോകോത്പത്തി, ബ്രഹ്മം, ആദിപുരുഷന്‍ മുതലായവയെപ്പറ്റി ചോദ്യരൂപത്തിലുള്ള മന്ത്രങ്ങളാണിവ. ചിലയിടത്ത് ആത്മാവിനെപ്പറ്റിയുള്ള സൂചനകളും മറ്റു ചിലയിടത്ത് ബ്രഹ്മാത്മൈക്യത്തെപ്പറ്റിയുള്ള സൂചനകളും കാണുന്നുണ്ട്.
കുന്താപസൂക്തങ്ങള്‍: കുന്താപസൂക്തങ്ങളെന്നു പറയപ്പെടുന്ന ഈ വിഭാഗത്തില്‍ അഗ്നിസ്തുതി, ഇന്ദ്രസ്തുതി മുതലായവ അടങ്ങിയിരിക്കുന്നു.
ബ്രാഹ്മണങ്ങള്‍: അഥര്‍വ്വവേദത്തിന്റെ ബ്രാഹ്മണമാണ് ഗോപഥബ്രാഹ്മണം. യഥാക്രമം അഞ്ചും ആറും അധ്യായങ്ങളുള്ള രണ്ടു കാണ്ഡങ്ങള്‍ ഇതിനുണ്ട്. അഥര്‍വ്വവേദത്തിന്റെ മഹിമാതിശയം വര്‍ണ്ണിക്കുകയും ബ്രഹ്മന്‍ എന്ന ഋത്വിക്കിനെ പ്രശംസിക്കുകയുമാണ് ഇതിന്റെ ഉദ്ദേശ്യം.
ഉപനിഷത്തുകള്‍: ഏകദേശം 112 ഉപനിഷത്തുകള്‍ അഥര്‍വ്വവേദത്തിന്റേതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സംശയരഹിതമായി പറയാവുന്നവ 27 എണ്ണമാണ്. ഇവയില്‍ പ്രധാനപ്പെട്ടവ പ്രശ്നം, മാണ്ഡൂക്യം, മുണ്ഡകം, ജാബാലം എന്നിവയാണ്.
സൂത്രങ്ങള്‍: വൈതാനസൂത്രമെന്ന ശ്രൌതസൂത്രവും കൗശികസൂത്രമെന്ന ഗൃഹ്യസൂത്രവും അഥര്‍വ്വവേദത്തിനുണ്ട്. പല അംശത്തിലും ഇവയ്ക്ക് ഗോപഥബ്രാഹ്മണവുമായി സാമ്യമുള്ളതായി കാണാം. കൌശികസൂത്രത്തില്‍ സാധാരണ ഗൃഹ്യസൂത്രത്തില്‍ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങള്‍ക്കൂടാതെ ചില ആഭിചാരങ്ങളെപ്പറ്റിയുള്ള വര്‍ണ്ണനകളും ഉണ്ട്. ഇവ കൂടാതെ അഥര്‍വ്വപ്രാതിശാഖ്യമെന്ന ഒരു വ്യാകരണ ഗ്രന്ഥവും അഥര്‍വ്വവേദത്തിനുണ്ട്. സായണന്‍ അഥര്‍വ്വവേദത്തിന്റെ 12 കാണ്ഡങ്ങള്‍ക്കു മാത്രമേ ഭാഷ്യം രചിച്ചിട്ടുള്ളു.
ഹിന്ദുമതത്തിന്റെ അടിസ്ഥാനശിലയായ വേദങ്ങളിലെ നാലാമത്തേതും, ഇവര്‍ത്തന്നെ നിഷിദ്ധമെന്നു പ്രഖ്യാപിച്ചിട്ടുള്ളതുമായ അഥര്‍വ്വവേദത്തെക്കുറിച്ചുള്ള ഏകദേശ വിവരമാണ് ഇത്. സാംസ്ക്കാരിക അനുരൂപണത്തിന്റെ പേരുപറഞ്ഞ് ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ആചരിക്കുന്ന പലതും ഈ പൈശാചിക വേദത്തില്‍നിന്നുള്ള അടര്‍ത്തിമാറ്റലുകളാണെന്നു തിരിച്ചറിയണം. ആഗോള ക്രൈസ്തവരിലേക്ക് ഈ പൈശാചികത പകര്‍ന്നുകൊടുക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന കര്‍ദ്ദിനാള്‍മാര്‍ കത്തോലിക്കാസഭയില്‍ ഉണ്ടെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു! അഥര്‍വ്വവേദത്തെക്കുറിച്ചുള്ള വിവരണം താത്കാലികമായെങ്കിലും ഇവിടെ അവസാനിപ്പിച്ചുകൊണ്ട് മുഖ്യവിഷയത്തിലേക്ക് മനോവ കടക്കുകയാണ്.
ക്രിസ്തീയതയുടെ മറയിട്ടു മന്ത്രവാദം നടത്തുന്നവര്‍!
എല്ലാ പൈശാചികതകളെയും ക്രിസ്തീയമായി പുനരവതരിപ്പിക്കുന്ന പ്രവണത ക്രിസ്ത്യാനികളുടെയിടയില്‍ പണ്ടുമുതല്‍ക്കേയുണ്ട്. ഇത്തരത്തിലുള്ള അനുകരണങ്ങള്‍ക്ക് ക്രിസ്തീയതയോളംതന്നെ പഴക്കവുമുണ്ട്! ഭാരതത്തിലെ 'പാഗണ്‍' ആചാരങ്ങള്‍ അതേപടി ക്രിസ്തീയതയിലേക്ക് പകര്‍ത്തിയതാണെങ്കിലും ഇത്തരം ആചാരങ്ങളെ ന്യായീകരിക്കാന്‍ ദൈവവചനത്തെ വളച്ചൊടിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്. യഹൂദരും ആദിമ ക്രൈസ്തവസമൂഹവും ആചരിച്ചിരുന്ന രീതികളാണ് ഇവയെല്ലാമെന്നു സ്ഥിരീകരിക്കാന്‍ അടിസ്ഥാനരഹിതമായ പാരമ്പര്യവാദങ്ങള്‍ ചില കുബുദ്ധികള്‍ ഉയര്‍ത്തുന്നു. 'ക്നാനായ' ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ ആചാരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ദുരാചാരങ്ങളുടെ പരമ്പരതന്നെ കാണാന്‍ കഴിയും! ആഭിചാരം, മന്ത്രവാദം, ശത്രുസംഹാരം, ദോഷങ്ങളെ നീക്കിക്കളയല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി മാത്രം രചിക്കപ്പെട്ട അഥര്‍വ്വവേദത്തില്‍നിന്ന്‍ ഒരു വള്ളിപോലും സ്വീകരിക്കാന്‍ കര്‍ത്താവ് അവിടുത്തെ ജനത്തെ അനുവദിച്ചിട്ടില്ല!വിജാതിയരുടെ സംസ്കാരത്തിലെ നന്മകളെ സ്വീകരിക്കാമെന്ന വരട്ടുവാദവുമായി ചില ദൈവശാസ്ത്രങ്ങള്‍ കത്തോലിക്കാസഭ ഇറക്കിയിട്ടുണ്ട്. ഇതു ദൈവവചനത്തിനു വിരുദ്ധവും ദൈവത്തെ പ്രകോപിപ്പിക്കുന്നതുമാണ്. വിജാതിയരുടെ ഏതെങ്കിലും ആചാരങ്ങളെ അനുകരിക്കാന്‍ ഉപദേശിക്കുന്ന ഒരു വചനംപോലും ബൈബിളില്‍ എവിടെയും കാണാന്‍ കഴിയില്ല. എന്നാല്‍, അവരെ അനുകരിക്കരുതെന്ന ഉപദേശം അനേകം ഭാഗങ്ങളില്‍ വായിക്കാന്‍ സാധിക്കും! അവയെല്ലാംതന്നെ പലപ്പോഴായി മനോവ വ്യക്തമാക്കിയിട്ടുമുണ്ട്. എങ്കിലും, വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചുകൊണ്ട് അവയില്‍ ഒരെണ്ണം കുറിക്കുന്നു: "നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;4). കര്‍ത്താവിനെ ആരാധിക്കുന്നതില്‍ മാത്രമല്ല, വിശ്വാസപരമായ ഒരു ആചാരങ്ങളും അനുകരിക്കാന്‍ അവിടുന്നു നമ്മെ അനുവദിച്ചിട്ടില്ല. അഥര്‍വ്വവേദത്തില്‍നിന്നു നന്മ ചികഞ്ഞെടുക്കാന്‍ തുനിയുന്ന ക്രൈസ്തവനാമധാരികള്‍ ഒരുകാര്യം ഓര്‍ക്കുക: വിജാതിയരുടെ പട്ടണങ്ങള്‍ കീഴടക്കുമ്പോള്‍, ആ പട്ടണങ്ങളില്‍നിന്ന്‍ നിസ്സാരമെന്നു തോന്നുന്ന ഒരു വസ്തുപോലും എടുക്കരുതെന്നു കല്പിച്ച കര്‍ത്താവിനെയാണ് ക്രിസ്ത്യാനികള്‍ സേവിക്കുന്നത്. ആ കര്‍ത്താവിന്റെ സ്വഭാവത്തിലോ നിയമങ്ങളിലോ എന്തെങ്കിലും മാറ്റംവന്നുവെന്ന് കരുതുന്നത് അപകടമാണ്!
പിശാചുക്കളെ പൂജിക്കുന്ന ഒരു ജനതയില്‍നിന്നു നന്മ പ്രതീക്ഷിക്കുന്നവര്‍ തങ്ങളുടെമേല്‍ ദുരന്തം വലിച്ചുകയറ്റുന്നവരാണ് എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കാരണം, ബൈബിളില്‍ ഇതിനു തെളിവുകളുണ്ട്. ഇസ്രായേല്‍ജനത്തിനു വിജാതിയരുടെ പട്ടണങ്ങള്‍ അവകാശമായി നല്‍കിയപ്പോള്‍, അവിടെയുള്ള ഒരു വസ്തുക്കളും എടുക്കരുതെന്നു കര്‍ത്താവ് കല്പിച്ചിരുന്നു. എന്നാല്‍, ഈ കല്പന ലംഘിച്ച ആഖാന്‍ എന്ന വ്യക്തിമൂലം മുഴുവന്‍ ജനത്തിന്റെമേലും വന്ന ദുരന്തത്തെ ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. വളരെ ചെറിയ സൈന്യവുമായി വലിയ സൈന്യത്തെ നേരിട്ട് വിജയംവരിച്ച ചരിത്രമാണ് ഇസ്രായേലിന്റേത്. എന്നാല്‍, ഇതിനു വിരുദ്ധമായി യുദ്ധത്തില്‍ പരാജയപ്പെടുന്ന സന്ദര്‍ഭവും ബൈബിളില്‍ കാണാം. എന്തായിരുന്നു ഈ പരാജയങ്ങളുടെ കാരണമെന്ന്‍ കര്‍ത്താവിന്റെ വാക്കുകളില്‍ത്തന്നെ വായിക്കുക: "ഇസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പനകള്‍ അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സമ്മാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ഇസ്രായേല്‍ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുമ്പില്‍ തോറ്റു പിന്മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(ജോഷ്വ:7;11,12).
ഭാരതത്തിലെ ക്രൈസ്തവര്‍ ശ്രദ്ധയോടെ വായിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ട വചനമാണിത്! എന്തുകൊണ്ടാണ് ഭാരതത്തില്‍ ക്രിസ്തീയതയ്ക്ക് വളരാന്‍ സാധിക്കാത്തതെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ വചനത്തിലുണ്ട്. നിഷിദ്ധമായവയില്‍ പലതും തങ്ങളുടേതായി സ്വീകരിച്ചപ്പോള്‍ കര്‍ത്താവിന് ഇവരോടുകൂടെ നില്‍ക്കാനോ വസിക്കാനോ കഴിഞ്ഞില്ല! അതുകൊണ്ടുതന്നെ ശത്രുക്കളെ ചെറുത്തുനില്‍ക്കാനുള്ള ശക്തി ഇവര്‍ക്കില്ലാതായി. നശിപ്പിക്കപെടാനുള്ള ഒരു വസ്തുവായി ഇവര്‍ പരിണമിക്കുകയും ചെയ്തു! രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സുറിയാനിക്രിസ്ത്യാനിയുടെ സംഖ്യ അമ്പതുലക്ഷത്തില്‍ താഴെയാണ്! ഭാരതത്തിലെ ജനസംഖ്യയുടെ ഒരു ശതമാനംപോലും ഇവരില്ല!(മുഴുവന്‍ ക്രിസ്ത്യാനികളും ചേര്‍ന്നാല്‍ ഏകദേശം രണ്ടര ശതമാനം ഉണ്ടാവാം) തോമാശ്ലീഹാ മാമോദീസാ മുക്കിയ ആളുകളുടെ തലമുറയെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നു. ഈജിപ്തില്‍ പോയി വസിച്ച യാക്കോബിന്റെ സന്തതികള്‍ എഴുപതുപേര്‍ മാത്രമായിരുന്നെങ്കില്‍, നാനൂറു വര്‍ഷത്തെ പ്രവാസത്തിനുശേഷം പുറത്തുവന്ന ഇസ്രായേല്‍ക്കാര്‍ ഇരുപതുലക്ഷമായിരുന്നു!
തോമാശ്ലീഹായില്‍നിന്നു മാമോദീസാ മുങ്ങിയവര്‍ എഴുപതുപേരെങ്കിലും ഉണ്ടായിരുന്നിരിക്കില്ലേ? നാലോ അഞ്ചോ കുടുംബക്കാര്‍ ഈ പൈതൃകം അവകാശപ്പെടുന്നുണ്ട്. മറ്റൊരു കുടുംബവും വിശ്വാസം സ്വീകരിക്കാന്‍ തയ്യാറായില്ലെന്നു കരുതിയാല്‍പ്പോലും ഇതായിരിക്കില്ല അവസ്ഥ! വെറും നാനൂറു വര്‍ഷംകൊണ്ട് എഴുപതുപേര്‍ ഇരുപതുലക്ഷമായി വര്‍ദ്ധിച്ചു. രണ്ടായിരം വര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ ക്രിസ്തീയത വളര്‍ന്നത് എങ്ങോട്ടാണ്? നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായി ഭാരതത്തിലെ ക്രിസ്തീയത മാറിയതെങ്ങനെ? സ്വാഭാവികമായ വംശവര്‍ദ്ധനവ് മാത്രമാണെങ്കില്‍ക്കൂടി ഇതിനേക്കാള്‍ പതിന്മടങ്ങ് ക്രിസ്ത്യാനികള്‍ ഇന്തിയിലുണ്ടാകുമായിരുന്നു! ക്രിസ്ത്യാനികള്‍ ഉണര്‍ന്നു ചിന്തിക്കേണ്ട വിഷയമാണിത്!
വിജാതിയതയില്‍നിന്നു കവര്‍ന്നെടുത്തിട്ടുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉപേക്ഷിക്കാത്തിടത്തോളം നശിപ്പിക്കപ്പെടാനുള്ള വസ്തുവായി ക്രിസ്തീയത തുടരുകതന്നെ ചെയ്യും. കാരണം, കര്‍ത്താവു കൂടെയില്ലാത്ത സമൂഹമായി നിലകൊള്ളുന്ന കാലത്തെല്ലാം ഇസ്രായേല്‍ നശിപ്പിക്കപ്പെട്ടതുപോലെ, ആധുനിക ഇസ്രായേലായ ക്രിസ്ത്യാനികളുടെ സ്ഥിതിയും മറിച്ചായിരിക്കുകയില്ല! ആഖാന്‍ എന്ന വ്യക്തി ചെയ്ത പാപംമൂലം ജനമെല്ലാം ശിക്ഷയേറ്റുവെങ്കില്‍, സമൂഹം ഒന്നടങ്കം ദുരാചാരങ്ങളില്‍ അകപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതിയെന്നു പറയേണ്ടതില്ലല്ലോ! ആഖാനോട് ജോഷ്വ പറഞ്ഞത് ശ്രദ്ധിക്കുക: "നീ എന്തുകൊണ്ടാണ് ഞങ്ങളുടെമേല്‍ കഷ്ടതകള്‍ വരുത്തിവച്ചത്? നിന്റെമേലും ഇന്നു കര്‍ത്താവ് കഷ്ടതകള്‍ വരുത്തും"(ജോഷ്വ:7;25). പിന്നീടു സംഭവിച്ചതുകൂടി വായിക്കുക: "അപ്പോള്‍ ഇസ്രായേല്‍ജനം അവനെയും കുടുംബത്തെയും കല്ലെറിഞ്ഞു; വസ്തുവകകള്‍ അഗ്നിക്കിരയാക്കി. അവര്‍ അവന്റെമേല്‍ ഒരു വലിയ കല്ക്കൂമ്പാരം ഉണ്ടാക്കി. അത് ഇന്നും അവിടെ ഉണ്ട്. അങ്ങനെ കര്‍ത്താവിന്റെ ഉജ്ജ്വലകോപം ശമിച്ചു"(ജോഷ്വ:7;25,26).
നമ്മുടെ സമൂഹത്തില്‍ ഇത്തരം തിന്മകള്‍ പ്രവര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ അവരെ സമൂഹത്തില്‍നിന്നു(സഭയില്‍) നീക്കം ചെയ്യണം. ആദിമ ക്രൈസ്തവസഭയില്‍ ഇത്തരം പാരമ്പര്യം നിലനിന്നിരുന്നു. യേശു നല്‍കിയിരിക്കുന്ന ഉപദേശവും ഇതുതന്നെയാണ്. അവിടുന്ന് അരുളിച്ചെയ്ത വചനം ശ്രദ്ധിക്കുക: "നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ"(മത്താ:18;15-17). യേശുവിന്റെ ഈ ഉപദേശത്തെ കര്‍ശനമായി പാലിച്ചില്ലെന്നു മാത്രമല്ല, ഇത്തരക്കാരെ സഭയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചുകൊണ്ട് അവിടുത്തെ വെല്ലുവിളിക്കുകയാണ് ചെയ്തത്!
അനാചാരങ്ങളുടെ അനുകരണം ആരംഭിച്ചത് ഒരുപക്ഷെ സഭാധികാരികള്‍ ആയിരിക്കണമെന്നില്ല. മൗനാനുമതിയിലൂടെ സഭയുടെ പാരമ്പര്യമായി പരിഗണിക്കപ്പെട്ടതാകാം. എന്നാല്‍, ഇന്ന് ഇവയൊന്നും ഉപേക്ഷിക്കാന്‍ കഴിയാത്തവിധം പാരമ്പര്യത്തിന്റെ ഭാഗമായി മാറി! ചെറിയ അവഗണനകളിലൂടെ കടന്നുവരികയും പിന്നീട് മഹാദുരന്തങ്ങളായി പരിണമിക്കുകയും ചെയ്ത അനേകം തിന്മകള്‍ ക്രൈസ്തവ സഭകളിലുണ്ട്! ഇതുപോലെ കടന്നുവന്ന ഒരു മ്ലേച്ഛതയാണ് നിലവിളക്ക്! ഇത്തരത്തിലുള്ള ദുരാചാരങ്ങളെ ന്യായീകരിക്കാന്‍ പെടാപ്പാടുപെടുന്ന സഭാധികാരികളെ കാണുമ്പോള്‍ മനോവയ്ക്കു സഹതാപമാണ് തോന്നുന്നത്! യേശു ലോകത്തിന്റെ പ്രകാശമായതുകൊണ്ടാണ് നിലവിളക്കിനെ ഇവര്‍ ക്രിസ്തീയതുടെ ഭാഗമാക്കിയതെന്നു വാദിക്കുന്നവര്‍ അഥര്‍വ്വവേദത്തെ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. അഥര്‍വ്വവേദമെന്ന ആഭിചാരവേദത്തിലെ രണ്ടു കടുത്ത ദുര്‍മന്ത്രവാദങ്ങളെ സമന്വയിപ്പിച്ചതാണ് നിലവിളക്ക് എന്നകാര്യം മറച്ചുവയ്ക്കാന്‍ ക്രിസ്തുവിന്റെ പ്രകാശത്തെ ഇവര്‍ മറയാക്കുന്നു! അര്‍ത്ഥം അറിയാത്ത പലരും ഈ പൈശാചിക വിഗ്രഹത്തെ അലങ്കാരമായി ഭവനങ്ങളില്‍ സൂക്ഷിക്കുമ്പോള്‍, അറിവുണ്ടെന്നു ഭാവിക്കുന്നവര്‍ ദൈവാലയത്തില്‍ ഇതു പ്രതിഷ്ഠിച്ചിരിക്കുന്നു!
അഥര്‍വ്വവേദത്തിലെ ഏറ്റവും കടുത്ത പ്രയോഗങ്ങളില്‍ ഒന്നാണ് 'യോനീപൂജ'! ലിംഗപൂജയും അഥര്‍വ്വവേദത്തിലെ ക്ഷുദ്രകര്‍മ്മങ്ങളില്‍ ഒന്നാണ്! ഇവ രണ്ടും സമന്വയിപ്പിച്ച രൂപമാണ് നിലവിളക്ക്! മന്ത്രവാദങ്ങളില്‍ മുഖ്യസ്ഥാനത്തു നിലവിളക്ക് വന്നത് വെറുതെയാണെന്ന് ആരും കരുതരുത്! യോനീപൂജയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം വായനക്കാര്‍ക്കു മനസ്സിലാകും. ചിത്രങ്ങള്‍ കാണേണ്ടവര്‍ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക: 'യോനീപൂജ'
അഥര്‍വ്വവേദത്തില്‍ പൂജിക്കുന്ന 'ലിംഗം' ശിവന്റെയും 'യോനി' പാര്‍വ്വതിയുടെതുമാണെന്ന് ഹിന്ദുക്കള്‍ സമ്മതിച്ചാലും ചില ക്രിസ്ത്യാനികള്‍ അതു സമ്മതിക്കില്ല. ശിവ-പാര്‍വ്വതിമാരുടെ രതികേളിയുടെ പ്രതീകമാണ് നിലവിളക്ക് എന്നകാര്യവും ക്രിസ്ത്യാനികള്‍ക്കാണ് സമ്മതിക്കാന്‍ പ്രയാസം! കാരണം, ഇത് സമ്മതിച്ചുകൊണ്ട് അള്‍ത്താരയില്‍ ഈ പൈശാചിക വിഗ്രഹം പ്രതിഷ്ഠിച്ചാല്‍ വിശ്വാസികള്‍ വെറുതെയിരിക്കില്ലെന്ന് ഇവര്‍ക്കറിയാം. ആയതിനാല്‍, നിലവിളക്കിനു പുത്തന്‍ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കലാണ് ചില പുരോഹിതരുടെ 'ശുശ്രൂഷ! ബൈബിള്‍ പഠിച്ചു 'ഡോക്ടറേറ്റ്' എടുക്കാന്‍ പല വൈദീകര്‍ക്കും ഇപ്പോള്‍ മടിയാണ്! രാമായണത്തിലും, വേദങ്ങളിലും, ഉപനിഷത്തുകളിലും മാത്രമല്ല, മന്ത്രവാദത്തില്‍പ്പോലും ഉപരിപഠനം നടത്തുന്ന പൈശാചിക പുരോഹിതന്മാര്‍ ഇന്നു കത്തോലിക്കാസഭയില്‍ കടന്നുകൂടിയിട്ടുണ്ട്! ഈ വിഷയങ്ങളൊക്കെത്തന്നെ മനോവ മുന്‍ലേഖനങ്ങളില്‍ വിവരിച്ചിട്ടുള്ളതിനാല്‍ വിഷയത്തിലേക്കുതന്നെ തിരികെവരാം.
ആയുര്‍വേദവും കടമറ്റം സേവയും!
ആയുര്‍വേദ ആചാര്യന്മാരില്‍ എല്ലാവരുംതന്നെ ഏതെങ്കിലും ദുര്‍മ്മൂര്‍ത്തികളെ ഉപാസിക്കുകയും സേവിക്കുകയും ചെയ്യുന്നവരാണ് എന്ന യാഥാര്‍ത്ഥ്യം ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകും. എന്നാല്‍, ബഹുഭൂരിപക്ഷം ജനങ്ങളും ഇതു മനസ്സിലാക്കാത്തവരോ ഗൗനിക്കാത്തവരോ ആണ്. ആയുര്‍വേദംതന്നെ അഥര്‍വ്വവേദത്തിന്റെ ഉത്പന്നമായതിനാല്‍, മന്ത്രവാദത്തെയും സേവകളെയും പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന കാരണവും ഈ അവസ്ഥയുടെ പിന്നിലുണ്ട്. ആയുര്‍വേദ വൈദ്യന്മാരില്‍ കൂടുതല്‍പ്പേരും ഉപാസിക്കുന്നത് മറുത, ദുര്‍ഗ്ഗ, ചാത്തന്‍ തുടങ്ങിയ ഉഗ്രമൂര്‍ത്തികളെ ആയിരിക്കും. ക്രൈസ്തവ നാമധാരികളായ വൈദ്യന്മാര്‍ ഇവരില്‍നിന്നു വ്യത്യസ്ഥരാണെന്ന മിഥ്യാധാരണ ക്രിസ്ത്യാനികളുടെയിടയില്‍ വ്യാപകമായുണ്ട്. എന്നാല്‍, ഇതല്ല യാഥാര്‍ത്ഥ്യം!ചാത്തനെയും മറുതയെയും ഉപാസിക്കുന്ന ക്രൈസ്തവ നാമധാരികളായ വൈദ്യന്മാര്‍ നമുക്കിടയില്‍ ഉണ്ടെങ്കിലും, ഏറെപ്പേരും സേവിക്കുന്നത് കുപ്രസിദ്ധ ദുര്‍മന്ത്രവാദിയായിരുന്നുവെന്നു പറയപ്പെടുന്ന കടമറ്റത്തു കത്തനാരെയാണ്! കടമറ്റത്തെ ചുറ്റിപ്പറ്റി അനേകം ഐതീഹ്യങ്ങളും നിറംപിടിപ്പിച്ച കെട്ടുകഥകളും സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ പ്രചാരത്തിലുള്ളത് നമുക്കറിയാം! മദ്ധ്യകേരളത്തിലെ ഒട്ടുമിക്ക സുറിയാനി വൈദ്യന്മാരും കടമറ്റം സേവ നടത്തുന്നവരും, മഷിനോട്ടം, കൂടോത്രം ഒഴിപ്പിക്കല്‍, ശത്രുസംഹാരം തുടങ്ങിയ ആഭിചാരക്രിയകള്‍ നടത്തുന്നവരുമാണ്. യാക്കോബായ, ഓര്‍ത്തഡോക്സ്, സുറിയാനി കത്തോലിക്കാ വിഭാഗങ്ങളിലെ ചില പുരോഹിതന്മാര്‍പ്പോലും ഇത്തരം ആഭിചാരങ്ങളുടെ വക്താക്കളാണ്! ഭൂതോച്ഛാടനം, കൂടോത്രം നീക്കംചെയ്യല്‍, ദോഷ പരിഹാരങ്ങള്‍ നടത്തല്‍ എന്നിവയുടെ മറവില്‍ ഇവര്‍ നടത്തുന്നത് കടുത്ത ദുര്‍മന്ത്രവാദങ്ങളാണെന്നു തിരിച്ചറിയാത്ത ക്രിസ്ത്യാനികള്‍ ഇവരാല്‍ വഞ്ചിക്കപ്പെടുന്നുണ്ട്. എതിരാളികള്‍ കുഴിച്ചിട്ട തകിടുകള്‍ നീക്കംചെയ്യാന്‍ വീടിനുചുറ്റും മണ്ണുമാന്തി നടക്കുന്ന അനേകം ക്രിസ്ത്യാനികള്‍ ഇവരുടെ ഇരകളാണ്!
കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ കടന്നുവരവോടെ ആഭിചാരകര്‍മ്മങ്ങള്‍ക്ക് പുതിയ മാനം കൈവന്നു എന്നതാണ് ഏറെ ദുരന്തകരം. ധ്യാനകേന്ദ്രങ്ങളിലെ ശുശ്രൂഷകര്‍ ക്ഷുദ്രപ്രയോഗങ്ങള്‍ക്കെതിരേ ശക്തമായ ബോധവത്ക്കരണം നടത്തുന്നുണ്ട്. എന്നാല്‍, ക്രിസ്ത്യാനികള്‍ക്കിടയില്‍ ആഭിചാരകര്‍മ്മങ്ങള്‍ കൂടിവരുന്നു എന്നത് ശ്രദ്ധിക്കാതെ പോകരുത്. സുവിശേഷ പ്രചരണത്തിന്റെയും ധ്യാനങ്ങളുടെയും മറപറ്റി വളര്‍ന്നുവരുന്ന ക്ഷുദ്രവിദ്യക്കാര്‍ ഉണ്ടെന്നതും നാം തിരിച്ചറിയണം. 'കൗണ്‍സിലിംഗ്' എന്നപേരില്‍ ക്ഷുദ്രവിദ്യകളെ ക്രിസ്തീയവത്ക്കരിക്കുന്നവരും ഏറെയാണ്! ഭാവിപ്രവചിക്കുന്നവരെ സമീപിക്കുന്നത് പാപമായതുകൊണ്ട് 'ആത്മീയ കൗണ്‍സിലര്‍'മാരെ സമീപിക്കുന്ന ക്രിസ്ത്യാനികളുമുണ്ട്. ചില മന്ത്രവാദികള്‍ കൗണ്‍സിലര്‍മാരായി വേഷംകെട്ടുന്നതും മനോവയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തകിടുകളും ഏലസും ചരടുകളുമൊക്കെ അഴിച്ചുമാറ്റാന്‍ ധ്യാനകേന്ദ്രങ്ങളില്‍ നിര്‍ദ്ദേശിക്കുമ്പോള്‍, ഇത്തരം സാധനങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രചരിപ്പിക്കുന്നത് 'കൗണ്‍സിലര്‍'മാരുടെ വേഷത്തില്‍ ഇറങ്ങിയിരിക്കുന്ന വ്യാജന്മാരാണ്! മന്ത്രവാദികളെ രഹസ്യമായി സമീപിക്കുന്നവര്‍ക്ക്, ഇത്തരക്കാരെ പരസ്യമായിത്തന്നെ സമീപിക്കാം എന്നതാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണീയത! ഗീവര്‍ഗ്ഗീസിന്റെ പേരില്‍ ക്ഷുദ്രപ്രയോഗം നടത്തുന്ന ഒരു വിദ്വാനെ പരിചയപ്പെടാന്‍ ഈ വീഡിയോ കാണുക: 'പീറ്റര്‍ ഒരു കത്തോലിക്കാ മന്ത്രവാദി! ഗീവര്‍ഗ്ഗീസാണ് മദ്ധ്യസ്ഥന്‍!'
വിജാതിയതയെ ക്രിസ്തീയമാക്കി അവതരിപ്പിക്കുന്നതില്‍ കരിസ്മാറ്റിക്കുകളും അവരുടെതായ പങ്ക് വഹിക്കുന്നുണ്ട്! കര്‍ത്താവിന്റെ വചനം ഇപ്രകാരം നമ്മോട് അരുളിച്ചെയ്യുന്നു: "നിന്റെ ദൈവമായ കര്‍ത്താവു തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്"(നിയമം:18;9-11).
സുറിയാനി കത്തോലിക്കരുടെയിടയിലും യാക്കോബായ-ഓര്‍ത്തഡോക്സ് സഭകളിലുമുള്ള മറ്റൊരു സേവാമൂര്‍ത്തിയാണ് ഗീവര്‍ഗ്ഗീസ്! ഈ വിഷയങ്ങളെയെല്ലാം സമഗ്രമായി പ്രതിപാദിക്കുന്ന ലേഖനം മനോവയുടെ അണിയറയില്‍ ഒരുങ്ങുന്നതിനാലും ഈ ലേഖനത്തിന്റെ ദൈര്‍ഘ്യം ഇനിയും വര്‍ദ്ധിപ്പിക്കുന്നത് ഉചിതമാല്ലാത്തതുകൊണ്ടും തത്ക്കാലം ഇവിടെ ഉപസംഹരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായ 'അടിമ വയ്ക്കലും വെടിവഴിപാടും കോഴിവെട്ടും!' എന്ന ലേഖനത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുക! അതുവരെ ഓര്‍മ്മയില്‍വയ്ക്കാന്‍ ഈ വീഡിയോ ഇരിക്കട്ടെ! 'ഗീവര്‍ഗ്ഗീസും കടമറ്റത്തു കത്തനാരും!'
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin