അഭയക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍: തൊണ്ടിമുതല്‍ തിരിച്ചുനല്‍കിയില്ല: റിട്ട. ജീവനക്കാരന്റെ മൊഴി
കോട്ടയം: ദുരൂഹമായ അഭയക്കേസില്‍ വീണ്ടും നിര്‍ണായക വെളിപ്പെടുത്തല്‍. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിലെ എട്ട് തൊണ്ടിമുതല്‍ തിരികെ നല്‍കിയില്ലെന്ന് ആര്‍.ഡി.ഒ. കോടതി റിട്ട. ജീവനക്കാരന്‍ മൊഴി നല്‍കി. തിരിച്ചു ലഭിക്കാതിരുന്ന തെളിവുകള്‍ നശിപ്പിച്ചെന്ന് എഴുതിവയ്‌ക്കുകയായിരുന്നുവെന്നും സി.ബി.ഐയ്‌ക്കു മുമ്പാകെ നല്‍കിയ മൊഴിയില്‍ പറയുന്നു. തെളിവുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചെന്ന വാദത്തിന് ഇതോടെ വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്.
ആക്‌ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ പുനഃരന്വേഷണ ഹര്‍ജിയെത്തുടര്‍ന്ന് സി.ബി.ഐ. നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യലിലാണു നിര്‍ണായക മൊഴി. കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഏറ്റെടുത്ത തൊണ്ടിമുതലുകള്‍ യഥാര്‍ഥത്തില്‍ തിരികെ നല്‍കിയിരുന്നില്ല.
എന്നാല്‍, ആര്‍.ഡി.ഒ. കോടതിയിലെ ജീവനക്കാര്‍ കേസില്‍ നിന്നു രക്ഷപ്പെടാന്‍ തൊണ്ടിമുതല്‍ തിരികെ ലഭിച്ചതായി രജിസ്‌റ്ററില്‍ എഴുതുകയായിരുന്നു. ഇക്കാര്യം ഫയലില്‍ രേഖപ്പെടുത്തിയിരുന്നില്ല. ശിരോവസ്‌ത്രം, അടിവസ്‌ത്രം, ചെരുപ്പ് എന്നിവ ഉള്‍പ്പെടെയുള്ള തൊണ്ടികളാണ് തിരികെ നല്‍കാതിരുന്നത്. ഒരു ഡയറി മാത്രമാണു തിരികെ നല്‍കിയതത്രേ.
തുടരന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ. ഡിവൈ.എസ്.പി: ദേവരാജന്‍ കഴിഞ്ഞ 13ന് റബര്‍ ബോര്‍ഡ് ഗസ്‌റ്റ് ഹൗസില്‍ വച്ച് ആര്‍.ഡി.ഒ. കോടതിയിലെ സൂപ്രണ്ട്, ക്ലര്‍ക്ക്, സിസ്‌റ്റര്‍ അഭയയുടെ മൃതദേഹം മുങ്ങിയെടുത്തയാള്‍ എന്നിവരെ ചോദ്യം ചെയ്‌തിരുന്നു. ഇതിനിടെയാണ് കൈയബദ്ധം പറ്റിപ്പോയെന്ന മുഖവരയോടെ മുന്‍ ക്ലര്‍ക്ക് വെളിപ്പെടുത്തല്‍ നടത്തിയത്.
കേസ് ഏറ്റെടുത്തപ്പോള്‍ ക്രൈംബ്രാഞ്ച് തൊണ്ടിമുതലുകള്‍ ആര്‍.ഡി.ഒ. ഓഫീസില്‍ നിന്നു കൊണ്ടുപോയിരുന്നു. എന്നാല്‍ ഇതുവരെയും അവ തിരിച്ച് ഓഫീസിലെത്തിക്കാതിരുന്ന ്രെകെംബ്രാഞ്ച്, അതു തിരിച്ചേല്‍പ്പിച്ചെന്ന നിലയില്‍ രേഖയുണ്ടാക്കി. ഫലത്തില്‍ ആ തൊണ്ടിമുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചെന്ന നിഗമനത്തിലാണു പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ എത്തിച്ചേര്‍ന്നിരുന്നത്. എന്നാല്‍ തിരികെയെത്താത്ത തൊണ്ടി എങ്ങനെ നശിപ്പിക്കുമെന്ന ചോദ്യം ഉയരുകയാണ്. കേസുമായി ബന്ധപ്പെട്ട കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്‌റ്റുമോര്‍ട്ടം, തിരുവനന്തപുരം അനലറ്റിക്കല്‍ ലാബിലെ പരിശോധനകള്‍ എന്നിവ നേരത്തേ തന്നെ വിവാദമായിരുന്നു. കേരള പോലീസ് നേരിട്ടു നടത്തിയ തെളിവു നശിപ്പിക്കലാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്ന് ആരോപണമുയര്‍ന്നു. മൊഴിയുടെ അടിസ്‌ഥാനത്തില്‍ സൂപ്രണ്ടിനെയും ചോദ്യം ചെയ്‌തതായാണ് സൂചന. ആക്‌ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെ ഇതുവരെയും ചോദ്യം ചെയ്യാത്ത സാഹചര്യത്തില്‍ അദ്ദേഹം ഇന്ന് കോടതിയില്‍ ഹാജരായേക്കും.
http://www.mangalam.com/print-edition/keralam/190713
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin